Showing posts with label SandeepNair. Show all posts
Showing posts with label SandeepNair. Show all posts

വിശപ്പിന്റെ കണക്ക് പുസ്തകം


വിശപ്പ്
സഹിക്കാൻ ആവുന്നതിലും
അപ്പുറമായപ്പോഴാണ്
കുമാരേട്ടന്റെ പീടികയിൽ
കയറിയത് ...
പലഹാരപ്പെട്ടിക്ക് മുന്നിൽ
വട്ടമിട്ട ഈച്ചകൾക്കൊപ്പം
എന്റെ കണ്ണുകളും
കറങ്ങുന്നുണ്ടായിരുന്നു ...
ചായ ഒഴിക്കുന്ന സംഗീതവും
പൊറോട്ട അടിക്കുന്ന
താളവും ആസ്വദിച്ച്
വിശപ്പിന്റെ ഉൾവിളി ശമിപ്പിച്ചു ....
കാലിച്ചായയിൽ വീണുചത്ത
ഈച്ചയെ എടുത്തുമാറ്റി
തുള്ളി കളയാതെ
വലിച്ചുകുടിച്ചു ...
ചില്ലറത്തുട്ടുകൾ കാലിയായ
പോക്കറ്റിൽ തപ്പിയപ്പോൾ
കുമാരേട്ടൻ പറ്റ് ബുക്ക്
മുന്നിലേക്ക് നീക്കിവച്ചു ...
പേജുകൾ മറിഞ്ഞു ...
ഉറുമ്പുകളുടെ
സഞ്ചാരപഥം പോലെ
അക്കങ്ങൾ വരി
തീർത്തിരിക്കുന്നു..
അവയ്ക്കു പിന്നിൽ
ഒന്നുകൂടിച്ചേർത്ത്
വിശപ്പിന്റെ കണക്കുപുസ്തകം
അടച്ചുവച്ചു....
സന്ദീപ്

ഇൻബോക്സ് (ചെറുകഥ)


രാത്രിയിൽ എപ്പോഴോ ഗിരിയുടെ കാൾ ഉണ്ടായിരുന്നു ...
യാത്രാ ക്ഷീണത്തിൽ മയങ്ങിയതിനാൽ ഒന്നും അറിഞ്ഞില്ല
മുറിയിൽ വന്നശേഷവും കുറെ നേരം വാട്ട്സ് അപ്പും ഫെയ്സ് ബുക്കും നോക്കിയാണ് കിടന്നത് ...
കിടക്കയിൽനിന്ന് എണീക്കും മുമ്പ് സുഹൃത്തിനുള്ള മെസേജ് അയക്കാൻ വാട്സ് അപ്പ് എടുത്തു ... അവന്റെ വിഷ് കാണുന്നില്ല ...
പതിവില്ലാതെ ഗിരി മെസേജ് അയച്ചിരിക്കുന്നു ...
"നമ്മുടെ വിഷ്ണു അപകടത്തിൽ മരിച്ചു "
എന്റെ ശ്വാസം നിലയ്ക്കുന്ന പോലെ ...
ശരീരത്തിൽ ആകെ ഒരു വിറയൽ
കൈയിൽ നിന്നും ഫോൺ അറിയാതെ വഴുതി..
നിറകണ്ണുകളുമായി പുറത്തേക്ക് നോക്കി ... മങ്ങിയ കാഴ്ചയിൽ അവൻ തന്റെ അടുത്തേക്ക് വരുന്നതായി ഒരു തോന്നൽ ....
എങ്ങനെയെന്നോ എപ്പോൾ എന്നോ ഒന്നും ഞാൻ ആരോടും ചോദിച്ചില്ല ....
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്ത് ...
അതിലുപരി മറ്റെന്തെല്ലാമോ ആയിരുന്നു ...
അറിയില്ല .... എങ്കിലും അവൻ എല്ലാമായിരുന്നു ...
അവന്റെ ഓരോ വാക്കുകൾക്കും ഞാൻ കാതോർത്തിട്ടുണ്ട്..
മെസേജുകൾ കൊണ്ട് ചാറ്റ് ഇൻബോക്സ് നിറഞ്ഞിട്ടുണ്ട് ..
ഗ്രൂപ്പിൽ വന്ന ഒരു മെസേജിലൂടെയുള്ള സൗഹൃദമാണ് ഇത്രയേറെ വളർന്നത് ...
ഒന്നു കാണാൻ പല തവണ ശ്രമിച്ചു ..
നടന്നില്ല ..
ഇനി ചേതനയറ്റ ആ ശരീരം ....
ഹൊ .... വിധി എന്ത് ക്രൂരതയാണ് എന്നോട് കാണിക്കുന്നത്
അവസാനമായി ഒന്ന് കാണണമെന്നുണ്ട്...
ഇത്ര ദൂരം സഞ്ചരിച്ച് അവിടെ എത്തുമ്പോഴേക്ക് അന്ത്യകർമ്മങ്ങൾ കഴിഞ്ഞിരിക്കും ...
എനിക്കായ് അവർ കാക്കില്ലല്ലോ ...
ഞാൻ മെല്ലെ അവന്റെ ഇൻബോക്സ് തുറന്നു ...
അതിൽ അപ്പോഴും അവന്റെ ചിരിക്കുന്ന ചിത്രം തന്നെ ..
എന്റെ ആവശ്യപ്രകാരമാണ് അവൻ ആ ചിത്രം പ്രൊഫൈലിൽ ഇട്ടത് ...
നെഞ്ചിടിപ്പിന്റെ വേഗം കൂടി ...
ഞാൻ അവസാനമായി അവനയച്ച മെസേജ് വായിച്ചിട്ടില്ല ...
രാത്രി ചാറ്റിനിടെ പലതവണ ചോദിച്ചിരുന്നു .. ഒന്നു പറയാൻ
പിന്നീടാവട്ടെ എന്നു പറഞ്ഞാണ് ഞാൻ വിലക്കിയത് ...
എന്നിട്ടും എപ്പഴോ ഞാൻ അവനുവേണ്ടി ആ മെസേജ് അയച്ചു ...
"പ്രിയപ്പെട്ട വിഷ്ണു ... നിന്നെ എനിക്ക് ഇഷ്ടമാണ് ... എന്ത് ഇഷ്ടമാണെന്നറിയില്ല .... എങ്കിലും ജീവനാണ് .. "
എന്നിൽ നിന്നും ഇത് കേൾക്കാൻ അവൻ ഒരുപാട് കൊതിച്ചിട്ടുണ്ടാവാം ...
അടർന്ന കണ്ണുനീർ ഫോണിന്റെ സ്ക്രീനിൽ പതിച്ച് അവന്റെ ചിത്രത്തിലേക്ക് പടർന്നു ...
വിരലുകൾ കൊണ്ട് അവ തുടയ്ക്കുമ്പോൾ അവന്റെ ചിത്രത്തിലേക്കുകൂടി തഴുകി .. എന്റെ കരസ്പർശം അവന്റെ ആത്മാവ് അറിയുന്നുണ്ടാകും ...
കണ്ണുകൾ ഇറുകെയടച്ച് കുറെ നേരം ഇരുന്നു ...
ഓർമ്മകൾ ഒന്നൊന്നായി മനസിൽ പെയ്തിറങ്ങി ...
എന്റെ ഫോണിലേക്ക് മറ്റാരൊക്കെയോ അപ്പോഴും മെസേജുകൾ അയയ്ക്കുന്നുണ്ടായിരുന്നു ..
ഒന്നും തുറക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല ..
അപ്പോഴും എന്നെ അലട്ടിയിരുന്നത് അവന്റെ ഇൻബോക്സിൽ ഉള്ള എന്റെ അവസാന മെസേജാണ്...
ആരായിരിക്കും ഇനി അത് വായിക്കുക ...
അവനെ ജീവനായി കണ്ട ഭാര്യയോ .. സുഹൃത്തുക്കളോ ... കുടുംബത്തിലെ മറ്റാരെങ്കിലുമോ ....
ഞാൻ ആരാണെന്ന് അവർ ചോദിച്ചാൽ ...
ഉത്തരത്തെ ചോദ്യം കടിച്ചുകുടയുന്നത് ഞാൻ കണ്ടു ...
അദൃശ്യനായ സുഹൃത്ത് അദൃശ്യമായ ആ ലോകത്തിരുന്ന് ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാവും ...
എന്റെ ഇൻബോക്സ് നിറയും പോലെ അവന്റെ മരണമറിയാത്ത സുഹൃത്തുക്കളുടെ മെസേജുകൾ കൊണ്ട് ആ ഇൻബോക്സും നിറഞ്ഞിട്ടുണ്ടാകും ...
സന്ദീപ് നായർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo