നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 44


അധ്യായം - 44
"മോളേ "
ദുർഗയ്ക്ക് നേരെ കുനിഞ്ഞ് നിന്ന് രുദ്ര വിളിച്ചു.
"തങ്കം.. ഈ പൊടിയരികഞ്ഞി കുടിക്ക് .. എഴുന്നേൽക്ക് .. "
ദുർഗ കണ്ണുകളടച്ചു കിടക്കുകയായിരുന്നു.
അവളുടെ ഇറുകെ പൂട്ടിയ കൺപീലികൾക്കിടയിൽ നിന്നും മിഴിനീർ തുള്ളികൾ കിനിഞ്ഞിറങ്ങുന്നതു കണ്ട് രുദ്രയ്ക്ക് വിഷമമായി.
നാലു ദിവസമായി ഒരേ കിടപ്പാണ് അവൾ
നെറ്റിയിലെ വലിയ ചുറ്റിക്കെട്ടിൽ മരുന്നിന്റെ മഞ്ഞനിറം കാണാമായിരുന്നു.
വല്ലപ്പോഴും ജലപാനം ഉണ്ടെന്നല്ലാതെ മഹേഷ് പോയതിൽ പിന്നെ യാതൊന്നും കഴിച്ചിട്ടില്ല. നാലു ദിവസം കൊണ്ട് മെലിഞ്ഞ് അസ്ഥി രൂപമാ യത് പോലെ.
"തങ്കക്കുട്ടി "രുദ്രയുടെ വിളി കരച്ചിലിന്റെ വക്കിലെത്തി
"മോളേ ഈ കഞ്ഞിയെങ്കിലും കഴിക്ക്.. ഇങ്ങനെ കിടന്നാൽ മരിച്ചു പോകും നീ"
ദുർഗ പ്രതികരിച്ചില്ല.
കണ്ണുനീർ ഇരു ചെന്നികളിലൂടെയും ഒഴുകി കിടക്കമേലിറ്റു.
രുദ്ര മന:പ്രയാസത്തോടെ ആ കിടപ്പ് നോക്കി നിന്നു.പിന്നെ ഹതാശയായി വേദവ്യാസിന്റെ അടുത്തേക്ക് ചെന്നു.
മൊബൈലിൽ നോക്കി കിടക്കുകയായിരുന്നു വേദവ്യാസ്. രുദ്രയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾ കടുത്ത വിഷമം അനുഭവിക്കുന്നുണ്ടെന്ന് അവന് മനസിലായി
രുദ്ര ചെന്ന് അവന്റെ അരികിലിരുന്നു.
പിന്നെ മുഖം പൊത്തി ഒരു തേങ്ങൽ.
വേദവ്യാസ് അന്ധാളിച്ചു പോയി.
" രുദ്രക്കുട്ടീ "വേദവ്യാസ് ആധിയോടെ അവളുടെ ചുമലിൽ തൊട്ടു.
"എന്താ നിനക്ക് പറ്റിയത്. കരയാൻ മാത്രം ഇവിടെന്തുണ്ടായി" .
"തങ്കം.. " രുദ്രയിൽ നിന്നും കരച്ചിലിന്റെ ചീളുകൾ പൊട്ടി
"അവൾ ആകെ വാടി കിടക്കുകയാ. ഒന്നും കഴിക്കണില്ല. എനിക്ക് പേടിയാകുന്നു."
"ഏയ്.. "
വേദവ്യാസ് അവളെ തന്റെ നെഞ്ചോടു ചേർത്ത ണച്ചു.
"കുറച്ച് സങ്കടം ഇല്ലാതിരിക്കുമോ.. അത് അവൾ ഇങ്ങനെയൊക്കെ പ്രകടിപ്പിച്ചോട്ടെ. കുറച്ച് കഴിയുമ്പോൾ എല്ലാം മറന്നോളും". രുദ്ര അവന്റെ നെഞ്ചിലേക്ക് മുഖം വെച്ച് കിടന്ന് തേങ്ങി.
"വ്യാസേട്ടനെ നഷ്ടപ്പെട്ടാൽ ഞാൻ സഹിക്കുമോ.. അന്ന് ജാതകദോഷം പറഞ്ഞ് കുറച്ച് നേരത്തേക്കെങ്കിലും എല്ലാവരും വിഷമിപ്പിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞോ വ്യാസേട്ടാ നമുക്ക് "
അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്ന വേദവ്യാസിന്റെ കരങ്ങൾ നിശ്ചലമായി.
"വ്യാസേട്ടൻ അന്നു ഗോവണിയിൽ നിന്ന് വീണപ്പോൾ .. എന്തെങ്കിലും അരുതാത്തത് സംഭവിച്ചിരുന്നെങ്കിൽ കാലിൽ കല്ലു കെട്ടി കുളത്തിൽ ചാടി മരിക്കാൻ തന്നെയാ ഞാൻ വിചാരിച്ചതൊക്കെ "
വേദവ്യാസ് നടുങ്ങിപ്പോയി.
"എന്റെ അനിയത്തിയല്ലേ അവൾ. എനിക്കറിയാം ആ മനസ്.. മഹിയെ കിട്ടിയില്ലെങ്കിൽ അവൾ മരിക്കും .. ജീവിക്കാൻ കഴിയില്ലവൾക്ക്.. എനിക്കുറപ്പാണ്"
"മോളേ.. അവൾ .... ക്രൂരമായ ഒരു വിധിക്ക് അവളെ പരീക്ഷണവസ്തു വാക്കാൻ കഴിയുമോ നമുക്ക് - വലിയമ്മാമ്മക്ക് പറ്റുമോ.മഹി പോലും അത് മനസിലാക്കി പിൻമാറിയില്ലേ".
" ഇല്ല വ്യാസേട്ടാ.. വരാനിരിക്കുന്ന വിധിയേക്കാൾ ക്രൂരതയാണ് നമ്മൾ തങ്കത്തിനോട് ചെയ്യുന്നത്. അവൾ മഹിയെ നഷ്ടപ്പെടുന്നത് സഹിക്കില്ല. ഇപ്പോൾ തന്നെ ഏതു നേരവും ആ കുട്ടികൾ മൂന്നും അവൾക്ക് കാവൽ നിൽക്കുകയാ.. കണ്ണു തെറ്റിയാൽ അവൾ എന്തെങ്കിലും അവിവേകം ചെയ്യാനും മടിക്കില്ല".
വേദവ്യാസിന്റെ ഉള്ളിൽ ഒരു നടുക്കമുണ്ടായി.
"ഇന്നലെ രാത്രി അവൾ എഴുന്നേറ്റ് കുളപ്പുരയുടെ അടുത്തേക്കോടി. ജാസ് കണ്ടതോണ്ട് ഒന്നും സംഭവിച്ചില്ല.എത്ര നാൾ എല്ലാവരും അവൾക്ക് കാവലിരിക്കും വ്യാസേട്ടാ."
വാതിലിൽ ആരോ തട്ടിയതറിഞ്ഞ് രുദ്ര ധൃതിയിൽ എഴുന്നേറ്റു.
വാതിൽ തുറന്നപ്പോൾ മുന്നിൽ വലിയമ്മാമ്മ.
മച്ചകത്തെ പൂജ കഴിഞ്ഞു ഇറങ്ങി വന്നതുകൊണ്ടാവാം മാന്ത്രിക വേഷത്തിലാണ് അദ്ദേഹം. കൈയ്യിൽ പുഷ്പാർച്ചന തട്ടും അതിൽ ചന്ദനവും കുങ്കുമവും കലർന്ന പൂക്കളും ഉണ്ടായിരുന്നു.
" തങ്കം വാശിയിലാണല്ലേ''.
അയാൾ ആലോചനയോടെ അവളെ നോക്കി.
" അന്നു മുതൽ ഇപ്പോ വരെ ഒരു വറ്റ് കഴിച്ചിട്ടില്ല .. എനിക്ക് പേടിയാവണ് വലിയമ്മാമ്മേ " രുദ്രയുടെ ശബ്ദമിടറി
"വിധി അനുഭവിക്കാതെ തരംല്യ "
വലിയേടത്ത് മൂടിക്കെട്ടിയ മുഖവുമായി പൂജാമുറിയിലേക്ക് കയറിപ്പോയി.
അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് രുദ്രയ്ക്ക് മനസിലായില്ല.
വേപഥുവോടെ അവൾ തിരിഞ്ഞ് വേദവ്യാസിനെ നോക്കി.
"നീ ടെൻഷനാവണ്ട.. എന്തായാലും നാളെ ഉച്ചയോടെ ദത്തേട്ടൻ ഇവിടെയെത്തും. പിന്നീട് ഒരു തീരുമാനം എടുക്കാതിരിക്കാൻ പറ്റില്ലല്ലോ "
വേദവ്യാസ് അതു പറഞ്ഞു തീരും മുമ്പ് ദുർഗയുടെ മുറിയിൽ നിന്നും ജാസ്മിന്റെയും നേഹയുടെയും സ്വാതിയുടെയും നിലവിളി ഉയർന്നു.
"ഈശ്വരാ.. എന്റെ തങ്കം''.
രുദ്ര നെഞ്ചിൽ കൈവെച്ച് പിടഞ്ഞോടി.
മുറിയിൽ ചെന്നു .
മച്ചിലെ കൊളുത്തിൽ ഒരു ദാവണിത്തുമ്പ് തൂങ്ങി കിടക്കുന്നതാണ് ആദ്യം കണ്ടത്. അതിന്റെ അഗ്രത്തിലെ കുരുക്കും.
രുദ്ര അടിമുടി വിറച്ചു പോയി.
നിലത്ത് തട്ടി മറിഞ്ഞ് കിടക്കുന്ന സ്റ്റൂളും അതിനപ്പുറത്ത് കിതച്ചു കൊണ്ടിരിക്കുന്ന ദുർഗയെയും രുദ്ര അവിശ്വസനീയതോടെ നോക്കി.
ദുർഗയെ ഇടംവലം അനങ്ങാതെ ബലമായി പിടിച്ചിരിക്കുകയാണ് കൂട്ടുകാരികൾ
" എന്തിനാ നോക്കാണെ" രുദ്രയെ കണ്ട് ദുർഗ പൊട്ടിത്തെറിച്ചു.
" ഞാൻ മരിക്കും. സത്യം .. മരിക്കും ഞാൻ .. നിങ്ങൾക്കൊക്കെ സ്നേഹിച്ചവരെ തന്നെ കിട്ടിയില്ലേ. രുദ്രേച്ചിക്ക് വ്യാസേട്ടനെ... ദത്തേട്ടന് പവിയേട്ടത്തിയെ ... എനിക്ക് മാത്രം.."
സങ്കടം കൊണ്ട് ദുർഗയുടെ തൊണ്ട അടഞ്ഞു.
" മതി .. നിർത്താ ''.
വാതിൽക്കൽ നിന്നും വലിയമ്മാമ്മയുടെ ക്ഷോഭിച്ച ശബ്ദം കേട്ട് ദുർഗ ഞെട്ടി നോക്കി.
"ആത്മഹത്യ നാളെത്തേക്ക് ഒന്നു നീട്ടിവെക്കാം. ദത്തൻ വന്നോട്ടെ.. അവനല്ലേ നിന്റെ ജ്യേഷ്ഠൻ .. എന്നെ ഏൽപിച്ചു പോയ അനിയത്തി എവിടേന്ന് കുട്ടനെ കൊണ്ട് തങ്കം എന്റെ മുഖത്ത് നോക്കി ചോദിപ്പിക്കരുത് " .
അയാളുടെ ഘനഗാംഭീര്യമായ ശബ്ദം മുറിയിൽ നിശബ്ദത പടർത്തി.
വലിയേടത്ത് തിരിഞ്ഞ് നടന്നു പോയി.
അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
....... ..... .....
"ധ്വനി "
വിയേടത്തെ വിശാലമായ മുറ്റത്തെ തെക്കേ കോണിൽ നിന്ന് ജാസ്മിൻ വിളിച്ചു.
അവിടെ പടർന്ന കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിലെ ഊഞ്ഞാലിൽ അലസം ഇരിക്കുകയായിരുന്നു ധ്വനി.
ഭയന്നു ഭയന്നാണ് ജാസ്മിനും നേഹയും സ്വാതിയും അവളുടെ അടുത്തേക്കെത്തിയത്.
" ഉം.. " മറുപടിയായി മൂളിയ ധ്വനിയുടെ കണ്ണുകളിൽ രക്ത ചുവപ്പ് അവർ കണ്ടു.
"നീയെന്തിനാണ് ദുർഗയെ ഉപദ്രവിക്കുന്നത്. നിന്റെ പ്രതികാരം തീർക്കാൻ കൂട്ടുനിന്നതല്ലേ അവൾ. നീ വിട്ടു പോകുന്നത് സഹിക്കാൻ വയ്യാതെ നിലവറയിൽ വരെ കയറി പൂജാകർമങ്ങൾ ചെയ്ത് നിന്നെ ഈ ഭൂമിയിൽ പിടിച്ചു വെച്ചതല്ലേ അവൾ.. "
ധ്വനി അവരെ ഒന്ന് നോക്കി.
പിന്നെ പരിസരം കിടുങ്ങുന്ന മട്ടിൽ പൊട്ടിച്ചിരിച്ചു.
"ധ്വനീ "അവർ ഭയത്തോടെ വിളിച്ചു.
"നീതിയും ധർമവും പ്രേതാത്മാക്കൾക്കില്ല. പറഞ്ഞു തന്നില്ലേ അത് വലിയേടത്ത് "
ഒരായിരം പേർ ഒന്നിച്ചു പറയുന്ന പ്രതീതിയായിരുന്നു അവളുടെ ശബ്ദത്തിന്
"നീയെന്തിന് അവളെ ദ്രോഹിക്കുന്നു. അവളുടെ ജീവിതം ഇല്ലാതാക്കുന്നു"
നേഹ ധൈര്യം സംഭരിച്ച് മുന്നോട്ടുവന്നു.
" ഞാൻ.." .. ധ്വനി ആർത്തട്ടഹസിച്ചു.
അപ്പോൾ ദംഷ്ട്രകൾ പുറത്തേക്ക് ചാടി. ചുണ്ടിൽ കോണിൽ നിന്നും രക്തം താടിയിലേക്കൊഴുകി.
"ജാസ്.. വേണ്ട .. പോകാം".
സ്വാതി ഒരു വലിയ നിലവിളി അടക്കിക്കൊണ്ട് ജാസ്മിന്റെ കൈയ്യിൽ പിടുത്തമിട്ടു.
പോകാം.. പ്ലീസ്.."
"നീ ദുർഗയുടെ വിവാഹ ജീവിതം ഇല്ലാതാക്കാൻ നോക്കുകയാണ് "
ജാസ്മിൻ കൈ ചൂണ്ടി.
"ഹ് ഹ ഹ ... "ധ്വനി ആർത്തട്ടഹസിച്ചു.
"ഇല്ല .. ദുർഗ മഹിയേട്ടനെ വിവാഹം കഴിക്കണം .. ഞാൻ അതേ പറഞ്ഞിട്ടുള്ളു"
ജാസ്മിൻ വിശ്വാസമില്ലാതെ ധ്വനിയെ തറച്ചു നോക്കി.
പൊട്ടിച്ചിരിയോടെ ധ്വനി ഊഞ്ഞാലാടാൻ തുടങ്ങി.
നോക്കി നിൽക്കുന്തോറും ആട്ടത്തിന്റെ ആയം കൂടി വന്നു.
ഭ്രാന്തമായ
പൈശാചികമായ വേഗത
അതേ വിധത്തിൽ മുഴങ്ങുന്ന ധ്വനിയുടെ അട്ടഹാസം
ഊഞ്ഞാൽ അന്തരീക്ഷത്തിൽ പറന്ന് ആകാശ ചെരിവിലെങ്ങോ മുട്ടി അതേ ആയത്തിൽ തിരികെ വന്നു.അവർ നിന്നയിടത്തേക്ക്.
അത് ദേഹത്ത്
വന്നടിക്കുമെന്ന് പേടിച്ച് പെൺകുട്ടികൾ നിലവിളിച്ചു.
അപ്പോൾ നൊടിയിടയിൽ ധ്വനി അപ്രത്യക്ഷമായി.
ഊഞ്ഞാലിന്റെ രണ്ടു ഭാഗത്തെയും കയറുകൾ മാത്രം അവർക്കു നേരെ പറന്നു വന്നു.
അത് മൂന്നു പേരുടെയും കഴുത്തിൽ ചുറ്റി.
ശ്വാസം മുട്ടിപ്പിടഞ്ഞ് നേഹയും സ്വാതിയും ജാസ്മിനും നിലത്ത് വീണു
കഴുത്തിലെ ചുറ്റുമുറുകി
അവരുടെ കണ്ണുകൾ തുറിച്ചു
രക്ഷപെടാൻ മന്ത്രമൊന്നും അറിയില്ല.
എങ്കിലും പിടച്ചിലിനിടെ ജാസ്മിൻ ''ഓം" എന്ന് ഉറക്കെ പറഞ്ഞു.
ഒരു നിമിഷാർദ്ധം കൊണ്ട് ചുറ്റഴിഞ്ഞു.
"ഓം" പ്രാണ ഭയത്തോടെ നേഹയും സ്വാതിയും ഓംകാര മന്ത്രത്തിന്റെ ആദ്യാക്ഷരം ഉരുക്കഴിച്ചു.
ഊഞ്ഞാൽ സാധാരണ നിലയിലായി.
കെട്ടഴിഞ്ഞ് നിലത്ത് വീണ് മൂന്നു പെൺകുട്ടികളും കഴുത്തിൽ കൈയ്യ മർത്തി പ്രാണവായു
വലിച്ചെടുത്തു
ഭയം എന്ന വികാരം കൊടും തണുപ്പിലെന്ന പോലെ അവരുടെ അസ്ഥികളെ മരവിപ്പിച്ചു
...... ........ .....

ദേവദത്തനും പവിത്രയും വരുന്നത് പ്രമാണിച്ച് എയർപോർട്ടിൽ വലിയേടത്ത് പത്മനാഭൻ ഭട്ടതിരിയും കിഴക്കേടത്ത് കുഞ്ഞുകുട്ടൻ ഭട്ടതിരിയും രുദ്രയും സ്വാതിയും ശ്രീധരൻ ഭട്ടതിരിയുമാണ് പോയത്.
നടക്കാൻ വയ്യാത്തതിനാൽ വേദവ്യാസും കിടക്കയിൽ നിന്നെഴുന്നേൽക്കാൻ ഭാവിക്കാതെ ദുർഗയും കിടന്നു. അവരുടെ അരികിൽ ജാസ്മിനും നേഹയും തങ്ങി.
രാവിലെ പത്ത് നാൽപതിന്റെ ഫ്ളൈറ്റിലാണ് ദേവദത്തനും എത്തിയത്. രണ്ടു പേരും നവവധൂവരൻമാരെ പോലെ മുട്ടിയുരുമ്മി പുറത്തേക്ക് വരുന്നത് ആനന്ദത്തോടെ എല്ലാവരും നോക്കി നിന്നു.
അവർക്കിടയിലെ അകൽചയും അപരിചിതത്വവും പാടേ മാറിയെന്നും ഇണക്കുരുവികൾ പോലെ കൊക്കുരുമ്മുന്ന രണ്ട് പ്രണയിതാക്കളായി അവർ മാറിയെന്നും അവിടെ ശരീരഭാഷയും ചലനങ്ങളും വ്യക്തമാക്കുന്നുണ്ടായിരുന്നു.
ശ്രീധരൻ ഭട്ടതിരി ആ വരവ് നിറകണ്ണുകളോടെ നോക്കി നിന്നു.
"അച്ഛാ.. " പവിത്ര ഓടി അടുത്തുവന്ന് അയാളുടെ കൈയ്യിൽ തൂങ്ങി .
" സുഖമായിരുന്നോ മോളേ യാത്ര"
വാത്സല്യത്തോടെ അയാൾ മകളെ തഴുകി.
"സുഖം .. ഒന്നിന്നും ഒരു കുറവുമുണ്ടായില്ല അച്ഛാ." പവിത്ര ആ കാലടികൾ തൊട്ടു വന്ദിച്ചു.
"പരദേവതമാർ തുണച്ചു. " വലിയേടത്ത് ഗദ്ഗദത്തോടെ പറഞ്ഞു.
പവിത്രയും ദേവദത്തനും വലിയേടത്തിന്റെയും കിഴക്കേടത്തിന്റെയും കാലടികളിലും തൊട്ടു തൊഴുതു.
"സന്തോഷം കുട്ടികളേ.. എല്ലാ വിശേഷങ്ങളും അറിഞ്ഞു. ഈശ്വര കൃപ..അത് നിങ്ങൾക്കൊപ്പമുണ്ട്"
വലിയേടത്ത് നിറഞ്ഞ മനസോടെ അനുഗ്രഹിച്ചു.
"സർവ്വ ഐശ്വര്യ യോഗങ്ങളും നിങ്ങൾക്കുണ്ടാവട്ടെ ".
കിഴക്കേടത്തും ആശംസിച്ചു.
"വ്യാസ് എവിടെ വലിയമ്മാമ്മേ.. തങ്കവും ജാസും നേഹയും വന്നില്ലല്ലോ "
തെല്ല് ആശങ്കയോടെയോടെ ചുറ്റും കണ്ണോടിച്ച് ദേവദത്തൻ ചോദിച്ചു..
അയാളുടെ നോട്ടം രുദ്രയുടെ മുഖത്ത് പതിഞ്ഞു.
രുദ്രയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ മുഖം കുനിച്ചു
" എല്ലാവരും വലിയേടത്ത് ണ്ട്.. വിശേഷമൊക്കെ പോകും വഴി പറയാം.. ഇന്ന് മുതൽ പ്രായശ്ചിത്ത പൂജ തുടങ്ങണം.. ഒപ്പം മറ്റു പലതും അണുവിട തെറ്റാതെ നടത്തണം."
വലിയേടത്ത് ദീർഘനിശ്വാസമെടുത്തു.
എല്ലാവരും ചെന്ന് ടാക്സി കാറിൽ കയറി.
ഡ്രൈവറുടെ സാമീപ്യം ഉണ്ടായിട്ടും ശബ്ദം താഴ്ത്തി വലിയേടത്ത് എല്ലാ വിവരങ്ങളും ദേവദത്തനെ അറിയിച്ചു.
വിട്ടുപോയവ കിഴക്കേടത്ത് പൂരിപ്പിച്ചു.
ദേവദത്തന്റെ മുഖം മ്ളാനമായി.
കാർ വലിയേടത്തെത്തി.
പടിപ്പുരയിൽ മണി മുഴങ്ങിയപ്പോൾ തന്നെ കാര്യസ്ഥൻ കൃഷ്ണൻ ഓടി വന്ന് വാതിൽ തുറന്നു.
" കാത്തു നിൽക്കുകയായിരുന്നു കുട്ടികളേ".
അയാൾ സ്നേഹത്തോടെ ദേവദത്തനെയും പവിത്രയെയും നോക്കി.
"കൃഷ്ണേട്ടന് നല്ലൊരു അമേരിക്കൻ ബ്ലാങ്കറ്റ് കൊണ്ടു വന്നിട്ടുണ്ട്. തണുപ്പ് കാലത്ത് നല്ല സുഖാണ് പുതയ്ക്കാൻ "
ദേവദത്തൻ പറഞ്ഞു.
അയാൾ നിറചിരിയോടെ നിന്നു .
ഓട്ടുമണി ശബ്ദം കേട്ടപ്പോൾ തന്നെ വേദവ്യാസ് നേഹയുടെ സഹായത്തോടെ വീൽ ചെയറിൽ കയറി ച്ചു വരാന്തയിലെത്തിയിരുന്നു.
വേദവ്യാസിനെ കണ്ട് ദേവദത്തന്റ കണ്ണുകളിൽ നനവുണ്ടായി.
" വ്യാസ് "ദേവദത്തൻ അവന്റെ കൈ പിടിച്ചു.
" ഒന്നിരുത്താൻ അവൾക്ക് കഴിഞ്ഞു അല്ലേ " ദേവദത്തന്റെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു.
" വീണു പോയി "നേർത്ത മന്ദഹാസത്തോടെ വേദവ്യാസ് പറഞ്ഞു.
"നാലതിരിലും തകിട് നാട്ടി അവളെ ഈ തറവാട്ടിന്റെ ഏഴയലത്ത് കടത്താതിരിക്കാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ അവൾ ഇവിടെ വേണം.. കളത്തിൽ വന്ന് കയറണം"
ഇത്തവണ വേദവ്യാസിന്റെ വാക്കുകളിലും പക നുരഞ്ഞു.
"എത്ര ഒളിപ്പിച്ചിട്ടും മാന്ത്രിക ഗ്രന്ഥം തങ്കം കണ്ടെത്തി. ഈ കുട്ടികൾക്ക് അവളെ പ്രത്യക്ഷയുമാക്കി. അതിന്റെ പ്രത്യാഘാതം ഇന്നലെ ഇവർക്ക് കിട്ടി.. കണ്ടോ എല്ലാത്തിന്റെയും കഴുത്തിലെ പാട് "
വേദവ്യാസ് പറഞ്ഞത് കേട്ട് ദേവദത്തൻ നടുക്കത്തോടെ സ്വാതിയെയും ജാസ്മിനെയും നേഹ യേയും നോക്കി.
അവരുടെ കഴുത്തിൽ തിണർത്ത് കിടക്കുന്ന ചുവന്ന പാട് അയാൾ കണ്ടു.
"തുപ്തിയായില്ലേ നിങ്ങൾക്ക്''. അത്രയെങ്കിലും ചോദിക്കാതിരിക്കാനായില്ല ദേവദത്തന്.
"ദത്തേട്ടാ: "അരുതെന്ന ഭാവത്തിൽ പവിത്ര വിളിച്ചു.
പെൺകുട്ടികൾ മുഖം കുനിച്ചു നിന്നു.
" ഒരാത്മാവും മനുഷ്യനെ പോലെ പെരുമാറില്ല. അതോർത്താൽ നന്ന് "
ദേവദത്തൻ സംയമനം പാലിച്ചു.
പിന്നെ കിഴക്കേടത്തിനെ നോക്കി.
"പ്രായശ്ചിത്ത പൂജ ഇന്ന് ആരംഭിക്കില്ലേ.. അത് അവസാനിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലൊരു തീരുമാനം വേണം. ആദ്യദിനം നഷ്ടപ്പെട്ടതിൽ കാൽസിദ്ധി..രണ്ടാം ദിനം അര .. മൂന്നാം ദിനം മുക്കാൽ .. നാലാം ദിനം മുക്കാല് മുക്കാൽ ..അഞ്ചാം ദിനം .. മുഴുവൻ സിദ്ധിയും ഇരട്ടിയായി തിരിച്ചു കിട്ടും. ആറാം ദിനം പരദേവതാ പ്രണാമം.. ഒരാഴ്ചയ്ക്കുള്ളിൽ ദേവപ്രീതി പൂജ.. രണ്ടാം ആഴ്ചയ്ക്കവസാനം പ്രായശ്ചിത്തപൂജാ അവസാനം.. അന്ന് ... അന്ന് അവളും ഞാനും ..നമ്മളും മുഖാമു ഖം കാണും"
ദേവദത്തന്റെ ശബ്ദമുയർന്നതും ഹുങ്കാരവത്തോടെ ഒരു കാറ്റ് അലച്ചു വന്നു. ചുഴലിക്കാറ്റ്.
എല്ലാവർക്കും അടിതെറ്റി.
" പോ ..." കിഴക്കേടത്ത് മന്ത്രിക ദണ്ഡ് അന്തരീക്ഷത്തിലേക്കുയർത്തി.
"കാറ്റായും മഴയായും ഭൂമികുലുക്കമായും നീ വരും .. അറിയാം..പക്ഷേ ഈ മനയോട് വേണ്ട കളി... ദൂരെ പോ".
അയാൾ വീണു പോകാതെ ചുറ്റു വരാന്തയുടെ തൂണിൽ പിടിച്ചു നിന്ന് ഗർജ്ജിച്ചു
കാറ്റ് അടങ്ങി.
"ഭീഷണി.. ത്ഫൂ "കിഴക്കേടത്ത് നടുമുറ്റത്തേക്ക് നീട്ടി തുപ്പി.
പെൺകുട്ടികൾ പകച്ചു നിന്നു
"ഞാൻ തങ്കത്തെ ഒന്നു കണ്ടിട്ടു വരട്ടെ.."
ദേവദത്തൻ അകമുറി യിലേക്ക് ചെന്നു.
ദുർഗ കിടക്കുകയായിരുന്നു.
അവളുടെ മുഖം വിളറി വെളുത്തിരുന്നു.
കവിളെല്ലുകൾ ഒട്ടിയ രൂപം കണ്ട് ദേവദത്തൻ ഞെട്ടിത്തരിച്ചു നിന്നു പോയി.
അതേ അവസ്ഥയിലായിരുന്നു പവിത്രയും.
"എന്റെ മോളേ.. തങ്കം " ഒരു കരച്ചിലോടെ പവിത്ര ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു വിങ്ങിക്കരഞ്ഞു.
ദുർഗ മിഴികൾ പൂട്ടിക്കിടന്നു
" തങ്കക്കുട്ടീ.. "ദേവദത്തൻ വിശ്വാസം വരാതെ അവളെ തൊട്ടു വിളിച്ചു.
"ഏട്ടനെ നോക്ക്.. എന്തിനാ ഈ പിണക്കം.. തങ്കം''.
അയാൾ അവളുടെ മുഖം പിടിച്ചുലച്ചു.
ദുർഗകണ്ണു തുറന്നു.
ദയനീയമായ ഒരു നോട്ടം അയാളുടെ കണ്ണുകളുമായി കോർത്തു.
ദേവദത്തൻ തകർന്നു പോയി.
"മഹിയേട്ടൻ .. എന്നെ ഉപേക്ഷിച്ച് പോയി... എല്ലാവരും കൂടി .. എന്നേം മഹിയേട്ടനേം.. "
ദുർഗ വിങ്ങിപ്പൊട്ടി
"ഏയ്.. "ദേവദത്തൻ അവളുടെ നെറുകയിൽ ചുംബിച്ചു.
പിന്നെ ആരെയും നോക്കാതെ പുറത്തേക്കോടി.
മുറ്റത്തിറങ്ങിയതും കാർ സ്റ്റാർട്ട് ചെയ്തതും മിനുട്ടുകൾക്കകം കഴിഞ്ഞു.
എല്ലാവരും പുറകെ എത്തുമ്പോഴേക്കും കാർ കുതിച്ചു പോയിക്കഴിഞ്ഞു.
കഴിയാവുന്നത്ര സ്പീഡിലാണ് ദേവദത്തൻ കാറോടിച്ചത്.
ചെറുതുരുത്തിയിലെ മഹേഷിന്റെ വീട്ടുമുറ്റത്ത് കാർ ചെന്നലച്ചു നിന്നു.
ബാലചന്ദ്രൻ നായർ സിറ്റൗട്ടിലുണ്ടായിരുന്നു.
"എന്താ മോനേ സംഭവം.. അവനിപ്പോ കല്യാണം വേണ്ടെന്ന് വെച്ചെന്ന് പറയുന്നു. എനിക്കൊന്നും മനസിലായില്ല.. വലിയേടത്തേക്ക് വരാനിരിക്കുകയായിരുന്നു ഞാൻ ".
ബാലചന്ദ്രൻ നായർ ഒറ്റ ശ്വാസത്തിൽ തിരക്കി
"കല്യാണം ഇന്നേക്ക് അഞ്ചാം ദിവസം നടക്കും.. നാടു മുഴുവൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ഗംഭീരമായ വിവാഹം. അതു പറയാനാ ഞാൻ വന്നത്‌."
ദേവദത്തന്റെ ഉറച്ച വാക്കുക്കൾ കേട്ട് അയാൾ പതറി നിന്നു.
ശബ്ദം കേട്ട് സരസ്വതി പുറത്തേക്ക് വന്നു.
"മഹിയെവിടെ "
ദേവദത്തൻ അവരോട് തിരക്കി
"കുറച്ച് ദിവസമായി ലീവെട്ടത്ത് അകത്തു തന്നെ കയറി കിടത്തമാ".
ദുർബലമായ സ്വരത്തിൽ അവർ പറഞ്ഞു.
"എനിക്കൊരു മോനേയുള്ളു ദത്താ .. അവനെ എല്ലാവരും കൂടി വേദനിപ്പിക്കരുത് "
അവർ തേങ്ങി.
ദേവദത്തൻ ഒന്നു നിന്നു.
പിന്നെ ഉറച്ച കാലടികളോടെ അകത്തേക്ക്‌ നടന്നു.
സരസ്വതി പറഞ്ഞത്മ പോലെ തന്നെ വിദൂരതയിലേക്ക് മിഴി പാകി കിടക്കുകയായിരുന്നു മഹേഷ് ബാലൻ.
ദേവദത്തന്നെ കണ്ട് അവൻ ചാടിയെഴുന്നേറ്റു.
"വാ.. "
ദേവദത്തൻ അവന്റെ കൈ പിടിച്ചു.
"നിന്നെ കൊണ്ടു ചെന്നേൽപിച്ചില്ലെങ്കിൽ പ്രാണൻ കളയും എന്റെ തങ്കം.. അവളുടെ ജീവനാണ് നീ"
ദേവദത്തൻ വിങ്ങി.
അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ടു തന്നെ ദേവദത്തൻ പുറത്തേക്കിറങ്ങി.
"മഹിയെ ഉടനെ പറഞ്ഞയക്കാം അമ്മേ ''.
സരസ്വതിയോടായി അവൻ പറഞ്ഞു.
കാറിൽ ദേവന്റെ അടുത്തിരിക്കുമ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ച ഭാവത്തിലായിരുന്നു മഹേഷ് ബാലൻ
വലിയേടത്തെ മുറ്റത്ത് കാർ വന്നു നിന്നും ഏവരും ച്ചു വരാന്തയിലേക്ക് ഓടി വന്നു.
" മഹേഷ് വന്നു... മഹി വന്നു... മഹിയേട്ടൻ വന്നു... "
ആരൊക്കെയോ ആർത്തു പറയുന്നത് ദുർഗയുടെ കാതിലെത്തി.
ഒരു കുതിപ്പിന് അവൾ കിടക്കവിട്ടെഴുന്നേറ്റ് ഒരു കൊടുങ്കാറ്റ് പോലെ പുറത്തേക്കോടിയിറങ്ങി. കാറിൽ നിന്നും ഇറങ്ങി ചുറ്റുവരാന്തയക്കു നേരെ വരികയായിരുന്നു മഹേഷ് ബാലൻ.
"മഹിയേട്ടാ.." എന്ന ആർത്തനാദത്തോടെ ദുർഗ അവനിലേക്ക് ഓടിയടുത്തു.
പിന്നെ ആ നെഞ്ചിലേക്ക് ഒരു കിളിക്കുഞ്ഞിനെ പോലെ പറ്റിച്ചേർന്നു
"മഹിയേട്ടാ.."
അവൾ ഉറക്കെ നിലവിളിച്ചു.
ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങി.
മഹേഷ് ബാലൻ പരിസരം മറന്നു.
"തങ്കം.. എന്റെ പൊന്നേ "
മഹേഷ് ബാലൻ അവളെ പ്രാണന്റെ പ്രാണനിൽ അലിയും വിധം തന്നോട് ചേർത്തണച്ചു.
കണ്ണീർ തുള്ളികൾ തമ്മിലിടഞ്ഞു.
കാഴ്ചക്കാരനായി നിന്ന കിഴക്കേടത്ത് വരെ വിതുമ്പിപ്പോയി.
"തങ്കം.''
ഏറെ കഴിഞ്ഞ് മഹേഷ് ബാലൻ അവളെ നെഞ്ചിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചു.
അനക്കമില്ലായിരുന്നു ദുർഗയ്ക്ക്.
മയങ്ങിക്കിടക്കുകയായിരുന്നു അവൾ.
"ദത്തേട്ടാ".
മഹേഷ് ബാലൻ ഭയന്ന് നിലവിളിച്ചു.
"എന്റീശ്വരാ.. " എന്ന നിലവിളിയോടെ ദേവദത്തൻ അവളെ ചെന്നു കോരിയെടുത്തു
ഒരു പാവയെ പോലെ ദുർഗ അയാളുടെ കൈയ്യിൽ മലർന്നു കിടന്നു.
അപ്പോൾ ദേവദത്തൻ കണ്ടു.
അവളുടെ നീളൻകഴുത്തിന്റെ ഇടത് ഭാഗത്ത് ഒരു ചുവന്ന പാട്.
കൂർത്ത ഒരു കോമ്പല്ല് ആഴ്ന്നിറങ്ങിയത് പോലെ.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot