കെട്ടുന്നെങ്കിൽ ഒരു ദേഷ്യക്കാരനെ കെട്ടണം അല്ലെങ്കിൽ ഒരു പ്രാരാബ്ധക്കാരനെ കെട്ടണം അങ്ങനെ അങ്ങനെ ഒരുപാട് കേട്ടിരിക്കുന്നു. പക്ഷേ എനിക്ക് തോന്നുന്നു, കെട്ടുമ്പോൾ കെട്ടുന്നവന് ഒരു അനിയൻ ഉണ്ടായിരിക്കണം എന്ന്.. വെറും അനിയനല്ല, നല്ല തല തെറിച്ച, ഒന്നു പറഞ്ഞാൽ രണ്ട് തിരിച്ചു പറയുന്ന അനിയൻ... സ്നേഹം കൊണ്ട് പരസ്പരം അടി കൂടാൻ പറ്റിയ അനിയൻ...
ഇങ്ങനെയൊരു ചിന്ത വന്നത് എൻ്റെ നന്ദൂനെ പരിചയപ്പെട്ടത് മുതൽ ആണ്.
ഉണ്ണ്യേട്ടനും ഞാനും വലിയ സുഹൃത്തുക്കളായിരുന്നൂ. പരസ്പരം എല്ലാം തുറന്നു പറഞ്ഞിരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ. പരസ്പരം ഉള്ളിൽ ഇഷ്ടമായിരുന്നെങ്കിലും തുറന്ന് പറയാൻ മടിച്ചു. പക്ഷെ അധികം വൈകാതെ കാലം ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായി.. പറഞ്ഞു കേട്ട അറിവ് വെച്ച് ഉണ്ണ്യേട്ടന്റെ വീട്, വീട്ടുകാർ, കുടുംബം, അങ്ങനെ എല്ലാത്തിനെയും ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എപ്പോഴോ ഒരിക്കൽ ആണ് ഉണ്ണ്യേട്ടന്റെ അനിയനും ആയി കൂട്ട് കൂടണം എന്ന് തോന്നിയത്. അങ്ങനെ അവൻെറ പിറന്നാൾ ദിവസം
" #Happy_bday_nandhu "
എന്ന് പറഞ്ഞു ഒരു മെസ്സേജ് അയച്ചു fbയിൽ. രണ്ടു ദിവസം മറുപടി ഒന്നുല്ലാർന്നു. പിന്നെ ഒരു ദിവസം thanks ന്നും പറഞ്ഞു മറുപടി വന്നു. അവിടുന്ന് ആയിരുന്നു തുടക്കം.
ആദ്യമൊക്കെ മൂപ്പരിത്തിരി ജാഡയിട്ടായിരുന്നു സംസാരം.. പതിയെ പതിയെ അതൊക്കെ കുറഞ്ഞ് ഞങ്ങൾ സുഹൃത്തുക്കൾ ആയി. എങ്കിലും പല തവണ അവനോടു നിൻ്റെ best frirend ആരാണെന്ന് എന്ന് ചോദിക്കുമ്പോഴും മറ്റു പലരുടെയും പേര് അവൻ പറയും. ആകാംക്ഷയോടെ അത് ചോദിച്ചിരുന്നത് ആ സ്ഥാനത്ത് എൻ്റെ പേര് കേൾക്കാൻ ആഗ്രഹിച്ചായിരുന്നു. നിരാശയോടെ അത് കേൾക്കുമ്പോൾ സങ്കടവും അതിലുപരി അവൻ അടുത്ത് ഉണ്ടായിരുന്നെങ്കിൽ നല്ലൊരിടി കൊടുക്കാമായിരുന്നു എന്നും തോന്നും..
ഡീ... കൊരങ്ങത്തീ.. എന്തെടുക്കുവാ നീ അവിടെ... ഇങ്ങു വാ...
ദേ.. അമ്മേ.. ഈ നന്ദു ന്നെ വിളിച്ചത് കണ്ടോ.. !
നന്ദൂ.. നിനക്ക് കുറച്ചു കൂടുന്നുണ്ട് ട്ടോ.. രണ്ടിനേം പറഞ്ഞിട്ട് കാര്യല്ല്യ.. പ്രായം ആയീന്ന് രണ്ടിനും ഒരു വിചാരം ഇല്ലല്ലോ...
നീ പോടാ മാക്രീ... ഞാൻ ഉണ്ണ്യേട്ടൻ വന്നാ പറഞ്ഞു കൊടുക്കും..
മ്...പിന്നേ.. നീ പോയി പറഞ്ഞു കൊടുക്ക്...
ഇപ്പോൾ ഈ നന്ദൂം ഞാനും ഇങ്ങനെയാ. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വഴക്ക്. ഏയ്, വഴക്കല്ല. ഭയങ്കര സ്നേഹമാ ഞങ്ങൾ തമ്മിൽ..അതിനിടെ ഉണ്ണ്യേട്ടൻ എങ്ങാനും വന്നാൽ എല്ലാം തകിടം മറിയും... പിന്നെ ഞാനും നന്ദൂം ഒറ്റ കെട്ടാവും.. പിന്നെ ഉണ്ണ്യേട്ടന് എതിരെ പൊരിഞ്ഞ യുദ്ധമായിരിക്കും ഞാനും നന്ദുവും കൂടെ... ഈ കാര്യം അറിയുന്നത് കൊണ്ട് തന്നെ അമ്മയും ഉണ്ണ്യേട്ടനും ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല...
ഫേസ്ബുക്ക് ചാറ്റിങ് വാട്‌സ്ആപ് ആയി, അത് പിന്നെ കോളിങ് ആയി. അങ്ങനെ അങ്ങനെ കൂടുതൽ കൂടുതൽ അടുത്തു ഞങ്ങൾ. ചെറിയൊരു പ്രശ്നം വന്നാൽ പോലും അവൻ എൻ്റെ അരികിലേക്ക് ഓടിയെത്തും. എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു. ഒരു സുഹൃത്ത് എന്നതിൽ പരം അനിയനില്ലാത്ത എനിക്ക് അവൻ സ്വന്തം അനിയനായി മാറുകയായിരുന്നു.
ഓരോ ദിവസവും ഞങ്ങൾ കൂടുതൽ കൂടുതൽ അറിയുകയായിരുന്നൂ. പരസ്പരം കളിയാക്കിയും ദേഷ്യപ്പെട്ടും ഉപദേശിച്ചും വഴക്കു കൂടിയും ഞങ്ങൾ മണിക്കൂറുകൾ ചിലവഴിച്ചു. ഉണ്ണ്യേട്ടനും എല്ലാം കണ്ട് ആസ്വദിച്ചു.
എല്ലാ വിഷമങ്ങളിലും സന്തോഷത്തിലും അവനും പങ്കു ചേർന്നു. ഒരിക്കൽ അവൻ എന്നോട് ചോദിച്ചു, ശരിക്കും നീ ഞങ്ങളുടെ വീട്ടിലേക്ക് വരുമോയെന്ന്.. വരുമെന്ന് ഞാനും വാക്ക് കൊടുത്തു.
അന്ന് അവന് കൊടുത്ത വാക്ക് പോലെ, ഇന്ന് ഞാനും ഈ വീട്ടിലെ അംഗമായി. ചാറ്റിങ് ഉം കോളിങ് ഉം ഒക്കെ ആയി അടി കൂടിയ ഞങ്ങൾ ഇപ്പോൾ നേരിട്ട് ആയി എല്ലാം. ഓരോ ദിവസവും തുടങ്ങുന്നത് പോലും തമ്മിൽ എന്ത് പണി കൊടുക്കണം എന്നാലോചിച്ചാണ്. എങ്കിലും എന്ത് വിഷമം വന്നാലും എൻ്റെ കൂടെ എപ്പോഴും ഉണ്ടാവേം ചെയ്യും... നല്ലൊരു അമ്മയും കെട്ടിയോനും ആയത് കൊണ്ട് ഞങ്ങളെ രണ്ടു പേരെയും വീട്ടിൽന്ന് പുറത്താക്കിയിട്ടില്ല..
ദേ... വരണുണ്ട്.. ആ മുഖം കണ്ടാൽ അറിയാം, എന്തോ ഒപ്പിച്ചുള്ള വരവാണെന്ന്.. പോയി നോക്കട്ടെ ട്ടോ...
ഭർത്താവിന്റ സഹോദരങ്ങളെ സ്വന്തം കൂടപ്പിറപ്പായി കാണുന്ന എല്ലാ സഹോദരിമാർക്കും വേണ്ടി സമർപ്പിക്കുന്നു..
by: Pooja Unnikrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക