Slider

സിന്ദൂരരേഖ..

0


ശ്രീ.... ആ ....ഹെൽമറ്റ് ഇങ്ങെടുത്തേ... ഇന്ന് നേരത്തേ വരോ സുധിയേട്ടാ....? എന്തേ....? വീട്ടിലൊന്നു പോവണായിരുന്നു... അച്ഛന്റെ ആണ്ടാണ് നാളെ... എന്തായാലും വരണമെന്ന് അമ്മ പറഞ്ഞു. എനിക്കൊഴിവുണ്ടാകില്ല നീ മോളേം കൂട്ടി ഇന്നു പൊയ്ക്കോ.. അവളുടെ കണ്ണുനിറയുന്നത് ബൈക്കിന്റെ കണ്ണാടിയിലൂടെ അവൻ കണ്ടു. അല്ല കണ്ടിട്ടും കാണാതെ പോയി .. കുറച്ചു വർഷങ്ങളായി ഇങ്ങനെയാണ്. എന്തു ചോദിച്ചാലും മുറി ഉത്തരങ്ങൾ ,ഒന്നിനും സമയമില്ല .. ആദ്യമൊക്കെ അതിന്റെ കാരണങ്ങൾ അറിയാൻ ശ്രമിച്ചു നോക്കി . ഫലമില്ലാതായപ്പോൾ അതും നിർത്തി. ശ്രീബാല വേഗം പണിയെല്ലാം തീർത്ത് ചിന്നു മോളേം കൂട്ടി വീട്ടിലേക്കു പുറപ്പെട്ടു. വീട്ടിലെത്തിയപ്പോഴേ ചോദ്യങ്ങൾ തുടങ്ങി സുധി വന്നില്ലേ.... എന്തേ വരാഞ്ഞത്..? എത്ര നാളായി നിങ്ങളൊരുമിച്ച് വന്നിട്ട്... അത് അമ്മേ ...ഏട്ടനെന്തോ വേറെ അത്യാവശ്യം ഉണ്ട്. ഒഴിവുണ്ടാകില്ലാന്നു പറഞ്ഞു. ഉം... എല്ലാവർക്കും തിരക്കാ.. എന്നാ ഈ തിരക്കൊക്കെ മാറ്റി എല്ലാവരുമൊന്ന് ഒന്നിച്ചിരിക്കണത്..? നിക്കിനി അധികകാലമൊന്നും ഉണ്ടാവില്യാന്നാ തോന്നണേ ആ....ഒക്കെ ഒരു യോഗാ.. അച്ഛനുള്ളപ്പോ ഒന്നും അറിയേണ്ടി വന്നിരുന്നില്ല .... അതൊക്കെ പോട്ടെ മുത്തശ്ശിടെ ചിന്നു മോളിങ്ങു വന്നേ.. കുത്തി പല്ലുകാട്ടി ശ്രീബാലയുടെ വിരലിൽ തൂങ്ങി നിന്ന അവളെ സാവിത്രിയമ്മ വാരിയെടുത്തു. മോളാകെ ക്ഷീണിച്ചല്ലോ നീയും ആകെ കോലം കെട്ടു പോയിരിക്കുന്നു ..എന്താ മോളേ ... എന്തെങ്കിലും പ്രശ്നം...? ഏയ്...... എന്തു പ്രശ്നം...? മക്കളുടെ എല്ലാ വല്ലായ്മകളും ആദ്യംകണ്ടു പിടിക്കുന്നത് അമ്മമാരാണല്ലോ ഏയ് ഒന്നൂല്യ അമ്മേ...അമ്മക്കു വെറുതേ തോന്നണതാ... അമ്മ വന്നേ... അമ്മണ്ടാക്കിയ മാമ്പഴ പുളിശേരീം കടുമാങ്ങ അച്ചാറും കൂട്ടി ഉണ്ടിട്ടെത്ര നാളായി വിശന്നിട്ടു വയ്യ.... ഉച്ചയ്ക്കൂണിന് നീയുണ്ടാകുമെന്നു പറഞ്ഞപ്പോ അമ്മ ഒക്കെ കാലാക്കി വെച്ചിട്ടുണ്ട് വാ.... വീട്ടിൽ വരുമ്പോൾ നേരം പോകണതറിയില്ല .അമ്മേടെ കൂടെ വിശേഷങ്ങളൊക്കെ പറഞ്ഞങ്ങനെ നടക്കുമ്പോ മനസ്സിനൊരു സുഖമാണ്... സന്ധ്യയായി... സാവിത്രിയമ്മ വിളക്കു വെച്ചു. മുത്തശ്ശിക്കൊപ്പം ചിന്നു മോളും നാമജപത്തിൽ ചേർന്നു. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ശ്രീബാലക്കുറക്കം വന്നില്ല. മനസ്സിവിടെയൊന്നുമല്ല... സുധിയേട്ടൻ വന്നാവോ.. ഒന്നു വിളിച്ചു കൂടെ അതും പറ്റില്ല. ഇതേ സമയം സുധി ജോലി കഴിഞ്ഞ് വീട്ടിലെത്തി. ആകെ അന്ധകാരം... കറണ്ടില്ലേ.... മറന്നു.... അവളുപൊയ്ക്കാണും.. അവൻ ലൈറ്റിട്ടു . കയ്യിലുണ്ടായിരുന്ന താക്കോലെടുത്ത് വാതിൽ തുറന്നു. ആകെ ഒരു നിശബ്ദത... എന്നും ജോലി കഴിഞ്ഞു വരുമ്പോൾ അമ്മേടേം മോൾടേം വഴക്കും കരച്ചിലും ആകെ പാടെ ബഹളമായിരിക്കും. വിശന്നിട്ടു വയ്യ കഴിക്കാനെന്തെങ്കിലും ഉണ്ടോന്നറിയാൻ അടുക്കളയിൽ ചെന്നു. ഭാഗ്യം.. ചോറും ..കറീം.. ഒക്കെ വെച്ചിട്ടാണ് പോയത്. പാവം... സങ്കടമായിട്ടുണ്ടാകും. കുറച്ചു വർഷങ്ങളായി താൻ അവളോട് ഒരു അന്യയെ പോലെയാണ് പെരുമാറുന്നത്. ഇത്രയൊക്കെ അകൽച കാട്ടിയിട്ടും ഇന്നുവരെ ഒരു പരാതിയും അവളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സ്വയം വിഷമിക്കുന്നുണ്ട് ഒരു പാട്.. സുധിക്ക് അവനോട് തന്നെ വെറുപ്പ് തോന്നി. എല്ലാം അവളോട് തുറന്നു പറഞ്ഞാലോ... അവളേയും കൂടിയെന്തിനാ വിഷമിപ്പിക്കുന്നെന്നു കരുതിയിട്ടാ ഇത്രയും നാൾ ഒന്നും പറയാതിരുന്നത്. അവനും അന്ന് ശരിക്കുമുറങ്ങാൻ സാധിച്ചില്ല. പിറ്റേന്ന് വെളുപ്പിനേ അവനെഴുന്നേറ്റു.. ഓഫീസിൽ ലീവു വിളിച്ചു പറഞ്ഞു. നേരെ ശ്രീബാലയുടെ വീട്ടിലേക്ക്.. അവിടെ ചടങ്ങുകൾ തുടങ്ങിയപ്പോഴേക്കും സുധിയും അങ്ങോട്ടെത്തി.. സുധിയെ കണ്ടപ്പോൾ ശ്രീബാലയുടെ മുഖം പ്രകാശഭരിതമായി. കളഞ്ഞു പോയ എന്തോ ഒന്ന് തിരികെ കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.. ഒരു പാട് നാളുകൾ കൂടിയാണ് ശ്രീബാലയെ ഇത്ര പ്രസന്നവതിയായി കാണുന്നത്. ചടങ്ങുകളെല്ലാം കഴിഞ്ഞു. ഒരു പാട് നാളു കാണാതിരുന്ന് കണ്ട ആവേശത്തോടെ അവളോടി വന്നു. സുധിയേട്ടനു ഒഴിവില്ലാന്നു പറഞ്ഞിട്ട്... എനിക്കു വിശ്വസിക്കാനാവുന്നില്ല.. സുധി പിന്നിൽ നിന്നും അവളെ നെഞ്ചത്തേയ്ക്കു ചേർത്തു വട്ടം പിടിച്ചിട്ടു പറഞ്ഞു.. ശ്രീ ...എനിക്കു നിന്നോടു കുറച്ചു സംസാരിക്കാനുണ്ട്... ഇവിടെ വച്ചു വേണ്ട ഒന്നു പുറത്തേയ്ക്കു പോവാം.. അവന്റെ സാമീപ്യം അവളാഗ്രഹിച്ചിരുന്നതുകൊണ്ടാകാം അവൾ മറുത്തൊന്നും പറഞ്ഞില്ല. നെഞ്ചിലഭാരമൊന്നു ഇറക്കി വെയ്ക്കാൻ അവൾക്കും തിടുക്കമായിരുന്നു... നമുക്ക് പെട്ടന്നു തന്നെ മടങ്ങാം ശ്രീ ,മോളെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് വാ.. അമ്മയുടെ സമ്മതവും വാങ്ങി അവർ പുറപ്പെട്ടു നേരെ ഭഗവതികുന്നിലേയ്ക്ക്. ഒത്തിരിനാളു കൂടിയാണ് അവന്റെ പിറകിലിരുന്നൊരു യാത്ര അതിന്റെ ത്രില്ലിലാണ് ശ്രീബാല... വേറൊന്നിനെ പറ്റിയും അവളാലോചിച്ചില്ല.. സർവ്വാഭരണഭൂഷിതയായ ദേവിയെ നിറദീപസാന്നിധ്യത്തിൽ മനസ്സുനിറഞ്ഞ് അവൾ തൊഴുതു..... നൊന്തു വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ്... എന്നും സങ്കടങ്ങൾ ഇവിടെയാണ് പറയുന്നതും .. അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു... നന്ദി.... തൊഴുതു കഴിഞ്ഞ് സുധിയെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. എന്തേ പറ്റിയേ.... എന്താ ഏട്ടന്റെ കണ്ണുനിറഞ്ഞിരിക്കണേ.... ശ്രീബാലയുടെ വെപ്രാളം കണ്ട് സുധി അവളെ ആൽമരച്ചുവട്ടിലേക്ക് കൊണ്ടുപോയി.. അവൻ അവളുടെ കൈയ്യിൽ പിടിച്ചിട്ടു പറഞ്ഞു .. ശ്രീ..... നിനക്കു തോന്നിയിട്ടില്ലേ ഞാനെന്താ നിന്നോട് അകലം പാലിക്കുന്നതെന്ന്... എന്റെ ഓരോ സമീപനങ്ങളും നിന്നെ വിഷമിപ്പിച്ചിട്ടുണ്ട്.... എനിക്കറിയാം... എന്തിനാ ഏട്ടാ എന്നോട്ട് എന്തെങ്കിലും പറയാൻ ഇത്രയും മുഖവുരയുടെ ആവിശ്യമുണ്ടോ...? അതല്ല ശ്രീ.... ചില കാര്യങ്ങൾ പറയാൻ..... എന്താ....... ആകെ ഒരു വിഷമം പോലെ.... നിനക്കോർമ്മയില്ലേ ശ്രീ... അന്ന് ഞാൻ ഓഫീസിൽ കുഴഞ്ഞു വീണ് ഹോസ്പിറ്റലിൽ അഡ്മിറ്റായത്.. അത് ബി.പി കൂടിയിട്ടല്ലേ... അത്..... ശ്രീ..... അത് ബി.പി കൂടിയതല്ല...... പിന്നെ..... എന്റെ ഹൃദയം .. അത് ദുർബലമായി കൊണ്ടിരിക്കുകയാണ്... എപ്പോൾ വേണെമെങ്കിലും ഞാൻ..... മതി.... ഇനിയൊന്നും പറയണ്ട സുധിയേട്ടാ.. ശ്രീബാല കരഞ്ഞുകൊണ്ട് അവന്റെ വാക്കുകൾക്ക് തടയിട്ടു. അതെന്നെ വല്ലാതെ തളർത്തി ശ്രീ... പിന്നെ ഞാൻ നിന്നോടകന്നു ജീവിക്കാൻ ശീലിച്ചു .വെറുപ്പിക്കാൻ നോക്കി.. പക്ഷേ....
എല്ലാവിടേയും നീയെന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചപ്പോൾ എനിക്കെന്നോടു തന്നെ ഇപ്പോൾ പുച്ഛം തോന്നുന്നു .അതാഞാൻ നിന്നോടെല്ലാം തുറന്നു പറയാമെന്നു വിചാരിച്ചത്.... പേടിച്ചു പേടിച്ചുള്ള ഈ ജീവിതം മടുത്തു ശ്രീ...... എന്റെ കാര്യം പോട്ടെ പക്ഷേ നീയും മോളും ..നിങ്ങളെ കുറിച്ചോർക്കുമ്പോഴെനിക്ക്.... ഏട്ടാ.... വൈദ്യശാസ്ത്രം ഒരു പാട് പുരോഗമിച്ച ഈ കാലത്ത് ഇനി ഇങ്ങനെയൊരു സങ്കടത്തിന്റെ ആവിശ്യമുണ്ടോ..? ഈ ലോകത്തിന്റെ ഏതു മൂലയിൽ പോയിട്ടായാലും നമുക്ക് ചികിത്സിക്കാം... അസുഖം മാറും തീർച്ച .ഞാനെന്നും അണിയുന്ന ഈ സിന്ദൂരത്തിനൊരു ശക്തിയുണ്ട് വിശ്വാസമുണ്ട് അതൊന്നും വെറുതെയാകാതെ ദേവി കാത്തോളും... എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ തകർന്നു പോകുമെന്നാണ് സുധി വിചാരിച്ചത് . പക്ഷേ അവളൊത്തിരി മാറിയിരിക്കുന്നു. അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജ്ജമാണ്.... ആത്മവിശ്വാസമാണ്.. ധൈര്യമാണ്... ഏട്ടനറിയില്ലേ .., വിവാഹത്തിന് താലികെട്ടു കഴിഞ്ഞ് അഗ്നിപ്രദിക്ഷണം വെക്കുന്ന ഒരു ചടങ്ങുണ്ട് .അപ്പോൾ ഭാര്യയും ഭർത്താവും മനസ്സിൽ പരസ്പരം ഒരു വാഗ്ദാനം നൽകുന്നുണ്ട്.. ഭാര്യയുടെ വിഷമങ്ങളിൽ ഭർത്താവും ഭർത്താവിന്റെ വിഷമങ്ങളിൽ ഭാര്യയും ഒരുമിച്ചു ഒരേ മനസ്സോടെ ജീവിതകാലം മുഴുവൻ കഴിയുമെന്ന വാക്ക് .ആ വാക്കിന് ഞാനൊരു പാട് വില കൽപ്പിച്ചു കൊണ്ടാണ് ജീവിക്കുന്നത് എന്നും ഞാൻ കൂടെയുണ്ടാവും ഏട്ടനൊരു താങ്ങായ് തണലായി.... കാർമേഘം മൂടി കെട്ടിയ മനസ്സിനിപ്പോൾ ഒരുമഴ പെയ്തുതോർന്ന സുഖം തോന്നുന്നു ശ്രീ..... അതിനു മറുപടിയായി അവളൊന്നു മനോഹരമായി പുഞ്ചിരിച്ചു... ഒരിക്കൽ കൂടി ഭഗവതിയെ മനസ്സുനിറഞ്ഞവർ തൊഴുതു.. ഭഗവതി കുന്നിന്റെ പടികൾ കൈകോർത്തു പിടിച്ച് ഇറങ്ങുമ്പോൾ വീണ്ടും ജീവിതത്തിലേക്ക് ആ വസന്തകാലം കടന്നു വന്നതിന്റെ നിർവൃതിയായിരുന്നു അവർക്ക്. രംഗബോധമില്ലാത്ത ആ കോമാളി അവരുടെ ഈ സന്തോഷത്തിലേക്ക് കടന്നു വരാതിരിക്കട്ടെ.. അവളുടെ സിന്ദൂരരേഖയിലെ കുങ്കുമം മായാതിരിക്കാൻ ദേവി അവളെ അനുഗ്രഹിക്കട്ടെ......

By: Anupriya Shibu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo