--------------------------------------------
ഇന്നലെ പൂരി ചുടുന്നതിനിടയിൽ അടുത്ത് നിന്ന നന്ദുന്റെ ദേഹത്ത് എണ്ണ വീഴാതിരിക്കാൻ ശ്രദ്ധിച്ചപ്പോ,അനുസരണയില്ലാതെ തെറിച്ച എണ്ണത്തുള്ളികൾ കൊണ്ട് കയ്യൊന്നു പൊള്ളി.പുകഞ്ഞു നീറി കണ്ണിൽ വെള്ളം നിറഞ്ഞു നിൽക്കുമ്പോ മനസ് കുറച്ചു കാലം അങ്ങ് പുറകോട്ടു ഒന്ന് പോയി.ഒരു ദീപാവലിക്കാലം.എന്റെയും അനുജന്റെയും കുട്ടിക്കാലം.
ഒന്നും സമയത്തേക്ക് നീട്ടി വയ്ക്കാതെ കരുതിക്കൂട്ടി മുന്നേ ചെയ്യുന്നതായിരുന്നു അച്ഛന്റെ പണ്ടേ ഉള്ള ശീലം.നടപ്പാതയിലൂടെ ദൂരെ നിന്ന് നടന്നു വരുന്ന അച്ഛനെ കാണുമ്പോ തന്നെ "എന്റച്ഛൻ "എന്ന് വിളിച്ചു മത്സരിച്ചു ഓടുമായിരുന്നു ഞാനും അനുജനും.ചെന്നപാടെ രുചിയുള്ള പലഹാരങ്ങൾ നിറഞ്ഞ വലിയ പൊതി കയ്യിൽ തരും അച്ഛൻ.ഇതിനിടയിലെപ്പോഴെങ്കിലും കൊണ്ട് വരുന്ന പടക്കപ്പൊതി പക്ഷെ ഞങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റാറില്ല.പടക്കം എന്ന് പറഞ്ഞാ പൊട്ടുന്നതൊന്നും ഇല്ല കേട്ടോ .പൂത്തിരി,മത്താപ്പൂ ,കമ്പിത്തിരി,കളർ തീപ്പെട്ടി .അപൂർവമായി അച്ഛന്റെ കൊതിക്കു ഇത്തിരി മാലപ്പടക്കം.അത് ദൂരെ പറമ്പിൽ അച്ഛൻ ഒറ്റയ്ക്ക് കത്തിക്കുമ്പോ ചെവിയും പൊത്തി ഞങ്ങൾ വീട്ടിലിരിക്കാറാണ് പതിവ്. പടക്ക പൊതി പാത്തു വച്ച് ഇപ്രാവശ്യം ഒന്നും വാങ്ങുന്നില്ല എന്നൊരു നമ്പരൊക്കെ ഇട്ടു സർപ്രൈസ് ആയി അച്ഛൻ പൊതി പുറത്തെടുക്കലാണ് പതിവ്.അപ്രാവശ്യവും നിധി പോലെ അതെടുത്തു.പക്ഷെ നേരത്തെ വാങ്ങി വച്ചിരുന്നതിനാൽ സംഗതികളെല്ലാം കുതിര്ന്നു പോയിരുന്നു.
ഓഫീസും,വീടും ഞങ്ങളുമെല്ലാം അന്നത്തെ ചെറിയ സൗകര്യങ്ങളിൽ മാന്യമായി നോക്കിയിരുന്നു നമ്മുടെ 'അമ്മ.ഒരു കമ്പിത്തിരിയും വിളക്കിൽ കാണിച്ചു 5 മിനിറ്റു ഇരുന്ന്, കത്തിയ കമ്പിത്തിരി തറച്ചക്രത്തിന്റെ തിരിയിൽ ചേർത്ത് വീണ്ടും തപസിരുന്ന്,ഓരോന്നും കത്തിക്കാൻ ശ്രമിച്ചു ഞങ്ങള് മടുത്തു.കാത്തിരുന്ന ദീപാവലി കുതിർന്ന വിഷമത്തിൽ ഇരുന്ന ഞങ്ങൾക്ക് ഉപാധി പറഞ്ഞു തന്നത് അമ്മയാണ്.
"ഇതിനെയൊക്കെ വെള്ളം ചൂടാകുന്ന അടുപ്പിന്റെ വശത്തു വക്കാം.ഒന്ന് ചൂടായിട്ടു കത്തിച്ചാൽ പിന്നെ കുഴപ്പമില്ല".
ഇതും പറഞ്ഞു പൊതിയെടുത്തു 'അമ്മ അടുക്കളയിലെ തത്രപ്പാടുകളിലേക്കു പോയി.അല്ലേലും പാവം അമ്മക്ക് വെറുതെയിരിക്കാൻ സമയമുണ്ടായിരുന്നില്ല...!
കുറച്ചു നേരം കാത്തിരുന്ന് ക്ഷമ കേട്ട് ഞാൻ അടുക്കളയിലേക്കു ചെന്നു.ഒരു നിമിഷം അടുപ്പിലെ തീനാളങ്ങളിൽ നിന്ന് ഒരു പൂത്തിരിയുടെ തിരിയിലേക്കു ഒന്ന് രണ്ടു തീ പൂക്കൾ ഞാൻ കണ്ടു.'അമ്മ കയ്യിൽ കിട്ടിയ തുണി വച്ച് അത് നീക്കി.ഫലം, അടുക്കളയുടെ വാതിലിൽ നിന്ന എന്റെ മുഖത്തേക്ക് പൂത്തിരിയിലെ തീ പൂക്കൾ നീണ്ടു വന്നു.തീയുടെ ഭംഗി മാത്രം അറിയാവുന്ന ഞാൻ അവിടെ അങ്ങനെ നിന്നു.തുണി കൊണ്ട് പൂത്തിരി അമർത്തിപ്പിടിച്ചു 'അമ്മ ഒച്ചവെച്ചു പറഞ്ഞു
"പൊയ്ക്കോ..അവിടുന്ന് "
എന്തോ അമ്മക്ക് പറ്റുന്നുണ്ടെന്നു വിചാരിച്ചു ഞാൻ പോകാതെ കണ്ണും മിഴിച്ചു നിന്നു.'അമ്മ വീണ്ടും തുണി അമർത്തി.ഒച്ചയെടുത്തു.ഒരു നിമിഷം.."ഠോ".... ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടു..ഒപ്പം അമ്മയുടെ നിലവിളിയും.അച്ഛനും അനുജനും ഓടിയെത്തി.'അമ്മ കൈ കുടഞ്ഞു നിലത്തേക്ക് ഇരുന്നു..അല്ല ...വീണിരുന്നു..!
ഒരു പാത്രം നിറയെ വെള്ളത്തിൽ, പൊള്ളിയ കൈ മുക്കി, മറ്റേ കൈ കൊണ്ട് കണ്ണിൽ നിന്നു ഒലിച്ചിറങ്ങുന്ന കണ്ണ് നീർ 'അമ്മ തുടച്ചു കൊണ്ടേയിരുന്നു.അമ്മക്കൊപ്പം ഞങ്ങളും കരഞ്ഞു.
"ആരെങ്കിലും കത്താൻ തുടങ്ങിയ പൂത്തിരി അമർത്തി പിടിക്കുമോ..പൊട്ടുമെന്നറിയില്ലേ"..അമ്മയെ ചേർത്ത് പിടിച്ചു അച്ഛൻ കുണ്ഠിതപ്പെട്ടു ചോദിച്ചു
"മോളുടെ മുഖത്തിന് നേരെയായിരുന്നു തീ..ഒരു പെൺകുഞ്ഞല്ലേ...ചെറിയ പൊള്ളലായാലും ജീവിതം തന്നെ മാറിപ്പോകില്ലേ.."
അർഥം മനസിലായില്ലെങ്കിലും നെയ്യപ്പം പോലെ പൊങ്ങി വന്ന ആ കൈ എന്നെ കുറേക്കാലം കരയിച്ചു..അമ്മ മനസ് നന്നായി അറിയുന്നതുകൊണ്ടാകാം ഇന്ന് ഈ കുഞ്ഞു നീറ്റലിൽ ആ ഓർമ്മകൾ നീറ്റിച്ചത് കൂടുതലും എന്റെ മനസിനെയാണ്..'
അച്ഛന്റെ സ്വഭാവത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല കേട്ടോ ..ദീപാവലിക്ക് വാങ്ങിയ കമ്പിത്തിരികൾ മാസങ്ങൾക്കു ശേഷം വീട്ടിൽ ചെന്നപ്പോ എടുത്തു തന്നു.."കത്തിക്ക്.. എല്ലാരും കൂടുമ്പോഴല്ലേ ദീപാവലി"
എന്റെ മക്കള് കഷ്ടപ്പെട്ട് അത് ചൂടാക്കി കത്തിക്കുമ്പോ കത്തിയ ഒരു കമ്പിത്തിരി ചൂണ്ടി ചെറിയ മോനോട് പറഞ്ഞു."അവൾക്കു കൊടുക്ക്..."
"ആർക്ക്?നന്ദുകുട്ടൻ കണ്ണ് തള്ളി.
"നിന്റെ അമ്മക്ക്...എന്റെ മോൾക്ക്.."
"അപ്പൂപ്പാ...!!!പിള്ളേര് പൊട്ടിച്ചിരിച്ചു...
അതങ്ങനെയാണ്..നമ്മളെ കുറിച്ച് ഇത്രയധികം ചിന്തിക്കാൻ, ആധി പിടിക്കാൻ,സ്വയം മറന്നു നമ്മളെ സ്നേഹിക്കാൻ, ഭൂമിമലയാളത്തിൽ അച്ഛനും അമ്മയ്ക്കും മാത്രമേ കഴിയു.ആ സ്നേഹമാണ് മരണം വരെയും നമുക്ക് ചൈതന്യമാകുന്നത്....ആ ചൈതന്യത്തെ നിധി പോലെ സൂക്ഷിക്കാം...
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.....
ചിത്ര.പി.നായർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക