നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖംമൂടി വിൽക്കുന്ന കമ്പോളം (കഥ)

ശാന്തമായൊഴുകുന്ന നദിക്കരയിലാണ്.ഒരു കാർണിവൽ പോലെ ആൾക്കൂട്ടവും, വ്യാപാരങ്ങളും നടക്കുന്നത്. നദിയുടെ മറുകരയിൽ ഇടതിങ്ങി വളർന്നു നിൽക്കുന്ന വലിയ വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന വനം. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഞാൻ നടന്നു. എന്നെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

എല്ലാപേരും അവരവർക്ക് ആവശ്യമായ വസ്തുക്കൾക്കായി വ്യാപാര ശാലകൾക്ക് മുന്നിലായി തിക്കിതിരക്കുന്നു.
ഞാനും ആ തിരക്കുകൾക്കിടയിലൂടെ നടന്നു.
പതിവുപോലെ ആ സ്വപ്നത്തിൻ്റെ പിൻപ്പറ്റിയായിരുന്നു. നിദ്രയിലിന്നും എൻ്റെ യാത്ര.
നദിയും, വനവും മറഞ്ഞു.
മുന്നിൽ കണ്ണെത്താ ദൂരത്തോളം മരുഭൂമിയാണ്. നാഴികകൾ കഴിഞ്ഞിരുന്നു ഞാനതിൻ്റെ ഉള്ളിലേക്ക് നടന്നു തുടങ്ങിയിട്ട്. ഈ മരുഭൂമിയുടെ മധ്യഭാഗത്ത് എവിടെയോ ആ കമ്പോളം ഉണ്ട്.
ഇനി അങ്ങനെ ഒന്നവിടെ ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ എനിക്ക് ആവശ്യമായത് അവിടെ കിട്ടുമോ?
മനസ്സ് ഓരോ ചോദ്യങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു.
ഉപ്പു മുതൽ കർപ്പൂരം വരെ സകല വ്യാപാരങ്ങളും നടക്കുന്ന കമ്പോളം. വെള്ളിയാഴ്ച്ചകളിൽ മാത്രം അവിടെ വ്യാപാരികൾ ഒത്തുകൂടുമായിരുന്നു.
മരുഭൂമിയിലൂടെ നടക്കുമ്പോൾ ആദ്യം വഴിമുറിച്ച് കുറുകെ ഒഴുകി വരുന്നൊരു ജലപാതയുണ്ട്.
അകലെ നിന്നും ഇഴഞ്ഞു വരുന്ന പാമ്പിനെ പോലെ മരുഭൂമിയുടെ മണലിലൂടെ വളഞ്ഞു പുളഞ്ഞ് അതൊഴുകുന്നു. പാദങ്ങൾ നനച്ചു ഞാൻ അതിലേക്കിറങ്ങി നടന്നു. നഗ്നമായ പാദങ്ങൾക്കടിയിലായി മുനയുള്ള ഉപ്പു കല്ലുകളായിരുന്നു. ഒരിക്കൽ ആഴി ആയിരുന്നത് നികത്തിയതിൻ്റെ പ്രതിഷേധം. രത്നങ്ങൾ ഗർഭമായി ധരിച്ചിരിക്കുന്നവളുടെ ഉള്ളിൽ നിന്നും, നനവായി ഉന്നതിയിലേക്ക് ഉയർന്നു വന്നു മുകളിൽ ഉപ്പുകല്ലിൻ്റെ മുള്ളുകളാൽ ഒരു വെളുത്ത പരവതാനി വിരിച്ചിരിക്കുന്നു.
ജലപാതയിൽ നിന്ന് നനഞ്ഞ പാദങ്ങൾ ഉപ്പു കല്ലുകൾ ഞെരിച്ചമർത്തി ഞാൻ ആ കമ്പോളം ലക്ഷ്യമാക്കി നടന്നു. അകലെ മരച്ചില്ലയിൽ പക്ഷികൾ കൂട്ടമായി ഇരിക്കുന്നതു പോലെയാണ് ആദ്യമെനിക്ക് തോന്നിയത്. മരുഭൂമിയിൽ ഉയർന്ന് നിൽക്കുന്ന മണൽക്കൂനയ്ക്ക് മുകളിൽ വ്യാപാരം നടക്കുന്ന കമ്പോളത്തിൻ്റെ ദൃശ്യങ്ങൾ ആയിരുന്നത്. ഞാൻ നടക്കുന്നതിൻ്റെ വേഗത കൂട്ടി. ഉപ്പു കല്ലുകൾ നിറഞ്ഞ പ്രദേശം കഴിഞ്ഞു. ചുവന്ന പഞ്ചസാര മണൽത്തരികളും ചവിട്ടി കുഴിച്ച് ഞാൻ ആ കമ്പോളത്തിലെത്തി.
തിരികെ യാത്രയ്ക്കായി ഞാൻ അടയാളമിട്ട
എൻ്റെ കാൽപ്പാദങ്ങൾ മണ്ണിൽ കുഴിഞ്ഞുണ്ടായ അടയാളങ്ങളപ്പോൾ കാറ്റ് വന്നു മായ്ച്ചു കൊണ്ടിരുന്നു.

കമ്പോളത്തിൽ കവാടത്തിന് അരികിലായി വിൽ പ്പനയ്ക്ക് വർണ്ണ കടലാസ്സുകൾ തൂക്കിയിട്ടിരുന്നു.
വിവിധയിനം പക്ഷികളുടെ തൂവലുകൾ തൂലികകളായും ഉണ്ടായിരുന്നു. കണ്ണാടി കുപ്പികളിൽ പല നിറക്കൂട്ടുകളായി ചായങ്ങളും ഉണ്ട്.
അതെല്ലാം കണ്ടു ഞാൻ കമ്പോളത്തിന്
ഉള്ളിലേക്ക് നടന്നു. അടുത്തതായി പഴങ്ങളും, ധാന്യങ്ങളും അടങ്ങിയൊരു വിഭാഗമായിരുന്നു.
എല്ലാപേരും എന്നെ കൈമാടി വിളിച്ചു.
അവർ സംസാരിക്കുന്ന ഭാഷ എനിക്ക് പരിചിതമായിരുന്നില്ല. അവരുടെ വേഷങ്ങൾ പണ്ടെന്നോ കണ്ടു മറന്ന ചില ചുവർച്ചിത്രങ്ങൾ എന്നെ ഓർമ്മിപ്പിച്ചു.
ജീവനോടെയുള്ള പക്ഷികളും, മൃഗങ്ങളും ആയിരുന്നു. അടുത്തതായി അവിടെ വിൽപ്പനയ്ക്കായി നിർത്തിയിരുന്നത്.
ദയനീയമായി ഒരു ആട് കരയുന്നുണ്ടായിരുന്നു. അതിനെ തറയിൽ ചരിച്ചു കിടത്തി ഒരാൾ കഴുത്ത് മുറിച്ച് മാറ്റിയപ്പോൾ ചോര ചുറ്റിനും ചീറ്റിത്തെറിച്ചു. അവിടം മുതൽ തൊലിയുരിച്ച് രക്തം വാർന്നൊഴുകിയ മാംസങ്ങൾ, ചൂണ്ട പോലെ ഒരു വശം കൂർത്ത ഇരുമ്പിൽ കോർത്തിട്ടിരിക്കുന്ന മാംസ വ്യാപാര ശാലകളായിരുന്നു. മഞ്ഞ നിറത്തിൽ കൊഴുപ്പും രക്തവും കലർന്നൊഴുകി താഴെ വീണ മണ്ണിൻ്റെ നിറം കറുപ്പായി മാറിയിരുന്നു.
ഈച്ചയാർക്കുന്ന ആ മണ്ണിൽ നിന്നും പറന്നുയരുന്ന ഈച്ചകൾ അറവുകത്തിയുമായി നിൽക്കുന്ന അയാൾക്ക് ചുറ്റിനും പറക്കുന്നുണ്ട്.
വികൃതമായ പല്ലുകൾ പുറത്തു കാട്ടി അപരിചിതമായ ഭാഷയിൽ അവർ എന്നെ ജീവനില്ലാത്ത പച്ച മാംസം വാങ്ങാനായി വിളിച്ചു.
അവിടെന്നും ഞാൻ മുന്നോട്ടു നടന്നു.
ലഹരി നുരയുന്ന പാനീയങ്ങൾ. അതു കുടിച്ച് മദോൻമത്തരായവർ പച്ച മാംസം തീയിൽ ചുട്ടെടുത്ത് ഭക്ഷിക്കുന്നു.
ലഹരിയുടേയും, പച്ചമാംസം കരിഞ്ഞതിൻ്റെയും മണം നിറഞ്ഞ അന്തരീക്ഷം.
ചൂതുക്കളിക്കാരുടെ നിരാശയാർന്ന കുനിഞ്ഞ ശിരസ്സുകളും, വിജയികളുടെ പൊട്ടിച്ചിരികളും

അവിടെ നിന്ന് മുന്നോട്ട് പൂക്കളുടെ സുഗന്ധമായിരുന്നു. കിലുങ്ങുന്ന നിറമാർന്ന വളകളും തിളങ്ങുന്ന മുത്തുമാലകളും പല വർണ്ണങ്ങളിലുമായി ഇരുവശങ്ങളിലും നിരത്തിയിട്ടിരിക്കുന്നു. ചുവപ്പും, നീലയും, പിങ്കും അടങ്ങിയ കടുത്ത നിറങ്ങളിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ നിറഞ്ഞതായിരുന്നു. അടുത്ത വ്യാപാരശാലകൾ. സ്ത്രീകൾ ആയിരുന്നു അവിടത്തെ വ്യാപാരക്കാർ.
വ്യാപാരശാലകൾക്ക് പുറകിലായി വെള്ള നിറത്തിലെ നേരിയ വസ്ത്രത്തിനാൽ നാലു ഭാഗം മറച്ചു ചെറിയ മുറികൾ തീർത്തിരുന്നു.
നിഴൽ പോലെ നാലുകാലുകൾ അതിനുള്ളിൽ ഒന്നു ചേർന്നു ചലിക്കുന്നുണ്ട്. സുഖസീൽക്കാരത്തിൻ്റെ ഒച്ചയും, ഗന്ധവും അവിടത്തെ വായുവിൽ കലർന്നിരുന്നു.
വ്യാപാരശാലയ്ക്ക് മുന്നിൽ നിന്നവർ കണ്ണുകൾ കൊണ്ട് കടാക്ഷത്തോടെ എന്നെ ക്ഷണിച്ചു.
വെളുത്ത് സുന്ദരിയായ ഒരുവൾ ഞാൻ പഴയ സ്വപ്നത്തിൽ കണ്ടതുപോലെ തന്നെയായിരുന്നു.
വെള്ളം വസ്ത്രം ധരിച്ചിരുന്ന അവൾക്ക് ചുറ്റിനും നിലാവ് പോലെ ഒരു പ്രകാശമുണ്ടായിരുന്നു.
"ജീവനുള്ള മാംസം വിൽപ്പനയ്ക്കായുണ്ട്. "
അവൾ അന്ന് കാതിൽ പറഞ്ഞത് ഞാനോർത്തു.

എനിക്ക് ആവശ്യമുള്ളത് അതായിരുന്നുന്നില്ല.
ഞാനതും തിരഞ്ഞു വീണ്ടും മുന്നോട്ട് നടന്നു.
സുഖകമ്പോളവും അവസാനിച്ചപ്പോഴാണ് എനിക്കാവശ്യമുള്ള ഞാൻ തിരഞ്ഞിരുന്ന പീടിക കണ്ടത്. മരുഭൂമിയ്ക്ക് നടുവിലായി ഇരുവശത്തും നീളത്തിൽ കെട്ടിനിർത്തിയ രാസിയിൽ തൂക്കിയിട്ടിരിക്കുന്ന അനേകം മുഖംമൂടികൾ.
വ്യാപാരി എന്നെ കണ്ടു. എൻ്റെ അരികിലേക്ക് നടന്നു വന്നു. ആറടിയോളം പൊക്കമുള്ള ഒരു യുവാവ്. അല്ല യുവതി. അല്ല, ഒരു കൈ അലസ്സമായി സ്ത്രൈണതയുടെ താളത്തിൽ ചലിപ്പിച്ചായിരുന്നു ആ രൂപം നടന്നു വന്നത്.
ഒരു കൈ മുഷ്ടി ചുരുട്ടി യുവാവിനെ പോലെ പിടിച്ചിരിക്കുന്നു. ഒരു കൗമാരക്കാരിയുടേതു പോലെ വളർന്ന മാറിടങ്ങൾ.
"വരണം മാഷേ വരണം ബൃഹളയുടെ വ്യാപാരശാലയിലേക്ക് സ്വാഗതം എന്താണ് വേണ്ടത്.?"
അവനോ? അവളോ? സ്വയം പരിചയപ്പെടുത്തി.
പൗരുഷമായിരുന്നു ആ ശബ്ദം. അവൻ..?
അല്ല! അവൾക്ക് ആ ശബ്ദം ഒട്ടും ചേരുന്നതല്ലെന്ന് എനിക്ക് തോന്നി.
ആ ഭാഷ എനിക്ക് പരിചിതമായതായിരുന്നു.
എനിക്ക് മുഖം മൂടി വേണം.
ആൾക്കൂട്ടത്തിനിടയിൽ ശ്രദ്ധിക്കപ്പെടുന്ന മുഖം മൂടി. അവൾ നിരത്തിയിട്ടിരുന്ന കുറെ മുഖംമൂടികൾ ഞാനവിടെ നോക്കി.
ഒന്നും എൻ്റെ മനസ്സിനെ തൃപ്തിപ്പെടുത്തിയില്ല.
ഓരോ മുഖംമൂടികൾ എടുത്തു വച്ചു നോക്കുമ്പോഴും ബൃഹള ഒരു കണ്ണാടി എനിക്ക് നേരെ പിടിക്കും.
ഒന്നൊരു ക്രുദ്ധനായ മുഖഭാവമായിരുന്നു.
മറ്റൊന്ന് കോമാളിയുടെ മുഖം. കവിൾത്തടങ്ങൾ പിളർന്ന് കർണ്ണങ്ങളെ എച്ചിലാക്കുന്ന വിധം വായ് തുറന്ന കോമാളി.
"അല്ല ഇതൊന്നുമല്ല എനിക്ക് വേണ്ടത്. "
ഞാൻ ബൃഹളയോട് പറഞ്ഞു.
നിരാശയോടെ ഞാൻ തിരികെ പോകാൻ ഒരുങ്ങിയപ്പോഴാണ് അവൾ അതു പറഞ്ഞത്.
"ഒരു മുഖം മൂടിയുണ്ട്. വില ലേശം ജാസ്തിയാകും."

"വില ഒരു പ്രശ്നമല്ല. ഞാൻ അന്വേഷിക്കുന്നതാണെങ്കിൽ എന്തു വില നൽകിയും ഞാനത് സ്വന്തമാക്കും"

ബൃഹള വലിയൊരു ഭാണ്ഡക്കെട്ടിനുള്ളിൽ നിന്നുമൊരു മുഖം മൂടി പുറത്തെടുത്തു.

"എന്താണ്‌ ഈ മുഖംമൂടിയുടെ പ്രത്യേകതകൾ?"
എൻ്റെ ചോദ്യത്തിന് ഉത്തരമായി ബൃഹള അത് ഓരോന്നായി പറഞ്ഞു തുടങ്ങി.

"ഇതു അണിഞ്ഞു കഴിഞ്ഞാൽ നിങ്ങളിൽ നിങ്ങളെ കാണുന്നവർ എന്താണ് ആഗ്രഹിക്കുന്നത് അത് നൽകുവാൻ കഴിയും.
ഏത് ആൾക്കൂട്ടത്തിനിടയിലും നിങ്ങൾ ശ്രദ്ധിക്കപ്പെടും. നിങ്ങളെ കാണുന്നവർക്ക് തമാശയാണ് വേണ്ടതെങ്കിൽ നിങ്ങൾക്ക് അവരെ ചിരിപ്പിക്കാൻ കഴിയും.സങ്കടമെങ്കിൽ അത്, ക്രോധം എങ്കിൽ അത്. കണ്ടോ"
ബൃഹള ഒരു കണ്ണാടി എടുത്ത് എനിക്കു നേരെ പിടിച്ചു.

"കണ്ടോ അത് അണിഞ്ഞിട്ട് ഇതിലേക്ക് നോക്കിക്കോളു. "

ഞാൻ ആ മുഖം മൂടി എടുത്ത് തിരിച്ചും മറിച്ചും നോക്കി.

"ഒരു കാര്യം കൂടെ ഇത് ഒരിക്കൽ അണിഞ്ഞാൽ പിന്നെ അഴിച്ചു വയ്ക്കാൻ പാടില്ല.
അഴിച്ചു കഴിഞ്ഞാൽ പിന്നെ ഇതിൻ്റെ പഴയ ഗുണങ്ങൾ തിരികെ ലഭിക്കില്ല." ബൃഹള പറഞ്ഞു.

പുറമെ മഞ്ഞ നിറവും അകത്തൊരു നീല നിറവും കലർന്ന മുഖം മൂടി.
ഞാനത് പതിയെ മുഖത്തണിഞ്ഞു.
ആ കണ്ണാടിയിൽ നോക്കി. ഞാൻ മാറിയിരിക്കുന്നു.രണ്ടായിരം റൂബിൾ എന്നായിരുന്നു. ബൃഹള അതിനു വില പറഞ്ഞത്. ഞാനത് നൽകി. തിരികെ യാത്ര തിരിച്ചു.
വന്ന വഴിയിൽ വച്ചിരുന്ന അടയാളങ്ങൾ മാഞ്ഞു പോയിരുന്നു. നേർത്ത വെള്ള വസ്ത്രം മറച്ചു നിർമ്മിച്ച കൂടാരത്തിന് പുറത്ത് കറുത്ത നിറത്തിലൊരു പെണ്ണ് നിൽക്കുന്നുണ്ടായിരുന്നു.
അവൾ ഞാനുമായി ഭോഗിക്കാനായി ആഗ്രഹിച്ചു. ഞാൻ ആ കൂടാരത്തിനകത്ത് കയറി. അവളുമായി രതിയിൽ ഏർപ്പെട്ടു. കേശവർണ്ണവും ചർമ്മ നിറവും വേർതിരിച്ചറിയാനാകാത്ത ഒരു കറുത്ത ഗോത്ര വർഗ്ഗക്കാരിയായിരുന്നു. അവൾ.
പുറത്തിറങ്ങി ഞാൻ ലഹരിയുടെ പാനീയം നുണഞ്ഞു. പച്ച മാംസം ചുട്ടത് ഭക്ഷിച്ചു.
ചൂതുകളിച്ചു. ഒടുവിൽ കമ്പോളത്തിൻ്റെ കവാടത്തിനരികിലെത്തി.
വർണ്ണക്കടലാസ്സുകൾ, പക്ഷിത്തൂവലുകൾ ചായക്കൂട്ടുകൾ എല്ലാം ഞാൻ വാങ്ങി കൂട്ടി.
ഒരു സ്വപ്നം സത്യമായിരിക്കുന്നു.
തിരികെ എത്തിയ ഞാൻ അതിശയിച്ചു.
ആ മുഖം മൂടി ധരിച്ച് എല്ലാപേരും ആഗ്രഹിക്കുന്നത് എനിക്ക് നൽകാൻ കഴിഞ്ഞു.
ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, വെറുപ്പിച്ചു, കരയിപ്പിച്ചു.
ഒരു കൗതുകത്തിനായി ഞാൻ എന്നെ കാണുവാനായി ഒരു ദിവസം മുഖം മൂടി അഴിച്ചു.
മുറിയ്ക്കുള്ളിലെ കണ്ണാടിയിൽ മുഖം നോക്കി.
എൻ്റെ മുഖം മാറിയിരുന്നു.
എനിക്ക് മുഖം മൂടി വിലയ്ക്ക് നൽകിയ സ്ത്രൈണ സ്വഭാവം ഉള്ള ബൃഹളയുടെ മുഖം ആയിരുന്നു. എൻ്റെത്.
എൻ്റെ യഥാർത്ഥ മുഖം എവിടെ?
അത് നഷ്ടമായിരിക്കുന്നു.
എനിക്ക് എൻ്റെ മുഖം നഷ്ടമായിരിക്കുന്നു.
അവൾ! അല്ല അവൻ ബൃഹള എന്നെ ചതിക്കുകയായിരുന്നു.
എൻ്റെ മുഖം ബൃഹള മോഷ്ടിച്ചു കൊണ്ടുപോയി.
നദിക്കരയിലൂടെ, വനത്തിനുള്ളിലൂടെ മരുഭൂമിയിലൂടെ ഞാൻ ആ കമ്പോളം ലക്ഷ്യമാക്കി ഓടുകയായിരുന്നു.
മുന്നിലെ തിരക്കുകൾ കഴിഞ്ഞ് ഞാൻ മുഖം മൂടി വാങ്ങിയ പ്രദേശത്ത് എത്തി.
ആ പ്രദേശം വിജനമായിരുന്നു.
കാറ്റിൻ്റെ ഒച്ച കടൽത്തിരമാല പോലെ വന്ന് കാതടപ്പിച്ചു. മരുഭൂമിയിലെ മണൽ ചുറ്റിനും പാറി പറന്നു. മുഖം മൂടി വ്യാപാരം അവിടെ ഉണ്ടായിരുന്നില്ല. മണലിൽ പൂഴ്ന്നവിടെ നിലത്തൊരു കണ്ണാടി കഷണം കിടന്നിരുന്നു.
ബൃഹള എനിക്ക് മുഖം നോക്കാൻ തന്ന കണ്ണാടി.
ഞാൻ അതെടുത്തു നോക്കി. എൻ്റെ നഷ്ടമായ മുഖം ഞാൻ ആ ചെറിയ കണ്ണാടി കഷണത്തിൽ കണ്ടു. എൻ്റെ മുഖം തിരികെ ലഭിച്ചിരിക്കുന്നു.
മുഖം മൂടിയല്ല. എന്നെ കാണുന്ന കണ്ണാടിയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
ശരിയാണ് സ്വപ്നത്തിൽ ഞാനതും അന്വേഷിച്ചായിരുന്നു. വാങ്ങാനിറങ്ങിയിരുന്നത്.
എന്നെ കാണുന്ന കണ്ണാടി.
എന്നിലെ എന്നെ കാട്ടിത്തരുന്ന കണ്ണാടി.
മുഖം മൂടി വ്യാപാരി സഞ്ചരിച്ച മണ്ണിൽ പുതഞ്ഞ കാൽപ്പാദങ്ങൾക്ക് പുറകെ ഞാൻ നടന്നു.
ആ വ്യാപാരിയെ തേടി.
ആ കണ്ണാടി സ്വന്തമാക്കാനായി.
#ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot