നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖംമൂടി (കഥ)


നിറയെ ഞൊറിവുകളുളള പച്ച നിറമുള്ള നീളൻപാവാട ഒന്നുകൂടി മുറുക്കിയുടുത്ത്, തലയിലിട്ട ദുപ്പട്ട വലിച്ച് തലമുടി കുറച്ചു കൂടി മൂടി, മുഖത്ത് കുറേക്കൂടി ദൈന്യത വരുത്തി, ട്രാഫിക് സിഗ്നലിൽ നിരനിരയായി കിടക്കുന്ന വാഹനങ്ങളുടെ അടുത്തേയ്ക്ക് ,കയ്യിൽ ശേഷിക്കുന്ന അവസാനത്തെ പാത്രം വിൽക്കാനായി നടക്കുമ്പോൾ ഓർത്തു ;ഇന്നോടെ തീരുന്നു ഇവിടത്തെ , ഈ ട്രാഫിക് സിഗ്നലിലെ സാധനങ്ങൾ വിൽക്കുന്ന നൂർ താജ് എന്നവിൽപ്പനക്കാരിയുടെ ജീവിതം.

തനിക്കൊപ്പമുള്ള ,നാട്ടിൽ നിന്നു ജോലി തേടിയെത്തിയകൂട്ടാളികളെ വിൽക്കാനേൽപ്പിച്ച വിവിധ വസ്തുക്കളുടെ കണക്കുനോക്കി അവർ തരാനുള്ള ബാക്കിതുക കൂടി വാങ്ങിയാൽ പിന്നെ പതിവുപോലെ റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര.

കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെയാണ്. ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലെ പേ അന്റ് യൂസ് ടോയ്ലറ്റിൽ കയറി ഒരു കുളി. ബാഗിൽ ഒളിപ്പിച്ചു വച്ച ജീൻസും ടോപ്പുമണിഞ്ഞ് അവിടെ നിന്നും ഓട്ടോയിൽ കയറി തൻ്റെ താമസിത്തിന്നായിവാടകയ്ക്കെടുത്ത സ്റ്റുഡിയോ അപ്പാർട്ടുമെന്റിൽ രാത്രി കഴിച്ചുകൂട്ടാനായി എത്തുമ്പോൾ താൻ മറ്റൊരാളാകും, അടുത്ത ഫ്ലാറ്റുകളിലെ താമസക്കാർക്കു മുന്നിൽ.

അവർക്കുമുന്നിൽതാൻബംഗാളിൽ നിന്നു വന്ന് കാക്കനാട്ടെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന നൂർ താജെന്ന ഇരുപത്തിരണ്ടുകാരി. ഇവിടത്തെ ജോലി മതിയാക്കി തിരിച്ചുപോയി സോമൻ മണ്ഡൽ എന്ന ബംഗാളി യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന സുന്ദരിയായ 'നൂർ താജ് '.

ഇന്ന്താൻ തിരിച്ചു ചെല്ലുമ്പോഴേക്കും അപ്പാർട്ട്മെൻറ് ഒഴിയാനുളള പേപ്പേഴ്സ് എല്ലാംറഡിയാക്കി വയ്ക്കാൻ ഓണറോട് പറഞ്ഞിട്ടുണ്ട്; തിരിച്ചു തരാനുള്ള അഡ്വാൻസും.പിന്നെ രാത്രി ഏഴരയ്ക്കുള്ള ട്രെയിനിൽ നാട്ടിലേക്കുള്ള യാത്ര. രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം. തൻ്റെ ചെറുപ്പത്തിൽ തന്നെ മനസ്സിൽ കയറിപ്പറ്റിയ കൂട്ടുകാരനും പിന്നീട് കാമുകനുമായ സോമൻ മണ്ഡലിൻ്റെ അമ്മയുടെ ഡിമാന്റ് പോലെ, മകന്റെ വിവാഹത്തിന് വധുവിന്റെ വീട്ടിൽ നിന്നും കിട്ടേണ്ട സ്ത്രീധനംതയ്യാറാക്കാൻ വേണ്ടിയാണ് താൻ കേരളത്തിലെത്തിയതു തന്നെ. സ്ത്രീധനത്തിന് മനസ്സുകൊണ്ട് എതിരായ തനിക്ക് പക്ഷേ നല്ലവനായസോമനെനഷ്ടപ്പെടാനാകില്ലായിരുന്നു.

പണ്ട് കേരളത്തിൽ നിന്ന് ബംഗാളിൽ ജോലിക്കായെത്തിയതായിരുന്നു മലയാളിയായ കൃഷ്ണൻ. അവിടെ വച്ചു പരിചയപ്പെട്ട നാട്ടുകാരിയും സുന്ദരിയുമായ ബംഗാളി യുവതിയെ വിവാഹം ചെയ്ത് , ബംഗാളിൽ തന്നെ സ്ഥിരതാമസമുറപ്പിച്ചു പിന്നീട്. ചെറുപ്പത്തിൽ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് അകന്ന ബന്ധത്തിലെ ചെറിയച്ഛൻ്റെ വീട്ടിലായിരുന്നു അച്ഛൻ്റെ ബാല്യവും പിന്നീടുള്ള ജീവിതവും. മനസ്സിൽ സൂക്ഷിക്കാൻ മധുരമുള്ള ഓർമ്മകൾ ഒന്നുമില്ലാത്തതിനാലാകും, അച്ഛൻ പിന്നെ ഒരിക്കലും നാട്ടിലേക്ക് വരാതിരുന്നത്. വീട്ടിൽ മലയാളം സംസാരിയ്ക്കണമെന്ന അച്ഛൻ്റെ വാശിയാണ് പിന്നെ താനും അമ്മയും മലയാളം പഠിക്കാൻ കാരണം. അച്ഛൻ, അമ്മ എന്നു തന്നെ താൻ അവരെ സംബോധന ചെയ്യണമെന്നും അച്ഛൻ്റെ നിർബ്ബന്ധമായിരുന്നു. ഒരിയ്ക്കലും കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ട, സുന്ദരമായ കേരളമെന്ന അച്ഛന്റെ നാടുകാണാനുള്ള മോഹം തന്നെ ഇവിടെയെത്തിച്ചു എന്നതും മറ്റൊരു സത്യം .തനിക്ക് തിരിച്ചറിയാനാകില്ലെങ്കിലും ഒരു പക്ഷേ കടന്നു പോകുന്ന വാഹനങ്ങളൊന്നിൽ അച്ഛൻ്റെ ബന്ധുക്കളുണ്ടാകാം.

ഇവിടെ വന്നതിനു ശേഷമാണ് മനസ്സിൽ ഉണ്ടായിരുന്ന ജോലിയുടെ രൂപരേഖ കുറെക്കൂടി വിപുലമാക്കിയത്. ഇപ്പോഴാകട്ടെ വിവിധ ട്രാഫിക് സിഗ്നലുകളിൽ ജോലി ചെയ്യുന്ന വിവിധ പ്രായക്കാരായ അൻപതോളം സ്ത്രീ പുരുഷന്മാർ തൻ്റെ കീഴിലുണ്ട്, വിൽപ്പനയിൽ സഹായിക്കാനായി.ലക്ഷ്യം നേടി നാട്ടിലേക്ക് മടങ്ങും മുൻപ് ഈ അവസാനത്തെ പീസ് കൂടി വിൽക്കണം.

കുടം പുളിയിട്ട് മൺചട്ടിയിൽ പാചകം ചെയ്ത് അമ്മയുണ്ടാക്കുന്ന മീൻ കറിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി മനസ്സിനെ ലക്ഷ്യമാക്കിയാണ് കുക്ക് അൻഡ് സെർവ് പാത്രം പോലെ ഉപയോഗിയ്ക്കാവുന്ന പുതിയ തരം ഭംഗിയാർന്ന മൺചട്ടി അവതരിപ്പിച്ചത്.ചട്ടി വയ്ക്കാൻ ഒരു സ്റ്റീൽ സ്റ്റാൻഡ് കൂടിയായപ്പോൾ സംഭവം ചൂടപ്പം പോലെ വിറ്റഴിഞ്ഞു, കനത്ത ലാഭം നൽകിക്കൊണ്ട് .

ഒരുഓഫീസ് ജോലിയേക്കാൾ ലാഭകരമാണീ തൊഴിൽ എന്നതാണ് തന്നെ ഇതിലേക്കാകർഷിച്ചതും... അല്ലെങ്കിൽ തന്നെ നേർവഴിയുള്ള എല്ലാ ജോലിയും മഹത്തരമാണെന്ന് പറയാറുള്ള അച്ഛൻ്റെ വാക്കുകൾ തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നല്ലോ.
എത്രവേഗത്തിലാണ് തനിയ്ക്ക് ആവശ്യമായ അത്രയും ധനം സമ്പാദിക്കാനായത്, ഈ ജോലിയിലൂടെ.

സിഗ്നലിനിൻ്റെ ചുവന്ന വെളിച്ചം തെളിഞ്ഞു. അത് കണ്ട് നിറുത്തിയിട്ട കാറിനടുത്തെത്തി, ദുപ്പട്ട ഒന്നുകൂടി വലിച്ചിട്ട് ,സ്വരത്തിൽ അൽപം കൂടി ദൈന്യത വരുത്തി , ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി പറഞ്ഞു
"ഹേ സാബ്, യേ മിട്ടി കാ ബർത്തൻ തുമാരെ കിച്ചൻ കേലിയേ ബഹുത്ത് അഛാ ഹൈ .ഹെൽത്ത് കേലിയേ ഭി അഛാ ഹൈ. സ്റ്റീൽ സെ ബനായാ ഹുവാ സ്റ്റാൻഡ് ഓർ ഹാൻഡിൽ ബർത്തൻ കൊ ന്യൂ ലുക്ക് ദിയാ ഹൈ. ലാസ്റ്റ് പീസ് ഹൈ സാബ്, പ്ലീസ് പർച്ചേസ് കരോ'' .ചുണ്ടിലേക്കെത്തിയ, പണ്ട് അച്ഛൻ പഠിപ്പിച്ചു തന്ന മലയാള വാക്കുകൾ ഒന്നും തന്നെ വായിൽ നിന്നു വീഴാതെ വളരെ ശ്രദ്ധിച്ചാണ് പറഞ്ഞതു തന്നെ.

'' വേണ്ട അച്ഛാ ,ഇവരോടൊന്നും വാങ്ങേണ്ട, എല്ലാം പറ്റിപ്പാണ് "
ഡ്രൈവിംഗ് സീറ്റിലിരുന്ന അയാളുടെഅരികത്തിരിക്കുന്ന, മകനെപ്പോലെയുള്ള മെലിഞ്ഞ പയ്യൻ മലയാളത്തിൽപറഞ്ഞത് തനിക്ക് മനസ്സിലായില്ലെന്നോണം, താൻ പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോഴേക്കും മഞ്ഞ ലൈറ്റ് പച്ച നിറത്തിനു വഴിമാറിക്കൊടുത്തിരുന്നു.

അയാൾ കാർ മുന്നോട്ടെടുത്തു.

"നൂർ, വൈ ആർ യൂ ഹിയർ ലൈക് ദി സ്?- വർഷങ്ങളായി താൻ ഹൃദയത്തിൽ ചേർത്തുവച്ച സോമൻ മണ്ഡലിൻ്റെ സ്വരം കേട്ടു ഞെട്ടിപ്പോയി.

മുന്നോട്ടു നീങ്ങുന്ന പിന്നിലെ വണ്ടിയിൽ നിന്ന് തല പുറത്തേയ്ക്ക് നീട്ടി, പരിചിതമായ സ്വരത്തിൽ അത്ഭുതത്തോടെ തന്നെ വിളിക്കുന്നത് തന്റെ സോമൻ മണ്ഡൽ അല്ലായിരുന്നുവെങ്കിൽ!!!

വിളിച്ചത് തന്നെയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കുമ്പോൾ തലേന്ന് ഫോൺ ചെയ്തപ്പോൾ സോമൻ പറഞ്ഞ വാക്കുകൾ ചെവിയിൽ പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു.' നൂർ......, ടുമാറോ യു വിൽ ഹാവ് എ പ്ലസൻ്റ് സർപ്രൈസ് '

"ദൈവമേ! ഇതായിരുന്നോ ആ
അത്ഭുതം ?"

ഏറെ സമയത്തിനു ശേഷം, ഒന്നിന് പിറകെ ഒന്നായി മൊബൈലിൽ തനിക്കു വന്ന സോമൻ്റെ മിസ്ഡ് കോളുകൾ അപ്പോൾ മാത്രമാണ് കണ്ടത് എന്ന പോലെ, തികച്ചും സ്വാഭാവികമായി "സോമൻ ജി, മൈ മൊബൈൽ ഹാഡ് നോ ചാർജ് . ഹാവ് യു റീച്ച്ഡ് ഹോം ഫ്രം ഓഫീസ്? ഐ ആം നൗഅറ്റ് റെയിൽവേ സ്റ്റേഷൻ, ആഫ്റ്റർ സേ യിങ്ങ് ഗുഡ് ബൈ ടു കൊളീഗ്സ് ഓഫ് കാക്കനാട് .ഐ വിൽ ലീവ് ദിസ് പ്ലേസ് അറ്റ് സെവൻ തേർട്ടി. വി വിൽ മീറ്റ് സൂൺ''

മനസ്സിലെ ആശങ്കകളുടെ വേലിയേറ്റത്തിൽപ്പെട്ട് ശബ്ദം ഇടറാതെ, പറഞ്ഞൊപ്പിക്കുമ്പോൾ, ഇവിടെ കേരളത്തിലെ, ഐടി കമ്പനിയിലെ ജോലിക്കാരിയെന്ന തന്റെ മുഖംമൂടി അഴിഞ്ഞു വീണ് ,തൻ്റെസ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം തകർന്നടിയരുതേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ.

ഡോ. വീനസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot