നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിരിച്ചാ ലഞ്ച്


" അതിയാനിതെവിടെ പോയ്
രാവിലേ തന്നെ കാണുന്നില്ലല്ലോ.!

" അതേയ് ..
നിങ്ങളെവിടാ മനുഷ്യനേ ..!

വടക്കേ പറമ്പിലെ ഗൗളിഗാത്ര തെങ്ങിൻ മൂട്ടിൽ സ്വന്തം നിലയ്ക്ക് ജലസേചനം നടത്തിക്കൊണ്ടിരുന്ന
വലിയവായിൽ റപ്പായി ചേട്ടൻ സ്വയം പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന യന്ത്രം സ്വന്തം നിലയിൽ ഓഫ് ചെയ്ത് തിണ്ണയിലോട്ടു നടന്നു.

" എന്നതാടി രാവിലേ കിടന്ന് കാറുന്നത് … !
' ദേ... മനുഷ്യാ ... ഇതൊന്നു നോക്കിക്കേ…?!

റപ്പായിച്ചേട്ടന്റെ സ്വന്തം പെമ്പ്രന്നോത്തിയാണ്
ഒട്ടുപാലക്കൽ തൊമ്മിച്ചന്റെ മകൾ
മാത്തിരി .കാര്യം കാണാനല്ലാതെ മനുഷ്യാന്നവൾ
വിളിക്കാറില്ല. അപ്പൊ എന്തോ കാര്യമുണ്ട്.

" അതേയ് ഇതൊന്നു നോക്കിക്കേ… !

കഴിഞ്ഞ തവണ ജർമ്മനിയിൽ നിന്നും മകൾ മോളിക്കുട്ടി വന്നപ്പോൾ കൊണ്ടു കൊടുത്ത സ്മാർട്ട് ഫോൺ അവൾ റപ്പായിക്കു നേരെ നീട്ടി.

" നമ്മുടെ മൂടുലഞ്ഞാൽ സോഫിയാണ്
രാവിലെ വാട്ട് സാപ്പ് ഇട്ടിരിക്കുന്നത്
ഫേസൂക്കിലൊരു മത്സരമുണ്ടെന്ന് ,
ചിരിച്ചോണ്ട് ഒരു ഫോട്ടോ എടുത്തേച്ചും . എന്നിട്ടതിന്റെകൂടെ
" ചിരിച്ചാ-ലഞ്ച് " എന്നൊരു തലക്കെട്ടിട്ടേച്ചും പോസ്റ്റണം.
കേട്ടിട്ട് എന്തോ തടയുന്ന പരിപാടിയാ !
നിങ്ങളൊന്ന് നോക്കിക്കേ..
ചിരിച്ചാൽ അഞ്ച് .. ഉറുപ്പികയാന്നോ ?!
അതോ അഞ്ച് പവനാന്നോ ?! എങ്ങനെയാന്ന്. ഒന്നു നോക്കിക്കേ'
പവനാവാനേ വഴിയുള്ളൂ !
സുക്കറച്ചായൻ പൂത്ത
പണക്കാരനല്ലിയോ ?!
എന്നതായാലും ഞാനാ മാവിന്റെ ചോട്ടിൽ വെളുക്കെ ചിരിച്ചോണ്ടു നിൽക്കാം നിങ്ങളൊരു ഫോട്ടം പിടിച്ച്
വേഗം പോസ്റ്റിക്കേ…
പിന്നെ പോസ്റ്റുമ്പോൾ ചിരിച്ചാലഞ്ച് എന്ന് വലുതാക്കി തന്നെയിട്ടേക്കണം !
ഉമിക്കരിയിട്ടു ഉരച്ചു വെട്ടിവെളിപ്പിച്ച
പലകപ്പല്പുകൾ മുഴുവൻ വെളിയിൽ കാണിച്ചു ഒട്ടുപാലക്കൽ തൊമ്മിച്ചന്റെ മകൾ മാത്തിരി, പൂത്തിരി കത്തിച്ചു നിന്നു .
ഫേസൂക്കിൽ നോക്കുമ്പോൾ
ഒട്ടുമിക്ക ആളുകളും ചിരിച്ചോണ്ടും
ഇളിച്ചോണ്ടും , ചിരിച്ചാലെങ്ങനെ എന്ന മട്ടിലും , പലവിധ ചിരികളാൽ തലങ്ങും വിലങ്ങും പോസ്റ്റായിട്ടുണ്ട്
ഒട്ടും പറ്റാത്തവർ പട്ടിയെ കൊണ്ടും
മൂരിയുള്ളവർ അതിനെ കൊണ്ടുമെല്ലാം കഴിയുംവിധം ഈ ലഞ്ചടിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്.

വലിയവായിൽ റപ്പായി മാത്തിരിയുടെ ചിരിച്ചാലഞ്ചും പോസ്റ്റിയ ശേഷം
കഞ്ഞി കുടിക്കാനിരുന്നു.
ആദ്യകയിൽ കഞ്ഞി കോരിയപ്പോഴേയ്ക്കും മാത്തിരി ഓടി വന്നുതടഞ്ഞു
" എണീറ്റാട്ടെ ... ദേ പുതിയ അഞ്ചും കൂടി വന്നിട്ടുണ്ട് . കുപ്പിളിച്ചാ_ലഞ്ച്
ഈ സുക്കറച്ചായന് പണത്തിന് യാതൊരു അഴിമതിയും ഇല്ലാന്നാ
തോന്നണേ... അല്ലാതിങ്ങനെ വാരിക്കോരി കൊടുക്കുമോ …?!
ഇതേല് രണ്ടു പേരും വേണം
നിങ്ങളാവാ തുറന്ന് ഈ വെള്ളം കവിള് കൊണ്ട് കുപ്പിളിച്ചോണ്ട്
നിൽക്ക് ഞാനും അങ്ങിനെ ചെയ്യാം
എന്നിട്ട് ഒരു സെൽഫി എടുത്തേച്ച് കുപ്പിളിച്ചാലഞ്ച് എന്നും കണ്ട് വേഗം പോസ്റ്റ് .
ആറി തണുക്കുന്ന കഞ്ഞിയും നോക്കി
വലിയവായിൽ റപ്പായിയും, അഞ്ചും അഞ്ചും കിട്ടുന്നതോർത്ത്
ഒട്ടുപാലക്കൽ മാത്തിരിയും വായിൽ വെള്ളം കുപ്പിളിച്ചുകൊണ്ട്
ഒരു സെൽഫിയെടുത്തു.

ഇനിയും സുക്കറച്ചായൻ ചാലഞ്ചുകളേയും തെളിച്ചു കൊണ്ടിതുവഴി വരില്ലേ വരില്ലേയെന്നു ഓർത്തുകൊണ്ടീ വഴിവക്കിൽ ഞാനും .

#chirichallenge
#couplechallenge

2020 - 09 - 22
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot