Slider

സ്വാമിയേ....യ്‌!

0
Image may contain: 1 person, selfie, sunglasses and closeup
----------------------
ഭാരതത്തിലെ ആദ്യത്തെ 3 ഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ 3 ഡി കണ്ണട വെച്ച് കണ്ടൊണ്ടിരിക്കുമ്പോൾ, ആലുമ്മൂടൻ ഷവൽ കൊണ്ട് ആഞ്ഞ് കുത്തുന്ന സീൻ കണ്ട് ഞാൻ പേടിച്ച് ഒറ്റ മാറൽ മാറിയ പോലെ, പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്ത് സമാധാനമായി ആരാധന സ്വീകരിച്ചു കൊണ്ടിരുന്ന അയ്യപ്പസ്വാമി ഒരു ഭയങ്കര ഞെട്ടലോടെ ഒറ്റ മാറൽ വെച്ചു കൊടുത്തു...
കാരണം എന്താണെന്ന് അറിയാതെ രണ്ടു വിളക്കും പൂക്കൾ വെച്ചിരുന്ന തട്ടവും പിന്നെ ഒരു ഞാലിപ്പൂവൻ പഴവും തെറിച്ചു പോകുന്ന കണ്ട് വണ്ടറടിച്ച് ഇരിക്കുന്ന തിരുമേനിയെ ശ്രദ്ധിക്കാതെ, ശരവേഗത്തിൽ പാഞ്ഞു വന്നുകൊണ്ടിരിക്കുന്ന അപകടം ഒരു നൊടിയിൽ ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിൽ സ്വാമി ഒരു നെടുവീർപ്പോടെ നൊടിയിടയിൽ ആരാധനകളിലേക്ക് തിരികെ പോയി!
എന്താ സംഭവം?
കാരണം പറയും മുൻപ് പെരുമ്പാവൂരിന്റെ ഭൂമിശാസ്ത്രം അല്പം മനസ്സിലാക്കണം.
കേരളത്തിലെ പ്രധാന റോഡുകളിൽ ഒന്നായ എം സി റോഡ് കടന്നു പോകുന്ന പ്രധാന ജംക്ഷനുകളിൽ ഒന്നായ പെരുമ്പാവൂർ കാലടിക്കവലയിലെ ട്രാഫിക് വളരെ പ്രസിദ്ധമാണ്. എപ്പോഴും ധാരാളം വണ്ടികൾ ചീറിപ്പാഞ്ഞു പോകുന്ന ജംഗ്ഷനിൽ ഇടത്തോട്ടും വലത്തോട്ടും മേലേക്കും താഴേക്കും ചുറ്റുപാടുമുള്ള കടകളിലേക്കും അവിടെ നിന്ന് തിരിച്ചും യാതൊരു പ്രകോപനവും ഇല്ലാതെ വണ്ടികൾ നിർത്തലും വൺവെയും വൺവേ തെറ്റിക്കലും പോലീസും അവർ കാരണം ഉണ്ടാകുന്ന ബ്ലോക്കും പോരാതെ നല്ല കുഴികളും ഒക്കെയായി വളരെ രസകരമായ ഒരു ജങ്ഷൻ ആണത്.
ടൗൺ സ്റ്റാൻഡിൽ നിന്ന് ഈ ജങ്ഷനിലേക്ക്‌ ഒരു വലിയ ഇറക്കം ആണ്. ആ ഇറക്കം വളരെ സ്ട്രെയിറ്റ് ആയി പോകുന്ന എം സി റോഡിനെ ക്രോസ് ചെയ്ത് താഴേക്ക് കൂടുതൽ ചെങ്കുത്തായ ഒരു ഇറക്കത്തിലേക്ക്‌ കടക്കും. ആ വഴി വൺവേ ആണ്. പെരുമ്പാവൂർ അമ്പലത്തിനു സമീപത്ത് കൂടി വളഞ്ഞ് വൺവേ കിഴക്കൻ മേഖലകളിലെ കോതമംഗലം, മൂന്നാർ, കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകും....
കുറെക്കാലം മുൻപ്, ഈ പറഞ്ഞ സംഭവം നടന്നു എന്ന് കരുതപ്പെടുന്ന സമയത്തിന് അഞ്ചു മിനിറ്റ് മുമ്പ്! (അഞ്ചു മിനിറ്റ് എടുത്തോ എന്ന് അറിയില്ല)
ഇൗ ഇറക്കം തുടങ്ങുന്ന, ഫാസ് ഓഡിറ്റോറിയത്തിന്റെ പരിസരത്തുള്ള ഒരു കടയിൽ പ്ലാസ്റ്റിക് കൊണ്ടുള്ള കൊട്ടയോ പുറം ചൊറിയുന്ന കമ്പോ അങ്ങനെ എന്താണ്ടുമോ ഒക്കെ തൂക്കിയിട്ട ഒരു ഉന്തുവണ്ടിയുമായി അന്നത്തെ കച്ചവടത്തിന്റെ മുഴുവൻ ക്ഷീണവും വണ്ടി തള്ളി തള്ളി അവശതയായതും കാരണം നെറ്റിയിലെ വിയർപ്പ്, തോളിൽ ഇട്ട ഒരു തോർത്ത് കൊണ്ട് ഒപ്പി, പതിയെ വണ്ടി തള്ളിയിറക്കി എം സി റോഡ് വഴി പോകാൻ ഉദ്ദേശിച്ച് ഒരു ചങ്ങാതി അതുവഴി വന്നത് അഞ്ചു മിനിറ്റ് മുമ്പായിരുന്നു...
ഉന്തുവണ്ടിയുടെ അസ്ഥികൂടം കാണാൻ സാധിക്കാത്ത വണ്ണം പ്ലാസ്റ്റിക് സാധനങ്ങൾ തള്ളി പുറത്തേക്ക് നിൽക്കുന്ന ആ വണ്ടിയിൽ കാശു വാങ്ങി സൂക്ഷിക്കാൻ സൂക്ഷിച്ചിരുന്ന ഒരു കൊച്ചു പെട്ടി വെക്കാനുള്ള സ്ഥലമേ ഫ്രീ ആയി ഉണ്ടായിരുന്നുള്ളൂ..
ഇറക്കം ഇറങ്ങിത്തുടങ്ങിയപ്പോൾ താഴേക്കുള്ള വണ്ടിയുടെ നീക്കം ഇദ്ദേഹത്തിന്റെ കാൽ വെക്കുന്നതിനേക്കാൾ സ്പീഡിൽ ആണെന്ന് തോന്നിയപ്പോൾ സ്വാഭാവികമായി തന്നെ ആൾ അല്പം ബലം പിടിച്ച് വണ്ടി വലിച്ചു തുടങ്ങി.
ക്ഷീണവും നടപ്പിന്റെ ബുദ്ധിമുട്ടും കൂടാതെ ഇറക്കത്തിൽ വണ്ടി പിടിച്ചു നിർത്തുന്നതിന്റെ ആയാസവും കൂടി വന്നപ്പോൾ ചങ്ങാതിക്ക്‌ ഒരു ബുദ്ധി തോന്നി.
താനെന്തിന് ഇത്രയും കഷ്ടപ്പെടണം? വണ്ടി എന്തായാലും താഴേക്ക് പോകുന്നുണ്ട്. തന്നെയും കൂടി കൊണ്ട് പോയാൽ എന്താണൊരു കുഴപ്പം....
പിന്നെ, കാശു സൂക്ഷിച്ച് വെക്കാനുള്ള പെട്ടി ഒരു വശത്തേക്ക് ഒതുക്കി പതിയെ കയറിയങ്ങിരുന്നു!
അടുത്ത നിമിഷം....
പടച്ചോനെ.... കാത്തോളീ എന്ന് പപ്പു വിളിച്ച പോലെ, തനിക്കറിയാവുന്ന തമിഴിൽ എന്തോ ആക്രോശിച്ചു കൊണ്ട്, ചങ്ങാതി ചീറിപ്പായുന്ന വണ്ടികൾക്കും, പിന്നെ നേരത്തെ പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും ഇടയിലൂടെ എം സി റോഡ് വിജയശ്രീലാളിതനായി ക്രോസ് ചെയ്ത് ശരവേഗത്തിൽ താഴെയെത്തി.
പിന്നെ, മാഫിയത്രീ... മാഫിയത്രീ... അരുതേ അരുതേ എന്ന മട്ടിൽ മുഖത്തിന്റെ വലത്ത് വശത്ത് രണ്ടു കൈകളും കൊണ്ട് തടസ്സം വെച്ച് ഒറ്റ മാറൽ മാറിയ അയ്യപ്പസ്വാമിയെ സാക്ഷി നിർത്തി, അവിടെ ആർക്കും ഒരുപദ്രവവും ഇല്ലാതെ കിടന്ന ആൽത്തറയിൽ ക്രാഷ്ലാൻഡ് ചെയ്ത് ഒരൊന്നൊന്നര ശരണം വിളിയോടെ യാത്ര അവസാനിപ്പിച്ചു...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo