Slider

ഉമ്മറും , ഐ ഇ എൽ ടി എസും, ഉമ്മയും

0
 Image may contain: Muhammad Ali Ch, smiling, selfie, stripes, closeup and indoor
(ഉമ്മറിന്റെ അനുഭവങ്ങൾ - 4)
-----------------------------------------------------------------------------
ഗൾഫിൽ തരക്കേടില്ലാത്ത ജോലി ലഭിച്ച ഉമ്മറിന്, മൂന്നു വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു മോഹമുദിച്ചു. ഗൾഫ് ന്യൂസും , ഖലീജ് ടൈംസുമൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കുമ്പോൾ എപ്പോളും കണ്ണിലുടക്കുന്ന പരസ്യങ്ങളാണ് 'മൈഗ്രെഷൻ ടു കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്' ..
എന്നാ പിന്നെ കാനഡയിലേക്ക് ഒന്ന് ശ്രമിച്ചു നോക്കിയാലോ ?
സ്ക്കൂളിൽ പഠിക്കുമ്പോൾ , ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്, എന്ന കണ്ണൻ മാഷിന്റെ ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞവനാ ഉമ്മർ...
"നയാഗ്ര", ചാടിയെണീറ്റ് അന്ന് ക്ലാസ്സിൽ ആ ശരിയുത്തരം പറഞ്ഞത്, നയാഗ്ര വെള്ളച്ചാട്ടം പോലെ ഉമ്മറിന്റെ തലച്ചോറിലേക്ക് പതിച്ചു കൊണ്ടിരിന്നു.
വീണ്ടും ഒരു വർഷത്തിന് ശേഷം വിവാഹം നടന്നു, ഏതാനും മാസങ്ങൾക്ക് ശേഷം നയാഗ്ര കൂടി സ്ഥിതി ചെയ്യുന്ന കാനഡയിലേക്ക് തന്നെ ബീവിയെയും കൂട്ടി കുടിയേറ്റം നടത്തിക്കളയാമെന്ന തീരുമാനത്തിലെത്തി ഉമ്മർ.
ഓൺലൈനിൽ കണ്ടെത്തിയ ,കാനഡയിൽ നിന്ന് തന്നെയുള്ള ഇമ്മിഗ്രെഷൻ കൺസൾട്ടിനെ വെച്ചു , സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രെഷൻ കാനഡക്ക് അപേക്ഷ അയച്ചു.
രണ്ട് വർഷങ്ങൾ, അനേകം കത്തിടപാടുകൾ, വിദ്യാഭ്യാസ യോഗ്യതയുടെയും, മറ്റ് രേഖകളുടെയും ശേഖരണവും, പരിശോധനയും, പുനഃപരിശോധനയുമെല്ലാം കഴിഞ്ഞു, കനേഡിയൻ കുടിയേറ്റ അധികാരികളുടെ സ്നേഹപൂർവ്വമുള്ള കത്ത് ലഭിച്ചു..
"മിസ്റ്റർ ഉമ്മർ , താങ്കൾ 'ഇന്റർനാഷണൽ ഇംഗ്ളീഷ് ലാൻഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം' വഴിയുള്ള ഇംഗ്ളീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി, വരുന്ന ആറ് മാസത്തിനുള്ളിൽ സമപർപ്പിക്കണം, അതിനായി നിങ്ങൾക്ക് ബ്രിട്ടീഷ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്..
അങ്ങനെ പോകുന്നു ആ കത്ത്, അല്ല, നല്ല ഒന്നാന്തരം 'കുത്ത്'....
എന്തായാലും ഇത് വരെ എത്തി, ഇനി ഐ ഇ എൽ ടി എസ് സർട്ടിഫിക്കറ്റ് ഇല്ലാഞ്ഞിട്ട് കാനഡയും നയാഗ്രയും കാണുന്നത് ഇല്ലാതാവണ്ട .. സർക്കാർ മാപ്പിള സ്ക്കൂളിൽ നാലാം ക്ലാസ് മുതൽ ഇംഗ്ളീഷ് പഠിക്കാൻ തുടങ്ങിയതല്ലേ താൻ.. ഒരു കൈ നോക്കാന്നേ .. പോയാൽ കുറച്ച് ദിർഹംസ്, കിട്ടിയാൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഇംഗ്ളീഷിൽ , “ഉമ്മറേ നീ യോഗ്യനാണെടാ " എന്ന സാക്ഷ്യപത്രവും ..
ഉമ്മർ തന്നോട് തന്നെ സംസാരിച്ചു ആത്മധൈര്യം സംഭരിച്ചു,
ധൈര്യപൂർവ്വം നഗരത്തിലെ ബ്രിട്ടീഷ് കൗൺസിലിൽ ചെന്നു കാര്യങ്ങൾ അന്വേഷിച്ചു , എന്താണ് ,ഏതാണ് എന്നൊക്കെ മനസ്സിലാക്കി, 630 ദിർഹംസ് അടച്ചു ഒന്നരമാസത്തിന് ശേഷം നടക്കുന്ന ഐ ഇ എൽ ടി എസ് പരീക്ഷക്കിരിക്കാൻ റജിസ്റ്റർ ചെയ്തു.
"സാർ, ഐ ഇ എൽ ടി എസ് കോച്ചിങ് ക്ലാസ്സിന് രെജിസ്റ്റർ ചെയ്യുന്നുണ്ടോ ?", അറബ് വംശജയായ റിസപ്‌ഷനിസ്റ്റ് ഉമ്മറിനോട് ചോദിച്ചു ,
"ങ്ഹേ, ഇതിന് കോച്ചിങ് ക്‌ളാസ്സുമുണ്ടോ", ഉമ്മർ ചോദിച്ചു,
"യെസ് , അടുത്തയാഴ്ച പുതിയ ബാച്ച് തുടങ്ങുന്നുണ്ട് , ഫീസ് 1,300 ദിർഹംസ്"
"1,300 ദിർഹംസ് ? " അയ്യോ, കോച്ചിങ് ക്ലാസ്സിന് ഞമ്മളില്ലേ , എന്ന് പറഞ്ഞു ഉമ്മർ പിൻവാങ്ങിയെങ്കിലും,
"ഇതിന് വല്ല സ്റ്റഡി മെറ്റീരിയൽസുമുണ്ടോ" എന്നൊരു ചോദ്യം എന്തോ ഉൾപ്രേരണനയാൽ ചോദിച്ചു..
"ങ്ഹാ , 100 ദിർഹംസ് അടച്ചാൽ ഒരു ഗൈഡും, പിന്നെ ഒരു സി ഡി യും ലഭിക്കും" എന്തായാലും 100 താങ്ങാവുന്നതായത് കൊണ്ട് ഉമ്മർ സമ്മതിച്ചു, അത് വാങ്ങി, ഇംഗ്ളീഷിൽ തന്നോട് തന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവിടം വിട്ടു.
ഐ ഇ എൽ ടി എസ് എഴുത്തു പരീക്ഷയൊക്കെ കഴിഞ്ഞു, പത്താം ക്ലാസ്സിൽ പുഷ്പ ടീച്ചർ പഠിപ്പിച്ച ഗ്രാമ്മറും, കോമ്പോസിഷനും ഒക്കെ കൂടി തട്ടിക്കൂട്ടി എഴുത്ത് പരീക്ഷ അങ്ങനെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഒക്കെ റിസൾട്ട് വരുമ്പോ അറിയാമെന്ന ഭാവത്തിലിരുന്നു ഉമ്മർ.
ഇനി സ്പീക്കിങ് ടെസ്റ്റ് ആണ്, അന്നേ ദിവസം രാവിലെ തന്നെ ബ്രിട്ടീഷ് കൗൺസിലിൽ സ്പീക്കിങ് ടെസ്റ്റിന് എത്തി.
ഉമ്മറിന്റെ മനസ്സിൽ, സർക്കാർ മാപ്പിള സ്ക്കൂളിൽ നാലാം ക്ലാസ്സിൽ ഇംഗ്ളീഷ് പഠിപ്പിച്ച വേണുഗോപാലൻ മാഷും, അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച ശിവശങ്കരൻ മാഷുമൊക്കെ ഓടിയെത്തി..
മത്സരാർത്ഥികളെയെല്ലാം ആദ്യം ഒരു മുറിയിൽ ഒരുമിച്ചിരുത്തി. ബ്രിട്ടീഷ് കൗൺസിലിനുള്ളിലെ ഒരു ഹാളിലിരുത്തി , ഒരു ലേഡി ഇൻസ്ട്രക്ടർ (മദാമ്മയാണ്) വന്നു , എങ്ങനെ ഈ സ്പീക്കിങ് ടെസ്റ്റ് അഭിമുഖീകരിക്കണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകിക്കൊണ്ടിരിക്കുന്നു.
"ഇതിൽ കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കാത്തവർ ആരെങ്കിലുമുണ്ടോ ? ഇൻസ്ട്രക്ടർ മദാമ്മ ചോദിച്ചു.
"യെസ്", ഉമ്മർ എഴുന്നേറ്റു മറുപടി പറഞ്ഞു,
ഉമ്മറിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു , മദാമ്മ പറഞ്ഞു,
"ഇരിക്കൂ", ഓൾ ദി ബെസ്റ്റ്",
"താങ്ക് യു" പറഞ്ഞു ഉമ്മർ ഇരുന്നു.
പരീക്ഷ നടത്തുന്ന മുറിയിലേക്ക് ഉമ്മറിന്റെ ഊഴമെത്തി.
മധ്യവയസ്ക്കയായ ഒരു മദാമ്മയാണ് ഉമ്മറിന്റെ ഇംഗ്ളീഷ് സ്പീക്കിങ് എബിലിറ്റി ടെസ്റ്റ് നടത്താൻ തയ്യാറായി ഉമ്മറിനെ മുറിയിൽ സ്വീകരിച്ചത്. മനോഹരമായി പുഞ്ചിരിച്ചു , മദാമ്മ പരിചയപ്പെടുത്തി ,
"ഗുഡ് മോർണിംഗ് മിസ്റ്റർ ഉമ്മർ, ഐ ആം മിസിസ് ലിൻഡ ഗ്രിഫിത്സ്, ഐ ആം യുവർ എക്സാമിനർ ഹിയർ"
അൽപ്പം വിറയലോടെയെങ്കിലും ഉമ്മർ പറഞ്ഞു "ഓക്കേ , താങ്ക് യു മാഡം"
"ആർ യു റെഡി? " ലിൻഡ മദാമ്മ ചോദിച്ചു
"യെസ് മാഡം",
ഓക്കേ , "ഹിയർ വി ഗോ", ടെൽ മി എബൗട് യുവർസെൽഫ്",
"ഐ ആം ഉമ്മർ ഫ്രം ഇന്ത്യ, ... വർക്കിംഗ് ഹിയർ ഇൻ ദുബായ്.. ഉമ്മർ അങ്ങനെ പറഞ്ഞു തുടങ്ങി, അറിയാവുന്ന രീതിയിൽ ഒഴുക്കോടെ തന്നെയൊന്ന് പരിചയപ്പെടുത്തി. മദാമ്മയുടെ മുഖത്ത് പ്രത്യേക ഭാവമൊന്നുമില്ല.
അടുത്തതായി തന്റെ മൊബൈൽ ഫോൺ കയ്യിലെടുത്ത് ഉമ്മറിനെ കാട്ടി (ഉമ്മർ കരുതി, നന്നായി ഇംഗ്ളീഷ് പറഞ്ഞത് കൊണ്ട് തനിക്ക് സമ്മാനമായി തരാനാണോ .. ഛെ ഈ സമയത്താണോ ഒരു തമാശ.. എന്ന് സ്വയം ചോദിച്ചു കൊണ്ട്, ശ്രദ്ധാപൂർവ്വമിരുന്നു ഉമ്മർ..) ,
മദാമ്മ ആവശ്യപ്പെട്ടു,
"ടെൽ മി എബൌട്ട് ദിസ്", ഇതിന്റെ ഗുണവും ദോഷവും ...
ങ്ഹേ , പടച്ചോനെ, ഇങ്ങനെയൊരു ചോദ്യമോ ? ഇത് കൊണ്ടുള്ള ഗുണം..അതറിയാം, എന്നാലും ദോഷം ?
ങ്ഹാ, താനിവിടെ പരീക്ഷാച്ചൂടിൽ വെയിറ്റിങ് ഹാളിൽ ഇരിക്കുമ്പോളാ ഓഫീസിൽ നിന്ന് മാനേജർ ഒരാവശ്യത്തിന് വിളിച്ചത്, സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാ, ആ സമയം അതൊരു ശല്യമായാണ് തോന്നിയത്, എന്തായാലും ആ കാര്യം അങ്ങട് വെച്ച് കാച്ചി ഉമ്മർ, പിന്നെ ഒരു ദിവസം വഴിതെറ്റി മരുഭൂമിയിലേക്കുള്ള ഒരു റോഡിലേക്ക് വണ്ടി ഓടിച്ചപ്പോൾ , ഒരു സുഹൃത്തിനെ മൊബൈലിൽ വിളിച്ചാണ് ശരിയായ റൂട്ട് കണ്ടു പിടിച്ചത്, അതും അങ്ങട് വിവരിച്ചു കൊടുത്തു..
മദാമ്മയുടെ മുഖത്ത് നേരിയ പുഞ്ചിരി വിടരുന്നത് ഉമ്മർ ശ്രദ്ധിച്ചു. എന്നാൽ മദാമ്മ വിടാൻ ഭാവമില്ല,
അടുത്ത ചോദ്യം..
"നിങ്ങളുടെ വീട്ടിൽ പഴയ കാലത്ത് എങ്ങനെ ജീവിച്ചിരുന്നുവെന്നും, ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും ബ്രീഫ് ആയി പറയണം പോലും ..
പെട്ടല്ലോ പടച്ചോനെ,.. ഒരു നിമിഷം കൊണ്ട് ഉമ്മർ സമചിത്തത വീണ്ടെടുത്ത്..
ഉമ്മറിന്റെ മനസ്സിൽ നാട്ടിൽ, തന്റെ വീട്ടിലെ പഴയ ചില ദൈനംദിന കാര്യങ്ങൾ ഓർമ്മ വന്നു.. ഉമ്മർ പറഞ്ഞു,
"മാഡം . ഞാൻ മദ്രസയിലും , പ്രൈമറി സ്‌കൂളിലും പഠിക്കുന്ന കാലത്ത്, എന്റെ ഉമ്മ അതിരാവിലെ എഴുന്നേറ്റ്, ബാപ്പ ജോലിക്ക് പോകുന്നതിന് മുൻപേ, ബാപ്പക്ക് കൊടുക്കാനും , പിന്നെ ഞങ്ങൾ അഞ്ച് മക്കളെ ഒരേ സമയം മദ്രസയിലും, സ്‌കൂളിലും, കോളേജിലും അയക്കാനും ചായയും പ്രാതലുമുണ്ടാക്കാൻ , കിണറിൽ നിന്നും വെള്ളം വലിക്കും. ആദ്യമാദ്യം കിണറിന് കുറുകെ ഇട്ടിരുന്ന മരത്തടിയിൽ ചേർത്തുകൊണ്ടാണ് വെള്ളം വലിച്ചിരുന്നത്, പിന്നീട് കപ്പിയും കയറുമായി.. പിന്നെ അമ്മിയും അമ്മിക്കുട്ടിയും ഉപയോഗിച്ച് അരിയരച്ച് , പത്തലും, ദോശയും ഒക്കെ ഊഴം പോലെ ഉണ്ടാക്കും,.. ഇന്നിപ്പോൾ എന്റെ വീട്ടിൽ വാട്ടർ പമ്പ് സെറ്റ് ഉപയോഗിച്ച് പൈപ്പിലൂടെ വെള്ളം ശേഖരിക്കുന്നു, അമ്മിക്കല്ലിനും അമ്മിക്കുട്ടിക്കും പകരം, ഗ്രൈൻഡറും, കാര്യങ്ങൾക്ക് മിക്സിയും, ഉപയോഗിക്കുന്നു.. അങ്ങനെ അനേകം മാറ്റങ്ങൾ മാഡം ..
ഇങ്ങനെ കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു ഉമ്മർ നിർത്തി .. അപ്പോളേക്കും ഉമ്മയെ ഓർത്ത്, താനൊരു പരീക്ഷമുറിയിലാണെന്ന കാര്യം പോലും മറന്നു, ഉമ്മറിന്റെ കണ്ണിൽ ചെറിയ നനവ് പടർന്നിരുന്നു..
ഇത്തവണ മദാമ്മയുടെ മുഖത്ത് ഒരു പാൽനിലാ പുഞ്ചിരി തന്നെ വിടർന്നു. ആ സമയം അവരുടെ കണ്ണിലും ചെറിയൊരു സങ്കടമുള്ളത് ഉമ്മറിന് തോന്നിപ്പോയി..
"താങ്ക് യു എന്ന് പറഞ്ഞു, എഴുന്നേറ്റ് , ഷെയ്ക്ക് ഹാൻഡ് ചെയ്തു, ഉമ്മറിനെ മദാമ്മ യാത്രയാക്കി..
രണ്ടാഴ്ച കഴിഞ്ഞു ഐ ഇ എൽ ടി എസ് റിസൾട്ട് വന്നപ്പോൾ, ഉമ്മറിന് ക്വാളിഫൈ ചെയ്യാനുള്ള ബാൻഡ് സ്‌കോറുകൾ അതിലുണ്ടായിരുന്നു..
ഏറ്റവും മഉയർന്ന ബാൻഡ് സ്‌കോർ ലഭിച്ചത് സ്പീക്കിങ് ടെസ്റ്റിലും ..
-മുഹമ്മദ് അലി മാങ്കടവ്
09/10/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo