Slider

ചുവന്ന ഉറുമ്പുകൾ

0
Image may contain: Athira Santhosh, smiling
നഗരത്തിലെ തിരക്കുള്ള റോഡിനു വശംചേർന്നു നിന്നിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ, റോഡിനഭിമുഖമായി തുറക്കാവുന്ന ജനാലകളുള്ള മുറിയായിരുന്നു നതാലിയയുടേത്. രാത്രിയിൽ പോലും തുറന്നു കിടക്കുന്ന ആ ജനലിൽ നതാലിയ കുടിച്ചു ബാക്കിവെച്ച കാപ്പിക്കപ്പും മധുരം നുണഞ്ഞിരിക്കുന്ന ഏതാനും ചുവന്ന ഉറുമ്പുകളും കൂടാതെ നതാലിയ സൂക്ഷിച്ചിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുമുണ്ടായിരുന്നു. കാപ്പിക്കപ്പ് കഴുകി വാഷ്‌ബേസിനിലേക്കൊഴിക്കുമ്പോൾ കപ്പിന്റെ മറുഭാഗത്തു നിന്നും പിടഞ്ഞു പിടഞ്ഞ് ഏതാനും ഉറുമ്പുകൾ വെള്ളത്തോടൊപ്പം ഒഴുകി പോയത് രണ്ടു മൂന്നു ദിവസങ്ങളായി നതാലിയയുടെ ഉറക്കം കെടുത്തിയതിനാൽ പുതിയൊരു കാപ്പിക്കപ്പ് വാങ്ങി അതിൽ തനിക്കു വേണ്ടി കാപ്പിയെടുത്ത് ബാക്കി വരുന്ന കാപ്പി ജനലരികിലെ പഴയ കപ്പിൽ ഒഴിച്ചു വെക്കാൻ അവൾ ശീലിച്ചിരുന്നു.
നതാലിയ ആ ഹോസ്റ്റലിൽ എത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഗവേഷണ വിദ്യാർഥിനിയായ തനിക്ക് തനിച്ചു താമസിക്കാൻ പാകത്തിന് ഒരു മുറി വേണമെന്ന് ആവശ്യപ്പെട്ട് വന്ന നതാലിയയെ സുന്ദരിയും ചെറുപ്പക്കാരിയുമായ വാർഡൻ തന്റെ ഫ്രെയിമില്ലാത്ത കണ്ണടകൾക്കിടയിലൂടെ മുഴുവനായി അളന്നു. മുറിയൊന്നും ഒഴിവില്ലാഞ്ഞിട്ടു കൂടി അവളെ പറഞ്ഞയക്കാൻ സൂസനു മനസു തോന്നിയില്ല. അങ്ങനെയാണ് വല്ലപ്പോഴും ഗസ്റ്റ് റൂമായി ഉപയോഗിച്ചിരുന്ന മുറി നതാലിയയ്ക്ക് തുറന്നു കൊടുക്കുന്നത്. വാർഡനു നതാലിയയുടെ മേൽ പ്രത്യേകമായി എന്തോ താല്പര്യമുള്ളതു കൊണ്ടാണ് അവർ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് ഹോസ്റ്റൽ അന്തേവാസികൾ പലരും പലപ്പോഴായി നതാലിയ കേൾക്കെയും കേൾക്കാതെയും പറഞ്ഞു. പഴയ പ്രേമബന്ധം തകർന്നത് കൊണ്ടാണ് വാർഡൻ അവിവാഹിതയായി തുടരുന്നതെന്നുമൊരു കഥ കൂടി വാർഡനെ കുറിച്ചുണ്ടായിരുന്നു. നതാലിയയെ പക്ഷേ ഇതൊന്നും ബാധിച്ചതേയില്ല. അവൾ ഓരോ ദിവസവും രാവിലെ ഭംഗിയായി വസ്ത്രം ധരിച്ചു ഇരു വശത്തു നിന്നും നീളമേറിയ വള്ളികൾ തൂങ്ങിക്കിടക്കുന്ന ബാഗുമായി ഓഫീസ് മുറിക്കു മുന്നിലൂടെ രാവിലെ മുറി വിട്ടിറങ്ങുകയും വൈകിട്ട് കൃത്യസമയത്ത് മടങ്ങിയെത്തിക്കൊണ്ടുമിരുന്നു. ഹോസ്റ്റലിലും പുറത്തും സുഹൃത്തുക്കളൊന്നുമില്ലാത്ത അവൾ ഞായറാഴ്ചകളിൽ മാത്രം മുറിയിൽ നിന്നു പുറത്തിറങ്ങാതെ ജനലരികിൽ കയ്യിലൊരു കാപ്പിക്കപ്പുമായി റോഡിലേയ്ക്ക് അലസമായി നോക്കി നിന്ന് സമയം കൊന്നു.
നതാലിയ പതിവ് പോലെ പുറത്തേയ്ക്കു പോയ ശേഷമുള്ള ഒരുച്ച നേരത്താണ് ആ ചെറുപ്പക്കാരൻ ഓഫീസ് റൂമിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഷേവ് ചെയ്യാത്ത മുഖത്തു നിറയെ കുറ്റിരോമങ്ങൾ വളർന്നു നിൽക്കുന്നത് കണ്ടപ്പോൾ സൂസന് ഓക്കാനം വന്നു. എന്നിട്ടും സ്വയം നിയന്ത്രിച്ചു കൊണ്ട് അവൾ ചെറുപ്പക്കാരനെ ഓഫീസ് റൂമിനുളളിൽ കയറ്റിയിരുത്തുകയും വന്ന കാര്യമന്വേഷിക്കുകയും ചെയ്തു. അവൻ നതാലിയയെക്കുറിച്ചു സംസാരിക്കാനാണ് വന്നതെന്നറിഞ്ഞപ്പോൾ സൂസനിൽ എന്തെന്നില്ലാത്ത ഒരു ആവേശമുണർന്നു. മുൻപുണ്ടായ ഓക്കാനം മനഃപൂർവം മറന്നുകൊണ്ടാണ് അവർ അവനോടു സംസാരിച്ചു തുടങ്ങിയത്. നതാലിയ നിങ്ങൾ വിചാരിക്കുന്നതു പോലെ ഒരുവളല്ല എന്ന് അവൻ പറഞ്ഞപ്പോൾ കണ്ണടയ്ക്കുള്ളിൽ സൂസന്റെ കണ്ണുകൾ ചുരുങ്ങുകയും പുരികം വളയുകയും ചെയ്തു. തന്റെ ഭാവപ്പകർച്ച മുന്നിലിരിക്കുന്ന ചെറുപ്പക്കാരനിൽ നിന്നു മറച്ചു പിടിയ്ക്കാൻ ശ്രമിച്ചു കൊണ്ട് സൂസൻ കാരണം തിരക്കി.
സൂസനുണ്ടായ ഭാവവ്യത്യാസം മുഖത്തു നിന്നും വായിച്ചെടുത്തിട്ടും അയാളത് മനസിലാവാത്ത ഭാവം നടിച്ചു. പറയാൻ വന്നത് മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടേ അയാൾ കസേര വിട്ട് എഴുന്നേറ്റുള്ളു. വാതിൽക്കലെത്തി, അപ്പോഴും ഒന്നും മിണ്ടാനാവാതെയിരിക്കുന്ന സൂസനു നേരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ച് അയാൾ നടന്നു നീങ്ങി. അയാളുടെ കണ്ണുകളിലും പുഞ്ചിരിയിലും സംസാരത്തിൽ കൂടിയും ഒരു നിഗൂഢത ഒളിഞ്ഞു കിടപ്പുണ്ടായിരുന്നില്ലേ എന്ന് സംശയിച്ചും അയാൾ പറഞ്ഞ കാര്യമോർത്തുണ്ടായ ഞെട്ടലോടെയും സൂസൻ കുറച്ചു സമയം കൂടി അതേയിരുപ്പ് തുടർന്നു. ശേഷം പുറത്തു പോകുമ്പോൾ കൗണ്ടറിൽ അതാതു മുറി നമ്പറിന് നേർക്ക് ഓരോരുത്തരും തൂക്കിയിട്ടിട്ടു പോകുന്ന താക്കോലുകൾക്കിടയിൽ നിന്നും നതാലിയയുടെ മുറിയുടെ കീ തിരഞ്ഞെടുത്തു. തടിയിൽ പണിഞ്ഞെടുത്ത, ഉരുണ്ട കണ്ണുകളുള്ള ഒരുറുമ്പിന്റെ രൂപമാണ് കീചെയിനായി അതിൽ ഉപയോഗിക്കപ്പെട്ടിരുന്നത്! സൂസൻ അത് ശ്രദ്ധിച്ചില്ല.
നതാലിയയുടെ മുറി വാതിൽക്കലെത്തി ഒന്നു കൂടി ആലോചിച്ച ശേഷമാണ് സൂസൻ താക്കോലുപയോഗിച്ചു വാതിൽ തുറന്നത്. വളരെക്കാലങ്ങളായി ഉപയോഗിക്കാതിരുന്ന മുറിവാതിൽ തുറക്കുമ്പോഴെന്ന പോലെ ഒരു ശബ്ദം വാതിൽ തുറക്കുമ്പോഴുണ്ടായി. മറ്റാരെങ്കിലും കണ്ടേക്കുമെന്ന ഭയത്താൽ സൂസൻ വാതിൽ ഉള്ളിൽ നിന്നു ചേർത്തടച്ചു. ശേഷം തിരിഞ്ഞു നിന്ന് മുറി മൊത്തത്തിലൊന്നു നോക്കി. മേശയുടെ ഉള്ളിലും മുകളിലും ഡ്രസ്സ്‌ അടുക്കി വെച്ചിരിക്കുന്ന അലമാരത്തട്ടിലും പരതി ഒന്നുമില്ല എന്ന നിരാശയിൽ ഏറ്റവുമവസാനമാണ് സൂസൻ ആ ജനലഴികൾക്കരികിലെത്തിയത്. എയ്ബൽ എന്ന് പേരെഴുതിയ ഒരു പെർഫ്യൂം ബോട്ടിലും നിരത്തി വെച്ചിരിക്കുന്ന കാപ്പിക്കപ്പുകളുമൊഴിച്ചാൽ ജനൽ ശൂന്യമാണെന്നു അവൾ കണ്ടു. മുൻപു വന്ന അപരിചിതൻ പറഞ്ഞതു പോലെ സംശയിക്കാത്തതായി ഒന്നും ആ മുറിയ്ക്കുള്ളിലില്ല എന്ന് സൂസൻ കണ്ടെത്തി. ഒടുവിൽ വന്നയാൾക്ക് ഭ്രാന്തായിരുന്നിരിക്കാം എന്ന അനുമാനത്തിൽ വാതിൽ പൂട്ടി തിരികെയിറങ്ങുമ്പോൾ കീചെയിനിലേയ്ക്ക് സൂസന്റെ കണ്ണുകൾ നീണ്ടു. അതൊരു ഉറുമ്പിന്റെ രൂപമാണെന്നു കണ്ടപ്പോൾ ചെറിയൊരു നടുക്കം അവളുടെ ഹൃദയത്തിലാകെ പടർന്നു വ്യാപിച്ചു.
അന്നു വൈകിട്ട് പതിവ് സമയത്തിന് ശേഷവും നതാലിയ തിരികെയെത്താത്തത് സൂസനെ അസ്വസ്‌ഥയാക്കി. ആറു മണി വരെയും അവൾ അക്ഷമയോടെ നതാലിയയെ കാത്തു നിന്നു. ശേഷം ഗേറ്റ് അടച്ചു പൂട്ടി മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. വൈകി ഹോസ്റ്റലിലെത്തിയവർ പുറത്തു നിന്ന് ശബ്ദമുണ്ടാക്കുന്നത് അവളെ അലോസരപ്പെടുത്തിയതേയില്ല.
മൂന്ന് ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരമാണ് നതാലിയ തിരികെയെത്തിയത്. അവൾ ക്ഷീണിതയെങ്കിലും സന്തോഷവതിയായി കാണപ്പെട്ടു. കൗണ്ടറിൽ തൂക്കിയിട്ടിരുന്ന കീയെടുത്തു കൊണ്ട് വരാന്തയിലൂടെ നടന്നു പോകുന്ന അവളെ നോക്കി സൂസനിരുന്നു. മനസ്സിൽ പല ചിന്തകളും ഉയരുന്നത് തടയാൻ സൂസൻ വ്യർത്ഥമായൊരു ശ്രമം നടത്തി നോക്കി. വെറുമൊരു ഹോസ്റ്റൽ വാർഡനായ താൻ എന്തിനാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് തലയിടുന്നതെന്ന് അവൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി തന്നോടു തന്നെയും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പണ്ടൊരു ഹോസ്റ്റൽക്കാലത്ത് മുറി പങ്കിട്ടിരുന്ന പഴയ സുഹൃത്തിനെ സൂസന് അപ്പോഴോർമ വന്നു. ഒരു ചുംബനം കൊണ്ടില്ലാതായിത്തീർന്ന ബന്ധമെന്നാണ് സൂസൻ എപ്പോഴും അതേക്കുറിച്ചോർക്കുന്നത്. തന്നെക്കുറിച്ചവൾ ആരോടെങ്കിലും പറഞ്ഞാലുണ്ടായേക്കാവുന്ന അപമാനഭാരമോർത്താണ് അന്ന് പഠനം നിർത്തി ഹോസ്റ്റൽ ഉപേക്ഷിച്ചു പോന്നത്. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് ഹോസ്റ്റൽ വാർഡനായി ജോലി കിട്ടിയതും ഒരു കണക്കിൽ സന്തോഷമായിരുന്നു തനിക്കെന്ന് സൂസൻ അപ്പോഴോർത്തു. തനിക്ക് ചേരുന്ന ആരെങ്കിലുമൊരാൾ ഈ കൂട്ടത്തിനിടയ്ക്ക് വന്നു ചേരാതിരിക്കില്ല ഇവിടെ എന്ന ഒരു പ്രതീക്ഷ. നതാലിയ തനിച്ചു താമസിക്കാനൊരു മുറി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുതൽ ആ പ്രതീക്ഷ വളരുകയായിരുന്നില്ലേ എന്നു സൂസന് സംശയം തോന്നി. എന്തു കൊണ്ടാണ് അവളുടെ മേൽ അത്രയേറെ പ്രതീക്ഷയുണ്ടായതെന്ന് സൂസന് തീർച്ചയുണ്ടായിരുന്നില്ല. കൂടുതൽ ആലോചിച്ചു സമയം കളയാൻ മെനക്കെടാതെ, പെട്ടെന്നുണ്ടായ ഒരാവേശത്തിൻമേൽ സൂസൻ എഴുന്നേറ്റ് മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി.
വാതിൽക്കൽ മുട്ടാനുള്ള ക്ഷമയില്ലാതെ സൂസൻ അകത്തേയ്ക്കു കടന്നു. നതാലിയ മുറിയിലുണ്ടായിരുന്നില്ലെന്നു കണ്ട് സൂസൻ അമ്പരന്നു. അവൾ മുറിയിലാകെയൊന്നു നോക്കി. ജനലിൻമേലിരുന്ന പെർഫ്യൂം ബോട്ടിലിനു മീതെ ഇപ്പോൾ അടപ്പുണ്ടായിരുന്നില്ല. തുറന്നു വെച്ച ബോട്ടിലിൽ നിന്നും മുറിയിലാകെ അത്രയേറെ പരിചിതമല്ലാത്ത, എന്നാൽ ഒരിക്കലെപ്പോഴോ താനറിഞ്ഞിട്ടുള്ള ഒരു ഗന്ധം പടരുന്നത് അവളറിഞ്ഞു. ജനലരികിലെ കാപ്പിഗ്ലാസ്സിൽ മധുരം നുണയുന്ന ഉറുമ്പുകളെ അപ്പോൾ മാത്രമാണ് അവൾ കണ്ടത്. കുറച്ചു കൂടി അടുത്തേയ്ക്ക് നീങ്ങുമ്പോൾ ചുവന്ന ശരീരത്തിലെ ചെറിയ വട്ടക്കണ്ണുകളിൽ ഭയം നിഴലിച്ചിരിക്കുന്നുവെന്ന് സൂസന് തോന്നി. കുറച്ചു ദിവസങ്ങൾ മുൻപ് തന്നെക്കാണാനെത്തിയ യുവാവിനെ അവൾക്കപ്പോൾ ഓർമ വന്നു. നതാലിയയും അവളുടെ ജന്തു ശാസ്ത്രത്തിൽ അഗ്രഗണ്യനായ പ്രൊഫസ്സറും ചേർന്ന് ഏതൊക്കെയോ നീച പ്രവൃത്തികൾക്കു വേണ്ടി പലതരം ജീവികളെ ഉപയോഗിക്കുന്നുവെന്നും അതാണ് അവളുടെ ഗവേഷണ വിഷയമെന്നും അയാൾ പറഞ്ഞത് അവൾക്കോർമ വന്നു. അവൾക്ക് ഭയം തോന്നിത്തുടങ്ങിയിരുന്നു. മുറിയിൽ നിറഞ്ഞു നിന്നിരുന്ന ഗന്ധം പൊടുന്നനെ ഒരു നിമിഷം സൂസന്റെ ആത്മാവിനോളം കടന്നു ചെന്നു. അന്നു വന്ന അപരിചിതനും ഇതേ ഗന്ധമായിരുന്നുവല്ലോ എന്ന് അതേ നിമിഷം ഞെട്ടലോടെ സൂസനറിഞ്ഞു.
*
ആഴ്ചകൾക്കു മുൻപ് കാണാതായ വാർഡനു പകരം പുതിയ ആൾ വന്നു ചേർന്നിരുന്നു. മൂന്നാം നിലയിൽ റോഡിലേയ്ക്ക് തുറക്കുന്ന ജനലുകളുള്ള അതേ മുറിയിൽ ജനലരികിൽ പാതി നിറച്ചു വെച്ചിരുന്ന കാപ്പി ഗ്ലാസിൽ ആണുറുമ്പുകളുടെ സ്പർശമേൽക്കാതിരിക്കാൻ ശ്രദ്ധിച്ചും ഉരുണ്ട കണ്ണുകളിൽ ഭയം നിറച്ചും ചുവന്ന ഒരുറുമ്പ് റോഡിലേയ്ക്ക് നോക്കി മധുരം നുണഞ്ഞു കൊണ്ടിരുന്നു. ജനാലയ്ക്കപ്പുറം റോഡിൽ മഴ വീണു തുടങ്ങിയിരുന്നു അപ്പോൾ!
ആതിര സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo