നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റ മകൾ

Image may contain: 1 person, smiling, beard
. -------****------
ഒരു ആൺസുഹൃത്തിനോടൊപ്പം ബൈക്കിൽ പോവുന്നത് ഇക്കാലത്ത് അത്ര വലിയ സംഭവമൊന്നുമല്ലല്ലോ എന്ന് സ്വയം ധൈര്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അപർണയുടെ നെഞ്ചിടിപ്പു കൂടിക്കൂടി വന്നു. ഇഷ്ടപ്പെടാത്ത ഭാവത്തിൽ സദാചാരക്കണ്ണുകളോടെ ആരൊക്കെയോ നോക്കുന്നുണ്ട്. അപ്പോൾ പിന്നെ പരിചയമുള്ള ആരെങ്കിലും കണ്ടാലോ ?
''നീ പേടിക്കാതിരിക്ക് പെണ്ണേ.. നമ്മളൊളിച്ചോടുകയൊന്നുമല്ലല്ലോ.?"
ബൈക്കിന്റെ കണ്ണാടിയിലൂടെ അപർണയെ നോക്കി ആദിയങ്ങിനെ പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു. പ്ളസ് വൺ മുതൽ അറിയാവുന്നതാണ് ആദിയെ. ഇപ്പോൾ ഡിഗ്രി ഫൈനലിയർ ആയി. ഇതിനിടയിലെന്നോ ഒരു കൂട്ടുകെട്ടിൽ നിന്ന് എന്തോ മറ്റൊരു പ്രത്യേക ഇഷ്ടത്തിലേക്ക് അവർ മാറിയിരുന്നു. എങ്കിലുമൊരിക്കൽ പോലും ഇങ്ങിനെയൊരു ബൈക്ക് യാത്രയോ, മറ്റെന്തെങ്കിലുമോ ഉണ്ടായിട്ടില്ലാ. ഇന്നിപ്പോ കോളേജിൽ സമരം പ്രഖ്യാപിച്ചപ്പോൾ കൂട്ടുകാരിലാരുടേയോ തലയിലുദിച്ച ഐഡിയ ആണ് ബീച്ച് വരെ പോയി, അവിടെയിരുന്ന് പൊതിച്ചോറൊക്കെ കഴിച്ച് തിരിച്ച് പോകാമെന്ന്. സൈറാ.. രോഷ്നി.. അരുൺ.. അങ്ങിനെ അഞ്ചാറു പേരുണ്ട്. മൂന്ന് ബൈക്കുകളിലായി അവർ കുറച്ച് മുമ്പേ പോയി. ആദിയോടൊപ്പം പോകാൻ മടിച്ചുമടിച്ച് തങ്ങൾ മാത്രം ലേറ്റ് ആയി. ബീച്ചിലേക്കിനി അധികം ദൂരമൊന്നുമില്ല. ബാക്കിയുയുള്ളവരൊക്കെ മിക്കവാറുമിപ്പോൾ അവിടെത്തിക്കാണും.
റോഡ് മോശമാണെങ്കിലും ആദി ബൈക്കിന്റെ സ്പീഡ് കൂട്ടി. ഡാ.. സൂക്ഷിക്കെടാ.. എന്നു പറഞ്ഞുതീരലും അപർണ ഞെട്ടിത്തരിച്ചു പോയി. തങ്ങളിപ്പോൾ ഓവർടേക്ക് ചെയ്തത് തന്റെ അച്ഛനോടിക്കുന്ന ഓട്ടോറിക്ഷയല്ലേ ? കാവിലമ്മ എന്ന് മുൻ ഭാഗത്തും പൊന്നൂസ് എന്ന തന്റെ പുന്നാരപ്പേര് പുറകിലും എഴുതി വച്ചിരിക്കുന്ന... ദൈവമേ... അച്ഛനു മനസ്സിലായിക്കാണുമോ തന്നെ..!
"ഡാ... അച്ഛന്റെ ഓട്ടോറിക്ഷാ ആണത്. ശ്ശോ..."
സൈഡ് മിററിലൂടെ പുറകിലേക്ക് നോക്കിയ അവനും ഞെട്ടി.. അയ്യോ.. എന്ന് പറയുകയും ചെയ്തു.
"എന്തടാ..?"
"ആളെന്തോ കൈ വീശി വിളിക്കോ.. പറയോ ഒക്കെ ചെയ്യുന്നുണ്ടല്ലോ.."
"അയ്യോ... ഡാ.. എനിക്കു പേടി ആയിട്ടു വയ്യാ.. നീ വേഗം പോയേ.. നിറുത്തണ്ടാ..."
ഗട്ടറുകൾ ഒഴിവാക്കി ആവുന്നത്ര വേഗതയിൽ അവൻ ബൈക്കോടിച്ചുവെങ്കിലും പെട്ടെന്നാണത് സംഭവിച്ചത്.
പുറകിൽ നിന്നാരോ പെട്ടെന്ന് വലിച്ചതു പോലെയാണ് അപർണക്ക് തോന്നിയത്. തൊട്ടടുത്ത സെക്കൻഡിൽ അവൾ റോഡിലേക്ക് തെറിച്ചു വീണു. കൂടെ വലിയ ശബ്ദത്തോടെ ബൈക്കും ആദിയും. കഴുത്തിലെന്തോ മുറുകി ശ്വാസം മുട്ടുന്നതു പോലെ തോന്നിയപ്പോഴാണ് തന്റെ ഷാൾ ബൈക്കിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായത്. എവിടേ നിന്നൊക്കെയോ ആളുകൾ ഓടിയെത്തുമ്പോൾ അപർണയുടെ കണ്ണുകൾ അടുത്തേക്കെത്തുന്ന അച്ഛന്റെ ഓട്ടോറിക്ഷയിലായിരുന്നു. ആരൊക്കെയോ ചേർന്ന് എഴുന്നേൽപ്പിക്കുമ്പോഴേക്കും അവൾക്ക് അച്ഛൻ കാണാതെ എങ്ങിനെ രക്ഷപ്പെടണമെന്ന ചിന്ത മാത്രമാണ് ഉണ്ടായത്. ഭാഗ്യത്തിന് ആദിക്കും ഒന്നും പറ്റിയിട്ടില്ലാ. ഇപ്പോ കരയുമെന്ന മുഖഭാവത്തോടെ നില്ക്കുകയാണവൻ.
"വാ.. നമുക്ക് വേഗം പോകാം.. ഒന്നും പറ്റിയിട്ടൊന്നുമില്ലല്ലോ.."
ആദിയുടെ കൈപിടിച്ചതു പറഞ്ഞപ്പോൾ പെട്ടെന്നവനും ധൈര്യം വന്നതു പോലെ തോന്നി. അച്ഛൻ ദൂരെ നിന്നും വരുന്നത് അവനും ഓർമ്മ വന്നു കാണണം. അവൻ പെട്ടെന്ന് ബൈക്ക് പൊക്കിയെടുത്ത് നേരെ വച്ചു. ആകെയൊന്നു നോക്കി കാര്യമായൊന്നും പറ്റിയിട്ടില്ലെന്നുറപ്പു വരുത്തി സ്റ്റാർട്ട് ചെയ്തു. ഭാഗ്യം.. ബൈക്കിനും കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു. കൂടെ നില്ക്കുന്നവരോട് ഒരു താങ്ക്സ് പറഞ്ഞ് അപർണ വേഗം ബൈക്കിൽ കയറിയിരുന്നു. ആദി പെട്ടെന്ന് ബൈക്ക് എടുക്കുകയും ചെയ്തപ്പോഴാണ് ഒരു ദീർഘനിശ്വാസം വിട്ടത്.
"ഡാ... എനിക്കിപ്പോ തന്നെ വീട്ടിൽ പോകണം ! അല്ലെങ്കിലൊരു സമാധാനം ഉണ്ടാവില്ലാ..''
ആദി സമ്മതിക്കാതിരുന്നില്ലാ. നിർബന്ധിച്ചു കൊണ്ടുപോയതിന് അവൻ സോറി പറഞ്ഞു കൊണ്ടേയിരുന്നു. ബസ്സ്റ്റാൻഡ് എത്തുന്നതിന് മുമ്പ് അധികം ആളില്ലാത്തൊരിടത്ത് ബൈക്ക് നിറുത്തി, അവർ പരസ്പരമൊന്ന് നോക്കി. അപർണയുടെ ഷാൾ കുറച്ച് ഭാഗം കീറിയിട്ടുണ്ട്. ഇടത്തേ കാൽമുട്ടിനടുത്ത് ചെറുതായി ഡ്രെസ്സും കീറിയിരിക്കുന്നു. തൊലി അല്പം പോയിട്ടുമുണ്ട്. ബാഗിൽ വച്ചിരുന്ന ചോറു പാത്രം തുറന്നു പോയി.. ചോറാകെ ബാഗിലായിരിക്കുന്നു. അതെല്ലാം റോഡിനരികിലെ കാനയിലേക്ക് തട്ടിക്കുടഞ്ഞു കളഞ്ഞു. പിന്നെ സങ്കടത്തോടെ നിന്ന അവനോട് യാത്ര പറഞ്ഞ് വേഗം സ്റ്റാന്റിലേക്കെത്തി.
"ഇന്നും സമരമാണോഡീ...?''
''അതെമ്മേ.. എനിക്ക് നല്ല തലവേദനേം.. ഞാനൊന്ന് കിടക്കുവാണേ.."
വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മ മുൻവശത്ത് തന്നെയുണ്ടായിരുന്നു. തലവേദനയാണെന്ന് പറഞ്ഞതു കൊണ്ടാവണം അമ്മ പിന്നെ കാര്യമായൊന്നും ചോദിച്ചില്ലാ. വേഗം പോയി കിടന്നു. പന്ത്രണ്ടു മണി ആവുന്നതേ ഉള്ളൂ.. അച്ഛനെപ്പോ വരുമെന്നറിയില്ല. ഈ ഭാഗത്തേക്കെങ്ങാനും ഓട്ടം കിട്ടിയാലേ വീട്ടിലേക്ക് ചോറുണ്ണാനെത്തൂ.. എന്തോ ഒരു ഭയം മനസ്സിൽ കൂടിക്കൂടി വരുന്നുണ്ട്.
അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ലായെങ്കിലും ഒരു കുറ്റബോധം ഇല്ലാതില്ലാ. തനിക്കു വേണ്ടിയാണ് രണ്ടു പേരുടേയും ജീവിതം. തുച്ഛമായ വരുമാനം മുഴുവൻ ഒരു പൈസ കളയാതെ ചെലവഴിക്കുന്നതും കൂട്ടി വക്കുന്നതും ഒറ്റ മകളായ തനിക്കു വേണ്ടിയാണ്. ഒരു മദ്യപാനമോ, പുകവലിയോ ഇല്ല. തന്നെക്കൂട്ടാതെ ഒരു സിനിമക്കു പോലും അവർ പോകില്ലാ. എന്നിട്ടും.. താനിപ്പോ... കണ്ണു നിറഞ്ഞു പോകുന്നു..
എപ്പോഴോ ഒന്നുറങ്ങിപ്പോയിക്കാണണം. അമ്മയുടെ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അച്ഛൻ എപ്പോഴാവോ വന്നത് ?
" അവൾക്ക് തലവേദനയാത്രേ... ചോറൊക്കെ തിന്നതാവും.. കുറച്ചുറങ്ങിക്കോട്ടേന്ന് ഞാനും കരുതി"
നെഞ്ചിടിപ്പെന്തിനോ വേഗത്തിലായി. അച്ഛന്റെ കാൽ പെരുമാറ്റം അടുത്തടുത്ത് വന്നു.
" പൊന്നൂ....''
വാത്സല്യം നിറഞ്ഞ ആ വിളി കേട്ടെങ്കിലും ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം വരുന്നില്ലാ. ഉറക്കമഭിനയിച്ച് ചരിഞ്ഞു കണ്ണടച്ചുതന്നെ കിടന്നു. പരുപരുത്ത ആ കൈത്തലം പതുക്കെ നെറ്റിയിലമർന്നു.
''പൊന്നൂ... ഡാ.. എണീക്ക്... കുറേ നേരായില്ലേ..?''
കണ്ണു തുറന്ന് നേരെക്കിടക്കേണ്ടി വന്നു. ആ മുഖത്തേക്ക് നോക്കാനിപ്പോഴുമെന്തോ...
" എന്തേഡാ... മാറിയില്ലേ ഇതുവരെ.. ഉം...?"
'' ഉം... കുറവുണ്ടച്ഛാ.. വെയിലു കൊണ്ടേന്റെ ആവും. സമരായിരുന്നു ഇന്ന്.. "
'' ഉം.. അച്ഛൻ കണ്ടേരുന്നു ഈ യൂണിഫോമിലു പിള്ളേരു അവിടേമിവടേം തേരാ പാരാ നടക്കണത്.. അപ്പ എനിക്ക് തോന്നി സമരാവുംന്ന്..!"
ഒരാശ്വാസം നെഞ്ചിലെവിടേയോ തോന്നിത്തുടങ്ങി. ഭാഗ്യം. അച്ഛൻ കണ്ടിട്ടില്ലാ.
" ഇന്നൊരു സംഭവണ്ടായി.. നിന്റെ കോളേജിലെ പിള്ളേര് തന്നെ. "
മുമ്പു തോന്നിയ ആശ്വാസം പെട്ടെന്ന് അവസാനിച്ചു. അച്ഛനെന്താവും പറയാൻ പോകുന്നത് ?
" ഞാനിന്നാ ബീച്ചിന്റവിടേക്കൊരു ഓട്ടം പോയേരുന്നേ. അപ്പോ കുറേ ക്ടാങ്ങള് ബൈക്കുമ്മേ കറങ്ങാൻ നടക്കണ്.''
തന്റെ തൊണ്ടയിലെ വെള്ളം വറ്റുന്നത് അപർണയറിഞ്ഞു. അവൾ ഒന്നു മൂളിയെന്നു വരുത്തി..
"ലാസ്റ്റ് ബൈക്കിലു പോയ കൊച്ചിന്റെ ഷാള് പറന്ന് ചക്രത്തിലേക്കു കുടുങ്ങുംന്നൊക്കെ ഞാൻ വിളിച്ചു പറഞ്ഞാരുന്നു. എവടെ.. അവറ്റേളതു കേക്കാണ്ടും പോയി... കൊറച്ചങ്ങട് ചെന്നപ്പഴേക്കും മറിഞ്ഞും വീണ്.. ഭാഗ്യത്തിന് ഒന്നും പറ്റീലാന്ന് തോന്നണ്."
എന്തു പറയണമെന്നറിയാതെ അപർണ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു. കണ്ണുകളറിയാതെ നിറഞ്ഞു പോകുന്നുണ്ടോ ?
നെറ്റിയിൽ തലോടി അച്ഛൻ ചോദ്യഭാവത്തിൽ മൂളി.
" ഉം...?"
ഒന്നുമില്ലെന്നവൾ തലയാട്ടി.
"അച്ഛന്റെ പൊന്നൂസ് അങ്ങിനെയൊന്നും പോവില്ലെന്ന് അച്ഛനറിയാം.. പഠിക്കണ്ട കാലത്ത് നന്നായി പഠിക്കന്ന വേണം !"
'' ഉം.. "
ഒന്നു മൂളാനേ അവൾക്കായുള്ളൂ. ഉള്ളിലെവിടെയോ ഒരു സങ്കടം കിനിഞ്ഞിറങ്ങുന്നുണ്ട്. എങ്കിലും.. അച്ഛൻ തങ്ങളെക്കണ്ടില്ലല്ലോ എന്ന ആശ്വാസവും ഉയരുന്നു.
"വാ... എഴുന്നേറ്റ് ചായ കുടിക്ക്.. അപ്പ തലവേദന കൊറയും.. അച്ഛൻ പോട്ടെ.''
അച്ഛനെഴുന്നേറ്റ് പുറത്തേക്ക് നടന്നതും കുറ്റബോധം കൊണ്ട് വിങ്ങിപ്പൊട്ടുമോ എന്നവൾക്കു തോന്നി. ചുണ്ടുകൾ വിതുമ്മിത്തുടങ്ങി.. പെട്ടെന്നാണച്ഛൻ തിരികെ റൂമിലേക്കെത്തിയത്.
"പൊന്നുവേ... നെന്റെ കാർഡാന്ന് തോന്നണു. വഴീന്ന് കിട്ടീതാ.. ആ ക്ടാങ്ങള് ബൈക്കുമ്മേന്ന് വീണോടത്ത്ന്ന്.''
തന്റെ കോളേജിലെ ഐഡന്റിറ്റി കാർഡ് മേശപ്പുറത്ത് വച്ച് അച്ഛൻ പുറത്തേക്കിറങ്ങുമ്പോൾ പിന്നെയും വന്നൊരു പൊട്ടിക്കരച്ചിൽ തടഞ്ഞു നിർത്താനവൾക്കായില്ലാ.. തലയിണയിൽ മുഖമമർത്തി വിങ്ങിവിങ്ങികരയുമ്പോൾ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുകയായിരുന്ന അച്ഛന്റെ കണ്ണുകളും എന്തിനോ നിറഞ്ഞിരുന്നു.
© അഷ്റഫ് തേമാലി പറമ്പിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot