...
"ഇതെത്രാമത്തെ പ്രാവിശ്യമാണ് അനു താൻ മോന്റെ ഉത്തരക്കടലാസും നോക്കിയിരുന്ന് സന്തോഷകണ്ണീർ പൊഴിക്കുന്നത്.. തന്റെ പ്രകടനമൊക്കെ കണ്ടാൽ തോന്നും അവൻ IAS പാസ്സ് ആയി നിക്കാണ് എന്നു.. ആരും കാണണ്ട പാതിരാത്രിയിൽ LKG കുട്ടീടെ ഉത്തരക്കടലാസും കെട്ടിപിടിച്ചിരുന്നു കരയുന്ന അമ്മയെ "
ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അപ്പുവിന്റെ പരീക്ഷാപേപ്പറും നോക്കി കണ്ണും നിറച്ചിരിക്കുന്ന എന്നെ കളിയാക്കികൊണ്ടു നന്ദൻ പറഞ്ഞു.
"നന്ദൻ ഉറങ്ങിക്കോളു ... എനിക്ക് കിടന്നാലും ഉറങ്ങാൻ സാധിക്കില്ല... ഞാൻ ലൈറ്റ് അണച്ചോളാം.." അതും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു ഞാൻ ലിവിങ് റൂമിലേക്ക് നടന്നു..
"തന്നോട് പറഞ്ഞാ കേൾക്കില്ലല്ലോ .. ഇപ്പൊ തന്നെ പാതിരാത്രി കഴിഞ്ഞു.. ഇനിയും ഉറക്കം കളഞ്ഞു ഒന്നും വരുത്തി വെക്കണ്ട .. " അതും പറഞ്ഞു നന്ദൻ കിടന്നു..
അപ്പോഴേക്കും എന്റെ ഓർമ്മകൾ ആ പഴയ ദിവസങ്ങളെ തേടി പറക്കാൻ തുടങ്ങിയിരുന്നു.
"പറയുന്നതിൽ വിഷമം ഒന്നും തോന്നരുത് അനുപമ.. പതിമൂന്നു വർഷമായി ഞാൻ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് .. ഇതുപോലൊരു കുഞ്ഞു എന്റെ അടുക്കൽ ഇതുവരെ വന്നിട്ടില്ല.. ഒരുപക്ഷെ നിങ്ങളുടെ ശ്രദ്ധക്കുറവാകാം അവനെ ഇവിടെ എത്തിച്ചത്.. അല്ലെങ്കിൽ അവന്റെ കുറവ് നിങ്ങൾ മുന്നേ തിരിച്ചറിയേണ്ടതായിരുന്നു. ഇതുപോലുള്ള കുട്ടികളെ പഠിപ്പിക്കാൻ വേറെ സ്പെഷ്യൽ സ്കൂളുകൾ ഉണ്ട്... നോർമൽ കുട്ടികളെ തന്നെ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണ് ..അപ്പോഴാണ് ഇതുപോലെ ലേർണിംഗ് ഡിസബിലിറ്റി ഉള്ളൊരു കുഞ്ഞു. ബെറ്റർ നിങ്ങൾ TC വാങ്ങി അതുപോലെ വല്ല സ്കൂളുകളും നോക്കുന്നതായിരിക്കും.. ഐ മീൻ ഇതുപോലെ പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകൾ ധാരാളം ഉണ്ട്.. അങ്ങിനെ എവിടെയെങ്കിലും "..
ഒരു പരിഹാസത്തോടെ അവർ.. ആരവിന്റെ ക്ലാസ്സ് ടീച്ചറത് പറഞ്ഞു നിർത്തുമ്പോൾ മനസ്സിൽ ഒരു കടലിരമ്പുകയായിരുന്നു... ഒരു അമ്മയുടെ നൊമ്പരം കാണാതെ, മനസ്സിന്റെ പിടച്ചിലറിയാതെ എത്ര ക്രൂരമായാണവർ സംസാരിച്ചത്..
അടിച്ചുപൊട്ടിയ കൈകളുമായി സ്കൂളിൽ നിന്ന് കരഞ്ഞു കൊണ്ടു വന്ന LKG യിൽ പഠിക്കുന്ന അപ്പു എന്ന ആരവിന്റെ സ്കൂളിൽ കാര്യം അന്വേഷിക്കാൻ പോയതായിരുന്നു ഞാനെന്ന അമ്മ.
അല്ലെങ്കിലേ ആരവ് സ്മാർട്ട് അല്ല, എനെർജിറ്റിക് അല്ല.. അധികം മിങ്കിൾ ചെയ്യുന്നില്ല, ഹാൻഡ് റൈറ്റിങ് മോശം, പ്രോപ്പർ ആയി ലെറ്റേഴ്സ് റീഡ് ചെയ്യുന്നില്ല അങ്ങനെ ഒരു KG കുട്ടിയെപ്പറ്റി കേൾക്കാവുന്നതിൽ കൂടുതൽ പരാതികൾ ഈ കുറച്ചു നാളുകളായി സ്കൂൾ ഡയറിയിലൂടെയും, പേരെന്റ്സ് മീറ്റിംഗിന്റെ സമയത്തുമായിട്ടും കേട്ടിരുന്നു.
പക്ഷെ എഴുതുന്നില്ല, വായിക്കുന്നില്ല എന്ന് ടീച്ചർ പരാതി പറയുന്ന കുഞ്ഞു വീട്ടിൽ വരുമ്പോൾ ഇതെല്ലാം നന്നായി ചെയ്തിരുന്നു... അതു പറയാൻ ശ്രമിച്ചാൽ അവർ പരിഹസിക്കും ഒപ്പം ഒറ്റമോനെ അമിതമായി കൊഞ്ചിച്ചും , സപ്പോർട്ട് ചെയ്തും നശിപ്പിക്കരുത് എന്നൊരു ഉപദേശവും.
പലതും കണ്ടില്ലെന്നു നടിച്ചു.. കുഞ്ഞിന്റെ നല്ലതിന് വേണ്ടിയല്ലേ അധ്യാപകർ ഓരോന്ന് ചെയ്യുന്നത് എന്നു ചിന്തിച്ചു.. പക്ഷെ രക്തം പൊടിഞ്ഞ കുഞ്ഞിന്റെ കൈയും, അവരുടെ വായിൽ നിന്നു വന്ന വാക്കുകളും എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.. നന്ദനോടൊന്നു ആലോചിക്കുക പോലും ചെയ്യാതെ TC വാങ്ങാൻ തന്നെ തീരുമാനിച്ചു.
വേണമെങ്കിൽ ഈ വർഷം കൂടി ക്ലാസ്സിൽ ഇരുത്തിക്കോളൂ എന്നു ഔദാര്യം പോലെ പറഞ്ഞത് ഫീസ് പിടുങ്ങാനുള്ള ആർത്തി കൊണ്ടാണെന്ന് മനസ്സിലായത് TC കിട്ടണമെങ്കിൽ ഈ വർഷത്തെ ഫീസ് തികച്ചടക്കണം എന്നു പറഞ്ഞപ്പോഴാണ് ..
രണ്ടാമതൊന്നു ആലോചിക്കാതെ പൈസ തീർത്തു കൊടുത്തു എന്റെ കുഞ്ഞുമായി ഞാനാ സ്കൂളിന്റെ പടികളിറങ്ങി..
കുഞ്ഞു പഠിക്കാൻ വേണ്ടി അധ്യാപകർ ശിക്ഷിച്ചെന്നു വരും അതിനു TC വാങ്ങി അവരെയും കുറ്റം പറഞ്ഞു വരികയല്ല വേണ്ടതെന്നു പറഞ്ഞു നന്ദനടക്കം പലരും എന്നെ കുറ്റപ്പെടുത്തി.. പക്ഷെ ഞാൻ ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല..
എങ്കിലും ആ അധ്യാപികയുടെ വാക്കുകൾ ഒരു കൂരമ്പുപോലെ എന്റെ ഹൃദയത്തിൽ തറച്ചു നിന്നു .. ഇനി കുഞ്ഞിനൊരു കുറവുണ്ടെങ്കിൽ പോലും അവർ അങ്ങനെയാണോ സംസാരിക്കേണ്ടിയിരുന്നത്, പെരുമാറേണ്ടിയിരുന്നത്... എന്റെ മോനെ അവർ പടിപ്പിക്കേണ്ട എന്ന പക്ഷം തന്നെയായിരുന്നു എനിക്ക്.. അന്നും ഇന്നും എന്റെ ശെരിയും അതു തന്നെയാണ്.
എന്തുകൊണ്ടോ ഉടനെ തന്നെ മറ്റൊരു സ്കൂളിൽ അഡ്മിഷൻ എടുത്തു അവനെ സ്കൂളിലേക്ക് അയക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല ... നന്ദനടക്കം എല്ലാവരും എന്നെ കുറ്റപ്പെടുത്തി അവനെ ഞാൻ വഷളാക്കുകയാണെന്നു പറഞ്ഞു ... അവന്റെയൊരു വർഷം ഞാൻ വെറുതെ കളയുകയാണത്രെ.. പക്ഷെ എന്തോ എന്റെ മനസ്സ് അതിനു അനുവദിച്ചില്ല എന്നുവേണം പറയാൻ.
എന്റെ തോന്നലുകളും, ചിന്തകളും ഞാൻ ഇറക്കി വെച്ചത് ചൈൽഡ് സൈക്കാട്രിസ്റ്റ് സ്റ്റീഫൻ ജോർജിന്റെ മുൻപിലാണ്. മോന്റെ സകല പ്രശ്നങ്ങളും, എന്റെ ഉത്കണ്ഠകളും തുടങ്ങി ഇതുവരെ നടന്നതെല്ലാം ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു.
ഞങ്ങളോട് വിശദമായി സംസാരിച്ച ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി.
നിങ്ങൾ ചെയ്തതാണ് ശെരി എന്നു പറഞ്ഞു എനിക്ക് ആത്മവിശ്വാസം തരികയാണ് അദ്ദേഹം ആദ്യം ചെയ്തത്.. കുഞ്ഞിന് എന്തു കുറവുകൾ ഉണ്ടെങ്കിലും ഒരു അധ്യാപികയുടെ സംസാരവും, പെരുമാറ്റവും അങ്ങനെ അല്ല ആകേണ്ടത് അതുകൊണ്ട് തന്നെ അവരാ ജോലിക്ക് ഫിറ്റ് ആണെന്ന് തോന്നുന്നതും ഇല്ല. ഒരു അധ്യാപിക നല്ലൊരു കൗൺസിലർ കൂടിയാകണം. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളിൽ.. അവരിൽ നിന്നാണ് അവിടെ നിന്നാണ് കുട്ടികളുടെ സ്വഭാവവും ആത്മവിശ്വാസവും എല്ലാം ബിൽഡ് ചെയ്തു വരുന്നത്. അവിടെ തകർന്നു പോയാൽ വല്ലാതെ ബുദ്ധിമുട്ടാണ്... പഠനവൈകല്യം അല്ലാതെ ചില കുട്ടികളിലെങ്കിലും കാണുന്ന പഠനത്തോടുള്ള വിരക്തിക്കും, പേടിക്കും കാരണം ഇതൊക്കെയാണ്.
അതുകൊണ്ട് ആദ്യം മോനെ ഒന്ന് റീലാക്സ് ആക്കു. അതിൽ ടീച്ചർക്ക് മാത്രമല്ല നിങ്ങൾക്കും പങ്കുണ്ട്. കളിചിരികളിലൂടെ അവന്റെ ലോകത്തേക്ക് ഇറങ്ങി ചെല്ലു.. അവനാകു.. അവനെ അറിയൂ... ഒപ്പം ഒരു കൗൺസിലിംഗ് പോലെ അവനോടും ഡോക്ടർ കുറെ സംസാരിച്ചപ്പോൾ മനസ്സൊന്നു തണുത്തു.
പതുക്കെ പുതിയ സ്കൂളിൽ അഡ്മിഷൻ എടുത്തു.
അവന്റെ പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ മുൻപത്തെ സ്കൂളിലെ ടീച്ചറെ പോലെ പരിഹസിക്കുന്നതിനു പകരം അവരെന്റെ മനസ്സറിഞ്ഞ പോലെ എന്നെ ആശ്വസിപ്പിച്ചു.
"ആരവിന്റെ അമ്മ വിഷമിക്കാതിരിക്കു. ചെറിയ കുട്ടിയല്ലേ അവൻ. നമുക്കൊക്കെ ശെരിയാക്കാം. ഞാൻ നോക്കിക്കോളാം "
അതുകേട്ടപ്പോൾ മനസ്സിനൊരു സന്തോഷം തോന്നിയെങ്കിലും മുന്നത്തെ സ്കൂളിലെ അധ്യാപിക പറഞ്ഞതൊക്കെ മനസ്സിൽ കിടന്നു പുകയുകയായിരുന്നു..
പക്ഷെ എന്റെ എല്ലാ ധാരണകളും തിരുത്തും വിധത്തിലായിടുന്നു അപ്പുവിന്റെ മാറ്റങ്ങൾ..
സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നവൻ ഉത്സാഹത്തോടെ സ്കൂളിൽ പോകാൻ തുടങ്ങി... മൊത്തത്തിലൊരു ഉഷാറും, മറ്റുള്ളവരോടുള്ള പെരുമാറ്റവും.. എന്റെ മനസ്സിൽ ആശ്വാസത്തിന്റെ കാറ്റടിച്ചു തുടങ്ങി.
ഇടക്കിടെ സ്കൂൾ ഡയറിയിൽ " Dear parent, aarav got first prize in drawing etc.etc.. " അങ്ങനെയൊക്കെ കാണാൻ തുടങ്ങി... ഫസ്റ്റ് കിട്ടുന്നതായിരുന്നില്ല എന്റെ സന്തോഷം അവനതിലോക്കെ ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നു എന്നതായിരുന്നു.
ഒടുവിൽ ടെർമിനൽ എക്സാം കഴിഞ്ഞു പ്രോഗ്രസ്സ് കാർഡ് സൈൻ ചെയ്യാൻ പോകുമ്പോഴും മനസ്സിൽ ടെൻഷൻ ആയിരുന്നു. അറിയുന്നതൊന്നും അവൻ അവിടെ എക്സ്പ്രസ്സ് ചെയ്തിട്ടില്ലെങ്കിൽ.. നാളുകൾ കഴിഞ്ഞിട്ടും മുന്നത്തെ അധ്യാപിക പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ കിടന്നു തികട്ടി കൊണ്ടിരുന്നു ...
ഒരു പുഞ്ചിരിയോടെ അവന്റെ ടീച്ചർ ആ ഉത്തരക്കടലാസുകൾ എനിക്ക് കൈമാറിയപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി. സ്പെഷ്യൽ സ്കൂളിൽ ചേർക്കു എന്നു പറഞ്ഞു പരിഹസിച്ചയച്ചവൻ... അവന്റെ മാർക്കല്ല അതെഴുതിയല്ലോ എന്ന സന്തോഷം ഒപ്പം ഒരു മടിയുമില്ലാതെ ടീച്ചറോടും മറ്റു കുട്ടികളോടും അവൻ ഇടപഴകുന്നു.. സംസാരിക്കുന്നു..
ഇതിനെന്താണ് ഞാൻ പകരം തരാ മിസ്സേ എന്നു കണ്ണു നിറഞ്ഞു ഞാൻ ചോദിച്ചു..
"ഇതെന്റെ ഡ്യൂട്ടി അല്ലേ അനുപമ.. ആരവിന് പ്രത്യേകിച്ചൊരു പ്രശ്നവും ഇല്ലായിരുന്നു... സ്കൂളിൽ വന്നാൽ അടിക്കും, ശിക്ഷിക്കും എന്ന പേടിയും, ഉത്കണ്ഠയും ആണ് അവനെ എല്ലാറ്റിൽ നിന്നും പിൻവലിച്ചത്. ഒരുപക്ഷെ മുൻപുണ്ടായ ദുരനുഭവമാകാം അല്ലെങ്കിൽ ആരെങ്കിലുമൊക്കെ പറഞ്ഞു പേടിപ്പിച്ചതാകാം... അവനെയൊന്നു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചപ്പോൾ അവനിലെ പേടിയൊക്കെ മാറി .. അത്രേയുള്ളൂ... എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ് സ്കൂൾ ശിക്ഷിക്കാനുള്ള സ്ഥലം ആണെന്നുള്ള തോന്നൽ ചെറിയ കുട്ടികളുടെ മനസ്സിൽ കോരിയിടാതിരിക്കുക.. അവർക്കു ആത്മവിശ്വാസം കൊടുക്കുകയാണ് വേണ്ടത്.. അല്ലാതെ "
ആ അധ്യാപികയെ നോക്കി നന്ദിയോടെ നിൽക്കുമ്പോൾ ആരൊ പറയാതെ പറയുന്നുണ്ടായിരുന്നു "മികച്ച കുട്ടികളെ കൂടുതൽ മികച്ചവരാക്കുമ്പോഴല്ല.. വൈഷമ്യങ്ങളുള്ള കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരുമ്പോഴാണ് അധ്യാപനത്തിനും തിളക്കം ഏറുന്നതെന്നു " ഒപ്പം ഞാൻ എടുത്ത തീരുമാനം ശെരിയായിരുന്നു എന്നു കാലം തെളിയിച്ചു എന്ന സന്തോഷവും. നന്നാക്കാനും നശിപ്പിക്കാനും ഒരാൾക്കാകും.. എല്ലാവരും നന്നാക്കുന്നവരാകട്ടെ.. നന്മയുള്ളവരാകട്ടെ...
മത്സരിച്ചും, ഉള്ളിൽ പേടിയും, വിദ്വേഷവും കുത്തിനിറച്ചും എന്റെ മോൻ വളരേണ്ട.. കളിച്ചു ചിരിച്ചു മനസമാധാനത്തോടെ അവൻ പഠിച്ചു വളരട്ടെ.. അതു മതിയെനിക്ക്... അതുപോലെ ക്ലാസ്സിൽ ഒന്നാമനാകുന്നതാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം എന്നു ഒരിക്കലും അവനെ ഞാൻ പഠിപ്പിക്കില്ല.... ഇതെന്റെ ശെരിയാണ്...
ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നപ്പോൾ എന്നെ ചേർത്തു പിടിച്ചു നന്ദനും പറഞ്ഞു "അതെ അനു.. നീ തന്നെ ആയിരുന്നു ശെരി.. "
വാൽകഷ്ണം
******
******
ഒരു അനുഭവം എഴുതി കഴിഞ്ഞപ്പോഴാണ് പഠനവൈകല്യങ്ങൾ എന്ന വിഷയത്തെപ്പറ്റി അറിയാവുന്ന കാര്യങ്ങൾ പങ്കു വെച്ചാൽ ആർക്കെങ്കിലും ഉപകാരപ്രദം ആയാലോ എന്ന ചിന്ത വന്നത്... കുറച്ചു നാൾ മുൻപേ റെഫർ ചെയ്തു തയ്യാറാക്കിയൊരു കുറിപ്പാണു താഴെ ചേർക്കുന്നതു... ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ സന്തോഷം..
പഠനവൈകല്യങ്ങൾ (Learning disabilities )
************
************
വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനുമുള്ള തലച്ചോറിൻ്റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം. പഠനവൈകല്യം ഒരാളുടെ ബൗദ്ധികനിലവാരത്തിൻ്റെ സൂചകമല്ല. ശ്രദ്ധ, സംസ്കാരം, എഴുത്ത്, വായന, കാര്യകാരണബോധം, ഗണിതശാസ്ത്രപരമായ കഴിവുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള അറിവു സമ്പാദിക്കുന്നതിനും പ്രയോഗിക്കുന്നതിനു നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ് പഠനവൈകല്യം.
ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങൾ മൂലമാകാം . ഇവ യഥാസമയം കണ്ടെത്തുകയും, ചികിത്സ നൽകുകയും ചെയ്താൽ പല പഠന പ്രശ്നങ്ങൾക്കും ഒരു പരിധി വരെ മാറ്റങ്ങൾ വരുത്താൻ സാധിക്കും.
കാരണങ്ങൾ
*******
പഠനത്തിലെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. കാഴ്ചയിലോ കേള്‍വിയിലോ നേരിടുന്ന പ്രയാസം, Epilespy മുതലായ ശാരീരിക കാരണങ്ങളും, അമിതമായ ഉല്‍ക്കണ്ഠ, വിഷാദം മുതലായ വൈകാരിക പ്രശ്‌നങ്ങളും, ജീവിത സാഹചര്യങ്ങളിലുള്ള വിവിധ കാരണങ്ങളും സാമൂഹിക പ്രശ്‌നങ്ങളും എല്ലാം പഠന വൈകല്യം ഉണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ ബുദ്ധിശക്തിയുടെ കുറവു (ബിദ്ധിമാന്ദ്യം ) മൂലമുള്ള പഠന പിന്നോക്കാവസ്ഥയെ പഠന വൈകല്യമായി കണക്കാക്കാനാവില്ല.
ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധി (IQ>70) പ്രകടിപ്പിക്കുന്ന കുട്ടികളിലാണ് പഠന വൈകല്യം കാണപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പുറമേ മസ്തിഷ്‌ക്ക സംബന്ധമായ മറ്റു തകരാറുകളും പഠന വൈകല്യത്തിനു കാരണമാകാം. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റീവ് ഡിസോര്‍ഡര്‍ (ADHD -ശ്രദ്ധ കേന്ദ്രീകരിക്കുവാനും അടങ്ങിയിരിക്കുവാനുമുള്ള തലച്ചോറിന്റെ കഴിവു കുറവ്) ഇത്തരം കുട്ടികള്‍ക്ക് ഏകാഗ്രതയോടെ തുടര്‍ച്ചയായി ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാനാവില്ല... പഠന വൈകല്യം ജനിതകപരമായ ഘടകങ്ങള്‍ മൂലവും ലഭിക്കാന്‍ ഇടയുണ്ട്. ഗര്‍ഭകാലത്തും പ്രസവ സമയത്തും പ്രസവാനന്തരവുമുണ്ടാകുന്ന അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം, വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, ജനന സമയത്ത് കുട്ടിയുടെ തൂക്കക്കുറവ്, കുട്ടിയുടെ തലയ്ക്കുണ്ടാകുന്ന ക്ഷതങ്ങള്‍, പോഷകാഹാരക്കുറവ് മുതലായ കാരണങ്ങള്‍ മസ്തിഷ്‌ക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഇത് ബുദ്ധിമാന്ദ്യമില്ലാതെ തന്നെ പഠന വൈകല്യങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നു....
വിവിധതരം പഠനവൈകല്യങ്ങൾ..
************
പഠനവൈകല്യത്തെ പ്രധാനമായും മൂന്നായി തിരിക്കാം:
a) വായനാ വൈകല്യം (Dyslexia)
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ. ഉച്ചരിക്കേണ്ട രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, എഴുതിയ വാക്ക് എന്താണെന്ന് മനസ്സിലാക്കാതെ മനസ്സില്‍ തോന്നിയത് പറയുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.
b) രചനാ വൈകല്യം (Dysgraphia)
അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഒരു വാചകമുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. അക്ഷരങ്ങള്‍ തലതിരിച്ച് എഴുതുകയും ആവശ്യമില്ലാത്ത അകലം വാക്കുകള്‍ക്ക് നല്‍കുകയും ചെയ്യുക. നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.
c) ഗണിതശാസ്ത്ര വൈകല്യം ( Dyscalculia )
സംഖ്യകളെ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പറഞ്ഞാല്‍ അവ എങ്ങനെ ചെയ്യണമെന്നുള്ളത് വൈകല്യമുള്ള കുട്ടികള്‍ക്ക് മനസ്സിലാകാതാവുന്നു. കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക.
പഠനവൈകല്യം തിരിച്ചറിയാം...
***********
1. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടിക്ക് വീട്ടിൽ വന്ന് പറയാൻ കഴിയുന്നുണ്ടാവും. പക്ഷേ എഴുതാൻ പറഞ്ഞാൽ കുട്ടി ആകെ കുഴഞ്ഞു പോകുന്നു....
2. വാക്കുകളുടെ സ്പെല്ലിങ് എഴുതുമ്പോൾ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചഴുതുന്നതല്ല, മറിച്ച് സ്ഥിരമായി മിക്കവാറും എല്ലാ സ്പെല്ലിങ്ങും തെറ്റിച്ചു തന്നെ എഴുതുകയാവും ഉണ്ടാവുക. ഒരു വാക്കിൽ തന്നെ പല അക്ഷരങ്ങളും വിട്ടു പോവുകയും ചെയ്യും....
3. സ്പെല്ലിങ് എഴുതുമ്പോൾ അക്ഷരങ്ങള്‍ പരസ്പരം സ്ഥാനം തെറ്റിച്ചാവും എഴുതുക.
4. അക്കങ്ങൾ പലപ്പോഴും മറിച്ചാവും എഴുതുക. 21 ന് പകരം 12 എന്നാവും എഴുതിക്കഴിയുമ്പോൾ....
5. വായിക്കുമ്പോൾ കുട്ടി മനപ്പൂർവമല്ലാതെ വാക്കുകളോ ചിലപ്പോൾ വരി തന്നെയോ വിട്ടുകളയുന്നു...
6. അക്ഷരങ്ങൾ നിറുത്തി നിറുത്തി വായിക്കുക. സ്ഫുടതയില്ലാത്തതോ വേഗത കുറഞ്ഞതോ ആയ വായനയാവും ഇവരുടേത്. പക്ഷേ, സംസാരിക്കുമ്പോള്‍ തടസ്സങ്ങൾ ഉണ്ടാവണമെന്നില്ല....
7. ഒരു വാക്കിന്റെ തുടക്കം കാണുമ്പോഴേ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക. ഉദാഹരണത്തിന് ഡബ്ല്യു എന്നു കാണുമ്പോഴേ വേഗത്തിൽ ‘വാട്ട്’ എന്ന് വായിച്ചു കഴിഞ്ഞിരിക്കും....
8. ഗണിതപ്പട്ടിക പഠിക്കാൻ പ്രയാസമായിരിക്കും. നല്ല ബുദ്ധിയുളള കുട്ടിയാണെങ്കിലും പരീക്ഷയ്ക്ക് മാർക്ക് തീരെ കുറവായിരിക്കും....
മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടെങ്കിൽ അവനു /അവൾക്കു Learning Disability ഉണ്ടോയെന്നു വിദഗ്ധോപദേശം തേടേണ്ടതാണ്... കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും
കാര്യമെന്തെന്ന് അറിയാതെ മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് കുട്ടികളില്‍ ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇവര്‍ക്ക് സമൂഹത്തോടുതന്നെ അമര്‍ഷം തോന്നി സാമൂഹിക വിരുദ്ധരായി വളരാനും ഇടയുണ്ട്. ശ്രദ്ദിക്കുക പഠനവൈകല്യമുള്ള കുട്ടികളെ മറ്റു കുട്ടികളെ പോലെ പഠിപ്പിക്കുന്നതിനും മറ്റും ശാഠ്യം പിടിക്കുന്നത് കാലില്ലാത്ത ഒരുവനെ നടക്കാൻ നിർബന്ധിക്കുന്ന പോലെയാണ്.
വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിസ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.അതിനെ അതിജീവിച്ചു ജീവിതവിജയം കൈവരിച്ചു ഉന്നതിയിൽ എത്തിയവർ ആണ് മേല്പറഞ്ഞവർ എല്ലാം. അതുകൊണ്ട് പഠനവൈകല്യം എന്നുള്ളത് ഒരിക്കലും ബുദ്ധി ഇല്ലായ്മയുടെ ലക്ഷണമല്ല.
തക്ക സമയത്തു കുഞ്ഞുങ്ങളിലെ ഇത്തരം വൈകല്യങ്ങൾ കണ്ടെത്തുകയും, അതിനു പരിഹാരം തേടുകയും ചെയ്‌താൽ ഒരു പരിധിവരെ ഇത്തരം ബുദ്ധിമുട്ടുകൾ കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്...അവരെ ഉപദ്രവിക്കുന്നതും, പരിഹസിക്കുന്നതും, തല്ലിപ്പഠിപ്പിക്കാൻ നോക്കുന്നതുമൊക്കെ ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ..
രചന : Aswathy Joy Arakkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക