മന്ദംമന്ദംമൃദുപാദപതനങ്ങളോടെ കാറ്റു പോലെയവൾ കടന്നുവന്നു. ഏഴു നിറങ്ങളും തോൽക്കുന്ന എണ്ണക്കറുപ്പിൽ അവൾ പതിവിലും സുന്ദരിയായിരുന്നു. കർപ്പൂരം കലർത്തിയ കാച്ചിയ എണ്ണയുടേയും കൈതപ്പൂവിന്റേയും ഗന്ധം മുറിമുഴുവൻ സുഗന്ധപൂരിതമാക്കി. പക്ഷെ അവളുടെ ചുണ്ടുകളിൽ ഉറകൂടിയിരുന്നത് തിളങ്ങുന്ന ഗൂഢസ്മിതമായിരുന്നു. അവളുടെ കൈയ്യിലെ മൂർച്ചയേറിയ കത്രികയാലെന്റെ സ്വപ്ന വർണ്ണച്ചിറകുകളെ കത്രിച്ചെറിയുന്നതിൽ അവൾ വല്ലാത്തൊരുന്മാദം കണ്ടെത്തി. കൈയ്യിലിരുന്ന കാൽചങ്ങലകൾ ബലമായി കാലിലണിയിച്ചപ്പോൾ നഷ്ടമായൊരെൻ സഞ്ചാര സ്വാതന്ത്യം ഓർത്തു ഞാനൊന്നു വിതുമ്പിയോ? വിതുമ്പിയ ചുണ്ടുകളിൽ കനത്തചുംബനത്തിന്റെ താഴിട്ടു പൂട്ടിയ നിമിഷം തന്നെ കൈകളിൽ വിലങ്ങണിയിക്കുന്നതുമറിയുന്നുണ്ടായിരുന്നു. മൃദുവെന്നു തോന്നലുളവാക്കിയ ഇളം കാറ്റിടവിട്ട് കൊടുങ്കാറ്റായി പെയ്തിറങ്ങിയതിൻ ശേഷമുള്ളക്ഷീണവേളകളിൽ പോലും മുന്നിലൊന്നും കാണാനാവാതെ കാഴ്ച മറച്ച കറുപ്പിന്റെ കാരിരുമ്പുപാളികൾ കണ്ണിണകളെ കാരാഗൃഹത്തിൽ പെടുത്തിയിരുന്നു. പെട്ടെന്നായിരുന്നു കറുപ്പിന്റെ തിളങ്ങുന്നകറുത്തപാളികൾകൾക്കിടയിലൂടെ താമരനൂലിടയിൽ വെളിവായ പ്രകാശരേണുക്കൾ. പിന്നീട് മുറി മുഴുവൻ പറന്നിറങ്ങിയ പ്രകാശത്തുമ്പികൾ അവളിലേക്ക് പറന്നിറങ്ങി, നിറഞ്ഞുകവിഞ്ഞകറുപ്പിന്റെ ഓരോചെറുതുള്ളികളുടേയും ചെറുതെളിവുകൾകൂടി ബാക്കി വയ്ക്കാതെയവളെ തിന്നു തീർത്തിരുന്നു, ഇരുട്ടിന്റെ മാറാല നീക്കി ഞാൻ കണ്ണു തുറന്നപ്പോഴേയ്ക്കും കറുത്ത സുന്ദരി തീർത്തും അപ്രത്യക്ഷയായിരുന്നു.
By: PS Anilkumar Devidiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക