Slider

നേരം (കഥ)


പണ്ട് കോട്ടക്കൽ സെന്റ്‌ തേരാസസ്‌ കോളേജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത്‌ ചാലക്കുടി റോട്ടറിക്ലബ്, കോളേജ് സ്റ്റുഡൻസിന് വേണ്ടി സംഘടിപ്പിച്ച ഒരു കലാമത്സരത്തിൽ പങ്കെടുക്കാൻ ഞാൻ പേര് നൽകുകയുണ്ടായി.

പേര് നമ്മള് ചോദിക്കുമ്പോൾ തന്നെ കൊടുക്കും.
പിന്നെ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് തലേ രാത്രി തീരുമാനിക്കും റിഹേഴ്സലും പ്രാക്ടീസും നടത്തുന്നത് സ്റ്റേജിൽ കയറിയ ശേഷം മാത്രമായിരിക്കും.അതായിരുന്നു എന്റെ മഹത്തായ കലാപാരമ്പര്യം!.

മത്സരത്തിന്റെ തലേന്ന് പ്രിൻസിപ്പൽ സെബി അച്ചൻ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു.

"നാളെയാണ് മത്സരം.പോകാമെന്നേറ്റിരുന്ന രണ്ടു പേർക്ക് നാളെ പോകാൻ സൗകര്യമില്ല.ഇനിപ്പോ... ലിപി മാത്രേ ഈ കോളേജിനെ റെപ്രെസെന്റ് ചെയ്യാനുള്ളൂ.പോയി സമ്മാനമൊക്കെ വാങ്ങി ഇങ്ങു പോര്..."

"ഞാൻ പോണോ?"

"ലിപിക്കെന്താ പോയാല്?"
(ബാക്ക് ഗ്രൗണ്ടിൽ നാഗവല്ലിയുടെ ബിജിഎം!)

സെബിയച്ചന്റെ തീ പാറുന്ന രണ്ട് കണ്ണുകളിലേക്ക് നോക്കി തല ചൊറിഞ്ഞു ഞാൻ പറഞ്ഞു....

"ന്നാ ഞാൻ പൊക്കോളാ..."

"മൽസരത്തിന് ഒറ്റക്ക് പോണത്രേ! "എന്ന്‌ കൂട്ടുകാരോട് കണ്ഠമിടറി ഞാൻ പറഞ്ഞപ്പോൾ
"നീ പോയില്ലെങ്കിലും ഞങ്ങൾ അവിടെ ഉണ്ടാകും!" എന്നായി അവറ്റകൾ...

അങ്ങനെ അർമാധക്കാരോടൊപ്പം പിറ്റേ ദിവസം ചാലക്കുടിയിലേക്ക്‌ ഞാൻ ബസ് കയറി.

പ്രമിത,മഞ്ജു, സിന്ധു ,ഷീബ ജെൻസി..അങ്ങനെ സകലകലാ വല്ലഭിമാരും ചാലക്കുടി പരിസരത്തുള്ള കുറെ വല്ലഭൻമാരും എന്റെ പരിപാടിക്ക്‌ കയ്യടിക്കാനായി അവിടെയെത്തി.

അവിടെയെത്തിയ ആദ്യ നിമിഷങ്ങളിൽ തന്നെ ഞാൻ പേര് കൊടുത്തിരുന്ന 'സിനിമാറ്റിക് ഡാൻസ് 'എന്ന ഐറ്റം ഞാനങ്ങട് ഉപേക്ഷിച്ചു.
കാരണം അത്‌ അരങ്ങേറുന്നത് രാത്രിയിലാണ്.

എന്റെ കലാപരമായ കാര്യങ്ങളിൽ വീട്ടുകാർക്ക് സമ്മതവും താൽപര്യവും ഉണ്ടോന്ന് ചോദിച്ചാൽ
.....ണ്ട്...ന്നും ഇല്ലേന്ന് ചോദിച്ചാൽ ...ല്ല്യാ...ന്നും പറയേണ്ടി വരും.പരമ്പരാഗതമായി കലയോട് വളരെയധികം സാമൂഹിക അകലം പാലിക്കുന്നവരാണ് എന്റെ വീട്ടുകാർ.ഇനിയിപ്പോ രാത്രി കൂടി ആണെന്നറിഞ്ഞാൽ സിനിമാറ്റിക് പോയിട്ട് ചിലപ്പോൾ വീടിന്റെ സ്റ്റെപ്പ് വരെ കേറാൻ ഭാവിയിൽ എനിക്ക് കാലുകൾ ഉണ്ടായി ക്കൊള്ളണമെന്നില്ല!. അതുകാരണം ആ ഐറ്റത്തിന്റെ ചെസ്സ്‌ നമ്പർ പോലും ഞാൻ വാങ്ങിയില്ല.ബാക്കി രണ്ടെണ്ണം കൂടിയുണ്ട്.
മോണോ ആക്ടും ഫാൻസി ഡ്രെസ്സും. അത് ഉച്ച കഴിഞ്ഞിട്ട് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചത് കാരണം അതങ്ങട് അവതരിപ്പിച്ച് കളയാം എന്ന്‌ ഞാനും കൂട്ടുകാരും കൂട്ടായി തീരുമാനമെടുത്തു.

ഉച്ച ഭാഷണിയിലൂടെയുള്ള തട്ടു പൊളിപ്പൻ പാട്ടും കേട്ട് അവിടെ വന്നിരിക്കുന്ന മറ്റു കോളേജിലെ കുട്ടികളെ ഇടം കണ്ണുകൊണ്ട് നോട്ടവും ഇട്ട്‌ വാതോരാതെ വർത്തമാനവും പറഞ്ഞ് ച്യൂയിൻഗം ചവച്ചു തുപ്പി ഞങ്ങൾ അവിടെയിവിടെയൊക്കെയുള്ള പരിപാടികൾ കണ്ട് മൊത്തം കറങ്ങി നടന്നു.

ഉച്ചക്കത്തെ ഊണിനു ശേഷം നടക്കും എന്നു വിചാരിച്ചിരുന്ന പരിപാടി ചായകുടിയുടെ നേരം ആയിട്ടും നടക്കുന്ന കാണാനില്ല.കൂട്ടുകാർ ഓരോന്നായി പയ്യെ പയ്യെ കൊഴിഞ്ഞു തുടങ്ങി.

എന്റെ സന്തത സഹചാരിയും ഒരേ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നവളുമായ പ്രമിതയോട് ഞാൻ പറഞ്ഞു...

"എന്നാ നീയിനി നിക്കണ്ട...വിട്ടൊ. എന്റെ പരിപാടി കഴിയുമ്പോ കുറച്ചു നേരം വൈകുമെന്ന് നീ എന്റെ വീട്ടിൽ കയറി ഒന്നു പറഞ്ഞാൽ മാത്രം മതി"

"ഏയ്... ഞാൻ വേണേങ്കി നിക്കാടി.നീ തന്നെയാവൂല്ലേ!"അവൾ ചോദിച്ചു.

അവളുടെ ചോദ്യം എനിക്കിഷ്ട്ടപ്പെട്ടെങ്കിലും അവളുടെ പൊന്നാങ്ങളയുടെയും അച്ഛന്റെയും മുഖം എന്റെ മനസ്സിലേക്ക് ഓടിയോടി വന്നു.
എനിക്ക് വേണ്ടി അവളെയും കൂടി ഞാനിവിടെ പിടിച്ചു നിർത്തിയാൽ കോട്ടക്കൽ കോളേജിൽ രണ്ട് വികലാൻഗർക്കുള്ള സീറ്റ് ഇപ്പോഴേ ബുക്ക് ചെയ്യേണ്ടി വരുമെന്ന് എനിക്ക് തോന്നി.പിന്നെ ഞങ്ങൾ നേരം വൈകും എന്നൊക്കെ വിളിച്ചു പറയാൻ മാത്രം മൊബൈലോ...എന്തിന് പറയുന്നു ഒരു ലാൻഡ് ഫോണോ ഇല്ലാത്ത കാലം ആയിരുന്നുവത്. അതുകൊണ്ട് ഇവളെ ഒരു ദൂതി ആയി വിടുന്നതാണ് ബുദ്ധിയെന്ന് എനിക്ക് തോന്നി.

എന്റെ ബോഡി ഗാർഡായി ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വല്യേട്ടൻ സന്തോഷിനെ മാത്രം നിർത്തിക്കൊണ്ട് ബാക്കി ഉള്ളവരെയെല്ലാം അവരവരുടെ വീട്ടിലേക്ക് കയറ്റി വിട്ടു.

പ്രീഡിഗ്രി കഴിഞ്ഞ് വേറെയെങ്ങാണ്ടും കൂടി കിടന്ന് കറങ്ങിയതിന് ശേഷമാണ് സന്തോഷ് ഞങ്ങളുടെ കൂടെ ഡിഗ്രിക്ക് ചേർന്നത്.അതുകൊണ്ടു തന്നെ രണ്ടു വയസ്സിന്റെ മൂപ്പിന് ഞങ്ങൾ ഞങ്ങളുടെ വല്യേട്ടൻ സ്ഥാനം സന്തോഷത്തോടെത്തന്നെ സന്തോഷിന് നൽകിയിരുന്നു.

അവൻ മുൻകോപിയും താന്തോന്നിയും മുഖം നോക്കാതെ മറുപടി പറയുന്നവനുമായിരുന്നു.
ആ വിശേഷണങ്ങൾ എല്ലാം തന്നെ എനിക്കും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കൂട്ടുകാരാകാൻ ഒട്ടും തന്നെ സമയം വേണ്ടിവന്നിരുന്നില്ല..

അങ്ങനെ ഒരു അഞ്ചഞ്ചര സമയത്ത് മോണോ ആക്ട് ആരംഭിച്ചു. സ്റ്റേജിന്റെ പുറകിലാണെങ്കിലോ കുട്ടികളുടെയും പാരൻസിന്റെയും മോണോആക്ട് പഠിപ്പിക്കുന്ന ഗുരുക്കന്മാരുടെയും ബഹളമയം.

'അങ്ങനെയല്ല കുട്ട്യേ...ഇങ്ങനെ ചെയ്യൂ....'
എന്നൊക്കെ പറഞ്ഞ് ഗുരുക്കന്മാർ തന്റെ ശിഷ്യർക്ക്‌ അവസാന റിഹേഴ്സൽ നൽകുകയാണ്.ജ്യുസും ചായയും വടയും ഫ്രൂട്ട്സുമൊക്കെയായി പാരൻസ് അവരുടെ പുറകെയും.ഞാനും സന്തോഷും പൈപ്പിലെ വെള്ളവുമൊക്കെ കുടിച്ച് ഈ ബഹളമൊക്കെ കണ്ട് ആസ്വദിച്ച്‌ ഇരിക്കുകയാണ്.

"നീ പ്രാക്ടീസ് ചെയ്യുന്നില്ലേടി?"
അവൻ ചോദിച്ചു.

"ഓ...സ്റ്റേജെത്തട്ടെ!"

അങ്ങനെ കാത്തു കാത്തിരുന്ന് ഞാൻ സ്റ്റേജിലെത്തി. അത്യാവശ്യം തലക്കനം ഉള്ള കുട്ടിയാണെന്ന് തോന്നുന്ന മുഖശ്രീ ഉള്ള കാരണം കയറിയപ്പോൾ തന്നെ എനിക്ക് നല്ലോണം കൂവൽ കിട്ടി.

ഞാൻ ആദ്യമായാണല്ലോ എനിക്ക് ഒട്ടും അറിയാത്ത ഒരു സദസ്സിനെ അഭിസംബോധന ചെയ്യുന്നത് എന്ന് അപ്പോഴാണ് ഞാൻ ഓർത്തത്.
അല്ലെങ്കിൽ ഏതെങ്കിലും കൂട്ടുകാർ മുൻപിൽ തന്നെ ഇളിച്ചിരിക്കുന്നുണ്ടായിരിക്കും.അത് നമുക്കൊരു പോസിറ്റീവ് എനർജിയാണ്.

എന്നെ സ്റ്റേജിലേക്ക് കയറ്റിവിട്ടിട്ട് സന്തോഷ് നിന്നിരുന്നത് സ്റ്റേജിന്റെ സൈഡിലായിരുന്നു.
അല്ലെങ്കിൽ അവന്റെ ഇളിഞ്ഞ മോന്തയെങ്കിലും കാണാമായിരുന്നുവെന്നെനിക്ക് തോന്നി.
ഇതേതോ ആഫ്രിക്കൻ വനാന്തരങ്ങളിലെ ആനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ ഒരവസ്ഥ!

പല പ്രായത്തിലുള്ള സ്ത്രീകളുടെ കരച്ചിലായിരുന്നു എന്റെ പ്രമേയം.സ്വന്തമായി സ്ക്രിപ്റ്റ് എഴുതി സ്വന്തമായി അഭിനയിച്ച്‌ സ്വന്തമായി കരഞ്ഞു കാണിക്കുന്നത് കൊണ്ട് ഡയലോഗ് തെറ്റിയാലും ഇല്ലെങ്കിലും പേറ്റന്റ് എനിക്ക് തന്നെ എന്നുള്ളതാണ് എന്റെ മോണോ ആക്‌റ്റിന്റെ സവിശേഷത.

അങ്ങനെ മുത്തശ്ശിയിൽ തുടങ്ങി അമ്മ,ഭാര്യ,കാമുകി, കോളേജ് വിദ്യാർത്ഥിനി,
സ്കൂൾ കുട്ടി , നഴ്സറി ക്ടാവ്‌ തുടങ്ങിയവരുടെ കരച്ചിലുകൾ രംഗത്ത് ഞാൻ അരങ്ങേറ്റി.
ഗ്ലിസറിൻ ഇല്ലാതെ കരയാൻ ഉള്ള വിദ്യ കൈവശം ഉള്ളത് കൊണ്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ നല്ല കയ്യടിയും കിട്ടി.

ഇറങ്ങി കഴിഞ്ഞപ്പോൾ സന്തോഷ് ചോദിച്ചു...

"എന്തെടി നീ ആദ്യം ഡെസ്പ് ആയി പോയോ?"

"ന്താ നിനക്കങ്ങനെ തോന്നിയോ?"

"ഉം...തോന്നി"

"എങ്കിൽ ആയിക്കാണും!" ഞാൻ പറഞ്ഞു.

അല്ലെങ്കിലും ചില സുഹൃത്തുക്കൾ അങ്ങനെ ആണല്ലോ! നമ്മൾ മനസ്സിൽ കാണും മുൻപേ അവർ അത് മരത്തിൽ നന്നായി കാണുമല്ലോ!

ഈ സന്തോഷുമായി എനിക്ക് ഒരു ഷർട്ടിന്റെ ആത്മബന്ധമുണ്ടായിരുന്നു.കോളേജിൽ നിന്നും ടൂർ പോയപ്പോൾ ഞാൻ ഒരു ജീൻസും ടോപ്പുമായിരുന്നു കയ്യിൽ കരുതിയിരുന്നത്
അതൊക്കെയിട്ട് അണിഞ്ഞൊരുങ്ങി നിന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ടീച്ചർ പറഞ്ഞു....ഇത്തിരി കൂടി ഇറക്കമുള്ള ടോപ്പ് ഇടു ലിപീന്ന്!

ഇനിയിപ്പോ ടീച്ചറെ പിണക്കണ്ടല്ലോ എന്നോർത്ത് ഒരു ടീ ഷർട്ടിനായി ഞാൻ ബോയ്സിന്റെ അടുത്ത് പോയൊന്നു തെണ്ടി.

അപ്പോഴാണ് സന്തോഷ് വിളിച്ചു പറയുന്നത്..
"ഡി ഞങ്ങൾ ആണുങ്ങള് ടൂർ പോകുമ്പോ പുതിയതായി ആകെ ഒരു ഐറ്റമേ വാങ്ങാത്തൊള്ളൂ...അതു ഷഡിയാണ്!!
അല്ലാണ്ട് നിങ്ങളെ പോലെ പുതിയ ഡ്രെസ്സൊന്നും വാങ്ങില്ല. എനിക്ക് ഏതെങ്കിലും ഒരു ടീ ഷർട്ട് തരാമെങ്കിൽ നിനക്കു വേണേൽ ഞാൻ ഇന്നിടാൻ വെച്ചിരിക്കുന്ന എന്റെ റെഡ് ഷർട്ട് തരാം.!"

രാത്രിയിൽ ഇടാൻ വെച്ചിരുന്ന ഒരു സ്വെറ്റർ എടുത്ത്‌ ഞാൻ അവന് കൊടുത്തു.അങ്ങനെ ഒരു ബാർട്ടർ സമ്പ്രദായം വഴി ഞാൻ ടീച്ചറെ സന്തോഷിപ്പിച്ചു.പക്ഷെ ആ ചുവന്ന ഷർട്ടിട്ട് ഞങ്ങൾ അന്ന് പോയത് മേട്ടുപാളയത്തിലെ തണ്ടർ വേൾഡിലായിരുന്നു.അവിടുത്തെ ക്ളോറിൻ വെള്ളത്തിലെ എല്ലാ റൈഡിലും കേറിയിറങ്ങിയപ്പോഴേക്കും ഇവന്റെ റെഡ് ഷർട്ട് ലൈറ്റ് റോസായി മാറുകയും അന്ന് സന്തോഷിനെ ഞാൻ നല്ലോണം ദുഃഖിപ്പിക്കുകയും ചെയ്തിരുന്നു.

മോണോ ആക്ടിന്റെ റിസൾട്ട് വന്നപ്പോൾ എനിക്ക് ഫസ്റ്റുണ്ടെന്നറിഞ്ഞ് അവൻ സന്തോഷിച്ചു.പക്ഷെ എനിക്ക് ആധി കയറി. നേരം ഇരുട്ടുന്നു....

"ഫാൻസി ഡ്രെസ്സ് വേണ്ടെന്ന് വെച്ച് നമുക്ക് പോയാലോ ?" ഞാൻ അവനോടു ചോദിച്ചു.

"ഡീ സമ്മാനം കൊടുക്കാൻ എം എൽ എ പ്രൊഫസർ സാവിത്രി ലക്ഷ്‌മണനാണ് വരുന്നത്.ആളുടെ കയ്യിൽ നിന്നും സമ്മാനമൊക്കെ വാങ്ങീട്ട് നമുക്ക് ഒരുമിച്ചു പോയാൽ പോരേ...ഇപ്പൊ പോയാൽ പിന്നെ സമ്മാനോം വാങ്ങാൻ പറ്റില്ല.നീ മേക്ക് അപ്പ്‌ ഒക്കെ തുടങ്ങിക്കോ...ഫാൻസി ഡ്രെസ്സ് ദേ ദിപ്പൊ തുടങ്ങൂന്ന് അവര് പറഞ്ഞിട്ടുണ്ട്."

മനസ്സില്ലാ മനസ്സോടെ ഞാൻ ഫാൻസി ഡ്രെസ്സിനുള്ള കോപ്പ് കൂട്ടി.അന്നത്തെ കാലത്ത് കത്തി നിന്നിരുന്ന ഡ്രഗ്അഡിക്റ്റാണ് എന്റെ വേഷം.ഒരു സൈഡ് നല്ല മുഖവും മറ്റേ സൈഡ് ഭീകരവും ആക്കുകയാണ് ലക്ഷ്യം.
അതിനായിയുള്ള മൽപിടുത്തത്തിലാണ് ഞാൻ.

"ഇതിലും ഭേദം നിനക്ക് വെറുതെ ചെന്നു നിന്നു കൂടെ"എന്നൊക്കെ ചോദിച്ചു സന്തോഷ്‌ എന്നെ ചിരിപ്പിക്കുന്നുണ്ട്.എങ്കിലും ചിരിക്കാൻ ഞാൻ ഭയപ്പെട്ടു തുടങ്ങി...

അവസാനം എം എൽ എ പ്രൊഫസർ സാവിത്രി ലക്ഷ്‌മണൻ അവിടെ സന്നിഹിതയായി.അവരുടെ മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ഫാൻസി ഡ്രെസ്സ് കോമ്പറ്റീഷൻ സംഘാടകർ ഇത്രയും നേരം നീട്ടി വെക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.

നല്ല മുഖ ശ്രീയോടെ സിഗരറ്റും വലിച്ച് കുപ്പിയും കൊണ്ട് ഇടത്തോട്ട് പോകുന്നതും കുടിച്ച കുപ്പി വലിച്ചെറിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ഭീകരമുഖവുമായി ഒരൊറ്റ അലർച്ച അലറുന്നതുമായിരുന്നു തീം.ഞാൻ നല്ലവണ്ണം ഒന്നലറിയപ്പോൾ നമ്മുടെ സാവിത്രി ലക്ഷ്‌മണനും ഒന്നു ഞെട്ടി. കുപ്പി പൊട്ടിക്കരുത് എന്നു കേറും മുൻപേ സംഘാടകർ എന്നോട് പറഞ്ഞിരുന്നു വെങ്കിലും എന്റെ അമിതാവേശത്തിൽ ആ കുപ്പി അങ്ങട് പൊട്ടിച്ചിതറി!.

എന്റെ പരിപാടി കഴിഞ്ഞ് ഞാൻ സ്റ്റേജിൽ നിന്നിറങ്ങിയതും പാവം സന്തോഷും കുറെ ചേട്ടന്മാരും കൂടി സ്റ്റേജിലേക്ക് ചാടി കയറി. എന്തിനാണെന്നോ....പൊട്ടിയ കുപ്പിച്ചില്ലു പറക്കിയെടുക്കാൻ! എന്നിട്ടു വേണം പ്രൊഫസറെ സമ്മാന ദാനത്തിനായി സ്റ്റേജിൽ കയറ്റാനത്രേ!!

സ്റ്റേജിൽ കയറി മോണോ ആക്ടിനുള്ള ഫസ്റ്റ്‌ പ്രൈസും ഫാൻസി ഡ്രെസ്സിനുള്ള സെക്കന്റ് പ്രൈസും വാങ്ങിയപ്പോൾ എം എൽ എ ചോദിച്ചു....

"ഡ്രഗ് അഡിക്ട്...അല്ലെ?"

സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അതെ എന്നു പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

പിന്നെ ഞാനും സന്തോഷും രണ്ടു ട്രോഫികളും കൂടി ഓരോട്ടം വെച്ചു കൊടുത്തു.കിട്ടിയ ബസ്സിന്‌ കേറി മാളയിൽ എത്തുമ്പോൾ സമയം എട്ടുമണി.

സന്തോഷിന്റെ വീട് മാളയിൽ തന്നെയാണ്. മാളയിൽ നിന്നും കുഴൂർക്കുള്ള ബസ്സ് പിടിച്ച് ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും എന്തായാലും എട്ടരയാകും.

"ഞാൻ കൂടെ വരണോടി...?
സന്തോഷ്‌ ചോദിച്ചു.

"എന്നിട്ടെന്തിനാ....നിന്നെ വീട്ടിന്ന് പുറത്താക്കാനോ?"!!

നേരത്തും കാലത്തും വീട്ടിൽ ചെന്നില്ലെങ്കിൽ അവിടേം സ്ഥിതി എന്റേതു തന്നെയാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

ആ മാള അങ്ങാടിയിൽ ആ നേരത്ത് ഞങ്ങൾ രണ്ടു പേരുടെയും ഒരുമിച്ചുള്ള നിൽപ്പ് കണ്ടിട്ട് അവിടെ ഉണ്ടായിരുന്ന പലരുടെയും മനസ്സിൽ ആശങ്കകൾ ഉയരുന്നത് ഞങ്ങൾ അറിഞ്ഞു.

കുഴൂരിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ളവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.എന്നെ ഒളിഞ്ഞും തിരിഞ്ഞും മറിഞ്ഞും നോക്കുന്ന കാഴ്ചകൾ കണ്ട് എന്റെ കണ്ണുകൾ കഴച്ചു.

"എന്തേ നേരം വൈകിയെ...?" എന്ന ചോദ്യത്തിന് അവിടെ നിന്നിരുന്ന ഓരോ മാന്യന്മാരോടും മറുപടി പറഞ്ഞ് പറഞ്ഞ് ഞാൻ തോറ്റു.

അവസാനം കുഴൂർക്കുള്ള ബസ്സ് വരികയും ഞാൻ അതിൽ കയറുകയും,സന്തോഷ് കൈയുയർത്തി ടാറ്റ തരികയും ചെയ്തപ്പോളാണ് കുറെ പേരുടെ മനസ്സിലെയെങ്കിലും തീ ഒന്നുകുറഞ്ഞത്.പിന്നെ വീടെത്തും വരെ ഡ്രൈവറോടും കണ്ടക്ടറോടും കിളിയോടും അതിലിരിക്കുന്ന സകല പുണ്യവാളൻമാരോടും ഞാൻ നേരം വൈകിയതിനുള്ള പാപം ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു കൊണ്ടേയിരുന്നു....

വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് എന്റെ കയ്യും കാലും കയ്യിലിരുന്ന ട്രോഫിയും ഒന്നു വിറച്ചു.അപ്പൻ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.

ഞാൻ അകത്തേക്ക് കടന്നതും അപ്പനും അമ്മയും കൂടി ഒന്നിച്ചാക്രമിച്ചു.

"ഇത്രേം നേരം വൈകുമെന്ന് അറിയാമായിരുന്നെങ്കിൽ
ഇങ്ങോട്ടു പോന്നുകൂടായിരുന്നോ?"

"നിന്നെ അന്വേഷിച്ച് ഇവിടെ നിന്ന് ആര് വരുമെന്ന് കരുതിയിട്ടാ നീ ഈ രാത്രിയിൽ അവിടെ നിന്നത്?'

"ഈ വക കൂത്തിനൊന്നും പോകണ്ട എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്?"

"ഇനി മേലാക്കാം പോയാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും!"

അത്യുച്ചത്തിലുള്ള ഇത്യാദി ആത്മഗതങ്ങൾ കേട്ട് എന്റെ കയ്യിലിരുന്ന ട്രോഫികൾ തല കുനിച്ച്‌ ചെവി പൊത്തി നിന്നു..ക്ഷണിക്കാതെ വലിഞ്ഞു കയറിയ വന്ന അതിഥികളെപ്പോലെ അവർ ഒരു മൂലക്ക് പോയി പേടിച്ചു വിറച്ച് അടങ്ങിയൊതുങ്ങിയിരുന്നു.

"നാട്ടുകാരെ കൊണ്ട് ഈ പെണ്ണ് അതുമിതും പറയിപ്പിക്കുമല്ലോ എന്റെ കർത്താവേ? 'അമ്മ പിന്നേം തുടങ്ങി.

'ഹും നാട്ടുകാര്!! നാട്ടുകാരുടെ കാര്യം ഒന്നും എന്നോട് പറയണ്ട.തളർത്താൻ അല്ലാതെ ഏതെങ്കിലും ഒരു കലാകാരനെ/കലാകാരിയെ വളർത്തിയ ചരിത്രമുണ്ടോ നാട്ടുകാർക്ക്!! സ്വന്തം മക്കൾ ചെയ്യുന്നത് പുണ്യവും മറ്റുള്ളവരുടെ മക്കൾ ചെയ്യുന്നതൊക്കെ പാപവും.
മറ്റുള്ളവരെക്കുറിച്ച്‌ മനസ്സിൽ ദുഷിച്ചത് മാത്രം ചിന്തിക്കുന്ന വിശുദ്ധന്മാര്!! ജന്മസിദ്ധമായി കലയുള്ളവരെ കണ്ടാൽ അവന്റെ കലയെ തല്ലി കൊഴിച്ചിടും. എന്നിട്ട് ഒരു കലയും കൊലയും ഇല്ലാത്തവനെ തല്ലി പഴുപ്പിച്ചെടുക്കുകയും ചെയ്യും!' എന്നൊക്കെ പറഞ്ഞ് അങ്ങട് കത്തി കയറണമെന്ന് എനിക്കുണ്ടായിരുന്നു.പക്ഷെ അമ്മേടെ തീക്ഷ്‌ണമായ നോട്ടം കണ്ടപ്പോൾ ഞാൻ സംയമനം പാലിച്ചു.അതൊരു നാല് തല്ലിന് തുല്ല്യമായിരുന്നു.

സ്റ്റേജിൽ അവതരിപ്പിച്ച ആ മോണോ ആക്ട് ഒരു ആക്ടും കൂടാതെ കിടക്കുന്ന മുറിയിൽ അവതരിപ്പിച്ച്‌ ഞാനന്ന് കിടന്നുറങ്ങി.

ആ സംഭവം കഴിഞ്ഞിട്ടിപ്പൊ ഏകദേശം ഇരുപത് കൊല്ലമെങ്കിലും ആയിട്ടുണ്ടാകും.പക്ഷെ ഒന്നു ഞാൻ മനസ്സിലാക്കുന്നു അന്ന് നേരം വൈകിയപ്പോൾ ഞാൻ പേടിച്ചിരുന്നത് ഒരിക്കലും എന്നെ ആരെങ്കിലും ആ രാത്രി ആക്രമിക്കാൻ വരുമെന്നോ ഉപദ്രവിക്കാൻ വരുമെന്നോ ഓർത്തിട്ടായിരുന്നില്ല.പകരം...

എന്റെ പേടി മുഴുവൻ ഈ സമൂഹം എന്നെക്കുറിച്ച് എന്തു ചിന്തിക്കും എന്നതായിരുന്നു....

ഈ സമൂഹം എന്തെങ്കിലും ചിന്തിച്ചും പറഞ്ഞുമുണ്ടാക്കും എന്ന് കരുതി സ്വയം വേദനിക്കുന്ന അപ്പനെയും അമ്മയെയും ഓർത്തിട്ടായിരുന്നു.....

മനസ്സറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയിതില്ലെങ്കിലും രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കുന്ന പെൺകുട്ടികൾ തെറ്റുകാരികൾ ആയിരിക്കുമെന്നു വിചാരിക്കുന്ന മനുഷ്യരുടെ ദുർഗന്ധം വമിക്കുന്ന ആ മാനസിക വൈകല്യം ഓർത്തിട്ടായിരുന്നു....

ഇന്നും രാത്രിയായാൽ ഓരോ പെൺകുട്ടിയും സ്‌ത്രീയും പേടിക്കുന്നതും അതിനെ തന്നെ...അതിനെ മാത്രം...തങ്ങളുടെ ദുഷിച്ച ഹൃദയം കൊണ്ട് നോക്കുന്ന മനുഷ്യരുടെ ആ നോട്ടത്തെ!


By Lipi Jestin

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo