നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 48


അധ്യായം-48
ധ്വനിയുടെ നീണ്ടു കൂര്‍ത്ത ഉളിപ്പല്ലുകള്‍ തിളങ്ങി.
കണ്ണുകളില്‍ നിന്നും അഗ്നി പറക്കുന്നുണ്ടെന്ന് തോന്നി.
ആരോ വലിച്ചു മുന്നിലിട്ടത് പോലെ അവള്‍ ദുര്‍ഗയക്ക് മുന്നില്‍ പ്രത്യക്ഷയായി.
' ദുര്‍ഗ'
കടുത്ത പകയില്‍ മുരളുന്നത് പോലെയായിരുന്നു ആ വിളി.
' നിനക്കൊപ്പം ശയിക്കാന്‍ മഹിയേട്ടനെ ഞാന്‍ വിട്ടുതരില്ല'
അവള്‍ നീണ്ടുകൂര്‍ത്ത നഖമുള്ള ചൂണ്ടുവിരല്‍ ദുര്‍ഗയുടെ കണ്ണിനു നേരെ ചൂണ്ടി.
'അഭിഷേക് മരിച്ചതിലും ക്രൂരമായി നീ കൊല്ലപ്പെടാതിരിക്കണമെങ്കില്‍ ശരീരം പങ്കുവെക്കുന്നതില്‍ നിന്ന് നീ മഹിയേട്ടനെ തടയണം.'
ദുര്‍ഗയുടെ രക്തം പോലും മരവിച്ചു
' ഓര്‍മ്മയുണ്ടോ നിനക്ക്.. കുടല്‍മാലകള്‍ പുറത്തെടുത്ത് , ഹൃദയം വലിച്ച് പുറത്തിട്ട് , കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ഇഞ്ചിഞ്ചായി ഞാനവനെ കൊന്നത്'
ദുര്‍ഗ ഭയന്ന് മുഖംപൊത്തി നിന്നു.
' പക്ഷെ നിന്റെ ശരീരം എനിക്ക് നശിപ്പിക്കണമെന്നില്ല.. ഉയിരോടെയല്ലെങ്കില്‍ ഉടലോടെ നിനക്ക് കഴിയാം മഹിയേട്ടനൊപ്പം..
നിന്റെ ശരീരവും എന്റെ ആത്മാവും.. അതിന് മാത്രമേ മഹിയേട്ടനെ ഞാന്‍ തരൂ'
കിടക്കയില്‍ നിന്നും ചാലിട്ടൊഴുകിയ രക്തം ദുര്‍ഗയുടെ കാലടികള്‍ നനച്ചു.
വാരിപ്പുതച്ച ബെഡ്ഷീറ്റിനുള്ളില്‍ അവളുടെ ശരീരം കിലുകിലെ വിറച്ചു.
' മോളേ' മഹേഷ്ബാലന്‍ അവളുടെ അടുത്തേക്ക് കുതിച്ചു.
അവളെ വാരി നെഞ്ചോടു ചേര്‍ത്ത് നില്‍ക്കുമ്പോള്‍ അവന്റെ മുഖത്തും ഭയം പ്രകടമായിരുന്നു.
' തങ്കം..എന്തൊക്കെയാണിത്.. ഈ കാഴ്ച.. ദൈവമേ'
മഹേഷ്ബാലന്‍ അവളെ തന്നോടു ചേര്‍ത്തു പിടിച്ചു കൊണ്ടു തന്നെ നിലത്തേക്ക് നോക്കി,
അസഹ്യമായ ദുര്‍ഗന്ധം പടര്‍ത്തുന്ന രക്തം.
നിലത്ത് തളംകെട്ടുകയാണ്.
അരികിലെവിടെയോ ധ്വനി ഉണ്ടോ.
ഒരിക്കല്‍ താന്‍ ജീവനോളം സ്‌നേഹിച്ച പെണ്ണ്.
ദുര്‍ഗയ്ക്കു പകരം ഇന്നു തന്റെ കൈകളില്‍ ഇതുപോലെ ഒതുങ്ങി നില്‍ക്കേണ്ടിരുന്നവള്‍.
' തങ്കം' മഹേഷ്ബാലന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി.
' പറയ് .. ഈ റൂമില്‍ അവളുണ്ടോ.. അവളാണോ ഇതെല്ലാം..'
ദുര്‍ഗ വിറച്ചു കൊണ്ട് അവനെ അള്ളിപ്പിടിച്ചതല്ലാതെ ശബ്ദിച്ചില്ല.
' മോളേ..' മഹേഷ് അവളെ പിടിച്ചു കുലുക്കി.
' പറയ് ധ്വനിയുണ്ടോ ഇവിടെ'
ദുര്‍ഗയുടെ നോട്ടം ധ്വനിയിലേക്ക് നീണ്ടു.
അവളെ തന്നെ ഉറ്റു നോക്കി നില്‍ക്കുകയായിരുന്നു ധ്വനി.
ചകിതമായ മിഴികളോടെ ദുര്‍ഗ കണ്ടു.
അവളുടെ മിഴികള്‍ നിറയുന്നു.
കണ്ണുകളില്‍ നിന്നും രക്തത്തുള്ളികള്‍ കവിളിലേക്ക് വീഴുന്നു.
ഒരു ധ്വനിയ്ക്ക് പകരം ആയിരം ധ്വനിമാരെ ചുറ്റും പ്രതിഫലിക്കുന്നു.
അവളുടെ കാലുമുതല്‍ മുകളിലേക്ക് പുകയായി വിലയം പ്രാപിക്കുന്നു..
' തങ്കം' മഹേഷ് ബാലന്‍ ചോദ്യഭാവത്തില്‍ ഒന്നുകൂടി വിളിച്ചു.
' ഉണ്ട്.. അവളിവിടെയുണ്ട്'
പറയുമ്പോള്‍ ദുര്‍ഗയുടെ സ്വരം ഇടറിപ്പോയി.
'എനിക്ക് പേടിയാവുന്നു മഹിയേട്ടാ അവളെ'
ഒരാശ്രയത്തിനെന്ന പോലെ ദുര്‍ഗ മഹേഷ്ബാലന്റെ നെഞ്ചിലേക്ക് മുഖംപൂഴ്ത്തി.
മഹേഷ് ബാലന്‍ അവളുടെ നെറുകയില്‍ ഉമ്മവെച്ചു.
പിന്നെ എവിടെന്നറിയാതെ അന്തരീക്ഷത്തിലേക്ക് നോക്കി
' ധ്വനീ'
പാദങ്ങള്‍ മുങ്ങിയ രക്തക്കൊഴുപ്പില്‍ നിന്ന് മഹേഷ്ബാലന്‍ വിളിച്ചു.
' ഇതെന്റെ ജീവിതമാണ്.. ഉപദ്രവിക്കരുത്..'
ഭ്രാന്തെടുത്ത ഭാവമായിരുന്നു മഹേഷ്ബാലന്.
താനൊരു ഡോക്ടറാണെന്ന് പോലും അവന്‍ മറന്നു.
അപ്രതീക്ഷിതമായ നടുക്കത്തിലും കോപവും വാശിയും കണ്ണുകളെ തിളക്കി.
' എന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവളാണ് നീ.. എന്നോടൊരു വാക്കു പറയാതെ.. നിന്റെ ജീവിതം നീ കുരങ്ങന് കിട്ടിയ പൂമാല പോലെ തുലച്ചു കളഞ്ഞു. എന്നിട്ടിപ്പോള്‍ എന്ത് അവകാശവാദമാണ് നിനക്ക് പറയാനുള്ളത്'
മഹേഷ്ബാലന്‍ കിതച്ചു.
' പോ.. എന്നെയും ഇവളെയും വിട്ട് നീ പോ.. ഈ ജീവിതത്തില്‍ എന്റെ ദുര്‍ഗയല്ലാതെ മറ്റൊന്നും എനിക്ക് വലുതല്ല'
മുറിയില്‍ ഒരു നേര്‍ത്ത പുകപടലം മാത്രം തങ്ങി നിന്നു.
കാലടികളിലെ പശിമ മാഞ്ഞപ്പോള്‍ ദുര്‍ഗ ഞെട്ടലോടെ നോക്കി.
ഓരോ തുള്ളി രക്തവും വറ്റിത്തീരുന്നു.
പതിയെ പതിയെ റൂം പഴയത് പോലെയായി.
കിടക്കയില്‍ ചതഞ്ഞ മുല്ലപ്പൂക്കള്‍ അവശേഷിച്ചു.
കഴിഞ്ഞതെല്ലാം ഒരു സ്വപ്‌നം പോലെയാണെന്ന് തോന്നി ദുര്‍ഗയ്ക്ക്.
മഹേഷ് ബാലനും.
അപ്പോള്‍ വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു.
' മഹീ.. മോനേ ..മഹീ..'
ബാലചന്ദ്രന്‍നായരുടെ വിളികേട്ടു.
' മഹിയേട്ടാ' സ്വാതിയും വിളിക്കുന്നു.
ദുര്‍ഗ വിളറി വെളുത്ത മുഖത്തോടെ മഹേഷ്ബാലനെ നോക്കി.
ദേഹത്തൊരു തുണ്ട് വസ്ത്രം പോലും അവശേഷിക്കാതെ ബെഡ്ഷീറ്റ് പുതച്ചു തന്നെ നില്‍ക്കുകയായിരുന്നു അവള്‍.
' തങ്കം ബാത്‌റൂമിലേക്ക് ചെല്ല്.. ഞാന്‍ വാതില്‍ തുറക്കട്ടെ'
കിടക്കയില്‍ കിടന്നിരുന്ന ഷര്‍ട്ട് മഹേ്ബാലന്‍ ധൃതിയിലെടുത്തു ധരിച്ചു.
നിലത്തുവീണു കിടന്ന സാരിയും ബ്ലൗസുമെല്ലാമെടുത്ത് വേവലാതിയോടെ ദുര്‍ഗ ബാത്‌റൂമിലേക്കോടി.
അവിടെ ഭിത്തിയില്‍ ചാരി നിന്ന് ദുര്‍ഗ കിതച്ചു.
നേര്‍വിരുദ്ധാഗമന യോഗം.
വലിയമ്മാമ്മയും ദത്തേട്ടനും എന്നും പേടിയോടെ ഉച്ചരിച്ചിരുന്ന അതിന്റെ ഭീകരാവസ്ഥ അനുഭവിക്കുകയാണ് താന്‍.
പാവം മഹിയേട്ടന്‍.
തന്റെ ജീവിതത്തിലേക്ക് വന്നതോടെ ഉണ്ടായിരുന്ന സ്വസ്ഥതയും നശിച്ചു.
ദുര്‍ഗ കണ്ണുകളടച്ചു നിന്നു.
കഴിഞ്ഞു പോയ ഓരോ നിമിഷവും കണ്‍മുന്നില്‍ ചിത്രങ്ങളായി ചിതറി.
തനിക്ക് ഇരുപത് തികഞ്ഞ ദിവസം വലിയമ്മാമ്മ നടത്തിയ ദോഷപരിഹാരയോഗം.
ഒരിക്കലും അഴിച്ചു കളയരുതെന്നാവശ്യപ്പെട്ട് കൈത്തണ്ടമേല്‍ കെട്ടിത്തന്ന രക്ഷ.
ഒരു നിഴല്‍ എപ്പോഴും പിന്നാലെയുണ്ടെന്ന് തോന്നിയിരുന്നു.
ഒരിക്കല്‍ നിഴല്‍പോലെ എന്തോ കണ്ടു ഭയന്ന് രുദ്രേച്ചി കുളപ്പടവില്‍ വീണു.
എന്നിട്ടും ഒരു നിമിത്തങ്ങളും സൂചനകളും മുന്നറിയിപ്പും വകവെക്കാതെ കേവലം ഒരു സ്ലീവ്‌ലെസ് ടോപ്പണിയുന്നതിന് വേണ്ടി മാത്രം താന്‍ ആ രക്ഷ അഴിച്ചു കളഞ്ഞു.
തന്നെ ബോധിപ്പിക്കാനായി ഒരു കൃത്രിമ രക്ഷാചരട് കെട്ടിയുണ്ടാക്കി വെച്ചു സ്വാതിയും നേഹയും ജാസ്മിനും.
പിന്നെയാണ് തെക്കേത്ത് വെച്ച് ധ്വനിയെ കണ്ടത്.
ആദ്യം അവള്‍ മനുഷ്യസ്ത്രീ തന്നെയാണെന്നായിരുന്നു കരുതിയത്.
പിന്നെ പ്രേതമാണെന്ന് അവള്‍ തന്നെ ബോധ്യപ്പെടുത്തി.
ഉള്ളില്‍ ഭയന്നു കൊണ്ട് അവളുടെ കഥ കേട്ടു.
മഹിയേട്ടന്റെ വധുവാകാന്‍ കാത്തിരുന്നവള്‍..
അവളെ ക്രൂരമായി കൊന്നുകളഞ്ഞ അഭിഷേക്.
അഭിഷേകിനെ കൊന്നുകളയാനും അവളുടെ മൃതദേഹം കണ്ടെത്തി കര്‍മങ്ങള്‍ ചെയ്ത് ഈ ലോകം വിട്ടുപോകാനും മാത്രമാണ് അവള്‍ ആ്ഗ്രഹിച്ചത്.
ഒരു കണക്കിന് ധ്വനി പറയുന്നത് ശരിയാണ്.
അവളെ ഈ ലോകത്ത് വീണ്ടും ആവാഹനമന്ത്രം ചെയ്ത് പിടിച്ചു നിര്‍ത്തിയത് താനാണ്.
അവളെ ഒരുപാട് സ്‌നേഹിച്ചു പോയി.
സ്വന്തം കൂടപ്പിറപ്പിനെ പോലെ.
ഒരുപക്ഷേ ജാസ്മിനെയും സ്വാതിയേയും നേഹയേയും സ്‌നേഹിച്ചതിനേക്കാള്‍ കൂടുതല്‍
തന്റെ മരണം വരെ അവള്‍ കൂടെയുണ്ടാകണമെന്ന് ആഗ്രഹിച്ചു.
പകഷെ അതിനിടെ ധ്വനി സ്വാര്‍ഥയായ ദുരാത്മാവായി മാറുമെന്ന് മുന്‍കൂട്ടിക്കാണാന്‍ തനിക്ക് കഴിയാതെ പോയി.
ധ്വനി സ്‌നേഹിച്ച മഹേഷ്ബാലനെ അവള്‍ക്ക് തിരിച്ചു വേണം.
അതിനായി തന്റെ മരണമാണ് അവള്‍ക്കു വേണ്ടത്.
ശരീരവും ജീവനും വേര്‍പെടുന്ന നിമിഷത്തില്‍ തന്റെ ഉടലില്‍ ജീവാത്മാവായി അവള്‍ കയറിക്കൂടുക.
ദുര്‍ഗയുടെ ശരീരത്തിനകത്ത് ധ്വനി എന്ന ആത്മാവായി കഴിയുക.
അതിന് അവള്‍ എന്തും ചെയ്യും.
എന്തും.
ദുര്‍ഗയുടെ മിഴികള്‍ നിറഞ്ഞ് വലിയ കണ്ണുനീര്‍ത്തുള്ളികള്‍ മാറിലേക്കിറ്റിറ്റു വീണു.
ശാപമാണിത്.
പരദേവകളുടെ ശാപം.
ധ്വനിയ്ക്കു വേണ്ടി എന്തെല്ലാം ചെയ്തു കൂട്ടി.
മഹേഷ്ബാലന്റെ കൊലയാളി ഒരു അര്‍ഥത്തില്‍ താന്‍ ത്‌ന്നെയാണ്. ഈ കൈകള്‍ കൊണ്ടാണ് അഘോരികള്‍ നല്‍കിയ രുദ്രാക്ഷ മാല താന്‍ പൊട്ടിച്ചെറിഞ്ഞത്.
എല്ലാം വലിയമ്മാമ്മയും ദത്തേട്ടനും നല്‍കിയ മുന്നറിയിപ്പുകള്‍ പാടേ അവഗണിച്ചുകൊണ്ട്.
വ്യാസേട്ടന്‍ ഒരിക്കല്‍ ചെവിട്ടത്ത് അടിക്കുക കൂടി ചെയ്തു.
ധ്വനിയെ കൂട്ടുകാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷയാക്കാതിരിക്കാന്‍ വേണ്ടി മാന്ത്രിക ഗ്രന്ഥം എവിടെയെല്ലാം ഒളിപ്പിച്ചു.
പിന്‍മാറിയില്ല താന്‍.
എല്ലാവരെയും ധിക്കരിച്ച് ധ്വനിയെ കൂടെ നിര്‍്ത്താന്‍ പാടുപെട്ടു
ഒരിക്കലും സ്ത്രീപാദ സ്പര്‍ശമേല്‍ക്കാന്‍ പാടില്ലാത്ത നിലവറ അശുദ്ധമാക്കി. കാലകേയ സര്‍പ്പങ്ങള്‍ തന്നെ കൊല്ലാനാവാതെ ഹോമത്തട്ടില്‍ തലയടിച്ച് ചത്തു.
അഹങ്കാരം
അനുസരണക്കേട് കാട്ടിയതിന്റെ ശിക്ഷ..
പക്ഷേ ഇത്രയ്ക്കും വേണ്ടിയിരുന്നോ പരദേവകളേ.
ഇരുപത്തിയൊന്ന് പൂര്‍ത്തിയാകാത്ത ഒരു കുരുന്ന് പെണ്ണല്ലേ നിങ്ങളുടെ തങ്കം..
എന്റെ മഹിയേട്ടനെ ഇനിയും വേദനിപ്പിക്കരുതേ.
ഉള്ളു വിങ്ങി വിങ്ങി ദുര്‍ഗ ശബ്ദം പുറത്തു വരാതെ ശ്രദ്ധിച്ച് തേങ്ങിക്കരഞ്ഞു.
മഹേഷ് ബാലന്‍ ചെന്ന് വാതില്‍ തുറന്നു.
പുറത്ത് അക്ഷമയോടെ പരിഭ്രാന്തരായി നില്‍ക്കുകയായിരുന്നു ബാലചന്ദ്രന്‍നായരും സ്വാതിയും സരസ്വതിയും.
' എന്താ മോനേ .. എന്താ ഉറക്കെ ശബ്ദം കേട്ടത്'
ബാലചന്ദ്രന്‍നായര്‍ വേപഥുവോടെ മുറിയിലാകെ കണ്ണോടിച്ചു.
' ഏയ് ഒന്നുമില്ല.. അച്ഛന് തോന്നിയതാകും'
മഹേഷ്ബാലന്‍ ചിരിക്കാന്‍ ശ്രമിച്ചു.
സംഭവിച്ചതൊന്നും പറഞ്ഞാല്‍ വിശ്വസിക്കില്ല ആരും. മാത്രമല്ല അവരെ ഭയപ്പെടുത്താനും അവന്‍ ആഗ്രഹിച്ചില്ല.
' തോന്നിയതൊന്നുമല്ല.. ഞാനും അമ്മയും കേട്ടല്ലോ.. എവിടെ തങ്കം എവിടെ'
സ്വാതി ചോദിക്കുന്നു.
അപ്പോഴേക്കും ദുര്‍ഗ പണിപ്പെട്ട് സാരി ധരിച്ചു കഴിഞ്ഞു. അഴിഞ്ഞുലഞ്ഞ മുടി ശരിയാക്കി മുഖംകഴുകിയപ്പോഴേക്കും ബാത്‌റൂമിന്റെ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടു.
ദുര്‍ഗ മുഖത്തൊരു ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ട് വാതില്‍ തുറന്നു. അവളുടെ അലസമായ നില്‍പ്പും വേഷവും കണ്ടതോടെ സ്വാതിയുടെ മുഖത്ത് അബദ്ധം പിണഞ്ഞ ഭാവമായി. കവിളുകളില്‍ നാണം പ്രകടമായി.
' സോറി മോളേ..'
പുറത്തേക്കിറങ്ങി വന്ന ദുര്‍ഗയെ പരിസരം മറന്ന് സ്വാതി കെട്ടിപ്പുണര്‍ന്നു.
' നിനക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയാ എനിക്ക്.. ആ ധ്വനി.. അവള്‍ നിന്നെ ഉപദ്രവിക്കുമെന്ന പേടി.. നിനക്കൊരു കുഴപ്പവുമില്ലല്ലോ.. എന്തോ ശബ്ദമൊക്കെ കേട്ട് ഞങ്ങള്‍ ഭയന്നു പോയി.. അത് മറ്റേതായിരുന്നല്ലേ' സ്വാതി അവളില്‍ നിന്നും അകന്നു മാറി
കുസൃതിയോടെ കാതില്‍ ചോദിച്ചു.
ആ തമാശ ആസ്വദിക്കാന്‍ ദുര്‍ഗയ്ക്ക് കഴിഞ്ഞില്ല. അവള്‍ വിളറി നിന്നതേയുള്ളു.
' അപ്പോ ഹാപ്പി ഫസ്റ്റ്‌നൈറ്റ്.. ഞാന്‍ പോട്ടെ' സ്വാതി പിന്തിരിഞ്ഞു.
സരസ്വതിയുടെയും ബാലചന്ദ്രന്റെയും മുഖത്തും ചമ്മലുണ്ടായിരുന്നു.
' സോറി കേട്ടോ മോളേ.. ഇവിടെന്തോ ശബ്ദം കേട്ടെന്ന് പറഞ്ഞ് ഈ പെണ്ണു ഞങ്ങള്‍ക്ക് സൈ്വര്യം തരാഞ്ഞിട്ട് വന്നതാ.. അവളുടെ കൂട്ടുകാരിയെ ഇവിടെയാരോ കൊല്ലുമന്നോ തി്ന്നുമെന്നോ ആയിരിക്കും വിചാരം.. സാരമില്ല... കിടന്നോളൂ'
സരസ്വതി സ്‌നേഹത്തോടെ അവളെ തലോടി.
' മഹീ .. മോനേ.. വാതിലടച്ചോടാ' ബാലചന്ദ്രന്‍ നായരും റൂമിന് പുറത്തിറങ്ങി.
മഹേഷ്ബാലന്‍ ചെന്ന് വാതിലടച്ചു.
പാടേ തകര്‍ന്ന ഒരു ശിലപോലെ തകര്‍ന്നു നില്‍ക്കുകയായിരുന്നു ദുര്‍ഗ.
ഒന്നു തൊട്ടാല്‍ ഒരു മണല്‍പ്രതിമ പോലെ അവള്‍ ഊര്‍ന്നു നിലത്തുവീഴുമെന്ന് തോന്നി.
' തങ്കം' മഹേഷ്ബാലന്‍ അവളെ ചേര്‍ത്തുപിടിച്ച് കിടക്കയില്‍ കൊണ്ടുചെന്നിരുത്തി.
' ഈ കാലവും കടന്നു പോകും.. കേട്ടിട്ടില്ലേ.. എന്റെ പൊന്നുമോള്‍ വിഷമിക്കരുത്'
്അവന്‍ അവളെ കിടക്കയില്‍ ചായ്ച്ചുകിടത്തിയിട്ട് അരികില്‍ കിടന്നു.
ചെരിഞ്ഞു കിടന്ന് അവളെ തന്റെ ദേഹത്തേക്ക് ചേര്‍ത്തമര്‍ത്തി ആശ്ലേഷിച്ചു കൊണ്ട് ചുണ്ടുകളില്‍ ഉമ്മവെച്ചു.
' ജീവിച്ചാലും മരിച്ചാലും നമ്മളൊന്നിച്ച്.. ഈ താലി നിന്റെ കഴുത്തില്‍ കെട്ടുമ്പോള്‍ ഞാനെടുത്ത ശപഥമാണ് അത്..'
മഹേഷാബാലന്റെ വാക്കുകള്‍ വിങ്ങി.
' മരിക്കുന്നത് വരെ നമ്മള്‍ ഒന്നിച്ചു നേരിടും എല്ലാം.. അല്ലെങ്കില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നത് വരെ.. പോരേ'
ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞു.
നിശബ്ദമായി കരഞ്ഞുകൊണ്ട് അവള്‍ മഹേഷ്ബാലന്റെ രോമാവൃതമായ നെഞ്ചിലേക്ക് തന്റെ മുഖമര്‍പ്പിച്ചു.
കണ്ണുനീര്‍ ചൂട് അവന്റെ നെഞ്ചില്‍ പടര്‍ന്നു.
' ഉറങ്ങിക്കോളു.. എന്റെ തങ്കം.. എന്റെ തനിത്തങ്കം.'
മഹേഷ്ബാലന്‍ അവളുടെ ചുമലില്‍ താളംപിടിച്ചു.
താനിപ്പോഴും കന്യകയാണ്
്അവനിലേക്ക് സ്വയം ഉരുകിചേര്‍ന്ന് കിടക്കുമ്പോഴും ദുര്‍ഗ ഓര്‍ത്തു.
കന്യകയായി തന്നെയുള്ള തന്റെ മരണമാണ് ധ്വനി മോഹിക്കുന്നത്..
.................... .................. .................
ഓട്ടുമണികള്‍ തുരുതുരെ ശബ്ദിക്കുന്നത് കേട്ടപ്പോള്‍ തന്നെ ചുറ്റുവരാന്തയില്‍ വേദവ്യാസിന് അരികിലായിരുന്ന രുദ്ര നടുമുറ്റത്തേക്കിറങ്ങി ഓടി.
' വലിയമ്മാമ്മേ തങ്കം വന്നൂ'
ഓട്ടത്തിനിടയില്‍ വിളിട്ടു കൂവാനും അവള്‍ മറന്നില്ല.വിവാഹം കഴിഞ്ഞ് നാലാംദിവസം വിരുന്നു വരുന്നത് ചടങ്ങാണ്.
ദേവദത്തനും പവിത്രയും രാവിലെ തന്നെ അവരെ കൂട്ടിക്കൊണ്ടു വരാനായി പോയിരുന്നു.
അവള്‍ ഓടിച്ചെന്നപ്പോഴക്കും പടിപ്പുര കടന്ന് മഹേഷ്ബാലന്റെ തൊട്ടു പിന്നിലായി ദുര്‍ഗ കയറി വന്നു.
തുടുത്ത ഓറഞ്ച് നിറമുള്ള പട്ടുസാരിയും മനോഹരമായി ഡിസൈന്‍ ചെയ്ത വയലറ്റ് ബ്ലൗസുമാണ് വേഷം. അതവള്‍ക്ക് വളരെ നന്നായി ഇണങ്ങി.
' തങ്കം' രുദ്ര ഓടിച്ചെന്ന് അവളുടെ കൈപിടിച്ചു.
' കൊണ്ടു പോയത് പോലെ തന്നെ കൊണ്ടുവന്നിട്ടുണ്ട്.' മഹേഷ് ബാലന്‍ അവളുടെ വരവു കണ്ട് ചിരിച്ചു.
' രുദ്രേച്ചിയിങ്ങനെയാ . എപ്പോള്‍ ഞാന്‍ വന്നാലും ഈ ഓട്ടം പതിവാണ്'
ദുര്‍ഗ ചിരിച്ചു.
പവിത്രയ്‌ക്കൊപ്പം സ്വാതിയേക്കൂടി കണ്ടപ്പോള്‍ രുദ്രയുടെ മുഖം വിടര്‍ന്നു.
' അവര് വരില്ലേ ഇന്ന്'
അവള്‍ സ്വാതിയോടായി തിരക്കി.
' എത്തിക്കോണ്ടിരിക്യാണെന്ന് പറഞ്ഞു. ' സ്വാതി അറിയിച്ചു
' രവിയങ്കിളും ഊര്‍മിളാന്റിയുണ്ട് കൂടെ'
' അതെന്തായാലും നന്നായി'
അവിടേക്ക് നടന്നെത്തിയ വലിയേടത്ത് പറഞ്ഞു
' ഞാനവരെ വിളിക്കാനിരിക്കായിരുന്നു'
' വലിയമ്മാമ്മേ' ദുര്‍ഗ വിളിച്ചു.
' വലിയമ്മാമ്മ എന്നെ മറന്നു.. ഒന്നു വിളിച്ചു കൂടിയില്ല'
അവള്‍ പരിഭവിച്ചു.
' പ്രായശ്ചിത്തപൂജയുടെ തിരക്കായിരുന്നില്ലേ കുട്ടീ.. എല്ലാം ശുഭമായി പര്യവസാനിച്ചു.. സിദ്ധികളെല്ലാം തിരികെ കിട്ടി. മച്ചകത്തെ പരദേവകളുടെ മുഖം തെളിഞ്ഞു.. ' അയാളുടെ ശബ്ദത്തില്‍ ആഹ്‌ളാദം തുളുമ്പി.
ദുര്‍ഗ വലിയേടത്തിന്റെ കാലുകള്‍ തൊട്ട് നമസ്‌കരിച്ചു.
വലിയേടത്ത് അവളെ പിടിച്ചെഴുന്നേല്‍പിച്ച് സൂക്ഷിച്ചു നോക്കി.
മുഖത്തുള്ള തെളിച്ചമുള്ളു
മനം കാര്‍മേഘം മൂടി കിടക്കുകയാണ്.
കന്യക
വലിയേടത്തിന്റെ മനസ് മന്ത്രിച്ചു.
ഒന്നിച്ചു കഴിയാന്‍ സമ്മതിച്ചിട്ടില്ല ആ പിശാചിനി.
നാലുദിനമായിട്ടും പ്രണയിച്ചു വേളി ചെയ്തവന്റെ പെണ്ണായിട്ടില്ല അവള്‍ .. എല്ലാ അര്‍ഥത്തിലും.
വലിയേടത്തിന്റെ മനസ് നൊന്തു.
എന്റെ കുട്ടിയെ നോവിച്ച ദുഷ്ടപിശാചേ
പ്രായശ്ചിത്ത പൂജ കഴിഞ്ഞു.
ഇനി സിദ്ധികള്‍ തിരിച്ചു കിട്ടിയ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയുടെ ശക്തി താങ്ങാന്‍ കരുത്തുണ്ടാവില്ല നിനക്ക്.
നിനക്കുള്ള ഹോമക്കളം ഒരുങ്ങാന്‍ സമയമായി.
അയാളുടെ ഉള്ളില്‍ പക നുരഞ്ഞു.
അപ്പോള്‍ ചുറ്റുവരാന്തയുടെ പൂമുഖത്ത് കൊളുത്തിയിട്ടിരുന്ന നിവവിളക്ക് ചങ്ങലയറ്റ് നിലത്തേക്ക് വീണു.
തറയിലടിച്ച് അത് ചിലമ്പുന്ന ശബ്ദമുണ്ടാക്കി.
പവിത്രയുടെ മുഖം വിളറിപ്പോയി.
' അനര്‍ഥമാണോ ഈശ്വരാ' അവള്‍ മന്ത്രിച്ചു.
' അനര്‍ഥമുണ്ടാവില്ല'
വലിയേടത്ത് ഉറക്കെ ചിരിച്ചു കൊണ്ട് അതിന് നേരെ കൈനീട്ടി.
കണ്ണടച്ച് ഒരു മന്ത്രം ചൊല്ലിയപ്പോള്‍ ചങ്ങല നിവര്‍ന്നു.
ഒരു പക്ഷിയേ പോലെ അത് പറന്നുയര്‍ന്ന് കൊളുത്തില്‍ തന്നെ പറ്റിചേര്‍ന്നു.
തുടച്ച് മിനുക്കിയ വിളക്ക് ഐശ്വര്യത്തിന്റെ പ്രതീകം പോലെ താനേ ഏഴുതിരികളും നിറഞ്ഞു കത്തി.
' കയറി വാ മോളേ'
വലിയമ്മാമ്മ ദുര്‍ഗയുടെ കൈപിടിച്ച് പൂമുഖത്തേക്ക് കയറ്റി.
അഗ്നിനാളങ്ങളുടെ പ്രഭ അവളുടെ മുഖത്ത് തിളങ്ങി.
' മഹി വരൂ'
അയാള്‍ മഹേഷിനെയും ക്ഷണിച്ചു.
' ഇത്തിരി വിശ്രമിച്ചോളൂ'
അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു.
' രവിമേനനും ഉമയും ഇപ്പോഴെത്തും. പിന്നെയാ കുറുമ്പി കുട്ടികളും.. നമുക്കൊന്നിച്ച് ഭക്ഷണം കഴിക്കാം'
' തങ്കം .. ഫ്രണ്ട്‌സിന്റെ കൂടെ നടന്ന് മഹിയെ ബോറടിപ്പിക്കരുത് ട്ടോ'
ദേവദത്തന്‍ ചിരിയോടെ പറഞ്ഞു.
വേദവ്യാസ് അവിടേക്കു വന്നു.
ക്രെച്ചസിന്റെ സഹായമില്ലാതെ അവന്‍ നടന്നു തുടങ്ങിയിരുന്നു.
' ആഹാ.. ആള് ഉഷാറായല്ലോ.. എന്നിട്ടെന്താ ചെറുതുരുത്തിയിലേക്ക് വരാതിരുന്നത്'
മഹേഷ് ബാലന്‍ തിരക്കി.
' ചെറിയൊരു മസില്‍ പെയിനുണ്ട്.. അതുകൂടി ഭേദമായാല്‍ എപ്പോ വേണമെങ്കിലും ആവാലോ' വേദവ്യാസ് അവന്റെ കരംഗ്രഹിച്ചു.
രുദ്ര കഴിക്കാനുള്ള ലഘുഭക്ഷണവും മധുരപാനീയങ്ങളും കൊണ്ടുവെച്ചു.
' നിങ്ങളിവിടെയിരിക്ക്.. ഞാനൊന്ന് വേഷം മാറി വരട്ടെ' ദേവദത്തന്‍ അകത്തേക്ക് പോയി. പുറകേ പവിത്രയും.
' നിങ്ങള്‍ ചെറുപ്പക്കാര്‍ സംസാരിക്കൂ.. ഞാനിതാ വരുന്നു' വലിയേടത്തും പോയി.
' തങ്കം വേണമെങ്കില്‍ വസ്ത്രം മാറി വന്നോളൂ'
വേദവ്യാസ് അവളോട് പറഞ്ഞു
' മഹിയ്ക്ക് തത്ക്കാലം ഞാന്‍ കമ്പനി കൊടുക്കാം'
മഹേഷ്ബാലന് അഭിമുഖമായി വേദവ്യാസ് ഇരുന്നു.
ദുര്‍ഗയും അകത്തേക്ക് പോയി.
മഹേഷ്ബാലന്‍ ഒരു ഉണ്ണിയപ്പമെടുത്ത് രുചിച്ചു.
' വൗ.. എന്താ ടേസ്റ്റ്.. ' അവന്‍ വേദവ്യാസിനെ നോക്കി സൂപ്പര്‍ എന്ന് ആംഗ്യം കാട്ടി.
' രുദ്ര കേള്‍ക്കണ്ട.. ആകാശത്ത് ചെന്നിടിക്കും തല.. പാചകം അവളുടേതാ'
വേദവ്യാസ് ചിരിച്ചു
' ഭാഗ്യവാന്‍ തന്നെ.. ടേസ്റ്റി ഫുഡ് കഴിക്കാലോ.. ദുര്‍ഗയ്ക്ക് പാചകം അറിയില്ല.. അമ്മയിന്നലെ എരിശേരി വെക്കാനൊക്കെ പഠിപ്പിച്ചു.'
' പഠിച്ചോളും അവള്‍ സ്‌നേഹത്തോടെ ഇണങ്ങി കഴിയുന്ന പ്രകൃതമാണ്. പാവമാണ്' വേദവ്യാസ് ചിരിച്ചു.
' ബാലികാ സഹജമായ ചില കുറുമ്പുകളൊക്കെ കൈയ്യിലുണ്ടെന്നേയുള്ളു'
' കുറുമ്പിന്റെ കാര്യം ശരിയാണ്.' മഹേഷ്ബാലന്‍ അതുകേട്ട് മന്ദഹസിച്ചു.
' നിങ്ങള്‍ തമ്മില്‍ ലൈംഗികമായ ബന്ധം ഉണ്ടായിട്ടില്ല അല്ലേ'
വേദവ്യാസ് പെട്ടന്ന് ഗൗരവമണിഞ്ഞ് മഹേഷിനെ നോക്കി
മഹേഷ് ബാലന്റെ മുഖം വിളറി.
' എന്താ കാരണം.. മഹിയ്ക്കു എന്തും എന്നോടു പറയാം..ഇപ്പോള്‍ തന്റെ ജ്യേഷ്ഠനാണല്ലോ താന്‍.. സുഹൃത്തായും പരിഗണിക്കാം. പറയാന്‍ മടിക്കരുത്. എല്ലാം പരിഹരിക്കേണ്ടുന്ന കാലമാണ് ഇനി'
മഹേഷ്ബാലന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ആദ്യരാത്രിയില്‍ സംഭവിച്ചതെല്ലാം ഓരോന്നായി വിശദമായിത്തന്നെ മഹേഷ്ബാലന്‍ പറഞ്ഞു കേള്‍പ്പിച്ചു.
വേദവ്യാസ് ശ്രദ്ധയോടെ കേട്ടു.
' അതിന് ശേഷം അവള്‍ക്ക് ഭയമാണ്. വല്ലാത്ത പേടി.. ഞാനും നിര്‍ബന്ധിച്ചില്ല'
മഹേഷ്ബാലന്‍ തലതാഴ്ത്തി.
' നിര്‍ബന്ധിക്കണം'
വേദവ്യാസ് പെട്ടന്നു പറഞ്ഞു.
' ധ്വനിയെ പരാജിതയാക്കാന്‍ ഒരു വഴി അതാണ്'
മഹേഷ് ബാലന്‍ മിണ്ടിയില്ല.
' അവിടെ നിങ്ങള്‍ വിജയിച്ചേ തീരൂ.. പല തടസങ്ങളും അവള്‍ ഉണ്ടാക്കും.. അവളെ തളയ്ക്കും വരെ..അതല്ലെങ്കില്‍ അവളുടെ ആഗ്രഹം നടക്കുന്നത് വരെ.'
വേദവ്യാസിന്റെ ശബ്ദം മുഴങ്ങി.
................................ ...................... ..........................
രാത്രി.
വലിയേടത്തെ ഹാളില്‍ വലിയേടത്തും വേദവ്യാസും ദേവദത്തനും ഇരുന്നു.
അവര്‍ക്ക് അഭിമുഖമായി രവിമേനോനും ഊര്‍മിളയും.
പവിത്രയും രുദ്രയും ജാസ്മിനും നേഹയും സ്വാതിയും ദുര്‍ഗയുമെല്ലാം അകത്തളത്തിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു.
കുറേ ദിവസത്തിന് ശേഷമാണ് മനസിത്ര ലാഘവത്വമാര്‍ന്നതെന്ന് ദുര്‍ഗ വിസ്മയത്തോടെ ഓര്‍ത്തു.
വലിയേടത്ത് അപ്പോള്‍ രവിമേനോനോട് അക്കാര്യം പറയാന്‍ വാക്കുകള്‍ തേടുകയായിരുന്നു.
' രവിയും ഉമയും ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് എനിക്കറിയില്ലാ'
ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ പറഞ്ഞു.
രവിമേനോന്‍ അത്ഭുതത്തോടെ അയാളെ നോക്കി
' നമ്മള്‍ തമ്മിലിനി മുഖവുരയുടെ കാര്യമുണ്ടോ ' അയാള്‍ തിരക്കി.
' ഇല്ല.. എങ്കിലും കേള്‍ക്കാന്‍ മനസൊരുക്കണം' വലിയേടത്ത് പറഞ്ഞു
' നിങ്ങളുടെ മകള്‍ ധ്വനി അവള്‍ ഈ ഭൂമി വിട്ടു പോയിട്ടില്ലാ..'
രവിമേനോനും ഊര്‍മിളയും ഞെട്ടിത്തരിച്ചു.
തുറിച്ച കണ്ണുകളോടെ അവര്‍ അയാളെ നോക്കി.
' അവള്‍ ഒരു പ്രേതാത്മാവായി ദുര്‍ഗയ്‌ക്കൊപ്പമുണ്ട്.. ആദ്യം സഖിയായി.. ഇപ്പോള്‍ ശത്രുവായി'
' അനാവശ്യം പറയരുത്' പൊടുന്നനെ എല്ലാം മറന്ന് രവിമേനോന്‍ പൊട്ടിത്തെറിച്ചു
' മരിച്ചു പോയ എന്റെ മോളെ പറ്റി' അടുത്ത ക്ഷണം അയാള്‍ വിതുമ്പി.
' പക്വതയോടെ കേള്‍ക്കുക രവി.. അവളെ കാണാന്‍ ദുര്‍ഗയ്ക്ക് മാത്രമല്ല നേഹയ്ക്കും ജാസിനും ്‌സ്വാതിയ്ക്കും കൂടി കഴിയും.. വിശ്വസിക്ക്'
' എന്റെ മോള്‍' ഊര്‍മിള കരയാനാരംഭിച്ചു
' അവളിപ്പോള്‍ നിങ്ങളുടെ മകളല്ല. . ഈ ലോകത്തെ സര്‍വ ബന്ധവും അവസാനിപ്പിച്ച് കര്‍മ്മം ചെയ്ത് അയച്ചതല്ലേ അവളെ.. ഇനി ഭൂമിയില്‍ നിങ്ങള്‍ തമ്മില്‍ ബന്ധത്തിന്റെ പാശമില്ല'
വലിയേടത്ത് പറഞ്ഞു
' പക്ഷേ ആ വികാരം.. അമ്മ , അച്ഛന്‍, മകള്‍, അത് ജന്മാന്തര ബന്ധമാണെന്ന് ഞാന്‍ കരുതുന്നു.. അത് അവളെ സ്വാധീനിച്ചേക്കാം. അവളെ തളയ്ക്കാന്‍ അതുകൊണ്ട് നിങ്ങളും ഉണ്ടാവണം കൂടെ'
' തളയ്ക്കാനോ' കേട്ടതൊന്നും വിശ്വസിക്കാനാവാതെ തളര്‍ന്നിരുന്നു രവിമേനോനും ദുര്‍ഗയും.
' അതെ.. നാളെ.. ഹോമക്കളം ഒരുങ്ങുകയാണ്. കിഴക്കേടം നാളെയെത്തും. സംശയം വേണ്ട.. നിങ്ങള്‍ക്കറിയേണ്ടതെല്ലാം കുട്ടികള്‍ വിശദമായി പറഞ്ഞു തരും'
വലിയേടത്ത് പറഞ്ഞു നിര്‍ത്തി.
അപ്പോള്‍ ഉറങ്ങാന്‍ പോകുന്നതിന് മേല്‍കഴുകി കയറാനായി ദുര്‍ഗയും രുദ്രയും പവിത്രയും കുളക്കപടവുകളിറങ്ങുകയായിരുന്നു.
ദേവദത്തന്‍ വിളിച്ചതനുസരിച്ച് രവിമേനോനും ഊര്‍മിളയ്ക്കും സംഭവിച്ചതെല്ലാം പറഞ്ഞു മനസിലാക്കാനായി ജാസ്മിനും സ്വാതിയും നേഹയും പോയിരുന്നു.
' വേഗം മുങ്ങിക്കയറിക്കോളൂ.. പുതുപ്പെണ്ണിന് ജലദോഷം വരണ്ട.. മഞ്ഞുണ്ട് ട്ടോ'
പവിത്ര ദുര്‍ഗയെ കളിയാക്കി.
ദുര്‍ഗയുടെ നുണക്കുഴികളില്‍ ലജ്ജ തെളിഞ്ഞു.
അവള്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി ഒന്നുമുങ്ങി.
അപ്പോള്‍ കാലില്‍ പിടിച്ച് ഒറ്റവലിക്ക് ആരോ അവളെ കുളത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ത്തി.
വെള്ളത്തിന്റെ നീലിമയിലേക്ക് കണ്മുകല്‍ തുറിച്ച് ദുര്‍ഗ നോക്കി.
പൈശാചികമായ മുഖവുമായി ധ്വനി.
' നാളെ ഹോമം നടക്കില്ല..' ധ്വനി അവളുടെ കാതില്‍ മുരണ്ടു.
' നീ ഇന്നു മരിക്കും.. ഈ കുളത്തില്‍ നിന്നും പൊന്തുന്ന ദുര്‍ഗയിലെ ജീവന്‍ അതെന്റേതായിരിക്കും'
ദുര്‍ഗയുടെ മുഖം അവള്‍ വെള്ളത്തിനടിത്തട്ടിലേക്ക് അമര്‍ത്തിപ്പിടിച്ചു.
ശ്വാസം കിട്ടാതെ ദുര്‍ഗ പിടഞ്ഞു.
കുതറി.
കണ്ണുകള്‍ തുറിച്ചു.
ഹൃദയമിപ്പോള്‍ പൊട്ടിത്തകരുമെന്ന് അവള്‍ക്ക് തോന്നി.
മരിക്കുകയാണ്.
ദുര്‍ഗ മഹിയേട്ടന്റെ തങ്കം.
പ്രാണന്‍ വേര്‍പെടുകയാണ്.
ജീവന്റെ അവസാന കണം മൂക്കിന്‍തുമ്പിലെത്തുന്നു.
ഇനി ധ്വനിയ്ക്ക് തന്നിലെ ജീവനായി കടന്നു കൂടാന്‍ ഒരു നിമിഷാര്‍ദ്രം.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot