Showing posts with label LipiJestin. Show all posts
Showing posts with label LipiJestin. Show all posts

വർഗീസേട്ടൻ I Lipi Jestin


 അയാൾ അന്ധനും ബധിരനും മൂകനുമാണ്...
നമ്മളോ!!??
ഞാനൊരിക്കൽ ഒരഗതി മന്ദിരത്തിൽ വച്ചൊരു മനുഷ്യനെ പരിചയപ്പെടുകയുണ്ടായി.
പേര് അറിയില്ല.അവിടെയുള്ളവരാൽ അയാൾ വർഗീസേട്ടൻ എന്നു വിളിക്കപെടുന്നു
ഏകദേശം ഒരു 55 വയസ്സായിക്കാണും.
ഒരു പത്തു വർഷം മുൻപാണ് അയാൾ അവിടെ എത്തപ്പെട്ടത്.റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിട്ട് ആരോ അയാളെ അവിടെ എത്തിച്ചതാണ്.
അയാൾ അന്ധനും ബധിരനും മൂകനുമായിരുന്നു.
കുറെ നാൾ കഴിഞ്ഞപ്പോൾ അവരെ ശുശ്രൂഷിക്കുന്ന വൈദികൻ അയാളുടെ ആരോഗ്യ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുകയും അയാളെ വിദ്ഗ്ധരായ ഡോക്ടർമാരെകൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തു.
ഒട്ടേറെ പരിശോധനകൾക്ക് ശേഷം അയാളുടെ രോഗത്തെക്കുറിച്ച് അവർ തിരിച്ചറിഞ്ഞ സത്യം അവരെ അന്ധാളിപ്പിച്ചു.
അയാൾ അന്ധനോ ബധിരനോ മൂകനോ അല്ല!!...മറിച്ച്‌ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം സാധാരണ മനുഷ്യരുടേതിന് തുല്ല്യമായ ഒരു പൂർണ്ണ ആരോഗ്യവാൻ !.
അപ്പോൾ പിന്നെ എന്തായിരിക്കും അയാളുടെ പ്രശ്നം!! ഒരു മാനസിക വിദഗ്ധനെ കാണിച്ചപ്പോളാണ് അയാളുടെ ശെരിക്കുമുള്ള രോഗാവസ്ഥ അവർക്ക് പിടികിട്ടിയത്.
അത് മറ്റൊന്നുമല്ല. അയാൾ അയാളുടെ ജീവിതത്തിന്റെ ഏതോ വഴിത്താരയിൽ വെച്ച് അജ്ഞാതമായ ഏതോ കാരണത്താൽ അയാളുടെ ചുറ്റുപാടുകളോട് കാണിച്ച അപകടകരമായ നിസ്സംഗതാ മനോഭാവം !!... അതാണ് അയാളുടെ രോഗാവസ്ഥക്ക് കാരണം.
തന്റെ ചുറ്റിലും ഉള്ളത് തനിക്ക് കാണണ്ട, കേൾക്കണ്ട,ആരോടും തന്നെ മിണ്ടണ്ട എന്ന ഒരു തരം കടുത്ത നിസ്സംഗതാ മനോഭാവം! കുറെ വർഷങ്ങൾ അയാൾ അങ്ങനെ ജീവിച്ചു കഴിഞ്ഞപ്പോൾ അയാളുടെ മനസ്സ് പോലെ തന്നെ അയാളുടെ ശരീരവും ആ രോഗവസ്ഥയുമായി ഇണങ്ങി ചേരുകയായിരുന്നത്രെ!.
തന്റെ പഴയ ജീവിതത്തിലേക്ക് ഒരിക്കൽ പോലും തിരിഞ്ഞു നോക്കാൻ തോന്നാത്തയത്ര, പുതിയ സാഹചര്യങ്ങളോട് ഒരിക്കൽ പോലും പ്രതികരിക്കാൻ തോന്നാത്തയത്ര എന്തായിരിക്കും അയാളുടെ ജീവിതത്തിൽ പണ്ട് സംഭവിച്ചിട്ടുണ്ടായിരിക്കുക!
അത്രയേറെ വെറുക്കാൻ മാത്രം അയാളുടെ ചുറ്റുപാടുകൾ അയാളുടെ മുൻപിലേക്ക് എന്തായിരിക്കും വെച്ചു നീട്ടിയിട്ടുണ്ടാവുക!
അയാളെ കണ്ട അന്നുമുതൽ ഞാൻ ആലോചിക്കുന്നതാണ്.
ഇന്ന് മുതൽ നിങ്ങളും അതൊന്ന് ആലോചിക്കൂ.
അതോടൊപ്പം നമ്മൾ നെഞ്ചോടു ചേർത്ത് കൊണ്ടു നടക്കുന്ന നമ്മുടെ ചില നിസ്സംഗതാ മനോഭാവങ്ങളെയും!

Lipi JEstin

വോട്ട്



 രണ്ടാഴ്ച മുൻപ് എന്റെ ഫോണിലേക്കൊരു കിളി നാദം ഒഴുകിയെത്തി.നോക്കിയപ്പം സ്കൂളിൽ പഠിച്ച ഒരു കൂട്ടുകാരിയാണ് .

"എടി ലിപി ....നീയെന്നെ അനുഗ്രഹിക്കണം "

"ങേ !! എന്തിന് " ഞാനൊന്നു ഞെട്ടിയിട്ട് ചോദിച്ചു .

"എടി ഞാൻ ഇലക്ഷന് മത്സരിക്കുന്നുണ്ടെടി.
എന്റെ ഭർത്താവ് നിർബന്ധിപ്പിച്ച് എന്നെ നിർത്തിയേക്കുവാടി."

ഞാൻ അത്ഭുതപ്പെട്ട് നിന്ന അതേ നിമിഷം തന്നെ വാട്സ് ആപ്പിൽ മറ്റൊരു കിളി ചിലച്ചു.
നോക്കിയപ്പം നല്ല പട്ടുസാരിയൊക്കെ ചുറ്റി മുഖത്തു നല്ല പുട്ടിയൊക്കെയിട്ട് ചുണ്ടിൽ ലിപ്സ്റ്റിക്കൊക്കെയിട്ട് 'വികസനമാറ്റത്തിനായി ഒരു കയ്യൊപ്പ് ' ചോദിച്ചു നിൽക്കുന്ന ഒരു അതിമനോഹരിയായ പെണ്ണിന്റെ ഫോട്ടോ .

"ങേ ! ലവളല്ലേ ലിവൾ !! ഞാൻ പിന്നെയും ഞെട്ടി .

എന്റെ ജീവിതത്തിൽ ഇത്ര സുന്ദരിയായി ഞാനിവളെ കണ്ടട്ടില്ല .ഞാൻ അവളെ തന്നെ കുറെ നേരം നോക്കി നിന്ന് എന്റെ അനുഗ്രഹം മുഴുവൻ ഞാൻ ലവളിൽ ചൊരിഞ്ഞു .

കഴിഞ്ഞ ആഴ്ച ആ കിളി വീണ്ടും ചിലച്ചു.

"എടി ലിപ്യേ ... മത്യായെടി . കല്യാണം കഴിഞ്ഞ് പതിനഞ്ചു കൊല്ലമായിട്ടും ആദ്യമായിട്ടാട്യേ ഞാനിവിടുത്തെ പഞ്ചായത്ത് കാണുന്നത് ".എന്റെ പൊന്നോ മാസ്കിട്ട് നടന്നിട്ട് എനിക്ക് ശ്വാസം മുട്ടിട്ടു വയ്യെടി .എന്നാലും ഞാൻ പൊണുണ്ടടി എല്ലായിടത്തും വോട്ട്‌ ചോദിക്കാൻ "

"ദേ പെണ്ണെ ..നിനക്ക് ശ്വാസം മുട്ടുള്ളതാ ..വല്ല കോറോണ പിടിച്ചാലുണ്ടല്ലോ!"

“ഞാൻ എങ്ങനെയാടി അടങ്ങി ഒതുങ്ങി ഇരിക്കാ ? എന്റെ വീടിന്റെ തെക്കേലെ ഒരുത്തി രാവിലെ തന്നെ ഇറങ്ങും.അവള് കോണ്ഗ്രസ്സാ . വടക്കേന്ന് ചെങ്കോട്ടക്കാരീം ഇറങ്ങും .ഈ സ്ഥലം മൊത്തം അവരുടെ കോട്ടയാടി.ഞാൻ ഇറങ്ങാതിരുന്ന് ഇനി പാർട്ടിക്ക് ഒരു ക്ഷീണം വേണ്ടാന്ന് വെച്ച്. "

"നീയേതാ പാർട്ടി ?"

"ഞാൻ NDA സ്വതന്ത്ര സ്‌ഥാനാർഥി "

"ആഹാ ! എന്നിട്ട് എങ്ങനെയുണ്ട് നിന്റെ പ്രചരണം?"

"എടി ലിപ്യേ .... തയ്ക്കുന്നപോലെ അത്ര എളുപ്പം അല്ലെടി വോട്ടു പിടുത്തം. മറ്റേത് കാലിട്ടു വെറുതെ തിരിച്ചാൽ മതി .
ഇതങ്ങനെയെങ്ങാനാണോ? അവരുടെ കൈകൊണ്ട് നമ്മുടെ ചിഹ്ന്നത്തിന് നേരെ കുത്തിക്കണ്ടേ ?"

എന്നാലും ഒരു സ്ഥലത്തു നിന്നും ആൾക്കാരുടെന്ന് ചീത്തയൊന്നും കിട്ടുന്നില്ലാട്ടാ . "

"അതെന്തിനാ ആൾക്കാര് ചീത്ത പറയുന്നേ?"

"എന്റെ പൊന്നോ ആ വടക്കേലെ പെണ്ണ് ചെല്ലുന്നിടം മുഴുവൻ ആൾക്കാര് ചീത്ത പറയാണ് .അവരല്ലെടി ഭരിക്കണേ !.ഇനി ഞങ്ങടെ പാർട്ടിയെങ്ങാൻ ജയിച്ചാൽ അടുത്ത തവണ ഇലക്‌ഷനു നിക്കുന്നവർക്ക് അന്ന് ആൾക്കാരുടേന്നു ചീത്തകിട്ടും ! ഇത്തവണ ഞാനും തെക്കേലെ പെണ്ണും രക്ഷപ്പെട്ടു. അത്ര തന്നെ !

“എന്നാലും ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവര് പറയും ഇതിപ്പോ മോൾടെ നല്ല കാലമാണ് മോള് ജയിക്കുമെന്നൊക്കെ !

"നല്ലകാലോ "

"ആ ..അതേടി ഇവിടുത്തെ അമ്മായിയമ്മ മരിച്ചു പോയില്ലെടി .ആ ദുഷ്ട്ട തള്ളേടെ സ്വഭാവം നാട്ടിലെ എല്ലാവർക്കും അറിയാടി .എന്നേം കെട്ടിയവനേം തമ്മിൽ മിണ്ടിക്കുക കൂടി ഇല്ലായിരുന്നെടി ആ തള്ള.എങ്ങനെങ്ങാണ്ടൊക്കെ മൂന്നു മക്കളുണ്ടായ്. അതിന്റെ ചെയ്തികൊണ്ട് അത് പുഴുത്തല്ലേടി മരിച്ചത് .അപ്പഴും എനിക്ക് തന്നെയായിരുന്നു പണി . അമ്മായിയമ്മ പോയതോടു കൂടി വീടൊരു സ്വർഗ്ഗം ആയെടി സ്വർഗ്ഗം! .”

ഞാനും അവളും ഒന്നട്ടഹസിച്ചു ചിരിച്ചു.

“ഇത്രേം കാലം ആയിട്ടും എന്റെ കെട്ടിയവൻ എന്നെ തൊട്ടു അയല്വക്കത്ത് കൂടി കൊണ്ടോയി ഒന്ന് പരിചയപ്പെടുത്തിട്ടില്ല. ദേ ഇപ്പൊ നല്ല സാരീം വാങ്ങി തന്നു. ഈ പഞ്ചായത്തു മുഴുവൻ എന്നേം കൊണ്ട് കറങ്ങി നടന്ന് ഭാര്യയാണെന്ന് പരിചയപ്പെടുത്തുകയും കൂടി ചെയ്തു .
ഇതിൽപരം ഒരു സന്തോഷം എനിക്കിനി വരാനില്ലെടി ലിപ്യേ..!”

ഞാനും അവളും വീണ്ടും ഒന്നട്ടഹസിച്ചു ചിരിച്ചു.

“നിന്റെന്നു കാശ് വല്ലതും പോയാ!

"എല്ലാ പാർട്ടിക്കാരും ഇവിടെ കാശു വാരി എറിയുന്നുണ്ട്ട്യെ. എനിക്ക് എവിടുന്നാ കാശ് ? ഞാമ്പറഞ്ഞു എന്നെ ജയിപ്പിച്ചാ...നിങ്ങൾക്ക് കിട്ടട്ടേണ്ട കാശ് തരേണ്ടോടത്തു നിന്ന് ഞാൻ നിങ്ങക്ക് വാങ്ങി തരാന്ന് . അല്ലാണ്ട് ഞാപ്പെ എന്തുട്ടാ പറയാ !.പിന്നെ ആൾക്കാര്‌ റോഡിലൊക്കെഎന്റെ ഫ്ലെക്സോക്കെ വെച്ചിട്ടുണ്ട്.ചേലോര് എന്നെ ജയിപ്പിക്കാൻ പറഞ്ഞ് വീഡിയോ ഒക്കെ അയക്കണ്ട് .കൂടുതൽ പേര് നമ്മളെ അറിയുംതോറും കൂടുതൽ കുറ്റം നമ്മളെ പറ്റി കേൾക്കണ്ട വരും . അതാണെടി എന്റെ സങ്കടം.

അവളുടെ സങ്കടം ഓർത്ത് ഞാനും അന്നൊന്നു സങ്കടിച്ചു .

ഇന്നിപ്പോൾ ഞാനാ കിളിയെ വിളിച്ചു ചോദിച്ചു.
"നിനക്കെന്താ ആഗ്രഹം ജയിക്കണോ അതോ തോൽക്കണോ?"

"എടി ജയിച്ചാൽ ഏഴായിരം രൂപയൊക്കെ ശമ്പളം കിട്ടുമെന്ന് ആരാണ്ടൊക്കേം പറയണ കേട്ടു.
ഞാൻ എത്ര തയ്‌ച്ചാലും അതിന്റെ ഏഴയലത്ത് എത്തില്ലെടി പെണ്ണേ .വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ നോക്കി നടന്നാ മതീങ്കി വേണേൽ ജയിച്ചോട്ടെ ! മൂന്ന് പിള്ളേരെ പോറ്റണ്ടേടി !എന്നുവെച്ച് തോറ്റാൽ വിഷമം ഒന്നുമില്ലാട്ടോടി .നമ്മൾ എങ്ങനെയെങ്കിലും പിള്ളേരെ പോറ്റും .പിന്നെ കെട്ടിയവൻ നാട്ടിലൊക്കെ കോണ്ടുപോയ് ഒന്ന് ചുറ്റിച്ചതിന്റെ സംതൃപ്തിണ്ട് .അത് മരിക്കും വരേക്കുള്ള ഒരു ബോണ്സല്ലെടി ! എന്നാലും നീയെനിക്കു വേണ്ടി പ്രാർത്ഥിച്ചോളു ട്ടാ .

ആ കിളി പിന്നെയും ചില ചിലയെന്നു ചിലച്ചു.

ഞാനാ കിളിക്ക് അവളുടെ"നിഷ്‌കളങ്കത" എന്ന ചിഹ്ന്നത്തിനു നേരെ എന്റെ ഹൃദയത്തിൽ നിന്നും ഒരോട്ട് നൽകി അവളെ നീതിയുക്തമായ്‌ വിജയിപ്പിച്ചു .


Lipi Jestin

ഒരു പുരുഷന്റെ പൗരുഷമിരിക്കുന്നതെവിടെയാണ്?.


കട്ടമീശയിലും
സിക്സ്പാക്കിലുമാണെന്നവന്റെ
കാമുകി പറയുമായിരിക്കാം.

ചുടുചുംബനങ്ങളിലും ഇണചേരലിലുമാണെന്നവന്റെ പുതുമണവാട്ടി നാണത്തോടെ മൊഴിഞ്ഞേക്കാം.

കരുത്തിലും കരുതലിലുമാണെന്നവന്റ സോദരി തോളിൽ കയ്യിട്ട് വീമ്പിളക്കിയേക്കാം.

പെറ്റ തള്ളയേയും തന്തയെയും പോറ്റുന്നതിലാണെന്നവന്റെ
അച്ഛനുമമ്മയും ഏറ്റു പറഞ്ഞേക്കാം.

എല്ലാ ആഗ്രഹങ്ങളും
നിറവേറ്റി കൊടുക്കുന്നതിലാണെന്ന്
മക്കൾ ഒരു മടിയും കൂടാതെ അംഗീകരിച്ചേക്കാം.

എങ്കിലും... വീടിനു വേണ്ടി നിർത്താതെ
ഓടുന്ന ഒരു ഘടികാരമാണവനെന്ന സത്യം
ആരും തിരിച്ചറിയാറില്ല...

ഹൃദയത്തിന്റെ അറകളിൽ കുഴിച്ചിട്ടിരിക്കുന്ന 

അവന്റെ സ്നേഹത്തെ ആരും തുറന്നു
നോക്കാൻ മെനക്കെടാറില്ല...

അകലങ്ങളിലേക്ക്‌ നോക്കി നെടുവീർപ്പിട്ടു കളയുന്ന 

അവന്റെ മോഹങ്ങളെ ആരും ഒരുകാലത്തും വകവെക്കാറുമില്ല...

കുറ്റവും ശിക്ഷയും വിധിക്കാൻ
ചുറ്റിനും ആളുകളുള്ളിടത്തോളം 

അവനൊരിക്കലും തെറ്റു പറ്റാനുമിടയില്ല.

ഉത്തരവാദിത്വം എന്ന മാറാലയിൽ കുടുങ്ങി 

അവന്റെ ജീവിതം എങ്ങനെയൊക്കെയൊ 

ഒടുങ്ങുമ്പോൾ മാത്രം...
അപ്പോൾ മാത്രം ...
അവൻ അത്രയും നാൾ കേൾക്കാൻ കൊതിച്ചത്
ആരെങ്കിലുമൊന്ന് വെറുതെ പറയും .

അവൻ ഉത്തമ പുരുഷനായിരുന്നെന്ന് !.

പോയിന്റ്



പണ്ട് കുഴൂർ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ബഞ്ചിൽ ഇരുന്നു കൊണ്ടു തന്നെ ഞങ്ങൾ കൂട്ടുകാർ ഒരുപാട് കുഞ്ഞുകുഞ്ഞു കളികൾ കളിക്കുമായിരുന്നു.

ബെല്ലടിക്കുമ്പോൾ ഒരു ടീച്ചർ പോയതിന് ശേഷം അടുത്ത ടീച്ചർ വരുന്നതിന് മുമ്പുള്ള ആ ഗ്യാപ്പിലാണ് ഞങ്ങളുടെ കളികൾ മുഴുവൻ അരങ്ങേറുക.

തീപ്പെട്ടിപടം, വളപൊട്ട് തുടങ്ങിയവ എപ്പോഴും സ്കൂൾ ബാഗിൽ ഉണ്ടാകും. എപ്പോഴാണോ ഒഴിവ് കിട്ടുക അപ്പോളൊക്കെ അതെടുത്ത് കളിക്കും.ചിലപ്പോൾ ഒരു റൗണ്ട് തീപ്പെട്ടി പടം ഇട്ട്‌ കഴിയുന്നതിന് മുൻപേ തന്നെ അടുത്ത ടീച്ചർ പ്രവേശിക്കും.അപ്പോഴേക്കും എല്ലാവരും കൂടി വെപ്രാളപ്പെട്ട് എല്ലാം തപ്പി വാരി ബാഗിലിടും.വള പൊട്ടും അങ്ങനെതന്നെ!.
എന്നിട്ട് ആ ടീച്ചർ പോകുമ്പോൾ നിർത്തിയിടത്തു നിന്ന് പിന്നേയും കളിക്കും.അന്ന് കള്ളക്കളി ഇല്ല. ആ പ്രായത്തിൽ എന്തോ എല്ലാവരും വളരെ സത്യസന്ധരായിരുന്നു.

അതുപോലെ പെൺകുട്ടികൾക്കിടയിൽ മാത്രം കണ്ടു വന്നിരുന്ന കളിയാണ് ഷഡിയുടെ കളർ പറഞ്ഞുള്ള കളി.ഒരു കുട്ടി അന്ന് ഇട്ടിരിക്കുന്ന ഷഡിയുടെ കളർ മറ്റു കുട്ടികൾ ഊഹിച്ചു പറയണം.എല്ലാവരും ഉത്തരം പറഞ്ഞു കഴിയുമ്പോൾ അത് ശെരിയോ തെറ്റോ എന്നറിയിക്കാൻ കുട്ടി തന്റെ പാവാട പതിയെ തിരുകി തിരുകി മുകളിലേക്ക് കയറ്റി ഷഡിയുടെ അറ്റം മറ്റുള്ളവരെ കാണിച്ചു കൊടുക്കണം.
ആരാണോ ശെരിക്കും ഉള്ള കളർ പറഞ്ഞത് അവരാണ് കളിയിലെ വിജയി.അവർക്ക് പോയിന്റ് കിട്ടും.അതാണ് കളി.

ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം...ടീച്ചർ ക്ലാസ്സിൽ ഇല്ലാത്ത ഒരു പിരീയഡിൽ ഞങ്ങളുടെ ഷഡികളി അങ്ങനെ പുരോഗമിക്കുകയായിരുന്നു. ചെക്കന്മാർ കണ്ടാൽ നാണക്കേടല്ലേ... അതുകൊണ്ട് ഈ ഷഡി പൊക്കി കളിക്ക്‌ മാത്രം ഞങ്ങൾ മറ്റ്‌ ബെഞ്ചുകാരെ കൂട്ടാറില്ല.അതിനാൽ തന്നെ അഞ്ചു പേരുള്ള ആ ഒരു ബെഞ്ചിന്റെ ഇടത്തേ അറ്റവും വലത്തേ അറ്റവും അതിന്റെ ബോർഡറായി പണ്ടേ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അങ്ങനെ പ്രിൻസിയുടെയും ഷീബയുടേയും ബിന്ദുവിന്റേയുമൊക്കെ ഷഡിയുടെ കളർ ഞങ്ങൾ വളരെ എളുപ്പത്തിൽ പറഞ്ഞു.
ഒന്നല്ലെങ്കിൽ നീല അല്ലെങ്കിൽ ചോപ്പ.അതിൽ കൂടുതൽ ഷഡികൾ ഒന്നും അന്ന് ആർക്കും ഉണ്ടായിരുന്നില്ല!.

ബെഞ്ചിന്റെ വലത്തേ അറ്റത്ത് ഇരിക്കുന്നത് ഞാനാണ്.എനിക്ക് മുൻപേ ഒരുത്തി വരിയിൽ ഇരിക്കുന്നുണ്ട്.പേര് പറയുന്നില്ല.നമുക്ക് അവളെ 'താരം' എന്നു വിളിക്കാം.

അടുത്തത്ത് താരത്തിന്റെ ഊഴമാണ്.ഞങ്ങൾ അവളുടെ ഷഡിയുടെ കളർ നീല, ചോപ്പ, കാപ്പി എന്നൊക്കെ പറഞ്ഞു.അപ്പൊ അവള് പറയാ...

" ഞാനില്ല ഈ കളിക്ക്."

"അതെന്താ നീ ഇല്ലാത്തെ പറയ്...പറയെടി...
പച്ചയാണോ" ഷീബ ചോദിച്ചു.

"അല്ല..." അവൾ ഇത്തിരി കടുപ്പിച്ച് പറഞ്ഞു.

"എങ്കി നീ ഒന്ന് പൊക്കി കാട്ട്.ഞങ്ങ കാണട്ടെ! അറ്റത്തിരിക്കുന്ന ബിന്ദു ഡെസ്ക്കിൽ ചാഞ്ഞുകിടന്ന്‌ പറഞ്ഞു.

താരം ഒന്നു കിടുങ്ങി. "ഞാൻ പറഞ്ഞില്ലേ...ഞാനീ കളിക്ക് ഇല്ലെന്ന്!! "അവളുടെ ഇരുണ്ട മുഖത്ത്‌ ദേഷ്യവും ഇരുണ്ടു കൂടി.

"എന്നാ നീ തോറ്റെന്ന് സമ്മയ്ക്ക് " ഞാൻ പറഞ്ഞു.

"ഞാൻ തോറ്റിട്ടും ഇല്ല നിങ്ങ ജയിച്ചിട്ടും ഇല്ല.
ഇന്നാ കണ്ടോ.."

അവൾ തന്റെ പാവാട പതിയെ പതിയെ മടക്കി മടക്കി മുകളിലോട്ടു കയറ്റി.ഞങ്ങൾ നാലുപേരും കമിഴ്ന്ന് കിടന്ന് അവളുടെ തുടയെ ഫോക്കസ് ചെയ്ത് കണ്ണൊക്കെ സൂം ചെയ്തങ്ങട് വരണനേരത്ത് അവൾ പാവാട ഒരൊറ്റ ഊർത്തല് കൊടുത്തു.എന്നിട്ട് ഞങ്ങളോട് ചോദിച്ചു...

"കണ്ടില്ലേ...? കറുപ്പാ!"

"കറുപ്പയോ....ഞങ്ങൾ ഒന്നും കണ്ടില്ല....നീ അപ്പോഴേക്കും പാവാട താത്തീല്ല്യേ!!'
ഞങ്ങളെല്ലാവരും ഒരുമിച്ച് ചോദിച്ചു.

'ഹോ! എന്നെക്കൊണ്ട് വയ്യ ഇനി കാണിക്കാൻ.
അത് കറുപ്പയാ.ഞാൻ ജയിച്ചു."താരം പാവാട രണ്ടു കയ്യും കൊണ്ട് കൂട്ടിപിടിച്ച്‌ പറഞ്ഞു.

"അയ്യടി...ഞങ്ങളെ ആദ്യം കാണിച്ചു താ എന്നിട്ട് മതി മോള് ജയിച്ചെന്നും പറഞ്ഞ് തുള്ളാൻ."
ബിന്ദു അറ്റത്തിരുന്ന് ഉറഞ്ഞു തുള്ളി.

"നീ കണ്ടോടി ലിപി?" ഷീബ എന്നോട് ചോദിച്ചു.

"ഏയ് ഞാൻ കണ്ടില്ല.അപ്പ്‌ളെക്കും അവള് പാവാട താത്തീല്ലേ!!" ഞാൻ കൈ മലർത്തി.

"ഒന്നൂടെ കാണിച്ചേ....നോക്കട്ടെ"
ഞാൻ അവളോട്‌ പറഞ്ഞു.

നിവൃത്തികേട് കൊണ്ട് അവൾ പിന്നേം പാവാട മടക്കി പയ്യെ പയ്യെ തെറുത്ത്‌ കയറ്റി...ഞങ്ങൾ നാലും ഡെസ്ക്കിൽ തല വെച്ച് താഴോട്ടും നോക്കി ഞങ്ങളുടെ വിജയം ഉറപ്പാക്കി ഇരിപ്പായി.

ഇത്തവണ പാവാട തെറുത്തു കയറ്റുമ്പോൾ അവളുടെ മുഖത്ത് എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു ഭാവം. അവൾ വളരെ ശ്രദ്ധയോടെയാണ് പാവാട തെറുത്തു കയറ്റുന്നത്. അവൾ തന്റെ രണ്ടു കൈ കൊണ്ടും വലത്തേ ഭാഗത്തെ പാവാട തുടയുടെ അറ്റം വരെ എത്തിച്ചു.ഷഡിയുടെ കളർ അറിയാൻ ഞങ്ങൾ കണ്ണും കാതും ചുണ്ടും കൂർപ്പിച്ചിരിക്കുന്നനേരം....
ആരോ അലറി...

"ദേ..ടീച്ചർ!"

എല്ലാവരും ഒരുപോലെ ഞെട്ടിയെണീറ്റു.ആ ഞെട്ടലിൽ അവൾ തെറുത്തു കയറ്റിയ പാവാട താഴത്തേക്ക് പോകുന്നതിന് പകരം അവളുടെ വലത്തേ എളിയിലേക്ക് ഏങ്ങോണിച്ച്‌ പോയി!

ഞാൻ കണ്ടു....കറുപ്പയാ!.പക്ഷെ അത്... അത്... ഷഡി അല്ല!വെറും ഒരു കറുത്ത അരഞ്ഞാണ ചരട് മാത്രം!അതിന് മുകളിലോ താഴെയോ ആയി ഷഡിയുടെ ഒരംശം പോലുമില്ല!!

താരം ഷഡി ഇട്ടട്ടില്ല!!

ഞാൻ ഒന്ന് ഞെട്ടി.ആ ഞെട്ടലിന്റെ ശക്തിയിൽ തന്നെ ടീച്ചർക്ക് ഗുഡ് മോർണിംഗ് എണീറ്റു നിന്ന് പറയുകയും ഇരിക്കുകയും ചെയ്തു.

ഞാൻ ഞെട്ടിയത് പോലെ തന്നെ അവളും ഞെട്ടിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.ഞാനത് കണ്ടിട്ടാണ് ഞെട്ടിയതെങ്കിൽ... അവൾ ഞാനത് കണ്ടോ എന്നോർത്തിട്ടാണ് ഞെട്ടിയത് എന്നുള്ള വ്യത്യാസം മാത്രം!.

കണക്കു പുസ്തകം ബാഗിൽ നിന്ന് വലിച്ചെടുക്കുന്ന നേരത്ത് അവൾ എന്റെ മുഖത്തേക്ക് പാളി നോക്കുന്നത് ഞാനെന്റെ ഇടം കണ്ണാലെ കണ്ടു.

അവളുടെ ഹൃദയത്തിൽ നിന്നും ഉയർന്നു വന്ന നിസ്സഹായതയുടെയും നാണക്കേടിന്റെയും കറുത്ത പുകച്ചുരുളുകൾ ഏറ്റിട്ടാകാം അവളുടെ മുഖത്തെ ഭാവം മുഴുവൻ അന്നേരം ഇരുണ്ടിരുന്നു.

അവളുടെ വീട്ടുകാരെപ്പറ്റി എന്റെ അമ്മ പതം പറയുന്നത് ഞാനിടക്ക്‌ കേൾക്കാറുണ്ട്.
'ഉണ്ണാനും ഉടുക്കാനും ഇല്ലാത്തേറ്റങ്ങളാണ്....
എങ്ങനെ മൂന്നെണ്ണത്തിനെ പോറ്റുന്നോ ആവോ!'

അവൾക്ക്‌ സ്വന്തമായി നല്ലോണം കുടിക്കുന്ന ഒരച്ഛനും ഒരു പാവം പിടിച്ച അമ്മയും അവളേക്കാൾ രണ്ടു വയസ്സ് വീതം മാത്രം മൂപ്പുള്ള രണ്ടു ചേച്ചിമാരും ആണുള്ളത്. വീടുണ്ടോന്ന് ചോദിച്ചാൽ...ഉണ്ടെന്നും.അത് വീടാണോ എന്ന്‌ ചോദിച്ചാൽ അല്ലെന്നും പറയാം.അത്ര തന്നെ!

കളർ ഡ്രെസ്സിടാൻ പറയുന്ന ദിവസങ്ങളിൽ അവളും അവളുടെ ചേച്ചിമാരും കുഴൂർ സോസൈറ്റിയിൽ നിന്നും കിട്ടുന്ന തുണി കൊണ്ട് തയ്ച്ച ഒരു നീല പുള്ളി ബ്ലൗസും പാവാടയുമാണ് എന്നും എല്ലാ കൊല്ലവും ഇടാറുള്ളത്.

ഒരുമിച്ചു കണ്ടാൽ അവരെ തമ്മിൽ മാറിപ്പോകും!ഒരു ദിവസം ഒളിച്ചു കളിക്കുന്ന സമയത്ത് ഇവൾ ആണെന്ന് കരുതി ഞാൻ ഓടിപോയി തൊട്ടത് നീലകളർ പാവാടയിട്ട ഇവളുടെ ചേച്ചിയെയാണ്!.

അവളുടെ ഹൃദയം കിടന്ന് ഉരുകുന്നതിന്റെ ചൂട് ഒരു ഉയർന്ന നിശ്വാസമായി എന്റെ കാതിൽ വന്ന് പതിച്ചു.ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കുറ്റം കണ്ടുപിടിച്ചോയെന്ന ആധി അവളുടെ കണ്ണിൽ നിന്നും അഗ്‌നിയായി ഉയർന്നുവന്നു.

കണക്ക് ടീച്ചർ എന്തോ എഴുതുവാൻ ബോർഡിലേക്ക് തിരിഞ്ഞ നേരം ബിന്ദു തല വെട്ടിച്ച് കുശുകുശുത്തു...

"ഡി ലിപി....നീ കണ്ടാ? ന്തുട്ടാ കളറ്? കറുപ്പാ?

അവളുടെ ചോദ്യം കേട്ട് ഞാനും താരവും ഒരുപോലെ ഞെട്ടി.എന്റേം അവളുടേം കണ്ണുകൾ തമ്മിൽ ഒന്നുടക്കി.അരുതാത്തത് എന്തോ ഇപ്പോൾ സംഭവിക്കും എന്ന ഭയം അവളുടെ മുഖത്ത് ചായം പോലെ പടർന്നു.

അവളുടെ കണ്ണിൽ വിരിഞ്ഞത് ദാരിദ്ര്യത്തിന്റെ നിസ്സഹായതയും കുറ്റവാളിയുടെ അപേക്ഷയും ആയിരുന്നെങ്കിൽ എന്റെ കണ്ണിൽ വിരിഞ്ഞത് സത്യത്തിന്റെ ഏറ്റുപറച്ചിലും കളിയുടെ വിജയവുമായിരുന്നു.

എങ്കിലും എന്നിലെ നാലാം ക്ലാസുകാരി തലങ്ങും വിലങ്ങും ചിന്തിച്ചു.സത്യം പറയണോ... അതോ നുണ പറയണോ. നുണ പറയുന്നത് പാപം അല്ലേ! സത്യം പറഞ്ഞാലല്ലേ കളി ജയിക്കൂ. അല്ല... ഞാനിപ്പോ എന്തിനാ അവൾക്ക് വേണ്ടി നുണ പറയുന്നേ?.അവൾ നുണ പറഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്!അവൾക്ക്‌ നുണ പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ഷഡി ഇട്ടട്ടില്ല എന്ന കാര്യം അങ്ങട് തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നു അവൾക്കൊരു കുഴപ്പം!!

ഞാൻ സത്യമേ പറയു...ഞാൻ എന്റെ മനസ്സിനോട് പറഞ്ഞു.

"പറയെടി പോത്തേ...കറുപ്പയാ? ഇത്തവണ ഷീബയുടേതാണ് ചോദ്യം...

"ഉം...കറുപ്പയാ..." എന്റെ നാവ്‌ എന്റെ സമ്മതമില്ലാതെ ഉത്തരം പറഞ്ഞു.

അതുകേട്ട് താരത്തിന്റെ മുഖത്തും കണ്ണിലും ആശ്വാസത്തിന്റെ പ്രകാശ കിരണങ്ങൾ തെളിഞ്ഞു നിന്നു.ഒരു ദീർഘശ്വാസം വിട്ട് തന്റെ ഹൃദയത്തിന്റെ അറകളിലേക്ക്
ആളിപ്പടർന്ന അഗ്‌നിയെ അവൾ ഊതികെടുത്തി.
അവളുടെ വിറക്കുന്ന ചുണ്ടിൽ നിന്നും നന്ദിയുടെ ഒരു ചെറുപുഞ്ചിരി എന്നിലേക്ക്‌ അടർന്ന് വീണു.

ഒന്നും അറിയാത്ത പോലെ ഞാനും അവളെ നോക്കി പയ്യെ ചിരിച്ചു.

സത്യം പറയാഞ്ഞത് എത്ര നന്നായി എന്ന് അപ്പോൾ ഞാനോർത്തു.പറഞ്ഞിരുന്നെങ്കിൽ അവളുടെ ആത്മാഭിമാനത്തിന് ഏൽക്കേണ്ടി വരുമായിരുന്ന ആഘാതത്തെക്കുറിച്ച്‌ അപ്പോഴാണ് ഞാൻ കൂടുതൽ ബോധവതിയായത്. സത്യം പറയാഞ്ഞതിൽ എന്റെ നാവിനെ ഞാൻ തന്നെ അന്ന് കുറേ അഭിനന്ദിച്ചു.

"അപ്പൊ നീ ജയിച്ചു. നിനക്ക് ഒരു പോയിന്റ്"

പ്രിൻസി പോയിന്റ് എഴുതുന്ന ബുക്കിൽ ടീച്ചർ കാണാതെ അവളുടെ പോയിന്റ് എഴുതി ചേർത്തു.

മറ്റൊരാൾക്ക് പോയിന്റ് കിട്ടുന്നതിൽ എന്നും അസ്വസ്ഥയായിരുന്ന ഞാൻ അന്ന് ആദ്യമായി അവളുടെ പേരിന് നേരെ പോയിന്റ് എഴുതിചേർക്കുന്നത് ഒട്ടേറെ അഭിമാനത്തോടെ സന്തോഷത്തോടെ സ്വസ്ഥമായി നോക്കികൊണ്ടിരുന്നു.


By Lipi Jestin

നാല്പതുകളിലെ സ്ത്രീകൾ


നാല്പതുകളിലെ സ്ത്രീകൾ ഏറ്റവും സുന്ദരികളായതിന്റെ രഹസ്യം നിങ്ങൾക്കറിയാമോ? നാല്പതുകളിലെത്തുമ്പോളാണ് അവളൊരു ദീർഘനിശ്വാസംവിട്ട് ചുറ്റുമുള്ള ലോകം സ്വന്തം കണ്ണുകൾകൊണ്ടൊന്നു നോക്കിക്കാണുക! ഒക്കത്തും മടിയിലും കൈവിരൽത്തുമ്പിലും തൂങ്ങിയിരുന്ന കുട്ടികൾ രണ്ടു കാലിൽ നിൽക്കുന്നതവൾക്ക്‌ കാണാൻ കഴിയുക; വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ചു ചിട്ടപ്പെടുത്തിയ അടുക്കളയിൽ അവളുടെ രുചിക്കൂട്ടുകൾ അവളാദ്യമായി തിരയുക! കുടുംബത്തിന്റെ നിലവിളക്കാണെന്നു പറഞ്ഞ് മൂലയിലേക്കു മാറ്റിവച്ച അവളുടെ വിലയും നിലയും അവൾ തിരിച്ചറിയുക; സ്നേഹത്തിന്റെ അർത്ഥവും സന്തോഷത്തിന്റെ അതിരും സ്വാതന്ത്ര്യത്തിന്റെ അതിർത്തിയും സഹനത്തിന്റെ ആഴവും അവൾ ധരിച്ചു വച്ചതല്ലായിരുന്നെന്ന് കാലം അവളെ പഠിപ്പിക്കുക! അപ്പോളാണ് അവൾ നഷ്ടപ്പെട്ടുപോയ തന്റെ വ്യക്തിത്വത്തെ കണ്ടുമുട്ടാൻ നിലക്കണ്ണാടിയിൽ ചെന്നൊന്നു നോക്കുക. കറുത്ത ചുരുൾമുടികൾക്കുള്ളിൽക്കൂടെ വെളുത്തനരകൾ പായുന്നതു കാണുമ്പോൾ അവളുടെ നെഞ്ചിലൊരു കൊള്ളിയാൻ പടപടേന്നു മിന്നുക! അവളെക്കാൾ മുമ്പേ നടക്കുന്ന തന്റെ വയറിനെയവൾ പരമാവധി ഉള്ളിലേക്ക് വലിച്ചു ശ്വസിച്ച് ശാസിച്ചൊതുക്കുക. പിന്നെയൊരു പിടച്ചിലാണ്. നൊമ്പരങ്ങളിൽ നിന്നും പിന്നെയൊരു കുതറലാണ്. ബന്ധനങ്ങളിൽ നിന്നും പിന്നെയൊരു ഉയിർത്തെഴുന്നേൽപ്പാണ്; അവളിലെ അവളിൽ നിന്നും. ദാ, ഇത്രയും പോരേ കൂട്ടരെ? നാല്പതുകളിലെ സ്ത്രീകൾക്ക് വീണ്ടും അതീവ സുന്ദരികളാവാൻ!

Written by Lipi Jestin


വിഷാദം ബാധിച്ച ഒരുവളെ കണ്ടിട്ടുണ്ടോ?


അവളുണ്ടാക്കുന്ന ചായ എന്നും

അടുപ്പിൽ തിളച്ചു തൂവിപ്പോകും.

കറികളുടെ കരിഞ്ഞ മണംകൊണ്ട്

വീടെന്നും ദുർഗന്ധപൂർണ്ണമാകും.

പാറ്റകളും പല്ലികളും അവളുടെ 

വീട്ടിൽ സ്ഥിരതാമസത്തിനെത്തും.

അവളുടെ അകത്തളങ്ങളിൽ നിഗൂഢമായ

ഒരിരുട്ട് എന്നുമവൾക്ക്‌ കൂട്ടിനുണ്ടാകും.

മുറ്റത്ത്‌ പുല്ലുകൾ തഴച്ചു വളരും

പഴുത്തയിലകൾ കുമിഞ്ഞു കൂടും.

ചെടികൾ വാടി കരിഞ്ഞുണങ്ങും.

ഇത്തിൾകണ്ണികൾ അവളുടെ പറമ്പിൽ

പ്രസവിച്ചു കൊണ്ടേയിരിക്കും.

അവളുടെ തലമുടി വൈക്കോൽ തുറുപോലെ

അവളെ പൊതിഞ്ഞു കിടക്കും.

കണ്ണുകൾ ചത്ത മീനിന്റെ പോലെയും

ചുണ്ടുകൾ വിണ്ടു കീറിയ ഭൂമി പോലെയും

കവിൾത്തടങ്ങൾ കറുത്ത മഷിയാൽ

കുത്തിക്കോറിയിട്ട ക്യാൻവാസ്

പോലെയും കാണപ്പെടും.

അവൾ ശ്വസിക്കുകയില്ല:

പകരം നെടുവീർപ്പുകൾ കൊണ്ട് 

തന്റെ ജീവനെ നിലനിർത്തും.

എല്ലാവരും പറയുന്നതവൾ കേൾക്കും

എന്നാൽ ഒന്നും ഗ്രഹിക്കുകയില്ല.

കാണുന്നതെല്ലാം കണ്ടനിമിഷത്തിൽ തന്നെ 

മറവിയുടെ കയത്തിലേക്ക്‌ അവൾ തള്ളിയിടും.

ചിരിക്കാൻ അവൾ മറന്നു പോയിരിക്കാം..

എന്നാൽ ഒരിക്കൽ പോലുമവൾ കരയുകയേയില്ല.

അവൾക്ക്‌ പകൽ മുഴുവൻ നോക്കിയിരിക്കാൻ 

മുറിയുടെ ഏതെങ്കിലും ഒരു മൂല തന്നെ ധാരാളം.

രാത്രി മുഴുവൻ അവൾ തന്റെ കൂടെ

ഉറങ്ങുന്നവർക്ക് കാവലാളാകും.

ആകാശത്ത് വെള്ള കീറുമ്പോഴും

അവളുടെ മനസ്സിൽ മഴക്കാർ ഉരുണ്ടു കൂടും.

പുറത്ത് മഴപെയ്യുമ്പോളും അവളുടെ ഹൃദയം

ചുട്ടുപഴുത്ത മരുഭൂമിയിൽ കിടന്നുഴറും.

ഭക്ഷണം കഴിച്ചോ അതോ ഇല്ലയോയെന്ന്

അവൾ തന്നെ ആശങ്കപ്പെടും.

ചിലപ്പോൾ കഴിച്ചുകൊണ്ടേയിരിക്കും...

എങ്കിലും അവളുടെ വിശപ്പ് മാറുകയില്ല.

അവൾ കുടിച്ചു കൊണ്ടേയിരിക്കും...

എങ്കിലും അവളുടെ ദാഹം മാറുകയില്ല.

ആ കുപ്പത്തൊട്ടിയിൽ നിന്നും ആരെങ്കിലുമൊന്ന് 

രക്ഷപ്പെടുത്തിയെങ്കിൽ എന്നവളാഗ്രഹിക്കും. 

എന്നാൽ തന്നിലേക്ക് നീട്ടുന്ന കൈകളെ

നിർദാക്ഷീണ്യം അവൾ തട്ടി മാറ്റും.

കാരണം അവൾ പ്രണയിനിയാണ്...

വിളിക്കാതെ തന്നെ വിരുന്നെത്തിയ

വിഷാദമെന്ന പ്രാണനാഥന്റെ പ്രണയിനി.


By Lipi Jestin


കണ്ണുകൾ സംസാരിക്കുമോ?


ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.ലാസ്റ്റ് പീരിയഡിലെ ഷിജ ടീച്ചറുടെ ഇൻഷുറൻസ് ക്ലാസ്സ് കേട്ട് തളർന്നു പോയ ഞാൻ ടീച്ചർ ക്ലാസ്സ്‌ അവസാനിപ്പിച്ച ഉടൻ തന്നെ ഡെസ്ക്കിലേക്ക് തലയും കുത്തി വീണു.ഇനി ഡിസ്‌കഷനുള്ള സമയമാണ്.സംശയം ഉള്ളവർ സംശയം ചോദിക്കുകയും ടീച്ചർ അതിന് ഉത്തരം പറയുകയും ചെയ്യും.

ഞാൻ പഠിക്കാൻ വളരെ നല്ല കുട്ടി ആയതു കൊണ്ട്‌ എനിക്ക് ഒരു വിഷയത്തെപറ്റിയും ഒരിക്കൽ പോലും സംശയം ഉണ്ടായിരുന്നില്ല.
അതു മാത്രമല്ല അത്രയും നേരം ക്ലാസ്സ് അത്യധികം എകാഗ്രതയോടെ ശ്രവിച്ചത് കൊണ്ട് എനിക്ക് അന്നേരം നല്ല ക്ഷീണം അനുഭവപെടുകയും ചെയ്തു.

ക്ലാസ്സ്‌ എടുക്കുമ്പോഴുള്ള ഏകാഗ്രത...അതെനിക്ക് നിർബന്ധമാണ്.കാരണം ക്ലാസ്സ്‌ എടുക്കുമ്പോൾ ആ കോളേജിലുള്ള സകല ടീച്ചർമാരും അന്നെടുക്കുന്ന വിഷയത്തെകുറിച്ച് ആത്‌മഗതം നടത്തുന്നത് എന്റെ മുഖത്തോട്ടു മാത്രം നോക്കിയായിരിക്കും.ഞാൻ അതിനുള്ള നേർച്ച കോഴി ആയിരുന്നു എന്ന് വേണം പറയാൻ.

ഒരു പ്രസ്താവന പറഞ്ഞിട്ട് 'അങ്ങനെയല്ലേ? '
എന്ന് ചോദിക്കുമ്പോൾ അങ്ങനെയാണ് എന്നു ബോധിപ്പിക്കും വിധത്തിൽ തലയാട്ടാൻ ഞാൻ എന്നും ബാധ്യസ്ഥയാണ്.

'അങ്ങനെയാണോ?' എന്ന് ചോദിക്കുമ്പോൾ അങ്ങനെയല്ല എന്ന് ബോധിപ്പിക്കും വിധത്തിലും തലയാട്ടണം.

എങ്ങാൻ എന്റെ തലയാട്ടൽ തെറ്റി പോയാൽ....
അന്നെന്നെ അവർ ആട്ടി പുറത്താക്കും.
വെറുതെയെന്തിനാ ആട്ട് ചോദിച്ചു വാങ്ങുന്നേ!
അതും ഒരു പൂ മാത്രം ചോദിച്ചാൽ ഒരു പൂന്തോട്ടം തന്നെ തരുന്ന എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരോട്!
അതുകൊണ്ട് എന്റെ കോളേജ് ലൈഫിൽ എകാഗ്രത എന്ന സാധനം എനിക്ക് മസ്റ്റായിരുന്നു.

ഞാൻ ഡെസ്ക്കിൽ തല ചായ്ച്ച അതേ സമയം തന്നെ എന്റെ അതേ വികാരത്തോടും അതേ വിചാരത്തോടും കൂടി എന്റെ നേരെ വലതു വശത്തുള്ള നിരയിലെ ഡെസ്ക്കിൽ തല ചായ്ച്ച മറ്റൊരുത്തനും കൂടി ആ ക്ലാസ്സിൽ ഉണ്ടായിരുന്നു.
ജിസ്സ്.!

മറ്റുകുട്ടികൾ ക്ലാസ്സ്‌ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലും ബെല്ലടിച്ചാൽ എണീറ്റ്‌ വാലും കുത്തി ഓടേണ്ട വെപ്രാളത്തിലും കുത്തിയിരുന്ന് ചറപറാന്ന് വർത്തമാനം പറയുകയാണ്....

ഞങ്ങൾ രണ്ടു നിഷ്കളങ്കർ ഒരു പോലെ ഡെസ്ക്കിൽ തല ചായ്ച്ച്‌ പരസ്‌പരം മുഖത്തോടു മുഖം നോക്കി നിഷ്‌കളങ്കമായ ചിരിയോടും നിർമ്മലമായ ഹൃദയത്തോടും ശാന്തമായ മനസ്സോടും കൂടി കണ്ണിൽ കണ്ണിൽ നോക്കിയങ്ങനെ കിടക്കുകയാണ്....

വർത്തമാന വണ്ടുകൾ അമ്പ് വിട്ട പോലെ തലങ്ങും വിലങ്ങും കുതിച്ചു പായുന്നു...
മൊത്തത്തിൽ ക്ലാസ്സിൽ ഒരു കലിംഗ യുദ്ധ പ്രതീതി.

പെട്ടെന്നാണ് ആ അശ്ശരീരി വന്നത്.

"ലിപി...ഒന്നു മിണ്ടാതിരിക്ക്‌!!"

ചുറ്റിലുമുള്ള വണ്ടുകളുടെ മൂളക്കം പെട്ടെന്ന് നിലച്ചു.എല്ലാവരും എന്നെ തിരിഞ്ഞു നോക്കി.

ഞാനും ജിസ്സും ഒരേ സമയത്ത് ഒരു പോലെ ഞെട്ടി എണീറ്റ്‌ തല പൊക്കി നോക്കി.

മൂന്നാമത്തെ നിരയിൽ ഡിസ്‌കഷന് പോയ ഷിജ ടീച്ചർ അവിടെ നിന്ന് ഉണ്ടക്കണ്ണ് തുറുപ്പിച്ച്‌ ഒന്നാമത്തെ നിരയിൽ ഇരിക്കുന്ന എന്നെ തിരിഞ്ഞു നോക്കി പല്ല് ഞെരിക്കുന്നു.!

പ്രത്യേകം ശ്രദ്ധിക്കണം....'തിരിഞ്ഞു നോക്കി'.
അതിനർത്ഥം ടീച്ചർ ഞാൻ വർത്തമാനം പറയുന്നത് കണ്ടിട്ടില്ല.ഊഹാപോഹമാണ്.
'ക്ലാസ്സിൽ ഒച്ചയുണ്ടെങ്കിൽ അത് വെച്ചത് ലിപി തന്നെ"എന്നാണല്ലോ പഴഞ്ചൊല്ല്!

റ്റിങ് റ്റിങ് റ്റിങ്.... ബെല്ലടിച്ചു.

ഉഗ്രരൂപിയായ ടീച്ചർ പെട്ടെന്ന് ശാന്തയായി പരിണാമം പ്രാപിച്ചു.ബുക്കെടുത്ത്‌ ടീച്ചർ വേഗം ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി. തിക്കി തിരക്കി കുട്ടികൾ ടീച്ചറുടെ പുറകെയും.

ഞാനും ജിസ്സും ഞെട്ടലിൽ നിന്നും ഒരു കണക്കിന് വിമുക്തരായപ്പോഴേക്കും എല്ലാവരും പലവഴിക്ക്‌ പോയ്‌കഴിഞ്ഞിരുന്നു.

ഞാൻ മിണ്ടിയില്ല എന്നുള്ളതിന്റെ തെളിവ് എന്റെ തൊട്ട് അപ്പുറത്ത് എന്നെ പോലെ തന്നെ ഞെട്ടി എണീറ്റ് ഇരിക്കുന്നുണ്ടെങ്കിലും "ഞാൻ മിണ്ടിയില്ല ടീച്ചറെ "എന്നു പറയാനുള്ള സാവകാശം പോലും അന്നെനിക്ക് അവിടെ ലഭിച്ചില്ല.പക്ഷെ എനിക്ക് ഒട്ടും വിഷമം തോന്നിയില്ല.

കാരണം നമ്മളെ തെറ്റിദ്ധരിക്കപ്പെടുന്ന ആദ്യ നാളുകളിൽ മാത്രമേ നമുക്ക് വിഷമം ഒക്കെ തോന്നുകയുള്ളൂ.പിന്നെ അതൊരു ശീലമാകും.
അതുക്കും മേലെ പോയാൽ പിന്നെ അതൊരു ലഹരിയും.

"മിണ്ടാണ്ട് കിടന്നാലും നിനക്കു മൊത്തം ചീത്തയാണല്ലോടി മോളേ!!"

ജിസ്സ് സഹതാപത്തോടും അതിലേറെ ചിരിയോടും കൂടി ചോദിച്ചു.

ഞാനെന്റെ ബാഗ് തോളിൽ വലിച്ചിട്ടിട്ട് അവനോടു ചോദിച്ചു "അപ്പൊ നിനക്ക് ഒരു കൂട്ടം അറിയില്ലേ?"

"എന്ത്!"

"കണ്ണുകൾ സംസാരിക്കുമെന്ന്!"


By Lipi Jestin

നേരം (കഥ)


പണ്ട് കോട്ടക്കൽ സെന്റ്‌ തേരാസസ്‌ കോളേജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത്‌ ചാലക്കുടി റോട്ടറിക്ലബ്, കോളേജ് സ്റ്റുഡൻസിന് വേണ്ടി സംഘടിപ്പിച്ച ഒരു കലാമത്സരത്തിൽ പങ്കെടുക്കാൻ ഞാൻ പേര് നൽകുകയുണ്ടായി.

പേര് നമ്മള് ചോദിക്കുമ്പോൾ തന്നെ കൊടുക്കും.
പിന്നെ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് തലേ രാത്രി തീരുമാനിക്കും റിഹേഴ്സലും പ്രാക്ടീസും നടത്തുന്നത് സ്റ്റേജിൽ കയറിയ ശേഷം മാത്രമായിരിക്കും.അതായിരുന്നു എന്റെ മഹത്തായ കലാപാരമ്പര്യം!.

മത്സരത്തിന്റെ തലേന്ന് പ്രിൻസിപ്പൽ സെബി അച്ചൻ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു.

"നാളെയാണ് മത്സരം.പോകാമെന്നേറ്റിരുന്ന രണ്ടു പേർക്ക് നാളെ പോകാൻ സൗകര്യമില്ല.ഇനിപ്പോ... ലിപി മാത്രേ ഈ കോളേജിനെ റെപ്രെസെന്റ് ചെയ്യാനുള്ളൂ.പോയി സമ്മാനമൊക്കെ വാങ്ങി ഇങ്ങു പോര്..."

"ഞാൻ പോണോ?"

"ലിപിക്കെന്താ പോയാല്?"
(ബാക്ക് ഗ്രൗണ്ടിൽ നാഗവല്ലിയുടെ ബിജിഎം!)

സെബിയച്ചന്റെ തീ പാറുന്ന രണ്ട് കണ്ണുകളിലേക്ക് നോക്കി തല ചൊറിഞ്ഞു ഞാൻ പറഞ്ഞു....

"ന്നാ ഞാൻ പൊക്കോളാ..."

"മൽസരത്തിന് ഒറ്റക്ക് പോണത്രേ! "എന്ന്‌ കൂട്ടുകാരോട് കണ്ഠമിടറി ഞാൻ പറഞ്ഞപ്പോൾ
"നീ പോയില്ലെങ്കിലും ഞങ്ങൾ അവിടെ ഉണ്ടാകും!" എന്നായി അവറ്റകൾ...

അങ്ങനെ അർമാധക്കാരോടൊപ്പം പിറ്റേ ദിവസം ചാലക്കുടിയിലേക്ക്‌ ഞാൻ ബസ് കയറി.

പ്രമിത,മഞ്ജു, സിന്ധു ,ഷീബ ജെൻസി..അങ്ങനെ സകലകലാ വല്ലഭിമാരും ചാലക്കുടി പരിസരത്തുള്ള കുറെ വല്ലഭൻമാരും എന്റെ പരിപാടിക്ക്‌ കയ്യടിക്കാനായി അവിടെയെത്തി.

അവിടെയെത്തിയ ആദ്യ നിമിഷങ്ങളിൽ തന്നെ ഞാൻ പേര് കൊടുത്തിരുന്ന 'സിനിമാറ്റിക് ഡാൻസ് 'എന്ന ഐറ്റം ഞാനങ്ങട് ഉപേക്ഷിച്ചു.
കാരണം അത്‌ അരങ്ങേറുന്നത് രാത്രിയിലാണ്.

എന്റെ കലാപരമായ കാര്യങ്ങളിൽ വീട്ടുകാർക്ക് സമ്മതവും താൽപര്യവും ഉണ്ടോന്ന് ചോദിച്ചാൽ
.....ണ്ട്...ന്നും ഇല്ലേന്ന് ചോദിച്ചാൽ ...ല്ല്യാ...ന്നും പറയേണ്ടി വരും.പരമ്പരാഗതമായി കലയോട് വളരെയധികം സാമൂഹിക അകലം പാലിക്കുന്നവരാണ് എന്റെ വീട്ടുകാർ.ഇനിയിപ്പോ രാത്രി കൂടി ആണെന്നറിഞ്ഞാൽ സിനിമാറ്റിക് പോയിട്ട് ചിലപ്പോൾ വീടിന്റെ സ്റ്റെപ്പ് വരെ കേറാൻ ഭാവിയിൽ എനിക്ക് കാലുകൾ ഉണ്ടായി ക്കൊള്ളണമെന്നില്ല!. അതുകാരണം ആ ഐറ്റത്തിന്റെ ചെസ്സ്‌ നമ്പർ പോലും ഞാൻ വാങ്ങിയില്ല.ബാക്കി രണ്ടെണ്ണം കൂടിയുണ്ട്.
മോണോ ആക്ടും ഫാൻസി ഡ്രെസ്സും. അത് ഉച്ച കഴിഞ്ഞിട്ട് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചത് കാരണം അതങ്ങട് അവതരിപ്പിച്ച് കളയാം എന്ന്‌ ഞാനും കൂട്ടുകാരും കൂട്ടായി തീരുമാനമെടുത്തു.

ഉച്ച ഭാഷണിയിലൂടെയുള്ള തട്ടു പൊളിപ്പൻ പാട്ടും കേട്ട് അവിടെ വന്നിരിക്കുന്ന മറ്റു കോളേജിലെ കുട്ടികളെ ഇടം കണ്ണുകൊണ്ട് നോട്ടവും ഇട്ട്‌ വാതോരാതെ വർത്തമാനവും പറഞ്ഞ് ച്യൂയിൻഗം ചവച്ചു തുപ്പി ഞങ്ങൾ അവിടെയിവിടെയൊക്കെയുള്ള പരിപാടികൾ കണ്ട് മൊത്തം കറങ്ങി നടന്നു.

ഉച്ചക്കത്തെ ഊണിനു ശേഷം നടക്കും എന്നു വിചാരിച്ചിരുന്ന പരിപാടി ചായകുടിയുടെ നേരം ആയിട്ടും നടക്കുന്ന കാണാനില്ല.കൂട്ടുകാർ ഓരോന്നായി പയ്യെ പയ്യെ കൊഴിഞ്ഞു തുടങ്ങി.

എന്റെ സന്തത സഹചാരിയും ഒരേ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നവളുമായ പ്രമിതയോട് ഞാൻ പറഞ്ഞു...

"എന്നാ നീയിനി നിക്കണ്ട...വിട്ടൊ. എന്റെ പരിപാടി കഴിയുമ്പോ കുറച്ചു നേരം വൈകുമെന്ന് നീ എന്റെ വീട്ടിൽ കയറി ഒന്നു പറഞ്ഞാൽ മാത്രം മതി"

"ഏയ്... ഞാൻ വേണേങ്കി നിക്കാടി.നീ തന്നെയാവൂല്ലേ!"അവൾ ചോദിച്ചു.

അവളുടെ ചോദ്യം എനിക്കിഷ്ട്ടപ്പെട്ടെങ്കിലും അവളുടെ പൊന്നാങ്ങളയുടെയും അച്ഛന്റെയും മുഖം എന്റെ മനസ്സിലേക്ക് ഓടിയോടി വന്നു.
എനിക്ക് വേണ്ടി അവളെയും കൂടി ഞാനിവിടെ പിടിച്ചു നിർത്തിയാൽ കോട്ടക്കൽ കോളേജിൽ രണ്ട് വികലാൻഗർക്കുള്ള സീറ്റ് ഇപ്പോഴേ ബുക്ക് ചെയ്യേണ്ടി വരുമെന്ന് എനിക്ക് തോന്നി.പിന്നെ ഞങ്ങൾ നേരം വൈകും എന്നൊക്കെ വിളിച്ചു പറയാൻ മാത്രം മൊബൈലോ...എന്തിന് പറയുന്നു ഒരു ലാൻഡ് ഫോണോ ഇല്ലാത്ത കാലം ആയിരുന്നുവത്. അതുകൊണ്ട് ഇവളെ ഒരു ദൂതി ആയി വിടുന്നതാണ് ബുദ്ധിയെന്ന് എനിക്ക് തോന്നി.

എന്റെ ബോഡി ഗാർഡായി ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വല്യേട്ടൻ സന്തോഷിനെ മാത്രം നിർത്തിക്കൊണ്ട് ബാക്കി ഉള്ളവരെയെല്ലാം അവരവരുടെ വീട്ടിലേക്ക് കയറ്റി വിട്ടു.

പ്രീഡിഗ്രി കഴിഞ്ഞ് വേറെയെങ്ങാണ്ടും കൂടി കിടന്ന് കറങ്ങിയതിന് ശേഷമാണ് സന്തോഷ് ഞങ്ങളുടെ കൂടെ ഡിഗ്രിക്ക് ചേർന്നത്.അതുകൊണ്ടു തന്നെ രണ്ടു വയസ്സിന്റെ മൂപ്പിന് ഞങ്ങൾ ഞങ്ങളുടെ വല്യേട്ടൻ സ്ഥാനം സന്തോഷത്തോടെത്തന്നെ സന്തോഷിന് നൽകിയിരുന്നു.

അവൻ മുൻകോപിയും താന്തോന്നിയും മുഖം നോക്കാതെ മറുപടി പറയുന്നവനുമായിരുന്നു.
ആ വിശേഷണങ്ങൾ എല്ലാം തന്നെ എനിക്കും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കൂട്ടുകാരാകാൻ ഒട്ടും തന്നെ സമയം വേണ്ടിവന്നിരുന്നില്ല..

അങ്ങനെ ഒരു അഞ്ചഞ്ചര സമയത്ത് മോണോ ആക്ട് ആരംഭിച്ചു. സ്റ്റേജിന്റെ പുറകിലാണെങ്കിലോ കുട്ടികളുടെയും പാരൻസിന്റെയും മോണോആക്ട് പഠിപ്പിക്കുന്ന ഗുരുക്കന്മാരുടെയും ബഹളമയം.

'അങ്ങനെയല്ല കുട്ട്യേ...ഇങ്ങനെ ചെയ്യൂ....'
എന്നൊക്കെ പറഞ്ഞ് ഗുരുക്കന്മാർ തന്റെ ശിഷ്യർക്ക്‌ അവസാന റിഹേഴ്സൽ നൽകുകയാണ്.ജ്യുസും ചായയും വടയും ഫ്രൂട്ട്സുമൊക്കെയായി പാരൻസ് അവരുടെ പുറകെയും.ഞാനും സന്തോഷും പൈപ്പിലെ വെള്ളവുമൊക്കെ കുടിച്ച് ഈ ബഹളമൊക്കെ കണ്ട് ആസ്വദിച്ച്‌ ഇരിക്കുകയാണ്.

"നീ പ്രാക്ടീസ് ചെയ്യുന്നില്ലേടി?"
അവൻ ചോദിച്ചു.

"ഓ...സ്റ്റേജെത്തട്ടെ!"

അങ്ങനെ കാത്തു കാത്തിരുന്ന് ഞാൻ സ്റ്റേജിലെത്തി. അത്യാവശ്യം തലക്കനം ഉള്ള കുട്ടിയാണെന്ന് തോന്നുന്ന മുഖശ്രീ ഉള്ള കാരണം കയറിയപ്പോൾ തന്നെ എനിക്ക് നല്ലോണം കൂവൽ കിട്ടി.

ഞാൻ ആദ്യമായാണല്ലോ എനിക്ക് ഒട്ടും അറിയാത്ത ഒരു സദസ്സിനെ അഭിസംബോധന ചെയ്യുന്നത് എന്ന് അപ്പോഴാണ് ഞാൻ ഓർത്തത്.
അല്ലെങ്കിൽ ഏതെങ്കിലും കൂട്ടുകാർ മുൻപിൽ തന്നെ ഇളിച്ചിരിക്കുന്നുണ്ടായിരിക്കും.അത് നമുക്കൊരു പോസിറ്റീവ് എനർജിയാണ്.

എന്നെ സ്റ്റേജിലേക്ക് കയറ്റിവിട്ടിട്ട് സന്തോഷ് നിന്നിരുന്നത് സ്റ്റേജിന്റെ സൈഡിലായിരുന്നു.
അല്ലെങ്കിൽ അവന്റെ ഇളിഞ്ഞ മോന്തയെങ്കിലും കാണാമായിരുന്നുവെന്നെനിക്ക് തോന്നി.
ഇതേതോ ആഫ്രിക്കൻ വനാന്തരങ്ങളിലെ ആനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ ഒരവസ്ഥ!

പല പ്രായത്തിലുള്ള സ്ത്രീകളുടെ കരച്ചിലായിരുന്നു എന്റെ പ്രമേയം.സ്വന്തമായി സ്ക്രിപ്റ്റ് എഴുതി സ്വന്തമായി അഭിനയിച്ച്‌ സ്വന്തമായി കരഞ്ഞു കാണിക്കുന്നത് കൊണ്ട് ഡയലോഗ് തെറ്റിയാലും ഇല്ലെങ്കിലും പേറ്റന്റ് എനിക്ക് തന്നെ എന്നുള്ളതാണ് എന്റെ മോണോ ആക്‌റ്റിന്റെ സവിശേഷത.

അങ്ങനെ മുത്തശ്ശിയിൽ തുടങ്ങി അമ്മ,ഭാര്യ,കാമുകി, കോളേജ് വിദ്യാർത്ഥിനി,
സ്കൂൾ കുട്ടി , നഴ്സറി ക്ടാവ്‌ തുടങ്ങിയവരുടെ കരച്ചിലുകൾ രംഗത്ത് ഞാൻ അരങ്ങേറ്റി.
ഗ്ലിസറിൻ ഇല്ലാതെ കരയാൻ ഉള്ള വിദ്യ കൈവശം ഉള്ളത് കൊണ്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ നല്ല കയ്യടിയും കിട്ടി.

ഇറങ്ങി കഴിഞ്ഞപ്പോൾ സന്തോഷ് ചോദിച്ചു...

"എന്തെടി നീ ആദ്യം ഡെസ്പ് ആയി പോയോ?"

"ന്താ നിനക്കങ്ങനെ തോന്നിയോ?"

"ഉം...തോന്നി"

"എങ്കിൽ ആയിക്കാണും!" ഞാൻ പറഞ്ഞു.

അല്ലെങ്കിലും ചില സുഹൃത്തുക്കൾ അങ്ങനെ ആണല്ലോ! നമ്മൾ മനസ്സിൽ കാണും മുൻപേ അവർ അത് മരത്തിൽ നന്നായി കാണുമല്ലോ!

ഈ സന്തോഷുമായി എനിക്ക് ഒരു ഷർട്ടിന്റെ ആത്മബന്ധമുണ്ടായിരുന്നു.കോളേജിൽ നിന്നും ടൂർ പോയപ്പോൾ ഞാൻ ഒരു ജീൻസും ടോപ്പുമായിരുന്നു കയ്യിൽ കരുതിയിരുന്നത്
അതൊക്കെയിട്ട് അണിഞ്ഞൊരുങ്ങി നിന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ടീച്ചർ പറഞ്ഞു....ഇത്തിരി കൂടി ഇറക്കമുള്ള ടോപ്പ് ഇടു ലിപീന്ന്!

ഇനിയിപ്പോ ടീച്ചറെ പിണക്കണ്ടല്ലോ എന്നോർത്ത് ഒരു ടീ ഷർട്ടിനായി ഞാൻ ബോയ്സിന്റെ അടുത്ത് പോയൊന്നു തെണ്ടി.

അപ്പോഴാണ് സന്തോഷ് വിളിച്ചു പറയുന്നത്..
"ഡി ഞങ്ങൾ ആണുങ്ങള് ടൂർ പോകുമ്പോ പുതിയതായി ആകെ ഒരു ഐറ്റമേ വാങ്ങാത്തൊള്ളൂ...അതു ഷഡിയാണ്!!
അല്ലാണ്ട് നിങ്ങളെ പോലെ പുതിയ ഡ്രെസ്സൊന്നും വാങ്ങില്ല. എനിക്ക് ഏതെങ്കിലും ഒരു ടീ ഷർട്ട് തരാമെങ്കിൽ നിനക്കു വേണേൽ ഞാൻ ഇന്നിടാൻ വെച്ചിരിക്കുന്ന എന്റെ റെഡ് ഷർട്ട് തരാം.!"

രാത്രിയിൽ ഇടാൻ വെച്ചിരുന്ന ഒരു സ്വെറ്റർ എടുത്ത്‌ ഞാൻ അവന് കൊടുത്തു.അങ്ങനെ ഒരു ബാർട്ടർ സമ്പ്രദായം വഴി ഞാൻ ടീച്ചറെ സന്തോഷിപ്പിച്ചു.പക്ഷെ ആ ചുവന്ന ഷർട്ടിട്ട് ഞങ്ങൾ അന്ന് പോയത് മേട്ടുപാളയത്തിലെ തണ്ടർ വേൾഡിലായിരുന്നു.അവിടുത്തെ ക്ളോറിൻ വെള്ളത്തിലെ എല്ലാ റൈഡിലും കേറിയിറങ്ങിയപ്പോഴേക്കും ഇവന്റെ റെഡ് ഷർട്ട് ലൈറ്റ് റോസായി മാറുകയും അന്ന് സന്തോഷിനെ ഞാൻ നല്ലോണം ദുഃഖിപ്പിക്കുകയും ചെയ്തിരുന്നു.

മോണോ ആക്ടിന്റെ റിസൾട്ട് വന്നപ്പോൾ എനിക്ക് ഫസ്റ്റുണ്ടെന്നറിഞ്ഞ് അവൻ സന്തോഷിച്ചു.പക്ഷെ എനിക്ക് ആധി കയറി. നേരം ഇരുട്ടുന്നു....

"ഫാൻസി ഡ്രെസ്സ് വേണ്ടെന്ന് വെച്ച് നമുക്ക് പോയാലോ ?" ഞാൻ അവനോടു ചോദിച്ചു.

"ഡീ സമ്മാനം കൊടുക്കാൻ എം എൽ എ പ്രൊഫസർ സാവിത്രി ലക്ഷ്‌മണനാണ് വരുന്നത്.ആളുടെ കയ്യിൽ നിന്നും സമ്മാനമൊക്കെ വാങ്ങീട്ട് നമുക്ക് ഒരുമിച്ചു പോയാൽ പോരേ...ഇപ്പൊ പോയാൽ പിന്നെ സമ്മാനോം വാങ്ങാൻ പറ്റില്ല.നീ മേക്ക് അപ്പ്‌ ഒക്കെ തുടങ്ങിക്കോ...ഫാൻസി ഡ്രെസ്സ് ദേ ദിപ്പൊ തുടങ്ങൂന്ന് അവര് പറഞ്ഞിട്ടുണ്ട്."

മനസ്സില്ലാ മനസ്സോടെ ഞാൻ ഫാൻസി ഡ്രെസ്സിനുള്ള കോപ്പ് കൂട്ടി.അന്നത്തെ കാലത്ത് കത്തി നിന്നിരുന്ന ഡ്രഗ്അഡിക്റ്റാണ് എന്റെ വേഷം.ഒരു സൈഡ് നല്ല മുഖവും മറ്റേ സൈഡ് ഭീകരവും ആക്കുകയാണ് ലക്ഷ്യം.
അതിനായിയുള്ള മൽപിടുത്തത്തിലാണ് ഞാൻ.

"ഇതിലും ഭേദം നിനക്ക് വെറുതെ ചെന്നു നിന്നു കൂടെ"എന്നൊക്കെ ചോദിച്ചു സന്തോഷ്‌ എന്നെ ചിരിപ്പിക്കുന്നുണ്ട്.എങ്കിലും ചിരിക്കാൻ ഞാൻ ഭയപ്പെട്ടു തുടങ്ങി...

അവസാനം എം എൽ എ പ്രൊഫസർ സാവിത്രി ലക്ഷ്‌മണൻ അവിടെ സന്നിഹിതയായി.അവരുടെ മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ഫാൻസി ഡ്രെസ്സ് കോമ്പറ്റീഷൻ സംഘാടകർ ഇത്രയും നേരം നീട്ടി വെക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.

നല്ല മുഖ ശ്രീയോടെ സിഗരറ്റും വലിച്ച് കുപ്പിയും കൊണ്ട് ഇടത്തോട്ട് പോകുന്നതും കുടിച്ച കുപ്പി വലിച്ചെറിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ഭീകരമുഖവുമായി ഒരൊറ്റ അലർച്ച അലറുന്നതുമായിരുന്നു തീം.ഞാൻ നല്ലവണ്ണം ഒന്നലറിയപ്പോൾ നമ്മുടെ സാവിത്രി ലക്ഷ്‌മണനും ഒന്നു ഞെട്ടി. കുപ്പി പൊട്ടിക്കരുത് എന്നു കേറും മുൻപേ സംഘാടകർ എന്നോട് പറഞ്ഞിരുന്നു വെങ്കിലും എന്റെ അമിതാവേശത്തിൽ ആ കുപ്പി അങ്ങട് പൊട്ടിച്ചിതറി!.

എന്റെ പരിപാടി കഴിഞ്ഞ് ഞാൻ സ്റ്റേജിൽ നിന്നിറങ്ങിയതും പാവം സന്തോഷും കുറെ ചേട്ടന്മാരും കൂടി സ്റ്റേജിലേക്ക് ചാടി കയറി. എന്തിനാണെന്നോ....പൊട്ടിയ കുപ്പിച്ചില്ലു പറക്കിയെടുക്കാൻ! എന്നിട്ടു വേണം പ്രൊഫസറെ സമ്മാന ദാനത്തിനായി സ്റ്റേജിൽ കയറ്റാനത്രേ!!

സ്റ്റേജിൽ കയറി മോണോ ആക്ടിനുള്ള ഫസ്റ്റ്‌ പ്രൈസും ഫാൻസി ഡ്രെസ്സിനുള്ള സെക്കന്റ് പ്രൈസും വാങ്ങിയപ്പോൾ എം എൽ എ ചോദിച്ചു....

"ഡ്രഗ് അഡിക്ട്...അല്ലെ?"

സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അതെ എന്നു പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

പിന്നെ ഞാനും സന്തോഷും രണ്ടു ട്രോഫികളും കൂടി ഓരോട്ടം വെച്ചു കൊടുത്തു.കിട്ടിയ ബസ്സിന്‌ കേറി മാളയിൽ എത്തുമ്പോൾ സമയം എട്ടുമണി.

സന്തോഷിന്റെ വീട് മാളയിൽ തന്നെയാണ്. മാളയിൽ നിന്നും കുഴൂർക്കുള്ള ബസ്സ് പിടിച്ച് ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും എന്തായാലും എട്ടരയാകും.

"ഞാൻ കൂടെ വരണോടി...?
സന്തോഷ്‌ ചോദിച്ചു.

"എന്നിട്ടെന്തിനാ....നിന്നെ വീട്ടിന്ന് പുറത്താക്കാനോ?"!!

നേരത്തും കാലത്തും വീട്ടിൽ ചെന്നില്ലെങ്കിൽ അവിടേം സ്ഥിതി എന്റേതു തന്നെയാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

ആ മാള അങ്ങാടിയിൽ ആ നേരത്ത് ഞങ്ങൾ രണ്ടു പേരുടെയും ഒരുമിച്ചുള്ള നിൽപ്പ് കണ്ടിട്ട് അവിടെ ഉണ്ടായിരുന്ന പലരുടെയും മനസ്സിൽ ആശങ്കകൾ ഉയരുന്നത് ഞങ്ങൾ അറിഞ്ഞു.

കുഴൂരിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.എന്നെ ഒളിഞ്ഞും തിരിഞ്ഞും മറിഞ്ഞും നോക്കുന്ന കാഴ്ചകൾ കണ്ട് എന്റെ കണ്ണുകൾ കഴച്ചു.

"എന്തേ നേരം വൈകിയെ...?" എന്ന ചോദ്യത്തിന് അവിടെ നിന്നിരുന്ന ഓരോ മാന്യന്മാരോടും മറുപടി പറഞ്ഞ് പറഞ്ഞ് ഞാൻ തോറ്റു.

അവസാനം കുഴൂർക്കുള്ള ബസ്സ് വരികയും ഞാൻ അതിൽ കയറുകയും,സന്തോഷ് കൈയുയർത്തി ടാറ്റ തരികയും ചെയ്തപ്പോളാണ് കുറെ പേരുടെ മനസ്സിലെയെങ്കിലും തീ ഒന്നുകുറഞ്ഞത്.പിന്നെ വീടെത്തും വരെ ഡ്രൈവറോടും കണ്ടക്ടറോടും കിളിയോടും അതിലിരിക്കുന്ന സകല പുണ്യവാളൻമാരോടും ഞാൻ നേരം വൈകിയതിനുള്ള പാപം ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു കൊണ്ടേയിരുന്നു....

വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് എന്റെ കയ്യും കാലും കയ്യിലിരുന്ന ട്രോഫിയും ഒന്നു വിറച്ചു.അപ്പൻ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.

ഞാൻ അകത്തേക്ക് കടന്നതും അപ്പനും അമ്മയും കൂടി ഒന്നിച്ചാക്രമിച്ചു.

"ഇത്രേം നേരം വൈകുമെന്ന് അറിയാമായിരുന്നെങ്കിൽ
ഇങ്ങോട്ടു പോന്നുകൂടായിരുന്നോ?"

"നിന്നെ അന്വേഷിച്ച് ഇവിടെ നിന്ന് ആര് വരുമെന്ന് കരുതിയിട്ടാ നീ ഈ രാത്രിയിൽ അവിടെ നിന്നത്?'

"ഈ വക കൂത്തിനൊന്നും പോകണ്ട എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്?"

"ഇനി മേലാക്കാം പോയാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും!"

അത്യുച്ചത്തിലുള്ള ഇത്യാദി ആത്മഗതങ്ങൾ കേട്ട് എന്റെ കയ്യിലിരുന്ന ട്രോഫികൾ തല കുനിച്ച്‌ ചെവി പൊത്തി നിന്നു..ക്ഷണിക്കാതെ വലിഞ്ഞു കയറിയ വന്ന അതിഥികളെപ്പോലെ അവർ ഒരു മൂലക്ക് പോയി പേടിച്ചു വിറച്ച് അടങ്ങിയൊതുങ്ങിയിരുന്നു.

"നാട്ടുകാരെ കൊണ്ട് ഈ പെണ്ണ് അതുമിതും പറയിപ്പിക്കുമല്ലോ എന്റെ കർത്താവേ? 'അമ്മ പിന്നേം തുടങ്ങി.

'ഹും നാട്ടുകാര്!! നാട്ടുകാരുടെ കാര്യം ഒന്നും എന്നോട് പറയണ്ട.തളർത്താൻ അല്ലാതെ ഏതെങ്കിലും ഒരു കലാകാരനെ/കലാകാരിയെ വളർത്തിയ ചരിത്രമുണ്ടോ നാട്ടുകാർക്ക്!! സ്വന്തം മക്കൾ ചെയ്യുന്നത് പുണ്യവും മറ്റുള്ളവരുടെ മക്കൾ ചെയ്യുന്നതൊക്കെ പാപവും.
മറ്റുള്ളവരെക്കുറിച്ച്‌ മനസ്സിൽ ദുഷിച്ചത് മാത്രം ചിന്തിക്കുന്ന വിശുദ്ധന്മാര്!! ജന്മസിദ്ധമായി കലയുള്ളവരെ കണ്ടാൽ അവന്റെ കലയെ തല്ലി കൊഴിച്ചിടും. എന്നിട്ട് ഒരു കലയും കൊലയും ഇല്ലാത്തവനെ തല്ലി പഴുപ്പിച്ചെടുക്കുകയും ചെയ്യും!' എന്നൊക്കെ പറഞ്ഞ് അങ്ങട് കത്തി കയറണമെന്ന് എനിക്കുണ്ടായിരുന്നു.പക്ഷെ അമ്മേടെ തീക്ഷ്‌ണമായ നോട്ടം കണ്ടപ്പോൾ ഞാൻ സംയമനം പാലിച്ചു.അതൊരു നാല് തല്ലിന് തുല്ല്യമായിരുന്നു.

സ്റ്റേജിൽ അവതരിപ്പിച്ച ആ മോണോ ആക്ട് ഒരു ആക്ടും കൂടാതെ കിടക്കുന്ന മുറിയിൽ അവതരിപ്പിച്ച്‌ ഞാനന്ന് കിടന്നുറങ്ങി.

ആ സംഭവം കഴിഞ്ഞിട്ടിപ്പൊ ഏകദേശം ഇരുപത് കൊല്ലമെങ്കിലും ആയിട്ടുണ്ടാകും.പക്ഷെ ഒന്നു ഞാൻ മനസ്സിലാക്കുന്നു അന്ന് നേരം വൈകിയപ്പോൾ ഞാൻ പേടിച്ചിരുന്നത് ഒരിക്കലും എന്നെ ആരെങ്കിലും ആ രാത്രി ആക്രമിക്കാൻ വരുമെന്നോ ഉപദ്രവിക്കാൻ വരുമെന്നോ ഓർത്തിട്ടായിരുന്നില്ല.പകരം...

എന്റെ പേടി മുഴുവൻ ഈ സമൂഹം എന്നെക്കുറിച്ച് എന്തു ചിന്തിക്കും എന്നതായിരുന്നു....

ഈ സമൂഹം എന്തെങ്കിലും ചിന്തിച്ചും പറഞ്ഞുമുണ്ടാക്കും എന്ന് കരുതി സ്വയം വേദനിക്കുന്ന അപ്പനെയും അമ്മയെയും ഓർത്തിട്ടായിരുന്നു.....

മനസ്സറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയിതില്ലെങ്കിലും രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കുന്ന പെൺകുട്ടികൾ തെറ്റുകാരികൾ ആയിരിക്കുമെന്നു വിചാരിക്കുന്ന മനുഷ്യരുടെ ദുർഗന്ധം വമിക്കുന്ന ആ മാനസിക വൈകല്യം ഓർത്തിട്ടായിരുന്നു....

ഇന്നും രാത്രിയായാൽ ഓരോ പെൺകുട്ടിയും സ്‌ത്രീയും പേടിക്കുന്നതും അതിനെ തന്നെ...അതിനെ മാത്രം...തങ്ങളുടെ ദുഷിച്ച ഹൃദയം കൊണ്ട് നോക്കുന്ന മനുഷ്യരുടെ ആ നോട്ടത്തെ!


By Lipi Jestin

അങ്ങനെ സ്കൂൾ ഇനി വീട്ടിലേക്ക്...

Image may contain: Lipi Jestin, smiling
***********************************

രാവിലെ തന്നെ കുത്തിയെണീപ്പിച്ച് പല്ലും തേപ്പിച്ച് കുളിപ്പിച്ച് യൂണിഫോമിടുവിച്ച്‌ തിന്നാൻ എന്തെങ്കിലും വായിൽ തിരുകി കൊടുക്കുമ്പോൾ എന്റെ പുത്രൻ ജോച്ചു ചിണുങ്ങികൊണ്ട് നിത്യവും പറയുന്ന ഒരു സുകൃതജപമുണ്ട്..

"എനിച്ച്‌ സ്കൂളിൽ പോണ്ടാ..ണ്ടാ..ണ്ടാ..ണ്ടാ..!!"

അതിനവന് ഞാൻ ഓട്ടൻ തുള്ളൽ സ്റ്റൈലിൽ സ്ഥിരമായി കൊടുക്കുന്ന ഒരു മറുപടിയുമുണ്ട് ...

"എങ്കിൽ പിന്നെ സ്കൂളിനോട് വീട്ടിൽ വന്ന് പഠിപ്പിക്കാൻ പറയാം.ടീച്ചറും കുട്ടികളും പ്രിൻസിപ്പലും നമ്മുടെ വീട്ടിൽ അങ്ങട് വരട്ടെ!"

ഇത് സ്ഥിരമായി മൊഴിഞ്ഞത് കൊണ്ടാണോ എന്തോ ഈ കൊല്ലം ടീച്ചറും കുട്ടികളും നമ്മുടെ വീട്ടിൽ വരാണത്രെ!!

"ഏതു നേരോം ടിവി കാണാണ്ട് കുത്തിയിരുന്ന് പഠിക്കടാ"
"ഇനി എന്റെ മൊബൈൽ എടുത്താൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും!"
"ചെക്കൻ കണ്ണ് തെറ്റിയാൽ ടാബിന്റെ കൂടെയാ കളി!"
എന്തിനാടാ ഏതു നേരവും ഇങ്ങനെ ലാപ്‌ടോപ്പും തുറന്ന് ഇരിക്കുന്നത്!!"

ഇങ്ങനെയുള്ള ആക്രോശങ്ങൾക്കൊന്നും ഇനി ഈ വീട്ടിൽ സ്ഥാനമില്ലല്ലോ എന്നോർക്കുമ്പോഴാ...
ചങ്കിൽ ഒരു ബല്ല്യ ബല്ല്യ വേദന!!

ഈ ആക്രോശങ്ങൾക്ക് പകരമായി...

"ടിവിയിൽ നോക്കി ശ്രദ്ധിച്ചിരിക്ക്‌ മോനെ"
"ദേ ഇന്നാ അമ്മേടെ മൊബൈൽ... അമ്മേടെ മോൻ പോയി പഠിച്ചോ.."
"മോൻ ടാബിൽ തന്നെ നോക്കി ഇരിക്ക്‌ ട്ടാ"
"എന്റെ പൊന്നു മോനല്ലേ...ആ ലാപ്പ് ടോപ്പ് ഒന്ന് തുറന്നു നോക്കടാ.."

എന്നൊക്കെ ഒരു ഉളുപ്പും കൂടാതെ സ്വന്തം മക്കളുടെ മുഖത്ത് നോക്കി പറയണമല്ലോ എന്നോർക്കുമ്പോഴാ നമ്മുടെ മുഖത്ത്‌ ഒരു
ചളിപ്പ് വലിഞ്ഞു കേറി വരുന്നത്!!

കൂതറയായി വീട്ടിൽ നടക്കുന്ന ഞാൻ അടക്കമുള്ള പല അമ്മമാരും ഇനി മുതൽ ടിപ്പ് ടോപ്പായി വീട്ടിൽ നടക്കാൻ പഠിക്കണം.
എപ്പോഴാണ് ഏതവസ്ഥയിലാണ് ഈ കശ്‌മലന്മാർ മൊത്തം ക്ലാസ്സിനെയും കൊണ്ട് നമ്മുടെ അരികിൽ എത്തുക എന്ന് ആർക്കറിയാം!!

പിള്ളേരെ സ്കൂളിൽ വിട്ടിട്ട് വീട് വൃത്തിയാക്കാൻ നടക്കുന്ന അമ്മമാർക്ക് ഇത്തവണ എട്ടിന്റെ പണി കിട്ടിയത് തന്നെ!!ചൂലുമായി മക്കളുടെ സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാം എന്ന ഓഫർ ഈ പുതിയ സിസ്റ്റത്തിനുണ്ട്‌ എന്നോർക്കുന്നത് നന്ന്.

മക്കളെ സ്കൂളിൽ വിട്ടിട്ട് ജോലിക്ക് പോകുന്ന അമ്മമാരും മൊത്തത്തിൽ നല്ലോണം പെട്ടതായി അറിയിക്കുന്നു.തങ്ങളുടെ മക്കൾ ഓണ്ലൈൻ സ്കൂളിൽ എന്തെല്ലാം മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടും എന്നോർത്തോർത്ത്‌ സ്വന്തംജോലി സ്ഥലത്തെ മണ്ടത്തരങ്ങൾ വർദ്ധിക്കാനാണ് സാധ്യത!!

കാറ്റും മഴയും കൊറോണയും കൊള്ളാതെ പിള്ളേരെ വീട്ടിലിരിത്താം എന്ന വലിയ മനസമാധാനത്തിനൊപ്പം ഒരു കാറ്റ് തെക്കോട്ടോ വടക്കോട്ടോ പോയാൽ തീരാവുന്ന റെയ്ഞ്ച് ഒക്കെയെ നമുക്കുള്ളൂ എന്നോർമ്മ എപ്പോഴും നമ്മുടെ മനസ്സിൽ ഒരു കരടായി ഉണ്ടായിരിക്കണം.
സ്കൂൾ തുടങ്ങിയ ബെല്ലടിക്ക് ശേഷം സ്കൂൾ വിട്ട കൂട്ടമണിയും അപ്പോൾ തന്നെ കേൾക്കാൻ പറ്റുമോന്നാ എന്റെയൊരു ഇത്!

"അമ്മേ ടീച്ചറെ കാണാനില്ല..." എന്ന ഡയലോഗ് സ്ഥിരമായി കേൾക്കാം എന്നർത്ഥം!

ഏതായാലും കൊച്ചു വെളുപ്പാൻ കാലത്ത് എണീറ്റ് ചോറും കറിയും ഉണ്ടാക്കി കൊടുത്തയക്കാൻ പാടുപെടുന്ന അമ്മമാർക്ക്‌ ഈ സിസ്റ്റം ഇച്ചിരി റിലാക്സേഷൻ ഒക്കെ തരുന്നുണ്ട്.ബാക്കി സ്കൂൾ വിശേഷങ്ങൾ ഓണ്ലൈൻ തിരയിൽ ലൈവായി കാണാം അല്ലേ!!

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ!!ഇത്രയും നാൾ വീട്ടിൽ നിന്നും കുട്ടികൾ സ്കൂളിൽ പോയി...ഇനി സ്കൂൾ കുട്ടികളുടെ വീട്ടിലേക്ക്‌ വരട്ടെ! അല്ല പിന്നെ!

ഈ കൊറോണ കാലത്ത് അതല്ലേ അതിന്റെ ഒരു ശെരിയായ വഴി...നമ്മുടെ പുതിയ ഓൺലൈൻ വഴിയേയ്!!


By Lipi Jestin

കുഞ്ഞളിയനും കല്യാണക്കാരും

Image may contain: Lipi Jestin, smiling, indoor

LipiJestin
*****************
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു എന്റെ മൂത്ത ചേച്ചിയുടെ കല്യാണം.രണ്ടു മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ ചേച്ചിയുടേതും.
ഞങ്ങളുടെ വീട്ടിലേക്ക്‌ വലതുകാൽ കുത്തി കയറിയ ഈ ആറടി വീരന്മാർക്ക് 'അളിയോ' എന്നു വിളിക്കുവാൻ പേരിനു പോലും ഒരു ആൺപിറന്നോൻ ഇല്ലാഞ്ഞതിനാൽ അവർ ആറാമത്തെ എന്നെ 'കുഞ്ഞളിയോ '... എന്നു നീട്ടി വിളിച്ചു.
അന്നത്തെ കാലത്ത് മൊബൈലോ കംപ്യൂട്ടറോ ടിവിയോ എന്തിന് പരപരാന്ന് കാറാത്ത നേരെ ചൊവ്വേയുള്ള ഒരു റേഡിയോ പോലും വീട്ടിൽ ഉണ്ടായിരുന്നില്ല എന്നോർക്കണം.
അതുകൊണ്ട്
വീട്ടിൽ കയറി വന്ന പുരുഷ കേസരികളുടെ ബോറടി മാറ്റാൻ ഞാൻ എന്ന ഉപകരണം സദാസമയവും അവരുടെ പുറകെ കൂടി അവരെ കൊണ്ട് അവരുടെ പലജാതി വീരസാഹസിക കഥകൾ പറയിപ്പിച്ച്‌ നാളുകൾ നീക്കികൊണ്ടിരുന്നു.
അതിന് പ്രത്യുപകാരമായി അവർ എന്നെ അവരുടെ മധുവിധു നാളുകളിൽ സിനിമക്ക് കൊണ്ട് പോകുകയും , കപ്പലണ്ടിയും പോപ്പിൻസും വാങ്ങി തരുകയും, ബെർത്ഡേക്ക് പുതിയ ഡ്രസ്സുകൾ സമ്മാനിക്കുകയും ചെയ്യുമായിരുന്നു.
ആദ്യത്തെ രണ്ടും പ്രണയ വിവാഹങ്ങൾ ആയിരുന്നതിനാൽ ഈ കുഞ്ഞളിയന് അവരുടെ വിവാഹ കാര്യത്തിൽ വല്ല്യ റോളൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ മൂന്നാമത്തെ ചേച്ചിക്ക്‌ കല്യാണാലോചന വന്നപ്പോൾ മുതൽ കുഞ്ഞളിയന്റെ ചുമലിൽ ഉത്തരവാദിത്വങ്ങൾ വന്നു പതിച്ചു.
മൂന്നാമത്തെ ചേച്ചിക്ക് പൊക്കം കൂടിയതിനാൽ വരുന്നവൻമാരുടെ കൃത്യമായ പൊക്കം കണ്ടു പിടിക്കുന്നത് എന്റെ മാത്രം ഉത്തരവാദിത്വമായി മാറി.
ഇളയതായതു കൊണ്ടും തമ്മിൽ ഭേദം ചെറിയ ക്ലാസ്സിൽ ആയിരുന്നത് കൊണ്ടും കല്യാണ ചെറുക്കനും കൂട്ടരും വരുമ്പോൾ അവരെ കാണാനുള്ള സ്വാതന്ത്ര്യം നാലാമത്തെയും അഞ്ചാമത്തെയും ചേച്ചിമാരെക്കാൾ എനിക്കുണ്ടായിരുന്നു.
പെണ്ണ് കാണാൻ വരുന്ന ചെറുക്കൻ വീടിന്റെ അകത്തോട്ടേക്കുള്ള കട്ടിളപടി കടന്നാലുടൻ തന്നെ കട്ടിള പടിയിൽ ചെറുക്കന്റെ പൊക്കം കയ്യിലിരിക്കുന്ന ചോക്ക് കൊണ്ട് സ്റ്റൂളിൽ കയറി രേഖപ്പെടുത്തുക എന്നതാണ് ആദ്യപടി.
അടുത്തത് കസേരയിൽ ഇരിക്കുന്ന ചെറുക്കന്റെ പുറകിൽ പോയി ഇളിച്ചു നിന്ന് കഷണ്ടി ഉണ്ടോ ഇല്ലയോയെന്ന് ബോദ്ധ്യപ്പെടുക. ചിരിക്കുമ്പോളുള്ള പല്ലിന്റെ വിടവ്,സംസാരിക്കുമ്പോളുള്ള നാവിന്റെ സ്ഫുടത, കൈകാലുകളുടെ വിരലുകളുടെ എണ്ണം ഇത്യാദി നോട്ട് ചെയ്യേണ്ടതാണ്.അതിൽ ഏറ്റവും പ്രധാനം ചേച്ചി ചായ കൊണ്ടു വരുമ്പോൾ ചെറുക്കൻ ചേച്ചിയെ തന്നെയാണ് നോക്കുന്നത് എന്ന് നിർബന്ധമായും ഉറപ്പ് വരുത്തണം.
ഇത് ചെറുക്കൻ വന്നതിന് ശേഷം ഉള്ള സീനുകൾ.
അതുക്കും മുൻപേ തിരശീലക്ക് പുറകിൽ പല കോണ്ട്രാ സീനുകളും ഉണ്ട്.
പല ബ്രോക്കർമാരും രണ്ടു ദിവസം മുൻപേ തന്നെ പറഞ്ഞിട്ടാണ് ചെറുക്കനെയും ബന്ധുക്കളെയും കൊണ്ടു വരിക.അപ്പോൾ നമുക്ക് വീടും പരിസരവും ഒതുക്കാനും നിരനിരയായി പലഹാരങ്ങൾ ഒരുക്കി വെക്കുവാനുമുള്ള സമയം വേണ്ടുവോളം കിട്ടും.
ചിലവന്മാർ ഒരു പെണ്ണിനെ കണ്ട് ഇഷ്ടപെട്ടില്ലെങ്കിൽ നേരെ അവരേം വിളിച്ചോണ്ട് ഓടി കേറി ഇങ്ങോട്ട് വന്നോളും!.
വന്ന കാറ് വീടിന്റെ വളവിൽ നിർത്തിയിട്ടിട്ടായിരിക്കും നമ്മളോട് ഇങ്ങനെയൊരു കാര്യം തന്നെ അവതരിപ്പിക്കുക.
അപ്പോൾ വീട്ടിൽ പ്രളയം കേറിയ പോലെയൊരു വെപ്രാളമുണ്ട്.
പെണ്ണ് സോപ്പും കൊണ്ട് കുളിമുറിയിലേക്കും, അമ്മ സാരി പൊക്കി കുത്തി അടുക്കളയിലേക്കും, അപ്പൻ ആധി പൂണ്ട് മുറ്റത്തോട്ടും, ചേച്ചിമാർ ചൂലും കൊണ്ട് അകത്തോട്ടും, ഈ ഞാൻ വാലും കുത്തി അയല്പക്കത്തോട്ടും കുതിച്ചു പായും!
ഈ പായും പുലിക്ക് ഒരേ ഒരു ഉദ്ദേശം ഒരൊറ്റ ലക്ഷ്യം...
'കളക്‌ഷൻ ഓഫ് പലഹാരം' !!!
വടക്കേന്നും പടിഞ്ഞാറേന്നും കളക്ട് ചെയ്യുന്ന പലഹാരങ്ങളെ വിരുന്നുകാർ കാണാതെ അടുക്കളയുടെ സൈഡിലുള്ള ജനലിലേക്ക്‌ നല്ല ഒന്നാംതരം പലക വെച്ചൊരു പാമ്പൻ പാലം സൃഷ്ട്ടിച്ച്‌ അതിലൂടെ സെയ്ഫ് ആയി സ്ളാബിലേക്ക്‌ ഇറക്കുന്നതിൽ വിദഗ്‌ധയായിരുന്നു ഈ കുഞ്ഞളിയൻ!.
വിരുന്നുകാർ പോയി കഴിയുമ്പോൾ ഇതു മുഴുവൻ എനിക്ക് തന്നെ തിന്നു തീർക്കാം എന്ന പ്രത്യാശ കൺമുൻപിൽ ഇൻഡിക്കേറ്റർ പോലെ കിടന്നു പ്രകാശിക്കുന്നതിനാൽ ഞാൻ എന്റെ നാണം പണയം വെച്ചും ഈ പിച്ചയെടുപ്പും കള്ളകടത്തും എന്നും നടത്തിപോന്നു.
പലഹാരങ്ങൾ മനോഹരമായി തിന്നു തീർക്കുവാൻ മാത്രമല്ല....
അതിമനോഹരമായി ഒരുക്കാനും എനിക്കറിയാം!.
ആരോറൂട്ട് ബിസ്ക്കറ്റുകൾ/അച്ചപ്പം മേൽക്കുമേൽ വട്ടത്തിൽ നിരത്തി റോസാപ്പൂ ഉണ്ടാക്കുക, ലഡു/ജിലേബി നിരനിരയായി വെച്ച്‌ പിരമിഡ് ആകൃതി വരുത്തുക.കേക്ക് ഒരു പൊടി പോലും പുറത്തു വരാതെ കൃത്യമായി മുറിച്ച്‌ മുറിച്ചിട്ടേ ഇല്ലാത്ത മട്ടിൽ വെക്കുക, കുഴലപ്പം ചതുരത്തിൽ അടുക്കി വേലികെട്ട് തീർക്കുക, മിക്സ്ചർ, കായ വറുത്തത്,കശുവണ്ടി വറുത്തത്, കപ്പലണ്ടി റോസ്റ്റ് തുടങ്ങിയവ മറക്കാതെ നിരത്തുക ഇത്യാദി പരിപാടികൾ എന്റെ മാത്രം തലയിൽ ആയിരുന്നു.
ഒരിക്കൽ, ഒരിക്കൽ മാത്രം,
അതും തുടക്കത്തിൽ... എനിക്കൊരു പറ്റു പറ്റി. ഞാൻ നോക്കിയപ്പോൾ അമ്മ ഒരുപടല പൂവൻ പഴം അങ്ങനെ തന്നെ ഒരു പ്ലേയ്റ്റിൽ വെച്ചിട്ട് പോയിരിക്കുന്നു.എന്റെ മനസ്സിലെ ഡെക്കറേഷൻ കമ്മിറ്റി ഉണർന്നു.പൂവൻ പഴത്തെ അതിന്റെ പടലയിൽ നിന്നും അതി വിദഗ്ധമായി മുറിച്ചു മാറ്റി പ്ലേറ്റിൽ കൊക്കപുഴു പോലെ വളച്ചു വളച്ചു വെച്ചു. അന്ന് കിട്ടിയ ചെവിയിലെ തിരുമ്മൽ ദേ...ദിവിടെ ഇന്നും ചൊക ചൊകാന്ന് കിടക്കാണ്‌!!.
പലഹാരം കുമുകുമാന്ന് വെട്ടി വിഴുങ്ങി,
ചായ കൊടുക്കുന്ന പെണ്ണിന്റെ ചുറ്റളവും എടുത്ത് കഴിഞ്ഞാൽ പിന്നെ ചെറുക്കനും കൂട്ടരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പറമ്പിന്റെ ചുറ്റളവിലാണ്. അവരുടെ കൂടെ വന്നിരിക്കുന്ന കുറേ കുനിഷ്ട്ട് സ്ത്രീകളാകട്ടെ തങ്ങളുടെ വൃത്തികെട്ട കണ്ണുകൾ പായിക്കുന്നത് വീടിന്റെ അകത്തളങ്ങളിലേക്ക്‌ ആയിരിക്കും!
"ഇത്തിരി വെള്ളം തന്നേ ചേടത്തിയാരെ" എന്നും പറഞ്ഞ് ആരെങ്കിലും അടുക്കളയിലേക്കും, മുട്ടാത്ത മൂത്രത്തെ "ഒഴിക്കട്ടെ "എന്നും പറഞ്ഞ് ചില അമ്മായിമാർ ബാത്റൂമിലേക്കും, "വീട്ടുകാരെ കാണട്ടെ" എന്നും പറഞ്ഞ് കുറേ എണ്ണം ബെഡ് റൂമിലേക്കും മാർച്ച് ചെയ്യും.എന്തിനാ? പെണ്ണിന്റേം കൂട്ടരുടേം വൃത്തിക്ക് മാർക്കിടാൻ!!
അത് കൊണ്ട് ബെഡ് ഷീറ്റുകൾ, തലയിണകൾ, പുതപ്പുകൾ, കർട്ടനുകൾ, ഇവയൊക്കെ വൃത്തിക്ക്‌ അല്ലേ കിടക്കുന്നത് എന്ന് നോക്കേണ്ടത് ഈ കുഞ്ഞളിയന്റെ കർമ്മമാണ്.
ഒരു ഒഴിവു ദിവസം... ഏതാണ്ട് രാവിലെ ഏഴുമണി ആയപ്പോഴേക്കും ഒരു ബ്രോക്കർ ഓടി വന്ന് അപ്പനോട് ഇന്നൊരുകൂട്ടർ മൂന്നു മണിക്ക് വരുമെന്നുണർത്തിച്ചു.
കുഞ്ഞളിയന് പലഹാരങ്ങൾക്കുള്ള പർച്ചേസ് ഓർഡർ അപ്പൊ തന്നെ കിട്ടിബോധിച്ചു.
കടയിൽ പോകാൻ തയ്യാറായി നിൽക്കുമ്പോളാണ് കുഞ്ഞളിയന്റെ മൂക്കിലേക്ക് മൂത്രത്തിന്റെ കുമ്മിയ മണം ഒരു ദാക്ഷീണ്യവും കൂടാതെ അടിച്ചു കയറിയത്.മൂത്ത രണ്ടു ചേച്ചിമാരുടെ സന്താനങ്ങളുടെ കനത്ത സംഭാവനയാണത്!.
മൂന്ന് ചായ്പ്പിലെയും കട്ടിലിന്മേൽ ഇട്ടിരിക്കുന്നത് അന്നത്തെ കാലത്ത് അമ്മാമ്മ രാപകൽ കുത്തിയിരുന്ന് പഞ്ഞി കുത്തി കുരു കളഞ്ഞ് നനുനനുത്ത വെള്ളക്കെട്ട് നിറച്ചുണ്ടാക്കിയ മെത്തകളാണ്.
പിള്ളേരെ കിടത്താനായി അമ്മ പ്ളാസ്റ്റിക് ഷീറ്റ് ഓരോ മെത്തയിലും വിരിച്ചിട്ടുണ്ടായിരുന്നെങ്കിലും ആൺപിള്ളേർ ആയത് കൊണ്ട് അമ്മ വരച്ച റൂട്ട് മാപ്പിൽ കൂടിയൊന്നും അവരുടെ മൂത്രം ഒഴുകിയിരുന്നില്ല!.അതിനു പകരം അക്രമാസക്തയായ പുഴയെ പോലെ അത് തോന്നിയ വഴിക്ക്‌ കുതിച്ചു പാഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ തിക്‌തഫലമായി മെത്തയുടെ പല ഭാഗങ്ങളിൽ അഗാധമായ കുണ്ടും കുഴിയും പ്രത്യക്ഷപ്പെടുകയും ആ കുഴിയെല്ലാം അമ്മ പിന്നെയും പഞ്ഞി തിരുകി വേറെ കളറുള്ള തുണി കൊണ്ട് തുന്നി ശെരിയാക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ പഞ്ഞി നിറച്ച ആ അണക്കെട്ട് നിറഞ്ഞു കവിഞ്ഞാണ് ആ മൂത്രകുമ്മൽ എന്റെ മൂക്കിൽ കിടന്ന് കുമ്മിയടിക്കുന്നത്.
എന്നിലെ വൃത്തിക്കാരി മൂന്ന് ചായ്പ്പിലെയും ബെഡ് ഷീറ്റും തലയിണയും പുതപ്പും വാരി വലിച്ച്‌ അലക്കു കല്ലിൽ കൊണ്ടിട്ടു.അവിടം വരയേ എനിക്ക് പ്രവേശനം ഉള്ളു.എന്നെക്കാൾ പൊക്കത്തിൽ നിൽക്കുന്ന അലക്കു കല്ലിൽ അലക്കേണ്ടത് എന്റെ തലക്ക് മൂത്തവരുടെ പണിയാണ്.അവർ അത് വൃത്തിയായി കഴുകി അഴയിൽ ഉണക്കാനിട്ടു.
പർച്ചേസ് ഓർഡർ പ്രകാരമുള്ള പലഹാരങ്ങൾ വീട്ടിലേക്ക്‌ ഡെലിവറി ചെയ്യാൻ വന്ന ഞാൻ കണ്ടത് വീടിന് മുന്പിലൊരു വെളുത്ത കാറും കുറെ അപരിചിതരും.
അപ്പുറത്തെ പറമ്പിലെ വേലിക്കിടയിലൂടെ ഞാൻ അടുക്കള ഭാഗത്തേക്ക് ചെന്ന് ജനലക്കിടയിലൂടെ തലയിട്ട് അമ്മയോട് ചോദിച്ചു...
"ആരാ!"
"മൂന്നു മണിക്ക് വരാന്ന് പറഞ്ഞവരാ ...
പത്തുമണിക്കേ വന്നു!!."
ഞാൻ സ്വന്തം പാമ്പൻ പാലത്തിലൂടെ കയ്യിലുള്ള സാധനങ്ങൾ അടുക്കളയിലിറക്കി പിന്നിൽ കൂടി അകത്തോട്ടു ചെന്നു.
അവിടെ ഏതോ ഉരുൾ പൊട്ടിയ ഒരു പ്രതീതി!!ചേച്ചിമാർ വടക്കും കിഴക്കും ലക്ഷ്യമില്ലാതെ ഓടി നടക്കുന്നു.ഞാൻ ചെന്ന വഴി ഏതോ ഒരു അഗ്നിപർവതം പൊട്ടിത്തെ റിച്ച പോലൊരു ചോദ്യം!
" നിന്നോടാരാ പറഞ്ഞേ ഈ ബെഡ്ഷീറ്റും കവറും പൊതപ്പുമൊക്കെ കൊണ്ട് അലക്കാനിടാൻ!!"
അതു കേട്ട് കണ്ണും വായും തുറന്ന് പിടിച്ചു നിന്ന എനിക്ക് അഗ്നിപർവതത്തിന്റെ ലാവയുടെ ചൂടും പുകച്ചിലും എന്റെ വലത്തേ കൈയ്യുടെ അടിയിലെ ഉള്ളെറച്ചിയിൽ നന്നായി അനുഭവപ്പെട്ടു.
ആ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു....കണ്ടം വെച്ച കോട്ടിട്ട് മലർന്നു കിടക്കുന്ന ആ മൂന്നു പഞ്ഞി മെത്തകൾ!!
വേറെ ഷീറ്റ് ഇട്ടു കൂടെ എന്ന് നിങ്ങൾ ചോദിക്കും.
പക്ഷെ ഞാൻ ചോദിക്കില്ല.
അങ്ങനെ വെറും വാക്ക് ചോദിക്കാൻ പോലും വേറെ ബെഡ് ഷീറ്റോ തലയിണ കവറോ പുതപ്പോ അന്ന് ഇല്ലായിരുന്നു!!
പെണ്ണ് കാണാൻ നിന്ന് കൊടുത്ത ചേച്ചിയെക്കാൾ ടെൻഷൻ ഈ കുഞ്ഞളിയ നായിരുന്നു.അവരെങ്ങാനും നമ്മുടെ പഞ്ഞി മെത്തകൾ കണ്ടാൽ!! ഹോ !! ഈ കല്യാണം നടന്നില്ലെങ്കിലും വേണ്ടില്ല... ഞങ്ങടെ മെത്ത ഇവർ കാണല്ലേ മിശിഹാ തമ്പുരാനെ എന്നു ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു.
"അനിയത്തിമാരെ കാണട്ടെ" ...എന്ന ആ അത്യാഗ്രഹ വിളിക്ക് മുൻപായി തന്നെ ചേച്ചിമാർ ബെഡ് റൂമിൽ നിന്നും ഇറങ്ങി വാതിലിന് കുറുകെയായി നിന്നെങ്കിലും ഒരു കാര്യവുമുണ്ടായിരുന്നില്ല.അതിലെ ഒരു തള്ള ചേച്ചിമാരെ തള്ളി അകത്തു കയറി.ഞാൻ അകത്തേക്ക് ഓടി കയറി മെത്തയിൽ കയറി ഇരുന്ന് എന്റെ പാവാട കൊണ്ട് കണ്ടം വെച്ച ഭാഗം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ബാക്കി ഭാഗങ്ങൾ ആ തള്ളയെ നോക്കി വെളുക്കെ ഇളിച്ചു.ആ തള്ള കണ്ടം വെച്ച മെത്തയേയും ഞങ്ങളെയും മാറി മാറി നോക്കി ദയനീയമായി ചിരിച്ചു കൊണ്ടേയിരുന്നു.
അതെ... നിങ്ങൾ ഇപ്പോൾ മനസ്സിൽ പറഞ്ഞതു പോലെ തന്നെ ആ തള്ളയുടെ കണ്ണുകൾ ഞങ്ങളെ നോക്കി പറഞ്ഞു...
" അയ്യേ...ദാരിദ്ര്യം!"
എനിക്കങ്ങട് ദേഷ്യവും ദുഃഖവും കൊക്കക്കോള പോലെ നുരഞ്ഞ്‌ പതഞ്ഞ്‌ പൊന്തി വന്നു.ആ തള്ളയെ ഒരു തള്ള് തള്ളിയിട്ടാലോ എന്നു വരെ ഞാൻ കലി തുള്ളി ചിന്തിച്ചു.
പെണ്ണ് കാണലിനും മെത്ത കാണലിനും ശേഷം അവര് 'യെസ് 'മൂളണോ അതോ 'നോ' മൂളണോ എന്ന് കുശുകുശുപ്പ്‌ നടത്താൻ വേണ്ടി വീടിന്റെ തെക്കേപുറത്തോട്ടിറങ്ങി.
വീട്ടുകാർ എല്ലാവരും വീടിനകത്ത് നിശബ്ദത പാലിച്ച് നിന്നപ്പോൾ ഞാൻ തെക്കേ ജനലക്ക് നിന്ന് കർട്ടൻ പൊന്തിച്ചു നോക്കി.
അതാ അവർ നിൽക്കുന്ന
തിന്റെ ബാക്ക് ഗ്രൗണ്ടിൽ മോണിറ്ററിലെ സ്ക്രീൻ സേവർ എന്ന പോലെ... അഴയിൽ നമ്മുടെ ബെഡ്‌ഷീറ്റും പൊതപ്പും തലയിണ കവറുകളും
ഇളം കാറ്റിൽ കിടന്നാടിയുലയുന്നു!!
ആ തള്ളയുടെ കണ്ണുകൾ ആ ബാക് ഗ്രൗണ്ട് സീൻ ഒപ്പിയെടുത്തു എന്നെനിക്ക് ബോധ്യമായപ്പോളാണ് എന്റെയുള്ളിൽ ഘനീഭവിച്ചു കിടന്ന അപമാനം അലിഞ്ഞില്ലാതെയായത്!
പോകാൻ നേരത്ത് അവർ പറഞ്ഞു....
"വേളാങ്കണ്ണിക്ക് പോയിരിക്കുന്ന ഒരു നാത്തൂന് കൂടി പെങ്കൊച്ചിനെ ഒന്നു വന്നു കാണണം.എന്നിട്ട് തീരുമാനം അറിയിക്കാം."
"ആര് വരുന്നുണ്ടെങ്കിലും
....സമയം ഒന്ന് പറഞ്ഞിട്ട് വരണം!!"
ആ അശ്ശരീരി കേട്ട് ചെറുക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും ഞെട്ടിതിരിഞ്ഞ് മറിഞ്ഞ് താഴോട്ടു കുനിഞ്ഞു നിന്ന് എന്നെ നോക്കി... ആരാണിത് കല്പിക്കുന്നതെന്നറിയാൻ!!
ആരായാലെന്താ... പറയാനുള്ളത് നേരെ ചൊവ്വേ മുഖത്ത് നോക്കി പറയണം.അല്ല പിന്നെ!
ഈ കുഞ്ഞളിയനോടാണോടാ നിങ്ങളുടെയൊക്കെ കളി!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo