നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിറകുമുളച്ച സ്വപ്നങ്ങള്‍ (കഥ)


ഇതുവരെ ചായയായില്ലേടീ..അവക്കടെ മക്കള്‍ക്ക് കൂച്ചാന്‍ ഉണ്ടാക്കാന്‍ അവക്ക് നേരോണ്ട്...അമ്മായിയപ്പന്‍റെ ആക്രോശം.ഇന്നൊരു നേരമാണ് അല്പം വൈകിയത് .അതിനാ ഈ തുള്ളല്‍.പതിവില്ലാതെ രാവിലത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനുമുന്‍പ് മനുക്കുട്ടന്‍ വന്ന് കാപ്പി ചോദിച്ച് ബഹളം വച്ചു. പുറകേ നടന്നു നിര്‍ബന്ധിച്ചാലേ സാധാരണ അവന്‍ എന്തെങ്കിലും കഴിക്കൂ.അവന് ഇമ്പത്തിനനുസരിച്ച് ആറ്റിത്തണുപ്പിച്ച് കൊടുത്തപ്പോഴേയ്ക്കും അഞ്ചുമിനിറ്റ് വൈകി.

അപ്പനുമമ്മയ്ക്കുമുള്ള
ചായ വേഗം മേശപ്പുറത്തെടുത്തുവച്ചു.പെണ്‍മക്കളെ രണ്ടുപേരേം ഫോണ്‍വിളിച്ചു പറയാന്‍ ഒരു കാരണമായി.കേട്ടാലറയ്ക്കുന്ന കുറ്റപ്പെടുത്തലുകള്‍ കേട്ടു ജീവിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ഇരുപതായി.ഒറ്റമകനായതുകൊണ്ട് ഇട്ടെറിഞ്ഞു മാറിത്താമസിക്കാനും തോന്നിയില്ല.പെണ്‍മക്കളുടെ കെട്ട്യോന്‍മാരോട് എന്നാ സ്നേഹമാ അപ്പനുമമ്മയ്ക്കും.അതുപോലെ വന്നുകയറിയതല്ലേ ഞാനും.
കഴിഞ്ഞദിവസംതന്നെ തറ തുടയ്ക്കുന്ന മോപ്പ് ചാരിവച്ചിരുന്നത് താഴേയ്ക്ക് വീണു ശബ്ദമുണ്ടായി.അതുപോലെ റൂമിന്‍റെ ഡോറടച്ചപ്പോള്‍ അല്പം ശബ്ദം കൂടിപ്പോയി.ഈ നിസ്സാര കാര്യത്തിന് എന്നാ ബഹളമായിരുന്നു.എന്തുകാര്യമുണ്ടായാലും എന്‍റെ അപ്പച്ചനും ആങ്ങളമാര്‍ക്കുമാ കിടക്കപ്പൊറുതിയില്ലാത്തെ.കേട്ടു കേട്ടു മടുത്തു.ഇപ്പയിപ്പം ഞാനും വല്ലോം തിരിച്ചുപറയും.
ഒന്നു രണ്ടു പ്രാവശ്യം ചത്തുജീവിച്ച ആളാ.അപ്പോ നോക്കിയത് ഞാനല്ലേ.ഒരു കുറവും വരുത്തിയില്ലല്ലോ.ഇത്തിരി നേരെ നിക്കാറായപ്പം തുടങ്ങി.കെട്ട്യോനാണെങ്കില്‍ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെയോര്‍ത്ത് സെന്‍റിയടിച്ച് ഒരക്ഷരം മിണ്ടില്ല.പക്ഷേ ഇന്നെന്തോ ആ തിരുവായീന്ന് ആദ്യമായി ഒച്ചപൊങ്ങുന്നതുകേട്ടു.അവളു നടുവേദനകൊണ്ട് കഷ്ടപ്പെടുവാ.എന്നിട്ടും സമയത്ത് വച്ചുവെളമ്പി തരുന്നില്ലേ.അമ്മയ്ക്ക് കഴിയില്ലേ ഒരു ചായയുണ്ടാക്കാന്‍.രാവിലത്തെ മോണിംഗ് വാക്ക് മുറ്റത്തൂന്ന് മാറ്റി അടുക്കളേലോട്ടാക്കിയല്ലോ അമ്മ .അതെന്നേത്തിനാ.പുറകില്‍ കൈയും കെട്ടി എന്നുമുള്ള ആ സൂപ്പര്‍വിഷനങ്ങു നിര്‍ത്തിയേരെ.ജോലി കഴിഞ്ഞ് മടുത്തുവരുമ്പോള്‍ എനിക്കല്പം സ്വസ്ഥത വേണം.
ഇച്ചായന്‍ കേട്ടോ.നമ്മുടെ നേരേ ചെറുവിരലനക്കാത്തോനാ.അവളെ പറഞ്ഞപ്പം അവനങ്ങു കേറികൊണ്ടു.ഒരുതരി സ്വത്ത് ഇനി അവനു കൊടുക്കണ്ട.
അക്കരപ്പറമ്പിനിക്കണ തടിയെല്ലാം അല്ലേലും വില്‍ക്കാന്‍ ഞാന്‍ ആളെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു.ചിത്രമോളുടെ ചെക്കന് സെമസ്റ്റര്‍ ഫീസ് കൊടുക്കാറായി.രാഖീടെ മോള്‍ക്ക് ബാംഗ്ലൂരിലെ അഡ്മിഷനും കാശു കുറേ വേണം.അല്ലേലും ഇവക്കും മക്കള്‍ക്കും അനുഭവിക്കാന്‍ ഞാനൊന്നും കൊടുക്കത്തില്ല.
എല്ലാം ഞാന്‍ കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറയ്വാ.ഒരു ഒടുക്കത്തെ പെണ്‍മക്കള്‍ സ്നേഹം .ഇവിടേമുണ്ട് രണ്ടു കൊച്ചുങ്ങള്‍.അവരെന്താ ഇവരുടെ പേരക്കുട്ടികളല്ലേ.
കഴിഞ്ഞയാഴ്ച പൊരിച്ചമീനിന്‍റെ എണ്ണം കുറഞ്ഞൂന്നു പറഞ്ഞ് എന്നാ ഒരു ബഹളമാര്‍ന്നെന്നോ.ഇറച്ചീം മീനും കൂട്ടാത്ത ഞാന്‍ വച്ചുവിളമ്പുന്നതും പോരാ ചീത്തേം കേള്‍ക്കണം.അമ്മ കൂടെക്കൂടെ പൊരിച്ചമീനുമായി കെട്ട്യോന്‍റെ അടുത്തേയ്ക്ക് രഹസ്യമായി പോയകാര്യം സഹികെട്ടു ഞാനും വിളിച്ചുപറഞ്ഞു.അല്ലപിന്നെ,എത്രാന്നുവച്ചാ സഹിക്ക്യാ.
അമ്മ അപ്പനു കൊടുക്കുന്നപോലെ നീയും എനിക്ക് രഹസ്യമായി എന്തെങ്കിലുമൊക്കെ താടീന്നു രമേശേട്ടന്‍റെ പുന്നാരം പറച്ചില്‍.ഈ അപ്പനുമമ്മയുമുള്ളിടത്ത് എനിക്കതു പറ്റുമെന്ന് തോന്നുന്നില്ല.എന്‍റെ കണ്ണടയുന്നതിനുമുന്‍പ് സമാധാനമായി ഒരു ദിവസമെങ്കിലും ജീവിച്ചാമതിയായിരുന്നു.എനിക്ക് ഒരു കൊച്ചുവീടുമതി.വാടകയ്ക്കായാലും വേണ്ടില്ല എന്ന് രമേശേട്ടനോട് എത്ര കെഞ്ചിപ്പറഞ്ഞു.ഇനി ഞാനെന്നാ ഒന്നു സന്തോഷത്തോടെ ജീവിക്ക്യാ.ഓണം വന്നാലും ക്രിസ്മസ് വന്നാലും കണ്ണീരു മാത്രം മിച്ചം.
മനുക്കുട്ടന് വയസ്സ് പത്തൊന്‍പതായി.സ്വാതിയ്ക്ക് പതിനഞ്ചും.ആറോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ അവനൊരു പെണ്ണിനെ കൊണ്ടുവരുന്ന പ്രായമാകും.അപ്പോഴേയ്ക്കും രമേശേട്ടന്‍ റിട്ടയറാകും.ജീവിതത്തിന്‍റെ നിറവും മണവുമൊക്കെ കൊതിയ്ക്കുന്ന സാധാരണ ഒരു പെണ്ണാ ഞാനും.സന്തോഷം വരുമ്പോള്‍ ഒന്നു കെട്ടിപ്പിടിക്കാനും സങ്കടം വരുമ്പോള്‍ ആ നെഞ്ചിലൊന്ന് തലചായ്ക്കാനും കൊതിയ്ക്കുന്ന വെറും പെണ്ണ്.അതിന് മഴവില്ലിന്‍റെ നിറമുള്ള ഒരു കൊച്ചുവീട് വേണം .ചിറകുമുളച്ച എന്‍റെ സ്വപ്നങ്ങള്‍ അതിനുള്ളില്‍ പറന്നുനടക്കണം.തൊട്ടാല്‍ തരളിതയാകുന്ന പഴയ ഇരുപതുകാരിയായി,രമേശേട്ടന്‍റെ താലി നെഞ്ചില്‍ ചേര്‍ന്നനാള്‍ മുതലുള്ള ജീവിതം തിരിച്ചുപിടിക്കണം.യൗവ്വനത്തിന്‍റെ അവസാന നിമിഷങ്ങള്‍ മാടി വിളിക്കുമ്പോഴും ഒരു മടക്കയാത്രയ്ക്കു മോഹം....

രതിമോള്‍ ജിനി
04/09/2020.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot