Slider

"ഉപ്പു പുരാണം"

0
Image may contain: 1 person, phone
നർമ്മ ഭാവന :
*******************************
ഒരു കഥ എഴുതാൻ പേനയും കടലാസ്സും എടുത്തു മുന്നിൽ വച്ചപ്പോൾ കൊടുംകാറ്റ് പോലെ ഭാര്യ മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ട് ഒരു ചോദ്യം: ''
തുടങ്ങിയോ.. എഴുത്തുപണി.. ഓരോ എഴുത്തുകാര് എഴുതി പണം ഇങ്ങോട്ടു കൊണ്ടുവരുന്നു.. നിങ്ങളോ ചുമ്മാതെ എഴുതി കൊടുക്കുന്നു. ഈ മുടിഞ്ഞ പണി ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ?
ഞാനെഴുതുന്ന സാഹിത്യം കാശിനു
വേണ്ടിയല്ലെന്നു മറുപടി കൊടുത്തിട്ട് ഞാൻ സോക്രടീസിനെ പോലെ ഇരുന്നു.
പിന്നെയും എന്തൊക്കെയോ ഭാര്യയോട് പറയണമെന്ന് തോന്നിയെങ്കിലും അക്ഷരം മിണ്ടിയില്ല. അങ്ങനെ സംഭവിച്ചാൽ അവസാനം കലഹത്തിൽ ചെന്ന് ചാടേണ്ടിവരും. അത് മാത്രമല്ല. "കലഹപ്രിയയായ ഭാര്യയോടൊത്തു കഴിയുന്നതിലും ഭേദം തട്ടിൻപുറത്തു കയറി ഇരിക്കുന്നതായിരിക്കും ഭേദം" എന്ന ബൈബിൾ വാക്യം ഓർത്തു ഞാൻ മൗനം പൂണ്ടു.
എന്നിട്ടും ഭാര്യ ഓരോ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു..
"വിവേകമില്ലാത്ത സ്ത്രീ പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തി പോലെ"
എന്ന ബൈബിൾ വാക്യവും ആരോ എന്നിലേക്കെറിഞ്ഞു തന്നു,.
"വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല".. എങ്കിലും അല്പം കഴിഞ്ഞപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു: ചുമ്മാ നിന്ന് ഇങ്ങനെ തുള്ളാതെ കാര്യം തുറന്നു പറ.
ഞാൻ നിന്നു തുള്ളുകാ.. ഇന്ന് ഞാൻ നൂറു വട്ടം പറഞ്ഞു അടുക്കളയിൽ ഒരു സാധനമില്ല. എല്ലാം തീർന്നു പോയി. ഒരു ലിസ്റ്റ് എഴുതി ആ ഓജേടെ കടയിൽ കൊണ്ടു കൊടുക്കാൻ.
ലിസ്റ്റ് എഴുതിയിട്ട് ഇനി കഥ എഴുതിയാൽ മതി എന്ന് പറഞ്ഞുകൊണ്ട് കഥയെ പ്രസവിക്കാൻ കൊണ്ടുവന്ന ആ കടലാസ്സു ചുരുട്ടിക്കൂട്ടി ഭാര്യ എന്റെ മോന്തയിലേക്കൊരു ഏറ്!
ഞാൻ നിത്യ സംഭവങ്ങൾ എഴുതുന്ന ഡയറിയിൽ നിന്നും ഒരു പേജ് വലിച്ചു കീറിയെടുത്തു ഭാര്യ പപ്പടം കാച്ചുന്ന രീതിയിൽ ആ കടലാസ് എന്റെ മുന്നിലേക്കിട്ടു. അത് തിരിച്ചും മറിച്ചും ഞാനൊന്നു നോക്കിയിട്ടു സാധനങ്ങളുടെ ലിസ്റ്റ് എഴുതാൻ തുടങ്ങി...
ഒന്ന്.. ഉപ്പു പാക്കറ്റ് ഒരു കിലോ.
രണ്ട്.. എഴുതാൻ നേരം..
എന്റെ കയ്യിൽ നിന്നും പേന പിടിച്ചു വാങ്ങി ഒറ്റ ഏറ്.
എന്നിട്ടു അലറി:
അടുക്കളയിൽ അരിയില്ല.. എണ്ണയില്ല, ഗോതമ്പില്ല പഞ്ചാരയില്ല.. കാപ്പിപ്പൊടിയില്ല.. ഒന്നുമില്ല.
തുടക്കത്തിലേ ഉപ്പു ഒരു കിലോ എഴുതി വച്ചിരിക്കുന്നു. ഒരു കിലോ എന്തിനാ ഒരു ചാക്ക് എഴുതൂ . അല്ല പിന്നെ..
ഞാൻ പറഞ്ഞു: ചന്ദ്രീ... ഒരു വീട്ടിൽ ഉപ്പാണ് പ്രധാനം. ഉപ്പില്ലാത്ത വീടെന്നു ആരെങ്കിലും അറിഞ്ഞാൽ.......
എന്താണ് ഉപ്പിനു ഇത്ര പ്രാധാന്യം.. ചന്ദ്രീ എന്നെ കളിയാക്കുന്ന മട്ടിലൊരു ചോദ്യം.
ചിലപ്പോൾ നീ തന്നെ പറഞ്ഞിട്ടില്ലേ.. "ഉപ്പു മുതൽ കർപ്പൂരം വരെ" വാങ്ങണം എന്ന്.
പിന്നെയൊരിക്കൽ നീ പറഞ്ഞില്ലേ.. നമ്മുടെ അയൽവാസി ആ ലംബോധരൻ "കൈ അറുത്താലും ഉപ്പു തേയ്ക്കാത്തവനാണെന്ന്"
പിന്നെ എന്തോ ഒരു കഥ പറഞ്ഞപ്പോൾ നീ തന്നെയല്ലേ ഇങ്ങനെ പറഞ്ഞത്: "ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കുമെന്ന്"!
പിന്നെ വേറെ ഒരവസരത്തിൽ മമ ഭാര്യ പറഞ്ഞു: "അറിഞ്ഞുകൊണ്ടാരെങ്കിലും ഉപ്പു തിന്നുമോ" എന്ന്..
പിന്നെ ഒരു സന്ദർഭത്തിൽ ചന്ദ്രീ എടുത്തു കാച്ചി: "ഉപ്പോളം ബി\വരുമോ ഉപ്പിലിട്ടത്"
ഒരിക്കൽ എന്റെ ഭാര്യ അയൽവീട്ടിലെ ഭാനുമതിയുമായി വഴക്കടിച്ചു വന്നു എന്നോട് പറഞ്ഞു: ചേട്ടാ. നമുക്കാ "ഉപ്പിന്റെപോലും വിലയില്ലാത്തവളുമായി ഇനി ഒരു കൂട്ടും വേണ്ടാ.."
" സദ്യയിൽ ആദ്യം വിളമ്പുന്നതും ഉപ്പു തന്നെ" എന്ന് ചന്ദ്രിയുടെ വായിൽ നിന്നും വന്നതും ഓർക്കുന്നു.
ഒരു ദിവസം ചന്ദ്രി ചില കടംകഥകൾ പറഞ്ഞിട്ടു അതിന്റെ ഉത്തരം പറയാൻ എന്നോട് ആഹ്വാനം ചെയ്തു..
"കുത്തിയിട്ടാൽ മുളയ്ക്കില്ല.. വേലിയിൽ പടരില്ല"...
ഞാൻ പറഞ്ഞു: ഉപ്പ്..
"കൂട്ടിത്തിന്നാൻ ഒന്നാന്തരം.. ഒറ്റയ്ക്കായാൽ ആർക്കും വേണ്ട" ...
"ഉപ്പ്"
ഇങ്ങനെ ഉപ്പിന്റെ മഹത്വത്തെപ്പറ്റി പറയുന്ന എന്റെ ഭാര്യ ഇപ്പോൾ ലിസ്റ്റിൽ ആദ്യം ഉപ്പെന്നെഴുതിയതുകണ്ടു കിടന്നു ചാടിയപ്പോൾ എനിക്ക് വല്ലാത്ത അരിശം വന്നു.
ചിലപ്പോഴൊക്കെ ചന്ദ്രിക്കു എന്നെ കൊച്ചാക്കുന്നതിൽ വലിയ ഇഷ്ടമായിരിക്കും... അതുകൊണ്ടു തന്നെ അവൾ എന്നോട് ചോദിക്കുന്നു:
നിങ്ങൾ ബൈബിൾ അരിച്ചു പെറുക്കി വായിക്കുന്നത് കാണാമല്ലോ.
അതിൽ ഉപ്പിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ ?
എന്തായാലും ചോദിച്ച സ്ഥിതിക്ക് അങ്ങ് പറഞ്ഞേക്കാം:
ബൈബിളിൽ പല ഭാഗത്തും ഉപ്പിനെക്കുറിച്ചു പറയുന്നുണ്ട്..
"ഉപ്പ് ചേർക്കാതെ എന്തെങ്കിലും ഭക്ഷിക്കാൻ കഴിയുമോ' എന്ന് ജോബിൽ പറയുന്നുണ്ട് (ജോബ്: 6 :6 ).
ധാന്യബലിക്കും (ലേവ്യ. 2 :13),
ദഹന ബലിക്കും (എസെ. 43 24 )
ദേവാലയത്തിൽ സൂക്ഷിക്കുന്നതിനായിട്ടും (എമ്പ്രാ. 6 : 9 ) ഉപ്പ് ഉപയോഗിച്ചിരുന്നു.
ഉടമ്പടികൾ നടത്തുമ്പോൾ ഇരുഭാഗക്കാരും ഉപ്പ് ചേർത്ത ഭക്ഷണം കഴിച്ചു
ഉടമ്പടിക്ക് ഉറപ്പു നൽകിയിരുന്നു. (സംഖ്യ 18 : 19 , ലേവ്യ 2 . 13 , 2 ദിന .
13 : 5 )
പിറന്നു വീണ പൈതലിന് ഉപ്പ് തേച്ചു തിരുമ്മാറുണ്ടായിരുന്നു.
നല്ല ഉപ്പിനു ഔഷധ വീര്യവും വസ്തുക്കൾ കേടില്ലാതെ സൂക്ഷിക്കുന്നതിനുള്ള ശക്തിയും ഉണ്ടെന്നു ബൈബിളിൽ പരാമർശമുണ്ട്.
"നിങ്ങൾ ലോകത്തിന്റെ ഉപ്പാകുന്നു" എന്ന് ക്രിസ്തു ദേവൻ പറയുന്നുണ്ട്. ഉപ്പ് ഉറകെട്ടു പോയാൽ അതിനെ എങ്ങനെ വീണ്ടും ഉറ കൂട്ടും?
പുറത്തേക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപ്പെടുവാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല.. (മത്തായി 5 : 13 ).
എല്ലാവരും അഗ്നിയാകുന്ന ഉപ്പിനാൽ ഉറകൂട്ടപ്പെടും. നിങ്ങളിൽ ഉപ്പുണ്ടായിരിക്കട്ടെ. സമാധാനത്തിൽ വർത്തിക്കുകയും ചെയ്യുവിൻ. (മാർക്കോ.9 :49 - 50).
"ഉപ്പ് നല്ലതു തന്നെ, എന്നാൽ ഉറ കെട്ടു പോയാൽ അതിനെ എങ്ങനെ ഉറ കൂട്ടും? മണ്ണിനോ വളത്തിനോ അതുപകരിക്കില്ല. ആളുകൾ അത് പുറത്തെറിഞ്ഞു കളയുന്നു. കേൾക്കുവാൻ ചെവിയുള്ളവർ കേൾക്കട്ടെ. (ലൂക്ക. 14 . 34 - 35 ).
ലവണത്വം നഷ്ടപ്പെട്ട ഉപ്പിനു മൂല്യമില്ലെന്നും പ്രത്യേകം പറയുന്നുണ്ട്. ജിപ്സം എന്ന ധാതുവിനോട് ചേർന്നതും ലവണ ഗുണം ഇല്ലാത്തതുമായ
ഉപ്പ് പാലസ്തീനയിൽ സാധാരണം ആയിരുന്നു. അതാണ് അത്തരം ഒരു ഉപമ പറയാൻ ക്രിസ്തുവിനെ പ്രേരിപ്പിച്ചത്. (സെഫ. 2 :9 , എസക്കി 47 :11 ).
എല്ലാവരും അഗ്നിയിൽ ഉറ കൂട്ടപ്പെടും എന്ന് യേശു പറയുന്നതിൽ നിന്നും
ദൈവീകമായ ന്യായവിധിയെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ സജീവമായ ഒരു ചിത്രീകരണമാണ് ലോത്തിന്റെ ഭാര്യ ഉപ്പ് തൂണായിപ്പോയ കഥയിൽ നിഴലിക്കുന്നത്. (ഉൽപ . 19 : 26 ).
ഇതിൽ നിന്നെല്ലാം ഉപ്പ് ജീവിതത്തിലെ ഒരു പ്രധാന ഘടകമാണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ ഭാര്യ വീണ്ടും
ചോദിക്കുന്നു.
ഉപ്പിനെക്കുറിച്ചു ഭഗവദ് ഗീതയിൽ പറയുന്നുണ്ടോ?
ഉണ്ടല്ലോ.. എന്നിട്ടു ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു:
" അധികമായ ഉപ്പ് , എരിവ്, പുളി, ചൂട്, തീഷ്ണത ഇവ ചേർന്നവയും
നെയ്യ് തീരെ ഇല്ലാത്തവയും പുളിച്ചു തികട്ടൽ ഉണ്ടാക്കുന്നവയുമായ ആഹാരസാധനങ്ങൾ രജസ്സ്‌ ശ്രദ്ധയുള്ളവർക്കു പ്രിയമുള്ളതാകുന്നു.
(ഭ.ഗീത 17 : 9 ). ഇതിൽ നിന്നും അധികം ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യമെന്നും പാകത്തിനുള്ള ഉപ്പ് ശരീരത്തിന് വളരെ ഗുണം ചെയ്യുമെന്നുമാണ് ഗീതയിൽ പറയുന്നത്.
അവസാനമായി ഭാര്യയുടെ ഒരു ചോദ്യം:
ഉപ്പുകൾ എത്ര തരമുണ്ട്..ഒന്ന് പറ.....
അതിനും ഉത്തരം ടക്ക് ടക്കെന്ന് ഞാൻ കാച്ചിക്കൊടുത്തു:
ഇന്തുപ്പ്, കല്ലുപ്പ്, കാരുപ്പ്, ഓരുപ്പ്, കടലുപ്പ്, വിളയുപ്പ്, തുവർച്ചിലയുപ്പ്
...
തോറ്റിട്ടും തോറ്റില്ല എന്ന ഗമയിൽ ഭാര്യ അടുക്കളയിലേക്കു വലിഞ്ഞപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു:
ഒരു ഗ്ലാസ്സ് ചൂട് കഞ്ഞിവെള്ളം വേണം... കുടിക്കാൻ,,
അടുക്കളയിൽ നിന്നും അതിന്റെ മറുപടി പ്രതിധ്വനിച്ചു:
"കഞ്ഞിവെള്ളത്തിൽ ഇടാൻ ഉപ്പ് ലേശം പോലും ഇല്ലല്ലോ."....!
"ഉപ്പില്ലാത്ത ഭവനം നരകത്തിന് തുല്യം" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പേനയും കടലാസ്സും എടുത്തു വിളിച്ചു കൂവി..
വാ... ലിസ്റ്റ് എഴുതാം.. വാ ...
**********
ഈ നർമ്മ ഭാവന പ്രസിദ്ധീകരിച്ചത്
പ്രവാസിശബ്ദം, പൂനെ, 15 ജനുവരി 2002
******
എം. എം.ഡി.
13/10/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo