കഥ | ഗിരി ബി. വാരിയർ
***
"നിങ്ങൾ പുറത്ത് ഇരുന്നോളൂ ട്ടോ, ഡോക്ടർ വന്നാൽ വിളിക്കാം"
ഷുഗറും പ്രഷറും വെയ്റ്റും ഒക്കെ പരിശോധിച്ചു് നോക്കി ഫയലിൽ കുറിച്ചിട്ട ശേഷം സതീശനോട് സിസ്റ്റർ പറഞ്ഞു.
ഇനി കാർഡിയാക്ക് ലാബിൽ ടെസ്റ്റുകൾ ഉണ്ട്. എല്ലാം കഴിയാൻ രണ്ട് മണിക്കൂറെങ്കിലും എടുക്കും
സതീശന്റെ രണ്ടാമത്തെ റിവ്യു ആണിത്. ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇതോടുകൂടി മരുന്നുകൾ കുറക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
പെട്ടെന്നാണ് ശ്രദ്ധിച്ചത് വരാന്തയുടെ ഒരറ്റത്ത് മുണ്ടും വേഷ്ടിയും ചുറ്റി ഒരു സ്ത്രീ. അവരാണോ അത്.? രാജന്റെ അമ്മ? വരാന്തയുടെ അങ്ങേ അറ്റത്തേക്ക് സതി നടന്നു, അല്ല ഓടുകയായിരുന്നു. അടുത്തെത്തിയതും അവർ തിരിഞ്ഞുനിന്നു. അല്ല, രാജന്റെ അമ്മയല്ല. സതിയെ കണ്ടപ്പോൾ അവർ ചിരിച്ചു.
"മകള് അകത്ത് കിടക്ക്ണ്ട്. ആദ്യത്തെ പ്രസവാണേയ്. പണ്ട് ഞാൻ പെറുമ്പോ എന്റെ കെട്ട്യോൻ അറിയാറുകൂടി ഇല്ല്യാ , അവള്ടെ കെട്ട്യോനാ ആ നിൽക്കണേ, മനോജ്'. പ്രേമിച്ച് കെട്ടീതാ. കണ്ടില്ല്യേ അവന്റെ ഒരു പരവേശം, അതാലോചിച്ചപ്പോ ചിരി വന്നു." ജനലിൽ പിടിച്ച് പുറത്ത് നോക്കി നിൽക്കുന്ന യുവാവിനെ ചൂണ്ടിക്കാണിച്ച് ആ സ്ത്രീ പറഞ്ഞു.
അതേ ശബ്ദം, പക്ഷേ ആ അമ്മയെ മറക്കാൻ എനിക്കാവില്ല.
"എനിക്ക് ആള് മാറി. പിന്നീന്ന് കണ്ടപ്പോ എന്റെ കൂട്ടുകാരീടെ അമ്മ്യാണ്ന്ന് തോന്നി" സതി തനിക്ക് പറ്റിയ അബദ്ധം പുറത്തു കാട്ടാതെ പറഞ്ഞു.
സതി തിരിച്ച് സതീശൻ ഇരുന്നിരുന്ന സ്ഥലത്ത് എത്തിയപ്പോഴെക്കും സതീശനെ ലാബിനകത്തേക്ക് കൊണ്ടുപോയിട്ടുണ്ടായിരുന്നു. ഇനി ഇരുപത് മിനുട്ടെങ്കിലും എടുക്കും.
സതിയുടെ മനസ്സ് നിറയെ ആ അമ്മയായിരുന്നു.
ആദ്യമായ് അവരെ കാണുന്നത് ഒരു വർഷം മുൻപാണ്. അറ്റാക്ക് വന്ന് സതീശനെ ഐസിയുവിൽ പ്രവേശിപ്പിച്ച സമയം. ആദ്യ ദിവസം ഒട്ടും ബോധമുണ്ടായിരുന്നില്ല.
പ്രാർത്ഥനയും കണ്ണുനീരുമായി ഈ ആശുപത്രിയുടെ വരാന്തയിൽ ഇരിക്കുകയായിരുന്നു.
ഏതാണ്ട് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ, വെളുത്ത മുണ്ടും വേഷ്ടിയും ചുറ്റി, വലതുകൈയ്യിൽ തൂക്കിയിട്ട ജപമാലയിൽ തള്ളവിരൽകൊണ്ട് എണ്ണം പിടിച്ച് വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടിട്ടാവാം സതിയുടെ അടുത്തെത്തിയപ്പോൾ അവർ സതിയെ നോക്കി ചിരിച്ചു, പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചൂ.
"ഭര്‍ത്താവാണോ അകത്ത്?"
തല കുലുക്കി സതി അതെയെന്ന് പറഞ്ഞു.
"അമ്മയെന്താ ഇവിടെ?" സതി ചോദിച്ചു.
"എന്റെ മരുമകള്‍ അകത്തുണ്ട്, അവൾ ഒരു അബദ്ധം ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി ആണ് കൊണ്ടുവന്നത്." അവര്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്ത് പറ്റി അമ്മേ. എന്തിനാ അവര്‍ അങ്ങിനെ ഒരു അതിക്രമം കാണിച്ചത്." ജിജ്ഞാസയോടെ സതി അവരോട് ചോദിച്ചു.
"അതൊരു കഥയാ മോളെ" സതിയുടെ തോളത്ത് ഒരു കൈതാങ്ങ് കൊടുത്ത് തൊട്ടടുത്ത ഇരുമ്പ് കസേരയില്‍ ഇരുന്നുകൊണ്ട് അവര്‍ പറയാന്‍ തുടങ്ങി.
എന്റെ മകന്‍ രാജന് പത്ത് വയസ്സുള്ളപ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. പിന്നെ ഞങ്ങൾ അമ്മയും മകനും മാത്രമുള്ള ഒരു ലോകമായിരുന്നു. ഭര്‍ത്താവിന്റെ ജോലി എനിക്ക് കിട്ടിയതിനാല്‍ അവനെ പഠിപ്പിക്കാനും മറ്റും ബുദ്ധിമുട്ടുണ്ടായില്ല.
പഠനം കഴിഞ്ഞ് വൈകാതെ മകന് ജോലി കിട്ടി. എനിയ്ക്കൊരു സഹായം വേണം എന്ന് കരുതി അവൻ വിവാഹത്തിന്നു തയ്യാറായി. അങ്ങിനെ രേഖ എന്റെ മരുമകളായി ജീവിതത്തില്‍ വന്നു. പണ്ട് മുതലേ എന്ത് ചെയ്യുന്നതിനും മുന്‍പ് എന്നോട് ചോദിച്ചിരുന്ന മകൻ വിവാഹശേഷവും ആ ശീലം മാറ്റിയില്ല. ഒരിക്കലും പ്രകടിപ്പിച്ചില്ലയെങ്കിലും രേഖക്ക് അത് ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് തോന്നാൻ തുടങ്ങി.. രാജനുമായി അവള്‍ ഇക്കാര്യം പറയുന്നത് അവർ കേട്ടു
ദിവസങ്ങള്‍ കൊഴിഞ്ഞുവീണപ്പോള്‍ മകന്റെ ജീവിതത്തില്‍ ഒരു കരടാവുന്നുണ്ടോ എന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. ഭക്തിമാര്‍ഗ്ഗങ്ങളിലൂടെ കൂടുതൽ സമയം ചിലവഴിക്കാന്‍ തുടങ്ങി. ക്രമേണ ആ ജീവിതത്തില്‍ ഞാൻ സുഖം കണ്ടെത്താൻ തുടങ്ങിയപ്പോഴാണ് താമസവും ആശ്രമത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. അങ്ങിനെയൊരു തീരുമാനം പറഞ്ഞാൽ മകൻ അതൊരിക്കലും അംഗീകരിച്ചു തരില്ല എന്നറിയുന്നതിനാൽ ഒരു കത്തെഴുതിവെച്ച് ഞാൻ വീടുവിട്ടിറങ്ങി. അതോടെ അവർ തമ്മിലുള്ള പ്രശ്നങ്ങൾ തീരുമെന്ന് വിശ്വസിച്ചു്.
ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. അവർ തുടർന്നു.
" തെറ്റ് പറ്റിയത് എനിക്കായിരുന്നു. രേഖക്ക് എന്നോട് പരിഭവം ഇല്ലായിരുന്നു. രാജൻ എനിക്ക് തരുന്ന പോലെ സ്നേഹം രേഖക്കും കൊടുക്കണമെന്ന് മാത്രമേ അവൾക്ക് മോഹമുണ്ടായിരുന്നുള്ളു. എന്നെ സ്നേഹിക്കരുതെന്നോ എന്നൊന്നും രേഖ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അത് തിരിച്ചറിയാൻ എനിക്കായില്ല. അറിഞ്ഞപ്പോഴെക്കും വൈകിയിരുന്നു.
ഞാൻ വീടുവിട്ടിറങ്ങാൻ കാരണം അവളാണെന്ന കുറ്റബോധം അവളെ വല്ലാതെ അലട്ടി. അവളുടെ മാതാപിതാക്കൾ പോലും രേഖയെ കുറ്റപ്പെടുത്തി. അതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ അവളേ പ്രേരിപ്പിച്ചത്. എങ്ങിനെയെങ്കിലും അവൾ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നേ എന്ന ഒരൊറ്റ പ്രാർത്ഥനയേ ഉള്ളൂ എനിക്ക്."
അതിനിടയിൽ സിസ്റ്റർ വന്ന് സതീശന്റെ ഏട്ടനെ അകത്തേക്ക് വിളിച്ചു. ഏട്ടന്റെ കൂടെ അകത്ത് പോയി തിരിച്ചു വന്നപ്പോൾ ആ അമ്മയെ കണ്ടില്ല. പിന്നീട് സതീശനെ വാർഡിലേക്ക് മാറ്റി.
ദിവസങ്ങൾ കഴിഞ്ഞ് സതീശനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം രാജൻ ഏട്ടന്റെ കൂടെ സതീശനെ കാണാൻ വന്നിരുന്നു. സംസാരിക്കുന്നതിടെ രാജൻ കഥകൾ ഒക്കെ പറഞ്ഞു പക്ഷേ അവസാനം പറഞ്ഞത് കേട്ട് സതി അന്താളിച്ചു പോയി
രാജന്റെ അമ്മ ആശ്രമത്തില്‍ എത്തി നാല് ദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം വന്നു ഇവിടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരണപ്പെട്ടത്രേ . അമ്മയുടെ മരണത്തിന് ഉത്തരവാദി രേഖയാണെന്ന് പറഞ്ഞ് എല്ലാവരും രേഖയെ ഒറ്റപെടുത്തി. അമ്മയുടെ പിണ്ഡം അടിയന്തിരന്തിന്റെ അന്ന് വൈകീട്ടായിരുന്നു രേഖ ഈ അക്രമം കാണിച്ചത്.
അപ്പോൾ തന്നോട് സംസാരിച്ചത് ആ അമ്മയുടെ ആത്മാവായിരുന്നോ. അതിനുശേഷം ഈ ആശുപത്രിയിൽ വെച്ച് എന്നെങ്കിലും അവരെ കാണും എന്നും മനസ്സ് പറയും.
അപ്പോഴേക്കും ലാബിൽ നിന്നും സതീശന്റെ പരിശോധനകൾ ഒക്കെ കഴിഞ്ഞ് പുറത്തുവന്നു.
തിരികെ റിസപ്ഷൻ ഏരിയയിലേക്ക് നടക്കുമ്പോൾ താഴെ നിലയിൽ ലേബർ റൂമിനടുത്ത് ആ അമ്മയുടെ മകളുടെ ഭർത്താവ് മനോജ് അവിടെ നിൽക്കുന്നവർക്ക് ഒരു ലഡ്ഡു സതീശനും കൊടുത്തു. സതീശന് പണ്ടേ ലഡ്ഡു കണ്ടാൽ കൊതി നിയന്ത്രിക്കാൻ പറ്റില്ല. ഒരു നുള്ളു പോലും ആർക്കും കൊടുക്കില്ല.
"ഭാര്യ പ്രസവിച്ചു, പെങ്കുട്ട്യാണ്."
"Congrats .. കൂടെ വേറെ ആരും ഇല്ലേ". ഒഴിഞ്ഞു കിടക്കുന്ന ലേബർ വാർഡിനു മുൻപിലെ കസേരകൾ നോക്കി സതീശൻ ചോദിച്ചു.
"ഇല്ല സാർ. ഞങ്ങൾ സ്നേഹിച്ച് വിവാഹം കഴിച്ചതാണ് , അവൾ അനാഥയും, വിവാഹശേഷം ഞാനും അനാഥനായി..വീട്ടുകാർ ഉപേക്ഷിച്ചു. ഞങ്ങൾക്ക് ഞങ്ങൾ മാത്രം, ഇപ്പൊ ഒരു മോളും....
മനോജിനോട് യാത്ര പറഞ്ഞ് റിസപ്ഷനിലേക്ക് പോയി.
താഴെ റിസപ്ഷനിൽ ചെന്നു് സതീശന്റെ അടുത്ത ചെക്കപ്പിനുള്ള തീയ്യതി ഫിക്സ് ചെയ്ത് ഇറങ്ങുമ്പോൾ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നുണ്ടായിരുന്നു. സതീശന്റെ തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു.
"സതി മരിച്ചിട്ട് കൊല്ലം നാല് കൊല്ലം കഴിഞ്ഞില്ലേ. , തനിക്ക് വേറെ ഒരു കല്ല്യാണം കഴിച്ചുടേ. എത്ര കാലാന്ന് വെച്ചിട്ടാ ഒറ്റക്ക് ഇങ്ങിനെ.."
ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
"ഇല്ല ഡോക്ടർ, കാണാമറയത്ത് അവളെന്റെ കൂടേണ്ട്. അന്ന് ഞാൻ ബെഡ്റൂമിൽ ഹാർട്ടറ്റാക്കായി കുഴഞ്ഞ് വീണപ്പോൾ അവളുടെ നിലവിളി കേട്ടാണ് അടുത്ത മുറിയിൽ നിന്നും ഏട്ടനും ഏട്ടത്തിയമ്മയും ഓടി വന്നതെന്ന് എപ്പോഴും പറയും. ഞങ്ങളുടെ ഹൃദയങ്ങളാണ് പ്രണയിച്ചത് അതു കൊണ്ടാവാം മരണശേഷവും അവൾ കൂടെയുണ്ടെന്നൊരു തോന്നൽ.. എനിക്കത് ഫീൽ ചെയ്യും, ഇപ്പോഴും എപ്പോഴും. "
(ശുഭം)
ഗിരി ബി. വാരിയർ
24 ഒക്ടോബർ 2019
©️copyrights protected
24 ഒക്ടോബർ 2019
©️copyrights protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക