നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒളിച്ചോടിയ വാക്കുകൾ


=========
ഇന്നലെ രാത്രി,
എഴുതി അടച്ചു വച്ചതാണ്
ഞാനെന്റെ തൂലിക,...
ഇന്നു രാവിലെ
എഴുതാനിരുന്നപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്,
എന്റെ തൂലികയിൽ നിന്നും കുറെ അക്ഷരങ്ങൾ ഒളിച്ചോടിയിരിക്കുന്നു,
എഴുതി പൂർത്തിയാകാത്ത രചനകൾ ഇനി എങ്ങനെ പൂർത്തിയാക്കും,
സംഭവം സ്ഥലം
നിയമപാലകരെ ബോധിപ്പിച്ചു,
കാണാതെ പോയ എന്റെ അക്ഷരങ്ങളെ കണ്ടെത്തി തരുമാറാകണം,..
ഉടനെ വന്നു പോലിസിന്റെ ചോദ്യം,
ഒളിച്ചോടിയ അക്ഷരങ്ങൾ പ്രായപ്പൂർത്തിയാവരാണോ, ?
ഓരേ മതത്തിൽപ്പെട്ടവരാണോ,?
അന്യമതസ്ഥരാണെങ്കിൽ ലൗ ജിഹാദാകാനാ സാധ്യത,
അല്ലെങ്കിൽ ,
ഭീകരവാദത്തിനായി കടത്തിയതാകും,
ഞാൻ തലകുനിച്ച് മൗനംഭജിച്ചപ്പോൾ ഒരു പോലിസുകാരൻ പറഞ്ഞത്രേ,
അവിഹിത ഗർഭം പേറി പെറാൻ പോയതാകും,...
ഇല്ല ...എന്റെ അക്ഷരങ്ങൾ അത്തരക്കാരല്ലേ ..
ഞാൻ വിതുമ്പിയപ്പോൾ ഏമാൻ ചൊല്ലി,
ഒരു പരാതി എഴുതി താ,...
ഒപ്പം
കാണാതായ അക്ഷരങ്ങളുടെ ഡീറ്റെയിൽസും,
കാണാതായ അക്ഷരങ്ങൾ പ്രായപ്പൂർത്തിയായവരാണ് സർ,
സ്നേഹത്തിന് ,പ്രണയത്തേക്കാളും പ്രായമുണ്ട്,
ആത്മാർത്ഥത ,വിശ്വാസത്തേക്കാളും
മൂത്തവളാണ്,
ധർമ്മത്തിന്റെ ഇളയവളാണ് നീതിയെങ്കിലും അവളും, പ്രായപ്പൂർത്തിയാവളാണ്,..
കരുണയും,ദയയും ഇരട്ടകളാണ് സർ,
ഇവരെല്ലാമാണ് സർ കൂട്ടത്തോടെ
അപ്രത്യക്ഷ്യമായത്......!
ഇത് ഒളിച്ചോടിയതൊന്നുമല്ല,... വൺഡേ ടൂറിന് പോയതാകും, അവർ തിരിച്ചു വരും, കാർന്നോര് ചെല്ല്,...
അങ്ങനെ പറയരുതേ....എനിക്കവരെ കാണണം സാറന്മാരേ..
പെട്ടന്ന് ,
എസ് ഐ ഏമാൻ എന്നെ അകത്തേക്ക് വിളിപ്പിച്ചു,
എന്നിട്ടു പറഞ്ഞു,
നിങ്ങൾ സംയമനം പാലിക്കണം,
എന്താ സർ ?
ഇവർ ഒളിച്ചോടിയതല്ല,
പിന്നെ,?..
തട്ടിക്കൊണ്ട് പോയതാണ്,
ആര്,
ദൈവം,
ദൈവമോ,..?
അതെ....
അതെന്തിനാണ് സർ ..?
ഭൂമിയിലെ കഥകളിലും, കവിതകളിലും മാത്രം ഒതുങ്ങിപ്പോകുന്ന അവരെ ദൈവം ഏറ്റെടുത്തു,
ദൈവത്തിന്റെ ദാസന്മാരായി സ്വർഗത്തിലവർക്ക് അഭയം നല്കി,....
സ്റ്റേഷനിൽ നിന്ന് മടങ്ങവേ,
വഴിയിൽ ഞാൻ കണ്ടു,
മകളെ കൊന്ന അമ്മയെ,
ഭർത്താവിനെ കൊന്ന ഭാര്യയെ
മകളെ പീഡിപ്പിച്ച അച്ഛനെ,
അമ്മയെ കൊന്ന മകനെ,
പ്രണയത്തെ കത്തിച്ചവനെ,
ഇവർക്കെല്ലാം വേണ്ടി വാദിക്കുന്ന നിയമങ്ങളെ
ഇവരെയെല്ലാം വെറുതെ വിട്ട നീതിപീഠത്തെ,....
അങ്ങനെ ....അങ്ങനെ ...
ശരിയാണ്,
ഭൂമി നരകമായിരിക്കുന്നു,
എന്റെ അക്ഷരങ്ങൾ സ്വർഗത്തിനവകാശികളാണ്
അവരെത്രേ ദൈവത്തിന് പ്രിയപ്പെട്ടവർ,
അവരില്ലാത്ത തൂലികയിൽ നിന്ന്
നല്ല രചനകളെങ്ങനെ വരാനാണ് ..?!!
നല്ലെഴുത്തുകളെങ്ങനെ പിറക്കാനാണ്,.....!!
എഴുതാനൊന്നുമില്ലെങ്കിൽ
ഈ തൂലിക കൊണ്ടെന്തു ഗുണം,
സയനൈഡ് ചേർത്ത
മഷിയൊഴിച്ച്
ഞാനെന്റെ തൂലികയെ
കൊന്നൊടുക്കട്ടെ ....!!
=========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot