“ഉയിരേ ..ഉയിരേ .. വന്ത് എന്നോട് കലന്തു വിട് ...”
പ്രിയപ്പെട്ട ലെഹർ ,
തനുവും മനവും ഒരുപോലെ ചുട്ടു പൊള്ളുന്ന ഈ മീനച്ചൂടിലെ നട്ടുച്ച നേരത്തു നിങ്ങളാവശ്യപെട്ട തമിഴ് ചലച്ചിത്രഗാനങ്ങളാണ് റേഡിയോയിൽ മുഴങ്ങുന്നത്. കാതുകൾ കൊട്ടിയടച്ചിട്ടും ആ ഗാനം വീണ്ടും വീണ്ടുമെൻറ് ഹൃദയത്തെ പിടിച്ചുലക്കുന്നു.
“ഉയിരേ ഉയിരേ..”
എന്റെ ലെഹർ , കാറ്റു കുസൃതി കരങ്ങൾ കൊണ്ട് തട്ടി തെറിപ്പിച്ച ചുരുൾ മുടികൾ മാടിയൊതുക്കി എന്റെ വലതു ചെവിയിലാണ് നീ ബാക്കി വരികൾ മൂളിയത് –“ നിനവേ നിനവേ എൻ തൻ നെഞ്ചോട് കലന്തു വിട്..”
വയ്യ ! ഒറ്റക്കീ ഗാനമാസ്വദിക്കാൻ എനിക്ക് സാധിക്കില്ല . ഞാനീ റേഡിയോ നിർത്തട്ടെ..
നീയായിരുന്നു ഇപ്പോൾ ആ ഗാനം പാടിയിരുന്നതെങ്കിൽ വാക്കുകളുടെ അർത്ഥമറിയാതെ ഞാൻ നിന്റെ നെഞ്ചിലേക്ക് ചാഞ്ഞേനെ .. മെല്ലെ നീയെന്റെ മുഖം പിടിച്ചുയർത്തുമ്പോൾ ലജ്ജയോടെ ആ സുന്ദര മുഖം കാണാനായി ഞാൻ കണ്ണുകൾ തുറക്കുമായിരുന്നു. എത്ര കണ്ടാലും മതി വരാത്ത നീല കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ എത്ര ജന്മങ്ങളുടെ സ്നേഹക്കടലിലേക്കാണ് പ്രിയനേ, നീയെന്നെ കൂട്ടികൊണ്ടു പോയിരുന്നത് ?
വിരലുകളിൽ വിരലുകൾ കോർത്ത്, എത്ര പകലുകളാണ് നമ്മൾ ഈ നഗരത്തിൽ അലഞ്ഞു തിരിഞ്ഞത് ? നിന്നോട് വിടപറഞ്ഞു , രാത്രിയിൽ കിടക്കയിൽ തളർന്നു മയങ്ങുമ്പോഴും നിന്റെ പ്രണയം സ്വപ്നമായി വന്നു എന്നെ എന്നും ഉണർത്തിയിരുന്നു.. പ്രേമാതുരയായി ഞാൻ ഉണർന്നിരുന്നു..
ലെഹർ , ഈ വിരഹം താൽക്കാലികമെങ്കിലും താങ്ങാനാവാത്തതാണ്.. നമുക്കിനിയും കൈ കോർത്ത് നടക്കാൻ ഈ നഗരത്തിലിടങ്ങൾ ബാക്കി.. കണ്ണുകളുയർത്തി സ്വപ്നം കാണാൻ നീലാകാശവും ബാക്കി.. നിന്നെ കണ്ടു മതിവരാത്ത, സ്നേഹിച്ചു കൊതി തീരാത്ത ഞാനും ഇവിടെ ബാക്കി..
ഈ പ്രായത്തിലും നമുക്കെങ്ങിനെ പ്രണയിക്കാൻ സാധിക്കുന്നു എന്ന് ഒരിക്കൽ ഞാൻ നിന്നോട് ചോദിച്ചില്ലേ.. അതിനു നീ പറഞ്ഞ മറുപടി -പ്രണയത്തിനു പ്രായമില്ലെന്നല്ലേ.. . അതൊരു സാധാരണ മറുപടിയല്ലേ ലെഹർ ?
നിനക്കെന്നെയും എനിക്ക് നിന്നെയും പ്രണയിച്ചേ കഴിയൂ. കാരണം ജന്മജന്മാന്തരങ്ങളായുള്ള ബന്ധമാണ് നമ്മുടേത് . ഓ.. ഞാൻ മറന്നു. നിനക്ക് പൂർവ്വജന്മങ്ങളിൽ വിശ്വാസമില്ലല്ലോ... വേണ്ട..
അനേകം വർഷങ്ങൾ കഴിഞ്ഞുള്ള സ്വന്തം നാട്ടിലേക്കുള്ള നിന്റെയാത്രയിൽ പിരിയാൻ നേരം നീ എനിക്ക് വാക്ക് നൽകിയിരുന്നു. നിന്റെ നാട്ടിലെ സ്ത്രീകൾ ധരിക്കുന്ന ചുവന്ന നിറത്തിൽ നിറയെ കസവുള്ള പ്രത്യേക സിൽക്ക് നൂലിനാൽ നെയ്തെടുത്ത വസ്ത്രവുമായി ദിവസങ്ങൾക്കുള്ളിൽ എന്റെയടുക്കലേക്കു മടങ്ങി വരുമെന്ന്..
നാളെയാണ് നീ പറഞ്ഞ ആ ദിവസം. നാളെ വിവാഹ വസ്ത്രം കൈ മാറുമ്പോൾ പ്രിയനേ നീ എന്റെ കണ്ണുകളിലേക്കു നോക്കണം... അവിടെ കാണാൻ കഴിയും ,ഈ ചെറിയ വിരഹം പോലും താങ്ങാനാവാതെ എന്റെ കണ്ണുകളിൽ ഉറഞ്ഞു കൂടിയ നീർത്തുള്ളികൾ..
പിന്നെ വിലാസമറിയാത്തതിനാൽ ഓരോ ദിവസവും ഞാൻ നിനക്കായി കുറിച്ച് വെച്ച പ്രണയ ലേഖനങ്ങളും.... വിവാഹ വസ്ത്രങ്ങളുമായി നാളെ നീ വരുമ്പോൾ വിരഹത്തിലുരുകി തീർന്ന എന്റെ സമ്മാനം.
ഈ നിമിഷവും കടന്നു പോവും.. .
പ്രിയപ്പെട്ട ലെഹർ, ഒരിക്കൽ ഞാൻ നിന്നോട് ചോദിച്ചിരുന്നു ഞാനിതു വരെ കേട്ടിട്ടില്ലാത്ത നിന്റെയീ പേരിന്റെ അർഥം . ഇന്നെനിക്ക് ആ അർഥം മനസ്സിലാവുന്നുണ്ട്.- തിരമാലകൾ പോലെ നിന്നോടുള്ള പ്രണയം ഉള്ളിൽ ഉയർന്നു പൊങ്ങുമ്പോൾ ആ ഗാനം ഞാൻ പാടി അവസാനിപ്പിക്കാം..
എന്നത്തേയും പോലെ നിന്റെ കൈകൾ എന്റെ, നെഞ്ചോട് ചേർത്ത് പിടിച്ചു , കണ്ണുകൾ അടച്ചു , ഞാൻ മെല്ലെ മൂളട്ടെ ..
“ഉയിരേ ..ഉയിരേ .. വന്ത് എന്നോട് കലന്തു വിട് ...
നിനവേ നിനവേ എൻ തൻ നെഞ്ചോട് കലന്തു വിട്.. “
എന്ന് നിന്റെ മാത്രം..
കത്തിന്റെ ഒടുവിലെഴുതിയ പേര് വായിക്കാനായി തുടങ്ങുമ്പോഴേക്കും ചുക്കിച്ചുളിഞ്ഞ കൈകളാൽ ആ സ്ത്രീ ഡയറി എന്റെ പക്കൽ നിന്നും ബലമായി പിടിച്ചു വാങ്ങി. വര്ഷങ്ങളുടെ പഴക്കമുള്ള ഡയറിയുടെ കറുത്ത ചട്ട നന്നേ നരച്ചിരുന്നു. വെളുത്ത കടലാസുകൾ മഞ്ഞിച്ചും .
അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയ കത്ത് ഏറെ ബുദ്ധിമുട്ടിയാണ് വായിച്ചു തീർത്തത്. വായിച്ചു കഴിഞ്ഞപ്പോൾ അത്ര മനോഹരമായ പ്രണയം കടലാസ്സിൽ പകർത്തിയ ആളുടെ പേരറിയാനായി ആഗ്രഹം തോന്നി.
പക്ഷെ അപ്പോഴേക്കും...
ഞാനാ സ്ത്രീയെ സൂക്ഷിച്ചു നോക്കി. അറുപത്തഞ്ചു കഴിഞ്ഞ ,മെലിഞ്ഞു വെളുത്ത രൂപം. വൃദ്ധയെന്നു വിളിക്കാൻ എനിക്കെന്തോ മടി തോന്നി. ചുവന്ന കമ്പിളി പുതപ്പു കൊണ്ട് മൂടി പുതച്ച ശിരസിലൂടെ നരച്ച മുടിയിഴകൾ പറന്നു കളിച്ചു. സമയത്തിന് ഭക്ഷണം കഴിക്കാത്തത് കൊണ്ടാവും മുഖത്ത് നല്ല തളർച്ച. അതോ ഋതുഭേദങ്ങറിയാതെ അലഞ്ഞു നടക്കുന്നത് കൊണ്ടോ? ശരീരം മുഴുവൻ മൂടി പൊതിഞ്ഞ കമ്പിളി വസ്തങ്ങൾക്കിടയിലൂടെ വെളിയിൽ കാണുന്ന അല്പ ഭാഗങ്ങൾക്ക് മുഖത്തേക്കാൾ വാർദ്ധക്യം ബാധിച്ചിരിക്കുന്നു. കാലിൽ ധരിച്ചി രുന്ന വള്ളിപൊട്ടിയ ചെരുപ്പ് തുരുമ്പിച്ച സേഫ്റ്റി പിന്നു കൊണ്ട് കൊളുത്തിയിട്ടുണ്ട്.
പുസ്തകം വാങ്ങിയപ്പോൾ പീള കെട്ടിയ അവരുടെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് മായുന്നത് ഞാൻ ശ്രദ്ധിച്ചു. ഇപ്പോഴാ കണ്ണുകളിൽ പ്രതിഫലിക്കുന്ന വികാരം വായിച്ചെടുക്കാനെ കഴിയുന്നില്ല.
ഡയറി വാങ്ങി അത് കമ്പിളി പുതപ്പു കൊണ്ട് മൂടി നെഞ്ചോട് ചേർത്ത് പിടിച്ചു അവർ നടന്നു നീങ്ങി. മുന്നോട്ടു വളഞ്ഞു, വളരെ സാവധാനത്തിലാണവർ നടന്നിരുന്നത്.
എന്നിട്ടും ഒപ്പമെത്താൻ വളരെ ബുദ്ധിമുട്ടി.
" പറയു.. ആരാണ് ലെഹർ ? ആരാണ് ഈ കത്ത് എഴുതിയത് ? നിങ്ങളക്കെങ്ങിനെ ഇതു കിട്ടി " കാറ്റിൽ പറന്നു വന്ന് തോളിലിരുന്ന പച്ചില തട്ടി തെറിപ്പിച്ചു കൊണ്ട് ഞാനവരോട് ചോദിച്ചു.
ഒറ്റ ശ്വാസത്തിൽ ചോദിച്ച എന്റെ ചോദ്യങ്ങളെ തീർത്തും അവഗണിച്ചു അവർ വീണ്ടും മുന്നോട്ടു നീങ്ങി..
"ദയ ..വേഗം വരൂ " എന്റെ കൂട്ടുകാരികൾ അകലെ നിന്ന് തിടുക്കം കൂട്ടി.
അവരോടൊപ്പം പാർക്കിലെ കാഴ്ചകൾ ആസ്വദിച്ചു നടന്നു , ചാരുബെഞ്ചിൽ വിശ്രമിക്കുബോഴായിരുന്നു എന്റെ അടുക്കലേക്കു നരച്ച ഡയറി നീട്ടി അല്പം മുന്നെ ഈ സ്ത്രീ കടന്നു വന്നത്. അത് മുഖത്തോടു ചേർത്ത് പിടിച്ചു, കണ്ണുകള് ഇറുക്കി പിടിച്ചു ഒരു പേജ് തപ്പിയെടുത്തു എന്നോട് വായിക്കാനായി അവർ അപേക്ഷിച്ചു. അവരെ അവഗണിച്ചെഴുന്നേറ്റു കൂട്ടുകാരികൾക്കൊപ്പം നടന്നെങ്കിലും മുഖത്തെ ആ യാചന ഭാവം എന്നെ അവരുടെ അടുക്കലേക്കു തിരിച്ചു നടത്തി .പക്ഷെ അപ്പോൾ കണ്ട ചെറു പുഞ്ചിരിയിൽ പൊതിഞ്ഞ ഭവ്യത ഇപ്പോൾ അവരുടെ മുഖത്തില്ല.
ചോദ്യം കേൾക്കാത്ത മട്ടിൽ അവർ എന്നെ കടന്നു നടന്നു. ഞാൻ വീണ്ടും മുന്നോട്ടു ചെന്നു .
" പറയൂ ..നിങ്ങളാരാണ്.. ഇതെവിടുന്നു കിട്ടി ?"
എന്നെ തട്ടിമാറ്റി അവർ വീണ്ടും നടന്നു തുടങ്ങി. ആ ഡയറി എന്റെ പക്കൽ നിന്നും തിരികെ വാങ്ങിയപ്പോൾ ഞാനവരുടെ കൈകളുടെ ശക്തി അറിഞ്ഞതാണ്..
ഇനി ഒന്നും ചോദിച്ചിട്ടു കാര്യമില്ലെന്നറിഞ്ഞു ഞാൻ മടങ്ങി...
മുന്നോട്ടുള്ള നടപ്പിൽ കത്തിലെ വരികൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു. ലെഹർ തിരിച്ചു വന്നു കാണുമോ ? കത്തെഴുതിയത് ആരായിരുന്നാലും അവരെ വിവാഹം കഴിച്ചു കാണുമോ ? അതോ ചില സിനിമകളിൽ കാണുന്ന പോലെ ചുവന്ന വസ്ത്രവുമായി മടങ്ങി വന്ന അയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചോ ?
ആ സ്ത്രീയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. വെറുതെയിരുന്ന മനസിലേക്ക് ഉത്തരമില്ലാത്ത എത്ര ചോദ്യശരങ്ങളാണ് അവർ തൊടുത്തു വിട്ടത്?
മനോഹരമായ പ്രണയകഥയുടെ അപൂർണ്ണത തന്ന വേദനയുമായി കൂട്ടുകാരോടൊപ്പം ആ പാർക്കിൽ പിന്നെയും കുറെ നേരം കറങ്ങി നടന്നു.
“ദയ.. നിന്റെ മൂഡ് പോയല്ലോ ? ആ കിഴവി എന്തോ കൂടോത്രം ചെയ്തിരിക്കുന്നു “ കൂട്ടുകാർ തടഞ്ഞിട്ടും ഞാനാ പുസ്തകം വാങ്ങി വായിച്ചു കൊടുത്തതിന്റെ പ്രതിഷേധം അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എനിക്കും അവരുടെ വാക്ക് കേൾക്കാത്തതിൽ ദുഃഖം തോന്നി..
വൈകിട്ട് തിരിച്ചു പോകാനായി പാർക്കിന്റെ ഗേറ്റിനരികെത്തിയപ്പോഴാണത് കേട്ടത്-
“ലെഹർ , ഈ വിരഹം താല്കാലികമെങ്കിലും എനിക്ക് താങ്ങാനാവാത്തതാണ്.. നമുക്കിനിയും കൈ കോർത്ത് നടക്കാൻ ഈ നഗരത്തിലിടങ്ങൾ ബാക്കി.. കണ്ണുകളുയർത്തി സ്വപ്നം കാണാൻ നീലാകാശവും ബാക്കി.. നിന്നെ കണ്ടു മതിവരാത്ത, സ്നേഹിച്ചു കൊതി തീരാത്ത ഞാനും ഇവിടെ ബാക്കി..”
ശബ്ധം കേട്ട ദിക്കിലേക്ക് കാലുകൾ യാന്ത്രികമായി ചലിച്ചു. അവിടെ തണൽ മരത്തിന്റെ താഴെയിരുന്നു ഡയറി വായിക്കുന്നത് എനിക്ക് പകരം ഒരു യുവാവായിരുന്നു. അവന്റെ തൊട്ടടുത്ത് ചുവന്ന കമ്പിളി പുതപ്പു കൊണ്ട് ശിരസ്സ് മറച്ചു കൂനി കൂടിയിരിക്കുന്ന അവരും..
കുറച്ചു കൂടെ നടന്നടുത്തപ്പോൾ എനിക്കവരുടെ മുഖം വ്യക്തമായി കാണാൻ സാധിച്ചു. അനേകായിരം ഓർമ്മകളിൽ ഓളം വെട്ടുന്ന മുഖം.
വായന തീർന്നതും അവരെഴുന്നേറ്റു . നേരെ എതിരെ അവരെ തന്നെ കണ്ണിമ വെട്ടാതെ നോക്കിനിന്ന എന്റെ കണ്ണുകളുമായി ഏറ്റു മുട്ടുബോൾ ആ കണ്ണുകളിലെ നീർ തുള്ളികൾ ഞാൻ കണ്ടു, കത്ത് വായിക്കുന്നതിനിടയിൽ ഞാൻ കാണാതെ പോയത്.
എന്നെ അവഗണിച്ചു കൊണ്ട് അവർ വീണ്ടും പാർക്കിനകത്തേക്കു അടുത്തയാളെ തേടി നടന്നു. അവരുടെ പിന്നാലെചോദ്യങ്ങളുമായി ആ യുവാവ് ധൃതിയിൽ പോവുന്നത് കണ്ടു , അയാളുടെ പിന്നാലെ ഞാനും ഓടി. ഒരുപക്ഷെ, എന്നോട് പറയാത്ത കഥകൾ അവർ അയാളോട് പറഞ്ഞാലോ..
ധൃതിയിലുള്ള എന്റെ ഓട്ടം കണ്ടു പാർക്കിലെ കാവൽക്കാരൻ തടഞ്ഞു " വേണ്ട മോളെ. വെറുതെ സമയം പാഴാക്കേണ്ട. അവർനിങ്ങളുടെ ചോദ്യങ്ങൾക്കു ഒരു മറുപടിയും തരില്ല .ദിവസവും ആ ഡയറിയിലെ ഓരോ പേജുകൾ അവർ തിരഞ്ഞെടുക്കും. മുന്നിൽ കാണുന്നവരോടൊക്കെ വായിച്ചു കൊടുക്കാൻ പറയും . നിങ്ങളെ പോലുള്ള ചിലർ ദയ തോന്നി വായിക്കും. ഇന്നത്തെയാണ് അവസാന പേജ്. അതിനു ശേഷം ആ ഡയറിയുള്ള പേജുകളിൽ എന്താണെന്നു ആർക്കും അറിയില്ല. ഒരു പക്ഷെ അവർക്കും.. "
അയാൾ പറഞ്ഞു നിർത്തിയപ്പോൾഞാൻ ദൂരേക്ക് നോക്കി... അപ്പോഴേക്കും പ്രണയവർണ്ണങ്ങളുടെ സൂക്ഷിപ്പുകാരി കണ്ണിൽ നിന്നും മറഞ്ഞിരുന്നു.
ഒറ്റ നിമിഷത്തെ നോട്ടത്തിൽ അവർ സമ്മാനിച്ച തിളങ്ങുന്ന കണ്ണീർ മുത്തുകളുമായി പാർക്കിനു വെളിയിലേക്കു ഞാനും നടന്നു...
( സാനി മേരി ജോൺ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക