നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു സ്നേഹത്തിന്റെ ഓർമ്മയ്ക്ക്


കടുകോളം സ്നേഹവും കരുതലും കൊടുത്തതിനു കടലോളം സ്നേഹവും കരുതലും തന്ന ക്രീമി.
തൂമഞ്ഞിന്റെ പതുപതുത്ത രോമങ്ങൾ ഉള്ള പൈമ്പാൽ നിറമാർന്ന വെളുവെളുത്ത പൊമേറേനിയൻ നായകുട്ടിക്കു അടുത്ത വീട്ടുകാർ മിൽക്കീ എന്ന് പേരിട്ടു വിളിച്ചപ്പോൾ ക്രീം കളർ ഉള്ള എന്റെ നായ്കുട്ടിക്കു ഞാൻ ക്രീമി എന്ന് പേരിട്ടു വിളിച്ചത് തെറ്റാണോ?. എന്താല്ലേ,
കഥയില്ലായ്മ ആണെന്റെ കഥ എന്ന് കരുതി നടന്ന കാലം. പാട്ടുകുളങ്ങര അമ്പലവും പടർന്നു പന്തലിച്ച ആൽമരത്തണലും പഞ്ചാര നിറമാർന്ന പാട്ടുകുളങ്ങര വെളിയും, ആ വെളിയിൽ നീലാകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ കിട്ടുന്ന സുഖം. എത്ര സുഖ സുന്ദരമായിരുന്നു.
പാലോളിച്ചന്ദ്രികയുടെ നിലാവ് പൊഴിഞ്ഞു വീണ വെളിയിൽ പാതിരാവരെ നീളുന്ന സൗഹൃദ കൂട്ടായ്മകൾ. മതം രാഷ്ട്രീയം സിനിമ എന്ന് വേണ്ട സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്തും തർക്കിച്ചും അങ്ങിനെ എത്രനേരം വരെ ഇരിക്കുമായിരുന്നു. പിന്നീട് മനസ്സില്ലാ മനസ്സോടെ എല്ലാരും അവരവരുടെ വീട്ടിലേക്ക്.
കൂട്ടുകാരോട് പിരിഞ്ഞു വീട്ടിലേക്ക് പോകുന്ന എന്നെ ഭയപ്പെടുത്താൻ വീരൻ എന്നൊരു നായ് ആ ഇടവഴിയിൽ എവിടെയോ ഒളിച്ചിരിക്കാറുണ്ടായിരുന്നു. ഒരു നിമിഷാർദ്ധത്തിന്റെ ഇടവേളയിൽ ഇരുട്ടിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഒരൊറ്റ കുരയിൽ എന്റെ മേലാസകലം പൂക്കുല പോലെ തുള്ളിക്കുന്നതിൽ വീരൻ വിരുതൻ ആയിരുന്നു. അവനിൽ നിന്ന് രക്ഷ നേടാൻ കല്ലും കത്തിയും വടിയും എല്ലാം കൊണ്ടാണ് അന്നെല്ലാമെന്റെ രാത്രി സഞ്ചാരം. എങ്കിലും അവന്റെ പേടിപ്പിക്കലും അതിനെ തുടർന്നുള്ള എന്റെ പേടിയും തുടർന്ന് കൊണ്ടേയിരുന്നു. എവിടെയോ പോയി തിരിച്ചു വരുന്ന
ദിവസം ഒരുച്ചനേരത്ത് കാക്കകളുടെ കൂട്ടമായ ആക്രമണത്തിൽ ദീനമായ്‌ ചെറുത്തു നിൽക്കുന്ന ഒരു നായക്കുട്ടിയെ ഞാൻ വഴിയരുകിൽ കണ്ടു. കാക്കകളെ ഓടിച്ച് വിട്ടിട്ട് ആ നായകുട്ടിയുടെ അടുത്തു ചെന്നു നോക്കി. കാക്കകൾ കൊത്തി മുറിവേൽപ്പിച്ചതിനാൽ ഒന്നുറക്കെ കരയാൻ പോലുമുള്ള ഒച്ചയില്ലാത്ത പാവം നായക്കുട്ടിയെ ഞാൻ മൃഗാശുപത്രിയിൽ കൊണ്ടുപ്പോയി മരുന്നു വാങ്ങുകയും, മുറിവുകൾ നന്നായി വൃത്തിയാക്കി മരുന്ന് പുരട്ടി കൊടുത്തു. അതിനുശേഷം ആ നായക്കുട്ടിയെ ക്രീമി എന്ന് പേരിട്ടു വീട്ടിൽ കൊണ്ടുവന്നു വളർത്തി. അവൻ വളരുംതോറും അവന്റെ സ്നേഹവും വളർന്നു കൊണ്ടിരുന്നു. നിത്യജീവിതത്തിൽ
ജീവിക്കാൻ വേണ്ടിയുള്ള തൊഴിൽതേടിയുള്ള യാത്രകൾ ആയിരുന്നു അന്നെല്ലാം. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടി. ആഴ്ചയിൽ ആറുദിവസം ജോലി . എല്ലാ ശനിയാഴ്ചയും പാതിരാത്രിയിൽ ഏതെങ്കിലും പാണ്ടിലോറിയിൽ കയറി പാട്ടുകുളങ്ങരയിൽ വന്നിറങ്ങി വീട്ടിലേക്കു പോകും. അങ്ങിനെ ജോലികിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച രാത്രി പാട്ടുകുളങ്ങരയിൽ വന്നിറങ്ങി. തട്ടുകട നടത്തുന്ന ഇക്കയുടെ കടയിൽ നിന്നും ഒരു ചായയും കുടിച്ച്, രണ്ടു ഓംലറ്റും വാങ്ങി വീട്ടിലേയ്ക്ക് നടന്നു. അമ്പലത്തിനു പടിഞ്ഞാറു ഭാഗത്ത് നിന്നും താഴോട്ടുള്ള പടികൾ ഇറങ്ങിയ നേരം അത്ഭുതപ്പെട്ടുപോയി. പടിക്കെട്ടിനു താഴെയായി അവിടെ പാതിരാത്രിയിൽ എന്നെ കാത്തിരിക്കുന്ന ക്രീമി. എന്നെ കണ്ടപ്പോൾ അവൻ കാട്ടിയ സ്നേഹപ്രകടനങ്ങൾ അവന്റെ സന്തോഷം. കാലുകളിൽ തലയുരുമിയുള്ള അവന്റെ കുറുകൽ എന്തൊക്കെയോ പറയുന്ന പോലെ തോന്നി. അങ്ങിനെ ഞങ്ങൾ ഒന്നിച്ചു വീട്ടിലേക്കു പോയി. വഴിയിൽ വീരൻ പ്രത്യക്ഷപ്പെടും എന്നും എന്നെ ഒരു കുര കൊണ്ട് ഭയപ്പെടുത്തും എന്നെല്ലാം ചിന്തിച്ചെങ്കിലും വീരൻ പിന്നീടൊരിക്കലും ഞങ്ങളുടെ യാത്രകളുടെ ഇടയിലേക്ക് വന്നില്ല.
എന്നാലും എനിക്ക് മനസ്സിലാകാതെ ഇരുന്നത് ഞാൻ വരുന്ന ശനിയാഴ്ചകൾ അവൻ എങ്ങിനെ അറിയുന്നു എങ്ങിനെ എനിക്കായ് കാത്തുനിൽക്കുന്നു എന്നതെല്ലാമായിരുന്നു. ഹൃദ്യമായ സ്നേഹത്തിന് മനുഷ്യനും മൃഗങ്ങളും തമ്മിൽ പോലും അതിർവരമ്പുകളില്ല എന്ന തിരിച്ചറിവ്, ചിലപ്പോൾ അവൻ എന്നും രാത്രി സമയത്ത് കാത്തു നിൽക്കാറുണ്ടായിരുന്നിരിയ്ക്കാം. ആരോട് ചോദിച്ചാൽ അതിന് ഉത്തരം കിട്ടും. അല്ലെങ്കിൽ തന്നെ ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലല്ലോ. ചില ഉത്തരങ്ങൾക്ക് ചോദ്യത്തിന്റെ പ്രസക്തിയും ഇല്ലല്ലോ.
അങ്ങിനെയങ്ങിനെ കുറെ നാളുകൾ കഴിഞ്ഞുപോയി. പതിവുപോലെ ഒരു ശനിയാഴ്ച രാത്രി ഞാൻ അമ്പലത്തിന്റെ പടികൾ ഇറങ്ങി നോക്കിയപ്പോൾ അന്നെന്നെ കാത്തു നില്ക്കാൻ ക്രീമി എത്തിയിട്ടില്ല. അതെന്തായിരിക്കും, എന്തോ ഒരു വല്ലായ്മ, പ്രതീക്ഷീച്ചിരുന്ന ചില സ്നേഹ സാമീപ്യങ്ങൾ കാണാതാകുമ്പോൾ ഉള്ളിലെ ഒരു നീറ്റലുണ്ടാകുന്നല്ലോ
എന്നോർത്ത് ഞാൻ വീട്ടിലേക്കു നടന്നെത്തി. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു തന്ന അനിയത്തിയോട് ചോദിച്ചു.
ഇന്ന് നമ്മുടെ ക്രീമിയെ സ്ഥിരം കാത്തു നിൽക്കുന്നിടത്തും കണ്ടില്ല, വീട്ടിലെത്തിയിട്ടും ഇവിടെയും കണ്ടില്ല. എവിടെ പോയി കക്ഷി.
അനല്പമായ വിഷമത്തോടെ അനിയത്തി മറുപടി പറഞ്ഞു.
ഇനി അവനെ കാണാനാവില്ല, നമ്മുടെ ക്രീമി രണ്ടു ദിവസത്തിന് മുമ്പ് മരിച്ചു പോയി.
എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. പാവം ക്രീമി.
അവനെന്താണ് സംഭവിച്ചത്.
അറിയില്ല കഴിഞ്ഞ ദിവസം രാവിലെ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
പാവം നമ്മുടെ ക്രീമി.
പിന്നീടാണ് അറിഞ്ഞത് ഇരുട്ടിന്റെ ഇടവഴിയിലൂടെ ഇനിയും നടന്നു തീർന്നിട്ടില്ലാത്ത ചില ഇരുണ്ട മനസ്സിന്നുടമകൾ അവരുടെ യാത്രക്ക് തടസം ആകാതിരിക്കാൻ ക്രീമിയെ എന്നത്തേക്കും ആയി ഉറക്കിയതാണ്.
എങ്കിലും എന്നും മനസ്സിൽ സ്നേഹിച്ചു തീരാത്ത ഒരോർമയായി അവനെന്നും ഉണ്ടാകും.

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot