അനന്യയുടെ കൈകൾ ആവശ്യത്തിൽ അധികം തന്റെ കൈകളിൽ മുറുകിയപ്പോഴാണ് സന്ദീപ് നിന്നതു. അമ്പലത്തിൽ നിന്ന് തൊഴുത്തിറങ്ങിയതാണ്. മകൾ അനുവിന്റെ തോളിൽ ഉറക്കമാണ്.
"എന്താടോ," ചോദിച്ചുകൊണ്ട് തിരിഞ്ഞു നോക്കുമ്പോഴാണ് അനന്യയുടെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നത് കണ്ടത്. അവളുടെ നോട്ടമെത്തുന്നിടത്തേക്ക് കണ്ണുകൾ പായിച്ചു.
കുറെ യാചകരാണ്. അധികവും സ്ത്രീകൾ.
"എന്താണ് അനു," സന്ദീപിന് ആകാംഷയായി.
"അമ്മ...അവിടെ...," അവൾ ചൂണ്ടിയിടത്തേക്കു കണ്ണുകൾ ചെന്നു.
അനന്യയുടെ അമ്മ. അയാൾ ഒരിക്കലും കണ്ടിട്ടിലായിരുന്നു അവരെ.
ദൂരെ എവിടേക്കോ നോക്കിയിരിക്കുകയാണവർ. ചിലപ്പോൾ അനുവിന് തോന്നിയതാവും. അനു അമ്മയെ കണ്ടിട്ട് പതിനഞ്ചു വർഷങ്ങളെങ്കിലും കഴിഞ്ഞിരിക്കണം.
"പപ്പയെയും ചേച്ചിയെയും എന്നെയും ഇട്ടിട്ടു അമ്മ പോകുമ്പോൾ എനിക്ക് പതിനൊന്നു വയസാണ്. പിന്നെ നാലഞ്ചു പ്രാവശ്യം അമ്മ സ്കൂളിൽ വന്നിട്ടുണ്ട്...എന്നെയും ചേച്ചിയെയും കാണാൻ..."
പലപ്പോഴായി അനു പറഞ്ഞതാണ്.
മറ്റൊരാളോടൊപ്പം പോയ അമ്മയെ അനന്യ ഇടക്കെപ്പോഴോ വെറുത്തിരുന്നു. അമ്മയുടെ സുഖത്തിനായി പോയപ്പോൾ മക്കളെ ഓർത്തില്ലലോ എന്ന് തപിച്ചിരുന്നു. പിന്നെ അവളും ഒരമ്മയായപ്പോൾ ഉപേക്ഷിച്ചു പോയ അമ്മയെ ഓർത്തു കരഞ്ഞിരുന്നു "ഈ വേദന അമ്മയും സഹിച്ചിരുന്നല്ലോ," എന്നോർത്ത്.
അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചിരുന്നു.
"തനിക്കു പോയി സംസാരിക്കണോ," സന്ദീപങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം അനന്യ ഒന്നിടറി.
"വേണോ,?" അവൾ തന്നോട് തന്നെ ചോദിച്ചു.
"അമ്മയിനി ഞങ്ങളെ കാണാൻ വരരുത്...പപ്പയ്ക്കതു ഇഷ്ടാമാവില്ല," അവസാനമായി സ്കൂളിൽ വന്നപ്പോൾ ചേച്ചിയാണ് അമ്മയോടത് പറഞ്ഞത്.
ശെരിയായിരുന്നു. അമ്മ ഞങ്ങളെയും കൊണ്ട് പോകുമോ എന്ന് പപ്പ ഭയപ്പെട്ടിരുന്നു.
"അവന് അവളെ മടുക്കുമ്പോ എൻ്റെ മക്കളെ അവൻ തൊടില്ലാന്നു എന്താ ഉറപ്പെന്ന്" പപ്പാ കൂട്ടുകാരനോട് ചോദിക്കുന്നത് താൻ കേട്ടതാണ്.
അന്ന് പപ്പ കുടിച്ചിരുന്നു, പിന്നീട് പലപ്പോഴും. "പപ്പായും കൂടി ഇങ്ങനെ നശിച്ചാൽ പിന്നെ ഞങ്ങൾക്കാരുണ്ട് ," എന്ന് ചേച്ചി ചോദിക്കുന്ന അന്നുവരെ. പിന്നെ പപ്പ മറ്റൊരാളായിരുന്നു.
ഒളിച്ചോടി പോയവളുടെ മക്കളായല്ല പിന്നെ അവർ വളർന്നത്. അവർക്കു വേണ്ടി ജീവിച്ച പപ്പയുടെ മക്കളായിട്ടാണ്.
"അമ്മ വിളിക്കാറുണ്ടോ... സ്കൂളിൽ വരുമ്പോ എന്താ കൊണ്ട് തന്നത്.." അറിയാൻ തിടുക്കം കാട്ടി വരുന്നവർക്ക് പപ്പ കണക്കിന് കൊടുക്കുമായിരുന്നു.
പിന്നെപ്പിന്നെ അതെല്ലാം പഴങ്കഥകളായി. പക്ഷെ, അപ്പോഴും പപ്പയുടെ ഉള്ളിൽ അമ്മയുണ്ടായിരുന്നു.
അടുക്കളയിൽ ചോറുണ്ടാക്കുമ്പോഴും കറിയുണ്ടാകുമ്പോഴും പപ്പയുടെ കണ്ണുകൾ നിറയും. "അവളുണ്ടാക്കുന്നത്ര രുചിയില്ലെ"ന്നു പരിഭവം പറയും.
"അമ്മയിനി വന്നാൽ പപ്പ സ്വീകരിക്കുമോ," ഒരിക്കൽ പപ്പയോടു ചോദിച്ചതാണ്. തൻ്റേയും വിവാഹം കഴിഞ്ഞ ശേഷം.
"ഇല്ലടാ...പപ്പയുടെ മനസ്സിൽ അമ്മ എന്നേ മരിച്ചുകഴിഞ്ഞു. എന്നാലും... ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ എന്തേലുമൊക്കെ പറഞ്ഞോണ്ടിരിക്കാമായിരുന്നു..." പപ്പ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.
ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഒറ്റപെട്ടു പോയൊരാൾ.
ഒരിക്കൽ അമ്മ ഒറ്റക്കാക്കി. പിന്നെ മക്കളും.
"അമ്മക്കെന്നെ മനസിലായില്ലേ...ഞാൻ കിങ്ങിണിയാണ്," അമ്മയുടെ കൈകളിൽ പിടിച്ചു അവൾ ചോദിച്ചു. അമ്മ അവളെ അങ്ങനെയാണ് വിളിച്ചിരുന്നത്.
"ഭഗവാനെ...ഈ പേരിട്ടത് അബദ്ധമായല്ലോ...ഇവളൊരു "കിണി കിണി" ആണല്ലോ," തൻ്റെ നിർത്താതെയുള്ള സംസാരം കേൾക്കുമ്പോൾ അമ്മ പറയുന്നതാണ്.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അൻപതു വയസിൽ അറുപത്തഞ്ചിന്റെ പടുതിയുണ്ട് ആ മുഖത്ത്.
അമ്മ സുന്ദരിയായിരുന്നു. അതിന്റെയൊന്നും അടയാളം പോലും ഇപ്പൊ ആ മുഖത്തില്ല.
"അമ്മ വാ...നമുക്ക് അങ്ങോട്ട് മാറിയിരിക്കാം," അവൾ കൈകളിൽ പിടിച്ചു വലിച്ചപ്പോൾ അമ്മ എതിർത്തില്ല.
"അമ്മക്കെങ്ങനെ തോന്നി ഞങ്ങളെ ഇട്ടിട്ടു പോകാൻ?," അവളുടെ ചോദ്യം കേട്ട് അമ്മ കണ്ണുകൾ ഇറുക്കി അടക്കുന്നത് അവൾ കണ്ടു.
ഒരിക്കലും മക്കൾ അങ്ങനെ ചോദിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.
"അന്ന് അതായിരുന്നു ശെരി..." അവർ പറഞ്ഞപ്പോൾ അനന്യക്ക് ചിരി വന്നു.
"അപ്പോൾ ഞങ്ങൾ അമ്മയുടെ ശെരിയല്ലാരുന്നോ," അവളുടെ ചോദ്യത്തിന് അവർ ഒന്നും പറഞ്ഞില്ല.
"അങ്ങിനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ..." അവർ ഓർത്തു. സ്വപ്നലോകം ചീട്ടുകൊട്ടാരമായിരുന്നൂന്നു മനസിലാക്കിയപ്പോൾ വൈകി പോയിരുന്നു.
"അയാളിപ്പോ എവിടെയാണ്..." അവൾ ചോദിച്ചു.
"അറിയില്ല,".
അറിയാഞ്ഞിട്ടു തന്നെയാണ്.
"ഈ ജോലി നമ്മുടെ ഭാഗ്യം കൊണ്ട് കിട്ടിയതാണ്. ഞാൻ അവിടെ എത്തി കഴിഞ്ഞാൽ നിനക്കുള്ള വിസ ശെരിയാക്കാം. ബ്യൂട്ടീഷ്യൻ കോഴ്സ് ഒക്കെ കഴിഞ്ഞതല്ലേ. അവിടെ അതിനൊക്കെ വല്ല്യ ഡിമാൻഡ് ആണ്...," അങ്ങിനെ പറഞ്ഞാണ് അയാൾ പോയത്. പിന്നെ വിളികളില്ല.
വാടക അടക്കാനുള്ള തീയതി കഴിഞ്ഞപ്പോഴാണ് അയാളുടെ വീട്ടിലേക്കു ചെന്നത്. അതൊക്കെ വിറ്റിട്ട് മാസങ്ങൾ ആയിരുന്നു.
പിന്നെ കുറെ നാൾ ഹോസ്റ്റലുകളിൽ. ഇതിനിടെ ഹോം നേഴ്സ് ആയി. വേലക്കാരിയായി. പിന്നെ ഒടുവിൽ തെരുവിലും.
"അമ്മ വരുന്നോ എന്റെ കൂടെ..." മകളുടെ ചോദ്യം കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടു.
നടന്നു വന്ന വഴികളിൽ അറിയാതെയെങ്കിലും ചെയ്തുപോയ പുണ്യങ്ങളെ ഓർത്തെടുക്കാൻ നോക്കി.
ഉറക്കമെഴുന്നേറ്റ മകളെയും കൊണ്ട് സന്ദീപ് അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
"മക്കളെ വളർത്താൻ കഴിഞ്ഞില്ലാലോ. ഇനി കൊച്ചുമകളെ നോക്കി വളർത്തി ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാം ," മകൾ അങ്ങനെ പറഞ്ഞപ്പോഴേക്കും അവർ പൊട്ടികരയാൻ തുടങ്ങിയിരുന്നു.
"പിന്നെ പപ്പയെ കാണണം എന്നൊന്നും പറഞ്ഞേക്കരുത്...പപ്പയെ ഞങ്ങൾ വേറൊരു കല്യാണം കഴിപ്പിച്ചു," അത് പറയുമ്പോൾ അനന്യയുടെ മുഖത്ത് ഒരു പ്രത്യേക വികാരമായിരുന്നു.
ഒരു മധുര പ്രതികാരത്തിന്റെ....
By: Anisha Rudrani
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക