ഓണവും പ്രവാസിയും
-----------------------------------
-----------------------------------
''അമ്മേ എനിക്ക് എപ്പോളാ ഒാണക്കോടി വാങ്ങുന്നത്''?
ഉണ്ണിക്കുട്ടൻ്റെ ചോദ്യം കേട്ട് അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ദീപ ഒന്നും മിണ്ടിയില്ല..
''പറയമ്മേ.. എപ്പോളാ വാങ്ങിത്തരിക?.. ''
ഉണ്ണിക്കുട്ടൻ അമ്മയെ പിടിച്ചു കുലുക്കി..
''അച്ഛൻ്റെ പെെസ വന്നാലുടനെ വാങ്ങാം മോനെ''..
ദീപ മോൻ്റെ നിറുകയിൽ തലോടി..
''അച്ഛൻ്റെ പെെസ സാധാരണ അഞ്ചാം തീയ്യതിയല്ലേ കിട്ടാറ്.. അപ്പോഴേക്കും ഒാണം കഴിയും അമ്മേ''..
മീനു മോളും രംഗത്തെത്തി..
''അയ്യോ.. സ്കൂളിലെ ഓണാഘോഷത്തിന് എനിക്ക് പുതിയ ഡ്രസ്സ് ഇടേണ്ടതാ.. അല്ലാതെ ഞാൻ പോവില്ല..''
ഉണ്ണിക്കുട്ടൻ കരച്ചിലിൻ്റെ വക്കത്തെത്തി..
''അമ്മേ എനിക്കും ഓണാഘോഷത്തിന് പുതിയ പട്ട് പാവാടയിട്ട് പോവേണ്ടതാ.. ഫ്രണ്ട്സൊക്കെ വാങ്ങിക്കഴിഞ്ഞു.. ''
മീനുവിൻ്റെ വക..
''മക്കള് വിഷമിക്കണ്ട.. അച്ഛനോട് പെെസ കുറച്ച് നേരത്തെ അയക്കാൻ പറയാം.. അമ്മയ്ക്കും വേണം ഒരു സെറ്റും മുണ്ടും.. ഓഫീസിലും ഓണാഘോഷമുള്ളതല്ലേ''..
ദീപ മക്കളെ സമാധാനിപ്പിച്ചു..
രണ്ടു പേരും തെളിഞ്ഞ മുഖത്തോടെ പഠിക്കാനിരുന്നു..
അല്പം കഴിഞ്ഞ് ഭർത്താവ് വിളിച്ചപ്പോൾ അവൾ കാര്യം അവതരിപ്പിച്ചു..
''ഹരിയേട്ടാ.. മക്കൾക്ക് ഓണക്കോടി എടുക്കണ്ടേ.. പിന്നെ ഓണത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങണം.. പെെസ നേരത്തെ അയക്കില്ലേ..''
''എടീ.. നിനക്കറിയില്ലേ.. എനിക്ക് ഒന്നാം തീയ്യതിയേ ശമ്പളം കിട്ടൂ എന്ന്.. പിന്നെ എങ്ങനെ നേരത്തെ അയക്കാനാ.. രണ്ടാം തീയ്യതി അയക്കും..
ഹരി നയം വ്യക്തമാക്കി..
''ഇത്തവണ രണ്ടാം തീയ്യതി അയച്ചാൽ ശരിയാവില്ല ഏട്ടാ.. ബാങ്ക് അവധിയൊക്കെ കഴിഞ്ഞു അതിവിടെ കിട്ടുമ്പോഴേക്കും ഓണം കഴിയും..''
''എന്നു പറഞ്ഞാൽ ഞാനിപ്പം എന്തു ചെയ്യാനാടീ.. ഓണമാണെന്ന് വിചാരിച്ചിട്ട് എനിക്കിവിടെ നേരത്തേ ശമ്പളം തരികയൊന്നുമില്ല.. അവിടെയല്ലേ എല്ലാവർക്കും ഓണത്തിനു മുൻപ് ശമ്പളം കൊടുക്കുന്നത്.. അപ്പോൾ നിനക്കും കിട്ടുമല്ലോ.. തൽക്കാലം അതുവെച്ച് അഡ്ജസ്റ്റ് ചെയ്യ്..''
അയാൾ പറഞ്ഞു ..
'ഇതുവരെ തൻ്റെ ശമ്പളത്തിൻ്റെ കണക്കു ചോദിച്ചിട്ടില്ലാത്തയാളാ.. തനിക്കിട്ടൊന്നു കുത്തിയതാണോ..'
ദീപ മനസ്സിൽ വിചാരിച്ചു..
''അതൊക്കെ സർക്കാർ ജോലിക്കാർക്കല്ലേ.. ചേട്ടാ.. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്ക് അതൊന്നും ബാധകമല്ല.. എപ്പോഴും കിട്ടുന്നതു പോലെ ഏഴാം തീയ്യതിയേ കിട്ടൂ.. സത്യം..'''
അവൾക്ക് സങ്കടമായി..
''ഇനിയിപ്പോൾ എന്താ ചെയ്യാ.. ഇത്തവണ ഓണം ആഘോഷിക്കേണ്ട എന്നു വെയ്ക്കാം അല്ലേ..''
ഹരി ചോദിച്ചു..
അവൾ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു..
പിന്നെ പതിയെ പറഞ്ഞു ..
പിന്നെ പതിയെ പറഞ്ഞു ..
''മക്കളോട് എന്തു പറയും ഹരിയേട്ടാ..''
അവളുടെ ഉള്ളിൽ തികട്ടി വന്ന സങ്കടം ഹരിക്ക് ശരിക്കും മനസ്സിലായി..
തനിക്ക് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന അവളെയും മക്കളെയും കുറിച്ച് ഓർത്തപ്പോൾ അയാളുടെ മനസ്സ് വിങ്ങി..
തനിക്ക് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന അവളെയും മക്കളെയും കുറിച്ച് ഓർത്തപ്പോൾ അയാളുടെ മനസ്സ് വിങ്ങി..
''നീ വിഷമിക്കണ്ടെടീ.. ഞാനൊരു തമാശ പറഞ്ഞതല്ലേ.. കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ.. അതുകൊണ്ട് നീയൊരു കാര്യം ചെയ്യ്.. നിൻ്റെ വള പണയം വെച്ച് പെെസയെടുക്ക്.. എന്നിട്ട് അടിപൊളിയായി ഓണം ആഘോഷിക്ക്.. ഞാൻ പെെസ അയച്ചാൽ വള തിരിച്ചെടുക്കാം..''
''ശരി ഏട്ടാ .. അങ്ങനെ ചെയ്യാം.. ഏട്ടൻ്റെ അമ്മയ്ക്കും എൻ്റെ അമ്മയ്ക്കും ഒക്കെ ഡ്രസ്സ് എടുത്ത് കൊടുക്കാം..''
അവൾ സന്തോഷത്തോടെ പറഞ്ഞു..
''ആ .. ശരി.. ഒന്നിനും ഒരു കുറവു വരുത്തരുത്.''..
അതും പറഞ്ഞു അയാൾ ഫോൺ കട്ടു ചെയ്തപ്പോൾ , അവർ രണ്ടുപേരും ഒരുമിച്ച് ഇതുവരെ ആഘോഷിച്ചിട്ടില്ലാത്ത ഓണത്തെക്കുറിച്ച് ഓർത്തുകൊണ്ട് അവൾ മക്കളുടെ അടുത്തേക്ക് നടന്നു..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക