നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യയുടെ ബിരിയാണിയും മാഡത്തിൻ്റെ പിരിയാണിയും (കഥ)


മാസങ്ങൾക്ക് മുമ്പ് കോവിഡ് ഇവിടെ വരുന്നതിൻ്റെയും മുമ്പ്, ഒരു ദിവസം നട്ടുച്ചക്ക് തിന്നാനൊന്നും കിട്ടീല.കലശലായ വിശപ്പ്. സാധാരണ കലശലായ വിശപ്പുണ്ടായാൽ ബിരിയാണിയാണ് ആദ്യം നോക്കുക. ഞായറാഴ്ച ആയതിനാൽ ഹോട്ടലുകളൊക്കെ അടവ്.

ഇനിയിപ്പൊസിറ്റിയിൽ നിന്ന് മാത്രമെ ബിരിയാണി കിട്ടാൻ ചാൻസുള്ളു എന്ന് മനസ്സിലാക്കി ഞാൻ അങ്ങോട്ട് നടന്നു.

അൽപം നടന്നപ്പോൾ തന്നെ ബിരിയാണിയുടെ മണം മൂക്കിലടിക്കാൻ തുടങ്ങി.
നോക്കിയപ്പോഴുണ്ട് തൊട്ടു മുന്നിലൊരു കൊട്ട വണ്ടിയിൽ ബിരിയാണിച്ചെമ്പും രണ്ട് മൂന്ന് പാത്രങ്ങളും ഇരിക്കുന്നു.

ടൗണിലേക്ക് പോവുകയായിരുന്ന ഞാൻ പെട്ടെന്നവിടെ നിന്നു. കൊട്ട വണ്ടി പോകുന്ന സ്ഥലം കണ്ടു പിടിക്കലായിരുന്നു ലക്ഷ്യം.

കുറച്ചപ്പുറത്തെ ഒരു കെട്ടിടത്തിലേക്കാണ് കൊട്ട വണ്ടി പോയത്.

ആ കെട്ടിടത്തിൻ്റെ പരിസരത്ത് കുറച്ച് വാഹനങ്ങളൊക്കെ നിർത്തിയിട്ടിട്ടുണ്ട്.

അപ്പൊ അവിടെ എന്തോ പരിപാടി നടക്കുന്നുണ്ട് എന്ന് എനിക്ക് വേഗം മനസ്സിലായി.

ചെറിയൊരു കോൺഫ്രൺസ് നടത്താൻ പറ്റിയ ഒരു ഹാളായിരുന്നു അത്.

സത്യം പറഞ്ഞാ ബിരിയാണിച്ചെമ്പ് കണ്ട തോട് കൂടി എൻ്റെ നിയന്ത്രണം വിട്ടിരുന്നു.

വിശപ്പിൻ്റെ വിളിയാളവും ബിരിയാണിയുടെ മണവും ഒത്തുചേരുമ്പോഴുണ്ടാകുന്ന ആ പ്രത്യേക അവസ്ഥയുണ്ടല്ലൊ!.
പിന്നെയൊന്നും പറയണ്ട.

ഞാനാ ബിരിയാണിച്ചെമ്പിൻ്റെ പിറകേ നടന്നു. ഞാനവിടെ എത്തിയപ്പോഴേക്കും വണ്ടി തിരിച്ച് ചെമ്പ് താഴെ ഇറക്കാൻ പാകത്തിൽ നിർത്തിക്കഴിഞ്ഞിരുന്നു.

നേരെ മുകളിലെ നിലയിലാണ് കോൺഫ്രൺസ് നടക്കുന്നത്. താഴെ കാലിയാക്കിയിട്ട ഒരു ഒറ്റ റൂമിലാണ് ചെമ്പ് ഇറക്കി വയ്ക്കുന്നത്.

അവിടെ വച്ച് കണ്ടയ്നറിൽ പാക്ക് ചെയ്ത് മുകളിലെത്തിക്കാനാണ് പരിപാടിയെന്ന് എനിക്ക് മനസ്സിലായി.

ഡ്രൈവർ വണ്ടിയിൽ നിന്നി ഇറങ്ങുന്നതിന് മുന്നേ ഞാൻ ചെമ്പിൽ പിടുത്തമിട്ടു.

സംഘാടകർ ഞാൻ ബിരിയാണി വയ്പുകാരൻ്റെ ആളാണ് എന്ന് കരുതാൻ വേണ്ടിയായിരുന്നു ചെമ്പ് പിടിച്ചിറക്കാൻ സഹായിച്ചത്. മാത്രമല്ല ബിരിയാണി പാക്ക് ചെയ്യാൻ എന്നോട് തന്നെയായിരിക്കും പറയുക.

ഭാഗ്യത്തിന് ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങാതെ തന്നെ, വണ്ടിയെടുത്തു സ്ഥലം വിട്ടു.

ബിരിയാണി പാക്ക് ചെയ്യാൻ നിന്നാൽ വേറൊരു ഗുണവുമുണ്ട്.
ഇടയ്ക്കിടയ്ക്ക് ഓരോ കഷ്ണം വായിലിടുകയും ചെയ്യാം.
സീറ്റ് ലോഡ് കണക്കാക്കി ബാക്കിയുള്ളതിൽ നിന്ന് അൽപം കൂടുതൽ എനിക്കെടുക്കുകയും ചെയ്യാം.

ബിരിയാണിയുടെ മണം നാസാരന്ധ്രങ്ങളെ തുളച്ച് കയറുകയാണ്.
നാവിലൂറുന്ന കപ്പൽ ചാലുകളെ ഞാൻ ചുണ്ടുകൾ കൊണ്ട് ബാരിക്കേഡുകൾ തീർത്ത് തടഞ്ഞു.
മുടിയഴിച്ചിട്ടാടുന്ന വിശപ്പിൻ്റെ കിരാത നൃത്തം.

ആശയുടെയും ആർത്തിയുടെയും തിരയൊടുങ്ങാത്ത വേലിയേറ്റം എൻ്റെ ക്ഷമയുടെ സകല സീമകളെയും ലംഘിക്കുമെന്ന് ഉറപ്പായപ്പോഴാണ് സംഘാടകരിൽ ഒരാൾ പറഞ്ഞത്,
''നിങ്ങൾ മുകളിലോട്ട് പോയി ഒന്ന് സഹകരിക്കണം.
അവിടെ വ്യക്തിത്വ വികസന ക്ലാസ് നടക്കുവാ.ആള് കുറവായതിനാൽ മാഷിന് ഒരു മൂഡ് കിട്ടില്ല".

എൻ്റെ സകല മൂഡും പോയി സൂർത്തുക്കളെ.
തികട്ടി വന്ന ഇച്ഛാഭംഗത്തെ നിയന്ത്രിച്ചു കൊണ്ട് മുകളിൽ വ്യക്തിത്വം ഇല്ലാത്ത അലവലാദികൾ ഇരിക്കുന്നിടം ലക്ഷ്യമാക്കി ഞാൻ പടവുകൾ കയറി.

അൻപതിൽ താഴെ ആളുകൾ മാത്രമാണ് ക്ലാസിനിരിക്കുന്നത്.

ക്ലാസെടുക്കുന്ന ആൾക്കും വിശന്നിട്ടാണെന്ന് തോന്നുന്നു നടുവൊടിഞ്ഞിരിക്കുന്നു.

നടുവൊടിഞ്ഞിട്ടാണെങ്കിലും ആക്ഷന് ഒരു കുറവും ഇല്ല.
അങ്ങോട്ടും ചാടി ഇങ്ങോട്ടും ചാടി കുഞ്ഞിരാമൻ്റെ കുരങ്ങനെപ്പോലെ ചാടി ചാടിക്കളിക്കുകയാ.

അത് കണ്ടപ്പൊ എനിക്ക് ചിരിയാണ് വന്നത്. എന്ത് വ്യക്തിത്വ വികസനം. ഇവരൊക്കെ ശരിക്ക് ബിരിയാണി തട്ടാനായ് മാത്രം വരുന്നതാ.

ഹാവൂ! ബിരിയാണിയുടെ കാര്യം ഓർത്തതേ ഉള്ളു, താഴെ നിന്നും അലസമായി ഒഴുകി വന്ന ബിരിയാണിയുടെ മണം എന്നെ തഴുകിത്തലോടിയതോടെ ഞാൻ ഒന്ന് ജാഗരൂകനായി.

ഞാൻ ഇടയ്ക്കിടയ്ക്ക് കോണിപ്പടിയിലേക്ക് നോക്കുന്നത് കണ്ടിട്ടാണാവോ മാഷ് not the Point എന്ന് ആവർത്തിച്ചു പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ക്ലാസ്സെടുക്കുന്നത് മുഴുവൻ ഇംഗ്ലീഷിലാണെന്ന്.

'ലുട്ടാപ്പിക്കെന്ത് മഹ്ശറ ' എന്ന് പറഞ്ഞ പോലെ ഞമ്മക്കെന്ത് ഇംഗ്ലീഷ്?.

ഞമ്മക്കിപ്പൊ കിട്ടണം ബിരിയാണി !
അതാണ് ഞമ്മളെ ഭാഷ.

അതിനപ്പുറത്തുള്ളതൊന്നും ഞമ്മക്കിപ്പൊ മനസ്സിലാവൂല.

അപ്പൊസൂർത്തുക്കളെ ഞമ്മളെ മാഷ് പറയുകയാ ദേഷ്യം വന്നാലാണ് നമുക്ക് വ്യക്തിത്വം നഷ്ടപ്പെടുകാ എന്ന്.

സത്യം പറഞ്ഞാ ബിരിയാണി കിട്ടാതാവുമ്പഴാ എനിക്ക് വ്യക്തിത്വം നഷ്ടമാവുക.

ദേഷ്യം വരുമ്പോൾ നമ്മൾ തെറി പറയും. ആ സമയം നമ്മൾ സ്വയം നിയന്ത്രിക്കണം.അതിന് നമ്മൾ ചെയ്യേണ്ടത്, ദേഷ്യം വരുമ്പോൾ എന്തെങ്കിലും പറയണമെന്ന് തോന്നിയാൽ നല്ലത് പറയുക. അതായത് പന്നീ എന്ന് വിളിക്കുന്ന സമയത്ത് പൊന്നേ എന്ന് വിളിക്കുക. ഇങ്ങനെ ഓരോനല്ല വാക്കുകളും ഉപയോഗിച്ച് ദേഷ്യത്തെ പ്രതിരോധിച്ച് വ്യക്തിത്വ വികസനം ഉണ്ടാക്കുക.

മാഷ് ഈ പറഞ്ഞ കാര്യം മാത്രമാണ് എനിക്ക് തലയിൽ കയറിയത്.
എല്ലാം കഴിഞ്ഞ് രണ്ട് പൊതി ബിരിയാണി കൈക്കലാക്കി ഞാൻ വേഗം സ്ഥലം കാലിയാക്കി.

സത്യം പറഞ്ഞാൽ പിറ്റേ ദിവസം രാവിലെയാണ് എനിക്ക് ദേഷ്യം വന്നത്. അതും ഭാര്യയോട്.

മാഷ് പറഞ്ഞ പൊന്ന്, മുത്ത്, കർള്, ചക്കര. പഞ്ചാര ഈ വക പദങ്ങളൊക്കെ ഞമ്മള് ഭാര്യയുടെ മേൽ ദേഷ്യത്തിൽ പ്രയോഗിച്ച് അസ്സലായി കിടന്നുറങ്ങി.

ഉറക്കക്ഷീണമെല്ലാം കഴിഞ്ഞ് ഞാൻ എണീൽക്കാൻ നിക്കുമ്പഴാണ് ഭാര്യ വന്ന് സ്നേഹത്തിൽ പറഞ്ഞത്, ഇന്ന് ബിരിയാണി വച്ചിട്ടുണ്ടെന്ന്.

അത് കേട്ട പാടെ സകല നിയന്ത്രണവും വിട്ട ഞാൻ അടുക്കളയിലേക്കോടി അവിടെ ആസനസ്ഥനായി.

അവിടെ റേഷനരി കൊണ്ടും പച്ചരി കൊണ്ടും ബിരിയാണി വച്ചിരിക്കുന്നു.

ഹാ! ഹാ!

നാല് വാക്ക് മാറ്റിപ്പറഞ്ഞാൽ രണ്ട് ബിരിയാണി കിട്ടുമെങ്കിൽ നാലല്ല മുപ്പത്തിരണ്ട് വാക്കും മാറ്റിപ്പറയാൻ നമ്മള് തയാറാണല്ലൊ.

പിന്നെ രണ്ട് ദിവസം എനിക്ക് ദേഷ്യമൊന്നും വന്നീല. അതു കൊണ്ട് ബിരിയാണിയും കിട്ടീല.

അപ്പോഴാണ് എഫ് ബി ഗ്രൂപ്പിലെ പ്രശസ്തയായ മേഡം എന്നെ ഇൻബോക്സിൽ വന്ന് ചൂടാക്കുന്നത്.
വലിയ ജാഡക്കാരിയായ മാഡത്തെ ഞാൻ മൈൻ്റ് ചെയ്യാറുണ്ടായിരുന്നില്ല'.

"എന്താ ബിരിയാണി മാഷെ ഒരു നിലവാരവുമില്ലല്ലോ.
കവിതകളൊക്കെ വളരെ മോഷമാണല്ലൊ?.

ഇൻബോക്സിലെ മാഡത്തിൻ്റെ വരവ് കണ്ട് ഞാനാകെ ഞെട്ടി.

ഒരു കമൻ്റ് പോലും തരാത്ത, കാക്ക കാഷ്ടിക്കുന്നത് പോലത്തെ ഒരു ലൈക്കും തന്ന് വിലസി നടക്കുന്ന മേഡമാണ് ഞമ്മളെ ഇൻബോക്സിൽ വന്ന് എൻ്റെ ബിരിയാണിയെയും ബിരിയാണിയെ പോലെ സ്നേഹിക്കുന്ന കവിതകളെയും കുറ്റം പറഞ്ഞിരിക്കുന്നേ.

എനിക്ക് സഹിക്കോ,
ഞാനവരെ വിടോ?,

ഞാനും ഞമ്മളെ കുഞ്ഞിരാമൻ മാഷെ മനസ്സിൽ സ്മരിച്ചു കൊണ്ട് തിരിച്ചു കാച്ചി ഞമ്മളെ പൊന്നാര ഭാര്യക്ക് നേരെ കാച്ചിയ അതേ തെറി. ബിരിയാണി കിട്ടുവാണെങ്കിലോ?.

കുറച്ച് കഴിഞ്ഞപ്പോഴുണ്ട് ഇൻബോക്സിൽ നിന്ന് വലിയ പൊട്ടലും ചീറ്റലും.
ഇൻബോക്സ് തുറക്കാനെ വയ്യ. ഞമ്മളെ മേഡം വച്ച ബിരിയാണി ആകെ കരിഞ്ഞു പോയിരിക്ക്ണൂ സൂർത്തുക്കളെ.
പോരാത്തതിന് നിന്നെ ഞാൻ കാണിച്ചു തരാമെന്നും.

എന്നാലും ഞമ്മളെ കുഞ്ഞിരാമൻ മാഷെ?!!!

ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot