ദുഫായ് വിജയൻ കാളിംഗ് .
ഹലോ എന്തെല്ലാം ഉണ്ടെടാ വിശേഷങ്ങൾ
അൽ വിവാഹവാർഷിക മംഗളാശംസകൾ
അതെന്താടാ വിജയാ പുതിയ ഒരു അൽ ചേർത്ത ആശംസകൾ.
നമ്മളെല്ലാം ഇങ്ങ് അറബി നാട്ടിലെ പ്രവാസികൾ അല്ലേ ദാസാ അതിനാൽ മലയാള വാക്കിനോട് അൽ ചേർത്ത് പറഞ്ഞാൽ അറബി വാക്ക് ആകുമെന്ന് പണ്ട് ഗഫൂർക്കാ ദോസ്ത് പഠിപ്പിച്ച് തന്നത് ഓർത്തു പറഞ്ഞതാണ്.
അതേതായാലും നന്നായി എനിക്കും അറിയില്ല അതിന്റെ മലയാളം, വിവാഹത്തിന് അറൂസ് എന്നാണ് പറയുന്നത് എന്നറിയാം. അതു കഴിഞ്ഞ് നീ പറഞ്ഞ മംഗളത്തിനും മനോരമയ്ക്കും എന്താണ് അറബിയിൽ പറയുന്നതെന്ന് അറിയില്ല. ആശംസകൾക്ക് മബ്റൂക്ക് എന്നാണെന്ന് തോന്നുന്നു. ഏതായാലും ഇവിടെ ഒരു ഒമാനി പയ്യൻ നിൽക്കുന്നുണ്ട് അവനോട് ഒന്നു ചോദിക്കട്ടെ വിവാഹ വാർഷികമംഗളാശംസകൾക്ക് അറബിയിൽ എന്താണ് പറയുന്നതെന്ന്.
"വൈവാഹാരികയങ്ങ്വാസിസ് " എന്നാണ് അവൻ പറയുന്നത്. ശരിയാണോ എന്ന് ദൈവത്തിന് മാത്രം അറിയാം.
ഇതൊരു തരം ചൈനീസ് വാക്ക് പോലിരിക്കുന്നല്ലോ ?
അതിന് വിജയാ നിനക്ക് ചൈനീസ് അറിയുമോ?
പിന്നേ ചൈനീസ് കേട്ടാൽ മനസ്സിലാകില്ലെങ്കിലും പറയാൻ അറിയില്ല എന്നു മാത്രം.
വളരെ ഞഞ്ഞായി.
അതു പോട്ടെ ഞാൻ മറൊരു സംശയം ചോദിച്ചോട്ടെ? നമ്മളിൽ ആരുടെ കല്യാണം ആണ് ആദ്യം കഴിഞ്ഞത്.
അത് എന്റേതായിരിക്കും.
അതെങ്ങിനെ ശരിയാകും എന്റെ വിവാഹം മെയ് മാസത്തിൽ ആയിരുന്നല്ലോ.
ശരി എങ്കിൽ സമ്മതിച്ചു. നിന്റെയാണ് വിവാഹം ആദ്യം നടന്നതെങ്കിലും വാർഷികം എന്റെയാണ് ആദ്യം.
അതെങ്ങിനെയാണ് ?
എടാ എന്റെ വാർഷികം ഇന്ന് ഇനി ഏഴു മാസത്തിനു ശേഷമല്ലേ നിന്റെ വാർഷികം.
നിന്റെ ബുദ്ധി സമ്മതിക്കാതെ തരമില്ല. എങ്കിലും ഒരു കാര്യം ഞാൻ ഓർക്കുന്നുണ്ട് എന്റെ കല്യാണത്തിന് നിന്റെ ഭാര്യ ഒരു പച്ചനിറമുള്ള ചൂരിദാർ അണിഞ്ഞാണ് വന്നത്.
ചൂരിദാറിന്റെ കാര്യം നീ മിണ്ടരുത്. അതിന്റെ പേരിൽ ഒരു വഴക്ക് ഇപ്പോൾ കഴിഞ്ഞ തേയുള്ളു. ഒന്നാമതെ എത്ര തിരഞ്ഞെടുത്താലും അവസാനമൊരു പച്ചകലർന്ന നിറത്തിലാണ് എപ്പോഴും പ്രിയതമ ചൂരിദാർ സെലക്ടു ചെയ്യുന്നത്.
അതിനെന്തിനാ ദാസാ നീ വഴക്കിടുന്നത്.
വഴക്കിടുന്നതതിന്റെ കാരണം പുള്ളിക്കാരിയുടെ ചൂരിദാർ എല്ലാം ഞാനാണ് നശിപ്പിക്കുന്നത് എന്നു പറഞ്ഞ് കൊണ്ടാണ്.
നീയെന്താ ചുണ്ടെലിയാണോ ചൂരിദാർ നശിപ്പിക്കാൻ.
കടിച്ചു മുറിച്ചു നശിപ്പിക്കുന്നു എന്നല്ല. FB യിൽ ഇട്ട് നശിപ്പിക്കുന്നു എന്നാണ് പരാതി. ഇന്നു തന്നെ നാളെ കല്യാണത്തിന് ഇടാൻ വച്ചിരുന്ന രണ്ടു പുതിയ ചൂരിദാർ ഇട്ട ഫോട്ടോ FB യിൽ ഇട്ടതിനാൽ ഇനി അത് കാണാൻ ആരും ബാക്കിയില്ല , അതിനി എങ്ങിനെ ആൾക്കാരുടെ മുന്നിൽ ഇട്ടോണ്ട് പോകും എന്ന പരാതി, പരിഭവം. വഴക്ക്, ബഹളം.
നമ്മളെല്ലാം നല്ലൊരു ഷർട്ട് ഇട്ട ഫോട്ടോ FB യിൽ ഇട്ടാൽ പിന്നത് മാറ്റില്ല. പത്തുപേർ കണ്ട് തിരിച്ചറിഞ്ഞോട്ടെ എന്നു കരുതും. വഴക്കിടാൻ ഓരോരോ കാരണങ്ങൾ തപ്പി നടക്കുകയാണ് ദാസാ, നമ്മുടെ പ്രിയതമകൾ.
അതാണ് കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞത് ആദ്യമായി ചെയ്ത ഒരു മണ്ടത്തരമാണ്
ഇതു പോലൊരു പെണ്ണിനെ കെട്ടിയതെന്ന് .
ഇതു പോലൊരു പെണ്ണിനെ കെട്ടിയതെന്ന് .
അത് കേട്ടിട്ട് എന്തു മറുപടി തന്നു.
നിങ്ങൾക്കല്ല മനുഷ്യാ മണ്ടത്തരം പറ്റിയത് എനിക്കാണ്. എന്റെ ആനമണ്ടത്തരമാണ് നിങ്ങളെ പോലെ ഒരു മനുഷ്യനെ കെട്ടിയത് എന്നു പറഞ്ഞ് അന്നത്തേക്ക് ഒരു ചെറിയ വഴക്കിന് കാരണം കിട്ടി.
രസമതല്ല വിജയാ, ഇത് കേട്ട് പിള്ളേർ പറഞ്ഞതാണ് ഞങ്ങളെന്തു മണ്ടത്തരം കാട്ടിയിട്ടാണ് ദൈവം ഞങ്ങളെ ഈ മണ്ടന്റേയും മണ്ടിയുടേയും ഇടയിലേയ്ക്ക് പറഞ്ഞു വിട്ടത്. എന്നാലും ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് ഇവരെ രണ്ടിനേയും എന്നാണ്.
എന്നാൽ ശരി ദാസാ, പിന്നെ വിളിക്കാം, അപ്പോൾ എല്ലാം പറഞ്ഞ പോലെ . "വൈവാഹാരികയയങ്ങ് വാസിസ്.
By PS ANilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക