Slider

പുതുപ്പെണ്ണിന്റെ ചായ (കഥ)

0


ടീ,നീയീ വെളുപ്പാൻക്കാലത്തെണീറ്റ് എങ്ങോട്ടാ?

അടുക്കളയിൽ കയറട്ടെ.ഒന്നാമത് ഏട്ടൻ എന്നെ ഇങ്ങോട്ട് വിളിച്ചിറക്കികൊണ്ട് വന്നത് ഏട്ടന്റെ അമ്മക്ക് ഇഷ്ടപെട്ടിട്ടില്ല അതിന്റെകൂടെ കിടന്നുറങ്ങുകയും കൂടി ചെയ്‌ത്‌ ഇഷ്ടക്കേട് കൂട്ടണ്ടല്ലോ.

അതിന് നീയീ നേരം വെളുക്കും മുന്നേ എന്ത് ചെയ്യാൻ പോകുന്നു?

ഞാൻ അടുക്കളയിൽ കയറി ചായയിട്ട് അമ്മേനെ എണീപ്പിച്ചു കൊടുക്കാം.

അതൊക്കെ കുറച്ചു ഓവറല്ലേ? അത്രയ്ക്ക് വേണോ??

ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രഷൻ എന്നല്ലേ..ഏട്ടൻ കിടന്നോ ഞാൻ ചായയുമായി വന്ന് വിളിക്കാം.

ഒന്ന് നിന്നെ..അതിന് നിനക്ക് ചായ ഇടാൻ അറിയുമോ?നിന്റെ വീട്ടിൽ ജോലിയൊന്നും ചെയ്യിപ്പിക്കില്ല,അടുക്കളയിൽ കയറാറെ ഇല്ലെന്നല്ലേ നീയെന്നോട് പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് ഞാനൂടി വരാം.

അതൊന്നും വേണ്ട ഒരു ചായയല്ലേ അതൊക്കെ ഞാനിട്ടോളാം.

എങ്കിൽ ഓക്കേ ഓൾ ദി ബെസ്റ്റ്.

പാത്രം കഴുകി പാലുമൊഴിച്ചു വെള്ളവും ചേർത്ത് അടുപ്പത്തു വെച്ച് ലൈറ്ററെടുത്തു ഗ്യാസ് സ്റ്റവ് കത്തിക്കാൻ എത്ര ശ്രമിച്ചിട്ടും സൗണ്ട് അല്ലാതെ തീ മാത്രമില്ല.പണ്ടാരമടങ്ങാൻ ഇതെങ്ങനെയാ ഒന്ന് കത്തിക്കുന്നത്..തലങ്ങും വിലങ്ങും നോക്കിയിട്ടും നോ രക്ഷ. ഏട്ടനെ തന്നെ വിളിച്ചോണ്ട് വരാം.

ഏട്ടാ..ഏട്ടാ..ഒന്നെണീറ്റെ..

ആഹാ മിടുക്കി,ഇത്ര പെട്ടെന്ന് ചായയായോ.

അതല്ല,വന്നാ അടുപ്പൊന്നു കത്തിച്ചു തന്നേ..ഞാനെത്ര ശ്രമിച്ചിട്ടും കത്തുന്നില്ല.

ഓ വെളുപ്പാൻക്കാലത്തു മനുഷ്യനെ മെനെക്കെടുത്താനായിട്ട്,നടക്കങ്ങോട്ട്..

ദേ നോക്കങ്ങോട്ട്,ഇപ്പൊ കത്തിയത് കണ്ടോ.

ഇപ്പൊ കത്തിയല്ലോ,ഏട്ടൻ താഴെ സിലിണ്ടറിൽ എന്താ ചെയ്തത്?

റെഗുലേറ്റർ ഓഫ് ആയിരിക്കും,അത് തിരിച്ചു വെക്കണം പൊട്ടി.

ആ ഇനി ഏട്ടൻ പോയിക്കിടന്നോളൂ,ചായയായിട്ട് വിളിക്കാം.

ഇനി ഞാൻ പോണില്ല,പാൽ അടുപ്പിൽ വെച്ചല്ലോ ചായയിപ്പോ ആകും.

അത് വേണ്ട,എന്നിട്ട് ചായ ഏട്ടനിട്ടെന്നു പറയാനല്ലേ.പോയെ..പോയെ..പോയിക്കിടന്നുറങ്ങിയേ.

ഭർത്താവിനെ ഉന്തി തള്ളി റൂമിലോട്ട് വിട്ടശേഷം തെയിലക്കും,പഞ്ചസാരക്കും വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.കുപ്പികൾ ഓരോന്നായി തുറന്നു നോക്കി,ഭഗവതീ പരീക്ഷണമാണോ..അയ്യോ പാലും തിളച്ചു പൊങ്ങുന്നല്ലോ.ഭാഗ്യം തെയില കിട്ടി,കുറച്ചെടുത്തിട്ടു.അപ്പോഴേക്കും പാൽ തിളച്ചു പൊങ്ങി പോയിത്തുടങ്ങി.വെപ്രാളത്തിൽ പാത്രം പൊക്കി മാറ്റാൻ നോക്കി കയ്യും പൊള്ളി.ഓഫാക്കാൻ നോക്കിയിട്ട് നടക്കുന്നുമില്ല.

ഏട്ടാ...എട്ടാന്നും വിളിച്ചു റൂമിലേക്കോടി.
മനുഷ്യാ ഒന്നെണീറ്റെ,വേഗം അടുക്കളയിലോട്ട് വന്നേ..

ചായയായെങ്കിൽ നിനക്കിങ്ങോട്ട് കൊണ്ട് വന്നൂടെ ഞാനങ്ങോട്ട് വരണോ.

ചായയല്ല,ചക്ക തരാം ഇങ്ങോട്ട് എണീറ്റ് വാ മനുഷ്യാ..

അടുക്കളയിലെത്തി നോക്കിയതും അടുപ്പും,സ്ലാബും കുളമായി കിടക്കുന്നു.

ഇതെന്താടി,ഇതെങ്ങനെ ചരിഞ്ഞുപോയി?

ചരിഞ്ഞുപോയതല്ല തിളച്ചു പൊങ്ങി പോയതാ..സമയത്തു തേയിലയും,പഞ്ചസാരയും കിട്ടിയില്ല.കിട്ടിയപ്പോളേക്കും...

എങ്കിൽ നിനക്ക് അടുപ്പ് ഓഫ് ആക്കിക്കൂടാരുന്നോ?

ഞാൻ വെപ്രാളത്തിൽ കുറെ നോക്കി.അവസാനം ഊതി അണക്കാനും നോക്കി.പക്ഷെ അണഞ്ഞില്ല.

ദൈവമേ ഗ്യാസ് അടുപ്പ് നീ ഊതിയണക്കാൻ നോക്കിയോ..ഭാഗ്യം നീ വെള്ളം കോരി ഒഴിച്ചു അണക്കാഞ്ഞത്.അടുത്ത തവണ നീ ഫയർ ഫോഴ്സിനെ വിളിക്കുമോ..

അപ്പോഴേക്കും സംസാരം കേട്ട് 'അമ്മ അടുക്കളയിലേക്കെത്തി.

എന്താടാ രണ്ടു പേരും കൂടി വെളുപ്പാൻകാലത്തു അടുക്കളയിൽ?

അതുപിന്നെ അമ്മെ ഞങ്ങൾ ഒരു ഗ്യാസ് അടുപ്പ് വാങ്ങുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുവാരുന്നു.
ഗ്യാസ് അടുപ്പ് പുതിയതിനിപ്പോ എന്താമ്മേ വില??

ശുഭം(അല്ല )

Written by Alex John Joffin

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo