നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 45


അധ്യായം-45
വലിയേടത്തെ വൈദ്യപ്പുരയില്‍ ചീകി മിനുസപ്പെടുത്തിയ കവുങ്ങിന്‍ പാള പായയില്‍ ദുര്‍ഗ മലര്‍ന്നു കിടന്നു.
നിലാവിന്റെ നിറമുള്ള അവളുടെ മേനിയില്‍ തീരെ നേര്‍ത്ത ഒരു വെളുത്ത മുണ്ടുമാത്രമായിരുന്നു വിരിച്ചിരുന്നത്.
മഞ്ഞളും ചന്ദനവും അരച്ചു പുരട്ടി അപൂര്‍വ ഔഷധക്കൂട്ടു കൊണ്ട് നിര്‍മിച്ച പ്രത്യേക എണ്ണ കേശവന്‍ വൈദ്യരുടെ സഹായി മേനക അവളുടെ ശരീരമാകെ തേപ്പിച്ചു.
മുഖത്ത് കനത്തില്‍ രക്തചന്ദനം അരച്ചു തേച്ചിരുന്നു.
കേശവന്‍ വൈദ്യന്‍ വൈദ്യപ്പുരയുടെ വരാന്തയിലിരുന്ന് പച്ചമരുന്നുകള്‍ കുത്തിച്ചതയ്ക്കുകയായിരുന്നു.
ദേവദത്തന്‍ അവിടേക്ക് ചെന്നു.
അയാള്‍ക്ക് അരികിലായി അരഭിത്തിയിലിരുന്നു.
' തങ്കത്തിന് എങ്ങനെണ്ട്'
അയാള്‍ തിരക്കി.
' വിളര്‍ച്ച അസാരംണ്ടായിരുന്നു. ഹോസ്പിറ്റലീന്ന് രക്തം കയറ്റീട്ടല്ലേ കൊണ്ടു വന്നത്.. അതോണ്ട് രക്ഷയായി. ഇപ്പോ പറയത്തക്ക ക്ഷീണമൊന്നുമില്ല. നാലാംനാള്‍ വിവാഹായതോണ്ട് ഒരു സുഖ ചികിത്സയ്ക്കുള്ള നേരല്യാ.. എന്നാലും ധാര കോരി.. കല്യാണത്തിന്റെന്ന് അപ്സരസ് പോലെയുണ്ടാകും കുട്ടി'
ദേവദത്തന്റെ മുഖത്ത് സന്തോഷം നിറഞ്ഞു
' ്അവളുടെ കഴുത്തിന്റെ ഇടത് ഭാഗത്ത് ഒരു പാട് കണ്ടോ വൈദ്യര്'
തെല്ല് ആകാംക്ഷയോടെയാണ് ദേവദത്തന്‍ ചോദിച്ചത്.
' അതെന്തിന്റെയാണെന്ന് മനസിലായോ'
' കണ്ടു.. തീരെ ചെറിയ പാടല്ലേ അത്.. മാല ഉരഞ്ഞുണ്ടായതാണെന്നാ കുട്ടി പറഞ്ഞത്.'
' ഉം..' ദേവദത്തന്‍ മൂളി
എങ്കിലും മുഖത്തൊരു സംശയം തങ്ങി നിന്നിരുന്നു.
പ്രായശ്ചിത്ത പൂജയുടെ ഇടവേളയിലാണ് ദേവദത്തന്‍ ഓടി വന്നത്.
ആ പാട് കണ്ടത് മുതല്‍ തന്റെ മനസിന് സ്വസ്ഥതയില്ലാത്തത് പോലെ.
വലിയേടത്തെ പരദേവകള്‍ക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് അവന് തോന്നി.
' നാല് മണിയാകുമ്പോഴേക്ക് ഇന്നത്തെ ചികിത്സ തീരില്ലേ.. വൈകിട്ട് അവള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പോകണം'
ദേവദത്തന്‍ വിഷയം മാറ്റി.
' അതു തീരും.. വെയില് മൂക്കണേന് മുമ്പന്നെ കുളി കഴിയും... പിന്നെ നിസാരം പണികളല്ലേയുള്ളു.. അവളെയാ പഴേ തങ്കമായിട്ട് കിട്ടണം.. അതല്ലേ വേണ്ടൂ.. ഞാന്‍ പറഞ്ഞ വിധിപ്രകാരം തന്നെ വേണം ഭക്ഷണം. ഒമ്പതാകുമ്പോഴേക്കും വിളമ്പി വെ്ച്ചോളൂ..'
അയാള്‍ ചിരിച്ചു.
ദേവദത്തന്‍ ആശ്വാസത്തോടെ എഴുന്നേറ്റ് പോന്നു.
ഉഷ.പൂജയ്ക്ക് വലിയേടത്തും കിഴക്കേടത്തും കുടുംബക്ഷേത്രത്തിലേക്ക് പോയിരുന്നു.
ശ്രീധരന്‍ ചെറിയച്ഛനും വേദവ്യാസും പൂജാമുറിയിലാണ്.
ഇനി മുങ്ങിക്കുളി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം മതി പൂജ
അത് കഠിനമാണ്
നിലവറയില്‍.
അതിന് മുന്‍പേ നിലവറ വൃത്തിയാക്കേണ്ടതുണ്ട്.
ദേവദത്തന്‍ നിലവറയ്ക്ക് നേരെ നടന്നു.
മണിച്ചിത്രത്താഴുകളിട്ടു പൂട്ടിയ നിലവറ തള്ളിത്തുറന്നപ്പോള്‍ തന്നെ ദേവദത്തന് ഒരു അരുതായ്മ തോന്നി.
പടികളിറങ്ങിച്ചെ്ല്ലുമ്പോള്‍ കാലുകള്‍ ഇടറി.
സ്ത്രീയുടെ ഗന്ധം.
ഓരോ വായുകണികയിലും തങ്ങി നില്‍ക്കുന്ന സ്ത്രീ ഗന്ധം.
ഈശ്വരാ.
സ്ത്രീകള്‍ പ്രവേശിച്ചു കൂടാത്ത നിലവറയില്‍...
ദേവദത്തന്‍ അമ്പരപ്പോടെ ഹോമത്തട്ടിലെത്തി.
ഹോമപീഠം ചുറ്റിക്കിടന്ന കരിനാഗങ്ങള്‍ തലയുയര്‍ത്തി നോക്കി.
പിന്നെ വിനീതരായി നിലത്തേക്ക് തലയര്‍പ്പിച്ചു പതിഞ്ഞു കിടന്നു.
ഹോമത്തട്ടിലേക്ക് കയറിയതും ദേവദത്തന്റെ ഓരോ രോമകൂപങ്ങളിലും ആ ഗന്ധം നിറഞ്ഞു.
ദുര്‍ഗയുടെ ഗന്ധം.
മൂക്കുവിടര്‍ത്തി ദേവദത്തന്‍ അത് തിരിച്ചറിഞ്ഞു.
എന്റെ പരദേവകളേ
അയാള്‍ നെഞ്ചില്‍ കൈ ചേര്‍ത്തു.
' സമസ്താപരാധവും പൊറുക്കണേ.
അയാള്‍ ഹോമത്തട്ടില്‍ കമിഴ്ന്നു വീണ് പരദേവകള്‍ക്ക് മുന്നില്‍ കൈകൂപ്പി.
' പൊറുത്തു തരണം.. എന്‍രെ തങ്കത്തോട് ക്ഷമിക്കണം.. പ്രേതബാധയാണവള്‍ക്ക് മനസിലാക്കണം..'
മുന്നിലെ വേദഗ്രന്ഥങ്ങള്‍ വിറകൊള്ളുന്നത് ദേവദത്തന്‍ കണ്ടു
അപ്പോള്‍ അസഹ്യമായ ഒരു ദുര്‍ഗന്ധം നാസാരന്ധ്രങ്ങളില്‍ നിറഞ്ഞു.
എന്താണത്
ദേവദത്തന്‍ ചാടിയെഴുന്നേറ്റു
ആയിരമായിരം നിലവിളക്കുകളും തൂക്കുവിളക്കുകയും കോല്‍വളക്കുകളും ഒന്നിച്ചു പ്രകാശിച്ചു.
ആ വെളിച്ചത്തില്‍ കണ്ടു ചത്തുമലച്ചു പുഴുത്തു കിടക്കുന്ന കരിനാഗങ്ങള്‍.
മുന്‍പത്തെ കാവല്‍ക്കാര്‍.
നിലവറ സംരക്ഷകര്‍.
ദേവദത്തന്റെ മിഴികള്‍ ഈറനണിഞ്ഞു.
നിലവറയില്‍ കടന്നു കൂടുന്ന സ്ത്രീ ജീവനോടെ മടങ്ങില്ലെന്നാണ്.
എന്നിട്ടും വലിയേടത്തെ പെണ്‍കുട്ടിയെ തൊടാന്‍ ആ കാവല്‍ക്കാരും മടിച്ചു.
കാരണവര്‍മാരായി നല്‍കിയ ദൗത്യം ഭംഗം വരുത്തിയതിന്റെ മനോവിഷമം കൊണ്ടാവാം അവ ഹോമത്തട്ടിന്റെ അരികുകളില്‍ തലതല്ലി ചത്തു.
പകരം അവറ്റകളുടെ പുതിയ തലമുറക്കാര്‍ ആരും ഏല്‍പിക്കാതെ തന്നെ നിലവറയുടെ കാവല്‍ ഏറ്റെടുത്തിരിക്കുന്നു.
' ക്ഷമിക്കുക' ദേവദത്തന്‍ കരഞ്ഞു.
പിന്നെ കണ്ണുനീര്‍ തുടച്ച് മുണ്ട് തറ്റുടുത്ത് ഹോമപലകയിലിരുന്നു.
അഗ്‌നിയുടെ തീവ്രത കൂട്ടി
കനല്‍വെളിച്ചത്തില്‍ അവന്റെ മുഖം തീജ്വാല പോലെയായി.
അഗ്‌നിയില്‍ ഹവിസും മലരും എള്ളും മഞ്ഞളും അര്‍പ്പിച്ചു.
' കാലകേയ സര്‍പ്പങ്ങളേ സ്വസ്തി'
ദേവദത്തന്‍ തീക്കനലിന് ഉള്ളിലേക്ക് കൈനീട്ടി,
കകനലുകള്‍ വാരിയെടുത്തിട്ടും കൈ പൊള്ളിയില്ല.
ആ തീപ്പൊരികകളെ ചത്തുകിടക്കുന്ന നാഗങ്ങള്‍ക്കു മീതെ ഊതി വിട്ടു.
ഓട്ടുമണികള്‍ തനിയേ മുഴങ്ങി.
നാഗങ്ങളുടെ പുഴുവരിച്ച ശരീരങ്ങള്‍ അപ്രത്യക്ഷമായി.
പകരം നിലവറയുടെ നാലു ദിക്കില്‍ നിന്നും കരിനാഗങ്ങള്‍ ഇഴഞ്ഞു വന്നു
അവയുടെ കഴുത്തിലെ സ്വര്‍ണവര്‍ണ നാഗപടങ്ങള്‍ തിളങ്ങി.
'എല്ലാം നിങ്ങളെ ഏല്‍പിക്കുന്നു'
ദേവദത്തന്റെ ശബ്ദം മുഴങ്ങി.
ദേവദത്തന്‍ അവയ്ക്കു നേരെ കൈ നീട്ടി
ഇഴഞ്ഞു വന്ന നാഗങ്ങള്‍ സാഷ്ടാംഗം നമസ്‌കരിച്ചത് പോലെ കിടന്നു.
പിന്നെ ഇഴഞ്ഞ് ഹോമത്തട്ടിന് മീതെ കയറി വന്ന് ദേവദത്തന് ചുറ്റും ഒരു കോട്ടപോലെ നിലയുറപ്പിച്ചു.
'നന്ദി' ദേവദത്തന്‍ പതിയെ ഉരുവിട്ടു
പ്രായശ്ചിത്ത പൂജ രണ്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍ തന്നെ ദേവപ്രീതി കാണാനുണ്ട്.
ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നത് പോലെ ഒന്നാംദിനം കാല്‍..
രണ്ടാംദിനം അര..
അതേ നഷ്ടപ്പെട്ടതില്‍ പാതി സിദ്ധി തിരിച്ചു കിട്ടിയിരിക്കുന്നു.
മൂന്നില്‍ മന്ത്രഗ്രന്തങ്ങള്‍ തുറന്നു വെച്ചു
ഓരോന്നോരാന്നായി ഒരോ വിധികളും ചെയ്തു.
നിലവറയൊട്ടാകെ പുണ്യാഹം തളിച്ച് ശുദ്ധിയാക്കി.
പടികള്‍ തിരിച്ചു കയറുമ്പോള്‍ ഒരു പുതു ചൈതന്യത്തിന്റെ വെളിച്ചമായിരുന്നു നിലവറയ്ക്ക്.
ദേവദത്തന്‍ ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വലിയേടത്തും കിഴക്കേടത്തും തിരിച്ചു വന്നിരുന്നു.
വലിയമ്മാമ്മ വേദവ്യാസിനോട് സംസാരിച്ചു കൊണ്ട് ചുറ്റു വരാന്തയില്‍ നില്‍പ്പുണ്ട്.
പൂജാമുറിയിലായിരുന്നു കിഴക്കേടത്ത്.
ദേവദത്തന്‍ നടന്ന് പൂജാമുറിയ്ക്ക് മുന്നിലെത്തിയപ്പോള്‍ ' നില്‍ക്കു ദേവാ' എന്ന് അദ്ദേഹം പിന്നില്‍ നന്നും വിളിച്ചു.
ദേവദത്തന്‍ നിന്നു
കിഴക്കേടത്തിന്റെ കൈയ്യിലെ വാഴയിലക്കീറില്‍ ചന്ദനത്തിനൊപ്പം പുതഞ്ഞു കിടക്കുന്ന ഒരു ചെറിയ ഏലസ്സ് അയാള്‍ കണ്ടു.
അതയാള്‍ ദേവദത്തന് നീട്ടി. വലംകൈയ്യിന്റെ ഉള്ളം കൈയ്യില്‍ അയാളതേറ്റു വാങ്ങി.
'ഒരു തങ്കമാലയില്‍ കൊളുത്തി കഴുത്തിലണിയാന്‍ പറയണം അനിയത്തിക്കുട്ടിയോട്.. ഇനിയും ഉപദ്രവം ഉണ്ടാവരുതല്ലോ'
കിഴക്കേടത്ത് അതു പറഞ്ഞപ്പോള്‍ ദേവദത്തന്‍ നടുങ്ങി നിന്നു.
' സമയം കളയണ്ട.. ഇപ്പോ തന്നെ കൊണ്ടുചെന്ന് കെട്ടിക്കോളൂ.. ഒരു കാരണവശാലും അഴിക്കരുതെന്ന് പറയണം.. സംശയിക്കണ്ട.. അവള്‍ കളയില്ല.. കുറുമ്പൊക്കെ മാറിത്തുടങ്ങീന്ന് കരുതിക്കോളൂ..'
ദേവദത്തന്‍ തലയാട്ടി.
' സംശയം തീര്‍ന്നിട്ടില്ലാല്ലേ.. ഞാനും കണ്ടു ആ പാട്.. പക്ഷേ ഒന്നും വിശദായിട്ട് പറയാന്‍ കഴിയണില്ല.. ഇന്നു രാത്രി ഒരു പ്രത്യേക കര്‍മ്മം കൂടി ചെയ്യണം നമുക്ക് പ്രായശ്ചിത്ത പൂജയ്ക്കൊപ്പം.. എല്ലാത്തിനും തെളിച്ചം വരും.. സമാധാനത്തോടെ പോകൂ'
ദേവദത്തന്‍ ഏലസടങ്ങിയ വാഴയിലയുമായി വൈദ്യപ്പുരയിലേക്കു നടന്നു. ഇടനാഴി തിരിഞ്ഞു വരുമ്പോള്‍ എതിരേ ജാസ്മിന്‍ വരുന്നു.
എന്നത്തേക്കാളും സുന്ദരിയായിരുന്നു അവളന്ന്.
കറുത്തകരയുള്ള പുളിയിലക്കര മുണ്ടാണ് ചുറ്റിയിരിക്കുന്നത്.
മുടിയ്ക്ക് വളരെ നീളം വെച്ചതായി തോന്നിച്ചു
മുഖം നിറയെ പ്രകാശം നിറഞ്ഞ ചിരി.
കാറ്റില്‍ അവള്‍ക്കു ചുറ്റും മുടിയിഴകള്‍ തിരമാലകളേ പോലെ ചിതറി.
ദേവദത്തന്‍ കണ്ണിമയ്ക്കാതെ അവളെ നോക്കി.
' എന്തേ ഇങ്ങനെ നോക്കുന്നേ'
അവള്‍ കിലുങ്ങിച്ചിരിച്ചു.
' ഒരു കള്ളലക്ഷണംണ്ടല്ലോ മുഖത്ത്'
' നീയെന്താ ഇതിലേ ചുറ്റി നടക്കുന്നത്.'
ദേവദത്തന്‍ ശാസിച്ചു
' കഴുത്തിന് കിട്ടിയത് പോരാന്നുണ്ടോ'
' അതൊക്കെ ഞാന്‍ മറന്നു.. ദത്തേട്ടന്‍ എവിടേക്കാണ് പോകുന്നതെന്ന് പറയൂ'
ശൃംഗാര ഭാവത്തിലായിരുന്നു അവള്‍.
' ഞാന്‍ തങ്കത്തിന്റെ അടുത്തേക്ക്.. ഈ ഏലസ് അവളുടെ കഴുത്തിലണിയിക്കണം'
' ഇങ്ങു തന്നേക്കൂ.. ഞാനിട്ടു കൊടുക്കാം.' ജാസ്മിന്‍ കൈ നീട്ടി.
മറിച്ചൊന്നും ചിന്തിക്കാതെ ദേവദത്തന്‍ അത് അവളുടെ കൈയ്യിലേക്ക് വെച്ചു കൊടുക്കാന്‍ ശ്രമിച്ചു.
പക്ഷേ അപ്പോഴേക്കും പുറകില്‍ നിന്നും ' ദത്തേട്ടാ' എന്ന വിളി കേട്ടു
ദേവദത്തന്‍ ഞെട്ടിത്തിരിഞ്ഞു.
പിന്നില്‍ ജീന്‍സും ടോപ്പുമിട്ടു നില്‍ക്കുന്ന ജാസ്മിന്‍.
ഒപ്പം നേഹയും സ്വാതിയും.
ഒരുനിമിഷം കൊണ്ട് ദേവദത്തന്‍ വിയര്‍പ്പില്‍ മുങ്ങി.
അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
ഇല്ല.
മുന്നില്‍ അവളില്ല..
'എടീ' പരിസരം മറന്ന് ദേവദത്തന്‍ അലറി
ജാസ്മിനും നേഹയും സ്വാതിയും ഞെട്ടിപ്പോയി.
അതൊന്നും ശ്രദ്ധിച്ചില്ല ദേവദത്തന്‍.
മറുപടിയായി അന്തരീക്ഷത്തില്‍ നിന്നും അലര്‍ച്ച പോലെയൊരു പൊട്ടിച്ചിരി മുഴങ്ങി.
വീശിയടിച്ച കാറ്റില്‍ അടിതെറ്റി ദേവദത്തന്‍ ഭിത്തിയിലേക്ക് തെറിച്ചു നി്ന്നു.
ദേവദത്തന്റെ മുന്നില്‍ വൈദ്യപ്പുരയിലേക്കുള്ള വാതില്‍ കാറ്റില്‍ വലിയ ശബ്ദത്തോടെ തെരുതെരേ വന്നടിച്ചു.
ദേവദത്തന്‍ കഴുത്തിലെ രുദ്രാക്ഷമാലയില്‍ തൊട്ടു.
അതോടെ ചിരി നിലച്ചു.
പരിസരം ശാന്തമായി.
സ്തബ്ധരായി നില്‍ക്കുന്ന പെണ്‍കുട്ടികളെ വാത്സല്യത്തോടെ ദേവദത്തന്‍ നോക്കി
' സാരമില്ല... പലതും കാണും കേള്‍ക്കും.. പക്ഷേ പരിഹാരംണ്ടാവും.. ദൈവത്തെ മനസില്‍ കരുതിക്കോളുക'
ദേവദത്തന്‍ വൈദ്യപ്പുരയുലേക്ക് നടന്നു പോയി.
വൈദ്യപ്പുരയുടെ വരാന്തയില്‍ കുളികഴിഞ്ഞ് നനഞ്ഞ മുടി ചിക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു ദുര്‍ഗ
്അവളുടെ മുഖം തുടച്ചു മിനുക്കിയ നിലവിളക്കു പോലെ ചൈതന്യം തുളുമ്പി നിന്നു.
വെളുപ്പില്‍ ചുവന്ന കസവുള്ള പട്ടുപാവാടയും ബ്ലൗസുമായിരുന്നു വേഷം.
അടുത്തു തന്നെ മേനകയുമുണ്ടായിരുന്നു.
ഒരു ചെറിയ പെണ്‍കുട്ടിയുടെ ഭാവവും പ്രസരിപ്പും ്അവളില്‍ കണ്ടപ്പോള്‍ ദേവദത്തന്റെ മനം നിറഞ്ഞു.
' ആ മാലയൂരി ഈ ഏലസ് കൊളുത്തിയിട്ട് ധരിച്ചേക്കൂ'
ദേവദത്തന്‍ ഏലസ് അവളെ ഏല്‍പിച്ചു.
' ഇനിയും ഏലസ്സോ.. എന്റെ ദേഹമാകെ ഒരു ശ്രീകോവില്‍ പോലെയായല്ലോ'
ദുര്‍ഗ കുസൃതി പൂണ്ടു
മഹേഷിനെ തിരിച്ചു കിട്ടിയെന്നറിഞ്ഞതില്‍ പിന്നെ എത്ര പെട്ടന്നാണ് അവള്‍ പഴയ ദുര്‍ഗയായതെന്ന് വിസ്മയത്തോടെ അയാള്‍ ചിന്തിച്ചു.
ദേവദത്തന് മുന്നില്‍ നിന്നു തന്നെ ദുര്‍ഗ മാലയൂരി ഏലസ് കൊളുത്തി കഴുത്തിലിട്ടു.
ദേവദത്തന്‍ അതിന്റെ കൊളുത്ത് അടുപ്പിച്ച് കൊടുത്തു.
' നല്ല കുട്ടിയായിട്ടരിക്കണം.. അനുസരണക്കേടൊന്നും കാണിക്കരുത്'
ദേവദത്തന്‍ അവളുടെ കവിളില്‍ തഴുകി.
' നാലാം ദിവസം വിവാഹമാ.. അതും ഈ നാട് മുഴുവന്‍ ഇളക്കിമറിച്ച വിവാഹം.. അതിനിടയില്‍ മുടക്കാന്‍ പാടില്ലാത്ത പ്രായശ്ചിത്ത പൂജ.. ഏട്ടന് ഓടിയോടി നടക്കേണ്ടി വരും.. കുരുത്തക്കേടുണ്ടാവരുത് കേട്ടോ'
' ഇനി ഒന്നിനും എനിക്കു വയ്യ ദത്തേട്ടാ'
ദുര്‍ഗയുടെ മിഴികള്‍ നിറഞ്ഞു.
' എന്നാല്‍ ശരി.. ഇവന്റു ഗ്രൂപ്പുകാരെ കാണണം ഏട്ടന്... വൈകിട്ട് നിനക്ക് ആഭരണമെടുക്കാന്‍ പോകണം.. ഒരുങ്ങി നിന്നേക്കണം'
' ഉം..' ദുര്‍ഗ തലയാട്ടി
' കുട്ടിയ്ക്ക് ഭക്ഷണം കൊടുത്താളൂട്ടോ'
കേശവവൈദ്യര്‍ പറഞ്ഞു.
' എന്നാല്‍ വാ.. എന്റെ കൂടെ'
ദേവദത്തന്‍ അവളുടെ കൈപിടിച്ചു.
' നല്ല വിശപ്പുണ്ട്' ദുര്‍ഗ അയാളുടെ കൈപിടിച്ചു നടന്ന് കൊഞ്ചി.
രണ്ടുപേരും ഊണ്‍മുറിയില്‍ ചെല്ലുമ്പോള്‍ പവിത്ര അടുക്കളയിലുണ്ടായിരുന്നു
ചെറിയുള്ളി അരിഞ്ഞു മൂപ്പിച്ച നെയ്യില്‍ ചോറു കടുകു വറുക്കുന്ന മണം അവിടെയാകെ നിറഞ്ഞു നിന്നു.
ദുര്‍ഗയ്ക്കുള്ള പ്രത്യേക ഭക്ഷണമാണ്.
' ആഹാ വന്നോ ഏട്ടനും അനിയത്തിക്കുട്ടിയും'
പവിത്ര ചിരിയോടെ അടുത്തു വന്നു.
' എടുക്കട്ടെ തങ്കക്കുട്ടീടെ സ്പെഷ്യല്‍ ഫുഡ്.'
അവള്‍ അടുത്തു വന്നു .
' ഉം..' ദുര്‍ഗ മൂളി.
' ഫുഡ് എന്തായാലും പവിയേട്ടത്തി ഉണ്ടാക്കിയാല്‍ സൂപ്പറായിരിക്കും. എനിക്കറിയാം'
' അങ്ങനെ പറഞ്ഞു അവളെ പുകഴ്ത്തണ്ട തങ്കം.. പവി ഇപ്പോ തന്നെ നിലത്തും താഴെയുമല്ല'
ദേവദത്തന്‍ കളിയാക്കി.
' പി്ന്നേ.. എന്നു വെച്ചാല്‍ ഞാനെപ്പോഴും തലേലല്ലേ ഇരിക്കണേ'
പവിത്ര കളിയായി ദേവദത്തന്റെ കവിളിലൊന്നു പിച്ചിയിട്ട് അകത്തേക്ക് പോയി.
ദേവദത്തന്റെ മുഖം ചുവന്നു.
അനിയത്തി കണ്ടോ എന്ന് അയാള്‍ ഇടം കണ്ണിട്ട് നോക്കി.
ആ കള്ള ഭാവം കണ്ട് ദുര്‍ഗയ്ക്ക് ചിരിവന്നു.
അവര്‍ തമ്മിലുള്ള പെരുമാറ്റം എത്രയേറെ മാറിപ്പോയെന്നോര്‍ത്ത് വിസ്മയിച്ചിരിക്കുകയായിരുന്നു ദുര്‍ഗ
ദത്തേട്ടന്റെ മുഖത്തെ ചമ്മല്‍ അവള്‍ കണ്ടില്ലെന്ന് നടിച്ചുയ
' എന്നാല്‍പ്പിന്നെ തങ്കം കഴിക്ക്.. ഞാന്‍ പുറത്തു പോയിട്ട് വരട്ടെ.. '
ദേവദത്തന്‍ പുറത്തേക്ക് പോയി.
പവിത്ര ദുര്‍ഗയ്ക്കുള്ള ഭക്ഷണം കൊണ്ടുവെച്ചു.
ദുര്‍ഗ കഴിക്കാന്‍ തുടങ്ങി.
അപ്പോള്‍ അവള്‍ക്ക് അഭിമുഖമായ കസേരയില്‍ ധ്വനി പൊടുന്നനെ വന്നിരുന്നു.
ദുര്‍ഗ കണ്ണിമക്കാതെ അവളെ നോക്കി.
' നീയെന്നെ ഇപ്പോള്‍ സ്നേഹിക്കുന്നില്ല.. അല്ലേ ദുര്‍ഗ'
ധ്വനിയുടെ മുഖംവാടിയിരുന്നു.
' എനിക്ക് സ്നേഹമുണ്ട്.. പക്ഷെ ഇനി വലിയേടത്തെ ആളുകള്‍ക്ക് ദോഷം വരുന്നതൊന്നും ഞാന്‍ ചെയ്യില്ല'
ദുര്‍ഗ സംശയമൊന്നുമില്ലാതെ പറഞ്ഞു.
ധ്വനിയുടെ നോട്ടം കൂര്‍ത്തു.
' വിവാഹം വലിയ രീതിയില്‍ നടത്താനാണ് എല്ലാവരുടേയും തീരുമാനം അല്ലേ'
അവള്‍ ആ വിഷയത്തില്‍ നിന്നും വഴിമാറിയത് ദുര്‍ഗയെ ആശ്വസിപ്പിച്ചു.
' അതെ.. ' ദുര്‍ഗ മൂളി
' എന്റെ വിവാഹവും നാടുമുഴുവന്‍ അറിയിച്ചായിരുന്നു.. അന്ന് രാജകുമാരിയേ പോലെയാ ഞാനൊരുങ്ങിയത്. കുതിരപ്പുറത്ത് സ്വയംവരത്തിനു വന്ന രാജകുമാരനേ പോലെ എന്റെ മഹിയേട്ടന്‍'
ധ്വനി വിഷാദത്തോടെ മന്ദഹസിച്ചു.
ദുര്‍ഗയ്ക്കെന്തോ വല്ലാത്ത ഉള്‍ഭയം തോന്നി
താന്‍ ധ്വനിയെ ഭയന്നു തുടങ്ങുകയാണോ എന്ന ആശങ്കയോടെ ദുര്‍ഗ അവളെ നോക്കി.
' എന്നെ ഉപദ്രവിക്കരുത്... നീയാണ് പറഞ്ഞത് ഞാന്‍ മഹിയേട്ടനെ തന്നെ വിവാഹം കഴിക്കണംന്ന്'
യാചിക്കുന്നത് പോലെയായിരുന്നു ദുര്‍ഗയുടെ സംസാരം
' മഹിയേട്ടനില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല..'
' എനിക്കും'
ധ്വനിയുടെ വാക്കുകള്‍ ദുര്‍ഗയെ പ്രകമ്പനം കൊള്ളിച്ചു
' ധ്വനീ' അമ്പരപ്പോടെ ദുര്‍ഗ വിളിച്ചു
' പേടിക്കണ്ട.. എനിക്കും ജീവിക്കാന്‍ കഴിയില്ലായിരുന്നു.. മരിക്കുന്നതിന് മുന്‍പ്'
ധ്വനി അതു പറഞ്ഞിട്ടും അവളെ വിശ്വസിക്കാനാവാതെ ദുര്‍ഗ പകച്ചു നോക്കിയിരുന്നു.
................ .............. ..........
അരികില്‍ ഗോള്‍ഡന്‍ കസവുപണികളുള്ള കടുംമെറൂണ്‍ കാഞ്ചീപുരം പട്ടുസാരി.
പവിത്രയാണ് ആ സാരി ദുര്‍ഗയ്ക്ക് വേണ്ടി സെലക്ട് ചെയ്തത്.
' ഒരുപാട് സ്വര്‍ണം പ്രദര്‍ശിപ്പിക്കാനൊന്നും എനിക്കിഷ്ടമല്ല.. ഒന്നോ രണ്ടോ മാല അതുമതി'
ദുര്‍ഗ നിര്‍ബന്ധം പറഞ്ഞു.
പരമ്പരാഗത ഡിസൈനിലുള്ള നാലഞ്ച് മാലകളും വളകളും അവളും ജാസ്മിനും നേഹയും സ്വാതിയും കൂടി തെരഞ്ഞെടുത്തു.
പെണ്‍കുട്ടികള്‍ നാലുപേര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട മോഡലിലുള്ള രണ്ടുപവന്റെ മാലകളും ദേവദത്തന്‍ തിരഞ്ഞെടുത്തു.
പര്‍ച്ചേസ് കഴിഞ്ഞ് തിരികെ വലിയേടത്ത് എത്തിയപ്പോള്‍ രാത്രി പത്തു കഴിഞ്ഞു
ദേവദത്തന്‍ വേഗത്തില്‍ കുളത്തില്‍ മുങ്ങിക്കുളിച്ച് വന്നു.
പ്രായശ്ചിത്തപൂജ തുടരാന്‍ അരനാഴിക നേരമേയുള്ളു.
അവന്‍ മുറിയില്‍ ചെന്ന് വസ്ത്രം മാറി പൂജയ്ക്കുള്ള ചെമ്പട്ടു തിരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പവിത്ര പടികള്‍ കയറി വന്നു.
മഞ്ഞള്‍ നിറമുള്ള ഒരൊഴുക്കന്‍ സാരിയാണ് വേഷം.
നെറ്റിയില്‍ പടര്‍ന്ന സിന്ദൂരത്തരികള്‍.
വൈദ്യുതി വെട്ടത്തില്‍ ഒരു സ്വര്‍ഗീയ ദേവതയാണെന്ന് തോന്നുന്ന രൂപ സൗകുമാര്യം.
ദേവദത്തന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.
' എന്താ നോക്കി നില്‍ക്കണേ'
പവിത്ര അവനെ നോക്കി മന്ദഹസിച്ചു.
ദേവദത്തന്‍ ചുഴിഞ്ഞു നോക്കി.
' എന്താ ദത്തേട്ടാ'
അവള്‍ അടുത്തേക്ക് വന്നു കൈയ്യില്‍ പിടിക്കാന്‍ നോക്കി.
' സ്പര്‍ശിക്കരുത്'
ദേവദത്തന്‍ പറഞ്ഞു.
' പൂജയ്ക്ക് പോകേണ്ടതാണ്.'
'ഉം..' പവിത്ര ആട്ടുകട്ടിലില്‍ ഇരുന്നു.
' എന്താ ഇങ്ങനെ തുറിച്ച് നോക്കുന്നത്.. അത്രയ്ക്ക് ഭംഗിയാണോ എന്നെ കാണാന്‍'
ദേവദത്തന് ചിരി വന്നു.
' പിന്നേ .. ഭംഗി.. തൊലി കുറച്ച് വെളുത്തിരുന്നാല്‍ ഭംഗിയുണ്ടാകുമോ.. ഞാന്‍ നോക്കിയതില്‍ വേറെ കാര്യംണ്ട്'
' വേറെ കാര്യോ.. അതെന്താ' പവിത്ര കണ്ണുകള്‍ കൂര്‍പ്പിച്ചു.
' നീയൊരു യക്ഷിയാണോ എന്ന് നോക്കിയതാ'
' യക്ഷിയോ.. ദേ ദത്തേട്ടാ... എന്നെ വെറുതേ യക്ഷിയാക്കല്ലേട്ടോ'
പവിത്ര ദേഷ്യം ഭാവിച്ച് വിരല്‍ ചൂണ്ടി.
ദേവദത്തന്‍ ഉറക്കെ ചിരിച്ചു.
' എടി പൊട്ടി .. ജാസ്മിന്റെ രൂപത്തില്‍ അവളിന്നെന്റെ മുന്‍പില്‍ വന്നു. കിഴക്കേടം തന്ന ഏലസ്സ് ചതിയില്‍ നശിപ്പിക്കാന്‍'
' ആര്' പവിത്ര ജാഗരൂകയായി.
' ധ്വനി..'
പവിത്ര നടുങ്ങി.
' ദത്തേട്ടന്‍ കണ്ടോ അവളെ'
' കണ്ടു.. പ്രായശ്ചിത്തപൂജ ഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു.. '
ദേവദത്തന്‍ നെഞ്ചില്‍ കൈചേര്‍ത്തു.
' നീ പടികയറി വന്നപ്പോള്‍ വ്ല്ലാത്തൊരു തേജസ്.. അവള്‍ വേഷം കെട്ടി വന്നതാണോ എന്ന് ശങ്കിച്ചു'
' ഞാനതല്ല ചിന്തിക്കുന്നത്'
പവിത്ര അവനെ നീരസത്തോടെ നോക്കി
' പ്രേതം എന്തിനാ ജാസ്മിന്റെ രൂപം തന്നെ കെട്ടി വന്നത്.. അതെന്താ ദത്തേട്ടനെ വശീകരിക്കാന്‍ അവള്‍ക്കേ പറ്റൂ'
അവളുടെ ചോദ്യം ദേവദത്തനെ അമ്പരപ്പിച്ചു.
' പവിയെന്താ എന്തോ മനസില്‍ വെച്ചു ചോദിച്ചത് പോലെ' അയാളുടെ മുഖപ്രസാദം മങ്ങി.
' ഒന്നൂല്ല.. എനിക്കവളെ കാണണതേ ദേഷ്യാണ്.. ജാസ്മിനെ'
പവിത്ര എഴുന്നേറ്റു.
' അവള്‍ക്ക് മാങ്ങാമാല വാങ്ങിക്കൊടുക്കാന്‍ എന്തായിരുന്നു ദത്തേട്ടന് ഉത്സാഹം'
' പവീ' ദേവദത്തന്‍ അസഹ്യതയോടെ വിളിച്ചു.
' സംസാരിച്ച് നില്‍ക്കണ്ട.. വലിയച്ഛന്‍ വഴക്ക് പറയും.. ചെല്ല്'
പവിത്ര എടുത്തു നല്‍കിയ ചെമ്പട്ടു വാങ്ങി ദേവദത്തന്‍ അരിശത്തോടെ ഗോവണിയിറങ്ങി.
പുറകേ പവിത്രയും.
ചുറ്രു വരാന്തയിലൂടെ ചെല്ലുമ്പോള്‍ ഒരു ഉരുളന്‍ തൂണില്‍ ചാരി നിന്ന് ജാസ്മിന്‍ ആരോടോ മൊബൈലില്‍ സംസാരിക്കുന്നത് ദേവദത്തന്‍ കണ്ടു.
' ഒറ്റക്കിങ്ങനെ വന്നു നില്‍ക്കാണോ കുട്ടീ.. വേണ്ടാട്ടോ.. നമുക്കിത് കഷ്ടകാലാണ്'
ദേവദത്തന്‍ അവളെ ശാസിച്ചു.
' ഓസ്‌ട്രേലിയയില്‍ നിന്ന് മമ്മ വിളിച്ചതാ ദത്തേട്ടാ.. കട്ടായി പോകുന്നു. റേഞ്ചില്ലാന്ന് കരുതി ഇങ്ങോട്ടു വന്നതാ'
ക്ഷമാപണത്തോടെ ജാസ്മിന്‍ പറഞ്ഞു.
' ങാ.. വേഗം കട്ട് ചെയ്ത് പോയ കിടന്നുറങ്ങാന്‍ നോക്ക്' വാത്സല്യമായിരുന്നു അയാളുടെ വാക്കുകളില്‍.
പവിത്ര അവളെ ഗൗനിച്ചതേയില്ല.
' ശരി.. ഞാന്‍ ചെല്ലട്ടെ' ദേവദത്തന്‍ അവളെ കടന്നു പോയി.
' ഉം..' പവിത്ര അവളെ നോക്കി ഒന്നിരുത്തി മൂളി.
' ദത്തേട്ടനെ കാണുമ്പോഴേയുള്ളു നിനക്കീ ഫോണ്‍ വിളി'
അല്‍പ്പം ദേഷ്യപ്പെട്ടായിരുന്നു പവിത്രയുടെ ചോദ്യം.
ജാസ്മിന്റെ മുഖം മങ്ങിപ്പോയി.
' ദത്തേട്ടനെ നീ മോഹിച്ചതൊക്കെ എനിക്കറിയാം.. ഇനി അത് വേണ്ടാട്ടോ'
ജാസ്മിനെ നോക്കി മുഖം വെട്ടിത്തിരിച്ച് പവിത്ര അകത്തേക്ക് പോയി.
ജാസ്മിന്‍ അതുനോക്കി അമ്പരന്ന് നിന്നു.
അടുത്ത നിമിഷം അവളുടെ മിഴികള്‍ നിറഞ്ഞു നീര്‍ത്തുള്ളികള്‍ നിലത്തേക്കിറ്റു.
..................... ...................... .........
നിലവറയുടെ നിലത്ത് വരച്ച വലിയ മന്ത്രവാദക്കളം.
ചതുര രൂപത്തിലുള്ള അതിന്റെ നാലു കോണിലും ഓരോരുത്തരായി ഇരുന്നു.
വേദവ്യാസ്, കിഴക്കേടത്ത്, ദേവദത്തന്‍, ശ്രീധരന്‍ ഭട്ടതിരി.
ഒത്തനടുക്ക് വരച്ച വൃത്തത്തിനകത്ത് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയും. നിലവറാകെ വിളക്കുകള്‍ പ്രഭ ചൊരിഞ്ഞു.
മന്ത്രങ്ങള്‍ ഓരോന്നും കിഴക്കേടം ചൊല്ലി
വേദവ്യാസും ശ്രീധരന്‍ ഭട്ടതിരിയും അതേറ്റു ചൊല്ലി
പത്മനാഭന്‍ ഭട്ടതിരി പൂജാക്രിയകള്‍ ഓരോന്നായി ചെയ്തു.
കളത്തിന് നടുവില്‍ നിവര്‍ത്തിവെച്ച താളിയോലകള്‍ ചലിക്കുന്നത് വലിയേടത്ത് കണ്ടു.
കവിടികള്‍ ഉരുളാന്‍ തുടങ്ങി.
അവ നേരെ ചെന്ന് കളത്തില്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങി.
' ദോഷം'
വേദവ്യാസ് അതിന് നേര നോക്കി മന്ത്രിച്ചു.
' കടന്നു കിട്ടിയതിനേക്കാള്‍ കഷ്ടതള്‍ അനുഭവിക്കാനിരിക്കുന്നുവെന്നാണ് വിധി'
ദേവദത്തനും കിഴക്കേടത്തും അതു തിരിച്ചറിഞ്ഞു.
കൈകള്‍കൂപ്പി ധ്യാന നിമീലിതനായിരിക്കുകയായിരുന്നു വലിയേടത്ത്.
മന്ത്രങ്ങള്‍ ആ ചുണ്ടില്‍ നിന്നും ഉതിര്‍ന്നു വീണു
മച്ചകത്ത് കുടികൊള്ളുന്ന പരദേവകളേ പ്രസാദിക്കുക.
നിങ്ങളല്ലാതെ വലിയേടത്തിന് മറ്റൊരു സംരക്ഷകരില്ല.
ഒന്നിലും ശ്രദ്ധിക്കരുതെന്ന് മനസു പറഞ്ഞു
കവിടികള്‍ ഉരുളട്ടെ.
കൊടുങ്കാറ്റടിക്കട്ടെ
പക്ഷെ ഓരോ കര്‍മ്മങ്ങളും അണുവിട തെറ്റാതെ പൂര്‍ത്തിയാക്കിയേ പറ്റൂ.
മന്ത്രോച്ചാരണം ഉച്ചത്തിലായി.
വലിയേടത്ത് എഴുന്നേറ്റു.
ശ്രീധരന്‍ ഭട്ടതിരി അയാള്‍ക്കു മുന്നിലെ പീഠത്തില്‍ കരിങ്കോഴിയെ കൊണ്ടുവെച്ചു.
കാലുകള്‍ ബന്ധിച്ചിരുന്നില്ലെങ്കിലും കഴുത്തുനീട്ടി അത് നിവര്‍ന്നു കിടന്നു.
' ദുഷ്ടശക്തികളേ കാണുക'
വലിയേടത്ത് വാളുയര്‍ത്തി.
്അമര്‍ത്തിയൊരു വെട്ട്.
കരിങ്കോഴി ഒന്നു പിടഞ്ഞു.
അതിന്റെ ഉടലും തലയും വേര്‍പെട്ടു
രക്തം ചീ്റ്റിത്തെറിച്ച് മന്ത്രവാദക്കളം നനഞ്ഞു.
' പരദേവകളേ.. മച്ചകത്തെ നിങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞു കത്തിയ കെടാവിളക്ക് .. തലമുറകളായി അണയാതെ കെടാവിളക്കഞ്ഞതിന് പ്രായശ്ചിത്തം ചോദിക്കുന്നു'
കോഴിച്ചോരയില്‍ മുങ്ങിയ ചെറിയ ശൂലം വലിയേടത്ത് എടുത്തു.
പിന്നെ നാവു പുറത്തേക്ക് നീട്ടി.
മന്ത്രോച്ചാരണങ്ങളുടെ ശക്തി കൂടി.
നിലവിളക്കിന്റെ അഗ്നിയില്‍ പഴുത്ത ശൂലം വലിയേടത്ത് തന്റെ നാവിലേക്ക് കുത്തിയിറക്കി.
മാംസം കരിയുന്ന ശബ്ദം കേട്ട് ദേവദത്തന്റെ മനമിടറി.
അരുത്..
ശ്രദ്ധ പതറരുത്.
എല്ലാ കുറ്റവുമേറ്റെടുത്ത് പ്രായശ്ചിത്തത്തിനായി അപേക്ഷിക്കുമ്പോള്‍ ഇടറരുത്.
അതേ മാനസികാവസ്ഥയിലായിരുന്നു വേദവ്യാസും.
വലിയേടത്തിന്റെ നാവില്‍ ശൂലം തൂങ്ങിക്കിടന്നാടി.
ശരീരത്തിന്റെ ഓരോ അണുവും വേദനകൊണ്ട് കോടിപ്പോകുന്നത് അയാളനുഭവിച്ചു.
കാരണവന്‍മാര്‍ കല്‍പിച്ചു നല്‍കിയ പാരമ്പര്യത്തിന്റെ തെളിനാളം സംരക്ഷിക്കാന്‍ കഴിയാത്തതിലുള്ള മാപ്പപേക്ഷ.
വേദനകൊണ്ട് ഒരു ഞരക്കം വലിയേടത്തില്‍ നിന്നുണ്ടായി.
' യഥാ തഥാസ്തു'
കിഴക്കേടത്ത് പറഞ്ഞു.
മണിക്കൂറുകള്‍ പിന്നിട്ടുകഴിഞ്ഞു.
പുലരാനിനി വിനാഴികകള്‍ മാത്രം.
പൂജയുടെ ഓരോ ഘട്ടവും നിഷ്ഠയോടെ ചെയ്തു തീര്‍ത്തതിന് ശേഷം ഓരോരുത്തരും പരദേവകളെ കുമ്പിട്ട് എഴുന്നേറ്റു.
ക്രെച്ചസിന്റെ സഹായത്തോടെയാണ് വേദവ്യാസ് തിരികെ നിലവറയുടെ പടികള്‍ കയറിയത്.
ഓരോ പടി കടക്കുമ്പോഴും വേദനയില്‍ അവന്റെ മുഖം ചുളിഞ്ഞു.
അയാള്‍ക്ക് തുണപോലെ വലിയേടത്ത് പിന്നില്‍ നടന്നു.
' ദേവന്‍'
അവരെ അനുഗമിക്കാന്‍ തുടങ്ങിയ ദേവദത്തനെ കിഴക്കേടത്ത് വിളിച്ചു.
' ഒന്നു വരൂ'
ഹോമത്തട്ടിലെ പീഠത്തില്‍ വെച്ച തളികയിലെ വെറ്റിലയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അയാള്‍.
ദേവദത്തന്‍ അടുത്തേക്ക് ചെന്നു.
' ഇരിക്കൂ.. ഈ വെറ്റയിലേക്ക് നോക്കൂ'
അയാള്‍ പറഞ്ഞു.
ദേവദത്തന്‍ അനുസരിച്ചു.
അയാള്‍ കണ്ടു.
വലിയേടത്തെ ഇരുണ്ട ഇടനാഴിയിലൂടെ വെളുത്ത ഗൗണിട്ടു നടന്നു പോകുന്ന ധ്വനി.
ദുര്‍ഗയുടെ അറവാതില്‍ കടന്ന് അവള്‍ ഉറങ്ങുന്ന ദുര്‍ഗയ്ക്കരികില്‍ ചെന്നു നില്‍ക്കുന്നു.
പിന്നെ മുഖം താഴ്ത്തി ദുര്‍ഗയുടെ കഴുത്തിനടുത്തേക്ക്.
പൊടുന്നനെ അവള്‍ക്ക് ദംഷ്ട്രകളുണ്ടായി.
അവള്‍ ദുര്‍ഗയുടെ ഞരമ്പില്‍ നിന്നും രക്തമൂറ്റിക്കുടിക്കുന്നു.
' തങ്കം'
ദേവദത്തന്‍ പിടഞ്ഞുപോയി.
' കിഴക്കേടം എന്റെ കുട്ടി'
' ഭയക്കണ്ട.. ഇനി അവള്‍ക്കത് ചെയ്യാനാവില്ല.. തങ്കത്തിന്റെ കഴുത്തില്‍ ആ ഏലസുണ്ടല്ലോ.. ഇത് കഴിഞ്ഞ സംഗതിയാണ്'
ദേവദത്തന്റെ മനസിലൊരു തണുപ്പു വീണു
' അവള്‍.. ധ്വനി.. ആ ദുരാത്മാവ്.. രക്ത രക്ഷസല്ല.. അതാകാനുള്ള സമയമായിട്ടില്ല'
കിഴക്കേടത്തിന്റെ ശബ്ദം മുഴങ്ങി.
' രക്തരക്ഷസല്ലാത്ത ഒരാത്മാവിന് രക്താഭിനിവേശം ഉണ്ടാകില്ലാ.. തീര്‍ച്ച'
' പിന്നെ എന്തിന്..'
ദേവദത്തന്‍ അയാളെ നോക്കി.
' അവള്‍ തങ്കത്തിന്റെ രക്തവും ശരീരവുമാകാനുള്ള ശ്രമത്തിലാണ്.. മനസിലായില്ലേ'
കിഴക്കേടത്തിന്റെ വാക്കുകള്‍ ദേവദത്തനെ ഞെട്ടിച്ചു.
' എന്ത്'
അവന്‍ അമ്പരപ്പോടെ നോക്കി.
' ദുര്‍ഗയുടെ രക്തം അവള്‍ അവളിലേക്കെടുക്കുകയാണ്.. ഇനി വേണ്ടത് ശരീരം.. '
കിഴക്കേടത്തിന്റെ പുരികക്കൊടികള്‍ വളഞ്ഞു.
' എന്തിനെന്നറിയുമോ ജീവിക്കാന്‍.. തങ്കത്തിന്റെ.. ദുര്‍ഗാ ഭാഗീരഥിയുടെ ശരീരവുമായി ജീവിക്കാന്‍..മഹേഷിന്റെ കൂടെ '

ദേവദത്തന്‍ ഞെട്ടിത്തരിച്ചു.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot