ഗ്രോബാഗിൽ നട്ടിരുന്ന ചെടിയിൽ നിറയെ പച്ചമുളക് കായ്ച്ചുകിടന്നിരുന്നു.
ഇത് അനുഗ്രഹ. എൻ്റെ ഭാര്യ ഒരു ചെടിയെ തൊട്ടുകൊണ്ട് പറഞ്ഞു. ഇതിന് നല്ല പച്ചനിറമുണ്ടാവും എരിവ് കുറവുമായിരിക്കും.
ഞാൻ വേറൊരു ചെടിയെ ചൂണ്ടി തമാശയായി ചോദിച്ചു.
ഇതേതിനമാ?
അവൾ ആവേശത്തോടെ വീണ്ടും പറഞ്ഞു.
അത് 'ഉജ്ജ്വല'. ചുവപ്പ് നിറമാകും. എരിവ് കൂടുതലാണ്.
നിരയായി അടുക്കി വച്ചിരുന്ന ഗ്രോബാഗുകളിലെ അങ്ങേത്തലയ്ക്കലേക്ക് കൈ ചൂണ്ടി അവൾ തുടർന്നു.
അത് മഞ്ജരിയാണ്.
മഞ്ജരിയോ? ഞാൻ ചിരിയോടെ അവളെ നോക്കി.
മഞ്ജരി , ജ്വാലാമുഖി ഇവയൊക്കെ മികച്ചയിനം പച്ചമുളക് വർഗ്ഗങ്ങളാണ്.
എപ്പോഴോ എൻ്റെ കണ്ണുകൾ ഗ്രോബാഗിൽ ശോഷിച്ചുനിന്ന ഒരു ചെടിയിൽ ഉടക്കി. എൻ്റെ ചിന്ത വായിച്ച വണ്ണം ഭാര്യ പറഞ്ഞു.
അന്നുവാങ്ങിയതിൽ ആ ഒരു തൈ മാത്രം ഗുണം പിടിച്ചില്ല.
ഞാൻ ശോഷിച്ചുനിന്ന ആ ചെടിയുടെ അടുത്തേക്ക് നടക്കവേ പിറകിൽ നിന്നവൾ പിന്നേയും പറഞ്ഞു.
അത് പിഴുതുകളഞ്ഞിട്ട് പുതിയ തൈ നടണം.
കുറച്ചിലകളുമായി നേർത്ത ഒരു ചെടി. അതിൻ്റെ തളർന്ന കൊമ്പുകളിൽ ഒരു ചെറിയ പച്ചമുളക് ആർക്കും വേണ്ടാതെ പഴുത്തുകിടന്നിരുന്നു.
ദേ ഇതും കായ്ച്ചിട്ടുണ്ട്.
എൻ്റെ ശബ്ദം ഇടറിയിരുന്നു.
കൂട്ടത്തിൽനിന്ന് നാണിച്ച് കായ്ച്ചതാവും .അവളുടെ ചിരി ഞാൻ കേട്ടു.
ആ ചെടിയുടെ ഇനത്തെപറ്റി ഞാൻ ചോദിച്ചില്ല. ഭാര്യ അത് പറഞ്ഞതുമില്ല.
എന്തോ ആലോചിച്ചുകൊണ്ട് ഞാനവിടെ കുറച്ചുനേരം നിന്നു.
പണ്ട് ഞാനും...
എന്തോ പറയാൻ ശ്രമിച്ച് ഞാൻ വാക്കുകൾ വിഴുങ്ങി. .
പഴുത്തുനിന്ന ചെറിയ പച്ചമുളക് ഞാൻ അടർത്തിയെടുത്ത് ഞാനവൾക്കുനേരേ നീട്ടി.
നേർത്ത കമ്പുകളാട്ടി ചെടിയെന്തോ പറയാൻ ശ്രമിച്ചു. അതിനാവാതെ വന്നപ്പോൾ ഒരു പഴുത്തയില എൻ്റെ കാൽച്ചുവട്ടിലേക്ക് ഒരു തുള്ളി കണ്ണുനീരായി കൊഴിഞ്ഞു വീണു.
...പ്രേം മധുസൂദനൻ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക