Slider

ഒക്ടോബറും പിങ്കും

0
Image may contain: 1 person, selfie, closeup and indoor
•••••••
"ശേ വിയർപ്പ് മണക്കുന്നു...ഒന്ന് കുളിച്ചിട്ട് വേഗം വാ.. എനിക്ക് കിടക്കണം"
വലിച്ചടുപ്പിച്ച് കഴുത്തിൽ ഉമ്മ വക്കാനൊരുങ്ങി മുഖം ചുളിച്ചുനോക്കുന്ന ഭർത്താവിനെ അവൾ നിസ്സംഗയായി നോക്കി...
ചുംബിക്കാനൊരുങ്ങിയ ആൾ പരാതി പറയുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ച കറ കാണാം ഒപ്പം സിഗററ്റിന്റെ മണം കുമിഞ്ഞിറങ്ങുന്നു..
"എനിക്കും കിടക്കണം.." അവൾ പറഞ്ഞത് അയാൾ കേട്ടുവോ..
"വരാം .."
അതയാൾ കേട്ടിരിക്കണം
കുളിച്ച് മാറാനുള്ള തുണിയെടുക്കാൻ വന്നതാണ് മുറിയിലേക്ക് ..അതെടുക്കാൻ പോലും സമ്മതിക്കാതെ ബലിഷ്ഠമായ കരങ്ങൾ കൊണ്ട് വലിച്ചടുപ്പിച്ചത് അദ്ദേഹമാണ് .
കുളിച്ചുവന്നതും ചോദ്യങ്ങളും ഉത്തരങ്ങളുമില്ല.. അനുവാദവും വേണ്ട.. അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ തുടങ്ങും..
അതിനിടയിലെപ്പോഴെങ്കിലും ഒരു ചോദ്യം..
നീ സന്തോഷിക്കുന്നുണ്ടോ??
ഇല്ലാ അതുണ്ടാകാറില്ല.
സെക്സിനെ പറ്റിയോ സുഖത്തെപ്പറ്റിയോ ശരീരത്തെപ്പറ്റിയോ അവർക്കിടയിൽ സംസാരമുണ്ടാകാറില്ല..
അല്ലെങ്കിലും ഇത്തരത്തിലുള്ള സംസാരമൊക്കെ മോശമല്ലേ
കുട്ടികളൊക്കെ മുതിർന്നു.. പ്രായവും കൂടി..
വികാരതീവ്രതയിലെപ്പോഴോ കശക്കിഞെരിച്ച മാറിടങ്ങളിലെ വേദന അസഹനീയമായതും കൈ തട്ടി മാറ്റിയ അവളെയൊന്ന് തറപ്പിച്ചു നോക്കി ,അയാൾ സോറി പറഞ്ഞ് കാര്യമവസാനിപ്പിച്ച് തളർന്ന് താഴേക്കൂർന്നു..
ജോലിയില്ലാത്ത വീട്ടമ്മയാണ് അവൾ..
ജോലിക്ക് പോകുന്ന ഭർത്താവ് വീട്ടിലേക്ക് എല്ലാമെത്തിച്ചുകൊടുക്കും ഒരു അല്ലലുമില്ലാത്ത ജീവിതം! സുഖം സ്വസ്ഥം !!
ജോലിയൊന്നും കാര്യമായില്ലെങ്കിലും രാവിലെ അഞ്ചുമണിക്ക് എന്നത്തേയും പോലെ യുദ്ധം തുടങ്ങും..
പ്രാതലൊരുക്കി എല്ലാരേയും കഴിപ്പിച്ച്
ഉച്ചഭക്ഷണത്തിനുള്ളത് ടിഫിൻബോക്സിലാക്കി മക്കൾക്കുള്ളതും ഭർത്താവിനുള്ളതും അവരവരുടെ ബാഗുകളിൽ എടുത്ത് വച്ച്
കുട്ടികളെ കുളിപ്പിച്ച്
യൂണിഫോം ധരിപ്പിച്ച്
മോൾക്ക് മുടികെട്ടികൊടുത്ത്
ഷൂ ഇടീപ്പിക്കാൻ ഇളയമകനെ കണ്ണുകൾ തേടിയപ്പോഴാണ്
തല ചൊറിഞ്ഞ് ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന് പറഞ്ഞ് മുന്നിൽ ബുക്കും നീട്ടിപിടിച്ചുനിൽക്കുന്നത് ..
കണ്ണുരുട്ടിനോക്കി അത് ഇരുന്ന് ചെയ്യിപ്പിക്കാൻ നേരമില്ലാതെ അവൾ ചെയ്തുകൊടുത്തിരിക്കുമ്പോൾ കേൾക്കാം..
മിനി എന്റെ സോക്സ് എവിടെ?
ബനിയനെവിടെ?
എന്റെ കണ്ണടയിവിടെ വച്ചിരുന്നല്ലോ ?...
നേരമില്ലാനേരത്തും ഇതൊക്കെ അവളുടെ കൺമുൻപിൽ പ്രത്യക്ഷപ്പെടണം അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്ത് വച്ചപോലെ ഇന്ന സ്ഥലത്തുണ്ടെന്ന് സ്പോട്ടിൽ അപ്‌ഡേഷൻ കൊടുക്കണം
ഇതിനിടയിൽ സ്കൂളിലേക്കുള്ളവരെ ഇറക്കി വിടൂയെന്ന് ബസ് ഡ്രൈവർ നിർത്താതെ വീട്ടുപടിക്കൽ ഹോൺ അടിക്കുന്നത് കേട്ടപാടെ രണ്ടിന്റേം കൈയും വലിച്ച് മുറ്റത്തേക്ക് ഓടി..
ബസിന്റെ പടി കയറ്റിയ മകനെ ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയതും തലയിൽ കൈവച്ച് വലിച്ചു താഴേക്ക് എടുത്ത് 'ഒരു മിനിറ്റ് ചേട്ടാ' ന്നും ഡ്രൈവറിനോട് പറഞ്ഞ് ഒരോട്ടം അകത്തേക്ക്...
ഷർട്ടും ടൈയും സോക്‌സും ഷൂവും എല്ലാമിട്ടുകൊടുത്ത ചെക്കന് ട്രൗസർ ഇട്ടുകൊടുക്കാൻ മറന്നു...
ദിവസവും എന്തെങ്കിലും മറക്കുമെന്നത് പതിവായിരിക്കുന്നുവല്ലോ ചേച്ചി എന്നർത്ഥം വച്ച ചിരികൾ അവഗണിച്ച്
കുച്ചിപ്പിടിയും മൂൺവാക്കും മോണോആക്റ്റും മിക്സ് ആക്കി
എല്ലാം ചെയ്ത് എല്ലാവരെയും തൃപ്തിപ്പെടുത്തി ഓഫീസിലേക്ക് അദ്ദേഹത്തെ പുഞ്ചിരിയോടെ
യാത്രയാക്കി
തണുത്ത്‌ വിറങ്ങലിച്ച ദോശയെടുത്ത് കഴിക്കാനിരുന്നു
വിശപ്പ് കെട്ടിരുന്നു..
കോഴി കൊത്തിതിന്നുന്ന പോലെ കഴിച്ചെന്നു വരുത്തി
എണീറ്റ് നിന്ന് എളിയിൽ കൈകുത്തി ആന കരിമ്പിൻകാട്ടിൽ കയറിയിറങ്ങിയ പോലെ അടുക്കും ചിട്ടയുമായി കിടക്കുന്ന വീടൊന്ന് നോക്കി
ദീർഘനിശ്വാസം വിട്ട്
തുണികളെടുത്ത് കഴുകാൻ നടന്നു..
അദ്ദേഹത്തിന്റെ തുണികൾ മെഷീനിൽ കഴുകുന്നത് ഇഷ്ടമല്ല..സോപ്പ് പൊടിയിൽ ആ തുണികൾ നനച്ചുവച്ച് ബാക്കിയുള്ള തുണികൾ മെഷീനിലിട്ടു കഴുകി..
വീട് ഒതുക്കിപെറുക്കി അടിച്ചുതുടച്ചു വൃത്തിയാക്കി നാലുമണിപലഹാരത്തിനുള്ള അരി കഴുകിവെള്ളത്തിലിട്ട്
മക്കൾക്കിഷ്ടപെട്ട മീനെടുത്ത്‌ വെട്ടിക്കഴുകി
ഉപ്പും മുളകും പുരട്ടി വൈകുന്നേരത്തേക്ക് വച്ച്
രാത്രിയിൽ ചപ്പാത്തി കഴിക്കുന്ന ഭർത്താവിന് പരുവത്തിൽ കിട്ടാനായി ഗോതമ്പ്മാവ് കുഴച്ച്
തേച്ചു വെക്കാനുള്ള തുണികൾ തേച്ചു വച്ച്
വീണ്ടും അലക്കുകല്ലിന്റെ അടുത്ത് ചെന്ന് കുനിഞ്ഞ് നിന്നപ്പോ നടു വളയുന്നില്ല എന്നൊരു സംശയം
വയസ്സ് 37 കഴിഞ്ഞു ഓസ്റ്റിയോപൊറേസിസ് ...കാൽസ്യം ഡെഫിഷ്യൻസി.. അനീമിയ അങ്ങനെയെന്തൊക്കെയോ വാരികയിൽ വായിച്ചത് ഓർമ വന്നു..
ഏയ് ഇതൊക്കെ സാധാരണമല്ലേ..
ചിന്തകളെ ഓടിപ്പിച്ച് അടുത്ത പണിയിലേക്ക്..പിന്നെയും അടുത്തത് പിന്നെയും അടുത്തത്..
അവസാനം രാത്രിഭക്ഷണവും കഴിഞ്ഞു അടുക്കളയും ഒതുക്കി പാത്രങ്ങളെല്ലാം കഴുകി പിറ്റേന്നത്തേക്കുള്ള ദോശമാവും അരച്ചുവച്ച് കിടപ്പുമുറിയിലേക്ക് ചെല്ലുന്ന സീൻ ആണ് ആദ്യം പറഞ്ഞത്..
രാവിലെ മുതൽ ഈ പറഞ്ഞതൊക്കെയും വീണ്ടും ചക്രം പോലെ തിരിഞ്ഞു വരും.
കാക്കക്കുളി കുളിക്കുന്നത് കൊണ്ട് ഒരിക്കലും ശരീരം ശ്രദ്ധിച്ചു നോക്കാറില്ല പക്ഷേ ഇന്നദ്ദേഹം വിയർപ്പ് മണക്കുന്നു എന്ന് പറഞ്ഞതും വിശദമായി കുളിച്ചു..
വിശദമായ കുളിക്കിടയിലാണ് മാറിടങ്ങളിലെ വലിപ്പ വ്യത്യാസം ശ്രദ്ധിച്ചത് ഒന്നിന്റെ മുലഞെട്ട് ഉള്ളിലേക്ക് നല്ലപോലെ വലിഞ്ഞിരിക്കുന്നു..
തിരക്കുകൾക്കും ജോലികൾക്കുമിടയിൽ ഇതൊക്കെ ആര് നോക്കാൻ രാത്രിയിൽ ഇരുട്ടിൽ മാറിടങ്ങളെ തഴുകുന്നവനും ശ്രദ്ധിച്ചിട്ടില്ല..
വ്യത്യാസമുണ്ടെന്ന് മനസിലായാലും അശ്രദ്ധമായി വിട്ടേനെ ഇന്നൊരുപക്ഷേ ടീവിയിലെ ആ പരസ്യം കണ്ടില്ലായിരുന്നുവെങ്കിൽ ...
ഉള്ളിലൊരു നീറ്റൽ.. അദ്ദേഹത്തോട് പറഞ്ഞേ പറ്റൂ..
കഥയിവിടെ തീരുകയാണ് ബാക്കി ഒരുപക്ഷെ നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുന്നതാണ്..
ഇത്രെയും എഴുതിയത് തിരക്ക് പിടിച്ച ജീവിതത്തിൽ സ്വയം മറന്നുപോകുന്ന 'ജോലിയൊന്നും'ഇല്ലാത്ത വീട്ടമ്മമാരായ മിനിമാരും ജോലിയുള്ള മിനിമാരും ഒരുപാടുണ്ട്..
കണ്ടിട്ടും ശ്രദ്ധിക്കാതെ..
ശ്രദ്ധിച്ചാലും മനസിലാകാതെ..
മനസിലായാലും നാണത്താലോ അവഗണിച്ചോ ആരോടും പറയാതെ..
അവർക്ക് വേണ്ടിയാണീ കുറിപ്പ്..
തിരക്കുകളും ജോലികളും ഒരുപാട് ഉണ്ടാകും എങ്കിലും ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് ഉറപ്പ് വരുത്താനെങ്കിലും സമയം കണ്ടെത്തണം.
നമ്മളെക്കാൾ നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ അറിയാൻ ആർക്കും കഴിയില്ല.
ഒക്ടോബർ സ്തനാർബുദത്തിനെതിരെ ജാഗ്രതയുണർത്തുന്ന മാസമായാണ് കണക്കാക്കുന്നത്
മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തുന്നത് ഉത്തമമാണ്.
നമുക്കു നമ്മളെയും നമുക്കറിയാവുന്ന ,താഴെ പറയുന്ന തരത്തിൽ ലക്ഷണങ്ങൾ പറയുന്നവരെയും ശ്രദ്ധിക്കാം 👇
• ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന മുലഞെട്ടുകൾ.
•. മുലഞെട്ടുകളിലെ എരിച്ചിൽ ,ചൊറിച്ചിൽ ഞെക്കിനോക്കുമ്പോൾ പുറത്തേക്ക് വരുന്ന രക്തനിറത്തിലുള്ളതോ നിറമില്ലാത്തതോ ആയ ദ്രാവകം.
•. സ്തനങ്ങളുടെ വലുപ്പവ്യത്യാസം ,നിറവ്യത്യസം .
• ഉള്ളിലേക്ക് കുഴിഞ്ഞ രീതിയിലോ പരന്ന ആകൃതിയിലോ മാറ്റം കാണുന്ന മാറിടങ്ങൾ.
• സ്തനങ്ങളിലോ കക്ഷങ്ങളിലോ കാണുന്ന കല്ലിപ്പ്.
• കക്ഷങ്ങളിലെ നീർക്കെട്ട്
•. സ്തനങ്ങളിൽ കാണുന്ന മുഴകൾ ..തുടക്കത്തിൽ വേദന ഉണ്ടാകില്ലെങ്കിലും വൈകുന്തോറും സൂചികുത്തുന്ന വേദന
• മൃദുലമായ സ്തനങ്ങൾ.
• സ്തനങ്ങളിൽ കാണുന്ന മുറിപ്പാട് പോലെയുള്ള ചെറുദ്വാരങ്ങൾ.
അസ്വാഭാവികമായി ഇതിൽ എന്ത് ശ്രദ്ധയിൽ പെട്ടാലും വിശദമായ പരിശോധനക്ക് വിധേയരാകുക.. ഉടനെ ഡോക്ടറെ കാണാൻ ശ്രമിക്കുക.
നമ്മളെയും നമ്മൾ സ്നേഹിക്കുന്നവരെയും വൈകിപ്പോയി എന്നൊരു കാരണവും പറഞ്ഞ് കുറ്റബോധത്തിലേക്ക് തള്ളിവിടാതിരിക്കാനെങ്കിലും മാറിടങ്ങളെ സ്പർശിക്കുക.
ലിസ് ലോന 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo