നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രൈവസി ( കഥ)


" മക്കൾ പ്രായപൂർത്തിയായാൽ അവർക്ക് അവരുടേതായ പ്രൈവസിയുണ്ടെന്ന് അമ്മയ്ക്കിനിയെന്നാ മനസ്സിലാവുന്നേ "ന്ന് മനുക്കുട്ടൻ ചാടിത്തുള്ളിയ ദിവസമാണ്, അടുക്കളയോട് ചേർന്നുള്ള ഇടനാഴിയിലെ ഈ ഇരുമ്പ് കട്ടിലിൽ അമ്മ ആദ്യമായി വന്നുകിടന്നത്.

" കുറേനേരമായില്ലേ ഫോണിൽ നോക്കിയിരുന്നു പഠിയ്ക്കുന്നു... ഞാനവനീ പാല് കൊടുത്തിട്ട് വരാം...''ന്നു പറഞ്ഞ് പോയതായിരുന്നു അമ്മ..
പിന്നെന്താ ഉണ്ടായതാവോ.. രണ്ടുപേരും ഉച്ചത്തിൽ സംസാരിയ്ക്കുന്നുണ്ടായിരുന്നു പിന്നെ മനു വാതിൽ കൊട്ടിയടയ്ക്കുന്ന ശബ്ദവും കേട്ടു .
അമ്മയുടെ കണ്ണുകളിൽ നിന്നും രണ്ടു പുഴകൾ ഒഴുകുന്നുണ്ടായിരുന്നു. ആ ചൂടു കണ്ണീർ എന്നെ പൊള്ളിച്ചു. ആശ്വാസവാക്കു പറയണമെന്നെനിക്ക് തോന്നിയെങ്കിലും അമ്മയുടെ അടുത്ത് അനങ്ങാതെ
കിടക്കുകയാണ് ഞാൻ ചെയ്തത്.

കൊറോണ പടർന്നു പിടിച്ചേപ്പിന്നെ അച്ഛൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. രാവിലെ കുളി കഴിഞ്ഞ് മുറിയിച്ചവിടെയിരിയ്ക്കും. ആരെങ്കിലും അങ്ങോട്ട് ചെന്നാൽ ദേഷ്യപ്പെടും.
അച്ഛൻ പണ്ടേ അങ്ങനാ.. മുരടൻ സ്വഭാവമാ..

"അതങ്ങനെ കാണിയ്ക്കൂന്നുന്നേയുള്ളു..ആള്
പാവമാ''ന്നാ അമ്മ പറയുന്നത്. അതെന്തായാലും എനിയ്ക്കച്ഛനെപേടിയാ..
കമലേച്ചീടെ കൂടെ ആദ്യായിട്ട് ഇവിടെ വന്നപ്പോ എന്നെയിവിടെ നിർത്താൻ അച്ഛനൊട്ടും ഇഷ്ടം കാണിച്ചില്ലായിരുന്നു.

"വേണ്ടാത്ത ഓരോ മാരണങ്ങള്'' ന്നച്ഛൻ പിറുപിറുത്തത് ഞാൻ നന്നായി കേട്ടതാ..
മനുക്കുട്ടന് വല്യ സന്തോഷായിരുന്നു. അതൊറ്റയ്ക്കല്ലേ വളരണേ. കളിയ്ക്കാൻ ഒരു കൂട്ടുകിട്ടിയ സന്തോഷം. എന്തു കഴിയ്ക്കുമ്പോഴും ഒരു പങ്ക് എനിയ്ക്കു തരും.
'കിങ്ങിണീ 'ന്നൊള്ള വിളി കേൾക്കാൻ തന്നെ നല്ല ചേലായിരുന്നു. ഇപ്പൊ മനുക്കുട്ടൻ എന്നെ മൈന്റു ചെയ്യാറേയില്ല. അമ്മയോടുള്ള കിന്നാരവും കുറഞ്ഞു. കുറച്ചു നാൾ മുമ്പുവരെ അമ്മയുടെ പുറകേ നടന്ന് കലപില കൂട്ടിയിരുന്ന ചെക്കനാ.. മനുഷ്യരെത്ര പെട്ടെന്നാ മാറിപ്പോകുന്നത്. ഇപ്പോൾ ഓരോരുത്തർ ഓരോ മുറികളിൽ ജോലിയും പഠിപ്പുമൊക്കെയായി അടച്ചു പൂട്ടിയിരിപ്പാ..
ഓരോരുത്തർക്കും ഓരോ ലോകങ്ങൾ....

"മായമ്മേ.... മായമ്മേ.... ''
തത്തപ്പെണ്ണ് ചിലയ്ക്കുന്നതാണ്. മനുഷ്യര് പറയുന്ന പോലെത്തന്നെയാണ് അവളുടെ സംസാരം
''കിങ്ങിണി.... കിങ്ങിണീ...''
ചില നേരങ്ങളിൽ അവളുടെ ചിലപ്പ് എന്നെ ദ്വേഷ്യം പിടിപ്പിയ്ക്കണ് ണ്ട്. ഇടനാഴിയിലെ ഇരുമ്പു കട്ടിലിൽ തനിയെയിരുന്ന് തേങ്ങിയ ഒരുച്ചയ്ക്ക് മായമ്മ അവളെ തുറന്നു വിട്ടതാണ്.
സ്വാതന്ത്യം കിട്ടിയ സന്തോഷത്തിൽ ഒന്നു വട്ടംചുറ്റിപ്പറന്നെങ്കിലും അവൾ തിരിച്ചു വന്ന് അമ്മയുടെ തോളത്തിരുന്നു. അവൾക്ക് അമ്മയെ വിട്ട് പോകാൻ കഴിയില്ലായിരുന്നു.
സൂര്യൻ നെറുകയിൽ കത്തിനിൽക്കുന്ന ഉച്ചനേരങ്ങളിൽ ഞാനും അമ്മയും പിന്നെ തത്തപ്പെണ്ണും ഞങ്ങളുടെ ലോകം ചമച്ചു.

ഈ വരാന്തയും കട്ടിലും ഇവിടെ ജോലിയ്ക്കു നിന്നിരുന്ന കമലേച്ചിയുടെ ഇടമായിരുന്നു. അന്നൊക്കെ നല്ല രസമായിരുന്നു. അമ്മയും കമലേച്ചിയും കൂടി പറയാത്ത വിശേഷങ്ങളില്ല. നാട്ടുവിശേഷങ്ങളും പഴങ്കഥകളുമൊക്കെപ്പറഞ്ഞ് ചിരിച്ച് വീട്ടുജോലികൾ തീർത്ത്....
അന്നൊക്കെ അമ്മ കുളിച്ച് വട്ടപ്പൊട്ടൊക്കെ തൊട്ട് സുന്ദരിയായി ഇരിയ്ക്കുമായിരുന്നു.
ഉറക്കെയുറക്കെ ചിരിക്കുമായിരുന്നു.
അച്ഛന്റെയും മനുക്കുട്ടന്റെയും ഇഷ്ടമനുസരിച്ചുള്ള പലഹാരങ്ങളുടെ ഗന്ധം അടുക്കളയിൽ നിറയുമായിരുന്നു..

മനുക്കുട്ടൻ സ്കൂളീന്ന് വന്നാ പിന്നെ അമ്മയുടെ പിറകെ നടന്ന് വിശേഷം പറഞ്ഞോണ്ടേയിരിയ്ക്കും. ഓരോരോ കുറുമ്പൊക്കെ ഒപ്പിച്ച് ടീച്ചർമ്മാരെ ചിരിപ്പിച്ചതും പെൺകുട്ടികൾ കളിയാക്കിയതുമൊക്കെ...
സുന്ദരമായ ആ വൈകുന്നേരങ്ങളിൽ അമ്മചെടികൾക്ക് വെള്ളം നനയ്ക്കുകയും
കിളികളോടും പൂക്കളോടും പുന്നാരം പറയുകയും ചെയ്തിരുന്നു. ഹോസ് തട്ടിപ്പറിച്ച് അമ്മയെ നനയ്ക്കുന്നത് മനുക്കുട്ടന്റെ വികൃതിയായിരുന്നു. അമ്മയും മോനുംഅങ്ങോട്ടുമിങ്ങോട്ടും വെള്ളം ചീറ്റിച്ച് നനഞ്ഞ് കുതിർന്ന് ചിരിച്ച് തിമിർക്കുന്നത് കാണുമ്പോൾ ഇവർക്ക് ഭ്രാന്താണോന്ന് വരെ തോന്നിയിട്ടുണ്ട്.
അത്ര വലിയ ചെക്കനായിട്ടും അമ്മ വാരിക്കൊടുക്കുന്ന ഉരുള തിന്നാൻ മനുക്കുട്ടന് ഇഷ്ടായിരുന്നു.
"അമ്മ വാരിത്തരുമ്പൊ നല്ല രുചിയാന്ന് " പറഞ്ഞ് അമ്മയ്ക്കുമ്മ കൊടുക്കും. അന്നൊക്കെ അമ്മ നിറഞ്ഞു ചിരിച്ചിരുന്നു.

"മനുക്കുട്ടൻ മായമ്മേടെ തനിപ്പകർപ്പാ... വർത്താനോം സ്വഭാവോം എല്ലാം ഒരു പോലെ "
മനുക്കുട്ടൻ കിലുകിലാന്ന് വർത്താനം പറയുമ്പോകമലേച്ചിഅമ്മയോട് പറയുന്നതാ.
അച്ഛന് മനുക്കുട്ടന്റെ കലപില കൂട്ടൽ ഇഷ്ടല്ലായിരുന്നു.
" ആൺകുട്ടികളായാ അല്ലം കാര്യ ഗൗരവമൊക്കെ വേണം. അതെങ്ങനാ പുന്നാരിച്ച് വഷളാക്കി വെച്ചിരിക്കുകയല്ലേ.. " ന്ന്
അച്ഛൻ കുറ്റപ്പെടുത്തും.
" വായ തുറന്ന് മിണ്ടിയാ മുത്തു പൊഴിയൂന്നാ ഇവിടൊരാൾടെവിചാരം..''
"ഒന്നു മിണ്ടാനും പറയാനും ആ കൊച്ചെങ്കിലും ഉണ്ടായതോണ്ടാ ഞാൻ ശ്വാസം മുട്ടിച്ചത്തു പോവാഞ്ഞത്... " അമ്മ കമലേച്ചിയോട് പരാതി പറയും. അപ്പോഴൊക്കെ എനിക്കൊന്നു മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനുളളിൽ തേങ്ങിയിട്ടുണ്ട്. തത്തപ്പെണ്ണ് വിളിക്കുമ്പോലെ മായമ്മേന്നൊന്നു വിളിയ്ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് എന്റെ ഉള്ള് തുടിയ്ക്കാറുണ്ട്.
കോളേജിൽ പോയിത്തുടങ്ങിയേപ്പിന്നെ മനുക്കുട്ടൻ വല്ലാതെ മാറിപ്പോയി. എപ്പോഴുംസ്വന്തം മുറിയിൽ കംപ്യൂട്ടറിന്റെ മുന്നിലും പിന്നെഫോണിലുമായി മനുക്കുട്ടന്റ ലോകം വലുതായപ്പോ അമ്മയുടെ ലോകം വല്ലാതെ നിറം മങ്ങുകയായിരുന്നു.
"ഏയ് അവൾക്ക് വാട്ട്സാപ്പും ഫെയ്സ് ബുക്കുമൊന്നും നോക്കാനറിയില്ല..... അവളൊരു പഴഞ്ചനാ... കുട്ടി വെറുതെ പേടിക്കണ്ട'ന്ന് അച്ഛൻ ആരോടോ പറഞ്ഞത് അബദ്ധത്തിൽ കേട്ടന്ന് മുതലാണ് അമ്മ രാത്രിയുറക്കവും ഇവിടെയാക്കിയത്. അന്നു മുതലാണ് അമ്മഎപ്പൊ വേണമെങ്കിലും പെയ്യാവുന്ന ഒരു മഴക്കാറായി മാറിയത്.

അമ്മയ്ക്ക് വയ്യാതാവുകയായിരുന്നു. കമലേച്ചിയെങ്കിലും ഉണ്ടായിരുന്നെങ്കിലൊരാശ്വാസമായേനെ. വയ്യാഞ്ഞിട്ടും അമ്മ വീട്ടുകാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നു. പിന്നെ പിന്നെ അതും കഴിയാതായി. അമ്മ എല്ലാം മറന്നു പോയിത്തുടങ്ങി. അച്ഛൻ പലപ്പോഴും ഉറക്കെ ദ്വേഷ്യപ്പെട്ടു.... അപ്പോഴൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അമ്മ പകച്ചു നിന്നു .. പിന്നെ അമ്മ ഒന്നും ചെയ്യാതായി. കുറേ നേരം എവിടെയെങ്കിലും കൂനിക്കൂടിയിരിക്കും പിന്നെ വളഞ്ഞു കൂടിക്കിടക്കും... അമ്മയെ തൊട്ടുരുമ്മി ഞാനും
ഒരാഴ്ച മുമ്പാണ് കമലേച്ചിവീണ്ടും വന്നത്. അമ്മയുടെ കോലം കണ്ട് കമലേച്ചി കരഞ്ഞുപോയി. അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.കമലേച്ചി വന്നേപ്പിന്നെ സമയത്തിന് ഭക്ഷണം കഴിപ്പിച്ചും മരുന്നു കൊടുത്തുമൊക്കെ വന്നപ്പൊ അമ്മയുടെ ആരോഗും ഭേദപ്പെട്ടു തുടങ്ങി.

ഇന്നലെയാണ് ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് അമ്മ പഴയ പോലെ ഒരു പാട് മിണ്ടാൻ തുടങ്ങിയത്.
"എന്റെ ചെടികളൊക്കെ വാടിപ്പോയി.. ". ന്ന് സങ്കടം പറഞ്ഞു. പൂക്കളൊഴിഞ്ഞ ചെടികൾ കുറ്റബോധത്തോടെ തല കുനിച്ചു.. സാരമില്ല പോട്ടേയെന്ന് അമ്മ ആശ്വസിപ്പിച്ചു. അമ്മയ്ക്കേറ്റവും ഇഷ്ടമുള്ള ചെമ്പകം നിറച്ചു പൂത്തിരിയ്ക്കുന്നത് കണ്ട് "ചെമ്പകപ്പൂ മണമുള്ള ... "എന്നൊരു പാട്ടുമൂളി അമ്മ പുഞ്ചിരിച്ചു.

.ഇന്നലെമുഴുവൻ കഥ പറയലായിരുന്നു. അമ്മയുടെ നാടിനെക്കുറിച്ച്.. കുട്ടിക്കാലത്തെക്കുറിച്ച്... പിന്നെ പണ്ടു പണ്ടത്തെ ഒരു കുഞ്ഞിഷ്ടത്തെക്കുറിച്ച്...
" പ്രാണസഖി ഞാനൊരു പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ വേണുവൂതുമാട്ടിടയൻ"
എന്ന പാട്ട് അമ്മയ്ക്കു വേണ്ടി പാടുമായിരുന്ന ഒരുപാടൊരുപാട് തമാശകൾ പറയുമായിരുന്ന ഒരു പാവം കൂട്ടുകാരനെക്കുറിച്ച്..
അത് വീട്ടിലറിഞ്ഞപ്പൊ പതിനെട്ടു തികയും മുൻപേ ഉദ്യോഗസ്ഥനെക്കൊണ്ട് കല്യാണം കഴിപ്പിച്ചതിനെക്കുറിച്ച്...അതൊക്കെ പറയുമ്പോൾ അമ്മ സ്വയം ഒരു കുഞ്ഞായും പിന്നെയൊരു കൗമാരക്കാരിയായും മാറി.
ഓർമ്മകൾ ഒരു കുസൃതിക്കുരുന്നിനെപ്പോലെ അങ്ങുമിങ്ങുമോടിക്കളിച്ചു.. അവയ്ക്കൊപ്പം ചിരിച്ചും കളിച്ചും പിന്നെ കരഞ്ഞും അമ്മ തളർന്നു... ചിരിയുടേയും കരച്ചിലിന്റെയും അവസാനം പെട്ടെന്ന് വല്ലാതെ ചുമച്ച് കിതച്ച് വിയർത്താണ് അമ്മ കുഴഞ്ഞു വീണത്...

കമലേച്ചിയാണ് ഉറക്കെ കരഞ്ഞു കൂവി ആളെക്കൂട്ടിയത്. ആരൊക്കെയോ കൂടി എടുത്ത് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
"ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഞാനോർത്തില്ലല്ലോയെന്റീശ്വരാ..." കമലേച്ചി പതം പറഞ്ഞു കരഞ്ഞു.
കമലേച്ചിയാണ് നല്ല മധുരമിട്ട പാൽ അമ്മയ്ക്ക് കൊടുത്തത്. അമ്മ അതിൽ ഒരു പാട് മരുന്നുകൾ കൂടി ചേർത്തത്രെ...
'' മായമ്മേ.. മായമ്മേ...''
തത്തപ്പെണ്ണുചിലച്ചു....
"മായമ്മ പോയെന്റെ തത്തപ്പെണ്ണേയെന്ന് കമലേച്ചിനെഞ്ചത്തടിച്ചു കരഞ്ഞു..."

കട്ടിലിനരികിൽ അമ്മ കുടിച്ചു ബാക്കി വെച്ച പാൽ.... എന്നത്തെയും പോലെ അമ്മയെനിയ്ക്കായി വെച്ചതാവും...
ഞാനത് നക്കിക്കുടിച്ചു.

പൂമണം പേറി വന്ന ഒരു കുഞ്ഞിക്കാറ്റിനൊപ്പം ഒരപ്പൂപ്പൻ താടി പോലെ ഞാൻ പറന്നുയരുന്നു..
എന്റെ പ്രിയപ്പെട്ട മായമ്മയോടൊപ്പം... എനിക്കിപ്പൊ മിണ്ടാൻ കഴിയുന്നുണ്ടല്ലോ.. കഥകൾ പറഞ്ഞ് ചിരിച്ച് ഞങ്ങൾ പറന്നുയരുകയാണ്... ചെമ്പകപ്പൂമണമുള്ള ഞങ്ങളുടെ ലോകത്തേക്ക്...

**********************************************

Written by Satheedevi Radhakrishnan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot