സൂപ്പർമാർക്കറ്റിൽ കയറുമ്പോൾ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള ടെമ്പ്റേച്ചർ പരിശോധന നടക്കുന്ന നേരം സഞ്ജയന്റെ മൊബൈൽ ഫോൺ ചെറിയ ശബ്ദത്തിൽ നോട്ടിഫിക്കേഷൻ സൂചിപ്പിച്ചുകൊണ്ടിരുന്നു.
പരിശോധന കഴിഞ്ഞയുടൻ അയാൾ വാട്സാപ്പ് സന്ദേശം വായിച്ചു, പ്രതീക്ഷിച്ചത് പോലെ തന്നെ കീർത്തനയുടെ മെസ്സേജുകളും അതിലുണ്ട്. വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് ടൈപ്പ് ചെയ്തിട്ടതുണ്ട്, എന്നാലും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലെത്തുന്നത് വരെയും പിന്നെയും പിന്നെയും ഓരോന്നിന്റെ പേരിങ്ങനെ പുതിയ സന്ദേശങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത് പതിവായതിനാൽ സഞ്ജയൻ അതുമായി പൊരുത്തപ്പെട്ടിരിക്കുന്നു.
ഒരു കൗതുകത്തിന് ഇതിനു മുൻപ് കീർത്തനയുമായുള്ള വാട്സാപ്പ് സന്ദേശങ്ങൾ വെറുതെ മുകളിലേക്ക് സ്ക്രോൾ ചെയ്തു നോക്കി, കൂടുതലും വീട്ടു സാധനങ്ങളുടെ ലിസ്റ്റ് തന്നെ , അല്ലെങ്കിൽ കുട്ടികളുടെ പഠിപ്പിനാവശ്യമായ എന്തെങ്കിലും... അയാൾക്ക് ചിരിയടക്കാനായില്ല. സൂപ്പർമാർക്കറ്റിന്റെ മുകൾനിലയിലേക്ക് കയറുമ്പോൾ സ്റ്റെയർകേസിന് അഭിമുഖമായി ചുമരിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ നോക്കി അയാൾ തന്റെ ചിരി ആസ്വദിക്കുമ്പോളാണ് പരിസരബോധമുണ്ടായത്, ഭാഗ്യം വേറാരും കണ്ടിട്ടില്ല! അയാൾ വീണ്ടും ഭാര്യയുമായി നടത്തിയ വാട്സാപ്പ് സംഭാഷങ്ങൾ വെറുതെ വായിച്ചും കേട്ടുകൊണ്ടുമിരുന്നു. പ്രണയാർദ്രമായ ശബ്ദസന്ദേശമോ, വാക്കുകളോ, ഇമോജികളോ, അനേകം സന്ദേശങ്ങൾക്കിടയിലും പരസ്പരം കൈമാറിയതായി കാണാനായില്ല. അതിനൊരപവാദമെന്നോണം ഏതോ ഒരു ദിവസം കീർത്തനയുടെ ഒരു ലവ് ഇമോജി കണ്ടു. അവൾക്കെന്തോ നല്ല ശാരീരിക ക്ഷീണമുണ്ടായിരുന്ന ദിവസം "ഇന്ന് നടന്നു പോകാൻ വിഷമമാണെന്ന്” അറിയിച്ചതിനാൽ ഓഫീസിൽ നിന്ന് കാറിൽ പിക്ക് ചെയ്തു വീട്ടിലെത്തിച്ചതിന് അവൾ പ്രകടിപ്പിച്ച സ്നേഹമായിരുന്നു ആ ഇമോജി, മറുപടിയായി താൻ മൂന്നു ലവ് ഇമോജികൾ നൽകിയിട്ടുണ്ട്.
“തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ കുടുംബബന്ധങ്ങൾ തകരുന്നു, ഭാര്യാഭർത്താക്കന്മാർ പരസ്പരമുള്ള കരുതലുകളും കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളും മറക്കുന്നു”. പ്രമുഖ മനഃശാസ്ത്രജ്ഞന്റെ യൂടൂബ് വീഡിയോ ഇടക്കെപ്പോളോ കുറച്ച് സമയം കണ്ടപ്പോൾ ശ്രദ്ധയിൽ വന്ന വാക്കുകൾ സഞ്ജയന് ഓർമ്മവന്നു.
ഓഫീസ്‌ജോലിയുള്ള ദിവസങ്ങളിൽ അവൾക്ക് വല്ലാത്ത ക്ഷീണമായിരിക്കും. എന്തെങ്കിലും സംസാരിക്കാൻ പോലുമുള്ള മാനസികാവസ്ഥയായിരിക്കില്ല. വീട്ടുജോലികൂടി ചെയ്തു രാത്രി കിടപ്പറയിലെത്തി, കിടക്ക കാണുമ്പോളെക്കും ഉറങ്ങിപ്പോകുന്ന അവസ്ഥയാണ് കീർത്തനക്ക്. മറ്റുകാര്യങ്ങളെല്ലാം എത്രയോ കാലമായി ഉറക്കത്തിലലിഞ്ഞുപോയിരിക്കുന്നു. . വല്ലപ്പോഴും സംഭവിക്കുന്ന വൈകാരിക കൂടിച്ചേരലുകൾക്കിടയിലും മനസ്സിൽ ജീവിതത്തിരക്കിന്റെ സംഘർഷങ്ങൾ കയറിവന്നു രസംകൊല്ലിയാകും. ഇനി മനസ്സ് എല്ലാറ്റിൽ നിന്നും മുക്തമായിരിക്കുമ്പോൾ കുട്ടികളുമായുള്ള എന്തെങ്കിലും കലപിലകളോ, തന്റെ മുൻശുണ്ഠിയുടെ ഫലമായുള്ള ഏതെങ്കിലും മൂർച്ചയേറിയ വാക്കുകളോ അവളുടെ സമാധാനം നശിപ്പിക്കാൻ ധാരാളമാവും.
എന്തൊക്കെ ചിന്തകളാണ് കടന്നുവരുന്നത്, എല്ലാമുണ്ടായിട്ടുംചിലസമയങ്ങളിൽ ജീവിതത്തിന് യാതൊരു അർത്ഥമില്ലാത്തത് പോലെ സഞ്ജയന് തോന്നാറുണ്ട്. “പക്ഷെ അതിലൊന്നും തളരരുത്, ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതമെന്നും ഇതിനിടയിൽ സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ ചെയ്തു മുന്നേറുകയാണ് വേണ്ടതെന്ന” ആരുടെയോ ഉപദേശം അയാൾ ഓർത്തു.
"അതേയ് , സഞ്ജയേട്ടാ , ഞാൻ അന്ന് പറഞ്ഞത് ഓർമ്മയില്ലേ ? അടുത്തയാഴ്ച മുതൽ ഞാൻ രണ്ടാഴ്ചത്തേക്ക് ഞാൻ ഓഫീസിൽ അവധിയിലാണ്, ബാക്കിയുള്ള കുറച്ച് അവധി ദിവസങ്ങൾ നിർബ്ബന്ധമായും എടുത്തു തീർത്തേ മതിയാകൂ, അല്ലെങ്കിൽ അത് ലാപ്സാകും".
കൊണ്ടുവന്ന സാധനങ്ങൾ രണ്ടുപേരും ചേർന്ന് അതാതിന്റെ സ്ഥാനങ്ങളിലും ഫ്രിഡ്ജിലുമായി വെച്ചുകൊണ്ടിരിക്കെ അവൾ ഓർമ്മിപ്പിച്ചു
"ഹാവൂ, രണ്ടാഴ്ചക്കാലം ആശ്വാസമായി , വൈകിട്ട് ഞാൻ വീടണയുമ്പോ എനിക്കെന്റെ പഴയ കീർത്തനയുടെ പ്രസന്നവദനം കാണാനാകുമല്ലോ, പിന്നെ.. ആഹ്.. മറ്റുള്ളതൊക്കെ ആഗ്രഹിക്കുകയെങ്കിലും ചെയ്യാലോ" സഞ്ജയൻ അർത്ഥഗർഭമായ മൂളലോടെ പുഞ്ചിരിച്ചു അവളെ നോക്കി കണ്ണിറുക്കി.
"ഓ, കള്ളന്റെയൊരു സാഹിത്യവും , വയസ്സാൻ കാലത്തെ ഒരു ശ്രംഗാരവും", അയാളുടെ ഭാവപ്പകർച്ച ആസ്വദിച്ചുകൊണ്ട് കീർത്തനയും മറുപടി നൽകി.
"നാൽപ്പ ത്തിയൊന്നിൽ മനുഷ്യന് വയസ്സാകുവോടോ ? അതൊക്കെ പണ്ട് , ഇപ്പൊ നാൽപ്പതുകളിലാണ് യൗവനം ആരംഭിക്കുന്നത് തന്നെ. ഒപ്പം എന്നെപ്പോലെ പക്വതയും " സഞ്ജയൻ കൈയുയർത്തി മസിലിലേക്ക് നോക്കി ആരോഗ്യചിഹ്‌നം കാട്ടി ചിരിച്ചു .
"ഉവ്വ്വ്വ്, യുവകോമളനെ കണ്ടാലും മതി" കീർത്തന കുസൃതിച്ചിരിയോടെ മറുപടി നൽകി.
അവിചാരിതമായി കടന്നുവന്ന സന്ദർഭത്തിലെ സുന്ദരമുഹൂർത്തങ്ങൾ രണ്ടുപേരെയും ഏറെ സന്തോഷിപ്പിച്ചു.
"കീർത്തന, നമ്മുടെ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ കുറച്ച് നാളുകൾക്ക് ശേഷം നമ്മുടെ അടുപ്പവും പ്രണയവുമെല്ലാം തീരെ കുറഞ്ഞു പോയി.. കൃത്യമായി പറഞ്ഞാൽ കിരൺ പിറന്നതിന് ശേഷം, പിന്നെ സുപ്രിയയും , കാർത്തികും നമ്മുടെ അംഗങ്ങളായതോടെ അതെല്ലാം പൂർണ്ണമായും കൈമോശം വന്നെന്ന് പറയാം.. നിന്റെ ജോലിയും, വീട് നോക്കലും ഒക്കെ കൂടി ആകെ തിരക്കും ബഹളവും.. എന്നും ഗൗരവമുള്ള കാര്യങ്ങൾ മാത്രം നമ്മൾ ചർച്ച ചെയ്തു".
"പക്ഷെ ഒന്നും കരുതിക്കൂട്ടിയല്ലല്ലോ സഞ്ജുവേട്ടാ , നമ്മൾ പോലും വിചാരിക്കാതെ ഇങ്ങനെയൊക്കെ സമയം കടന്നുപോകുന്നു.. എന്നാലും നമ്മൾ ഇതിന് കൂടിയും സമയം നീക്കിവക്കേണ്ടതുണ്ട്...അത് ശരിയാ".
അടുത്തയാഴ്ചയിലെ ചൊവ്വാഴ്ച രാവിലെ , പതിവുപോലെ ഒൻപത് മണിക്ക് ഓഫീസിലേക്ക് പോയി ഒട്ടും പ്രതീക്ഷിക്കാതെ പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയ സഞ്ജയിനെ കണ്ടു കീർത്തന അത്ഭുതം കൂറി.
"ഇതെന്താ, ഓഫീസിൽ പോയില്ലേ ? എന്ത് പറ്റി ?"
കുറച്ചു നേരം ഗൗരവം നടിച്ച സഞ്ജയ് പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു ,
"ഒന്നും പറ്റിയില്ലെടോ, ഞാനിന്ന് ലീവെടുത്തു"
"ആഹാ, അസുഖം വന്നു കിടപ്പിലായാലും ഓഫീസേന്നും പറഞ്ഞു ഓടിപ്പോകുന്നയാൾ ഇന്ന് ലീവെടുക്കുകയോ, ആകാശം ഇടിഞ്ഞു വീഴുമോ ഭഗവാനേ" കീർത്തന ഭർത്താവിനെ ഇടക്കണ്ണിട്ടു നോക്കി.
"ആകാശം വീഴട്ടെടോ, അതിന്റെയും മേലെ ഇരുന്നു ,നമ്മളിന്ന് .. ... നമ്മളിന്ന്.. നമ്മളിന്ന് .. ഒരുമിച്ചു പുറത്ത് നിന്നും ലഞ്ച് കഴിക്കും, നമ്മൾ രണ്ടുപേരും മാത്രം.. ഇന്ന് കുറച്ചു മണിക്കൂറുകളെങ്കിലും നമ്മുടേതായ ലോകത്ത് എവിടെയെങ്കിലും അങ്ങനെയിരിക്കണം... നമുക്ക് വാതോരാതെ കുറെ സംസാരിക്കണം , കുറച്ച് സമയം ഒന്നും മിണ്ടാതെ പരസ്പരം നോക്കിയിരിക്കണം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷങ്ങൾ നമുക്ക് തിരിച്ചു പിടിച്ചു തുടങ്ങണം, നീ വേഗം റെഡിയാക്" സഞ്ജയ് സ്നേഹമൂറുന്ന കണ്ണുകളോടെ ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോൾ കുട്ടികൾ ? അവരെ കൂടാതെ നമ്മൾ ഇതുവരെ പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടില്ലല്ലോ ..എനിക്കെന്തോ ഒരു .. "
പറഞ്ഞു മുഴുമിപ്പിക്കാൻ സഞ്ജയ് കീർത്തനയെ അനുവദിച്ചില്ല, അയാൾ പറഞ്ഞു..
"കിരണും സുപ്രിയയും ഓൺലൈൻ ക്ലാസ്സിൽ, കാർത്തിക് ഓമനേച്ചിയുടെ കൂടെ നിന്നോളും, എല്ലാ ദിവസവും നീ ഓഫീസിൽ നിന്നും വരുന്നത് വരെ അവരുടെ കൂടെ തന്നെയല്ലേ അവൻ ചെലവഴിക്കുന്നത് , ഏറിയാൽ മൂന്നോ നാലോ മണിക്കൂർ.. കുട്ടികളെയൊക്കെ കൂട്ടിയാണോ നമ്മൾ പ്രേമിക്കാൻ പോകേണ്ടത് .. ഈ മണിക്കൂറുകൾ നമ്മൾ മാത്രം.. നീ വേഗം വാ"..
"എനിക്കൊന്ന് ഫ്രഷ് ആവണം, പെട്ടെന്ന് റെഡിയാകാം". സന്തോഷത്തോടെ കീർത്തന അകത്തേക്ക് പോയി
ഒരു മണിക്കൂറിനുള്ളിൽ കീർത്തന അണിഞ്ഞൊരുങ്ങി. എന്നോ അലമാരിയിൽ പൂട്ടിവെച്ചിരുന്ന ആഭരണങ്ങൾ എടുത്തണിഞ്ഞു, ഏറ്റവും പുതിയതും നല്ല ചേർച്ചയുള്ളതുമായ വേഷം ധരിച്ചുവന്ന കീർത്തനയെ കണ്ടു സഞ്ജയ് മൂക്കത്ത് വിരൽ വെച്ചു. അകത്തേക്ക് കയറിവന്നിരുന്ന സൂര്യപ്രകാശം തട്ടി , അവൾ ധരിച്ചിരുന്ന നെക്ലേസിലെ കല്ലിൽ നിന്നുള്ള നീലവെളിച്ചം അയാളുടെ മുഖത്തെ പ്രണയഭാവത്തിന് നിറം നൽകി. ഭാര്യയുടെ സൗന്ദര്യത്തിൽ അയാൾ അഭിമാനം കൊണ്ടു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഭാഗികമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും , സാമൂഹിക അകലം പാലിച്ചു കസ്റ്റമേഴ്‌സിനെ അനുവദിക്കുന്ന മുന്തിയ റെസ്റ്റോറന്റിൽ നേരത്തെ തന്നെ രണ്ടു സീറ്റുകൾ റിസർവ് ചെയ്ത, ബഹളമില്ലാത്ത ഒരു മൂലയിലുള്ള ടേബിളിനീരുവശവുമിരുന്നു ആവശ്യത്തിന് സമയമെടുത്തു , കമിതാക്കളെ പോലെ സല്ലപിച്ചു അവർ ആസ്വദിച്ചു ഭക്ഷണം കഴിച്ചു. കീർത്തനക്കിഷ്ടപ്പെട്ട ചോക്ളേറ്റ് ഫ്ലേവറിലുള്ള ഐസ്ക്രീം , കേക്ക് .. ഡിസേർട്സ് ആയി ടേബിളിൽ സ്ഥാനം പിടിച്ചു..
കുശാലായ ഭക്ഷണത്തിന് ശേഷം ബീച്ചിൽ പോയിരുന്നു. അവരുടെ പഴയ കാലം പുനഃസൃഷ്ടിച്ചു. എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു .. കഴിഞ്ഞുപോയ കുറെ കാര്യങ്ങൾ ഓർത്തെടുത്തു വികാരഭരിതരായി. ആർത്തലച്ചുവന്നു തീരത്തെ ആലിംഗനം ചെയ്യുന്നതിനിടയിൽ തിരമാലകൾ ദമ്പതികളായ ആ പ്രണയജോഡികളെ നോക്കി അഭിവാദ്യം ചെയ്തു.
കുട്ടികളുടെ ക്‌ളാസ് അവസാനിക്കുന്ന സമയം കണക്കാക്കി അവർ തിരികെ വീട്ടിലെത്തി. അങ്ങനെ മറക്കാനാകാത്ത പുതിയൊരു ദിവസം അവർ കണ്ടെത്തി.
പിറ്റേ ദിവസത്തെ പ്രഭാതം ഏറെ പുതുമയുള്ളതായിരുന്നതായി അവർക്ക് അനുഭവപ്പെട്ടു.
“കീർത്തനേ , സന്തോഷം നാം തന്നെ കണ്ടെത്തേണ്ടതാണെടോ”, സഞ്ജയ് അവളുടെ ചെവിയിൽ മന്ത്രിച്ചു. അവൾ അയാളുടെ നെഞ്ചിൻ ചൂടിലേക്ക് കൂടുതൽ അമർന്നു കിടന്നു.
-മുഹമ്മദ് അലി മാങ്കടവ്
01/09/2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക