Showing posts with label AnupriyaShibu. Show all posts
Showing posts with label AnupriyaShibu. Show all posts

ദൈവത്തിന്റെ പിറന്നാൾ സമ്മാനം

ദൈവത്തിന്റെ പിറന്നാൾ സമ്മാനം
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം..
ഞാനാകെ ടെൻഷനിലാണ്...
എന്തു ടെൻഷൻ എന്നായിരിക്കും നിങ്ങളിപ്പോൾ ആലോചിക്കുന്നത്.. അങ്ങനെ പറയുവാൻ മാത്രമുള്ള വല്യ ടെൻഷനൊന്നുമല്ല കേട്ടാൽ ഒരു പക്ഷേ എന്നെ കളിയാക്കും. ന്നാലും ഞാൻ പറയാം..
നാളെയാണ് ഡോക്ടറെ കാണേണ്ട തിയ്യതി.അഡ്മിറ്റാവാൻ തയ്യാറായി വരണമെന്ന് കഴിഞ്ഞ ആഴ്ച പ്രത്യേകം പറഞ്ഞതാണ്.. പോവാനാണെങ്കിൽ എനിക്കു മടി...
മടിയുടെ കാരണം എന്താന്നു വെച്ചാ, നാളെ എന്റെ പിറന്നാളാണ്. പിറന്നാൾ ദിവസം തന്നെ ഹോസ്പിറ്റലിൽ കിടക്കേണ്ട കാര്യമോർത്തപ്പോൾ, പിന്നേയും പിന്നേയും മടി മടിയോടു മടി... പോവില്ലാന്നു ഞാൻ തീരുമാനവുമെടുത്തു. അപ്പോഴാണ് ഏട്ടന്റെ വക ചോദ്യം
'നാളെയ്ക്കുള്ള നമ്പർ ബുക്ക് ചെയ്തോ അനൂ...'
ഹും .. നാളെയ്ക്ക്... ഞാൻ... ബുക്ക് ചെയ്തതു തന്നെ..
എന്ന ഭാവത്തിൽ കള്ളത്തരത്തോടെ ഞാനേട്ടന്റെ മുഖത്തു നോക്കിയൊരു വളിച്ച ചിരിയും പാസാക്കി നിന്നു.
എന്റെ ഭാവം ഏട്ടനു പെട്ടന്നു പിടികിട്ടി
'നീ ബുക്ക് ചെയ്തില്ലാലേ...'
അതു പിന്നെ ഞാൻ.....
അതേയ് ഏട്ടാ, ഈ പിറന്നാളിനൊക്കെ ഹോസ്പിറ്റലിൽ അഡ്മിറ്റാവാന്നു പറഞ്ഞാൽ..
വേണ്ട നമുക്ക് നാളത്തെ കഴിഞ്ഞു പോവാന്നേ.
ഒരു ദിവസത്തെകാര്യല്ലേ അതൊന്നും കുഴപ്പമില്ല.
അതു വേണോ... റിസ്കാണ്...
ഏയ് ഒരു പ്രശ്നവുമില്ലെന്നു ഞാൻ...
മനസ്സില്ലാ മനസ്സോടെ ഒടുവിൽ ഏട്ടൻ സമ്മതിച്ചു.
ഞാൻ ഹാപ്പിയായി...
അല്ലേലും ഈ ആശുപത്രിയെന്നു കേൾക്കുമ്പോ തന്നെ എനിക്ക് 'ചെകുത്താൻ കുരിശു കണ്ട പോലെയാണ് '
എന്റെ ഓർമ്മയിൽ ഞാൻ ഹോസ്പിറ്റലിൽ കിടന്നത് ആകെ രണ്ടു തവണ. രണ്ടും എന്റെ പൊന്നു മക്കൾക്ക് ജന്മം നൽകാൻ വേണ്ടി മാത്രം...
വല്യ വീരവാദമൊക്കെ പറഞ്ഞു അങ്ങനെ ഉറങ്ങാൻ കിടന്നപ്പോഴല്ലേ രസം !
എന്തോ ഒരു വല്ലായ്ക.. ഏട്ടനോടു പറഞ്ഞാലോ..?
ഏട്ടൻ മര്യാദയ്ക്കു പറഞ്ഞതാ നാളെ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ.. കേട്ടില്ല .. പറഞ്ഞതു കേട്ടില്ല.. ഇനി അനുഭവിച്ചോ...
ഞാനെന്നോടു തന്നെ ദേഷ്യപ്പെട്ടു പറഞ്ഞു.
'ന്തേയ്... നീയ്യുറങ്ങണില്ലേ...?'
'പിന്നേ.. ഉറക്കം വന്നിട്ടു എനിക്കു കണ്ണു കാണാൻ വയ്യ..
ഒന്നുമറിയാത്ത പൂച്ച കുഞ്ഞിനെ പോലെ ഞാൻ പറഞ്ഞു.
തൽക്കാലം വല്യ അസ്വസ്ഥതയില്ല.. ഒരു കുഴപ്പവുമില്ലന്നു പറഞ്ഞ് സ്വയമങ്ങു സമാധാനിപ്പിച്ചു.
സമയം കടന്നു പോയി. ഏട്ടനാണെങ്കിൽ ഗാഢമായ ഉറക്കത്തിൽ.. ഈശ്വരാ.. വീണ്ടും എന്തോ പോലെ..
പണി പാളിയോ..
അവസാനം ഉറക്കത്തിലായിരുന്ന ഏട്ടനെ തോണ്ടി വിളിച്ചു.
ഏട്ടൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു ചോദിച്ചു..
'എന്തേയ്...? എന്തേ..വല്ല കുഴപ്പവുമുണ്ടോ..?'
പറയാൻ ധൈര്യമില്ല.. ചീത്ത പറയാൻ തുടങ്ങിയാൽ രണ്ടു കിലോ പഞ്ഞി ചെവിട്ടിൽ തിരുകിയാലും മതിയാവാതെ വരും..ന്താപ്പ ചെയ്യാ...?
'എന്തേ ടീ മിണ്ടാണ്ടിരിക്കുന്നേ...?'
'ഒന്നൂല്യ.. നേരം വെളുക്കാറായോന്നു ചോദിക്കാൻ വിളിച്ചതാ.. '
ഉറക്കം കളഞ്ഞ ദേഷ്യം നന്നായുണ്ട് മുഖത്ത് .പക്ഷേ എന്തോ ഒന്നും പറഞ്ഞില്ല. സമയം പന്ത്രണ്ടു മണിയായിട്ടുള്ളൂ .. എന്നോട് കിടക്കാൻ പറഞ്ഞിട്ട് ഏട്ടൻ വീണ്ടും കിടന്നു.
കുറെ കഴിഞ്ഞ് ഞാൻ വീണ്ടും തോണ്ടി... അങ്ങനെ ഒരു മൂന്നാലു പ്രാവിശ്യം ആവർത്തിച്ചപ്പോൾ ഏട്ടൻ ഇടഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..
'ദേ.. മിണ്ടാണ്ട് കിടന്നുറങ്ങിയില്ലെങ്കിൽ ഇപ്പ തന്നെ ഹോസ്പിറ്റലിൽ കൊണ്ടോയിടുമെന്നു പറഞ്ഞപ്പോ പിന്നെ ഞാൻ തോണ്ടിയില്ല. ഞാൻ ഒന്നുമറിഞ്ഞില്ല ... പറഞ്ഞും ഇല്ലേ....
രാമനാരായണ എന്നും വിചാരിച്ചങ്ങു കിടന്നിട്ട്
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
എഴുന്നേറ്റു വന്നപ്പോഴെ എന്റെ മോൻ ഓർഡറിട്ടു.
'അമ്മേ ഇന്നു ഇഡലീം സാമ്പാറും മതി'
ഇഡലി പെട്ടന്നുണ്ടാക്കാം മാവ് റെഡിയാണ്.. പക്ഷേ സാമ്പാർ.. അതു വറുത്തരച്ചു തന്നെ വയ്ക്കണമെന്ന് വീട്ടിൽ നിർബന്ധമാണ് എല്ലാവർക്കും. അതിനു തൽക്കാലം പറ്റില്ല. ഇപ്പോ ഇടവിട്ടൊരു വേദന വരുന്നുണ്ട്.. എന്താ ഇപ്പ ചെയ്യാ..
ഏട്ടനോട് വളരെ സൗമ്യമായി ഞാൻ കാര്യം പറഞ്ഞു..
അപ്പഴേ ഞാൻ പറഞ്ഞതല്ലേ.. നിന്റെയൊരു പിറന്നാള് വേഗം റെഡിയാവ് ഇപ്പ തന്നെ പോവാംന്ന് ഏട്ടൻ..
പോവാം മോന് ബ്രേക്ക് ഫാസ്റ്റ് കൊടുക്കാതെങ്ങനെ.. ഞാൻ പെട്ടന്നു റെഡിയാക്കാം എന്നിട്ടു പോവാം.
പേരിനൊരു സാമ്പാറും ഇഡലിംണ്ടാക്കി മോനു കൊടുത്തിട്ട്
ഞങ്ങൾ യാത്രയായി ഇന്നു പോകേണ്ടെന്നു തീരുമാനിച്ച അതേ ദിവസം ഹോസ്പിറ്റലിലേക്ക്.
എന്റെ പിറന്നാള് , രണ്ടു ദിവസം കഴിഞ്ഞാൽ വെഡിംങ്ങ്
ആനിവേഴ്സറി.. ഒക്കെ ഇനി ഹോസ്പിറ്റലിൽ..
പറഞ്ഞിട്ടെന്താ കാര്യം ഇതൊക്കെ ദൈവം വിചാരിക്കുന്ന പോലെയല്ല നടക്കൂ.. മാറ്റി ചിന്തിച്ചത് എന്റെ തെറ്റ്..
ഡോക്ടറെ കണ്ടപ്പോൾ നല്ലൊരു ചീത്ത ബോണസ്സായും കിട്ടി... പിറന്നാൾ കേമായി..
വേഗം ലേബർ റൂമിലേക്കു മാറ്റാൻ നേഴ്സിനോടു ഡോക്ടർ പറഞ്ഞു.
ലേബർ റൂമിലെത്തിയപ്പോ എന്റെ കണ്ണുകൾ മറ്റൊരാളെ തിരഞ്ഞു... വേറാരേയുമല്ല ആദ്യത്തെഡെലിവറിക്ക് ഒരു കണ്ടു പിടിത്തം നടത്തിയ പ്രായമായ ഒരു നേഴ്സിനെ..
ഇനി കണ്ടുപിടുത്തമറിയണ്ടേ..
വേദന സഹിക്കാൻ പറ്റാണ്ട് കിടന്നു കരയുന്ന എന്നെ നോക്കി ചോദിച്ചു
'ഹസ്ബന്റ് എവിടെയാ....?'
ഗൾഫിലാണെന്നു ഞാൻ.
എവിടെ...?
അബുദാബിയിലാണ്.
തൊട്ടപ്പുറത്തു കിടക്കുന്ന വേറൊരു കുട്ടിയെ ചൂണ്ടിക്കാട്ടിയിട്ടു പറഞ്ഞു
'ദേ.. ആ കുട്ടീടെ ഹസ്ബന്റ് അമേരിക്കയിലാ അത് മിണ്ടാണ്ട് കിടക്കുന്ന കണ്ടോ...?'
ന്താപ്പ പറയാ... എനിക്കങ്ങു ദേഷ്യം വന്നു പ്രസവവേദനയ്ക്ക് അബുദാബിയും അമേരിക്കയും തമ്മിൽ എന്തു ബന്ധം....?
സാഹചര്യം മോശമായതുകൊണ്ടും വേദന സഹിക്കാൻ വയ്യാത്തോണ്ടും ദേഷ്യം വന്നപ്പോ കയ്യിൽ ഇട്ടിരുന്ന കാന്യുല വലിച്ചൂരി... അറിയാതെ സംഭവിച്ചതാണ്... ഇനിയിപ്പ ഇതും പറഞ്ഞായിരിക്കും അടുത്തത്...
തെറ്റിയില്ല ആ നേഴ്സ് ഉടൻ തന്നെ അമ്മേനെ വിളിപ്പിച്ചു.ദേ ഈ കുട്ടി ഇതൊക്കെ വലിച്ചു പറച്ചു കളഞ്ഞു . അതിനോട് മിണ്ടാണ്ട് കിടക്കാൻ പറയൂ... എന്റെ അവസ്ഥ കണ്ട് അമ്മ അതിലും വല്യ കരച്ചിലെന്നും പറഞ്ഞ് അമ്മേനെ വന്ന പോലെ തന്നെ തിരിച്ചുവിട്ടു.
പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ആ കക്ഷിയെയാണ് എന്റെ കണ്ണുകൾ തിരയുന്നത്. വേറൊരു നേഴ്സിനോടു ചോദിച്ചപ്പോൾ പറഞ്ഞു
ആ നേഴ്സ് റിട്ടയറായി എന്ന്..
ആഹാ ..ഒരു സമാധാനം..
വേദന കൂടി വരുന്നു പണ്ടത്തെ പോലെയല്ല ഇപ്പോ വേദനയൊക്കെ നമ്മുടെ മുമ്പിൽ മുട്ടുകുത്തും..
അപ്പോഴും ഡോക്ടർക്ക് സംശയം
വേദനയില്ലേ അനൂ...
ആ... ഉണ്ട്...
കൂടട്ടെ....
കൂട്ടിക്കോട്ടെ... ന്ന് ഞാനും
ഞാനൊന്ന് ഭക്ഷണം കഴിച്ചിട്ട് വരാം പത്തു മിനിറ്റ് അപ്പോഴേക്കേ ആവുള്ളൂ... അങ്ങനേം പറഞ്ഞ് ഡോക്ടർ ഊണുകഴിക്കാൻ പോയി.
അനൂ മൂത്തത് ആൺകുട്ടിയാണല്ലേ.. ഇതു ആണായാൽ നിർത്തുന്നുണ്ടോ...?
പിന്നേ... ആണായാലും പെണ്ണായാലും നിർത്തും.
'പെൺകുട്ടിയാവട്ടെ...'
അതെ ..ഏട്ടനും പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം
അല്ല ഇതെന്താ കാലിലും കയ്യിലുമെല്ലാം നെയിൽ പോളിഷ്.. ഡേറ്റ് അടുത്തിരിക്കമ്പോ ഇതൊന്നും പാടില്ലാന്നറിയില്ലേ...
അത് ചുമ്മാ പിറന്നാളൊന്നു ആഘോഷിക്കാനിട്ടതാ.. ഇവിടെ ഇന്നുതന്നെ വരുംന്ന് വിചാരിച്ചില്ലല്ലോ!
ഉം... ആ മൂളൽ അത്ര സുഖകരമല്ല.
ഊണുകഴിക്കാൻ പോയ ഡോക്ടറെ കാത്തു നിൽക്കാൻ എന്റെയുള്ളിലെ കാന്താരി സമ്മതിച്ചില്ല ആളു പെട്ടന്നിങ്ങു വന്നു എന്റെ അധികം കരയിക്കാതെ തന്നെ...
അനൂ... പെൺകുട്ടിയാണ്....
എനിക്കു സന്തോഷമായി. ഏട്ടന്റെ ആഗ്രഹം പോലെ തന്നെയായല്ലോ ..
നേഴ്സ് അവളെ എന്നെ കാണിച്ചു. അവളുടെ റോസ് നിറമുള്ള കുഞ്ഞു കാലുകളിൽ ഞാൻ തൊട്ടു. അവളെന്റെ സ്പർശനം തിരിച്ചറിഞ്ഞതുപോലെ ചുരുട്ടിപ്പിടിച്ചിരുന്ന കാൽവിരലുകൾ നിവർത്തി വീണ്ടും ചുരുട്ടി പിടിച്ചു.
കുറച്ചു കഴിഞ്ഞ് തൂവെള്ള ടർക്കിയിൽ പൊതിഞ്ഞ് അവളെ ആദ്യം നേഴ്സ് വച്ചു കൊടുത്തത് ഏട്ടന്റെ കയ്യിലായിരുന്നു. ഏട്ടന്റെ ജീവിതത്തിൽ അത്രയുമുള്ള കുഞ്ഞിനെ ആദ്യമായാണ് ഏട്ടൻ കയ്യിൽ വാങ്ങുന്നത്. ഒരിക്കലും ആ അനുഭൂതി മറക്കാൻ കഴിയില്ലയെന്നു ഏട്ടൻ ഇടയ്ക്കിടെ പറയാറുണ്ട്. മോനെ കയ്യിൽ വാങ്ങാൻ കഴിയാതിരുന്ന ആ വിഷമമെല്ലാം അപ്പോഴാണ് മാറിയതത്രേ...
മക്കളുടെ കരച്ചിൽ കേട്ട് എല്ലാ അമ്മമാരും സന്തോഷിക്കുന്ന ഒരേ ഒരു ദിവസം.. ഞാനും അന്നു സന്തോഷിച്ചു..
ഇന്നു എന്റെ പിറന്നാളാണ് ദൈവം എനിക്കു തന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനം എന്റെ മോളാണ്.... ( my profile picture)
ഇന്ന് എന്റെ പിറന്നാൾ ദിവസമാണെങ്കിലും നാളനുസരിച്ച് നാളെയാണ് അവളുടെ പിറന്നാള്... ഇന്നും നാളെയും സന്തോഷത്തോടെ ദൈവത്തിന്റെ സമ്മാനത്തിന് എന്നും നന്ദിയോടെ ഓർത്തുകൊണ്ട്....
അനുപ്രിയ ഷിബു......

ലഹരിയിൽ പുകഞ്ഞ ജീവിതങ്ങൾ...

ലഹരിയിൽ പുകഞ്ഞ ജീവിതങ്ങൾ...
ഡി അഡിക്ഷൻ സെന്ററിനോടു ചേർന്ന കൗൺസിലിംങ്ങ് റൂമിൽ അപർണ്ണ തിരക്കിലാണ്.
റൂമിലുണ്ടായിരുന്നവരുടെ കൗൺസിലിംങ്ങിനു ശേഷം അവൾ ചോദിച്ചു
'കുറുപ്പമ്മാവാ ഇനി ആരെങ്കിലുമുണ്ടോ...?'
'ഇനിയാരുമില്ല..'
'വല്ലാത്ത തലവേദന.. വീട്ടിൽ പോയി ഒന്നു ഫ്രഷാകണം കുറച്ചു നേരം കിടക്കണം..'
'മോളു പൊയ്ക്കോളൂ. ഇതൊക്കെ ഞാനെടുത്ത് വച്ചോളാം.'
കുറുപ്പമ്മാവൻ അപർണ്ണയുടെ സഹായിയാണ് പ്രായം എഴുപതു കഴിഞ്ഞെങ്കിലും അതിന്റേതായ വിഷമങ്ങളൊന്നും ആ ശരീരത്തെ തീണ്ടിയിട്ടില്ല. മരിക്കും വരെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണമെന്നാഗ്രഹം മാത്രം. അപർണ്ണക്കും കറുപ്പമ്മാവനുള്ളത് ഒരാശ്വാസമാണ്.
മുഖത്തെ കണ്ണടയെടുത്ത് തുടച്ച ശേഷം വീണ്ടും വെയ്ക്കുമ്പോഴാണ് ഒരച്ഛനും അമ്മയും മകനും അവിടേക്കു കടന്നു വന്നത്.
അവരോടായി കുറുപ്പമ്മാവൻ ചോദിച്ചു
കൗൺസിലിംങ്ങിനു വന്നതായിരിക്കും അല്ലേ..?
അതേയെന്ന അർത്ഥത്തിൽ അവർ തലയാട്ടി.
ഇന്നത്തെ സമയം തീർന്നല്ലോ ബുദ്ധിമുട്ടില്ലെങ്കിൽ നാളെ രാവിലെ വരൂ..
അവരുടെ കൂടെയുള്ള ആ ചെറുപ്പക്കാരൻ പെട്ടന്നു കുപിതനായികൊണ്ട് അവരോടു പറഞ്ഞു
'ഞാൻ പറഞ്ഞതല്ലേ വരണ്ടാന്ന്. മനുഷ്യനെ മെനെക്കെടുത്താൻ..
നിങ്ങൾക്കായിരുന്നല്ലോ നിർബന്ധം... ഇതിന്റെ ഒരു ആവിശ്യവും എനിക്കില്ല.'
അവനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് അവർ നടന്നകലുന്നതും നോക്കി അപർണ്ണയവിടെ ഇരുന്നു പോയി !
"ആ കണ്ണുകൾ, ആ മുഖം..!
അവന്റെ അതേ കണ്ണുകൾ.. വിടർന്ന നിറയെ പീലികളുള്ള ചെമ്പൻ കണ്ണുകൾ..
ഇനിയും മറക്കാൻ കഴിയാത്ത, എന്നുമെന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്ന അവന്റെ അതേ മുഖം ...
നിറഞ്ഞ കണ്ണുകളെ അടക്കി നിർത്താനും കുറുപ്പമ്മാവനിൽ നിന്നും ഓടിയൊളിക്കാനും തിടുക്കപ്പെട്ട കൊണ്ട് അവൾ അവിടെ നിന്നു എഴുന്നേറ്റു അതിവേഗത്തിൽ കാറിനടുത്തേക്ക് നടന്നു.
ഡ്രൈവ് ചെയ്യുമ്പോഴും അവൾക്കതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്നില്ല.. എങ്ങെനെയോ വീട്ടിലെത്തി കുളിക്കാനും വസ്ത്രം മാറ്റുവാനും മെനക്കെടാതെ കിടക്കയിൽ കണ്ണുകളച്ചു കിടന്നു.
മൂന്നു വർഷങ്ങൾക്കു മുൻപ് ഒഴിയാഞ്ഞവേദന നൽകി അകന്നുപോയ അവന്റെ മുഖമോർത്തുകൊണ്ട്.. "
പിറ്റേന്ന് രാവിലെ തന്നെ അവർ വന്നു. ആ ചെറുപ്പക്കാരന്റെ പേര് പ്രസാദ്. അവനെ പറ്റി കൂടുതൽ അറിയേണ്ടതുള്ളതുകൊണ്ട് ഞാനവനോട് അൽപ നേരം പുറത്തിരിക്കാമോ എന്നു ചോദിച്ചു..
എന്തോ അവനിപ്പോൾ ശാന്തനാണ് .അനുസരണയുള്ള നല്ലകുട്ടിയെ പോലെ അവൻ പുറത്തേക്കിരുന്നു.
എൻജിനീയറിംങ്ങിനു പഠിക്കുകയായിരുന്നു, അച്ഛൻ ഗൾഫിലൊരു ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുന്നു.സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ കഴിയുന്നവർ. സമ്പത്തിന്റെ അളവു കൂടിയതിനാലാവാം അവനൊരുപാട് ചീത്ത കൂട്ടുകളിൽ പെട്ട് ലഹരിക്കടിമയായി അവസാനം ഇവിടം വരെ എത്തിയത്. ചികിത്സയിലൂടെ ആ അവസ്ഥക്കു മാറ്റം വന്നെങ്കിലും കുറച്ചു കൗൺസിലിംങ്ങുകൂടിയായാലേ അതു പൂർണ്ണമാക്കാൻ കഴിയുള്ളൂ..
ആദ്യമാദ്യം അവൻ സഹകരിച്ചില്ല പക്ഷേ പതിയെ പതിയേ അവൻ മാറി. അവന്റെ സ്വഭാവത്തിൽ വലിയൊരു സ്വാധീനം ചലിപ്പിക്കാൻ എനിക്കായതിന് ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു. അവനെ കാണുമ്പോൾ എന്റെ മനസ്സിനൊരു സുഖമാണ് അതുകൊണ്ടുതന്നെ ഞാനവനായി കുറച്ചു കൂടുതൽ സമയം മാറ്റിവെച്ചു. ഒരിക്കൽ കടൽ തീരത്ത് മനോഹരമായ അസ്തമയ സൂര്യന്റെ ഭാവങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ അവനെന്നോടു പറഞ്ഞു
''ചേച്ചീ.... കടലിന്റെ ആഴങ്ങളിലേക്കു പോകാൻ നല്ല രസമായിരിക്കുമല്ലേ.. ഞാനൊന്നു പൊയ്ക്കോട്ടേ..?"
ചോദ്യം തീർന്നതും അവൻ പെട്ടന്നെഴുന്നേറ്റ് കടലിലേക്കു നടക്കാൻ തുടങ്ങി ഞാനാകെ പരിഭ്രമിച്ചു.ആലോചിച്ചു നിൽക്കാതെ പെട്ടന്നവന്റെ പിന്നാലെ ചെന്നവനെ പിടിച്ചു വലിച്ചു
'നീയെന്തായീ കാണിക്കുന്നത് ..?'
ശക്തമായ കിതപ്പോടെ അവൾ ചോദിച്ചു..
'എന്നെ വിടൂ ഞാൻ പോകട്ടെ ...എനിക്കു പോയേ പറ്റൂ...'
വല്ലാത്തൊരു ആത്മഹത്യാ പ്രവണത അവനിലപ്പോൾ അവൾ കണ്ടു. അവനെ സമാധാനിപ്പിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു.
'എന്തിനു വേണ്ടി ..? ആർക്കു വേണ്ടി..? '
എനിക്ക് വേണ്ടി ..എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി..
ലഹരിയ്ക്കടിമയായിരുന്ന എന്നെ ഇനി ആ കണ്ണിലൂടെ മാത്രമേ എല്ലാവരും കാണുള്ളൂ.. നല്ലൊരു ജീവിതം എനിക്കുണ്ടാവില്ല എല്ലാവരുടേയും മുൻപിൽ അച്ഛനും അമ്മയും ഇനിയും തല താഴ്ത്തി നിൽക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ്..
ഒരു കരച്ചിലോടെ അവനതു പറഞ്ഞപ്പോൾ വീണ്ടും 'ഞാനവനെയോർത്തു... '
"പ്രസാദ്.. ആത്മഹത്യ ഒന്നിനും പരിഹാരമാവില്ല അതു നിന്നെ സ്നേഹിക്കുന്നവരെ വീണ്ടും വിഷമിപ്പിക്കാനേ ഉപകരിക്കൂ മരണശേഷവും നിന്നെ പറ്റി പറയാൻ നല്ലതൊന്നും ഉണ്ടാവില്ലാന്നു മാത്രമല്ല നിന്റെ ആത്മാവിനെ വരെ പ്രതിക്കുട്ടിലിട്ടു തേജോവധം ചെയ്തു രസിക്കുന്നവരേയും നീ കാണേണ്ടി വരും ..
വേണ്ട മോനേ... നീയെനിക്ക് അത്ര പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നു നിന്റെ വിയോഗം ഈ ചേച്ചിക്കു ഓർക്കാൻ പോലും കഴിയുന്നില്ല.. പ്ലീസ്... ഞാൻ പറയുന്നത് നിയനുസരിക്കില്ലേ.....?"
കരഞ്ഞുകൊണ്ടവൻ മണൽതിട്ടയിൽ ആഞ്ഞു കുത്തി ഒരു പിടി മണൽ വാരിയെടുത്തു കൊണ്ടു അവൻ ഉറക്കെ ചോദിച്ചു.
'എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നേ...?
ഞാനാരാ നിങ്ങളുടെ .....? ഞാൻ മരിച്ചാലും ജീവിച്ചാലും നിങ്ങൾക്കെന്താ....?'
'നീയെനിക്കു ആരാണെന്ന് പറയുന്നതിനു മുമ്പ് ഞാനൊരു കഥ പറയാം എന്റെ കഥ.. അതിനവസാനം നിന്റെ ചോദ്യത്തിനുത്തരം നിനക്കു കിട്ടും... '
അൽപ നേരത്തിന്റെ മൗനത്തിനു ശേഷം അവൾ തുടർന്നു
''അമ്മയുടെ സ്നേഹവും വാത്സല്യവും തട്ടിയെടുത്തു കൊണ്ട് എനിക്കും അമ്മയ്ക്കുമിടയിൽ 'വില്ലനായവൻ' കടന്നു വന്നപ്പോൾ കുറച്ചൊന്നുമായിരുന്നില്ല എനിക്കവനോടുള്ള ദേഷ്യവും കശുമ്പും..
മണ്ണപ്പം ചുട്ടും, കളിയോടമുണ്ടാക്കിയും, ആർത്തു പെയ്തിരുന്ന മഴയിൽ ഓടിക്കളിച്ചും ,വടക്കേപ്പുറത്തെ മൂവാണ്ടൻ മാവിൽ കല്ലെറിഞ്ഞും ഉമ്മ നൽകാനുമൊക്കെ ഒരു കുഞ്ഞനിയനെ കൂട്ടുകിട്ടിയല്ലോ എന്നോർത്തപ്പോൾ
ആ ദേഷ്യവും കശുമ്പുമെല്ലാം ഒരിക്കലും വറ്റാത്ത സഹോദര സ്നേഹത്തിന്റെ നീരുറവയായി പരിവർത്തനപ്പെടുകയായിരുന്നു. അല്ല, ആ ദേഷ്യവും അസൂയയുമെല്ലാം എന്റെ മുഖം മൂടി മാത്രമായിരുന്നു എന്നതാണ് സത്യം.
മുതിർന്നപ്പോൾ അവനെന്റെ മനസ്സിൽ നല്ല സഹോദരനും, കൂട്ടുകാരനുമൊക്കെയായി മാറി. എന്റെ വിവാഹ ദിവസം എന്നെ യാത്രയാക്കുമ്പോൾ ആരും കാണാതെ മാറി നിന്നു കരഞ്ഞ അവനെ, അകന്നു പോകുന്ന കാറിന്റെ വിന്റൊ ഗ്ലാസിലൂടെ ഞാൻ കണ്ടു.. പിന്നെ ഞാനമ്മയായപ്പോൾ എന്റെ കുഞ്ഞുങ്ങളെ വാരിപ്പുണർന്നു കൊണ്ടവൻ ഏറ്റവും നല്ല അമ്മാവനായി .. വിവാഹത്തെ തുടർന്ന് എടുത്ത ലോണിന്റെയും മറ്റും കടങ്ങൾ വീട്ടാൻ വീടും പറമ്പും വിറ്റപ്പോഴും അതൊക്കെ അവന്റെ തന്നെ അധ്വാനത്തിലൂടെ തിരികെ പിടിച്ച് അവനുയർന്ന നിലയിലെത്തിയപ്പോൾ അവൻ നല്ലൊരു മകനായി...
എന്നിട്ടും ഇടയ്ക്കെപ്പോഴോ അവനിൽ വന്ന മാറ്റം...എന്തു കാര്യമുണ്ടെങ്കിലും ഓടി വന്നു പറഞ്ഞിരുന്ന അവനിലെ ആ മാറ്റങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാനവനോട് ചോദിച്ചെങ്കിലും എന്തൊക്കെയോ അവനെന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നതായി എനിക്കു തോന്നി. അവനറിയാതെ അതിന്റെ പൊരുളന്വേഷിച്ചു അവനു പിറകേ രഹസ്യമായി ഞാനവനെ പിൻതുടർന്നു കൊണ്ടേയിരുന്നു. അമ്മയേക്കാൾ കൂടുതൽ അവനെന്നെയും ഞാനവനേയും സ്നേഹിച്ചിരുന്നുവെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം അവന്റെ ചെറിയ ഒരു മാറ്റമായാലും എനിക്കു പെട്ടന്നു മനസ്സിലാകുന്നത്..
അവൻ ഒളിപ്പിച്ചു വച്ചിരുന്നത് ഞങ്ങളുടെ കുടുംബത്തെ തന്നെ ശിഥിലമാക്കാൻ കഴിവുള്ള ഒരു 'ബോംബായിരുന്നു'
അവന്റെ ബിസിനസ്സ് തകർന്നു. ദാരിദ്ര്യത്തിൽ നിന്നും അവൻ കരകയറിയപ്പോൾ അവന്റെ ഉയർച്ചയിലും കയ്യിലെ പണത്തിലും കൈവച്ച കുറച്ചു പേർ അവനറിയാതെ പകർന്നു കൊടുത്ത ലഹരി അവന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞു. എല്ലാമറിഞ്ഞു പിൻമാറാൻ ശ്രമിച്ച അവനെ ആ ലഹരി മാഫിയ ഭീഷണിപ്പെടുത്തി.. പുറത്തറിഞ്ഞാൽ നിന്റെ കുടുംബത്തെ മുഴുവൻ ചുട്ടിരിക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞങ്ങളെ രക്ഷിക്കാൻ അവൻ കണ്ടെത്തിയ മാർഗ്ഗം ആത്മഹത്യയായിരുന്നു.
ഒരിക്കലവൻ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു
'എനിക്കിനിയിയും ജീവിച്ചു കൊതി തീർന്നില്ല ചേച്ചി.. പക്ഷേ അവരെന്നെ ജീവിക്കാനനുവദിക്കില്ല.... '
അവന്റെ സങ്കടം എന്തൊക്കെ പറഞ്ഞിട്ടും മാറിയില്ല ഒരു വിധത്തിലവനെ സമാധാനിപ്പിച്ചു ഞാനവനെ സംരക്ഷിച്ചു കൊള്ളാമെന്നു ഉറപ്പുകൊടുത്ത ശേഷമാണ് അവനൽപം ശാന്തമായതു തന്നെ. പക്ഷേ....
അവനെന്തോ അപകടം പറ്റിയെന്നറിഞ്ഞു ഞാനോടി ചെന്നപ്പോൾ കണ്ടത് തളർന്നു കിടന്നു കരയുന്ന അമ്മയേയും അയൽക്കാരെയുമായിരുന്നു.
മരണത്തിന്റെ അടുക്കലേക്ക് പോകാനവൻ തീരുമാനമെടുത്തപ്പോൾ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു കുളിച്ചു കൊണ്ട് അവന്റെ ശരീരത്തിലേക്കു തീ പകർന്നു. അവന്റെ അലർച്ചകേട്ട് ഓടി വന്ന അച്ഛനും അമ്മയും കണ്ടത് വലിയൊരു അഗ്നിഗോളം അവനെ വിഴുങ്ങി കൊണ്ട് ഓടുന്നതാണ്.
അയൽക്കാരും അച്ഛനും ചേർന്ന് തീയണച്ചപ്പോൾ ചുരുണ്ടു കിടന്നിരുന്ന അവനെ അപകടമണി മുഴക്കി വന്ന ആംബുലൻസിൽ കയറ്റി കൊണ്ടുപോയി. ശരീരമാകെ വെന്തു നീറി കരയുന്ന അവനെ ഒന്നു കാണാൻ പോലും എനിക്കു കഴിഞ്ഞില്ല..
രണ്ടു ദിവസം അവൻ മരണത്തിനോടു പൊരുതി പക്ഷേ പ്രതീക്ഷ വേണ്ടെന്നള്ള ഡോക്ടറുടെ മൊഴി കേട്ടതോടെ ഞങ്ങളാകെ തകർന്നു.
അമ്മയെ അതുവരെ ഒന്നും അറിയിച്ചില്ല. അവനു ഭേദമുണ്ടെന്നു പറഞ്ഞു സമാധാനിപ്പിച്ചു. എല്ലാമറിഞ്ഞ എനിക്കൊന്നു പൊട്ടിക്കരയണമെന്നുണ്ടായിരുന്നു പക്ഷേ അമ്മയെ ഓർത്തപ്പോൾ ഞാനാവേദന കടിച്ചമർത്തി.
മൂന്നാം ദിവസം അവൻ പോയി... എന്റെ കുഞ്ഞനിയൻ..
ഒരിക്കലും മടങ്ങി വരാത്ത അകലങ്ങളിലേക്ക്..
അവന്റെ വിയോഗംഅറിഞ്ഞു കൊണ്ട് ആ ശരീരം വീട്ടിലെത്തും വരെ അമ്മയ്ക്ക് മുമ്പിൽ പുഞ്ചിരിച്ചു കൊണ്ട് അമ്മയെ സമാധാനിപ്പിക്കാൻ ഞാനൊരു പാട് പാടുപെട്ടു പതിറിപോയാൽ എന്റെ അമ്മയും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു അതിനുള്ള പ്രേരണ.
അവന്റെ ശരീരം വീട്ടിലെത്തിയപ്പോൾ അമ്മയുടെ നിലവിളി ഇപ്പഴും എന്റെ കാതിൽ നിന്നും പോയിട്ടില്ല. അതിലേറെ എന്നെ വിഷമിപ്പിച്ചത് ദുർമരണത്തിന്റെ പേരുപറഞ്ഞ് സ്വന്തമായി ഉണ്ടാക്കിയ മണ്ണിൽ അവനാറടി മണ്ണു പോലും വിലക്കപ്പെട്ടു കൊണ്ട് അകലെയുള്ള ക്രിമിറ്റോറിയത്തിൽ അവന്റെ ശരീരം എരിഞ്ഞു തീർക്കേണ്ടി വന്നപ്പോഴാണ്."
'അവസാനമായി ഒരു നോക്കു അവന്റെ മുഖം കാണാൻ എനിക്കു പറ്റിയില്ല.... പ്രസാദ്..'
പൊട്ടിക്കരഞ്ഞു പോയ അവൾ കുറച്ചു നേരത്തിന്റെ മൗനത്തിനു ശേഷം തുടർന്നു..
അവന്റെ മരണശേഷമാണ് ഞാനീ മേഖല തെരഞ്ഞെടുത്തത്. അവനായി എനിക്കു ചെയ്യാൻ കഴിയാതെ പോയതെല്ലാം ഇനി ചെയ്യണം..
നിനക്കറിയോ പ്രസാദ് നിനക്ക് എന്റെ അനിയന്റെ അതേ മുഖഛായയാണ്.. നിന്നെ കാണുമ്പോൾ അവനെന്റെ അടുത്തുള്ളതുപോലെ തോന്നാ എനിക്ക്....
ദൈവത്തിന്റെ ഓരോ വികൃതികൾ......
'ചേച്ചീ..... എന്നോട് ക്ഷമിക്ക്..... ഞാനിനി ഇങ്ങനെയൊന്നും ചിന്തിക്കപോലുമില്ല.'
കുറച്ചു നാളുകൾക്കു ശേഷം അവൻ പൂർണ്ണമായും സുഖപ്പെട്ടു. ഇന്നവൻ തിരിച്ചു പോകുകയാണ് അവന്റെ നാട്ടിലേക്ക്...
പോകാൻ നേരം അവനെന്റെ കാലിൽ തൊട്ട് അനുഗ്രഹം ചോദിച്ചു. നന്മയുണ്ടാവാൻ പ്രാർത്ഥിച്ചു ഞാനവനെ കൈ വെച്ച് അനുഗ്രഹിച്ചു.
യാത്ര ചോദിച്ച് നടന്നകലുമ്പോൾ ഇടയ്ക്കവൻ പിന്തിരിഞ്ഞു നോക്കി ഒന്നുകൂടി പുഞ്ചിരിച്ചു. ഒരു നിമിഷം എന്റെ അനിയൻകുട്ടന്റെ ആത്മാവ് അവനോടൊപ്പം പുഞ്ചിരിച്ചു നിൽക്കുന്നതായി എനിക്കു തോന്നി. അവർ കണ്ണിൽ നിന്നും മറയുന്നവരെ ഞാനവരെ യാത്രയാക്കി കൊണ്ട് അവിടെ തന്നെ നിന്നു.
വീണ്ടുമൊരു ജീവൻ ഭദ്രമാക്കിയ സന്തോഷത്തോടെ.....

Anupriya

മകൾക്ക്.....

മകൾക്ക്.....
അമ്മൂ..... അമ്മൂ.... എത്ര നേരായിട്ടു വിളിക്കണതാ
ഈ കുട്ടിയവിടെ എന്തെടുക്കാ...
മോളേ അമ്മൂ...
അതു ശരി നീയിവിടെ ഇരുട്ടത്തേയ്ക്കും
നോക്കി കൊണ്ടിരിക്കാ..
ഞാൻ വിളിക്കണതൊന്നും കേട്ടില്ലേ....
അതല്ല ചിറ്റേ ആരോ നിലവിളിക്കുന്ന പോലെ ....
ആദ്യം തോന്നിയതായിരിക്കും എന്നു വിചാരിച്ചു . പക്ഷേ പിന്നേയും പിന്നേയും ആ ശബ്ദം ചിരിക്കുന്നു, കരയുന്നു, ഇടക്കെപ്പോഴോ അലറി വിളിക്കുന്നതും കേട്ടു.
ഓ.. അതാണോ അതാ ഭ്രാന്തൻ വേലുവാണ് . ഇന്നു വാവല്ലേ അതു കൊണ്ടിന്നൽപം കൂടുതലായിരിക്കും. പാവം...
ഇതിടക്കിവിടെ പതിവാ...
ഭ്രാന്തൻ വേലുവോ അതാരാ ചിറ്റേ..?
അതൊക്കെ ഒരു കഥയാ അമ്മൂ.. അതൊക്കെ പിന്നെയാവട്ടെ നീ വാ..
വന്നു വല്ലതും കഴിക്കാൻ നോക്ക്
'പറ ചിറ്റേ... എനിക്കയ്യാളെ പറ്റി അറിയണം '
അമ്മു ചെറിയ കുട്ടികളെ പോലെ കൊഞ്ചി ചോദിച്ചു
ശ്ശൊ ഈ കുട്ടീടെ ഒരു കാര്യം. ഇത്ര വലുതായിട്ടും കുട്ടിക്കളി മാറീട്ടില്ല..
എന്റെ പൊന്നു ചിറ്റേല്ലേ... പ്ലീസ്....
നിനക്കു അത്ര നിർബന്ധമാണെങ്കിൽ പറയാം അമ്മൂ...
"ഒരു പാവായിരുന്നു വേലു. ഭാര്യയും ഒരു മകളുമടങ്ങിയ കൊച്ചു കുടുംബം. അവരുടെ ലോകം തന്നെ ആ മോളായിരുന്നു.
വേലു എവിടെ പോയാലും വാലു പോലെ അവളുമുണ്ടാകും. കുഞ്ഞിഉടുപ്പിട്ട് കുസൃതികാട്ടി തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിക്കുട്ടി. കിലുകിലാന്നുള്ള അവളുടെ ചിരിയും കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനവും കേൾക്കാൻ തന്നെ ഒരു രസായിരുന്നു.
വൈകുന്നേരങ്ങളിൽ അച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതിക്കായി ഉറങ്ങാതെ അമ്മയോടൊപ്പം അവളും കാത്തിരുന്നു. അച്ഛന്റെ നിഴൽ കാണുമ്പോഴേക്കും അവളോടി ചെല്ലും . കെട്ടിപ്പിടിച്ചു മുത്തം കൊടുക്കും.പിന്നെ അച്ഛന്റെ തോളിലിരുന്ന് മിഠായി പൊതി തുറന്ന് ആദ്യം അച്ഛന് പിന്നെ അമ്മക്ക്.
കുളിച്ച് , വസ്ത്രം മാറി അത്താഴം കഴിക്കാനിരിക്കുമ്പോൾ തൂണിനു പിറകിൽ ഒളികണ്ണിട്ടു അവളവിടെ നിൽക്കുന്നുണ്ടാകും എന്തിനാണെന്നോ
ആദ്യത്തെ ഉരുള അച്ഛന്റെ പാറു മോൾക്ക് . അതു കിട്ടിയില്ലെങ്കിൽ അവളു പിണങ്ങും. പിണങ്ങുന്നതു പോയിട്ട് അവളുടെ കുഞ്ഞു മുഖമൊന്നു വാടുന്നതു പോലും ചിന്തിക്കാനവർക്കുകഴിയില്ലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം.. അവരുടെ സന്തോഷത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട്
ഏതൊക്കെയോ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിച്ചുള്ള കലാപം.. എങ്ങും തീവെപ്പും കൊള്ളയും അതിനിടയിൽ കൂടി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം..
നാടും നാട്ടുകാരും മരവിച്ചു പോയ നിമിഷങ്ങൾ ...
ജോലിക്കു പോയ വേലു ഭയപ്പാടോടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നു. പാത്രങ്ങളും മറ്റും ചിതറി കിടക്കുന്നു. അവന്റെ ആധികൂടി വന്നു മോളേയും ഭാര്യയേയും അന്വേഷിച്ചു നടന്ന അവൻ കണ്ടത് പിന്നാമ്പുറത്ത് പിച്ചിച്ചീന്തപ്പെട്ട് അവസാനശ്വാസത്തിനായി പിടക്കുന്ന ഭാര്യയേയും ജീവൻ വിട്ടകന്ന മോളേയുമാണ്.
ആ കുഞ്ഞിന്റെ ശരീരമെടുത്ത് അലറി കരഞ്ഞ വേലുവിന്റെ മുഖം മനസ്സീന്നു മായുന്നില്ല.. "
ഇത്തിരിയില്ലാത്ത ആ കുഞ്ഞിനോടു പോലും കാടത്തം കാട്ടിയ പേ പിടിച്ച നായ്ക്കൾ...
'മതി ചിറ്റേ ഇനി എനിക്കൊന്നും കേൾക്കണ്ട..'
അമ്മുന്നറിയാമോ വേലുവിന്റെ പാറു ജീവിച്ചിരുന്നെങ്കിൽ ഇന്ന് അവൾക്ക് നിന്റെ പ്രായമായിരുന്നേനേ.. പാവം അതിന് അത്ര ആയുസ്സേ ദൈവം വിധിച്ചിരുന്നുള്ളൂ...
അത്താഴമുണ്ണാനവൾക്കു തോന്നിയില്ല കിടന്നിട്ടു ഉറങ്ങാനും പറ്റുന്നില്ല മനസ്സുനിറയെ ആ കുടുംബത്തെ പറ്റിയുള്ള ചിന്തകളായിരുന്നു. പുറത്ത് വലിയൊരു മഴ പെയ്തു തോർന്നു. പാതിരാത്രിയുടെ നിശബ്ദ്ധതയെ കീറി മുറിച്ചു കൊണ്ട് അപ്പോഴും വേലുവിന്റെ അലർച്ച കേൾക്കാമായിരുന്നു. അയ്യാളെ ഒന്നു കാണമെന്നവളുടെ ഉള്ളിൽ ആരൊക്കെയോ പറയുന്നതായി അവൾക്കു തോന്നി.
ചിറ്റ വന്നു വിളിച്ചപ്പോഴാണ് നേരം പുലർന്നിരിക്കുന്നുവെന്ന് അമ്മുവിന് മനസ്സിലായത്. ഉറക്കക്ഷീണം മാറാത്ത തൂങ്ങിയ കണ്ണുകൾ പെട്ടന്ന് വിടർത്തി അമ്മു പറഞ്ഞു
'ചിറ്റേ എനിക്കയ്യാളെ ഒന്നു കാണണം'
ആരെ...?
ചിറ്റ ഇന്നലെ പറഞ്ഞില്ലേ...
ആരെ ആ ഭ്രാന്തനേയോ....?
നിനക്കു വേറെ ഒരു പണിയുമില്ലേ അമ്മൂ, സ്വബോധമുള്ളപ്പോൾ അയ്യാളൊരു പാവമായിരുന്നു പക്ഷേ ഇപ്പോ അയ്യാൾക്കു ഭ്രാന്താണ്. ഏതുനേരത്താ സ്വഭാവം മാറാന്നു പറയാൻ പറ്റില്ല . നീ എവിടേക്കും പോവണ്ട നിന്റെ അമ്മയും അച്ഛനും നിന്നെ ഇവിടെ നിർത്തിയിട്ടു പോയത് ആ ഭ്രാന്തന് കൊല്ലാനല്ല..
സഹതാപം കൊണ്ടങ്ങോട്ടു ചെന്നാ അതാപത്താവും.
പ്ലീസ് ചിറ്റേ.. അകലെ നിന്നു കണ്ടാ മതി. ഭ്രാന്തായത് അയ്യാളുടെ കുറ്റമാണോ അതും ഒരു മനുഷ്യനല്ലേ
പിന്നെ ഞാനും ഒരു സൈക്യാട്രിസ്റ്റ് അല്ലേ.. ഇതു പോലെ എത്ര പേരെ കാണുന്നതാ..
നിന്നോടു തർക്കിക്കാൻ ഞാനില്ല പോവണ്ടാന്നു പറഞ്ഞാ വേണ്ട.
പോകാതിരിക്കാൻ അമ്മുവിന് കഴിഞ്ഞില്ല ആരുമറിയാതെ പോകണം. അയ്യാളെ കാണണം. അവളുടെ മനസ്സ് പിന്നേയും അതു തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ആരുമറിയാതെ അയ്യാളെ കാണാൻ അവൾ പോയി .
മുഷിഞ്ഞ വസ്ത്രങ്ങൾ ,നീണ്ട ജഡ കെട്ടിയ മുടി, കുഴിഞ്ഞ കണ്ണുകൾ,എല്ലുന്തിയ ശരീരം, ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായപോലെ, ചങ്ങലയിട്ട കാലുകളിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്. അവിടെയവിടെയായി രൂപപ്പെട്ട വ്രണങ്ങൾ പൊട്ടിയൊലിക്കുന്നു. വെയിലേറു കൊള്ളാത്ത പാതി പൊളിഞ്ഞ വീടിന്റെ ഒരു മൂലയിൽ അയ്യാൾ ചുരുണ്ടു കൂടി കിടക്കുകയാണ്.
അമ്മുവിനെ കണ്ടതും അയ്യാൾ ചാടിയെണീറ്റു.കയ്യിൽ കിട്ടിയ വടിയെടുത്ത് അവൾക്കു നേരെ പാഞ്ഞടുത്തു. അവൾ വേഗം ഒഴിഞ്ഞുമാറിയതുകൊണ്ട് അടി ദേഹത്ത് വീണില്ല.
പിന്നെ അവിടെ നിൽക്കുന്നതത്ര പന്തിയല്ലെന്ന് തോന്നി അവൾ മടങ്ങി. വേലു തന്റെ പഴയ സ്ഥാനത്തു തന്നെ വീണ്ടും ചുരുണ്ടു.
വീട്ടിലെത്തിയിട്ടും അമ്മുവിന്റെ ചിന്തകൾ വേലുവിനെ പറ്റി തന്നെയായിരുന്നു.
അവൾ വീണ്ടും വീണ്ടുഅയ്യാളെ കാണാൻ ചെന്നു. പല പല ദിവസങ്ങൾ കടന്നു പോയി. ഇപ്പോ തലയുയർത്തി നോക്കുകയല്ലാതെ തല്ലാനോടി വരുന്നില്ല.
അമ്മു മനസ്സിലെന്തൊക്കെയോ കണക്കു കൂട്ടിയാണ് ഇപ്രാവിശ്യം ചെന്നത് കൂടെ മൂന്നാലാളേയും കൂട്ടി . കൈയ്യിലൊരു പൊതിചോറും കരുതിയിട്ടുണ്ട്.
കുറെ പേരെ ഒരുമിച്ചു കണ്ടതുകൊണ്ടാകണം വേലു നിലവിളിച്ചു കൊണ്ട് അവർക്കു നേരെ പാഞ്ഞടുത്തു. എല്ലാവരും ചേർന്ന് അയ്യാളെ പിടിച്ചു. കൈകൾ കെട്ടി , മുടി വെട്ടി, കുളിപ്പിച്ചു വൃത്തിയാക്കി നല്ല വസ്ത്രങ്ങൾ ഉടുപ്പിച്ചു . മുറിവിൽ മരുന്നു വെച്ചു.
തലയൊന്നു തണുത്തതു കൊണ്ടോ എന്തോ അയ്യാളിപ്പോൾ ശാന്തനാണ്.
എല്ലാവരേയും പറഞ്ഞു വിട്ട് അമ്മു അയ്യാളുടെ കൈയ്യിലേക്ക് ആ പൊതിച്ചോറ് കൊടുത്തു. ആദ്യം വാങ്ങിയില്ല പിന്നെ വാങ്ങി പൊതി തുറന്ന് ഒരുരുള ഉരുട്ടി ഇലയുടെ അറ്റത്തു വെച്ചു. പിന്നെ രണ്ടു കൈകൾ കൊണ്ടും ആക്രാന്തത്തോടെ വാരിവലിച്ചു തിന്നുകയാണ്.
വായനിറച്ചിട്ടു കഴിക്കുന്നതിനിടയിൽ വേലു അമ്മുവിനെ ഇടക്കിടെ നോക്കുന്നുണ്ട്. പിന്നെ പല്ലിളിച്ചുകാട്ടി കൊണ്ട് വാരി തിന്നും.
ദിവസങ്ങൾക്കു ശേഷമായിരിക്കും ആഹാരം കാണുന്നത് വല്ലപ്പോഴും ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണമായിരുന്നു ഇതുവരെയുള്ള ജീവൻ നിലനിർത്തിയത് .വേലു കഴിക്കുന്നതും നോക്കി അമ്മു ദൂരെ മാറിയിരിക്കുകയായിരുന്നു.
വേലുവിനെ അമ്മു ജോലി ചെയ്യുന്ന മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
പിന്നേയും പല പല ആഴ്ചകൾ , മാസങ്ങൾ....
വേലുവിന്റെ മാനസിക നില മെച്ചപ്പെട്ടു തുടങ്ങിയിരിക്കുന്നു.
അമ്മുവിനെ പ്രതീക്ഷിച്ച് അയ്യാൾ നിൽക്കുന്ന സ്ഥിതി വരെയായി . ഭക്ഷണം മാത്രം അമ്മു കൊടുത്താലേ കഴിക്കുമെന്ന വാശി മാത്രമേ ഇപ്പോഴുള്ളൂ.
അമ്മു എന്നും കൊടുക്കുന്ന പൊതിച്ചോറിൽ നിന്നും പതിവുപോലെ ഒരുരുള അന്നും മാറ്റിവെച്ചു. പിന്നെ എന്തോ ഓർത്തിരിക്കുന്ന പോലെ തോന്നി . വീണ്ടും ഉരുട്ടിവെച്ച ഉരുളയെടുത്തു വേലു നെഞ്ചോടു ചേർത്തു വിതുമ്പി ആ ഉരുളയിലേക്കും അമ്മുവിന്റെ മുഖത്തേക്കും അയ്യാൾ മാറി മാറി നോക്കി. പിന്നെയത് അവളുടെ നേർക്ക് നീട്ടി
കാലം തട്ടിയെടുത്ത ഒരച്ഛന്റെ സ്നേഹം വീണ്ടും അവൾക്കു മുമ്പിൽ ....
മോളിതു കഴിക്കോ...?
അയ്യാൾ യാചിക്കുന്നതായവൾക്കു തോന്നി.
അമ്മു വാങ്ങിക്കില്ലെന്നു തോന്നി വേലു കൈകൾ പിൻവലിക്കാനൊരുങ്ങിയപ്പോൾ അമ്മു വേഗം ആ കൈകളിൽ പിടിച്ചു
വേലു മകൾക്കായ് എന്നും കൊടുത്തിരുന്ന ഒരുരുള ചോറ് ...
പുഞ്ചിരിച്ചു കൊണ്ട് അമ്മു അതു വാങ്ങി കഴിക്കമ്പോൾ അയ്യാളുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു . പാവം...
മനസ്സിലാരൊക്കെയോ പറഞ്ഞു തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സന്തോഷത്തിനുപരി മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ മുഖത്തെ സന്തോഷമായിരുന്നു അവളുടെ ഉള്ളിൽ നിറയെ.
വിധി ചില നേരങ്ങൾ കാട്ടുന്ന ക്രൂരത എത്ര വലുതാണ്. അതുൾക്കൊള്ളാൻ കഴിയാത്തവർ കടുത്ത മാനസ്സിക സംഘർഷങ്ങളിലേക്കും ചിലപ്പോൾ മരണത്തിലേക്കും നടന്നു പോകുന്നു..
കാലം മായ്ക്കാത്ത മുറിവുകളില്ല എങ്കിലും ആ അച്ഛന്റ മനസ്സിനേറ്റ മുറിവുണങ്ങാൻ ആ ഒരുജന്മം മുഴുവൻ വേണ്ടി വന്നു.
മാനസ്സിക വിഭ്രാന്തിക്ക് ശമനം വന്നപ്പോൾ എന്നോ നഷ്ടപ്പെട്ട മകളോടുള്ള സ്നേഹം മകളായി കണ്ടു കൊണ്ട് അമ്മുവിന് നൽകുമ്പോൾ ഇനിയൊരിക്കലും തിരിച്ചു വരാൻ കഴിയാത്ത കാലയവനികക്കുള്ളിലേയ്ക്കുള്ള അയ്യാളുടെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു....

Anupriya

ആന വരുന്നേ...


ആന വരുന്നേ...
ഇതു വെറുമൊരു സാങ്കൽപിക കഥയല്ല. തികച്ചും സത്യമാണ്. അതു കൊണ്ടു തന്നെ പറയട്ടെ ഈ കഥയിലെ നായിക ഈ ഞാൻ തന്നെയാണ്...
കുറച്ച് വർഷങ്ങൾക്കു മുൻപ് ...
വിവാഹം കഴിഞ്ഞു പത്തിരുപത് ദിവസങ്ങൾക്കു ശേഷം ഏട്ടൻ ഗൾഫിലേക്കു മടങ്ങി. കോളേജും വീടും തമ്മിലുള്ള ദൂരം കൂടുതലായതു കൊണ്ട് ആ വർഷത്തെ പഠനം താൽക്കാലികമായി നിർത്തിവെച്ചിട്ട് ഞാൻ ഏട്ടന്റെ വീട്ടിലേക്കു പോയി അവിടുത്തെ അമ്മക്കു കുറച്ചു പ്രായമുണ്ടേ..
ആ സമയത്താണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ (നാലമ്പല ദർശനത്തിനു പ്രസിദ്ധിയുള്ള ക്ഷേത്രം) അച്ഛനും അമ്മയും ഉത്സവത്തിനു പോകുന്നുണ്ട് നീ വരുന്നുണ്ടെങ്കിൽ വാ ....
വിളി കേട്ടപാതി കേൾക്കാത്ത പാതി ഞാൻ യാത്രാനുമതിയും ചോദിച്ച് എന്റെ വീട്ടിലേക്ക് തിരിച്ചു...
അവിടെ ഗംഭീര ആന പൂരമാണേ...
ഞങ്ങളീ തൃശ്ശൂരുകാർക്ക് ആനയോടുള്ള പ്രേമം ഇത്തിരി കൂടുതലാണെന്ന് എല്ലാവർക്കും അറിയാലോ..
ആനയെന്നു പറഞ്ഞാ എനിക്കും ജീവനാണ്..
എത്ര ആനയാ.... ഞാൻ കൺകുളിർക്കെ താളോം മേളവുമൊക്കെ ആസ്വദിച്ചങ്ങനെ അവരുടെ കൂടെ നിൽക്കാണ്.
പെട്ടന്നാരോ പറഞ്ഞു ... "ആനയിടഞ്ഞു.... "
ഈശ്വരാ ഏതു ദൈവത്തെ വിളിക്കും...?
വേറെ വല്ല ജാതിയായിരുന്നെങ്കിൽ ഒരു ദൈവത്തെ വിളിച്ചാ മതിയായിരുന്നു ഇതിപ്പോ മുപ്പത്തെട്ടുമുക്കോടി ദേവതകളുണ്ടെന്നാ കേട്ടിരിക്കുന്നത് ചിലപ്പോ അതിൽ കൂടുതലും ഒരാളെ വിളിച്ചാൽ ഒരാൾക്ക് വിഷമമായാലോ...
ശങ്കിച്ചു നിൽക്കാൻ സമയമില്ല ജീവൻ വേണേൽ ഓടണം..
''എല്ലാവരും ഓടിക്കോ... ''
ആളുകളൊക്കെ പരക്കം പായുന്നു . ചിലർ വാവിട്ടു കരയുന്നു...
ഞാൻ ഭയങ്കര ധൈര്യശായിയാണെന്നു ഇപ്പോ നിങ്ങൾക്കു തോന്നുന്നുണ്ടോ...?
അതു വെറുതെയാണ് ഞാനും ഓടുകയാണേ...
എന്റെ മനസ്സിൽ ആന എന്നെ ചവിട്ടി കൊന്നിരുന്നു.
പാവം ഏട്ടൻ ഒരു 'വിധവനായി 'പോയല്ലോ .....
ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതേ ഉള്ളൂ... ഒന്നു മര്യാദയ്ക്ക് സംസാരിക്കാൻ പോലും സമയം കിട്ടിയിട്ടില്ല.. ഭാര്യയെ ആന ചവിട്ടി കൊന്നുവെന്നു പറയാൻ മോശക്കേടുണ്ടാവില്ലേ ... ഓടുമ്പോഴും ഇങ്ങനെയൊക്കെചിന്തിക്കാൻ പറ്റ്വോ .... ആവോ.... ഞാനിതൊക്കെ തന്നെയാണ് ചിന്തിക്കുന്നത്...
പെട്ടന്ന് മുൻപിലുള്ളവരെല്ലാം നിന്നു. ഇനി മുൻപോട്ടു പോകാൻ പറ്റില്ല .ഈ വാതിലിനപ്പുറം ശ്രീകോവിലാണ് അവിടെ ഉച്ചനേദ്യമായതുകൊണ്ട് എല്ലാവരേയും പുറത്താക്കി വാതിൽ അടച്ചിട്ടിരിക്കുന്നു. പ്രാണനു വേണ്ടി വാതിൽ തുറക്കണമെന്ന് ആളുകൾ കരഞ്ഞു പറയുന്നുണ്ട് പക്ഷേ ദേവസ്വക്കാർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല..
ആനയ്ക്കു മദമിളകി എന്നു കേട്ടതല്ലാതെ കണ്ടിട്ടില്ല.. അപ്പോഴാണ് ആനയുടെ വരവ്...
എന്റെമ്മോ... കൊമ്പുകുലുക്കി അലറി പാഞ്ഞു ഞങ്ങളുടെ നേർക്ക് ഓടി വരുകയാണ്..
ആന ഓടുമ്പോൾ ഭൂമി കുലുങ്ങുന്ന പോലെ..
പേടിച്ചിട്ട് ഹൃദയം വായിൽ കൂടി ചാടി ഓടുമെന്ന് നർമ്മ രൂപേണ വായിച്ചറിവേ ഉള്ളൂ . എന്റെ ഹൃദയം എപ്പഴേ ഇറങ്ങി ഓടി..
തീർന്നു... ഇനി മുന്നോട്ടൊരടി പോവാൻ പറ്റില്ല ആനയാണെങ്കിൽ അടുത്തെത്താറായി അതിനിടയിൽ ആരെയോ ആന തുമ്പിക്കൈ കൊണ്ട് എടുത്തറിഞ്ഞത് നടുക്കത്തോടെ ഞങ്ങളെല്ലാവരും നോക്കി കണ്ടു.
കൂത്തമ്പലം കഴിഞ്ഞാൽ അതു ഞങ്ങളുടെ അടുത്തെത്തും.. കൂത്തമ്പലത്തിനുള്ളിലും ഒരു പാടാളുകൾ ഭയന്നു വിറച്ചിരിക്കുന്നുണ്ട്. ആന കൂത്തമ്പലത്തിന്റെ ഒരു ഭാഗത്ത് ഇടിക്കാൻ തുടങ്ങി
ആളുകൾ ഉറക്കെനിലവിളിക്കുകയാണ്.
ആരെക്കെയോ വലിയ ശബ്ദങ്ങളുണ്ടാക്കിയപ്പോൾ ഞങ്ങളുടെ നേർക്കു തിരിഞ്ഞ ആന പെട്ടന്ന് ആ ശബ്ദത്തിന്റെ വഴി ഓടുന്നത് ഞങ്ങൾ കണ്ടു.
അൽപം ആശ്വാസം തോന്നി പക്ഷേ വിറയൽ മാറുന്നില്ല. വേഗം നടക്ക് വേറെ വഴി പുറത്തേക്ക് കടക്കാമെന്ന് അച്ഛൻ പറഞ്ഞു.
പക്ഷേ കാലും കൈയ്യും വിറച്ചിട്ട് നടക്കാൻ പോലും പറ്റണില്ല.
ഉത്സവം കാണാൻ തോന്നിയ നേരത്തെ ഞാൻ മനസ്സിൽ ശപിച്ചു കൊണ്ടിരുന്നു.
ഒരു കണക്കിന് അമ്പലക്കുളം വരെയെത്തി. അപ്പോ ആരോ പറയാ..
'' ദേ ആന ഈ വഴി വരുന്നുണ്ട്.''
'ഇനി ഓടാൻ വയ്യ .. തൊണ്ട വരണ്ടു പൊട്ടാറായി.
ആന വന്നാ അച്ഛാ ഞാനീ കുളത്തിൽ ചാടുട്ടോ നിങ്ങൾ എന്നെ നോക്കണ്ട പോയി രക്ഷപ്പെട്ടോ ...'
ഭാഗ്യത്തിന് ആന ആ വഴി വന്നില്ല.
ആന ഓടിപ്പിച്ച ക്ഷീണം ഒന്നു മാറ്റാൻ അച്ഛൻ അമ്മയേയും എന്നേയും കൊണ്ട് ഒരു ഹോട്ടലിൽ കയറി
എന്താ മോൾക്ക് വേണ്ടേ... ?
എന്തൊക്കെയോ വേണമെന്നുണ്ട് പക്ഷേ പറയാൻ ശബ്ദം പുറത്തേക്കു വരുന്നില്ല. അതു മനസിലാക്കി അച്ഛൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട മസാല ദോശ പറഞ്ഞു.
വെയിറ്റർ കൊണ്ടു വെച്ച വെള്ളം ആർത്തിയോടെ
മോന്തി കുടിച്ചു. മസാല ദോശ കഴിക്കാനായി കൈയ്യെടുത്തപ്പോഴോ .. ആലില പോലെ വിറക്കുകയാണ് ഒരു വിധേന ഒരു കഷണം വായിൽ എടുത്തു വെച്ചു.
എന്താ മോളെ കരയുന്നേ പച്ചമുളക് കടിച്ചോ.. ?
ഇല്ലെന്ന് ഞാൻ ആംഗ്യ ഭാഷയിൽ മറുപടി നൽകി.
ഇനി ഭക്ഷണം പോയിട്ട് വെള്ളമിറക്കാൻ പോലും പറ്റില്ലെന്നാ കുറച്ചു മുൻപുവരെ കരുതിയിരുന്നത്.
ആയുസ്സിന്റെ ബലം കൊണ്ട് എങ്ങനെയൊക്കെയോ അന്നതിൽ നിന്നും രക്ഷപ്പെട്ടു.
വീട്ടിൽ തിരിച്ചെത്തി അമ്മയോട് (അമ്മായി അമ്മ) കാര്യങ്ങൾ പറഞ്ഞപ്പോ ആകെ ചിരി പൂരം . അമ്മയ്ക്ക് ആന ഓടി ചെന്നു കേട്ടപ്പോ ചിരി അടക്കാനാവുന്നില്ല. കൂടെയുള്ളവരും ചിരി. കൂട്ട ചിരി.. ചിരിച്ചു ചിരിച്ച് അവർക്കു വയറു വേദന.... എനിക്കാണെങ്കിൽ സങ്കടായി പുതുപെണ്ണല്ലേ എന്തെങ്കിലും പറഞ്ഞു പോയാ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ... പാവം ഞാൻ ഒന്നും മിണ്ടിയില്ല.
മൂന്നു പേരെ ആന കൊല്ലുകയും ഒരുപാടു പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ സംഭവം ഇപ്പഴും എന്നിൽ പേടിയോടെ കിടക്കുന്നുണ്ട്.
ഉത്സവങ്ങൾക്കു പോവുമ്പോ ഇടയ്ക്കിപ്പോഴും ആ സംഭവം പറഞ്ഞ് ഏട്ടൻ എന്നെ കളിയാക്കും. ദേ ഇന്നാളു കൂടി മക്കളോട് പറയാ..
''ഉത്സവത്തിനു ആനയുണ്ടെങ്കിൽ അമ്മേടെ പൊടിപോലും അവിടെയുണ്ടാവില്ലാന്ന്....''
ഇതിലും ഭേദം അവിടെയിട്ട് ആന ചതച്ചരച്ചാ മതിയായിരുന്നെന്നും ഞാൻ അപ്പോഴാക്കെ തിരിച്ചു പറയാറുണ്ട്.
ഇനിയിപ്പോ എന്തു പറഞ്ഞിട്ടും എന്താ കാര്യം.. അല്ലേ...

Anupriya Shibu

അമ്മയ്ക്കൊരു ഓണക്കോടി




ഓണമാഘോഷിക്കാൻ എനിക്കമ്മ മാത്രമേയുള്ളൂ. അമ്മയുടെ നല്ല പ്രായത്തിൽ മുഴുകുടിയനായിരുന്ന അച്ഛൻ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ മൂന്നു വയസ്സുള്ള എന്നേയും ആറു മാസം മാത്രം പ്രായമുള്ള അനിയത്തിയേയും ചേർത്തു പിടിച്ചു പകച്ചുപോയ നിമിഷങ്ങളെ പറ്റി അമ്മ പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ട്. ചോദ്യചിഹ്നമായി അവശേഷിച്ചു നിന്ന ജീവിതത്തിനു മുമ്പിൽ പതറാത ഉണ്ണാതെ ഉറങ്ങാതെ മുണ്ടു മുറുക്കിയുടുത്ത് ഞങ്ങളെ വളർത്തിയ അമ്മയ്ക്ക് എന്തു നൽകിയാലും മതിയാവില്ല.
അറിവിന്റെ ലോകത്തിലേക്ക് ഒരു ചുവടുവെപ്പിനായി കരിപുരണ്ട എച്ചിൽപാത്രങ്ങൾ കഴുകി കിട്ടിയ നാണയ തുട്ടുകൾ ഓരോന്നും സൂക്ഷിച്ചു വെച്ച് എന്നെ നല്ലാരു നിലയിലെത്തിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്.
ഓരോ ഓണങ്ങൾ വന്നെത്തുമ്പോഴും ഞങ്ങളുടെ വയറു നിറച്ച് അരവയറുമായി അമ്മ ഉറങ്ങിയിട്ടുണ്ട് ഞങ്ങൾ ഓണക്കോടിയുടുത്ത് ഓടി കളിച്ചപ്പോഴെല്ലാം പഴകി ദ്രവിച്ചമുണ്ടായിരുന്നു അമ്മയുടെ വേഷം. അൽപ്പം മുതിർന്നപ്പോഴും അമ്മയെന്നും ആ പതിവ് മുടങ്ങാതെ തുടർന്നു കൊണ്ടേയിരുന്നു. അന്നു മുതൽ എന്റെയുള്ളിൽ അമ്മയ്ക്കു വേണ്ടി ഒരു ഓണക്കോടി വാങ്ങണമെന്ന ആഗ്രഹം ഞാൻ സൂക്ഷിച്ചു വെച്ചു. ഇപ്പോൾ അതിനുള്ള സമയമായിരിക്കുന്നു.
നല്ല ഗുണങ്ങൾ പറഞ്ഞു തന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്നും ഒരു പങ്ക് കൊണ്ട് അമ്മയ്ക്കും അനിയത്തിക്കുമൊരു ഓണക്കോടി വാങ്ങി ഞാൻ വീട്ടിലേയ്ക്കു പോകുകയാണ്.
"മോനേ നീ വന്നോ... എത്ര നാളായി നിന്നെ കണ്ടിട്ട്.. നീയാകെ കോലം കെട്ടുപോയല്ലോ... ഇത്ര ബുദ്ധിമുട്ടാണേൽ നമുക്കാ ജോലി വേണ്ട മോനേ.... "
അമ്മയ്ക്കെന്നും മക്കൾ കൊച്ചു കുഞ്ഞാണല്ലോ അവരെത്ര വളർന്നാലും അമ്മയുടെ മനസ്സിൽ അവരുടെ കുട്ടിത്തം വിട്ടുമാറാത്ത മുഖമായിരിക്കും ഉണ്ടാവുക.
" അമ്മയ്ക്ക് വെറുതേ തോന്നണതാ അമ്മേ എനിക്കൊരു ബുദ്ധിമുട്ടുവുമില്ല അമ്മയേയും ഇവളേയും കാണാത്ത വിഷമം മാത്രമേയുള്ളൂ.. നിനക്കു സുഖമാണോ മോളേ... "
'എനിക്കു സുഖമാണേട്ടാ...'
"അമ്മ വാ എനിക്കൊത്തിരി കാര്യങ്ങൾ പറയാനുണ്ട്.
അതൊക്കെ പിന്നെ പറയാം.. മോൻ വാ.. ആദ്യം വന്ന് എന്തെങ്കിലും കഴിക്ക്...
എത്ര നാളായി അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട്.. അമ്മേടെ കൈ കൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി വേറെ ആരുണ്ടാക്കി തന്നാലും അതിനുണ്ടാവില്ല.''
'അമ്മ കേൾക്കണുണ്ടോ ഞാൻ പറയുന്നത്.. '
കണ്ണിമചിമ്മാതെ അവൻ വാരി കഴിക്കുന്നത് സംതൃപ്തിയോടെ നോക്കി കാണുകയാണമ്മ
"കുറച്ചു കൂടി കഴിയട്ടെ നമുക്കീ വീടൊക്കെ പൊളിച്ചുപണിയണം. ഇവർക്കൊരു നല്ല ചെക്കനെ കണ്ടെത്തണം.. ദേ വേറാളെ കിട്ടിയാ ഞങ്ങളെയൊന്നും മറന്നേക്കല്ലടീ കുറുമ്പി...
'ഒന്നു പോവേട്ടാ.. കളിയാക്കാതെ...
ഞാൻ പോയാലും അമ്മയ്ക്കു കൂട്ടിന് ഏട്ടൻ നല്ലൊരു ഏട്ടത്തിയമ്മയെ കൊണ്ടു വരില്ലേ പിന്നെ എന്നെ മറക്കുമോ എന്നാ എന്റെ സംശയം...'
'വർത്തമാനമൊക്കെ നിർത്തി നിങ്ങൾ വേഗം കഴിച്ചെഴുന്നേറ്റേ പിള്ളേരേ..'
ഊണും കഴിഞ്ഞ് അടുക്കളയൊക്കെ വൃത്തിയാക്കി എന്റെയടുത്തുവന്നിരുന്ന അമ്മയുടേയും അനിയത്തിയുടേയും കൈകളിലേയ്ക്ക് ഞാൻ ഓണക്കോടി വെച്ചു കൊടുത്തു അതു തുറന്നു നോക്കിയ അനിയത്തി സന്തോഷം കൊണ്ടെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചു.
അമ്മയുടെ മുഖം നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. എന്റെ അമ്മയ്ക്ക് ആദ്യമായി കിട്ടിയ ഓണക്കോടി. എനിക്കൊന്നും വേണ്ടായിരുന്നെന്ന് പരാതി പറയുമ്പോഴും അമ്മയുടെ നെഞ്ചോടു ചേർത്തടക്കി പിടിച്ച ആ പൊതിയിൽ അമ്മയുടെ മനസ്സ് നിറയുന്നത് ഞാൻ കണ്ടു.
ഞാനാ ഓണക്കോടി വെച്ചു കൊടുക്കുമ്പോൾ അമ്മയുടെ സ്വപ്നം നിറവേറ്റാൻ കഴിഞ്ഞ എന്നിലെ മകന് അതൊരു ആത്മനിർവൃതിയായിരുന്നു..

സിന്ദൂരരേഖ..



ശ്രീ.... ആ ....ഹെൽമറ്റ് ഇങ്ങെടുത്തേ... ഇന്ന് നേരത്തേ വരോ സുധിയേട്ടാ....? എന്തേ....? വീട്ടിലൊന്നു പോവണായിരുന്നു... അച്ഛന്റെ ആണ്ടാണ് നാളെ... എന്തായാലും വരണമെന്ന് അമ്മ പറഞ്ഞു. എനിക്കൊഴിവുണ്ടാകില്ല നീ മോളേം കൂട്ടി ഇന്നു പൊയ്ക്കോ.. അവളുടെ കണ്ണുനിറയുന്നത് ബൈക്കിന്റെ കണ്ണാടിയിലൂടെ അവൻ കണ്ടു. അല്ല കണ്ടിട്ടും കാണാതെ പോയി .. കുറച്ചു വർഷങ്ങളായി ഇങ്ങനെയാണ്. എന്തു ചോദിച്ചാലും മുറി ഉത്തരങ്ങൾ ,ഒന്നിനും സമയമില്ല .. ആദ്യമൊക്കെ അതിന്റെ കാരണങ്ങൾ അറിയാൻ ശ്രമിച്ചു നോക്കി . ഫലമില്ലാതായപ്പോൾ അതും നിർത്തി. ശ്രീബാല വേഗം പണിയെല്ലാം തീർത്ത് ചിന്നു മോളേം കൂട്ടി വീട്ടിലേക്കു പുറപ്പെട്ടു. വീട്ടിലെത്തിയപ്പോഴേ ചോദ്യങ്ങൾ തുടങ്ങി സുധി വന്നില്ലേ.... എന്തേ വരാഞ്ഞത്..? എത്ര നാളായി നിങ്ങളൊരുമിച്ച് വന്നിട്ട്... അത് അമ്മേ ...ഏട്ടനെന്തോ വേറെ അത്യാവശ്യം ഉണ്ട്. ഒഴിവുണ്ടാകില്ലാന്നു പറഞ്ഞു. ഉം... എല്ലാവർക്കും തിരക്കാ.. എന്നാ ഈ തിരക്കൊക്കെ മാറ്റി എല്ലാവരുമൊന്ന് ഒന്നിച്ചിരിക്കണത്..? നിക്കിനി അധികകാലമൊന്നും ഉണ്ടാവില്യാന്നാ തോന്നണേ ആ....ഒക്കെ ഒരു യോഗാ.. അച്ഛനുള്ളപ്പോ ഒന്നും അറിയേണ്ടി വന്നിരുന്നില്ല .... അതൊക്കെ പോട്ടെ മുത്തശ്ശിടെ ചിന്നു മോളിങ്ങു വന്നേ.. കുത്തി പല്ലുകാട്ടി ശ്രീബാലയുടെ വിരലിൽ തൂങ്ങി നിന്ന അവളെ സാവിത്രിയമ്മ വാരിയെടുത്തു. മോളാകെ ക്ഷീണിച്ചല്ലോ നീയും ആകെ കോലം കെട്ടു പോയിരിക്കുന്നു ..എന്താ മോളേ ... എന്തെങ്കിലും പ്രശ്നം...? ഏയ്...... എന്തു പ്രശ്നം...? മക്കളുടെ എല്ലാ വല്ലായ്മകളും ആദ്യംകണ്ടു പിടിക്കുന്നത് അമ്മമാരാണല്ലോ ഏയ് ഒന്നൂല്യ അമ്മേ...അമ്മക്കു വെറുതേ തോന്നണതാ... അമ്മ വന്നേ... അമ്മണ്ടാക്കിയ മാമ്പഴ പുളിശേരീം കടുമാങ്ങ അച്ചാറും കൂട്ടി ഉണ്ടിട്ടെത്ര നാളായി വിശന്നിട്ടു വയ്യ.... ഉച്ചയ്ക്കൂണിന് നീയുണ്ടാകുമെന്നു പറഞ്ഞപ്പോ അമ്മ ഒക്കെ കാലാക്കി വെച്ചിട്ടുണ്ട് വാ.... വീട്ടിൽ വരുമ്പോൾ നേരം പോകണതറിയില്ല .അമ്മേടെ കൂടെ വിശേഷങ്ങളൊക്കെ പറഞ്ഞങ്ങനെ നടക്കുമ്പോ മനസ്സിനൊരു സുഖമാണ്... സന്ധ്യയായി... സാവിത്രിയമ്മ വിളക്കു വെച്ചു. മുത്തശ്ശിക്കൊപ്പം ചിന്നു മോളും നാമജപത്തിൽ ചേർന്നു. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ശ്രീബാലക്കുറക്കം വന്നില്ല. മനസ്സിവിടെയൊന്നുമല്ല... സുധിയേട്ടൻ വന്നാവോ.. ഒന്നു വിളിച്ചു കൂടെ അതും പറ്റില്ല. ഇതേ സമയം സുധി ജോലി കഴിഞ്ഞ് വീട്ടിലെത്തി. ആകെ അന്ധകാരം... കറണ്ടില്ലേ.... മറന്നു.... അവളുപൊയ്ക്കാണും.. അവൻ ലൈറ്റിട്ടു . കയ്യിലുണ്ടായിരുന്ന താക്കോലെടുത്ത് വാതിൽ തുറന്നു. ആകെ ഒരു നിശബ്ദത... എന്നും ജോലി കഴിഞ്ഞു വരുമ്പോൾ അമ്മേടേം മോൾടേം വഴക്കും കരച്ചിലും ആകെ പാടെ ബഹളമായിരിക്കും. വിശന്നിട്ടു വയ്യ കഴിക്കാനെന്തെങ്കിലും ഉണ്ടോന്നറിയാൻ അടുക്കളയിൽ ചെന്നു. ഭാഗ്യം.. ചോറും ..കറീം.. ഒക്കെ വെച്ചിട്ടാണ് പോയത്. പാവം... സങ്കടമായിട്ടുണ്ടാകും. കുറച്ചു വർഷങ്ങളായി താൻ അവളോട് ഒരു അന്യയെ പോലെയാണ് പെരുമാറുന്നത്. ഇത്രയൊക്കെ അകൽച കാട്ടിയിട്ടും ഇന്നുവരെ ഒരു പരാതിയും അവളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സ്വയം വിഷമിക്കുന്നുണ്ട് ഒരു പാട്.. സുധിക്ക് അവനോട് തന്നെ വെറുപ്പ് തോന്നി. എല്ലാം അവളോട് തുറന്നു പറഞ്ഞാലോ... അവളേയും കൂടിയെന്തിനാ വിഷമിപ്പിക്കുന്നെന്നു കരുതിയിട്ടാ ഇത്രയും നാൾ ഒന്നും പറയാതിരുന്നത്. അവനും അന്ന് ശരിക്കുമുറങ്ങാൻ സാധിച്ചില്ല. പിറ്റേന്ന് വെളുപ്പിനേ അവനെഴുന്നേറ്റു.. ഓഫീസിൽ ലീവു വിളിച്ചു പറഞ്ഞു. നേരെ ശ്രീബാലയുടെ വീട്ടിലേക്ക്.. അവിടെ ചടങ്ങുകൾ തുടങ്ങിയപ്പോഴേക്കും സുധിയും അങ്ങോട്ടെത്തി.. സുധിയെ കണ്ടപ്പോൾ ശ്രീബാലയുടെ മുഖം പ്രകാശഭരിതമായി. കളഞ്ഞു പോയ എന്തോ ഒന്ന് തിരികെ കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.. ഒരു പാട് നാളുകൾ കൂടിയാണ് ശ്രീബാലയെ ഇത്ര പ്രസന്നവതിയായി കാണുന്നത്. ചടങ്ങുകളെല്ലാം കഴിഞ്ഞു. ഒരു പാട് നാളു കാണാതിരുന്ന് കണ്ട ആവേശത്തോടെ അവളോടി വന്നു. സുധിയേട്ടനു ഒഴിവില്ലാന്നു പറഞ്ഞിട്ട്... എനിക്കു വിശ്വസിക്കാനാവുന്നില്ല.. സുധി പിന്നിൽ നിന്നും അവളെ നെഞ്ചത്തേയ്ക്കു ചേർത്തു വട്ടം പിടിച്ചിട്ടു പറഞ്ഞു.. ശ്രീ ...എനിക്കു നിന്നോടു കുറച്ചു സംസാരിക്കാനുണ്ട്... ഇവിടെ വച്ചു വേണ്ട ഒന്നു പുറത്തേയ്ക്കു പോവാം.. അവന്റെ സാമീപ്യം അവളാഗ്രഹിച്ചിരുന്നതുകൊണ്ടാകാം അവൾ മറുത്തൊന്നും പറഞ്ഞില്ല. നെഞ്ചിലഭാരമൊന്നു ഇറക്കി വെയ്ക്കാൻ അവൾക്കും തിടുക്കമായിരുന്നു... നമുക്ക് പെട്ടന്നു തന്നെ മടങ്ങാം ശ്രീ ,മോളെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് വാ.. അമ്മയുടെ സമ്മതവും വാങ്ങി അവർ പുറപ്പെട്ടു നേരെ ഭഗവതികുന്നിലേയ്ക്ക്. ഒത്തിരിനാളു കൂടിയാണ് അവന്റെ പിറകിലിരുന്നൊരു യാത്ര അതിന്റെ ത്രില്ലിലാണ് ശ്രീബാല... വേറൊന്നിനെ പറ്റിയും അവളാലോചിച്ചില്ല.. സർവ്വാഭരണഭൂഷിതയായ ദേവിയെ നിറദീപസാന്നിധ്യത്തിൽ മനസ്സുനിറഞ്ഞ് അവൾ തൊഴുതു..... നൊന്തു വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ്... എന്നും സങ്കടങ്ങൾ ഇവിടെയാണ് പറയുന്നതും .. അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു... നന്ദി.... തൊഴുതു കഴിഞ്ഞ് സുധിയെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. എന്തേ പറ്റിയേ.... എന്താ ഏട്ടന്റെ കണ്ണുനിറഞ്ഞിരിക്കണേ.... ശ്രീബാലയുടെ വെപ്രാളം കണ്ട് സുധി അവളെ ആൽമരച്ചുവട്ടിലേക്ക് കൊണ്ടുപോയി.. അവൻ അവളുടെ കൈയ്യിൽ പിടിച്ചിട്ടു പറഞ്ഞു .. ശ്രീ..... നിനക്കു തോന്നിയിട്ടില്ലേ ഞാനെന്താ നിന്നോട് അകലം പാലിക്കുന്നതെന്ന്... എന്റെ ഓരോ സമീപനങ്ങളും നിന്നെ വിഷമിപ്പിച്ചിട്ടുണ്ട്.... എനിക്കറിയാം... എന്തിനാ ഏട്ടാ എന്നോട്ട് എന്തെങ്കിലും പറയാൻ ഇത്രയും മുഖവുരയുടെ ആവിശ്യമുണ്ടോ...? അതല്ല ശ്രീ.... ചില കാര്യങ്ങൾ പറയാൻ..... എന്താ....... ആകെ ഒരു വിഷമം പോലെ.... നിനക്കോർമ്മയില്ലേ ശ്രീ... അന്ന് ഞാൻ ഓഫീസിൽ കുഴഞ്ഞു വീണ് ഹോസ്പിറ്റലിൽ അഡ്മിറ്റായത്.. അത് ബി.പി കൂടിയിട്ടല്ലേ... അത്..... ശ്രീ..... അത് ബി.പി കൂടിയതല്ല...... പിന്നെ..... എന്റെ ഹൃദയം .. അത് ദുർബലമായി കൊണ്ടിരിക്കുകയാണ്... എപ്പോൾ വേണെമെങ്കിലും ഞാൻ..... മതി.... ഇനിയൊന്നും പറയണ്ട സുധിയേട്ടാ.. ശ്രീബാല കരഞ്ഞുകൊണ്ട് അവന്റെ വാക്കുകൾക്ക് തടയിട്ടു. അതെന്നെ വല്ലാതെ തളർത്തി ശ്രീ... പിന്നെ ഞാൻ നിന്നോടകന്നു ജീവിക്കാൻ ശീലിച്ചു .വെറുപ്പിക്കാൻ നോക്കി.. പക്ഷേ....
എല്ലാവിടേയും നീയെന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചപ്പോൾ എനിക്കെന്നോടു തന്നെ ഇപ്പോൾ പുച്ഛം തോന്നുന്നു .അതാഞാൻ നിന്നോടെല്ലാം തുറന്നു പറയാമെന്നു വിചാരിച്ചത്.... പേടിച്ചു പേടിച്ചുള്ള ഈ ജീവിതം മടുത്തു ശ്രീ...... എന്റെ കാര്യം പോട്ടെ പക്ഷേ നീയും മോളും ..നിങ്ങളെ കുറിച്ചോർക്കുമ്പോഴെനിക്ക്.... ഏട്ടാ.... വൈദ്യശാസ്ത്രം ഒരു പാട് പുരോഗമിച്ച ഈ കാലത്ത് ഇനി ഇങ്ങനെയൊരു സങ്കടത്തിന്റെ ആവിശ്യമുണ്ടോ..? ഈ ലോകത്തിന്റെ ഏതു മൂലയിൽ പോയിട്ടായാലും നമുക്ക് ചികിത്സിക്കാം... അസുഖം മാറും തീർച്ച .ഞാനെന്നും അണിയുന്ന ഈ സിന്ദൂരത്തിനൊരു ശക്തിയുണ്ട് വിശ്വാസമുണ്ട് അതൊന്നും വെറുതെയാകാതെ ദേവി കാത്തോളും... എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ തകർന്നു പോകുമെന്നാണ് സുധി വിചാരിച്ചത് . പക്ഷേ അവളൊത്തിരി മാറിയിരിക്കുന്നു. അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജ്ജമാണ്.... ആത്മവിശ്വാസമാണ്.. ധൈര്യമാണ്... ഏട്ടനറിയില്ലേ .., വിവാഹത്തിന് താലികെട്ടു കഴിഞ്ഞ് അഗ്നിപ്രദിക്ഷണം വെക്കുന്ന ഒരു ചടങ്ങുണ്ട് .അപ്പോൾ ഭാര്യയും ഭർത്താവും മനസ്സിൽ പരസ്പരം ഒരു വാഗ്ദാനം നൽകുന്നുണ്ട്.. ഭാര്യയുടെ വിഷമങ്ങളിൽ ഭർത്താവും ഭർത്താവിന്റെ വിഷമങ്ങളിൽ ഭാര്യയും ഒരുമിച്ചു ഒരേ മനസ്സോടെ ജീവിതകാലം മുഴുവൻ കഴിയുമെന്ന വാക്ക് .ആ വാക്കിന് ഞാനൊരു പാട് വില കൽപ്പിച്ചു കൊണ്ടാണ് ജീവിക്കുന്നത് എന്നും ഞാൻ കൂടെയുണ്ടാവും ഏട്ടനൊരു താങ്ങായ് തണലായി.... കാർമേഘം മൂടി കെട്ടിയ മനസ്സിനിപ്പോൾ ഒരുമഴ പെയ്തുതോർന്ന സുഖം തോന്നുന്നു ശ്രീ..... അതിനു മറുപടിയായി അവളൊന്നു മനോഹരമായി പുഞ്ചിരിച്ചു... ഒരിക്കൽ കൂടി ഭഗവതിയെ മനസ്സുനിറഞ്ഞവർ തൊഴുതു.. ഭഗവതി കുന്നിന്റെ പടികൾ കൈകോർത്തു പിടിച്ച് ഇറങ്ങുമ്പോൾ വീണ്ടും ജീവിതത്തിലേക്ക് ആ വസന്തകാലം കടന്നു വന്നതിന്റെ നിർവൃതിയായിരുന്നു അവർക്ക്. രംഗബോധമില്ലാത്ത ആ കോമാളി അവരുടെ ഈ സന്തോഷത്തിലേക്ക് കടന്നു വരാതിരിക്കട്ടെ.. അവളുടെ സിന്ദൂരരേഖയിലെ കുങ്കുമം മായാതിരിക്കാൻ ദേവി അവളെ അനുഗ്രഹിക്കട്ടെ......

By: Anupriya Shibu

മൊഞ്ചത്തി റസിയ



മെഡിക്കൽ കോളേജിന്റെ മൂന്നാമത്തെ നിലയിൽ ഐ.സി.യുവിന് മുമ്പിൽ അവൻ നിൽക്കുകയാണ്. രക്തത്തിൽ മുങ്ങിയ ഷർട്ടും മുണ്ടും. മുഖത്തും കൈയ്യിലുമെല്ലാം തൊലി പോയിരിക്കുന്നു. കണ്ണുകൾ കലങ്ങി സർവ്വം നഷ്ടപ്പെട്ടവനെ പോലെ ഭ്രാന്തനായി വിലപിക്കുന്നു. ആരെങ്കിലും അയാളെ അവിടെ പിടിച്ചിരുത്തൂ ... ഇതിന്റെ മുമ്പിൽ നിന്നിങ്ങനെ ഒച്ചവെയ്ക്കരുത്. ഒന്നു രണ്ടു സെക്യൂരിട്ടിക്കാർ ഓടി വന്നു. ഒരു കണക്കിനവർ അവനെ അവിടെ പിടിച്ചിരുത്തി. പുറം കാഴ്ചകളെ മഴ അവ്യക്തമാക്കി മറച്ചുകൊണ്ട് മഴ തിമിർത്തു പെയ്യുകയാണ്... തുറന്നിട്ട ജനലഴികൾക്കിടയിലൂടെ ഒരിളം തെന്നൽ അവനെ സമാധാനിപ്പിക്കുമെന്നോണം തഴുകി കൊണ്ടിരുന്നു.. ഓർമ്മകൾ അവനെ ആ പഴയ ബസ് റ്റോപ്പിലേക്ക് കൊണ്ടുപോയി.. അന്നു അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽപെട്ട് ബൈക്കു നിർത്തി ഓടിക്കയറിയതാണ് ആ ബസ് റ്റോപ്പിൽ. അവനെ പോലെ പലരും അവിടെ നിന്നിരുന്നു. മുണ്ടിന്റെ ഒരറ്റം കൊണ്ട് മുഖം തുടയ്ക്കുമ്പോൾ അവനവളെ കണ്ടു. തട്ടമുള്ളതുകൊണ്ട് മുഖം മുഴുവൻ കാണുന്നില്ലലോ. സുറുമയെഴുതിയ മിഴികകൾ മാത്രം ... ഒന്നുകാണാൻ കഴിഞ്ഞിരുന്നെങ്കിൽ.... അവന്റെ മനസ്സാഗ്രഹിച്ച പോലെ പ്രകൃതി കനിഞ്ഞു. പെട്ടന്നു ചീറ്റിയടിച്ച കാറ്റിൽ അവളുടെ തട്ടം പറന്നു. ദൈവമേ.... അവൻ പറയാതെ പറഞ്ഞു പോയി. ''കരിമഷിയെഴുതിയ കണ്ണുകളും ചെന്താമര വിരിഞ്ഞ പോലുള്ള മുഖവും പഴുത്തു തുടുത്ത ചെറിപ്പഴം പോലുള്ള അധരങ്ങളും ആകെപ്പാടെ ഒരു മൊഞ്ചത്തി കുട്ടി.'' ബസ് വന്നു നിന്നതും അവളതിൽക്കയറി പോയതും ഒരു വിസ്മയ കാഴ്ചയായി അവൻ നോക്കി നിന്നു. പിന്നെ ആ വിസ്മയം യാഥാർത്യമാക്കാനുള്ള തന്ത്രപ്പാട്... കൂട്ടുകാരിൽ പലരോടായി പറഞ്ഞും അന്വേഷിച്ചും അവളെക്കുറിച്ചു മനസ്സിലാക്കി. അവളെന്നും ഈ സമയം ബസ് റ്റോപ്പിൽ ഉണ്ടാകുമെന്നറിഞ്ഞതോടെ അവനവിടുത്തെ സ്ഥിരം സന്ദർശകനായി... ഇത്താ.... ആ ചേട്ടനെ എന്നും ഇവിടെ കാണാറുണ്ടല്ലോ... ഇത്തയെ ലൈനടിക്കാ...... ഈയൊന്നു മിണ്ടാതിരിക്ക് ഫൗസിയ.. ആരെങ്കിലും കേട്ടാ.. ന്റെ പടച്ചോനേ... ബസ്സും വരണില്ലല്ലോ... റസിയയുടെ ഹൃദയം പട പടാ ന്നിടിക്കാൻ തുടങ്ങി.. ദേ ബസു വന്നു ഇത്താ... നീ വേഗം കയറ്... റസിയ ധൃതിപ്പെട്ടു. ബസ് പുറപ്പെട്ടപ്പോൾ റസിയ പുറത്തേയ്ക്ക് നോക്കി. ആ നോട്ടം അവൻ പ്രതീക്ഷിച്ചിരുന്നോ...? അവൾ പുഞ്ചിരിച്ചു.. ശരത്തിനത് എല്ലാത്തിനുമുള്ള മറുപടിയായിരുന്നു. അവിടന്നങ്ങോട്ടു അസ്ഥിക്കുപിടിച്ച പ്രണയം... തിരക്കൊഴിഞ്ഞ ഇടവഴികളിൽ ഇണക്കുരുവികളെ പോലെ അവർ പാറി നടന്നു. ജാതിമതങ്ങൾക്കധീതമായി പ്രണയം വളർന്നു പന്തലിച്ചപ്പോൾ അതു വീട്ടുകാരറിയാൻ അധികം താമസമുണ്ടായില്ല. പിന്നെ ആകെ ബഹളമായി. റസിയയുടെ കോളേജു പഠനം നിർത്തി വീട്ടുതടങ്കലിൽ കൂട്ടിലടച്ച കിളിയെ പോലെ അവൾ തേങ്ങികരഞ്ഞു... ഒരു ദിവസം രണ്ടും കൽപ്പിച്ച് ശരത്ത് റസിയയുടെ വീട്ടിലെത്തി. അവനെ കണ്ടപ്പോൾ അവളുടെ ഇക്കാക്കമാർ തടഞ്ഞു. ഉന്തും തള്ളും കൊലവിളിയും ... ആകെ പാടെ വല്ലാത്തൊരു കോലാഹലം. എല്ലാം കേട്ടുകൊണ്ട് സുൽത്താൻ വീട്ടിലെ കാരണവർ അബ്ദുൾ റഹിമാൻ അങ്ങോട്ടു വന്നു. ഓനെ വിടിൻ.. ഉപ്പാ .. ദേ .. ഇവനാണ് നമ്മുടെ റസിയയെ... ഇവനെ ഞാൻ.. മുഴുപ്പിക്കും മുൻപ് ആ ശബ്ദം പിന്നേയും മുഴങ്ങി ഓനെ വിടാനല്ലേ പറഞ്ഞത്..... മൂക്കിൽ നിന്നും വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്ന ശരത്തിനോടായി അദ്ദേഹം പറഞ്ഞു. ന്താ അനക്ക് വേണ്ടീത്.... ഉപ്പാ എനിക്കു റസിയയെ ഇഷ്ടമാണ്. അവളെ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ട്. വിവാഹം നടത്തി തരില്ല എന്നറിയാം അതുകൊണ്ട് അവളെ വിളിച്ചിറക്കി കൊണ്ടു പോകാനാണ് ഞാനിപ്പോ വന്നത്. സ്നേഹത്തിന് മറ്റെന്തിനേക്കാളും അങ്ങ് വിലകൽപിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണം... റസിയാ.... അദ്ദേഹം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളെ വിളിച്ചു. അവൾ ദയനീയമായൊന്നു നോക്കി കൊണ്ട് അദ്ദേഹത്തെ വിളിച്ചു ഉപ്പാ..... ഈയ്യൊന്നും പറയണ്ട.. കാര്യങ്ങളെല്ലാം നേരത്തേ ന്തമ്മളറിഞ്ഞേക്കണ്. എന്താ അന്റെ തീരുമാനം.... ഉപ്പാ എനിക്ക്..... ഉപ്പന്നോടു പൊറുക്കണം... ഡീ.. ശെയ്ത്താനേ.. അന്നെയ്ന്നു ഞാൻ .. റസിയയുടെ ഉമ്മ ദേഷ്യം കൊണ്ട് അവളെ തല്ലാനോങ്ങി. വേണ്ട.. അവള് പൊയ്ക്കോട്ടെ.. ഉപ്പാ... 'അവളുടെ ഇക്കാക്കമാർ അവിശ്വസനീയമായി നോക്കി വിളിച്ചു.' പക്ഷേങ്കില് .. മോളേ റസിയാ... ഞമ്മ മയ്യെത്തായീന്നറിഞ്ഞാലും നീയി പടികേറി വരരുത്.. ഉപ്പാ.... റസിയ തൊണ്ടയിടറി കരഞ്ഞു വിളിച്ചു. അവനാലാകും വിധം അവനവളെ സമാധാനിപ്പിച്ചു അവളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അവർ നടന്നകന്നു പുതിയൊരു ജീവിതത്തിലേക്ക്... ശരത്ത്.... ശരത്ത്... ശരത്താരാ... നേഴ്സിന്റെ വിളി കേട്ട് അവൻ ഓർമ്മകളിൽ നിന്നുണർന്നു. ഒരു എമർജൻസി ഓപ്പറേഷൻ വേണം ഇതിലൊന്നു സയിൻ ചെയ്യൂ.' സിസ്ററർ റസിയക്കിപ്പോ.... ഒന്നും പറയാറായിട്ടില്ല അൽപം സീരിയസാണ് ആ തന്നെ കാണണമെന്നു പറഞ്ഞു .അകത്തോട്ടു ചെല്ലൂ.അധികം സംസാരിപ്പിക്കരുത്. തല മുഴുവൻ ഒരു പഞ്ഞി കെട്ടുപോലെ.. അതിനുള്ളിൽ അവളുടെ മുഖം.. 'ഇക്കാ.... നിക്കെന്റെ ..ഉപ്പയെ ..കാണണം... നി കാണാൻ പറ്റീലെങ്കിലോ.. അങ്ങനെയൊന്നും പറയല്ലെന്റെ റസിയാ... ഞാൻ കൊണ്ടു വരാം ഉപ്പയെ .. ' അവൻ നേരെ സുൽത്താൻ വീട്ടിലേക്ക് പാഞ്ഞു. രക്തത്തിൽ കുളിച്ചു കയറി വന്ന അവനെ കണ്ട് അവരും പകച്ചുപോയി. അവൻ നേരെ റസിയയുടെ ഉപ്പാന്റെ കാൽക്കൽ വീണു. ഉപ്പാ.. എന്റെ... റസിയ.. "അവളുടെ കൈയ്യും പിടിച്ച് ഇറങ്ങിയതും അവന്റെ വീട്ടിലവരെ കയറ്റാഞ്ഞതും ,ഒരുമിച്ചു ജീവിക്കാനൊരിടം കണ്ടെത്തിയിട്ടും സാഹചര്യങ്ങളിൽ പതറാതെ വീട്ടുകാരുടെ അനുഗ്രഹത്തോടെയല്ലാതെ ഒരുമിക്കില്ല എന്നു സത്യം ചെയ്തതും, പിന്നിടൊരു ദിവസം രണ്ടു പേരുടെയും സ്വന്തം ഇഷ്ടപ്രകാരം അവരവരുടെ വീട്ടില്ലക്ക് തിരിച്ചു പോകാൻ പുറപ്പെട്ടിട്ട് പാതി വഴിയിൽ വച്ചുണ്ടായ ആക്സിഡന്റും എല്ലാമെല്ലാം അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തി.'' ഉപ്പാ.... റസിയക്ക് ഉപ്പയെ കാണണംന്ന് പറഞ്ഞു. അവൾ വല്ലാത്തൊരു അവസ്ഥയിലാണ്.ഓപ്പറേഷനു മുൻപ് ഉപ്പയെ വിളിച്ചു കൊണ്ടുവരാമെന്ന് ഉറപ്പുകൊടുത്തിട്ടാ ഞാൻ വരുന്നത്. അവന്റെ അപേക്ഷയല്ല മറിച്ച് ഒരു പിതാവിന് മകളോടുള്ള ആത്മബന്ധത്തിനാണവിടെ ചലനം സംഭവിച്ചത്. അവർ പുറപ്പെട്ടു മകളുടെ അടുത്തേക്ക് മോളേ റസിയാ.... റസിയ കണ്ണുകൾ പതുക്കെ തുറന്നു. ഉപ്പാ ..
ഉപ്പാ ...ന്നോട് ക്ഷമിക്കുപ്പാ.. അതൊരു ഏറ്റുപറച്ചിലായിരുന്നു പ്രണയത്തിനു വേണ്ടി അവരെ ഉപേക്ഷിക്കാൻ തയ്യാറായതിന്റെ വേദനിപ്പിക്കേണ്ടി വന്നതിന്റെ അങ്ങനെയെല്ലാമെല്ലാം.. ഉപ്പയുടെ കൈവിരലുകൾ അവളുടെ കൈയ്യിൽ നിന്നും വഴുതി ഓപ്പറേഷൻ തിയ്യറ്ററിലേക്കു പോകുമ്പോൾ അവളായിരം വട്ടം മനസ്സിൽ ക്ഷമ ചോദിച്ചിരുന്നു ജന്മം തന്ന മാതാപിതാക്കളെ വിഷമിപ്പിച്ചതിന്. ഓപ്പറേഷൻ തിയ്യറ്ററിനു മുൻപിലെ ചുവന്ന ലൈറ്റണഞ്ഞു ശരത്തിന്റേയും റസിയയുടെ ഉപ്പയുടേയും കൂടെയുള്ളവരുടേയും ആധിപ്പിടിച്ച നോട്ടങ്ങൾക്കും വിറങ്ങലിച്ചു പോയ ചുണ്ടുകൾക്കും ആശ്വാസവുമായി ഡോക്ടർ അതു പറഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു റസിയക്കിപ്പോ പേടിക്കാനൊന്നുമില്ല. ഒത്തിരി ആശ്വാസത്തോടെ ഡോക്ടർക്കു മുൻപിൽ അവർ നന്ദി പറഞ്ഞു. മാസങ്ങൾക്കു ശേഷം സുൽത്താൻ വീട്ടിലിന്ന് ആഘോഷമാണ്. ഇന്നാണ് റസിയയുടേയും ശരത്തിന്റേയും നിക്കാഹ്. ജാതി മത ചിന്തകളില്ലാതെ വീട്ടുകാരുടെ അനുഗ്രഹത്തോടെ അവരുടെ പ്രണയത്തിനിന്നു സാക്ഷാത്കാരം. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ റസിയയുടെ കവിളിൽ പിടിച്ചു കൊണ്ട് ശരത്ത് പറഞ്ഞു എന്റെ ഖൽബുകവർന്ന മൊഞ്ചത്തി റസിയ...

By: Anupriyashibu shibu

നിനക്കായ്

അപ്പച്ചിടെ മോളായിരുന്നു അശ്വതി. ആറ്റു നോറ്റു കിട്ടിയ കൺമണിയായതിനാൽ ഒരുപാട് കൊഞ്ചിച്ചാണ് അവളെ അവർ വളർത്തിയത്. അവളെന്തു പറഞ്ഞാലും അപ്പച്ചി അതു സാധിച്ചു കൊടുക്കും. അതുകൊണ്ടു തന്നെ ഒരൽപം വാശിക്കാരിയാണവൾ . ഇഷ്ടപെട്ടതെന്തും വിട്ടുകൊടുത്തല്ല പിടിച്ചടക്കിയാണ് അവൾ ശീലിച്ചത്. ആ വാശി തന്നെയാണ് ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചതും ചെറുപ്പം മുതലേ എന്നെ അവൾക്കു ജീവനാണ്. ഒരു പക്ഷേ ജീവനേക്കാൾ ഒരു പിടി കൂടുതൽ എന്നു പറയാതെ വയ്യ. അപ്പച്ചീടെ മോളായതിനാൽ അച്ഛനു കുറച്ചു താൽപര്യ കുറവായിരുന്നു ഈ വിവാഹത്തിന് . ഇപ്പഴ്ത്തെ കാലത്ത് മുറപ്പെണ്ണിനെ തന്നെ വിവാഹം കഴിക്കുന്നത് വളരെ അപൂർവ്വമായിട്ടാണല്ലോ .. പിന്നെ അവളുടെ വാശിയിൽ അച്ഛനും സമ്മതം മൂളി. എനിക്കും അവളെ ഇഷ്ടമാണ്. അവളുടെ ചിരിയിലും ദേഷ്യത്തിലുമെല്ലാം വല്ലാത്തൊരു നിഷ്കളങ്കതയാണ്. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടമാവും .ഒരു പച്ച പാവം... ന്നാലും ആളൊരു കാന്താരിയാണട്ടോ.... എല്ലാവരുടേയും ആശീർവാദങ്ങളോടെ ഞങ്ങളുടെ വിവാഹം മംഗളമായി തന്നെ നടന്നു. വിവാഹ ശേഷം ജീവിതം സന്തോഷത്തിന്റെ വർണ്ണ പ്രപഞ്ചം തീർത്തു. കൃഷ്ണനു രാധയെന്ന പോലെ, നളന് ദമയന്തിയെന്ന പോലെ ,മിക്കപ്പോഴും അച്ചു എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. അച്ചുവാണ് എന്തേ അച്ചൂ...? നിക്ക് അനന്തുവേട്ടനെ കാണണം.. ഇപ്പഴോ... ഞാനൽപം തിരക്കിലാണ്... പ്ലീസ് അനന്ദുവേട്ടാ... ആ... ഞാൻ നോക്കട്ടെ... ഓഫീസിലേക്ക് ഒരു കാരണവുമില്ലാതെ അവൾ വിളിക്കാറില്ല. ഫയലൊക്കെ വേഗത്തിൽ റെഡിയാക്കി മേനേജറുടെ ക്യാബിനിൽ കൊടുത്തു.ഉച്ചക്കു ശേഷം ലീവുമെടുത്തു. അവളെ തിരിച്ചുവിളിച്ചു... ഇല്ല .. കിട്ടണില്ല ... എനിക്കു പേടിയായി.. വീട്ടിലാണെങ്കിൽഅവളൊറ്റയ്ക്കേയുള്ളു .. ഞാൻ വേഗം വീട്ടിലേക്കു പാഞ്ഞു.. വാതിൽ ചാരിയിട്ടേ ഉള്ളൂ ഞാൻ വെപ്രാളപ്പെട്ട് അകത്തേക്ക കയറി പെട്ടന്ന് പിന്നിൽ കൂടി രണ്ടു കൈകൾ എന്നെ ചുറ്റിവരിഞ്ഞു. അച്ചുവാണ്.. പേടിപ്പിച്ചു കളഞ്ഞല്ലോ അച്ചൂ... ഞാൻ പേടിച്ചതുകണ്ട് അവളുംചിരിച്ചു. അതുപോട്ടെ എന്താ വിളിച്ചത് അതു പിന്നെ... അവൾ നിന്നു പരുങ്ങി ന്താച്ചൂ... എനിക്കൊരു മസാല ദോശ വേണം ന്ത്.... മസാല ദോശ... ഈ നട്ടുച്ചക്കോ....? വേണം... അവൾ വാശി പിടിച്ചു ഈ പെണ്ണിനെന്താ ഇപ്പോ ഇങ്ങനെയൊരാഗ്രഹം.... അതും ഈ നട്ടുച്ചക്ക് ..വട്ടായോ....? പെട്ടന്നാണ് എന്റെ തലയിൽ 'ട്യൂബ് ലൈറ്റ് 'കത്തിയത്.. ഞാൻ പെട്ടന്നവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു ശരിക്കും.....? അവളുടെ മുഖഭാവം അതു സമ്മതിച്ചിരുന്നു. സിനിമയിലൊക്കെ കാണുന്ന പോലെ ഞാനവളെ പൊക്കിയെടുത്ത് വട്ടംചുറ്റി. ന്നെ താഴെയിറക്ക് അനന്ദുവേട്ടാ... അവൾ ചിണുങ്ങി... ഞാൻ വാങ്ങി കൊടുത്ത മസാലദോശ സ്വാദോടെ അവൾ കഴിച്ചു. മാസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. ആദ്യമായി അച്ഛനാകാൻ പോകുന്നതിന്റെ ആവേശവും അച്ചുവിന്റെ വിഷമം കണ്ടുള്ള ആധിയും എല്ലാം കൊണ്ട് വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ എല്ലാത്തിന്നും വിരാമമിട്ടു കൊണ്ട് അവൻ വന്നു. ഞങ്ങളുടെ നന്ദൂട്ടൻ.വെളുത്ത ഒരു പഞ്ഞി കെട്ടിനുള്ളിൽ അവൻ ഉറങ്ങുകയാണ്. നന്ദൂട്ടൻ വന്നതിനു ശേഷം ഞങ്ങളുടെ ജീവിതം കൂടുതൽ ആഹ്ലാദഭരിതമായിരുന്നു. ആരേയും മോഹിപ്പിക്കുന്ന, കുശുമ്പു തോന്നിപ്പിക്കുന്ന വിധം മനോഹരമായിരുന്നു. അതു കണ്ട് ദൈവങ്ങൾക്കും ഒരു പക്ഷേ അസൂയ തോന്നിയിട്ടുണ്ടാകും. നന്ദൂട്ടന്റെ ഒന്നാം പിറന്നാളാണന്ന് .അച്ഛനും അമ്മയും എല്ലാവരേയും ക്ഷണിച്ചിരുന്നു.എല്ലാവരും വന്നു. അത് ആഘോഷങ്ങളുടെരാവായിരുന്നു. പക്ഷേ ആ രാവിന്റെ ആഘോഷം തല്ലി കെടുത്താൻ വിധി വില്ലന്റ വേഷമണിഞ്ഞിരുന്നു. ഒരു പല്ലുവേദന.... ആദ്യമൊക്കെ നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും ക്യാൻസറെന്ന മഹാരോഗത്തിന്റെ പിടിയിലവളമർന്നിരുന്നു. കീമോയും റേഡിയേഷനും അവളുടെ ശരീരം ദുർബലപ്പെടുത്തി. മിക്കപ്പോഴും കൗണ്ട് കുറവായതുകൊണ്ട് അതിനുള്ള ഇഞ്ചക്ഷനും മരുന്നും കൊടുക്കേണ്ടി വന്നു. എങ്കിലും മരണത്തെ നോക്കി അവൾ വെല്ലുവിളിച്ചു കൊണ്ട് പൊരുതാൻ ഉറച്ചു നിന്നു. സഹിക്കാനാവാത്ത വേദനയിലും എന്നെ ഞെട്ടിച്ചത് എന്റെ അച്ചുവായിരുന്നു . രോഗം അതിന്റെ അവസാന സ്റ്റേജുകളിലേക്ക് എത്തി നോക്കുമ്പോൾഎനിക്കു ധൈര്യം പകർന്നു തന്നത് അവളുടെ വാക്കുകളായിരുന്നു. ''ജനിച്ചാ എന്തായാലും ഒരിക്കൽ മരിക്കണം .അപ്പോ പിന്നെ ഓരോ സെക്കൻറും എനിക്ക് ഏറ്റവും സുന്ദരമാക്കണം അതാണെന്റെ ആഗ്രഹം ''. അച്ചുവിന്റെ ആ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു. അവളുടെ ഓരോ സെക്കന്റും അവളാഗ്രഹിച്ചതു പോലെ തന്നെ സുന്ദരമാക്കി.കാണാവുന്നതൊക്കെ കാണിച്ചു, കൊണ്ടുപോകാൻ പറ്റുന്നിടത്തെല്ലാം കൊണ്ടുപോയി. കീമോയുടെ കടുത്ത വേദനയിലും ഉമിനീരു പോലും ഇറക്കാനാവാതെ അവളെല്ലാം സഹിച്ചപ്പോഴും മരണത്തെ തോൽപ്പിക്കാനുള്ള ആവേശം ഞാനവളിൽ കണ്ടിരുന്നു. പക്ഷേ വിധിയെ തോൽപ്പിക്കാൻ അവൾക്കു കഴിഞ്ഞില്ല. മരണം എഴുതപ്പെട്ടു കഴിഞ്ഞപ്പോൾ രോഗത്തിന്റെ വേദനയല്ല നന്ദൂട്ടനേയും എന്നെയും വിട്ടുപിരിയാനുള്ള സങ്കടം അതായിരിക്കും അവളെ അതിനെയൊക്കാളേറെ വേദനിപ്പിച്ചത്. നന്ദൂട്ടന്റെ കുഞ്ഞു മുഖത്തു നോക്കുമ്പോൾ അച്ചുവിന്റെ കണ്ണു നിറഞ്ഞത് ഞാനന്നു കണ്ടു. അവസാനമായി അവളെന്നോട് ഒരാഗ്രഹം പറഞ്ഞു. ''അനന്ദുവേട്ടാ ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് അനന്ദുവേട്ടന്റ അച്ചുവായി, നന്ദൂട്ടന്റെ അമ്മയായി മതി വരുവോളം ജീവിക്കണം.''

BY: Anupriya Shibu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo