Showing posts with label JincyRobin. Show all posts
Showing posts with label JincyRobin. Show all posts

കണ്ണാടി



വൈകുന്നേരങ്ങളിലെ പതിവു ജോലികളും തീർത്തു ഒരു കുളിയും പാസ്സാക്കി ആ കണ്ണാടിയുടെ മുൻപിൽ നിന്നു അലക്ഷ്യമായി മുടി കോതിയൊതുക്കുമ്പോൾ ആ കണ്ണാടി ചില്ലിലെ പ്രതിരൂപം എന്നെ പലതും ഓർമിപ്പിച്ചു.. ഞാൻ ഒത്തിരി മാറിയിരിക്കുന്നു... രൂപം കൊണ്ടു മാത്രമല്ല.. മനസ്സുകൊണ്ടും..... 
നീലയും ചുവപ്പും റിബ്ബണുകൾ കൊണ്ട് മുടി പിന്നിക്കെട്ടി സ്കൂളിലേക്കു നടന്നു പോയ ആ പാവടക്കാരിയിൽ നിന്നുമുള്ള മാറ്റം ഞാനും അറിഞ്ഞിരുന്നു. വഴിയിലൂടെ സിപപ്പും ചപ്പി നടന്നതും.....കൂട്ടുകൂടി ഉച്ചത്തിൽ ചിരിച്ചതും ... നാലുവരി ഇട്ട പുസ്തകത്തിൽ ഇംഗ്ലീഷ് കൂട്ടക്ഷരം ക്ഷമയോടെ എഴുതി പഠിച്ചതും..... വെളുത്ത ഗ്യാസ് മിഡായികൾ പങ്കിട്ടെടുത്തതും... ചേട്ടന്റെ വാടകയ്‌ക്കെടുത്ത സൈക്കിളിന് പുറകിൽ കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടിരുന്നു കടയിൽ പോയതും.... എല്ലാം പതിയെ മാറുന്നത് ഞാനും അറിഞ്ഞിരുന്നു
കുട്ടിത്തത്തിന്റെ പാവാടയിൽ നിന്നും കൗമാരത്തിന്റെ ദാവണിയിലേക്ക് കടന്നപ്പോൾ ആ മാറ്റം ഞാനും ആസ്വദിച്ചു നന്നായി. എത്ര ചീകിയാലും മതി വരാത്ത മുടിയിഴകൾ.... എത്ര തേച്ചാലും ചുളിവ് മാറാത്ത വസ്ത്രങ്ങൾ... കണ്ണാടിക്കു മുൻപിൽ നിന്നുള്ള പരിശീലനങ്ങൾ.... അങ്ങിനെയങ്ങിനെ... കൈയെത്താ ദൂരെ എന്നറിഞ്ഞിട്ടും പലതിനെയും നോക്കി കൊതിച്ച കൗമാരത്തിൽ നിന്നും ഭാര്യ ആയി മാറിയപ്പോഴും അറിഞ്ഞിരുന്നു ഞാൻ ആ മാറ്റം ..... അറിയാതെ പോയത് ഇന്നിന്റെ മാറ്റമാണ്. ആ സ്വപ്ന ലോകത്തു നിന്നും... പരാതിപറച്ചിലിന്റെയും എണ്ണിപ്പെറുക്കലിന്റെയും ലോകത്തുനിന്നും ഒരമ്മയിലേക്കുള്ള മാറ്റം ഞാൻ അറിഞ്ഞതേയില്ല.. 
ഊണ് മേശയിലെ നല്ല വിഭവങ്ങൾക്ക് വേണ്ടി വഴക്കടിച്ചിരുന്ന എന്നെ മക്കൾക്കായി കരുതി വയ്ക്കാൻ പഠിപ്പിച്ച മാറ്റം....... 
നിറം മങ്ങാത്ത ചില്ലു ഗ്ലാസിൽ മാത്രം ചായ കുടിച്ചിരുന്ന എന്നെ വക്ക്‌ ചളുങ്ങിയ സ്റ്റീൽ ഗ്ലാസിലും വെള്ളം കുടിക്കാൻ പഠിപ്പിച്ച മാറ്റം..... 
ചുളിവുകൾ വീഴാത്ത വസ്ത്രങ്ങൾക്ക് വേണ്ടി വാശി പിടിച്ചിരുന്ന എന്നെ മുറ്റത്തെ അഴയിൽ നിന്നും ഏതെങ്കിലും ചുരിദാർ പെറുക്കിയെടുത്തു ധൃതിയിൽ വലിച്ചു ചുറ്റാൻ പഠിപ്പിച്ച മാറ്റം.... 
എന്റെ ഇഷ്ടങ്ങളിലും വലുതായി അവരുടെ ഇഷ്ടങ്ങളെ എന്റെതാക്കാൻ എന്നെ പഠിപ്പിച്ച മാറ്റം..... ഒരമ്മയിലേക്കുള്ള എന്റെ മാറ്റം.... 
മാറ്റം ഇനിയും വന്നു കൊണ്ടേയിരിക്കും... അമ്മായിഅമ്മയായി......പിന്നെ അമ്മൂമ്മയായി.... അപ്പോളും തിരിഞ്ഞ് നോക്കിയാൽ എനിക്കൊന്നുറപ്പാണ്....... ഞാൻ പോലുമറിയാതെ ഞാൻ മാറാൻ തുടങ്ങിയത് ഒരമ്മയിലേക്കുള്ള. മാറ്റത്തിലായിരിക്കും......

by: JincyRobin

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo