നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇച്ചായന്റെ പെണ്ണ്...


കാര്യം വലിയ നാണക്കാരി ഒന്നുമല്ലെങ്കിലും, നാവിനു രണ്ടെല്ലു കൂടുതൽ ആണെങ്കിലും ആദ്യരാത്രി കഴിഞ്ഞു നേരം പുലർന്നപ്പോൾ അടുക്കളയിലേക്കു പോകാൻ ആകെയൊരു ചമ്മൽ.. ദിലീപേട്ടൻ ഏതോ സിനിമേല് പറയണ പോലെ ആദ്യത്തെ ആദ്യരാത്രി ആയിരുന്നല്ലോ .... അതിന്റെയൊരു ഇതു.. പ്രത്യേകിച്ച് വർഷങ്ങളായി പ്രണയിച്ചു തകർക്കുന്നവരാണ് ഞങ്ങൾ എന്നുള്ളത് കൊണ്ടും, നാത്തൂൻ ആണ് എല്ലാത്തിന്റെയും ഹംസം എന്നുള്ളത് കൊണ്ടും (ഹംസം എന്നു സിമ്പോളിക് ആയി പറഞ്ഞൂന്നെ ഉള്ളു സ്വഭാവത്തിൽ തനി കച്ചറയാണവൾ... കാക്കയെപോലെ ക്രോ ക്രോ ന്നു അലച്ചു അലമ്പി കളയും ) ആകെയൊരു ചമ്മലിഫിക്കേഷൻ...
മന്ദം മന്ദം നടന്നെത്തിയപ്പോൾ അടുക്കളയിൽ പെണ്ണുങ്ങളുടെ ഒരു കൂട്ടം തന്നെയുണ്ട്.....
"മോളെന്തിനാ ഇത്ര നേരത്തെ എണിറ്റു വന്നത് ക്ഷീണം കാണില്ലേ, കുറച്ചുനേരം കൂടി കിടക്കായിരുന്നില്ലേ " സെബിച്ചായന്റെ അമ്മായിയുടെ വകയൊരു കമന്റ്‌...
ഇതുകേട്ടു മറ്റൊരു അമ്മായി വല്ലാത്തൊരു ആക്കിചുമ..
"അല്ല.. രണ്ടുദിവസമായി ആകെ തിരക്കും ബഹളവും ഒക്കെ ആയിരുന്നില്ലേ... കൊച്ചു ആകെ ടയേർഡ് ആയിക്കാണും അതാ ഞാൻ ഉദ്ദേശിച്ചത്... " അമ്മായി വിശദീകരിച്ചു ഒന്നൂടെ ചളമാക്കി ...
"മോളി അമ്മായി അതു തന്നെയാ ഉദ്ദേശിച്ചത്.. അത് ഞങ്ങൾക്കെല്ലാവർക്കും ബോധ്യമാവുകയും ചെയ്തു..." നാത്തൂനൊരു ആക്കിച്ചിരിയുമായി രംഗപ്രവേശം ചെയ്തു ...
"മതി അവളെ കളിയാക്കിയത്... മോളൊരു കാര്യം ചെയ്യൂ... ഈ ചായ അവനു കൊണ്ട് കൊടുക്ക്‌... ഇവിടെ നിന്നാ എല്ലാരൂടെ എന്റെ കൊച്ചിനെയങ്ങു വാട്ടും... " അമ്മായിയമ്മ രക്ഷക്കെത്തി..
"ഓ... എന്താ ഒരു സ്നേഹം... ഈ സ്നേഹോക്കെ എന്നും കണ്ടാമതി.." ലവൾ അതായതു നാത്തൂൻ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു...
"ഞങ്ങള് ഒരു പ്രശ്നവും ഉണ്ടാക്കത്തില്ല... നീ കേറി വന്നു ഞങ്ങളെ തമ്മിൽ തല്ലിക്കാഞ്ഞാ മതി... " എന്റെ കയ്യിലേക്ക് ചായ വെച്ചു തന്നു കൊണ്ട് മമ്മി പറഞ്ഞു...
"എന്തു ദുരന്തമാണ് മമ്മി നിങ്ങള്... ഇതെന്നതാ മെഗാസീരിയൽ അനുകരിക്കുന്നോ... ഞാൻ ജനിച്ചതിൽപ്പിന്നെ അവൻ ചായ കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല... എന്നിട്ട് ഒരുമാതിരി ഊള ചടങ്ങുപോലെ ചായ കൊടുത്തു വിടുന്നു... അല്ലെങ്കിതന്നെ അവനു ചായ കൊടുക്കാനല്ല ഇവളെയിവിടെ കെട്ടിക്കൊണ്ടു വന്നേക്കുന്നെ.. അവനു വേണെങ്കിൽ വന്നു എടുത്തു കുടിച്ചോളും... " മാസ്സ് ഡയകോലും പറഞ്ഞു നീ ഇങ്ങു വന്നേ റോസികൊച്ചേ എന്നു പറഞ്ഞു അവളെന്റെ തോളിൽ കൈ വെച്ചതും ഞാൻ വേദനിച്ചു സ്വർഗം കണ്ടു അമ്മേ എന്നു വിളിക്കുന്നതും ഒരുമിച്ചായിരുന്നു..
അതുകണ്ടു അർത്ഥം വെച്ചു എല്ലാവരും ചിരിച്ചെങ്കിലും... എനിക്ക് കരച്ചിലാണ് വന്നത്... തോളിലെ മുറിവിന്റെ വേദന അത്ര സുഖകരമായിരുന്നെ...
എന്തോ വലിയകാര്യം അറിയാൻ എന്നപോലെ അവളെന്നെ പിടിച്ചു പുറത്തേക്കു കൊണ്ടുപോയി...
"എങ്ങനെ ഉണ്ടായിരുന്നെടി ഫസ്റ്റ് നൈറ്റ്‌... വിശേങ്ങൾ പറ... എനിക്കു ആകാംഷ സഹിക്കാൻ പറ്റുന്നില്ല... " നാത്തൂൻ ആകാംഷാഭരിതയായി.
"എടി കോപ്പേ... അത്ര ആകാംഷ ആണെങ്കി ദേ റൂമില് നിന്റെ ആങ്ങള പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്.. പോയ്‌ ചോദിക്ക്... " അവളോട് അത്ര സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് അങ്ങനെയാണ് വായിൽ വന്നത്...
"പോടീ ജാഡതെണ്ടി... എനിക്കും ഇതുപോലൊരു നാൾ വരും... അന്നു നീ ചോദിച്ചു വാ. ഒന്നും പറയാതെ നിന്നെ കൊതിപ്പിക്കും ഞാൻ. " അതുംപറഞ്ഞു പുച്ഛിച്ചവൾ തിരിഞ്ഞു നടന്നു..
"ഡി പുല്ലേ.. ഏതാടി അടുക്കളേല് കൊറേ അലവലാതി ടീംസ്... ഇതിനൊന്നും ചോയ്ക്കാനും പറയാനും വീട്ടിലാരുല്ലേ.. കല്യാണോം കഴിഞ്ഞു...ആദ്യരാത്രിയും കഴിഞ്ഞു... ഇനി എന്തുകാണാൻ നിക്കാണ് എല്ലാം.. വീട്ടിൽ പൊയ്ക്കൂടേ എല്ലാറ്റിനും .. " അവളെ ചൂടാക്കാൻ വേണ്ടി തന്നെ ഞാൻ ചോദിച്ചു...
വന്നു കേറിയില്ല... അതിനു മുൻപവള് പുരപ്പുറം തൂക്കാൻ തുടങ്ങിയെന്നു പറഞ്ഞു എനിക്കട്ടൊരു പിച്ചും തന്നവള് പോയി...
റൂമിലേക്ക്‌ ചെല്ലുമ്പോൾ പോത്തുപോലെ കിടന്നുറങ്ങാണ് സെബിച്ചൻ..
കുറേനേരം ഇച്ഛന്റെ ഉറക്കം കണ്ടങ്ങനെ ഇരുന്നപ്പോൾ തലേരാത്രിയെപ്പറ്റിയോർത്തൊരു പുഞ്ചിരിയെന്റെ ചുണ്ടിൽ വന്നു ...
***********
ചെവിയിൽ കുശുകുശുപ്പും, നല്ലനല്ല കമന്റ്‌കളും പാസ്സാക്കിയാണ് പെൺപട രാത്രിയിലെന്നെ റൂമിൽ കൊണ്ടാക്കിയത്... കാര്യം പരിചയമുള്ളവനാണ് ഭർത്താവെങ്കിലും ഫസ്റ്റ് നൈറ്റെന്നൊക്കെ പറയുമ്പോ മനസ്സിലൊരു ടെൻഷൻ ഒക്കെ കാണുവല്ലോ... സ്വാഭാവികം... അല്ലേ..
റൂമിലിരുന്ന് ബോറടിച്ചപ്പോൾ അവിടെ ഇട്ടിരുന്ന പൂക്കളൊക്കെ പിച്ചിപ്പറിച്ചു, ഫസ്റ്റ് നൈറ്റിന്റെ ക്ലീഷെയ് ആചാരമായ സാരിയിൽ വീർപ്പുമുട്ടി, രണ്ടു ദിവസമായുള്ള ചടങ്ങുകളുടെ ബാഹുല്യത്തിൽ തളർന്നു പണ്ടാരടങ്ങി നിദ്രാദേവി മാടി വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടിയാൻ റൂമിലേക്ക്‌ വരുന്നത്...
വന്നപാടെ ഒന്നും കുണുങ്ങിച്ചിരിച്ചു കുറച്ചു നാണമൊക്കെ അഭിനയിച്ചു കൊണ്ട് കട്ടിലിൽ എന്റെ അരികത്തായി വന്നിരുന്നു... പതുക്കെ എന്റെ കൈ എടുത്തു പിടിച്ചു... "വിശ്വസിക്കാൻ പറ്റുന്നില്ല പെണ്ണെ... നമ്മുടെ എത്രകാലത്തെ സ്വപ്നമാണ് ഈ ദിവസം.."
സെബിച്ചൻ ആകെ എക്സൈറ്റെഡ്‌ ആണെന്ന് മനസ്സിലായി...
ഇങ്ങോരെയെങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്റെ കർത്താവേ എനിക്ക് തീരെ വയ്യ.. രണ്ടു ദിവസവായി ഉറങ്ങിയിട്ടു.. ഒന്ന് കിടന്നു ഉറങ്ങിയില്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കുമെന്നു... ഞാൻ പാതിരാത്രിയിൽ കർത്താവിനെ വിളിച്ചുണർത്തി ചോദിച്ചു...
മുഖത്തൊരു ചിരി ഫിറ്റ്‌ ചെയ്തു പതുക്കെ ആ കൈകകൾ ഞാൻ ചേർത്തു പിടിച്ചു...
"സെബിച്ചായാ .. അതു... " മുഖവുര ഇടാൻ ശ്രമിച്ചു...
ഞാൻ പറയുന്നത് മുഖവിലക്കെടുക്കാതെ അങ്ങോര് പറഞ്ഞു തുടങ്ങി...
"ഡി.. ഞാനൊരു കാര്യം ആവശ്യപ്പെട്ടാ നീ ഒന്നും വിചാരിക്കരുത്... " ഇച്ചായന്റെ വക അടുത്ത നീക്കം..
കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിയ്ക്കു കത്താൻ തുടങ്ങി...
കാലങ്ങളായി നമ്മള് രണ്ടാളും കാത്തിരുന്നൊരു ദിവസമാണിതു ... അതിന്റ എല്ലാ എക്സൈറ്റ്മെന്റും എനിക്കും നിനക്കുമുണ്ട് . " അത്രയും പറഞ്ഞു ടിയാനൊന്നു നിർത്തി..
അതിനു..? ഞാൻ ചോദിച്ചു..
നീ കണ്ടല്ലോ എന്റെ ഈ കോലം. ഒരാഴ്ചയായി ഒന്ന് ഉറങ്ങിയിട്ടു... ഇന്നും കൂടെ ഉറങ്ങിയില്ലെങ്കി ഞാൻ ചത്തു പോകും...
ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി ആശ്ചര്യത്തോടെ ഇരുന്നു ... എന്താണിങ്ങോര് പറഞ്ഞു വരുന്നത് എന്ന ഭാവത്തിൽ...
"ദയവു ചെയ്തു നീയെന്നെ ഇന്ന് വെറുതെ വിടണം.. എന്നെ ഉറങ്ങാൻ സമ്മതിക്കണം... എന്നെ ഒന്നും ചെയ്യരുത്... പീസ്‌.. " അത്രയും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഇച്ചായൻ എന്നെ കോക്രി കാട്ടി...
ഒരുനിമിഷം കഴിഞ്ഞപ്പോഴാണ് ലവൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് കത്തിയത്...
"വൃത്തികെട്ടവനെ എന്നും പറഞ്ഞു ലങ്ങോരുടെ മുതുകിലൊരു ഇടിയും കൊടുത്തു ചിരിയോടെ ഞാൻ എണീറ്റപ്പോഴേക്കും എന്റെ കണ്ണും മനസ്സും നിറഞ്ഞിരുന്നു... "
"പോയി ഡ്രസ്സ്‌ മാറി പല്ല് തേച്ചു വാ..എനിക്കുറക്കം വരുന്നു പെണ്ണെ.. " ഒരു കൊച്ചുകുഞ്ഞിനെ പോലെ ഇച്ചായൻ കൊഞ്ചി.
ഫ്രഷ് ആയി വരുമ്പോഴേക്കും ബെഡിൽ ഇട്ടിരുന്ന മുല്ലപ്പൂ തട്ടി താഴെയിടുന്ന ഇച്ചായനെ ഞാൻ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ വീണ്ടും നോക്കി..
"എനിക്കോർമ്മയുണ്ട് പെണ്ണെ നിനക്ക് മുല്ലപ്പൂ മണം അല്ലെർജി ആണെന്ന് " അതും പറഞ്ഞു ബെഡും തട്ടിക്കുടഞ്ഞു ബെഡിന്റെ ഒരുവശത്തായി സ്ഥാനം പിടിച്ച മനുഷ്യനെ ഇതെന്തു സാധനം എന്നമട്ടിലൊന്നു നോക്കിയിട്ട് ഞാനും കിടന്നു... ഒരാഴ്ചത്തെ ക്ഷീണവും, ടെൻഷനും എല്ലാം കൊണ്ട് കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു...
**************
ഓരോന്നോർത്ത് തനിയെയിരുന്നു ചിരിക്കുന്ന എന്നെ കണ്ടുകൊണ്ടാണ് സെബിച്ചൻ കണ്ണു തുറക്കുന്നത്...
"എന്താണ് റോസമ്മേ ഒരു ചിരി ? " കണ്ണു തിരുമ്മി കൊണ്ടായിരുന്നു ചോദ്യം..
"ഒന്നൂല്ലിച്ചായോ... ഇന്നലത്തെ സംഭവങ്ങളൊക്കെ കൂട്ടി വായിക്കുമ്പോൾ നിങ്ങളൊരു " ഗേ " ആണോ എന്ന് എനിക്കൊരു സംശയം..." ഞാനൊന്നു ആക്കി പറഞ്ഞു..
നിന്റെ സംശയം ഇപ്പൊ തീർത്തു തരാടി പുല്ലേ എന്നു പറഞ്ഞെന്റെ കൈയിൽ പിടിച്ചു ഇച്ചൻ വലിച്ചടുപ്പിച്ചപ്പോഴേക്കും ഉറക്കെ കരഞ്ഞു പോയിരുന്നു ഞാൻ... ഒപ്പം ഇട്ടിരുന്ന ഡ്രെസ്സിന്റെ മുകൾ ഭാഗത്തു കൂടെ രക്തവും പടർന്നിരുന്നു.
എന്താ കൊച്ചേ ഇതു പേടിയോടെ ഇച്ചായൻ എണീറ്റിരുന്നു...
അതിച്ഛായാ.... ഇന്നലെ ബ്യൂട്ടീഷ്യൻ പിന്ന് കുത്തിയപ്പൊ ഷോൾഡറില് അമർന്നു പോയി മുറിഞ്ഞിരുന്നു ... പിന്നെ രാവിലെ തൊട്ടു, മന്ത്രകോടിയായും , റിസപ്ഷൻ ഡ്രസ്സ്‌ ആയും ചേഞ്ച്‌ ചെയ്തപ്പോഴൊക്കെ അവിടെ തന്നെ തട്ടിയും താങ്ങിയും അതൊരു നല്ല മുറിവായി . പിന്നെ രാവിലെ നിങ്ങടെ പുന്നാര അനിയത്തി വകയും ഒരു തട്ടവിടെ കിട്ടി...
ഓരോരോ വേഷം കെട്ടല്.. അതും പറഞ്ഞു താഴേക്കു പോയ മൊതല് കൈയിലൊരു ഐസ് ക്യൂബുമായാണ് വന്നത്.. മുറിഞ്ഞു നീരായിടത്ത് ഐസ് വെച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി... ആ തോളിൽ തോൾ ചേർത്തു ഞാൻ അങ്ങനെ ഇരുന്നു..
"താങ്ക്‌സിച്ചായാ ... എന്നെ ഉൾകൊണ്ടതിനു.. " എന്റെ കണ്ണുകൾ നിറഞ്ഞു വന്നു...
ചിരിയോടെ എന്റെ മുടിയിൽ തലോടി കൊണ്ടിച്ചായനും അങ്ങനെയിരുന്നു.
ഇത്രയും പക്വത ഞാൻ പ്രതീക്ഷിച്ചില്ല മനുഷ്യാ... നിങ്ങ ഒരു സംഭവം തന്നെ... ഉള്ളിലുള്ള സന്തോഷം ഞാൻ മറച്ചു വെച്ചില്ല...
"ഓ... എന്തോന്ന് പക്വത. . എന്റെ പെണ്ണിനെയൊന്നു മനസ്സിലാക്കാൻ ശ്രമിച്ചു എന്നതിനപ്പുറത്തേക്കൊന്നും ഞാൻ ചെയ്തിട്ടില്ല...
എന്റെ പല കൂട്ടുകാരും, ആദ്യരാത്രിൽ ഭാര്യയുടെ ശരീരം സ്വന്തമാക്കിയ കഥകൾ വീറോടെ വിളമ്പി ആളാകാറുണ്ട്.. എനിക്കതിലൊന്നും ഒരു കാര്യവും തോന്നിയിട്ടില്ല...
എനിക്ക് നീ പറയാതെ തന്നെ അറിയാമായിരുന്നു രാവിലെ തൊട്ടുള്ള ബ്രൂട്ടിഷ്യൻറെ ആക്രമണവും, നിൽപ്പും, ഫോട്ടോസെഷനും എല്ലാം നിന്നെ തളർത്തിയിരിക്കുമെന്നു.. പോരാത്തതിന് എത്ര പരിചയമുണ്ടെങ്കിലും സ്വന്തം വീട്ടിൽ നിന്നും പുതിയ വീട്ടിലെത്തിയ ടെൻഷനും ... അതിനിടയിൽ നിനക്ക് പൂർണ്ണ സന്തോഷമില്ലാതെ എനിക്ക് കവർന്നെടുക്കാൻ ഉള്ളതല്ലല്ലോ നിന്റെ ശരീരം... അങ്ങനെ ചെയ്തു വീരത്വം തെളിയിക്കാൻ ഇതു മത്സരം ഒന്നുവല്ലല്ലോ... അതിനിനിയും അറിയാനും പറയാനും ഒന്നാകാനും ഒരു ജീവിതം മുഴുവൻ മുൻപിലില്ലേ നമുക്ക് .. എന്നെന്നേക്കും നീയിനി എന്റേതും ഞാൻ നിന്റേതുമല്ലേ... "
ഇച്ചായൻ പറഞ്ഞു തീർന്നപ്പോൾ ഞാൻ എണീറ്റിരുന്നാ നെറുകയിലൊരു മുത്തം കൊടുത്തു...എന്റെ മനസ്സറിഞ്ഞവന്, എന്നെ ഉൾകൊണ്ടവന് എന്റെ മനസ്സ് നിറഞ്ഞുള്ള ആദ്യചുംബനം...
റോസമ്മോ ... താഴെ ഐസ് എടുക്കാൻ ചെന്നപ്പോ... എല്ലാവരുമെന്നെ നോക്കിയൊരു ആക്കി ചിരി... അമ്മായിമാരൊക്കെ ഇക്കിളി കമന്റുകളും...
എന്നിട്ട് എന്തു പറഞ്ഞു നിങ്ങള് ... കുസൃതിയോടെ ഞാൻ ചോദിച്ചു...
ഞാനായിട്ടവരുടെ ധാരണയൊന്നും തിരുത്താൻ പോയില്ല... അവരങ്ങനെ വിചാരിക്കട്ടെന്നു ... ഒരു രസല്ലേ..
രാവിലെ എന്നെയും എല്ലാവരൂടെ വളഞ്ഞിട്ടു ആക്രമിച്ചിരുന്നു.. ഇച്ചായൻ പറഞ്ഞ അതെ കുസൃതി എനിക്കും തോന്നിയത് കൊണ്ട് ഞാനും ഒന്നും തിരുത്താൻ നിന്നില്ലേ... മാത്രല്ല കുറച്ചു നാണം കൈയിന്നിട്ടു രംഗം ഒന്ന് കൊഴുപ്പിച്ചും കൊടുത്തിരുന്നു...
അങ്ങനെ റോസമ്മയും പറഞ്ഞപ്പോൾ റൂമിൽ മുഴങ്ങിയ പൊട്ടിച്ചിരികൾക്കൊപ്പം "പിടിച്ചു വാങ്ങേണ്ടതല്ല പരസ്പരം അറിഞ്ഞു സ്നേഹിച്ചു നല്കേണ്ടതാണ് മനസ്സും ശരീരവും ജീവിതവുമെന്നു കൂടെ ആ ചിരിമുത്തുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.. ഒപ്പം ശരീരമല്ല മനസ്സു കവരുന്നവനാണ് യഥാർത്ഥ പുരുഷൻ എന്നാരോ ... "
രചന : Aswathy Joy Arakkal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot