നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 46


അധ്യായം - 46
"ധ്വനി.."
ദേവദത്തന്റെ അധരങ്ങൾ വിറപൂണ്ടു.
" അവൾ എന്തിന്.. എന്റെ പാവം തങ്കത്തിനെ .. "
ഒരു പുരുഷനെന്ന നില വിട്ട് അവൻ വിതുമ്പിപ്പോയേക്കുമെന്ന് കിഴക്കേടത്തിന് തോന്നി.
" മഹേഷ് ബാലനും അവളും തമ്മിൽ പൂർണമാകാത്ത ഒരു ശാരീരിക ബന്ധം നടന്നിട്ടുണ്ട് .. മനസുകൊണ്ടും ഒന്നായിരുന്നല്ലോ അവർ.. ശരീരങ്ങൾ തമ്മിൽ അടുക്കുന്നതിന്റെ തീവ്രമായ അഭിനിവേശം അതിന്റെ ആസക്തി അത് അവളിപ്പോഴും മോഹിക്കുന്നു.. പിന്നെ മഹേഷ് ബാലന്റെ ഭാര്യയായി ദുർഗയിലൂടെ.."
"ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടവൾക്ക് ശാരീരികാഭിനിവേശമോ "
ദേവത്തൻ കിഴക്കേടത്തെ ഉറ്റുനോക്കി.
കിഴക്കേടം ഒന്നു ചിരിച്ചു.
"ദേവാ.. അതിന് മുമ്പേ അവൾ മഹേഷ് ബാലനെ അറിഞ്ഞിട്ടുണ്ട് .. ലൈംഗികതയുടെ സുഖാനുഭൂതി അവൾക്കറിയാം. അതിലേറെ മഹേഷിനെ തിരിച്ചു കിട്ടാൻ മോഹിക്കുന്നുണ്ടവൾ.
ശരീരം കൊണ്ടും മനസുകൊണ്ടും ഒന്നാകാനിരുന്നവരാണ്... ആ മോഹം അതവൾക്ക് വേണം. മഹേഷ് ബാലനെ നേടാൻ അവളെന്തും ചെയ്യും."
അയാൾ ധ്യാനനിമീലിതനായി ഇരുന്നു.
കൈകൾ കവിടികൾക്ക് മീതെ ചലിച്ചു.
"ദോഷം "
കണ്ണു തുറക്കാതെ തന്നെ കിഴക്കേടത്ത് മന്ത്രിച്ചു.
"ദുർഗയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലഘട്ടമാണ് ഇനി വരാൻ പോകുന്നത്. നേർ വിരുദ്ധാഗമന യോഗക്കാർക്ക് നിശ്ചയമായത് പോലെ ഒരപകടം.. ചിലപ്പോൾ മരണം തന്നെയും".
"കിഴക്കേടം".
ദേവദത്തൻ ഉരുകി.
" അതു തന്നെയാണ് കാണുന്നത് ദേവാ.. "
അയാൾ കണ്ണു തുറന്നു.
അവന്റെ ചുമലിൽ കൈവെച്ചു.
" പതറിപ്പോകരുത് ... അതിന് നമ്മൾ അനുവദിക്കില്ല. തളയ്ക്കണം .. ഒരു രക്തരക്ഷസായി ഈ മന നശിപ്പിക്കും മുമ്പ് ഇനി ഒരു ഉയിർത്തെഴുന്നേൽപില്ലാതെ പൂട്ടണം.. മനസിന് കരുത്ത് കൊടുക്കുക.. "
ദേവദത്തന് ആ വാക്കുകൾ ശക്തി പകർന്നു.
അവന്റെ മുഖത്തേക്ക് ആത്മവിശ്വാസം വന്നണയുന്നത് അയാൾ കണ്ടു.
"പക്ഷേ എനിക്കൊരു സംശയം ണ്ട്. ജീവിച്ചിരിക്കാൻ ഒരു ശരീരമാണ് വേണ്ടതെങ്കിൽ ധ്വനിക്ക് അവളുടെ ശരീരം തന്നെ ആയിക്കൂടായിരുന്നോ.. ഒരു വർഷമെങ്കിലും അത് നശിക്കാതെ.. ദ്രവിക്കാതെ ആ കുളത്തിൽ കിടന്നു.പിന്നെന്തു കൊണ്ട് .. "
"മരിച്ചവർ എന്നേക്കും സ്വന്തം ശരീരത്തിൽ നിന്നും വിട പറയുകയാണ് ദേവാ.. ഒരിക്കൽ വേർപെട്ട ശരീരത്തിലേക്ക് തിരിച്ചുകയറാൻ ആത്മാവിന് കഴിയില്ല. അങ്ങനാണെങ്കിൽ മരണം ഇല്ലാണ്ടായി പോയില്ലേ..പ്രകൃതി ഈശ്വര കൽപനകൾ എല്ലാത്തിനും ബാധകമാണല്ലോ.. മാന്ത്രിക കർമങ്ങളിൽ കൂടുവിട്ട് കൂടുമാറ്റം പറയുന്നുണ്ട്.. പക്ഷേ അത് മരണമല്ല .. ഒരു മാന്ത്രിക കർമ്മം മാത്രം.."
നൂറു കൂട്ടി ചുരുട്ടിയ ഒരു വെറ്റില കിഴക്കേടം വായിലിട്ട് ചവച്ചു.
"പക്ഷേ ഒരു ആത്മാവിന് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാൻ കഴിയും.. അതിനും ഉണ്ട് ഒരു സമയവും ശാസ്ത്രവും' '
ദേവദത്തൻ ഉത്ണ്ഠയോടെ നോക്കി.
ഒരാളുടെ ശരീരത്തിൽ നിന്ന് പ്രാണൻ പിരിയുന്ന സമയം.. മരണത്തിന്റെയും ജീവന്റെയും ഇടയിൽ ഒരൊറ്റ നിമിഷം അവശേഷിക്കുന്ന ആ നേരം.... അവസാന ശ്വാസം മൂക്കിൻ തുമ്പ് വിടുന്നതിന് മുമ്പേ മാത്രം ഒരു പ്രേതാത്മാവിന് ...പ്രകൃതി നിയമത്തെ തെല്ലെങ്കിലും അതിജീവിക്കാൻ കഴിവുള്ള ഒരാത്മാവിന് മാത്രം മരിച്ചയാളിലേക്ക് സന്നിവേശിക്കാം.. "
ദേവദത്തൻ ശ്വാസമടക്കിയിരുന്നു.
ആ അവസാന തുളളി ശ്വാസത്തിനൊപ്പം ഓരോ അവയവങ്ങളായി നശിക്കാൻ തുടങ്ങും.. ആദ്യം ഞരമ്പുകൾ .. പിന്നെ ഓരോന്നായി... ഹൃദയം പോലെ ചില അവയവങ്ങൾ ഏതാനും നേരം കൂടി ജീവനോടുണ്ടാകും.. അതറിയാമല്ലോ ദേവന് .. ഒരേയൊരു ഞരമ്പു പോലും പൊട്ടിത്തകരാത്ത ശരീരത്തിലേക്ക് പ്രവേശിച്ചെങ്കിൽ മാത്രമേ പ്രേതാത്മാവിന് ആ ശരീരത്തെ സ്വന്തമാക്കാൻ കഴിയൂ.. അതുകൊണ്ടാണ് നാസ്വാരന്ധങ്ങളിൽ നിന്ന് അവസാന ശ്വാസം പൊലിയും മുമ്പേ പ്രേതപ്രവേശം നടക്കേണ്ടത് "
ദേവദത്തന് എല്ലാം വ്യക്തമായെന്ന് ആ മുഖം പറഞ്ഞു.
കിഴക്കേടത്ത് ദീർഘമായി ഒന്ന് നിശ്വസിച്ചു.
" അതാണ് ആ ശാസ്ത്രമാണ് ധ്വനി പ്രാവർത്തികമാക്കാൻ പോകുന്നത് .. ദുർഗയെ അപകടപ്പെടുത്തുക.. അവളിലെ ജീവന്റെ കണിക അണയുന്നതിന് മുമ്പേ അവളുടെ സ്വന്തം ആത്മാവിനെ സന്നിവേശിപ്പിക്കുക "
"എന്റെ തങ്കം.. വിട്ടുകൊടുക്കാൻ കഴിയില്ലെനിക്ക് .. അവളെ പ്രസവിച്ച അമ്മയുടെ ജഡത്തിനരികെ കിടന്ന് വാവിട്ടു കരഞ്ഞ അവളെ വാരിയെടുത്തത് ഈ കൈകളാണ്.ഈ നെഞ്ചിലെ ചൂടേറ്റാണ് എന്റെ തങ്കക്കുട്ടി വളർന്നത്.."
ദേവദത്തന്റെ നിയന്ത്രണമറ്റു.
അവന്റെ ചുണ്ടുകൾ വിങ്ങി
" അരുത് ദേവാ.. കരയാനുള്ള സമയമല്ലിത്.. അവളെ തടയണം. നശിപ്പിക്കണം .. വിവാഹം നടക്കട്ടെ .. പക്ഷേ കുട്ടിയുടെ മേൽ ഒരു കണ്ണുണ്ടാവണം എപ്പോഴും.. തളരാനുള്ള സമയമല്ലിത്. ശക്തിയോടെ അവൾക്കെതിരേ നിലകൊണ്ടേ പറ്റൂ".
" നശിപ്പിക്കും.. വലിയേടത്തെ കുട്ടിയുടെ ജീവനിൽ കണ്ണുവെച്ച അവളെ ഇഞ്ചിഞ്ചായി നശിപ്പിക്കും ഞാൻ .. "
ശത്രുതയുടെ പരകോടിയിൽ നിന്ന് ദേവദത്തൻ പല്ലിറുമ്മി .
"വലിയേടത്തെ കാറ്റു പോലും വേദനിപ്പിച്ചിട്ടും ധ്വനിയിവിടെ പറ്റിക്കൂടിയതിന് ഒരു കാരണം കൂടിയുണ്ട് ദേവാ.. "
ദേവദത്തൻ ആകാംക്ഷയോടെ അയാളെ നോക്കി.
" എന്തു കാരണം."
"ദുർഗയെ പഠിക്കുകയാണവൾ.. വലിയേടത്തെ ദുർഗ.. മഹേഷ് ബാലന്റെ ദുർഗ .. പൊന്നേത്ത് തെക്കേ മനയിലെ ദുർഗ .. എല്ലാം അവൾക്ക് മനഃപാഠമാക്കണം.. ദുർഗയുടെ ശരീരത്തിൽ ആർക്കും ഒരു സംശയവുമില്ലാതെ കഴിയണം അവൾക്ക് "
ദേവദത്തന്റെ കണ്ണുകളിൽ തീയാളി.
ഹോമകുണ്ഡത്തിലെ അഗ്നിയേക്കാൾ ഇരട്ടിയായി അവ ജ്വലിച്ചു.
...... ...... ......
"വ്യാസേട്ടാ.."
വേദവ്യാസിന്റെ നെഞ്ചിന് മീതെ മുഖമമർത്തിവെച്ച് രുദ്ര വിളിച്ചു.
അവളുടെ നെറ്റിയിൽ സിന്ദൂരം പടർന്നിരുന്നു.
നിറച്ചുമെഴുതിയ കണ്ണുകളിൽ കരിമഷി കലങ്ങിയിരുന്നു.
വേദവ്യാസ് അവളുടെ നെറ്റിയിൽ തലോടിക്കിടന്നു.
" മതി കൊഞ്ചൽ.. എന്നെ പ്രലോഭിപ്പിക്കാതെ എഴുന്നേറ്റ് പോ പെണ്ണേ "
അവൻ ചിരിച്ചു.
"പൂജയുള്ളതാണ്. എന്റെ ബ്രഹ്മചര്യം നശിപ്പിക്കരുത് " .
"ഓ.. പിന്നേ .. ബ്രഹ്മചര്യം " രുദ്ര അവന്റെ നെഞ്ചിലെ രോമരാജികളിൽ വിരലോടിച്ചു.
" പറയുന്നത് കേട്ടാൽ തോന്നും .."
"എന്തു തോന്നും "
വേദവ്യാസ് അവളുടെ മുഖം പിടിച്ചുയർത്തി കുസൃതിയോടെ ചോദിച്ചു.
" പറ രുദ്രകാളീ "
രുദ്രയുടെ മുഖത്തേക്ക് നാണം കൂമ്പി വരുന്നത് അവൻ കണ്ടു.
" പറഞ്ഞിട്ടേ ഞാൻ വിടൂ "
രുദ്ര കണ്ണുകൾ കൂർപ്പിച്ച് അവനെ നോക്കി.
" പറയുന്നത് കേട്ടാൽ തോന്നും ബ്രഹ്മചര്യമല്ല.. എന്നും .. അതൊക്കെ ഉണ്ടെന്ന് "
" ഹ ഹ "വേദവ്യാസ് ചിരിച്ചു.
"നല്ല കൊതിയാണല്ലേ നിനക്ക് "
അവന്റെ ചിരിയും നോട്ടവും രുദ്രയെ ലജ്ജിപ്പിച്ചു.
" ഒന്നു പോയേ"
അവൾ എഴുന്നേറ്റു
" എനിക്കറിയാം ആദ്യരാത്രി കഴിഞ്ഞ് നിന്നെ സ്പർശിച്ചിട്ടില്ല ഞാൻ.. നീയത് ആഗ്രഹിക്കുന്നുണ്ടാവും"
രുദ്രയുടെ കവിളുകൾ ചുവന്നു.
"വ്യാസേട്ടനെന്താ ഇങ്ങനെയൊക്കെ പറയുന്നത്. ഗോവണിയിൽ നിന്ന് വീണതെന്താ എനിക്കറിയില്ലാഞ്ഞിട്ടാ "
അവൾ വേദവ്യാസിന്റെ നീളൻ മൂക്കിൽ പിടിച്ചുലച്ചു.
"എനിക്കെന്റെ വ്യാസേട്ടന്റെ സ്നേഹം മതി"
" എന്റെ ദേഹം വേണം ന്ന് പറഞ്ഞിട്ടും കാര്യല്ല.പ്രായശ്ചിത്ത പൂജ കഴിയും വരെ ക്ഷമിച്ചേ പറ്റൂ.. ഞാനുറങ്ങി കിടക്കുമ്പോൾ വന്ന് ഉപദ്ര വിച്ചേക്കരുത്".
വേദവ്യാസ് അവളെ ഈർഷ്യ പിടിപ്പിച്ചു.
"വഷളൻ .. ഞാൻ പോവാണ് "
മുടി വാരിക്കെട്ടി അവൾ മുറി വിട്ടു പോയി.
വേദവ്യാസിന്റെ കണ്ണുകൾ അവളെ പിന്തുടർന്നു.
" പാവം" അവന്റെ മനസ് പറഞ്ഞു.
വാതിൽക്കലെത്തി രുദ്ര തിരിഞ്ഞ് നോക്കി.
നോട്ടം ഒരു ശൂലം പോലെ അവന്റെ കണ്ണിൽ വന്നു തട്ടി
വേദവ്യാസിന് ചിരി വന്നു.
"എടി രുദ്രക്കുട്ടീ.. പൂജ യൊന്ന് കഴിയട്ടേന്ന്.. "
അവന്റെ കളിയാക്കൽ കേട്ടതോടെ മുഖം ചുവപ്പിച്ച് അവൾ കുളപ്പടവിലേക്ക് പോയി.
തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നപ്പോൾ വല്ലാത്ത സുഖം തോന്നി.
മനസും ശരീരവും തുടിക്കുന്നു.
വ്യാസേട്ടൻ പറഞ്ഞതുപോലെ വല്ലാതെ ആഗ്രഹിച്ചു തുടങ്ങി ശരീരം.
ഉറക്കമുണർന്ന് സ്വാതിയും നേഹയും ജാസ്മിനും കൂടി കുളപടികളിറങ്ങി വന്നു.
"തങ്കം എവിടെ.. " രുദ്ര തിരക്കി.
" ആ വൈദ്യരുടെ അസിസ്റ്റന്റ് വന്ന് വിളിച്ചോണ്ടു പോയി. കുളിക്കാനുള്ള സമയമാത്രേ"
നേഹ പറഞ്ഞു.
"ആര് മേനക ചേച്ചിയോ "
" അതു തന്നെ "
സ്വാതി കൽപ്പടവിലിരുന്ന് കുളത്തിലേക്ക് കാൽ നീട്ടി.
ജാസ്മിന്റെ മുഖം വാടിയിരുന്നു.
എന്തോ ചിന്തിച്ച് അവൾ ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ട് രുദ്രയുടെ ചിരി മാഞ്ഞു. എന്താ ജാസിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിൽക്കുന്നത്:
രുദ്ര അവൾക്കു നേരെ കുറച്ച് വെള്ളം തേവിയൊഴിച്ചു.
"എന്തോ പറ്റീട്ടുണ്ടല്ലോ രാവിലെ "
"ഒന്നുമില്ല രുദ്രേച്ചീ "
ജാസ്മിൻ അവൾക്ക് മുഖം കൊടുക്കാതെ ചെന്ന് കുളത്തിലിറങ്ങി മുങ്ങി.
"എന്തോ ഉണ്ട് രുദ്രേച്ചീ.. രണ്ട് ദിവസമായിട്ട് ഇവളുടെ മുഖം തെളിഞ്ഞിട്ടില്ല .. എന്തു പറ്റിയെന്ന് തങ്കവും ഞങ്ങളും ചോദിച്ചു മടുത്തു.
അവർ പറയുന്നത് തന്നെ കുറിച്ചാണെന്ന ഭാവമില്ലാതെ ജാസ്മിൻ മുങ്ങി നിവർന്നു കൊണ്ടിരുന്നു.
"വലിയേടത്ത് വന്നിട്ട് ഒരാളുടെയും മുഖം വാടരുത്.. വലിയമ്മാമ്മ അത് സഹിക്കില്ലാ.. വലിയമ്മാമ്മ മാത്രമല്ല.. ഞങ്ങളും "
രുദ്ര പറഞ്ഞു.
"എനിക്ക് തോന്നുന്നത് പവിയേട്ടത്തി എന്തോ പറഞ്ഞിട്ടാണെന്നാണ്.. "
സ്വാതി തന്റെ ഊഹം വെളിപ്പെടുത്തി.
"ജാസിനെ കാണുമ്പോൾ ദേഷ്യ ഭാവത്തിലാ പവിയേട്ടത്തി"
"ഏയ്.. അങ്ങനൊന്നുമില്ല. പവിയേട്ടത്തി പാവമാണ്.. മോള് തെറ്റിദ്ധരിച്ചതാവും ട്ടോ ''
മുങ്ങി നിവർന്ന ജാസ്മിന്റെ കവിളിൽ രുദ്ര തഴുകി
"അതൊന്നുമല്ല രുദ്രേച്ചീ .. ഈ നേഹയും സ്വാതിയും വെറുതേ..."
ജാസ്മിൻ പറഞ്ഞൊഴിഞ്ഞു.
"തങ്കത്തിന്റെ കല്യാണം ആയപ്പോഴാ നിങ്ങളൊക്കെ സങ്കടപ്പെട്ട് നടക്കുന്നത് ... നൂറു കൂട്ടം കാര്യങ്ങളുണ്ടിവിടെ.അത് നോക്കാൻ നിങ്ങളൊക്കെ അല്ലേയുള്ളൂ"
രുദ്ര ശാസിച്ചു.
"വേഗം കുളി കഴിഞ്ഞിട്ട് വാ.. ഞാൻ ചായയെടുത്ത് തരാം.. " രുദ്ര കുളി കഴിഞ്ഞ് വസ്ത്രം മാറ്റി ഈറനായ വസ്ത്രങ്ങൾ അയയിൽ വിരിച്ച് നടന്ന് പോയി.
അവൾ ചെല്ലുമ്പോൾ പവിത്ര ഇടിയപ്പവും സ്റ്റ്യൂവും ഉണ്ടാക്കി കഴിഞ്ഞിരുന്നു.
പാലൊഴിച്ച ചായ പാത്രത്തിലേക്ക് പകരുകയാണവൾ.
"ങാ.. രുദ്രക്കുട്ടി വന്നോ.. ഞാനും ദത്തേട്ടനും നേരത്തെ ഉണർന്നു .. ക്ഷേത്രത്തിലും പോയി വന്നു... ഇന്ന് അച്ഛന്റെ പക്ക പിറന്നാളാണ്"
" ഉവ്വോ.. അപ്പോഴാണ് സദ്യയും രണ്ടു കൂട്ടം പായസവും ഉണ്ടാവും ല്ലേ''.
രുദ്രയ്ക്ക് ഉത്സാഹമായി.
" ഉം.. ഉണ്ടാവും.. ആ കുട്ടികൾക്ക് എന്തു പായസമാ വേണ്ടത് എന്ന് ചോദിക്കണം".
പവിത്രയുടെ മുഖഭാവത്തിൽ നിന്നും ജാസ്മിനോട് എന്തെങ്കിലും നീരസമുള്ളതായി രുദ്രയ്ക്ക് തോന്നിയില്ല.
"ജാസിന് പാലട പ്രഥമൻ വലിയ ഇഷ്ടാണത്രേ"
രുദ്ര ഒരു ചൂണ്ടയെറിഞ്ഞ് കടക്കണ്ണിട്ട് പവിത്രയെ നോക്കി.
" അതേയോ.. എന്നാൽ ഒരു കൂട്ടം പാലട തന്നെ ആവാം "
പവിത്ര മന്ദഹസിച്ചു.
അതോടെ സ്വാതി പറഞ്ഞതിൽ വാസ്തവ മൊന്നുമില്ലെന്ന് രുദ്ര ഉറപ്പിച്ചു.
" അവർ കുളി കഴിഞ്ഞെങ്കിൽ വിളിച്ചോട്ടോ രുദ്രക്കുട്ടീ. ചായ തണുക്കണ്ട ".
പവിത്ര പറഞ്ഞു.
രുദ്രയെന്ന് മൂന്ന് പെൺകുട്ടികളെയും വിളിച്ചു കൊണ്ടുവന്നു.
മൂന്നു പേരും ഇരുന്നു.
രുദ്ര അവർക്ക് മുന്നിൽ പാത്രം വെച്ചു.
മൂന്ന് വീതം ഇടിയപ്പമിട്ട് കറിയും വിളമ്പി
അവർ കഴിക്കാൻ തുടങ്ങിയപ്പോഴാണ് ദേവദത്തൻ വന്നത്.
"പവീ.. ഞാനും വന്നു.. എനിക്ക് ഗ്രീൻ ടീ മതി "
അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് അയാൾ ജാസ്മിന്റെ അരികിലെ കസേര വലിച്ചിട്ടിരുന്നു.
ജാസ്മിന്റെ മുഖം മങ്ങിപ്പോയി.
അവൾ മുഖം കുനിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
"ഛെ.. എന്താടീ പോത്തേ.. മിണ്ടാതിരിക്കുന്നത് "
ദേവദത്തൻ അവളുടെ ശിരസിൽ പിടിച്ചെന്ന് കിഴുക്കി
അതു കണ്ടു കൊണ്ടാണ് പവിത്ര ചായയുമായി വന്നത്.
പവിത്രയുടെ മുഖം ഇരുളുന്നത് ജാസ്മിൻ കണ്ടു.
"ദത്തേട്ടന് മര്യാദക്കിരുന്ന് കഴിച്ചൂടേ."
പവിത്ര പെട്ടന്ന് ശബ്ദമുയർത്തി.
ദേവദത്തൻ മാത്രമല്ല നേഹയും സ്വാതിയും കൂടി ഞെട്ടിപ്പോയി.
ജാസ്മിൻ അത് പ്രതീക്ഷിച്ചത് പോലെ സ്തബ്ധയായി ഇരുന്നു.
പവിത്രയ്ക്ക് തന്നോടെന്തോ ശത്രുതയും നീരസവുമുണ്ടെന്ന് അവൾക്ക് ബോധ്യപ്പെട്ടിരുന്നു.
പക്ഷേ പവിത്രയിൽ ഇത്ര വലിയൊരു മാറ്റം മാത്രം പ്രതീക്ഷിച്ചില്ല.
"പവീ"
ദേവദത്തൻ ശാസനയോടെ അവളെ വിളിച്ചു.
"എന്നെ മര്യാദ പഠിപ്പിക്കാൻ നോക്കണ്ട... എനിക്കിഷ്ടമല്ല."
പവിത്രയുടെ മുഖത്ത് പിൻമാറാനുള്ള ഭാവമില്ലായിരുന്നു.
" ഞാനെന്ത് പറഞ്ഞു ദേഷ്യപ്പെടാൻ മാത്രം .. ദത്തേട്ടൻ ഉള്ളിൽ കള്ളത്തരവും വെച്ചു കൊണ്ട് എന്നോട് വഴക്കിടണ്ട ".
ജാസ്മിൻ ഞെട്ടിപ്പോയി.
"പവിത്രേ.. "
ദേവത്തൻ കലിപ്പോടെ എഴുന്നേറ്റു.
" മന:സമാധാനം തരുന്ന ഭാര്യയെ മാത്രമേ ഭർത്താവിന് സ്നേഹിക്കാൻ കഴിയൂ.. അതോർത്താൽ നന്ന്.. "
ദേവദത്തന്റെ ക്ഷോഭം കണ്ട് പവിത്രയും നിന്നുപോയി.
"എന്താ ഇവിടെ.. " രുദ്ര ഓടി വന്നു.
"എന്താ ദത്തേട്ടാ പ്രശ്നം "
അവൾ എല്ലാവരെയും മാറി മാറി നോക്കി.
" അവൾക്ക് സംശയരോഗം.. ചെറിയമ്മാമ്മയോട് പറയ് പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കാൻ "
ദേവദത്തൻ ക്ഷുഭിതനായി പുറത്തേക്ക് പോയി.
രുദ്ര കോപം തുടുപ്പിച്ച മുഖത്തോടെ പവിത്രയെ നോക്കി.
"ആർക്ക് ആരോടാ സംശയം.. ഞാൻ പറഞ്ഞതാ ദത്തേട്ടനോട് ഇതു വേണ്ടാ വേണ്ടാന്ന് " .
അമർത്തി ചവുട്ടി രുദ്ര ജാസ്മിന്റെ അടുത്തേക്ക് വന്നു.
" കുട്ടി ഇതു കൊണ്ടൊന്നും പേടിക്കണ്ട.. കൊച്ചു മനയിലെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. ഇത് എന്റേം കൂടി വീടാണ് .. അവകാശമാന്നും ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. ഇത്രയ്ക്ക് അഹങ്കരിക്കാൻ .."
പവിത്രയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി രുദ്ര അവളുടെ മുടിയിൽ തഴുകി.
" കഴിച്ചു കഴിഞ്ഞെങ്കിൽ എഴുന്നേറ്റോ.. ഇവിടെ രു ദ്രേച്ചിയുള്ളിടത്തോളം നിങ്ങളെ ആരും ഒന്നും പറയില്ല. അനുവദിക്കില്ല ഞാൻ "
രുദ്ര പൊരുതാനുറച്ചതോടെ പവിത്ര മുറി വിട്ടു.
അവൾ ഗോവണി കയറിച്ചെല്ലുമ്പോൾ ദേവദത്തൻ കിടക്കുകയാണ്.
പവിത്രയുടെ കാലൊച്ച കേട്ട് അയാൾ കണ്ണുകളടച്ചു.
"ദത്തേട്ടാ".
പവിത്ര അയാൾക്കടുത്തിരുന്നു.
"പിണങ്ങല്ലേ ദത്തേട്ടാ.. പ്ലീസ്. "
അവളുടെ കണ്ണുകൾ നിറഞ്ഞ് മിഴിനീർ അയാളുടെ മുഖത്തേക്ക് വീണു.
ദേവദത്തൻ കണ്ണു തുറന്നു.
"പവി" ശാന്തതയോടെയായിരുന്നു അയാളുടെ വിളി
" ഓരോ നിമിഷവും ചുട്ടുപൊള്ളുന്ന മനസോടെയാ ഞാനും വലിയമ്മാമ്മയും ഇവിടെ കഴിയുന്നത്.."
അയാളുടെ കണ്ഠമിടറി.
"നിനക്കറിയുമോ തങ്കത്തെ കൊന്ന് ആ ദേഹത്ത് കയറിക്കൂടാൻ നടക്കുന്ന ഒരാത്മാവ്.. ഒരു മരണം അതെപ്പോൾ വേണമെങ്കിലും സംഭവിക്കാം. തങ്കത്തിന്റെ കഴുത്തിൽ താലി വീഴുന്നതു വരെ അതുണ്ടാവില്ല. ആ ഒരൊറ്റ സമാധാനമേ ഉള്ളൂ.. അതു കഴിഞ്ഞാൽ എന്റെ തങ്കം... ഈശ്വരന്റെ കൈയ്യിൽ ഭരമേൽപിച്ചാ ഞാനിതിലെ എഴുന്നേറ്റ് നടക്കുന്നത് .. "
"ദത്തേട്ടാ.." ആ സങ്കടം കാണാൻ വയ്യാതെ പവിത്ര കരഞ്ഞു.
"അതിനിടക്ക് ഒരു പ്രണയം.. അതും തങ്കത്തെ പോലെ കരുതുന്ന പെൺകുട്ടിയോട് ..ഇത്രകാലവും ഒരു വിധവയായ നിന്നെ കാത്തിരുന്ന ഞാൻ .. "
"ദത്തേട്ടാ." പവിത്ര അയാളുടെ വായ് പൊത്തി.
" ഇത്രയ്ക്ക് വേദനിക്കും ന്ന് കരുതീല്ല.. സോറി.. "
അവളുടെ സ്വരമിടറി.
"വാ.. താഴേക്ക് വാ.. ഒരു കാര്യണ്ട് "
അവൾ കണ്ണീർ തുടച്ചു കൊണ്ട് അയാളുടെ കൈ പിടിച്ചു.
"എഴുന്നേറ്റ് വാ.. "
മനസില്ലാ മനസോടെ ദേവദത്തൻ എഴുന്നേറ്റു.
അവർ ചെല്ലുമ്പോൾ ദുർഗയുടെ മുറിയിലായിരുന്നു ജാസ്മിൻ.
തുറന്നു വെച്ച ബാഗിലേക്ക് തുരുതുരെ വസ്ത്രങ്ങൾ എടുത്തു വെക്കുകയാണവൾ.
"മോളേ.. ഞാനാ പറയുന്നത് തങ്കത്തിന്റെ കല്യാണം കഴിഞ്ഞിട്ട് പോകാം.. ഇന്നേക്ക് രണ്ടാം ദിനം കല്യാണമല്ലേ.. പ്ലീസ്.. ഡാ ".
രുദ്ര അവളെ തടയുന്നുണ്ട്.
"ദത്തേട്ടാ.. അവൾ പോകുവാണെങ്കിൽ ഞങ്ങളും കൂടെപ്പോവാണ്".
സ്വാതി അയാളെ കണ്ട് അടുത്തേക്ക് വന്നു.
ദേവദത്തൻ പകച്ചു നിന്നു പോയി.
പവിത്രയും
രുദ്ര ഈർഷ്യയിൽ അവളെ നോക്കി.
" സമാധാനമായല്ലോ... ഇവരായിരുന്നു തങ്കത്തിന് ആകെയുള്ള സമാധാനം... അതും നശിപ്പിച്ചില്ലേ."
അവൾ ദേവദത്തനെ നോക്കി.
"ഞാൻ ചെന്ന് വ്യാസേട്ടനെയും വലിയമ്മാമ്മയേയും വിളിച്ചു കൊണ്ടുവരട്ടെ.. വലിയേടത്തു നിന്നാരും ഇതുവരെ മനസു വിഷമിച്ച് ഇറങ്ങിപ്പോയിട്ടില്ല."
രുദ്ര ചുറ്റുവരാന്തയിലേക്കിറങ്ങി ഓടിപ്പോയി.
നിമിഷങ്ങൾക്കുള്ളിൽ ക്രച്ചസിൽ വേദവ്യാസും പുറകെ വലിയേടത്തുമെത്തി.
ജാസ്മിൻ ബാഗ് അടച്ച് സിബ്ബ് വലിച്ചിട്ടു.
" കുട്ടി എവിടെ പോകുന്നു"
വേദവ്യാസ് മുന്നോട്ടുവന്നു.
"പവിയേടത്തി എന്തോ തമാശ പറഞ്ഞതിന് "
"എനിക്ക് പോകണം"
ജാസ്മിൻ പറഞ്ഞു.
അവളുടെ ചുണ്ടുകൾ വിതുമ്പുന്നത് അവർ കണ്ടു.
"ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചിട്ട് പോവാണോ".
വലിയേടത്ത് മുന്നോട്ട് വന്നു.
"എന്നാൽ ആയിക്കോളൂ ... പക്ഷേ അതിന് മുമ്പേ പവി ക്കുട്ടിക്ക് പറയാനുള്ളത് കേട്ടിട്ട് പോണം"
അയാളെന്താണ് പറഞ്ഞതെന്നറിയാതെ എല്ലാവരും തിരിഞ്ഞു നോക്കി.
പവിത്ര മന്ദഹസിച്ചു കൊണ്ട് ജാസ്മിന്റെ അടുത്തേക്ക് ചെന്നു.
" ഒരു ചെറിയ പ്രതികാരം .. അത്രേയുള്ളു".
പവിത്ര അവളുടെ കവിളിൽ ഒരുമ്മ നൽകി.
"ഓർമയുണ്ടോ ഈ മനയിലിട്ട് കുട്ടി എത്രമാത്രം എന്നെ കരയിപ്പിച്ചൂന്ന്.. "
പവിത്രയുടെ ചിരിമിന്നുന്ന മുഖത്തേക്ക് ജാസ്മിൻ അമ്പരപ്പോടെ നോക്കി.
" അമേരിക്കേൽ നിന്ന് വന്നയുടനേ പവി എന്നോട് പറഞ്ഞതാ.. ജാസിനൊരു പണി കൊടുക്കണം ന്ന്.. എന്താച്ചാൽ ചെയ്തോളാൻ ഞാനും പറഞ്ഞു. പക്ഷേ അതിത്ര ഗൗരവമാകും ന്ന് ഞാനും പവീം കരുതിയില്ല"
വലിയേടത്ത് ഉറക്കെ ചിരിച്ചു.
"ശ്യോ.. "നേഹ
വായ്പൊത്തി.
" സത്യായിട്ടും "
അവൾ പവിത്രയെ നോക്കി.
" സത്യായിട്ടും .. അല്ലാതെ ഈ കുറുമ്പിപ്പെണ്ണിനെ ഞാൻ സംശയിക്കുമോ".
പവിത്ര ജാസ്മിനെ കെട്ടിപ്പിടിച്ചു.
അപ്പോഴും അതൊന്നും വിശ്വസിക്കാൻ വയ്യാതെ നിൽക്കുകയായിരുന്നു ജാസ്മിൻ.
ഇത്ര നേരം അനുഭവിച്ച മാനസിക സമ്മർദം അവളുടെ ഉള്ളിലിരുന്നു വിങ്ങി.
കണ്ണുകൾ നിറഞ്ഞു.
ഒരു നിമിഷം പിടി വിട്ടു പോയി.
പവിത്രയുടെ തോളിലേക്ക് മുഖമർപ്പിച്ച് അവൾ വിതുമ്പി.
" മതി .. എന്റെ കുട്ടി ഇവിടേക്ക് പോര് "
ദേവദത്തൻ ജാസ്മിനെ പവിത്രയിൽ നിന്നടർത്തി തന്നോട് ചേർത്തു പിടിച്ചു.
" ഞാനൊന്ന് മുഖം കറുപ്പാച്ചാലുടനെ ഇവിടം വിട്ടു പോകാനുള്ള ബന്ധമേ ജാസിന് ഇവിടെയുള്ളു അല്ലേ... ഞങ്ങളൊക്കെ ഈ വീട്ടിലെ കുട്ടികളായാണ് നിങ്ങളെ കാണുന്നത്. അല്ലെങ്കിലും ജാസിനെ പറഞ്ഞയക്കാൻ ഞാനാരാ .. ഇപ്പോൾ ദത്തേട്ടന്റെ ഭാര്യയായി ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി തന്നെ ജാസാണ്. എന്റെ ഉള്ളിൽ ദത്തേട്ടനോട് സ്നേഹമുണ്ടെന്നും ഒന്നിച്ചു ജീവിക്കാൻ കഴിയുമെന്നും എന്നെ ബോധ്യപ്പെടുത്തിയത് ജാസിന്റെ കൊച്ചു കൊച്ചു തമാശകളാണ്".
" ഇനി ഒന്ന് ചിരിക്കെടീ.."
സ്വാതി അവളെ നുള്ളി
"പവിയേടത്തി വലിയ ഡയലോഗൊക്കെ അടിച്ചതല്ലേ "
സ്വാതിയുടെ ഭാവം കണ്ട് എല്ലാവർക്കും ചിരി വന്നു.
" അതിലും വലിയ ഡയലോഗ് അടിച്ചൊരാൾ ഇവിടെ നിൽപ്പുണ്ട്".
പവിത്ര തിരിഞ്ഞ് വേദവ്യാസിന് അരികിൽ നിന്നിരുന്ന രുദ്രയെ നോക്കി.
അവളുടെ മുഖം വിവർണമായി.
" അപ്പോഴേ ഈ ഭദ്രകാളി ഉറഞ്ഞു തുള്ളിയോ"
വേദവ്യാസ് രുദ്രയെ നോക്കി.
പവിത്രയെ നോക്കാനാവാതെ
രുദ്ര വിളറി നിന്നു.
"എടുത്തു ചാട്ടക്കാരിയാണ്.. എന്റെ പാവം ഭാര്യയാണ് .. ക്ഷമിച്ചേക്ക് പവിയേട്ടത്തി"
വേദവ്യാസിന്റെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു.
ജാസ്മിനും ചിരി വന്നു.
ദേവദത്തന്റെ തോളിലേക്ക് ചാരി അവൾ ചിരിച്ചു.
"എന്താ ഇവിടെ ഒരാൾക്കൂട്ടം"
വൈദ്യ ചികിത്സയ്ക്ക് ശേഷം കുളി കഴിഞ്ഞെത്തിയ ദുർഗ അമ്പരപ്പോടെ വാതിൽ കടന്നു വന്നു.
"എന്താ ഇവിടെ എല്ലാവരും കൂടി നിൽക്കുന്നെ.. "
"ഇങ്ങു വാ തങ്കം "
വലിയേടത്ത് അവളെ ചേർത്തു പിടിച്ചു.
"നിന്റെയീ കുരുട്ടു ബുദ്ധിക്കാരി കൂട്ടുകാരിയെ പവി
പറ്റിച്ചു ... നിങ്ങൾ ന്യൂ ജനറേഷനു മാത്രമല്ലല്ലോ ഇതൊക്കെ സാധിക്യാ"
വലിയമ്മാമ്മ പറഞ്ഞത് കേട്ട് ദുർഗ ചിരിയോടെ ജാസ്മിനെ നോക്കി.
" പറ്റിപ്പോയി ദുർഗാ .. ചമ്മി നാശായി "
ജാസ്മിൻ സമ്മതിച്ചു.
......... ........ ....
...... ...... ....
വടക്കിനിയിലെ ആട്ടു തൊട്ടിലിൽ മുറ്റത്തുയരുന്ന മനോഹരമായ പന്തൽ നോക്കി ഇരിക്കുകയായിരുന്നു ദുർഗ .
"ആഹാ.. കല്യാണപ്പെണ്ണ് ഇവിടെ വന്നിരിക്യാ ".
തൊട്ടരികിൽ ധ്വനിയുടെ ശബ്ദം കേട്ട് അവൾ മുഖം ചെരിച്ചു നോക്കി.
ഇപ്പോൾ അവളടുത്തിരിക്കുമ്പോൾ ഒരു ഭയം.
ഒരു വല്ലായ്മ.
ധ്വനി ദുർഗയെ നോക്കി ചിരിച്ചു.
"മഹിയേട്ടനെ കിട്ടിക്കഴിഞ്ഞാൽ നീയാ ചരട് അഴിച്ചു കളയുമോ ദുർഗാ ".
ദുർഗ മിണ്ടിയില്ല.
" പറയ്"
ധ്വനി അവളുടെ ചുമലിൽ കൈവെച്ചു.
ഷോക്കടിച്ചത് പോലെ ധ്വനിയുടെ കൈ പിന്നിലേക്ക് തെറിച്ചത് ദുർഗ കണ്ടു.
അവൾ ഞെട്ടിപ്പോയി
ധ്വനിയുടെ ഭാവം മാറിയിരിക്കുന്നു.
പൈശാചികയായ ഒരു പ്രേതത്തെ പോലെ പക നിറഞ്ഞ മുഖം.
" ധ്വനീ " ദുർഗ ഭീതിയോടെ വിളിച്ചു.
ധ്വനി ശാന്തയായി.
"നിനക്കെന്നെ ഭയമില്ലാരുന്നു ദുർഗാ .. ഒന്നായിരുന്നു നമ്മൾ.. എന്നെ സ്നേഹത്തോടെ നീ ആശ്ളേഷിക്കുമായിരുന്നു. ധ്വനിഐ ലവ് യൂ എന്ന് എന്നെ ചുംബിച്ചു കൊണ്ട് പറയുമായിരുന്നു."
"എനിക്കിപ്പോഴും നിന്നോട് സ്നേഹമുണ്ട് ധ്വനീ "
ദുർഗ പറയാൻ ശ്രമിച്ചു
"നിനക്കിപ്പോൾ ഭയമാണ് എന്നെ. എന്തിന്.. എന്തിന് നീയെന്നെ ജീവിതം വ്യാമോഹിപ്പിച്ചു ദുർഗാ.. എന്റെ കർമ്മങ്ങൾ കഴിഞ്ഞതോടെ ഈ ഭൂമി വിട്ട് പോകാനിരുന്ന ഒരാത്മാവാണ് ഞാൻ.
പക്ഷേ നീ .. നീ അനുവദിച്ചില്ല.ജീവിതത്തിലേക്ക് ചേർത്തു ചേർത്തു നിർത്തിയപ്പോൾ ആ ജീവിതം ഞാനും മോഹിച്ചു പോയി.
"ദുർഗാ.."
പിന്നിൽ നിന്നും സ്വാതിയുടെ വിളി കേട്ട് അവൾ തിരിഞ്ഞു.
സ്വാതിയും നേഹയും ജാസ്മിനും കണ്ടു..
ദുർഗയുടെ അടുത്തിരിക്കുന്ന ധ്വനി.
"ഞാൻ പോകുന്നു .. വിവാഹാശംസകൾ"
ധ്വനി പുകച്ചുരുളുകളായി അലിഞ്ഞ് പോകുന്നത് അവർ കണ്ടു.
"തങ്കം".നേഹ ഓടി അടുത്തുവന്നു.
"നിനക്കിതുവരെ അവസാനിപ്പിക്കാറായില്ലേ ഈ ചങ്ങാത്തം" അവൾ ശാസിച്ചു.
അടുത്ത നിമിഷം ആരോ എടുത്തെറിഞ്ഞത് പോലെ നേഹ തെറിച്ച് വീണു.
" നേഹ ''ദുർഗ ആട്ടു കട്ടിലിൽ നിന്ന് ചാടിയിറങ്ങി അവൾക്കടുത്തേക്ക് ഓടി.
അപ്പോഴേക്കും ജാസ്മിനും സ്വാതിയും അവളെ താങ്ങി എഴുന്നേൽപിച്ചിരുന്നു.
" ഇപ്പോ മനസിലായില്ലേ നേഹ "
ദുർഗയുടെ സ്വരം നേർത്തു.
"എനിക്കിതിൽ നിന്ന് രക്ഷയില്ല മോളേ... മഹിയേട്ടന്റെ ഭാര്യയായി കഴിഞ്ഞ് അവളെന്നെ കൊന്നാൽ കൊല്ലട്ടെ... അവളെന്നെ കൊല്ലണം.. അത്രത്തോളം ഈ മനയേയും നിങ്ങളേയുമൊക്കെ ചതിച്ചു ഞാൻ ".
"തങ്കം."
മൂന്നു കൂട്ടുകാരികളും അവളെ കെട്ടിപ്പിടിച്ചു
" ഇല്ലെടാ.. നിന്നെ വെറുക്കാൻ ഞങ്ങൾക്കാർക്കും പറ്റില്ല.. അവളുടെ സ്വാധീനത്തിൽ പെട്ടു പോയ നീ കുറ്റക്കാരിയല്ല മോളേ.. മഹിയേട്ടന്റെ കൂടെ നീ ജീവിക്കും .. വലിയമ്മാമ്മയും ദത്തേട്ടനും വ്യാസേട്ടനും കിഴക്കേടത്തുമൊന്നും തോൽക്കില്ല."
"എനിക്കറിയില്ല.. മഹിയേട്ടന്റെ പെണ്ണായാൽ അവളെന്നെ കൊല്ലും.. എന്റെ മനസ് പറയുന്നുണ്ട്".
ദുർഗ വിങ്ങിക്കരഞ്ഞു.
"മരിച്ചോട്ടെ.. എന്നാലും ആ താലി.. അതെനിക്ക് വേണം .. "
കൂട്ടുകാരികൾ നാലുപേരും കെട്ടിപ്പിടിച്ച് വിങ്ങി.
പിറ്റേ ദിവസം രാവിലെ കൃത്യം 10 നും 10.30ക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ മഹേഷ് ബാലൻ ദുർഗയുടെ കഴുത്തിൽ താലി കെട്ടി.
ആരവങ്ങളും വാദ്യമേളവും കുരവയുമുയർന്നു.
കടും മെറൂൺ സാരിയിൽ നവവധുവായി അണിഞ്ഞൊരുങ്ങിയ ദുർഗയെ നോക്കി മഹേഷ് ബാലൻ മന്ദഹസിച്ചു.
ദുർഗയും.
ആ നിമിഷം വേദിയിൽ നിന്നും ഒരു കരച്ചിലുയർന്നു.
"അയ്യോ.. തീ.. തീ-- "..
നിലവിളക്കിൽ നിന്നും ദുർഗയുടെ സാരിത്തുമ്പിലേക്ക് പടർന്ന തീനാളങ്ങൾ അവളെ വിഴുങ്ങാൻ ആളിപ്പടർന്നു.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot