Slider

കലഹം പലവിധം ഉലകിൽ..

0


"ദേ. അച്ഛൻ അമ്മയെ ഡിവോഴ്‌സ് ചെയ്യുമെന്ന്..."

ബിന്ദുവിന്റെ വെപ്രാളത്തോടെയുള്ള വിളികേട്ടാണ് ഹരി ഉണർന്നത്. പ്രൊജക്റ്റ് ഡെലിവറി കഴിഞ്ഞ് കിടന്നപ്പോൾ തന്നെ സമയം ഒന്നര കഴിഞ്ഞിരുന്നു.

“സമയം എത്രയായി? ആദ്യം അത് പറയു” ഹരി ചോദിച്ചു

“അഞ്ചര. ഒന്നെണീക്കൂ. ഇവിടെ ആകെ പ്രശ്നമാണ്.”

“എന്തുപറ്റി ബിന്ദു?”

“അച്ഛൻ അമ്മയെ ഡിവോഴ്‌സ് ചെയ്യുമെന്ന്"

“എന്നിട്ട്. അമ്മ സമ്മതിച്ചോ?”

“ഇല്ല. അവർ തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം നടക്കുകയാണ്”

“ഓ. എന്നാൽ കുറച്ച് സമയംകൂടി എടുക്കും. നീ ഇവിടെയിരിക്ക് ബിന്ദു, നിനക്കിത് ഏഴാം മാസമാണ്, വെറുതെ ഓരോന്ന് ചിന്തിച്ച് മനസ്സ് വേദനിപ്പിച്ചാൽ എന്റെ കുഞ്ഞിവാവക്ക് ടെൻഷൻ ആവും.”

“ദേ തമാശയല്ലട്ടോ , പെട്ടെന്നൊന്ന് പോയി ഇടപെട്, കാര്യം വഷളാവും മുൻപ്.”

“അമ്മയും അച്ഛനും നിന്നെ കണ്ടോ?”

“ഇല്ല”

“സാധാരണ ഈ സമയത്തൊന്നും നീ എഴുന്നേൽക്കുന്ന പതിവില്ലല്ലോ , അല്ലേ ?”

“ഇല്ല, ഞാൻ ഒന്ന് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റതാ. അപ്പോഴാണ് പിറകിലത്തെ മുറ്റത്തുനിന്നും ശബ്ദം കേട്ടത്.”

“നീയ്യിവിടെ സമാധാനമായി ഇരിക്ക്. അവരുടെ ഇരുപത്തിയൊമ്പതാം വിവാഹവാർഷികമല്ലേ കഴിഞ്ഞത്, ഇതുവരെ ഡിവോഴ്സ് ആയില്ലല്ലോ.”

“ഏട്ടാ. അവർ സീരിയസ് ആണ്.”

ബിന്ദു ഞാൻ പറയട്ടെ, അവരുടെ ഈ വഴക്കും ഡിവോഴ്സ് ഭീഷണിയും തുടങ്ങിയിട്ട് പത്തിരുപത്തിയാറ് കൊല്ലമായി. അച്ഛൻ ജോലിക്ക് പോകുന്ന കാലത്തുതൊട്ടുള്ള പതിവാണ് അഞ്ചുമണിക്ക് എഴുന്നേൽക്കൽ. പിറകുവശത്തെ മുറ്റത്തെ വിറകടുപ്പ് കത്തിച്ച് കുളിക്കാനുള്ള വെള്ളം തിളപ്പിക്കലും അച്ഛന്റെ കാലത്തെ കട്ടൻകാപ്പി ഉണ്ടാക്കലും എല്ലാം. ആ സമയത്താണ് പലപ്പോഴും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും വഴക്കുകളും എല്ലാം, നീ കണ്ടിട്ടില്ലെന്ന് മാത്രം.”

വലിയൊരു തറവാട് ആയിരുന്നു അച്ഛന്റേത്. അമ്മ തറവാട്ടിലേക്ക് വരുമ്പോൾ അച്ഛച്ഛനും അച്ഛമ്മക്കും പുറമെ അച്ഛമ്മയുടെ അമ്മാവനും എന്റെ വല്യച്ഛനും ഉണ്ടായിരുന്നു. വല്ല്യച്ഛന് രണ്ടു സ്ക്രൂ കുറവും വല്ല്യമ്മാമന് രണ്ട് സ്ക്രൂ കൂടുതലും ആയിരുന്നു. ഭക്ഷണം പാകം ചെയ്യലും പറമ്പിലെ പണികൾ നോക്കലും എല്ലാമായി അമ്മ കല്യാണം കഴിഞ്ഞു വന്നതിൽ പിന്നെ അധികവും അച്ഛന്റെവീട്ടിൽ തന്നെ ആയിരുന്നു.

അച്ഛന് ടൗണിൽ ഒരു ചെറിയ ജോലിയായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോളാണ് റാണിചേച്ചിയുടെ ജനനം അച്ഛമ്മയും അമ്മയും നല്ല ട്യൂണിങ്ങ് ആയിരുന്നു. അമ്മ പറയാറുണ്ട് അച്ഛമ്മ വളരെ ബോൾഡ് ആയിരുന്നുവെന്ന്. ഏതൊരു കാര്യത്തിനും സ്വന്തമായ ഒരു പൊസിഷൻ എടുക്കാൻ അമ്മയെ പഠിപ്പിച്ചത് അച്ഛമ്മയാണ്. പറയാനുള്ളത് പറയണം കിട്ടിയാലായി. അല്ലാതെ കിടക്കയിൽ ഭർത്താവിന്റെ ചെവിയിലല്ല ഓതേണ്ടത് എന്നതാണ് അച്ഛമ്മയുടെ ഒരു ചിട്ട.

ഇവരുടെ ആദ്യഡിവോഴ്സ് ഭീഷണി തുടങ്ങിയത് റാണിചേച്ചിക്ക് ഒരു വയസ്സായപ്പോഴാണ്. ആ സമയത്ത് അച്ഛന് സർക്കാരുദ്ദ്യോഗം തിരുവനന്തപുരത്ത് ലഭിച്ചു. അമ്മയാണെങ്കിൽ തറവാട്ടിലെ അടുക്കളയിൽ കരിയും പുകയും തിന്ന് കഴിയുന്നു. അച്ഛൻ അമ്മയോട് തിരുവന്തപുരത്തേക്ക് മാറുന്നതിനെപ്പറ്റി പറഞ്ഞു. അച്ഛമ്മയ്ക്ക് എല്ലാം ഒറ്റയ്ക്ക് ആവില്ലെന്ന് പറഞ്ഞ് അമ്മ മാറിത്താമസിക്കാൻ തയ്യാറായില്ല, പിന്നീട് ഡിവോഴ്സ് ഭീഷണി വരെയെത്തി . അവസാനം അമ്മ പറഞ്ഞു നിങ്ങൾ എന്നെ ഡിവോഴ്സ് ചെയ്യുന്നെങ്കിൽ ചെയ്യ് ഞാൻ വരില്ല എന്ന് പറഞ്ഞതോടെ ആ വഴക്ക് അവസാനിച്ചു. ഇത് അച്ഛൻ തന്നെ പറഞ്ഞതാണ് ട്ടോ.

പിന്നീട് വഴക്ക് നടക്കുന്നത് റാണിചേച്ചിക്ക് ഒരു കൂട്ട് വേണമെന്ന് അമ്മ പറഞ്ഞപ്പോഴാണ്. വരവും ചിലവും കൂട്ടിക്കിഴിച്ചപ്പോൾ വീണ്ടുമൊരു കുട്ടികൂടി വേണമെന്ന ആശയത്തിനോട് അച്ഛൻ യോചിച്ചില്ല. ദിവസങ്ങളോളം നീണ്ടുനിന്ന ആ വഴക്ക് അമ്മയുടെ ലോജിക്കിൽ അവസാനം അച്ഛന്റെ ഡിവോഴ്സ് ഭീഷണി പോലും അലസിപ്പോയി. അങ്ങിനെ ഞാൻ ഭൂജാതനായി. പിന്നീട് അവരുടെ വഴക്കുകൾ മുറപോലെ തുടർന്നുകൊണ്ടേയിരുന്നു .

കാലം കടന്നുപോയി അച്ഛമ്മയും അച്ഛച്ഛനും വല്ല്യമ്മാമനും വല്യച്ഛനും എല്ലാവരും ചുമരിലേക്ക് കയറിയിരുന്നു.

റാണിചേച്ചി പത്തിൽ എത്തിയപ്പോഴാണ് അടുത്ത പോരാട്ടം നടന്നത്. റാണിചേച്ചിക്ക് ഡോക്ടർ ആവണമെന്ന് മോഹം, കുറഞ്ഞത് പത്തൻപത് ലക്ഷം ചെലവുള്ള കാര്യമായതിനാൽ അച്ഛൻ തയ്യാറായില്ല, മാത്രവുമല്ല കല്ല്യാണം കഴിഞ്ഞു പോകാനുള്ളതും.. പക്ഷെ അമ്മ സമ്മതിച്ചില്ല, അമ്മയുടെ പേരിൽ ഭാഗത്തിൽകിട്ടിയ ഭൂമി വിറ്റിട്ടായാലും ചേച്ചിയെ പഠിപ്പിക്കുമെന്ന് ശാഠ്യം പിടിച്ചു. പെൺകുട്ടികൾക്ക് ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം എന്നതായിരുന്നു അമ്മയുടെ വാദം. അവസാനം അച്ഛൻ തയ്യാറായി, പക്ഷെ റാണിചേച്ചിക്ക് വാശിയായി, നല്ല മാർക്ക് വാങ്ങി സ്കോളർഷിപ്പോടെ പഠിച്ചു, റാങ്ക് കിട്ടി. ഡോക്ടറായി.

ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു വീണ്ടും അവരുടെ നാടകം അരങ്ങേറിയത്. അച്ഛൻ എനിക്ക് വേണ്ടി ബാംഗളൂരിൽ ഒരു എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് പറഞ്ഞുവെച്ചിട്ടുണ്ടെന്നും എത്ര പണം കൊടുത്തായാലും എന്നെ എഞ്ചിനീയർ ആകുമെന്ന പിടിവാശി. പക്ഷെ അമ്മ സമ്മതിച്ചില്ല, പഠിക്കാൻ ബുദ്ധിയുണ്ടായിട്ടും മടിപിടിച്ച് നടക്കുന്ന എന്നെ അങ്ങിനെ സ്വതന്ത്രനായി വിട്ടാൽ ഞാൻ വഴിതെറ്റിപ്പോകും എന്ന അമ്മയുടെ നിലപാടിൽ ഉറച്ചുനിന്നു കിട്ടിയ മാർക്കിന് അനുസരിച്ച് നാട്ടിൽ ഇക്കണോമിക്സ് എടുത്ത് പഠിപ്പിച്ചാൽ മതിയെന്നായിരുന്നു അമ്മയുടെ വാദം. അമ്മയുടെ വാക്കുകൾ എന്നെ വെല്ലുവിളിക്കുന്നതായി തോന്നി. ഞാൻ പഠിച്ച് എൻട്രൻസ് പാസ്സായി ടൗണിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു. എന്റെ പഠനകാര്യത്തിന് അവർ വഴക്കുകൂടിയപ്പോൾ ഡിവോഴ്സ് വിഷയം എടുത്തിട്ടില്ല, അതിൽ എന്റെ നീരസം അവരെ അറിയിച്ചിരുന്നു

പിന്നീട് കോളിളക്കം സൃഷ്ടിച്ച വഴക്ക് നടന്നത് റാണിചേച്ചിയുടെ വിവാഹത്തിനാണ്. ചേച്ചി കൂടെ ജോലിചെയ്യുന്ന ഒരു ഡോക്ടർ സച്ചിയുമായി പ്രണയമായി അവർ വിവാഹം കഴിക്കാനും തീരുമാനിച്ചു. അച്ഛൻ ഒട്ടും സമ്മതിച്ചില്ല. പിന്നീട് റാണിചേച്ചിയും സച്ചിയും രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അന്ന് അച്ഛനും അമ്മയും വീണ്ടും വഴക്കായി. ഇഷ്ടപ്പെട്ടവർ ഒന്നിക്കട്ടെ. അവരുടെ തീരുമാനം തെറ്റാണെങ്കിൽ കൂടി, നമ്മൾ അതിന് വിലങ്ങുതടിയാവരുതെന്ന് അമ്മ പറഞ്ഞു അന്നുതന്നെ അച്ഛനും അമ്മയും സച്ചിയുടെ വീട്ടിൽ പോയി കാര്യങ്ങൾ സംസാരിച്ചു, അവരുടെ വിവാഹം കേമമായി നടത്തിക്കൊടുത്തു. അങ്ങിനെ അവരുടെ ഡിവോഴ്സ് വീണ്ടും അലസിപ്പോയി.

ഇക്കഴിഞ്ഞ കൊല്ലങ്ങളിലൊന്നും ഇവർ ഡിവോഴ്സ് ചെയ്തിട്ടില്ല. ഇനി ഇന്നെന്തിനാണ് അവർ വഴക്കുണ്ടാക്കുന്നതെന്ന് വഴിയേ അറിയും. നീ ടെൻഷൻ അടിക്കാതെ ഒന്നുകിൽ ഇവിടെ കിടക്ക്, അല്ലെങ്കിൽ പോയി പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്‌തോളൂ, ഞാനൊന്ന് കിടക്കട്ടെ.

ബിന്ദു അലമാരിയിൽ നിന്നും കുളിച്ച് മാറാനുള്ള വസ്ത്രങ്ങൾ എടുക്കുമ്പോഴാണ് അമ്മ വാതിലിൽ മുട്ടിയത്.

“നിങ്ങളെന്താ നേരത്തെ എഴുന്നേറ്റോ. എന്തുപറ്റി. ബിന്ദുഎവിടെ?” അമ്മ ചോദിച്ചു

“അവൾ അതാ കുളിച്ച് മാറാനുള്ള വസ്ത്രങ്ങൾ എടുക്കുന്നു. എന്തുപറ്റി” അപ്പോഴേക്കും ബിന്ദു അങ്ങോട്ടെത്തി.

“എന്താ അമ്മെ?”

“മോളെ. പ്രസവത്തിന് സ്വന്തം വീട്ടിൽ പോകുക എന്നൊരു പതിവുണ്ട്. അച്ഛൻ എന്തെങ്കിലും പറഞ്ഞോ”

“ഇന്നലെ വിളിച്ചപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞിരുന്നു. അച്ഛൻ വരാമെന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ട് ദിവസമൊക്കെ നിശ്ചയിക്കാൻ.”

“മോളെ. അവിടെ അച്ഛൻ ഒറ്റക്കല്ലേ, അതും നാട്ടിൻപുറം. ഒരു നല്ല ആശുപത്രി എത്തണമെങ്കിൽ ഒരുമണിക്കൂർ ബസ്സിൽ ഇരിക്കണം. മാത്രവുമല്ല, അമ്മയും ഇല്ലല്ലോ. അച്ഛന് എല്ലാം നോക്കിയെത്തിക്കാൻ പറ്റില്ല. നമുക്ക് പ്രസവം ഇവിടെയായാൽ പോരെ? ഇവന്റെ അച്ഛനാണ് പറഞ്ഞത്, എനിക്ക് ആ വഴിക്ക് ചിന്തയേ പോയില്ല. ഇവിടെയാവുമ്പോൾ ഞാനും ഇവന്റെ അച്ഛനും, വിളിപ്പാടകലെ റാണിയും സച്ചിയും എല്ലാവരും ഉണ്ടല്ലോ. ചടങ്ങുകൾ ഒക്കെ നമുക്ക് മുറപോലെ നടത്താം. നിങ്ങൾ ഒന്ന് ആലോചിക്കൂ"

അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ബിന്ദു കട്ടിലിൽ ഹരിയുടെ അടുത്ത് വന്നിരുന്നു.

“മനസ്സിലായല്ലോ ബിന്ദു, ഇന്നവർ എന്തിനാണ് കാലത്തെഴുന്നേറ്റ് വഴക്കു കൂടി ഡിവോഴ്സ് ചെയ്യാൻ പോയതെന്ന്. അമ്മ ചിട്ടവട്ടങ്ങളും ചടങ്ങുകളും ഒക്കെ പറഞ്ഞുകാണും അച്ഛൻ പ്രായോഗികമായ കാര്യവും. ഇത്തവണ അച്ഛൻ ജയിച്ചു. ഇതൊക്കെക്കൊണ്ടാണ് എന്റെയും റാണിച്ചേച്ചിയുടെയും ജീവിതത്തിൽ ഇവർ രണ്ടുപേരും റോൾ മോഡൽസ് ആയത്. രണ്ടുപേർക്കും പരസ്പരം ബഹുമാനിക്കാനുള്ള മനസ്സുണ്ട്, എത്ര വഴക്കുകൂടിയാലും ശരിയും തെറ്റും രണ്ടുപേർക്കും അറിയാം, പിന്നെ സുതാര്യത, അവർക്ക് പരസ്പരം മറച്ചുവെക്കാൻ ഒന്നുമില്ല.”

“ഏട്ടാ. സത്യത്തിൽ ഞാൻ ആകെ അസ്വസ്ഥയായിരുന്നു. അമ്മ മരിച്ചതോടെ അച്ഛൻ മാനസികമായി വല്ലാതെതളർന്നുപോയി. അമ്മയുണ്ടായിരുന്നെങ്കിൽ എല്ലാം നോക്കിയും കണ്ടും അച്ഛനോട് പറയും. വീട്ടിലെ അസൌകര്യമൊന്നും മകളുടെ ഭർത്താവിന്റെ അച്ഛനോടും അമ്മയോടും പറയാൻ പറ്റില്ലല്ലോ, നാട്ടുമര്യാദകൾ ഒക്കെ നോക്കണ്ടേ. അച്ഛന്റെ വലിയൊരു ആധിയാണ് ഇന്ന് ഏട്ടന്റെ അമ്മയും അച്ഛനും കണ്ടറിഞ്ഞുമനസ്സിലാക്കിയത്.”

ഹരിയുടെ മാറിൽ തലചായ്ച്ച് ബിന്ദു അത് പറയുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു

(ശുഭം)

ഗിരി ബി വാരിയർ
27 സെപ്തംബർ 2020

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo