നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണവീട്ടിലെ പൊട്ടിച്ചിരികൾ


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" എങ്ങോട്ടാ പാപ്പുട്ടിയേട്ടാ രാവിലെ തന്നെ തിരക്കിട്ട് !? "
രാവിലെ ജ്യോതിഷ് പല്ലുതേപ്പ് കഴിഞ്ഞു കുലുക്കുഴിഞ്ഞു തുപ്പുമ്പോഴാണ് ഇടവഴിയിലൂടെ പപ്പുക്കുട്ടൻ എന്ന പാപ്പുട്ടി തിരക്കിട്ട് പോകുന്നത് കണ്ടത്. ആ തിടുക്കം കണ്ടാണ് ജ്യോതിഷ് വിളിച്ചു ചോദിച്ചതും.
" ആ... നീയറിഞ്ഞില്ലേ ജോക്കുട്ടാ... നമ്മുടെ തൊപ്ലിക്കാട്ടിലെ അവറാൻ ചേട്ടൻ മരിച്ചൂന്ന്. "
" ഏത്... നമ്മുടെ കിഴക്കേ പള്ളിയുടെ അടുത്ത് പുതുതായി വന്ന കൂട്ടരുടെ അവിടുത്തെയോ ? അതിന് നിങ്ങൾക്ക് ഇത്ര തിടുക്കം എന്തിനാ ? അവർക്ക് ഈ നാടുമായി അത്ര അടുപ്പമൊന്നുമില്ലല്ലോ ? നിങ്ങള് തമ്മിലും അത്ര അടുപ്പമില്ല ? അടക്കിന്റെ നേരമാകുമ്പോഴേക്കും അങ്ങെത്തിയാൽ പോരേ ? "
" ഏയ്... അതൊന്നും ശരിയാവില്ല. നേരത്തെ തന്നെ അങ്ങെത്തണം. " പറഞ്ഞതും പാപ്പുട്ടി മുന്നോട്ട് നടന്നതും ഒരുമിച്ചായിരുന്നു.
" ഹാ... നിക്കെന്ന്... എന്നാ ഞാനും വരുന്നു. ഒറ്റമിനിറ്റ് ഷർട്ട് ഒന്നിട്ടോട്ടെ "
ജ്യോതിഷ് ഒറ്റ ചാട്ടത്തിന് വരാന്തയിലെ അയയിൽ കിടന്നിരുന്ന ഷർട്ട് എടുത്ത് കുടഞ്ഞു ധരിച്ചു. മുറ്റത്തെ അയയിൽ കിടന്ന തോർത്തെടുത്ത് അരയിലും ചുറ്റിക്കെട്ടി. വരുന്ന വഴിക്ക് പുഴയിറങ്ങി കുളിച്ചിട്ടു വരാം എന്ന ചിന്ത കൊണ്ടായിരുന്നു അത്. എല്ലാംകൂടി ഒരഞ്ചുമിനിറ്റ് ആണെടുത്തതെങ്കിലും വേലി കടന്ന് വഴിയിലേക്കിറങ്ങിയപ്പോഴേക്കും പാപ്പുട്ടി മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.
" ഓയ്... പാപ്പുട്ടിച്ചേട്ടോ.... നിക്കെന്നെ..." എന്നിട്ടും ഓടി അയാളുടെ അടുത്തെത്തിയപ്പോഴേക്കും അവൻ ചെറുതായി ഒന്ന് കിതച്ചിരുന്നു.
" ശ്ശെടാ... ഇങ്ങടെ തിടുക്കം കണ്ടാൽ മരിച്ചത് ഇങ്ങളാണ്. അവിടെത്തിയിട്ടു വേണം മൂക്കിൽ പഞ്ഞി വെച്ചു കിടക്കാൻ എന്ന് തോന്നുമല്ലോ !? ഈ വയസ്സാം കാലത്ത് ഇത്രേം വേഗത്തിൽ നടന്നാൽ ചിലപ്പോ അവറാൻ ചേട്ടന്റെ കൂടെ മിണ്ടിയും പറഞ്ഞും മുകളിലേക്ക് പോകേണ്ടി വരും പറഞ്ഞേക്കാം " പാപ്പുട്ടിയെ കളിയാക്കി സംസാരിച്ചു ജ്യോതിഷ് ചിരിച്ചെങ്കിലും പാപ്പുട്ടി ചിരിച്ചില്ല. ചെറുതായി ഒന്ന് ചമ്മിയ ജ്യോതിഷ് കണ്ടത് ഗൗരവം നിറഞ്ഞ പാപ്പുട്ടിയുടെ മുഖമാണ്.
" അല്ല പാപ്പുട്ടിയേട്ടാ... ഇതെന്നാ പറ്റി ? ഈ തിടുക്കവും ഗൗരവവും... എന്തോ എവിടെയോ കുഴപ്പമുണ്ടല്ലോ ? ഇനി നിങ്ങൾ തമ്മിൽ അത്രയും അടുപ്പമുണ്ടോ ? "
" അതൊന്നുമല്ലെടാ.... ഇപ്പോതന്നെ നേരം വൈകി... നീ വേഗം നടന്നേ... സംസാരമൊക്കെ പിന്നെ. "
അതുകേട്ട് ജ്യോതിഷ് ശരിക്കും അമ്പരന്നുപോയി. അവൻ സംശയത്തോടെ ഒന്ന് നിന്നു. വയസ്സായവർക്ക് ബുദ്ധിക്ക് ചെറിയ തകരാർ സംഭവിക്കുമെന്ന് അവൻ കേട്ടിട്ടുണ്ട്. ഇനി അങ്ങിനെ വല്ലതും ...!?
" നേരം വൈകിയെന്നോ !? എന്താ ചേട്ടൻ ഉദ്ദേശിക്കുന്നത് !? എനിക്കൊന്നും മനസ്സിലാവുന്നില്ല. ചേട്ടൻ അവിടെ നിന്നേ ? കാര്യം പറഞ്ഞിട്ട് പോയാൽ മതി. " അവൻ പാപ്പുട്ടിയുടെ മുമ്പിൽ കയറി നിന്ന് വഴിതടഞ്ഞു കൊണ്ട് പറഞ്ഞു. പാപ്പുട്ടി ഒന്ന് പരുങ്ങി. ഒരു ഇളിഭ്യത ആ മുഖത്ത് കാണാമായിരുന്നു.
" ഞാൻ പറയാം... പക്ഷേ... നീയെന്നെ കളിയാക്കരുത് "
" ഇല്ല...ഇല്ല... പറഞ്ഞോ "
" അത്... എനിക്കീ മരണ വീട്ടിലെ കരച്ചിൽ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. "
" ങ്ങേ....!!!??? " ജ്യോതിഷ് അറിയാതെ വാപൊളിച്ചുപോയി. സംശയത്തോടെ അവൻ രണ്ടുചുവട് പുറകോട്ട് വെച്ചു.
" സത്യത്തിൽ നിങ്ങൾക്ക് വട്ടാണോ !?? " അവൻ അയാളെ അടിമുടി നോക്കിക്കൊണ്ടാണ് ചോദിച്ചത്.
" നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല. ആരെങ്കിലും മരിച്ചു കിടക്കുമ്പോൾ എണ്ണിപ്പെറുക്കി ചിലർ കരയില്ലേ...? ആ സംസാരകരച്ചിൽ ആണ് ഇഷ്ടമാണെന്ന് പറഞ്ഞത്. "
" അതിലെന്താണിത്ര രസം !? "
" അത് നീ ശ്രദ്ധിയ്ക്കാത്തത് കൊണ്ടാണ്. ചിലർ കരയുന്നത് പാട്ട് പാടുന്നത് പോലെയാണ്. ദേ ഇങ്ങനെ...
' ഇന്നലെ രാത്രീ....ത്രീ...ത്രീ....
അങ്ങോട്ട് പോവുമ്പോ....മ്പോ...മ്പോ...
ഇങ്ങോട്ട് വരാൻ....ൻ....ൻ....
വെള്ളം തരാൻ വിളിച്ചതല്ലേ....ല്ലേ...ല്ലേ...
ഞാനല്ലേ വെള്ളം തന്നത്....ത്...ത്...'
വേറെ ചിലർ ആവട്ടെ ട്യൂൺ ഒന്ന് മാറ്റിപ്പിടിക്കും. ദേ ഇങ്ങനെ
' അയ്യോ....അയ്യോ....
ഇന്നലെ
രാത്രീം കൂടീ കാലു വേദനിക്കൂന്നു പറഞ്ഞപ്പോ ഞാനല്ലേ......
ഞാനല്ലേ തിരുമ്മിതന്നത്....തന്നത്....തന്നത്..... അയ്യോ....അയ്യോ....
എന്നിട്ടുമെന്നെയിട്ടേച്ചുപോയല്ലോ.... അയ്യോ...അമ്മോ....അയ്യോ....
എനിക്കിനിയാരുണ്ട്‌....
എനിക്കിനിയാരുണ്ട്...
കൊണ്ടോ.....കൊണ്ടോ....
എന്നേം കൂടി കൊണ്ടോ.....
അയ്യോ....അയ്യോ.....'
പോരാത്തതിന് നെഞ്ചത്തടിയും പട്ടി മോങ്ങുന്നത് പോലുള്ള നിലവിളിയും. നീ ശ്രദ്ധിച്ചിട്ടുണ്ടോ ഇതൊക്കെ ? "
പാപ്പുട്ടിച്ചേട്ടന്റെ വിവരണം കേട്ട് ജ്യോതിഷ് ഒന്ന് ചിന്തിച്ചു നോക്കി. ശരിയാണ് അവനും അതൊക്കെ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതിൽ ഇത്ര രസം പിടിക്കാനും മാത്രം എന്താണെന്ന് അവന് മനസ്സിലായില്ല. അവന് പാപ്പുട്ടിച്ചേട്ടനിൽ ചെറിയ സംശയം തോന്നി. അയാൾക്ക് മാനസികമായി എന്തോ കുഴപ്പമുണ്ടെന്നു തന്നെ അവനു തോന്നി. ഒപ്പം പോരേണ്ടിയിരുന്നില്ല എന്നുകൂടി തോന്നിപ്പോയി.
" അത് അവരുടെ സങ്കടം കൊണ്ട് കരയുന്നതല്ലേ ? അതിലെന്താണ് ഇത്രമാത്രം രസം പിടിക്കാൻ ? മറ്റുള്ളവരുടെ സങ്കടം കണ്ട് രസിക്കാനും മാത്രം ഇത്ര ക്രൂരനാണോ നിങ്ങൾ !? അതോ ശരിക്കും നിങ്ങൾക്ക് വട്ടാണോ ? "
" ഹ ഹ ഹ ഹ ഹ " തിരക്കിട്ട് നടന്നുകൊണ്ടിരുന്ന പാപ്പുട്ടി പെട്ടെന്നാണ് നിന്ന് പൊട്ടിച്ചിരിച്ചത്. അപ്രതീക്ഷിതമായ ആ പ്രതികരണം കണ്ട് ജ്യോതിഷ് പിന്നിലേക്ക് മാറി. തിരിഞ്ഞോടിയാലോ എന്നുവരെ അവൻ ചിന്തിച്ചുപോയി.
" സങ്കടം..... ഹ ഹ ഹ, ഡാ പൊട്ടാ... ആളുകൾക്ക് പ്രായമാവുമ്പോൾ തൊട്ട് ഇവരൊക്കെ മരിക്കുന്നത് വരെ ഞാൻ നിരീക്ഷിക്കാറുണ്ട്. അത്ര വലിയ പരിഗണന ഒന്നും കിട്ടുന്നൊന്നുമില്ല. പലയിടത്തും വയ്യാതായ പട്ടിയോട് പെരുമാറുന്നത് പോലെയാണ് ഇവരോടുള്ള പെരുമാറ്റം. ചീത്തവിളിയും പ്രാകലും വേറെ. പിന്നെ മരിക്കുമ്പോ കാണിക്കുന്ന ഈ നിലവിളിയും നാടകവും... അത് നാട്ടുകാരെ കാണിക്കാൻ വേണ്ടിയുള്ളതാണ്. നീ ശ്രദ്ധിച്ചിട്ടുണ്ടോ ആരെങ്കിലും മരിച്ചയാളുടെ ശരീരം കാണാൻ വരുമ്പോഴും തിരക്ക് കൂടുമ്പോഴുമാണ് ഈ നിലവിളികൾ ഉയരുക. അല്ലാത്തപ്പോൾ വെറുതെ നോക്കിയിരിക്കുന്നത് കാണാം. ഇപ്പൊ തന്നെ നമ്മൾ ഈ കാണാൻ പോകുന്ന പുള്ളി കിടപ്പിലായിട്ടു കുറെയായി. അവിടുള്ളവർ അയാളെ ശപിക്കുന്നതും ചീത്തവിളിക്കുന്നതും ഞാൻ കേട്ടിട്ടുള്ളതാണ്. ഇപ്പൊ അവിടെ ചെല്ലുമ്പോൾ നീ നോക്കിക്കോ അഭിനയം. "
" ശരിയായിരിക്കും പക്ഷേ അത് കാണുമ്പോൾ എന്താണ് രസം എന്നാണ് എനിക്ക്......" ജ്യോതിഷിന് സംശയം മാറിയില്ല.
" അത് വേറൊന്നുമല്ലെടാ.... ഓരോ മരണവീട്ടിൽ ചെല്ലുമ്പോഴും ആ മരിച്ചു കിടക്കുന്നത് ഞാനാണെന്നാണ് ഞാൻ സങ്കല്പിക്കുന്നത്. ചുറ്റും കൂടിയിരുന്നു കരയുന്നത് എന്റെ മക്കളും മരുമക്കളും... ഇപ്പോതന്നെ വീട്ടിൽ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതുപോലൊക്കെ തന്നെയായിരിക്കും അവരും അഭിനയിക്കുക. അതൊന്നും കാണാൻ എനിക്കാവില്ലല്ലോ. അതുകൊണ്ട് ഈ അഭിനയങ്ങൾ കണ്ട് സംതൃപ്തിയടയുന്നു. അത്രയേ ഉള്ളൂ. പിന്നെ ചെറുപ്പക്കാർ മരിക്കുന്നിടത്ത് ഞാൻ പോവാറില്ലാട്ടോ... അവിടെ ഈ അഭിനയം ഉണ്ടാവാറില്ല. "
പാപ്പുട്ടി പറഞ്ഞു തീർന്നതും ആ മരണവീടിന്റെ മുമ്പിലെത്തിയിരുന്നു. അകത്തുനിന്ന് ' അയ്യോ ഞങ്ങളെ ഇട്ടേച്ചുപോയോ ഞങ്ങൾക്കിനിയാരുണ്ട്...' എന്ന നിലവിളിയും നെഞ്ചത്തടിയും കേൾക്കുന്നുണ്ടായിരുന്നു. പാപ്പുട്ടി തിരിഞ്ഞു ജ്യോതിഷിനെ നോക്കി ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.
" നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതാ വേഗം നടക്ക് നേരം വൈകുമെന്ന്.... ദേ കേട്ടില്ലേ... തുടങ്ങി. തുടങ്ങിയിട്ട് ഒത്തിരി നേരമായോ ആവോ ? "
അതുംപറഞ്ഞു വേഗത്തിൽ അകത്തേക്ക് നടക്കുന്ന ആ മനുഷ്യനെ നോക്കി ജ്യോതിഷ് തറഞ്ഞുനിന്നു. അവന്റെയുള്ളിൽ അപ്പോൾ തോന്നിയത് ഒരുതരം നൊമ്പരമായിരുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot