അലാറം കേട്ട് ഞെട്ടിയാണ് എഴുന്നേറ്റത്.... സമയം നാലര.... ഇത്തവണ തണുപ്പ് കൂടുതലാണ്... എണീക്കാൻ തോന്നുന്നില്ല..... കടുത്ത ക്ഷീണം... അല്ലെങ്കിലും ഇന്നലെ ഒടുക്കത്തെ പണിയാരുന്നല്ലോ... അതിഥികളെ ക്ഷണിക്കുന്നവർക്കറിയില്ലല്ലോ.... പണിയുന്നവന്റെ ദെണ്ണം..
വാട്സാപ്പിലെക്കു അറിയാതെ കയ്യും കണ്ണും എത്തി... 'മോർണിംഗ് ആശംസകൾ' നിറഞ്ഞിരിക്കുന്നു...
'ഇവളുമാർക്കു ഉറക്കവും ഇല്ലേ... അതോ രാത്രി ഇട്ടിട്ടു പോയതാണോ...?..
'ഏയ്.... അല്ല... എല്ലാം ഓൺലൈനിൽ ഉണ്ട്...'
ഒരു ഓൺലൈനിൽ കൈ കുത്താൻ ആഞ്ഞപ്പോഴാണ് ആ ആട്ടലുണ്ടായത്....
മൊബൈൽ നിലത്തേക്ക് തെറിക്കുന്നതിന് മുന്നേ താൻ തെറിച്ചു വീണു.... എണീക്കാൻ വയ്യ... കാലിൽ മസിലു കയറിയിരിക്കുന്നു.... ഒരു വിധത്തിൽ എണീറ്റു.....
"രാവിലെ കോഴി എണീറ്റില്ല... അതിനു മുൻപേ ഫോണും കുത്തിയിരിക്കുന്നു.... ബാക്കിയുള്ളോർക്കു ഏഴുമണിക്ക് പോണ്ടതാ... പോയി വായ്ക്ക് രുചിയായിട്ടു വല്ലോം ഉണ്ടാക്കാൻ നോക്ക് "... സംഭാഷണത്തിന്റെ ഉടമ അത് പറഞ്ഞു പുതപ്പിനുള്ളിലേക്കു വലിഞ്ഞു...
അടുക്കളയിൽ തലേദിവസത്തെ പാത്രങ്ങൾ ചിതറിക്കിടക്കുന്നു... പുഴുങ്ങാൻ വെള്ളത്തിലിട്ടുവച്ച ചെറുപയർ മൂടിവയ്ക്കാൻ ഇന്നലെ മറന്നിരിക്കുന്നു... ഓടിനടക്കുന്ന പാറ്റകളിൽ ഒരെണ്ണം അതിൽ സമാധിയായി ഇരിക്കുന്നു...
പാറ്റയുടെ മീശയിൽ തൂക്കി പുറത്തേക്കെറിഞ്ഞു...
പാറ്റയുടെ മീശയിൽ തൂക്കി പുറത്തേക്കെറിഞ്ഞു...
'ഓ... ഒരു പാറ്റയല്ലേ... ഏതോ രാജ്യത്തു വലിയ വിലപിടിപ്പുള്ള തിന്നുന്ന സാധനം... '.. അതുകൊണ്ട് കുറ്റബോധം തോന്നിയില്ല....
പയറു കഴുകി അടുപ്പിൽ വച്ചു.... പുട്ടുപൊടി നനച്ചുവച്ചു.... അരി കുക്കറിൽ നിന്നെടുത്തു തിളപ്പിക്കാൻ വച്ചു... കറികൾ ഇന്നലത്തെ ചിക്കൻ വറുത്തതുണ്ട്... ചൂടാക്കാം.. പിന്നെ മോരുകറിയും അച്ചാറും.... അവർക്ക് (ബഹുമാനം കൊണ്ടു വിളിക്കുന്നതാ )ഇഷ്ടപ്പെടുമോ... എന്തായാലും ചീത്ത ഉറപ്പാണ്... ഇതുമതി...
"ഇതുവരെ ഒന്നും ആയില്ലേ "
ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ വായിൽ ബ്രഷും കയ്യിൽ മൊബൈലും ആയി അവർ..
"കുളിച്ചോ... എല്ലാം ആയി "... പാത്രം കഴുകുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ പറഞ്ഞു...
തനിക്കും പോണ്ടതാണ്...
വില്ലേജാപ്പീസിൽ ക്ലർക്കായിട്ടു വർഷങ്ങൾ കഴിഞ്ഞു... അവർ പോലീസിലും...
താൻ സ്കൂട്ടറിലും അവർ ബുള്ളറ്റിലും ആണു പോക്ക് ...
'ഹോ... ആ സാധനത്തിന്റെ ഒച്ച ഭയങ്കരം '... അവരെ പോലെത്തന്നെ....
മേശപ്പുറത്തു പുട്ടും പയറും കൊണ്ടുവച്ചു... ചോറുപൊതി വേറെയും... പോലീസ് യൂണിഫോമിൽ അവരെത്തിയപ്പോൾ താൻ അറിയാതെ അറ്റെൻഷെൻ ആയി...
പുട്ടും പയറും കുഴച്ചു തിന്നുന്നതിനിടയിൽ തന്നോട് ഇരിക്കാനും കൂടെ കഴിക്കാൻ പറയുമെന്നും വിചാരിച്ചു... ഇല്ല....
"പയറു കൊള്ളാം... "അവർ മുഖത്ത് നോക്കാതെ അനുമോദിച്ചു...
"ഒരു കുറ്റി പുട്ടുകൂടി തരട്ടെ.. പയറുണ്ട്... എനിക്കുവേണ്ട... വയറ് സുഖമില്ല "...പുട്ട് പാത്രം നീട്ടി ചോദിച്ചു....
"വേണ്ട വച്ചേരെ... വൈകുന്നേരം കഴിക്കാം... "...അവർ എഴുന്നേറ്റു കൈകഴുകി...
ചോറുപൊതി യുമായി പിന്നാലെ താനും..
"ഇന്നലത്തെ വളിച്ച കറിയാരിക്കും... തന്നെ വിഴുങ്ങിക്കോ... ഞാൻ പുറത്തൂന്നു കഴിച്ചോളാം "....അവർ ചോറ്പൊതി വാങ്ങിയില്ല...
"ഇന്നലത്തെ വളിച്ച കറിയാരിക്കും... തന്നെ വിഴുങ്ങിക്കോ... ഞാൻ പുറത്തൂന്നു കഴിച്ചോളാം "....അവർ ചോറ്പൊതി വാങ്ങിയില്ല...
മുറ്റത്തു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകാൻ തുടങ്ങുമ്പോൾ തിരിഞ്ഞു നോക്കുമെന്നും പുഞ്ചിരിക്കുമെന്നും വിചാരിച്ചു... അതുണ്ടായില്ല...
'അവൾ'.... 'ആ പൊലീസുകാരി' തിരിഞ്ഞുനോക്കാതെ ബുള്ളറ്റോടിച്ചു പോയി....
അയാൾ അകത്തേക്കും....
By: Chithra
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക