കഥ പറയുന്ന കണ്ണുകൾ..... (കഥ)

Image may contain: 1 person, smiling, closeup
"ഗുപ്തന് പോവാതിരിന്നൂടെ ...?
നറുനിലാവിൽ കുളിച്ച് ഈ മാറിലെ ചൂടിൽ അന്തിയുറങ്ങിയിട്ട് മതിയാവുന്നില്ല .. പാദങ്ങൾ ചവുട്ടുപടിയാക്കി നിന്റെ ചുണ്ടുകളോട് കിന്നാരം പറയാൻ ഇനി എത്ര കാലം കാത്തിരിക്കണം നിന്റെയീ ചിത്രലേഖ ..?
ഈ നശിച്ച മൗനമെങ്കിലും ഒന്ന് വെടിയൂ ... നിന്റെ പ്രണയാക്ഷരങ്ങൾ കവിതകളായി എന്റെ ശ്രവണപുടങ്ങളിൽ അമൃത് പെയ്യുന്നതും കാത്ത് ഒരു വേഴാമ്പലിനെപ്പോലെയീ ഞാൻ ..."
അവളവന്റെ നെറ്റിയിയിൽ തുരുതുരാ ചുംബനങ്ങൾ ചൊരിഞ്ഞു... കേശഭാരത്തിൽ വിരലോടിക്കവേ വീർപ്പുമുട്ടുന്ന വല്ലാത്തൊരേകാന്തത അനുഭവപെട്ടു.
"അല്ലെങ്കിലും നിന്നെത്തടയാൻ എനിക്കെന്തധികാരം .... ഞാൻ നിനക്കാരുമല്ലല്ലോ ... വടവൃക്ഷത്തെക്കണ്ട് പറ്റുമരത്തിൽ നിന്ന് താഴെയിറങ്ങിയ വെറുമൊരു വള്ളിപ്പടർപ്പ് ....! തിരിച്ചു കയറാൻ ഇടമില്ലാത്ത വിധം അവിടമാകെ വസന്തം വിരിഞ്ഞതും ഞാനറിഞ്ഞില്ല. ... വിഡ്ഢി ... അതെ ... ശരിക്കുമൊരു വിഡ്ഢി ... പക്ഷെ നിന്റെ പ്രണയം ... ഗുപ്താ ... എന്റെ കാൽപ്പാദങ്ങൾ ഇപ്പോഴുമറിയുന്നു നിന്റെ ചൂടുള്ള ചുംബനത്തിന്റെ മാസ്മരിക സുഖം ..നിന്നിൽ പടരുമ്പോൾ ലഭിക്കുന്ന അനുഭൂതി .... !
സാരമില്ല നീ പൊയ്ക്കോ ...തടയുന്നില്ല ഞാൻ ... എന്റെ മിഴിനീരിൽ കുതിരാനുള്ളതല്ല നിന്റെ ജീവിതം .... ഞാൻ വരും .. തികഞ്ഞൊരന്യയെപ്പോലെ ... ദൂരെ നിന്നെങ്കിലും ആ ഭാഗ്യവതിയെ കാണാൻ ...
പൊയ്ക്കോള്ളൂ ... " ധൂപപാത്രത്തിൽ ഒരുപിടി അഷ്ടഗന്ധം വിതറി ചിത്രലേഖ നടന്നകന്നു .
...................... .................. ....................
Write something here....
എന്തെങ്കിലും എഴുതൂ....
രേഖ നായർ, ... തന്റെ പ്രൊഫൈൽ പിക്ചറിൽ ഒന്നു പാളി നോക്കി ...
നഗരത്തിലെ വാഹന ഘോഷയാത്രയ്ക്ക് ഇന്നും അറുതിയില്ല. ... മണിക്കൂറുകൾ റോഡിൽ വൃഥാ പാഴാവുന്നതിൽ
അവൾക്കരിശം തോന്നി ... തിരക്കുപിടിച്ച ജീവിതത്തിന്റെ വലിയൊരു ഭാഗം റോഡിൽ ഹോമിക്കുന്ന ഹതഭാഗ്യരുടെ കൂട്ടത്തിൽ താനും ... കളിപ്പാട്ടം വിൽക്കുന്ന ഒരു നാടോടി സ്ത്രീ വന്നു ഗ്ലാസിൽ തട്ടി ...
പതിവുകാഴ്ചകൾ ....!
നോട്ടിഫിക്കേഷനിൽ വിരലുകൾ ചലിച്ചു ...
തന്നെ മെൻഷൻ ചെയ്ത പോസ്റ്റിൽ കമന്റുകളുടെ ബഹളം ... അതേ, ഗുപ്തന്റെ കഥ ... നാല് ദിവസമായി എഫ് ബി നോക്കിയിട്ട്. ഗുപ്തന്റെ കഥയിലേക്ക് നീണ്ട വിരലുകൾ അവിടെ നിശ്ചലമായി ... ഓൺലൈൻ എഴുത്തിലെ വേറിട്ട രീതി ... ദുർഗ്രാഹ്യതയുടെ മൂടുപടമണിഞ്ഞ് എണ്ണം പറഞ്ഞ സൃഷ്ടികൾ പടച്ചുവിടുന്ന ഒരുഗ്രൻ എഴുത്തുകാരൻ ... ഗുപ്തനെ തന്റെ സേവ്ഡ് ലിസ്റ്റിലേക്ക് മാറ്റി വീണ്ടും റോഡിലേക്ക് മിഴികളയച്ചു. ...
എന്തായിരിക്കും ഗുപ്തന്റെ പുതിയ കഥ ..?ഇതു വരെയുള്ള കഥകളുടെ കുരുക്കുകൾ അഴിച്ചാണ് അയാളെ മനസ്സിലാക്കിയത് .. പക്ഷെ തികച്ചും ഒരന്തർമുഖൻ. ... അടുക്കും തോറും അകന്നു പോവുന്ന ഒരു മരീചിക . ... ഈയിടെയായി ഒരു പ്രണയ ലാഞ്ചന കാണാം ആ വരികളിൽ . ഒരുതരം അസ്വാഭാവിക പ്രണയം ...!
വരികൾക്കിടയിൽ നിന്നും അടർത്തിയെടുത്ത മണിമുത്തുകൾ കോർത്തെടുക്കുന്ന മാല്യങ്ങൾ ഇന്നോളം പൊട്ടിയിട്ടില്ല. ...
കുടുംബത്തിലെ കുഞ്ഞോളങ്ങളിൽ നീന്തിത്തുടിക്കുമ്പോഴും ഗുപ്തൻ ഒരു പൊങ്ങുതടിയായി ഇടയ്ക്കിടെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ...
അസ്തമിക്കുന്ന അർക്കന്റെ മാനസിക വ്യാപാരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കഥ...! ഒരോ അസ്തമയങ്ങളും മറ്റൊരുദയമാണെന്ന് പറഞ്ഞവസാനിപ്പിക്കുന്നു ..
ഒരു പകലിനായി എരിഞ്ഞടങ്ങി ആഴിയിൽ മുങ്ങി മറ്റൊരു പുലരി സമ്മാനിച്ച് തന്റെ കർത്തവ്യങ്ങൾ നിറവേറ്റാനുള്ള നിത്യ പരിശ്രമം .
ഈ കഥയിൽ എവിടെയോ ഒരു മരണഗീതത്തിന്റെ നേർത്ത ശ്രുതി കേൾക്കാം ... രേഖ കമന്റുകളിൽ മിഴിയോടിച്ചു. ... ആരും ഇതുവരെ അത്തരം സൂചനകൾ പറഞ്ഞതായി കാണുന്നില്ല.
ഇത്രയും കാലത്തെ കഥകൾ ഗുപ്തൻ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പറഞ്ഞത് ...അങ്ങിനെയാണെങ്കിൽ ..?
അവളുടെ ഉള്ളൊന്നു പിടഞ്ഞു ...
രാവിന്റെ രഥവും പേറി അശ്വങ്ങൾ കുതിച്ചു പാഞ്ഞു... ഗുപ്തൻ എന്ന മരീചികയിൽ നിന്നടർന്നുവീണ മിഴിനീർ കണങ്ങൾ അവളുടെ നിദ്രയെ ഈറനണിയിപ്പിച്ചു.
രേഖ ഞെട്ടിയുണർന്നു .
വയ്യ... ഗുപ്തൻ വല്ലാതെ വേട്ടയാടുന്നു ... എന്തു സംഭവിച്ചു കാണും ...?
എഫ് ബി വീണ്ടും മിഴി തുറന്നു... മുകളിലെ മെസേജ് കൗണ്ട് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു ...
ഗുപ്തനെ തേടുക തന്നെ.
മെസഞ്ചർ വീണ്ടും ഇൻസ്റ്റാൾ ചെയ്തു ... ഗുപ്തന്റെ മെസേജുണ്ട് ...
അവന്റെ വിവാഹത്തിന്റെ ക്ഷണപത്രം ...!
തീയ്യതി പക്ഷെ ...?
നാളെയാണ്... ലൊക്കേഷൻ അറ്റാച്ച് ചെയ്തതിലൂടെ മനസ്സ് പാഞ്ഞു ...
.......... .......... .......... ............... ................
മംഗളദിനത്തിന്റെ നിറശോഭ നിറയേണ്ട ഭവനത്തിൽ കരിന്തിരികൾ എണ്ണച്ചാലുകൾ തേടുന്ന പൂമുഖത്തേക്ക് ചിത്രലേഖ തന്റെ വലംകാൽ വെച്ചു ..തളം കെട്ടി നിൽക്കുന്ന നിശ്ശബ്ദതയുടെ കമ്പളം അവിടമാകെ ദൃശ്യമായിരുന്നു ... തെക്കിനിയിലെ വെറുംനിലത്ത് വാടിക്കുഴഞ്ഞ അമ്മനിഴലിൽ ചിത്ര പതിയെ തലോടി ...
"എന്താ അമ്മേ പറ്റിയത് ...? ഗുപ്തൻ എവിടെ .."
അമ്മയുടെ മുഖത്തെ ഭാവങ്ങൾ അവൾക്ക് വായിക്കാമായിരുന്നു ...
''ഞാൻ ചിത്രലേഖ ... ഗുപ്തന്റെ ഫ്രണ്ടാണ് ."
"അവനെക്കുറിച്ച് രണ്ടീസായിട്ട് വിവരൊന്നുമില്ല ... എന്റെ നിർബന്ധാർന്നു ഈ പുടമുറി ...വാസുന്റെ കുട്ടി നിയ്ക്ക് അനിയന്റെ കുട്ടിയല്ല ... ന്റെ മോളു തന്ന്യാ.... അമ്മല്ലാത്ത കുട്ടില്ല്യേ ...!
ഇനി അവന് ഇഷ്ടല്ല്യാച്ചാൽ ....? ന്റെ കുട്ടി ഒന്നിങ്ങ് വന്നാ മത്യാർന്നു .. "
ചിത്രയുടെ ഉള്ളിൽ സമ്മിശ്രഭാവങ്ങൾ വേഷമാടി..
പൂമുഖത്തും തൊടിയിലും വിരലിലെണ്ണാവുന്നവർ അടക്കം പറയുന്നു. .. കുറച്ചു നേരം അവിടെത്തങ്ങിയെങ്കിലും തന്റെ മിഴികൾ തേടുന്ന മുഖം പക്ഷെ കണ്ടെത്താനായില്ല. .. പകരം അവൾക്കു മുന്നിൽ രണ്ട് മിഴികളുടക്കി ... പൂമുഖത്തെ ചാരുകസേരയ്ക്ക് സമീപം ഭവ്യതയോടെ നിൽക്കുന്ന ഒരു സ്ത്രീരൂപം ...
ഇതാരായിരിക്കും ...ഗുപ്തന്റെ അച്ഛനോട് സംസാരിക്കുന്നത് ... ?
തന്നെ വീക്ഷിക്കുന്ന ചിത്രലേഖയെ
രേഖ ഒളികണ്ണാൽ ഒന്നളന്നു .
വലിയപൊട്ട്, ഇടതൂർന്ന കേശഭാരം, ഭംഗിയാർന്ന കൊലുസ്സ് ... മിഴികളിൽ ഒളിഞ്ഞിരിക്കുന്ന വശ്യത ...
രേഖയുടെ മനസ്സിൽ ഗുപ്തന്റെ വരികൾ തിങ്ങിനിറയാൻ തുടങ്ങി ...
എവിടെയോ ഒരു പന്തികേട്തോന്നിയ ചിത്രലേഖ പതിയേ തിരിച്ചിറങ്ങി .. രേഖയുടെ മിഴിമുനകൾ പക്ഷെ അവളെ അപ്പാടെ പകർത്തിക്കഴിഞ്ഞിരുന്നു. ...
............. ................ ....................... ............
അഷ്ടഗന്ധ സുഗന്ധം നിറഞ്ഞ മുറിയിൽ ചിത്രലേഖ വിഷണ്ണയായിരുന്നു .... ഗുപ്തന്റെ മൗനവും തന്റെ പ്രണയവും ഇഴചേരാതെ നാഴികകൾ നീങ്ങി ... അവന്റെ മിഴികൾ ഏതോ വിദൂരതയിൽ തറച്ചു നിൽക്കുന്ന പോലെ ...
"ഗുപ്താ ... നിനക്കെന്നോട് ക്ഷമിക്കാനാവില്ലേ...? നിന്റെ പ്രണയത്തിനപ്പുറം എനിക്കിനിയൊരു സ്വപ്നമില്ല ... ഒരുതവണ ... ഒരുതവണമാത്രം നിന്റെ ചുംബനങ്ങൾ എന്നിൽ നിറയ്ക്കുമോ ...? "
അവളവന്റെ ദേഹം പിടിച്ചുലച്ചു ... അവളുടെ മോഹങ്ങൾ ബാലാനിലനിൽ നിന്നും കൊടുങ്കാറ്റായി മാറുന്നുണ്ടായിരുന്നു ... ഉറുമ്പിൻ കൂട്ടങ്ങളെ അപ്പാടെ ഓടിനടന്നവൾ ചവിട്ടിയരച്ചു.
"ഗുപ്താ നീയെന്റേതാണ് ...എന്റേത് മാത്രം ... "
അട്ടഹാസങ്ങളും പൊട്ടിച്ചിരികളും മുഖരിതമായി .... സകല നിയന്ത്രണവും കൈമോശം വന്ന ചിത്രലേഖ കളിപ്പാട്ടം കിട്ടിയ കുട്ടി കണക്കെ ഇടയ്ക്ക് തുള്ളിച്ചാടി ... പക്ഷെ അതിന്റെ വർണ്ണപ്പകിട്ട് ഇളകിയതിൽ ക്ഷോഭിച്ചു ...
മനസ്സെന്ന യാഗാശ്വം അതിദ്രുതം പായുമ്പോഴും അവളുടെ ചേഷ്ടകൾ രണ്ടു മിഴികൾ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വരികൾക്കിടയിലെ വായനയിൽ തെളിഞ്ഞ കാര്യങ്ങൾ കോർത്തിണക്കി രേഖ നായർ ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ തീരത്തണഞ്ഞിരിക്കുന്നു.
തന്റെ പ്രിയ കഥാകാരൻ തൊട്ടു മുന്നിൽ ...
എപ്പോഴെങ്കിലും നേരിൽ കാണുമ്പോൾ നൽകാൻ കരുതി വെച്ച സമ്മാനങ്ങൾ ഒരുപിടി കണ്ണീർപുഷ്പങ്ങളായി അവനേകി ... തികട്ടി വന്ന ഗദ്ഗദത്തെ പിടിച്ചു നിർത്തി അവന്റെ മിഴികൾ മനസ്സാലെയവൾ എന്നേക്കുമായി അടച്ചു.
കഥാമൃതമൂട്ടി വായനയുടെ ഉത്തുംഗശൃംഗത്തിലേക്ക് വായനക്കാരെ കൂടെ കൊണ്ടുപോവാറുള്ള ഗുപ്തന്റെ അടയാത്ത മിഴികൾ അപ്പോഴും പുതിയ കഥകൾ രചിക്കുന്നുണ്ടായിരുന്നു ...
അവസാനിച്ചു.
✍️ ശ്രീധർ.ആർ.എൻ

അന്നുപെയ്തമഴയിൽ - Part 5

----------------------------------
രചന:അഞ്ജന ബിജോയ്
പിന്നീട്  പ്രിയക്ക് ആഹാരം കൊടുക്കുമ്പോൾ  സതിയുടെ കൂടെ വർഷയും  ചെന്നുതുടങ്ങി..പ്രിയയുടെ കാര്യങ്ങൾ നോക്കാൻ  വർഷ സതിയെ സഹായിച്ചു. പ്രിയയ്ക്കും  അതിഷ്ടമായിരുന്നു.വർഷ മിക്കസമയവും പ്രിയയുടെ മുറിയിലായിരുന്നു.പ്രിയയുടെ സ്വാഭാവത്തിൽ പതിയെ മാറ്റം വരുന്നത് ആദിത് ശ്രദ്ധിച്ചു.വർഷ പ്രിയയെയും കൊണ്ട് ഇടയ്ക്കിടയ്ക്ക്  ആ മുറിക്ക് പുറത്തിറങ്ങി അവിടെ കുറച്ചൊന്നു നടക്കും .ആദിത്തും സതിയും ഒന്നും അടുത്തില്ലാത്തപ്പോ മാത്രമേ പ്രിയ മുറിക്ക് പുറത്തേക്ക് ഇറങ്ങു. പക്ഷെ സ്റ്റെയർകേസ്  ഇറങ്ങി താഴെ വരാനോ മറ്റു മുറികളിൽ കയറാനോ അവൾ കൂട്ടാക്കിയില്ല.ഒരു ദിവസം സതിയും ആദിത്തും ഡൈനിങ്ങ് ടേബിളിൽ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"ഇന്ന് നിങ്ങളുടെ കൂടെ ഇരിക്കാൻ ഒരാളും കൂടെ ഉണ്ടേ.." സ്റ്റെയർകേസ് ഇറങ്ങിവന്ന വർഷ പറഞ്ഞു.
ആദിത്തും സതിയും അങ്ങോട്ട്  നോക്കിയതും ഞെട്ടിപ്പോയി!
വർഷയുടെ പിറകിൽ അവളുടെ കൈപിടിച്ച് പതുക്കെ നടന്നുവരുന്നു പ്രിയ! ആരെയും നോക്കുന്നില്ല.തലതാഴ്ത്തിപ്പിടിച്ചിരിക്കുകയാണ്.ഒരു ബലത്തിനെന്നോണം വർഷയുടെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്നു. സതിയുടെ കണ്ണുകൾ നിറഞ്ഞുപോയി.അവർ പ്രിയക്കായി കസേര വലിച്ചിട്ടു.
വർഷ പ്രിയയെ അവരുടെ അടുത്ത്  കൊണ്ടുപോയിരുത്തിയിട്ട്  അവളുടെ തൊട്ടടുത്ത്  നിന്നു..പ്രിയ അപ്പോഴും മുഖം താഴ്ത്തി ഇരിപ്പാണ്.
ആദിത് നിറകണ്ണുകളോടെ പ്രിയയെ നോക്കി.
എത്ര നാളുകൾക്ക് ശേഷമാണ്  പ്രിയേച്ചി  ആ ഇരുട്ടുമുറിയിൽ നിന്നും ഒന്ന് പുറത്തേക്കിറങ്ങുന്നത്..വൃത്തിയായി വസ്ത്രം ധരിക്കുന്നത്..തങ്ങളുടെ കൂടെ വന്നിരിക്കുന്നത്..കണ്ണുകൾ തുടച്ച് അവൻ ഒരു പ്ലേറ്റ് എടുത്ത് അവളുടെ മുൻപിൽ വെച്ചു .
"വേണ്ട.." പ്രിയ അവനെ നോക്കാതെ പതുക്കെ പറഞ്ഞു.
"ഞാനും വർഷേം  മുകളിൽ പോയി പ്രിയമോൾക്ക് ആഹാരം കൊടുത്തിരുന്നു മോനെ."സതി പറഞ്ഞു.
"ചേച്ചി കഴിച്ചതാ.ഇപ്പൊ നിങ്ങളുടെ കൂടെ ഇരിക്കണമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നതാ .."വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആദിത് വർഷയെ  നന്ദിയോടെ നോക്കി.അവൾ അവന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.
"ചേച്ചി ഇവരുടെ കൂടെ ഇരുന്ന് കൊച്ചുവർത്തമാനം ഒക്കെ പറയ് കേട്ടോ.ഞാൻ ഇപ്പൊ വരാം." വർഷ അടുക്കളയിലേക്ക് പോവാൻ തുടങ്ങിയതും പ്രിയ അവളെ വിടാതെ അവളുടെ  കൈയിൽ മുറുകെ പിടിച്ചു.
"കുട്ടിയൊന്നും  കഴിച്ചതല്ലല്ലോ. ഇന്നിവിടെ ഞങ്ങളുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കാം." സതി വർഷയോട് പറഞ്ഞു.
"ഞാൻ അടുക്കളയിൽ ചെന്നിട്ട് കഴിച്ചോളാം അമ്മെ."വർഷ പറഞ്ഞു.
"എങ്കിൽ ഇവിടെ കുറച്ച് നേരം വെറുതെ ഞങ്ങളുടെ ഒപ്പം ഒന്നിരിക്ക് കുട്ടി.ഇത്ര വാശി വേണോ?" സതി വർഷയോടു ചോദിച്ചു.
"ധിക്കാരം ആണെന്ന് വിചാരിക്കല്ലേ അമ്മെ..ഞാൻ പറഞ്ഞില്ലേ എനിക്കിതൊന്നും ശീലമില്ല.എന്റെ സ്ഥാനം അടുക്കളയിലാ..ഞാൻ അവിടിരുണ്  കഴിച്ചോളാം.." വർഷ ആദിത്തിനെ  നോക്കി പറഞ്ഞു.അന്ന് കഴിച്ചുകൊണ്ടിരുന്നതിനിടയിൽ താൻ അപമാനിച്ചതിന്റെ  ദേഷ്യമാണവൾക്കെന്ന്  അവന് മനസ്സിലായി.അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി.
പ്രിയയോട് എന്ത് ചോദിക്കണമെന്ന് ആദിത്തിന്  നിശ്ചയമില്ലായിരുന്നു.
അവർ കഴിച്ചുകഴിയുന്നതുവരെ വർഷ പ്രിയയുടെ  കൈയും പിടിച്ച് അവിടെ നിന്നു.
സതി ചോദിച്ച എന്തിനൊക്കെയോ ഒന്നോ രണ്ടോ വാക്കുകളിലൂടെ പ്രിയ ഉത്തരം പറഞ്ഞു.
കഴിച്ച് കഴിഞ്ഞ് സതി പാത്രമെല്ലാമെടുത്ത് അടുക്കളയിലേക്ക് പോയി.പ്രിയ വർഷയുടെ കൈയിൽ  പിടിച്ച് തിരികെ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.ആദിത് കൈകഴുകിയിട്ട് പ്രിയയുടെ മുറിയുടെ വാതിൽക്കൽ ചെന്ന് നിന്നു.അവനെ കണ്ടതും വർഷ മുറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങി.പ്രിയ ഒരാശ്രയത്തിനെന്നോണം അവളുടെ കൈയിൽ പിടിച്ചു.
"എന്തിനാ പേടിക്കുന്ന?ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ.നിങ്ങൾ ആങ്ങളയും പെങ്ങളും സംസാരിച്ച് കഴിഞ്ഞ് ഞാൻ വന്നേക്കാം." വർഷ ബലമായി അവളുടെ കൈകൾ വിടുവിച്ച്   വെളിയിലേക്ക് പോയി.
ആദിത് മെല്ലെ പ്രിയയുടെ അടുത്തേക്ക്  നടന്നു.പ്രിയ അവനെ നോക്കാതെ കട്ടിലിൽ കാലുകയറ്റിവെച്ച് പേടിച്ച് ചുരുണ്ടുകൂടി ഇരുന്നു.
ആദിത് പ്രിയയുടെ കട്ടിലിന്റെ താഴെ അവളുടെ തൊട്ടുമുൻപിലായി  ഒരു കൈ അകലത്തിൽ നിലത്തിരുന്നു.
"പ്രിയേച്ചി.." ആദിത്  വിളിച്ചു.പ്രിയ അവനെ നോക്കാതെ കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി വെച്ചു.
"എന്നെ ഒന്ന് നോക്ക് പ്രിയേച്ചി.."ആദിത്തിന്റെ കണ്ണുകൾ നിറഞ്ഞുവന്നു..ആദിത് മെല്ലെ പ്രിയയുടെ കൈകളിൽ തൊട്ടു.അവൾ അവന്റെ കൈകൾ തട്ടിമാറ്റി.
"ശപിക്കപ്പെട്ട ജന്മമാ പ്രിയേച്ചി എന്റേത്. എന്നെ സ്നേഹിക്കുന്ന ആരെയും സംരക്ഷിക്കാൻ  കഴിവില്ലാതെ പോയ ശപിക്കപ്പെട്ട ജന്മം! " ആദിത് അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു. അവന്റെ കരച്ചിൽ കേട്ട് പ്രിയ പതിയെ മുഖമുയർത്തി അവനെ നോക്കി.അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.മെല്ലെ അവന്റെ മുടിയിഴകളിൽ തലോടി.അവൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അതിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ച്  കരഞ്ഞു..നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് വർഷയും  സതിയും  വാതിൽക്കൽ നിന്ന് ഇതെല്ലം കാണുന്നുണ്ടായിരുന്നു..
വർഷ അവളുടെ മുറിയിൽ ചെന്നിരുന്ന് അവളുടെ ഫോൺ കൈയിലെടുത്തു.
"അങ്ങനെ ആദ്യത്തെ കടമ്പ കടന്നുകിട്ടി." അവളുടെ പ്രിയപ്പെട്ട ആളുടെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു.ആ ഫോട്ടോ നെഞ്ചോടു ചേർത്തുപിടിച്ച് അവൾ കരഞ്ഞു.
പ്രിയ പതിയെ ആദിത്തിനോടും സതിയോടും  കുറച്ചൊക്കെ സംസാരിച്ചും അവരുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കുകയും ചെയ്തു തുടങ്ങി.പ്രിയ ആഹാരം കഴിക്കുന്ന സമയമത്രയും വർഷ അവളുടെ കൂടെ ടേബിളിന്റെ സൈഡിൽ നിൽക്കും.സതിയോ പ്രിയയോ നിർബന്ധിച്ചിട്ടുപോലും  അവൾ അവരുടെ കൂടെ ഇരുന്ന് കഴിക്കാൻ തയ്യാറായില്ല.അത് തന്നോടുള്ള പ്രധിഷേധം ആണെന്ന് ആദിത്തിന്  മനസ്സിലായി.പ്രിയയുടെ ഓരോ മാറ്റത്തിന്  പിന്നിലും  വർഷ ആണെന്ന് ആദിത്തിനും സതിക്കും അറിയാം ..അതുകൊണ്ട് തന്നെ സതി
വർഷയെ  അടുക്കളജോലികൾ അധികം ഏൽപ്പിക്കാതെ പ്രിയയുടെ കൂടെ തന്നെ സദാ സമയവും ചിലവഴിക്കാൻ സമ്മതിച്ചു. വർഷ പക്ഷെ ആദിത്തിനോട് അകലം പാലിച്ച് തന്നെ നിന്നു..
പ്രിയ വീണ്ടും മുറിക്കു പുറത്തിറങ്ങുകയും സംസാരിച്ചുതുടങ്ങിയതിൽ പിന്നെ ആദിത് പലപ്രാവശ്യം  വർഷയോട്  സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മുഖംകൊടുത്തില്ല. അന്ന് പ്രിയയോട്  എന്താണ്  പറഞ്ഞതെന്ന് ചോദിച്ചുകൊണ്ട് വർഷയുടെ  കൈപിടിച്ച് വേദനിപ്പിച്ചതിൽ  പിന്നെ അവൾ ആദിത് വീട്ടിൽ ഉള്ളപ്പോൾ ആദിത്തിന്റെ മുറിയിൽ കയറുകയോ അവനോട്  കാര്യമായി ഒന്നും സംസാരിക്കുകയോ ചെയ്തിരുന്നില്ല.. ആദിത് മിക്കപ്പോഴും ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് ലാപ്ടോപ്പിന്റെ മുൻപിൽ തന്നെ ആയിരിക്കും.ഇടയ്ക്ക് ആദിത് ലാപ്ടോപ്പിൽ അന്ന് കണ്ട പെൺകുട്ടിയുടെ അതെ പടം നോക്കി ഇരിപ്പുണ്ടാവും...അവന്റെ കണ്ണിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതും കാണാം... കാണാൻ ഏകദേശം തന്നെപോലെ തന്നെ ഇരിക്കുന്ന ആ പെൺകുട്ടി ആരാണെന്നറിയാൻ വർഷയ്ക്ക് ആഗ്രഹമുണ്ടായിരുന്നു .ചോദിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്തത്കൊണ്ട് അവൾ ഒന്നും ചോദിച്ചില്ല..
പിറ്റേന്ന്  വർഷ സതിയുടെ കൂടെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ..
"കുട്ടി പ്രിയമോൾക്ക് വേണ്ടി കാച്ചിയ എണ്ണ അവിടെ ഇരിപ്പുണ്ട്..ഇഷ്ടാണെങ്കിൽ അതെടുത്ത് തേച്ചോളു കേട്ടോ.മുടി നന്നായിട്ട് വളരും "സതി വർഷയോട് പറഞ്ഞു. വർഷ നന്ദിയോടെ സതിയെ നോക്കി. സതി നല്ല മൂഡിലാണെന്ന് മനസ്സിലായതും ആദിത്തിന്റെ ലാപ്ടോപ്പിൽ കണ്ട പെൺകുട്ടിയെ പറ്റി അവരോട് ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
"അമ്മെ ഇവിടുത്തെ സാറിന് ആരോടെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ?" വർഷ രണ്ടും കൽപ്പിച്ച് സതിയോട് ചോദിച്ചു.
"ഹേയ് മോന് അങ്ങനെ ഒരു ഇഷ്ടം ഉള്ളതായിട്ട്  എനിക്കറിയില്ല കുട്ടി.എന്താ ചോദിച്ചത്?"സതി ചോദിച്ചു.
പറയണോ  വേണ്ടയോ എന്നവൾ ഒരുനിമിഷം ആലോചിച്ചു.
"അല്ല..മിക്കപ്പോഴും സാറ് ആ കൊച്ചു കമ്പ്യൂട്ടറിൽ ഒരു കുട്ടിയുടെ  ഫോട്ടോ  നോക്കി ഇരിക്കുന്നത് കാണാം.മുടിയൊക്കെ റിബ്ബൺ കൊണ്ടുകെട്ടി വലിയ കണ്ണുകളും നുണക്കുഴികളുമുള്ള ഒരു സുന്ദരിക്കുട്ടി .രസം എന്താണെന്നറിയോ അമ്മെ ആ കുട്ടിയെ കണ്ടാൽ എന്റെ അനിയത്തി ആണെന്നെ പറയു..നല്ല മുഖസാമ്യം  ഉണ്ട്  " വർഷ അത് പറഞ്ഞതും സതിയുടെ മുഖത്ത് സങ്കടം നിറഞ്ഞു..അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവർ ഒന്നും മിണ്ടാതെ അവരുടെ ജോലി തുടർന്നു .ചോദിക്കേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.
പെട്ടെന്ന് ആദിത്  അങ്ങോട്ട് ചെന്നു .
"വർഷേ.." ആദിത്  വിളിച്ചു.വർഷ ആദിത്തിനെ  നോക്കി.
"എന്താ എന്റെ മുറി മാത്രം ക്ലീൻ ചെയ്യാത്തെ ?"ആദിത് ചോദിച്ചു.
വർഷ ഒന്നും മിണ്ടിയില്ല.
"ഇന്നലെ വർഷ  ചെയ്യാൻ തുടങ്ങിയതാ മോനെ.അപ്പൊ പെട്ടെന്ന് അവൾക്ക്  തലകറങ്ങി..അതുകൊണ്ട് പിന്നീട് മതീന്ന് ഞാനാ പറഞ്ഞെ."സതി പറഞ്ഞു
ഇന്നലെ ആദിത് മുറിയിൽ ഉണ്ടായിരുന്നത്കൊണ്ടാണ് അവിടം വൃത്തിയാക്കാൻ പോവാതെ വർഷ തനിക്ക് വയ്യ എന്ന സതിയോട്  കള്ളം പറഞ്ഞത്. കുറച്ച് കഴിഞ്ഞ് ആദിത് വെളിയിൽ പോയ നേരം സതിയും പ്രിയയും  ഉച്ചയുറക്കത്തിൽ ആയിരുന്നു. വർഷ മുറികളെല്ലാം അടിച്ചുവാരിക്കൊണ്ടിരുന്നു.മുകളിൽ ആദിത്തിന്റെ മുറിയിലെത്തിയപ്പോൾ കയറണോ  വേണ്ടയോ എന്ന് സംശയിച്ചു.
ആദിത് വെളിയിൽപോയ സമയമായതിനാൽ അവൾ തുടയ്ക്കാനുള്ള സാമഗ്രികൾ എല്ലാം എടുത്ത്   അകത്ത്  കയറി പണി തുടങ്ങി. മുറി തുടച്ചിട്ട് അവൾ ബാത്റൂം  തുടയ്ക്കാൻ കയറിയപ്പോൾ ആദിത് വന്നു.അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല.വർഷ അകത്തുണ്ടെന്ന് അവന് മനസ്സിലായി. അവൻ പെട്ടെന്ന് വെളിയിൽ പോയി ഷൂസ് ഇട്ടോണ്ട് വന്നു.  ഒച്ചയുണ്ടാക്കാതെ തുടച്ച് വൃത്തിയാക്കിയിട്ട തറയിൽ  അങ്ങോട്ടും ഇങ്ങോട്ടും  നടന്നു.വർഷ വന്ന് കാണുമ്പോൾ ഇതിന്റെ പേരിൽ  എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കാൻ വരും എന്നവന് അറിയാമായിരുന്നു.അങ്ങനെയെങ്കിലും അവൾ തന്നോടൊന്ന് സംസാരിക്കുമല്ലോ എന്നവൻ ആഗ്രഹിച്ചു.
അവൻ ഒന്നുമറിയാത്തപോലെ മുറിയിൽ അവന്റെ സോഫയിൽ ചെന്നിരുന്നു.
ബാത്‌റൂമിൽ  നിന്നിറങ്ങിയ വർഷ ആദിത്തിനെ  കണ്ടൊന്നു പകച്ചു.പിന്നീടാണ്  അവൾ അവൻ ചെയ്തുവെച്ച പണി കാണുന്നത്.തറ മുഴുവൻ ഷൂസ് ഇട്ട് നടന്ന് വൃത്തികേടായിക്കിടക്കുന്നു.ആദിത് അവളെ ഒന്ന് നോക്കി.ഒരു പൊട്ടിത്തെറി അവൻ പ്രതീക്ഷിച്ചു.അവൻ മനപ്പൂർവം ചെയ്താതാണെന്ന് അവൾക്ക് മനസിലായി.വർഷ ആദിത്തിനെ നോക്കുകപോലും ചെയ്യാതെ ഒന്നെയെന്ന് എല്ലാം തുടച്ച് വൃത്തിയാക്കാൻ  ആരംഭിച്ചു..
"വർഷേ..എന്നോട് ദേഷ്യമാണോ ?" ആദിത് അവളോട് ചോദിച്ചു.
വർഷ ഒന്നും മിണ്ടിയില്ല
" എന്താ ഞങ്ങടെ  കൂടെ ഇരുന്ന് കഴിക്കാൻ വരാത്തത്?"ആദിത് ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ ജോലി തുടർന്നു.
"വിഷമം ഉണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ സോറി.." ആദിത് ആത്മാർത്ഥമായി തന്നെ അവളോട് ക്ഷമാപണം നടത്തി.
ആദിത് പറഞ്ഞതുകേട്ട് വർഷ  മനസ്സുകൊണ്ട് സന്തോഷിച്ചെങ്കിലും അവനെ ദേഷ്യം പിടിപ്പിക്കാൻ അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
"വർഷേ  നിന്നോടാ ഞാൻ സംസാരിക്കുന്നത് .." ആദിത് വീണ്ടും പറഞ്ഞു . വർഷ അത് കേട്ടഭാവം നടിച്ചില്ല.
ആദിത്തിന് നല്ല ദേഷ്യം വന്നു.അവൻ സോഫയിൽ നിന്നെഴുന്നേറ്റ് ചെന്ന് വാതിൽ അടച്ച്  കുറ്റി  ഇട്ടു.എന്നിട്ട് വർഷയുടെ നേരെ പാഞ്ഞടുത്തു!

(കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ...?)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

ആരാച്ചാർ.



എപ്പോഴോ ഫാനിൻ്റെ മുരൾച്ച നിന്നപ്പോഴാണ് ചെറുതായൊരു ചൂട് പുതപ്പിനുള്ളിലേക്ക് കടന്നത്.
കണ്ണ് തുറന്നപ്പോഴാണ് നിശ്ചലമായ ഫാൻ നന്നായി തെളിഞ്ഞു കണ്ടത്. കിഴക്കുഭാഗത്തു നിന്നെത്തുന്ന വെളിച്ചം മുറിയെ പ്രകാശമാനമാക്കി, ഭിത്തിയിലെ ക്ലോക്കിലേക്ക് സമയം നോക്കാനായി നോട്ടമെറിഞ്ഞെങ്കിലും ഫാനിൽ തൂങ്ങിയാടുന്ന എന്തോ ഒന്ന് സമയമറിയാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. നന്നായി ഓർക്കുന്നു രാവിലെയല്ല, ഉച്ചയുറക്കത്തിലായിരുന്നു.
എന്താണ് ഫാനിൽ തൂങ്ങിയാടുന്നത്, അതൊരു മനുഷ്യ രൂപമല്ലേ, അതേ നന്നായി അറിയാം പക്ഷെ ആര്?
എൻ്റെ ഉമ്മാൻ്റെ പേരെന്ന സിനിമയിൽ അവസാന രംഗങ്ങളിൽ നായകനായ ടൊവീനോ ബൈക്കിൽ വരുന്ന ടൊവീനോയെ തിരിച്ചറിയുന്നതു വെറുതെ ഓർത്തു. നല്ല പരിചയമുള്ള ബർമുഡയും ടീ ഷർട്ടും. കൈ വിരലുകൾ കൊണ്ട് കാലിൽ മാന്തിപ്പറിച്ചിട്ടുണ്ടോ എന്നു നോക്കി, ഇല്ല അങ്ങിനത്തെ പാടുകളൊന്നുമില്ല, മുഖത്താണെങ്കിൽ പേശിവലി വിൻ്റെ ലാഞ്ചനകൾ പോലുമില്ല, നാക്കു കടിയുമില്ല, കണ്ണു തുറിയ്ക്കലുമില്ല, തുറന്നിരിക്കുന്ന കണ്ണുകളിൽ ശാന്തത. ആരാച്ചാർ നോവലിലെ കയറൊരുക്കുന്ന രീതികൾ പഠിച്ചിട്ടാണാവോ
കയറിൻ്റെ നീളവും ശരീരത്തിൻ്റെ തൂക്കവും, കുരുക്കിൻ്റെ കൃത്യതയും ആയിരിക്കാം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എല്ലാം തീർന്നോ? പരകായപ്രവേശത്തിലൂടെ തൂങ്ങിയാടുന്ന രൂപത്തിൻ്റെ തലച്ചോറിലേക്ക് കടന്നു കാര്യ കാര്യങ്ങൾ ഒന്നവലോകനം ചെയ്യാനുള്ള വൃഥാ ശ്രമം.
എന്തിനായിരുന്നു.
അതിർത്തിയിലെ കാര്യങ്ങൾ
ആണോ കാരണം.
പൈലറ്റ് അഭിനന്ദിൻ്റെ കാര്യം
ഓർത്താണോ?
ആണവയുദ്ധഭീതിയോ? രണ്ടു രാജ്യങ്ങളിലേയും ഇലക്ഷനു മുമ്പു നടക്കാറുള്ള
തീവ്രവാദി ആക്രമണങ്ങൾക്കു പിന്നിൽ
വല്ല അറിയാക്കഥകളുണ്ടോ എന്നറിഞ്ഞതിനാലാണോ?
ആണവ രാജ്യങ്ങളുടെ അമരത്തിരിയ്ക്കുന്നവർ
അങ്കക്കലി മൂത്ത് അധികാര ഭ്രാന്തന്മാരാകുന്ന അന്തരീക്ഷത്തിൽ ആർക്കാണിന്ന് ആണവയുദ്ധ ഭീതിയില്ലാതെ അമർന്നിരിയ്ക്കാനാവുന്നത്,
അതാണോ കാര്യം?
അതോ ഏറ്റവും നല്ല നടനുള്ള
അവാർഡ് ജിജോയ്ക്കായിരിക്കും എന്ന്
തർക്കിച്ച് തളർന്നിട്ടും സ്വഭാവനടൻ്റെ സ്ഥാനം മാത്രമായി പോയതോ?
അതൊന്നുമല്ലെങ്കിൽ ഗൾഫ്മാന്ദ്യമോ?
ചിലരുടെ വരികളിലെ
ആത്മാർത്ഥത വാക്കുകളിൽ
കാണാത്തതോ, വാക്കുകളിലെ ആത്മാർത്ഥത പ്രവൃത്തികളിൽ കാണാനാവാത്തതോ?
കറങ്ങി കറങ്ങി കണ്ണും കണ്ണും നേർരേഖയിൽ സന്ധിച്ച നേരം കണ്ണിൽ നോക്കി ചോദിച്ചു, മനസ്സമാധാനത്തിനു വേണ്ടിയാണ് മരണത്തിനു കാരണമെന്താണ്.
ജീവിയ്ക്കാനും,മരിയ്ക്കാനും സമ്മതിയ്ക്കില്ലല്ലേ? മരിച്ചു കഴിഞ്ഞാലും മനസമാധാനം തരില്ലല്ലേ.
എന്നാൽ പിന്നെന്തിനാ മരിയ്ക്കുന്നത്?
നേർത്ത ശബ്ദത്തോടെ ഫാൻ പിന്നേയും കറങ്ങിത്തുടങ്ങി, തണുത്ത കാറ്റിൽ കണ്ണുകൾ അടഞ്ഞുപ്പോകുന്നു. പീന്നീട് തുറക്കുന്നത് ഉറക്കത്തിലേക്കോ, ഉണർവ്വിലേക്കോ?

By: PS Anilkumar DeviDiya

ബ്രായ്ക്കറ്റിലെ കഥ

Image may contain: Shoukath Maitheen, sitting and indoor
ഭാഗം രണ്ട്
=======
'' രണ്ട് ദിവസം കഴിഞ്ഞ് സന്ധ്യ നേരത്താണ് രമണൻ വീട്ടിൽ വന്നു കയറിയത്,
'' എവിടെയായിരുന്നു, ... കനകമ്മ ചോദിച്ചു,...
'' വർക്ക് ഷോപ്പിൽ ജോലിയുണ്ടായിരുന്നു ...
''ഇവിടെ ഒരുത്തിയുണ്ടെന്നുളള വിചാരമൊന്നുമില്ലല്ലോ ... കനകമ്മ പരിഭവത്തോടെ മുഖം കനപ്പിച്ച് അടുക്കളയിലേക്ക് പോയി,...
രമണൻ കുളിച്ച വന്നപ്പോഴേക്കും അത്താഴം റെഡി,...
''ഇന്നെന്താ കൂട്ടാൻ ...?
''മാരിയമ്മ ചേച്ചി ഒരു പിടുത്തം ചക്കക്കുരു തന്നു .. മാങ്ങായിട്ടു വച്ചതാ ...
''എനിക്കു വേണ്ട ...
''അതെന്താ ...?
'' ചക്കക്കുരു വഴക്കാളിയാ .. ഇവൻ വയറ്റിലേക്കു ചെന്നാൽ ആമാശയവുമായി യോജിക്കൂല ... ഏതു നേരവും വെടിയും ചീറ്റലും ഉന്തും തളളുമാണ് ...പിന്നെ ഞാൻ ജോലി സ്ഥലത്ത് നിന്നെഴുന്നേറ്റ് ബാത്ത്റൂമിൽ പോയാലേ പ്രശ്നം തീരൂ,..... നീ ലേശം മുളക് ചാലിച്ച് തന്നാ മതി ... നാളെ മത്തി വാങ്ങാം ...
''ങാ .. മത്തി വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴാ ഓർത്തത് ....എനിക്കൊരു കൂട്ടം വാങ്ങണം ...
''രമണൻ തലയുർത്തി കനകമ്മയെ നോക്കി .... ബ്രാ യും, ഷഡ്ഡിയുമല്ലല്ലോ ...ഇനി അതെല്ലാം നീ പോയി വാങ്ങിയാൽ മതി ...
''നിങ്ങളെന്റെ ആരാ ...? ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ... ഭാര്യയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ പറ്റൂലെങ്കിൽ നിങ്ങളെന്നെ ഉപേക്ഷിച്ചേക്ക് ...
''അയ്യേ ...ഒരു ബ്രാ യുടെ പേരിൽ ഡിവോഴ്സോ ...?
'' ഞാൻ മാർക്കറ്റിൽ പോവൂല,...എനിക്കു വേണ്ട സാധനങ്ങൾ വീട്ടിലെത്തിക്കണം ...ഇതെല്ലാം ഭർത്താവിന്റെ കടമയാ ...നിങ്ങൾക്കുളളതെല്ലാം ഇവിടെ റെഡിയല്ലേ ...അതെന്റെ കടമയാ...
''ഓകെ ...നാളെ എന്താ വാങ്ങേണ്ടത് ...?
''ഒരു പാഡ് വാങ്ങണം ....
'ഒരുപാട് വാങ്ങാനൊന്നും പൈസയില്ല ...അത്യാവിശ്യമുളളതു പറ ...
''ഒരു പാഡ് വേണം ...
''എന്തോന്ന് ...
''ഒരു പാഡ് വേണം മനുഷ്യ ....
''അതെന്താന്ന് .....രമണന് ദേഷ്യം വന്നു ....
''എന്റെ മനുഷ്യ ഒരു പാഡില്ലേ ഒരു പാഡ് ....
''കുന്തം ...തലമണ്ടക്കിട്ട് ഓരെണ്ണം തരൂട്ടോ ...ഒരു പാടാണെങ്കിലും കുറച്ചാണെങ്കിലും എന്താ വാങ്ങേണ്ടതെന്ന് പറയെടി പെണ്ണുമ്പിളൈ....!
''ചേട്ടാ ..... കനകമ്മ ചേർന്നിരുന്നു കൊണ്ടു പറഞ്ഞു ...
''ചേട്ടാ ...എനിക്കു പിരിയഡായി ...!
''പിരിയഡോ ...ഏതു പിരീഡ് ...നീ എന്താ സ്കൂൾ ടീച്ചറോ ...?
''ഹൊ ...എന്റെ തമ്പുരാനേ ...ഇതെന്തൊരു ജന്മമാണ് ... കനകമ്മ തലമുടി വലിച്ചു പറിച്ചു....
''കാര്യം വ്യക്തമായി പറയെടി ...
''അതേ.. കല്ല്യാണ ത്തിനു മുമ്പ് ഒരു സ്ത്രീയെ കുറിച്ച് പുരുഷന് അറിവു വേണം ...
''നിന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ കിട്ടിയ അറിവു വച്ചല്ലേ നിന്നെ കെട്ടിയത് ....
''ആ അറിവല്ല ....
''പിന്നെ ...?
''എന്താണ് സ്ത്രീ...എങ്ങനെയാണ് സ്ത്രീ...എന്തിനാണ് സ്ത്രീ ... ? പറ എന്താണ് സ്ത്രീ ..? കേൾക്കട്ടെ ...!
''സ്ത്രീ എന്നു പറഞ്ഞാൽ ... അവൾ പുരുഷനോട് കടപ്പെട്ടവളാണ് ....
''ഓഹോ ...ഏത് വ്യവസ്ഥയിലാണ് ആ കടം ...
''എടീ പുരുഷന്റെ നല്ല ഒന്നാന്തരം വാരിയെല്ലൂരിയാണ് സ്ത്രീയെ ദൈവം സൃഷ്ടിച്ചത് ...അതിനുളള നന്ദിയെങ്കിലും പെണ്ണ് കാണിക്കണം ....ആ കടം വീട്ടാൻ ഏത് പെണ്ണിനാകും ....
''എനിക്കു ദൈവത്തിനോട് ദേഷ്യം തോന്നുന്നു ....
''അതെന്തിനാ ....
''ആ ലാലേട്ടന്റെ വാരിയെല്ലൂരി എന്നെ സൃഷ്ടിച്ചില്ലല്ലോ എന്നോർത്ത് ....
''എന്റെ പ്രതീക്ഷയും തെറ്റിയെടി ...എന്റെ വാരിയെല്ലൂരിയപ്പോൾ ഞാൻ വിചാരിച്ചു ''സണ്ണിലിയോണി''നാകുമെന്ന് ...ആ വാരിയെല്ല് വേസ്റ്റാക്കിയ ദൈവമേ ... സഹിക്കില്ല ഞാൻ ...സഹിക്കില്ല ....
''എന്നാ നിങ്ങൾ രക്ഷപ്പെട്ടേനെ വസ്ത്രം വാങ്ങി കാശ് കളയണ്ടായിരുന്നു ....അതൊക്കൊ പോകട്ടെ എനിക്കു നാള് ഒരു പാഡ് വാങ്ങീ വരണം ...
മിഴിച്ചിരിക്കുന്ന രമണനോട് കനകമ്മ പറഞ്ഞു ''... കണ്ണുരുട്ടണ്ട കടയിൽ ചെന്ന് ഒരു പാഡ് തരാൻ പറഞ്ഞാൽ മതി...
''ഒരു പാടോ ..? അതെന്തു സാധനം ?
''കടക്കാരൻ എടുത്തു തരും അതും വാങ്ങി ഇങ്ങ് വാ അതിന്റെ ഉപയോഗം കാണിച്ചു തരാം ..
''പിറ്റേന്ന് , പതിവു പോലെ ജോലി സ്ഥലത്തേക്ക് സൈക്കിളും ചവിട്ടി മൂളിപ്പാട്ടും പാടി പോകുകയാണ് ....
''ദാ വരുന്നു എതിരെ മാരിയമ്മ ചേച്ചി ...
രമണൻ സൈക്കിൾ റോഡ് സൈഡിലേക്കൊതുക്കി ..ബെല്ലടിച്ചു ...
''രമണനെ കണ്ട മാരിയമ്മ ചേച്ചി ,റോഡ് മുറിച്ചു കടന്ന് ഓടി വന്നു ...
''നീ രണ്ടൂസം എവിടെ യായിരുന്നു രമണാ ...
''ഒന്നും പറയണ്ട ചേച്ചി .. ഭയങ്കര തിരക്കാ ...ങാ പിന്നേയ് ....
''എന്താ രമണാ ..,?
''ങാ ..അല്ലെങ്കിൽ വേണ്ട,..ഒന്നൂല ചേച്ചി പൊയ്ക്കോ ....
രമണൻ സൈക്കിൾ ചവിട്ടി മുന്നോട്ടു പോയി ....
''വൈകിട്ട് ജോലി കഴിഞ്ഞ് രമണൻ നേരെ മല്ലിക ജോലി ചെയ്യുന്ന ലക്ഷ്മി ടെക്സ്റ്റൈയിൽസിലേക്കു ചെന്നു ....
''രമണനെ കണ്ടതെ മല്ലിക പരുങ്ങി ...
''കഴിഞ്ഞ ദിവസം തന്ന ബ്രാ വലുതായിരുന്നു .... !
''അയ്യോ ...എന്നിട്ടെന്നാ ചെയ്തു ....
''സൂക്ഷിച്ചു വച്ചേക്കുവാ ഓണത്തിന് ഊഞ്ഞാല് കെട്ടാൻ ..ഓണത്തിന് ക്ഷണിക്കാം ഊഞ്ഞാലാടാൻ വരണെ ....!!!
''മല്ലിക കുനിഞ്ഞു അധരങ്ങളിൽ കൈവച്ചു ചിരിച്ചു,... എന്നിട്ട് ചോദിച്ചു,
''എന്തോലും വേണോ ?
മല്ലിക യുടെ മുകത്തേക്കു നോക്കി രമണൻ പറഞ്ഞു,
''ഒരുപാട് ..!
''അത് പാടല്ല മുഖക്കുരു വന്നപ്പോ പൊട്ടിച്ചതാ ...
''അതല്ല ...
''പിന്നെ ...
''പാട് ..പാട് ...
''ഞാനെത്ര പാട്ട് പാടി തന്നതാ ...എന്നിട്ടും ചേട്ടനെന്നെ കെട്ടീലല്ലോ ... എന്നാലും ചേട്ടനു വേണ്ടി ഞാനൊരു പാട്ട് പാടാം ...
'' സന്ധ്യേ കണ്ണീരിലെന്ത്യേ സന്ധ്യേ
വേദനയോടെ കേഴുകയാണോ നീ ...
''മല്ലികേ ....
ആ വിളി കേട്ട് രമണനും, മല്ലികയും തിരിഞ്ഞു നോക്കി ...
''മുതലാളി വേലായുധൻ...
''എന്താടി...ഇത് വസ്ത്രാലയമോ അതോ ..നാടകാലയമോ ..?
''ഞാൻ കസ്റ്റമറെ ക്യാൻവാസ് ചെയ്യുകയായിരുന്നു ....''
''മുതലാളി ,രമണനോട് ചോദിച്ചു,
''എന്താണ് വേണ്ടത് ?
''എനിക്കൊരു പാട് വേണം ...
'' ഒരുപാടെന്നു പറഞ്ഞാൽ ഏകദേശം എന്തോരും വേണ്ടി വരും,...
''അതേയ് ..എനിക്കു വേണ്ടത് പാഡാണ് പാഡ് ...
''ഓ പാഡ് ... ഈ പാഡിനു മുന്നിൽ '' ''ഒരു '' ചേർക്കരുത് അർത്ഥം മാറി പോകും ...
''മല്ലികേ പാഡ് സ്റ്റോക്കുണ്ടോ ...?
''ഇല്ല...
''സോറി ..മെഡിക്കൽ സ്റ്റോറിൽ കിട്ടും ...
''ഓകെ ..രമണൻ അവിടുന്നിറങ്ങി മെഡിക്കൽ സ്റ്റോറിലെത്തി , അവിടെ നില്ക്കുന്ന ലേഡിയോട് പറഞ്ഞു,
''ഒരു പാഡ് വേണം,...
' ലാർജാണോ ..?
''ങേ ...രമണൻ ഞെട്ടി ...അപ്പോൾ പാഡെന്നു പറഞ്ഞാൽ മദ്യമാണല്ലേ .
ലാർജാണോ ..ഫുളളാണോ എന്നാണ് ചോദിക്കുന്നത് .... മെഡിക്കൽ സ്റ്റോറിലും മദ്യമുണ്ടല്ലേ ...ഒരു പക്ഷേ സ്ത്രീകൾ കുടിക്കുന്ന പ്രത്യേക മദ്യമാണ് ഈ ''പാഡ് ബോട്ടിൽ ....''
''ലാർജെടുത്താൽ തികയില്ല സിസ്റ്ററേ ..രണ്ട് ഫുളെളടുത്തോ ...
''ങേ ...പെൺക്കുട്ടി ഞെട്ടി ...
''നോ പ്രോബ്ളം എടുത്തു വയ്ക്ക് ഞാനിപ്പം വരാം ..
ടച്ചിംഗ്സിനു നാരങ്ങാ അച്ചാറ് വാങ്ങാം .... സോഡ വേണ്ടേ ..ഓ ശരിയാലോ ... എന്നാ പിന്നെ ഒരു കോഴിയും കപ്പയും വാങ്ങാം ..ഇന്നടിച്ചു പൊളിക്കണം ...
''കപ്പയും, കോഴിയും, അച്ചാറുമെല്ലാം വാങ്ങി ഓട്ടോറിക്ഷ വിളിച്ച് മെഡിക്കൽ സ്റ്റോറിലെത്തി രമണൻ ...
''സിറ്ററേ പാഡ് താ ...
''നിലവിലെ വലിയ പാട് രണ്ടെണ്ണം പൊതിഞ്ഞ് വച്ചിരുന്നു പെൺക്കുട്ടി ..
'' പണം വാങ്ങി പൊതി എടുത്തു കൊടുത്തു പെൺക്കുട്ടി ,,
''പൊതിയിൽ പിടിച്ചിട്ട് രമണൻ പറഞ്ഞു,
''ഇതെന്താ സ്പോഞ്ചു പോലിരിക്കുന്നത് ... ബോട്ടിലല്ലേ ...
സിറ്ററേ ..ഇതെങ്ങനെയാ യൂസ് ചെയ്യുന്നത് ...
''പെൺക്കുട്ടി യുടെ മുഖം ചുകന്നു ...
''എന്താ നോക്കി പേടിപ്പിക്കുന്നത് ..ഒരു സാധനം തന്നാൽ അതെങ്ങനെയാ യൂസ് ചെയ്യേണ്ടതെന്നു കൂടി പറയണം .അതായത് എത്ര ടീ സ്പൂൺ വീതം എത്ര നേരം എന്നെല്ലാം...
''തനിക്കെന്താ അറിയേണ്ടത് ...പെൺക്കുട്ടി ദേഷ്യപ്പെട്ടു ...
''ഇതെങ്ങനെ ഉപയോഗിക്കണം കാണിച്ചു രൂ,...പറഞ്ഞു തരൂ ...
''പെൺക്കുട്ടി ചെരൂപ്പൂരി ഒറ്റയടി ..
രമണൻ കവിൾ പൊത്തിപ്പിടിച്ചു
'ഭ ചെറ്റേ ..വീട്ടിൽ ചെന്ന് കെട്ട്യോളോട് ചോദിക്കെടൊ ...അവൾ കാണിച്ചു തരും ...
''പെട്ടന്ന് ഓട്ടോക്കാരൻ ഓടി വന്ന് രമണനെ പിടിച്ചു വലിച്ച് ഓട്ടോയിൽ കയറ്റി ...ഓട്ടോ വിട്ടു ...
ഓട്ടോക്കാരൻ ചോദിച്ചു,
''എന്തിനാ അവർ തല്ലിയത് ..
'' പാഡ് യൂസ് ചെയ്യുന്നത് കാണിച്ചു തരാൻ പറഞ്ഞതിനാ ...
''ഹഹഹ ഓട്ടോ ഡ്രൈവർ പൊട്ടിച്ചിരിച്ചു ... ശേഷം പാഡിന്റെ ഉപയോഗത്തെ പറ്റി രമണനെ വിശദമായി ധരിപ്പിച്ചു
''അയ്യേ ...രമണന് നാണം വന്നു ...
''ഓട്ടോ വരുന്നതു കണ്ട് കനകമ്മ ഓടി വന്നു ...
കോഴിയും കപ്പയും അച്ചാറും കണ്ട് അന്ധാളിച്ചു,...
''കനകമ്മയെ നോക്കി ഒരു ചിരി ചിരിച്ച് ഓട്ടോക്കാരൻ മടങ്ങി പോയി ...
''അന്നേരമാണ് രമണന്റെ മുഖത്തേ പാട് കനകമ്മ കണ്ടത് ...
''അയ്യോ ..ചേട്ടാ ഇതെന്തു പറ്റി ...?
''അതൊരു പാടാ ...
'' രാവിലെ ഇല്ലായിരുന്നല്ലോ ..?
'' പെണ്ണിനുളള പാഡ് വാങ്ങാനറിയാത്ത ആണിനു കിട്ടുന്ന പാടാ ടീ ഈ പാട് ... നീ വാ ബാക്കിയെല്ലാം പിന്നെ പറയാം ...
കനകമ്മ യുടെ തോളിൽ പിടിച്ച്
ചിരിച്ചു കൊണ്ടു വീടിനുളളിലേക്ക് കയറി രമണൻ,...
(അവസാനിച്ചു, )
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

അന്നുപെയ്തമഴയിൽ - Part 4


----------------------------------
രചന:അഞ്ജന ബിജോയ്

വർഷയും  ആ ഫോട്ടയിലേക്ക് ആ പെൺകുട്ടിയുടെ ഭംഗി നോക്കി  കുറച്ച്നേരം അവിടെ തന്നെ  നിന്നു.പെട്ടെന്നാണ് ആദിത്  തിരിഞ്ഞുനോക്കിയത്.മോപ്പും  പിടിച്ച് തന്റെ ലാപ്ടോപ്പിലേക്ക് തന്നെ നോക്കി നിൽക്കുന്ന വർഷയെ  കണ്ടപ്പോൾ അവന് ദേഷ്യം വന്നു.
അവൻ ലാപ്ടോപ്പ് മടക്കി വെച്ച് ഹെഡ്‍ഫോൺ ഊരി സോഫയിൽ നിന്നും എഴുന്നേറ്റു.
"എന്താ വേണ്ടത്?" അവൻ ഗൗരവത്തോടെ ചോദിച്ചു.
"എനിക്ക് മുറി വൃത്തിയാക്കണം." വർഷ പറഞ്ഞു.
"എങ്കിൽ പിന്നെ അത് ചെയ്തുകൂടെ ?എന്തിനാ അന്യന്റെ പ്രൈവസിയിലേക്ക് എത്തിനോക്കുന്നത്?" ആദിത്  ചൂടായി.
"ഞാൻ ആരുടേയും ഒന്നും എത്തിനോക്കിയില്ല.മുറി വൃത്തിയാക്കാൻ തന്നെയാ ഇങ്ങോട്ട്  വന്നത്.നിങ്ങൾ ചെവിയിലാ കുന്തോം വെച്ചോണ്ട് ഇരുന്നതുകൊണ്ടാ എന്നെ കാണാഞ്ഞതും ഞാൻ വിളിച്ചിട്ട് കേൾക്കാഞ്ഞതും .അപ്പോഴാണ് നിങ്ങളുടെ ഈ കുന്ത്രാണ്ടത്തിൽ  ഒരു കുട്ടിയുടെ പടം കണ്ടത്. ഭംഗിയുള്ളൊരു  ചിത്രം കണ്ടാൽ നമ്മൾ നോക്കില്ലേ? അതുപോലെ ഒന്ന് നോക്കി അത്രയേ ഉള്ളു." വർഷ പറഞ്ഞു.
"ഫസ്റ്റ് ഓഫ് ഓൾ എന്റെ ചെവിയിൽ ഇരുന്നത് കുന്തം അല്ല അത് ഹെഡ്‍ഫോൺ ആണ്.പിന്നെ എന്റെ മടിയിൽ വെച്ചിരുന്നത്  കുന്ത്രാണ്ടം  അല്ല.ഇറ്റ്സ് എ ലാപ്ടോപ്പ്! കുന്തം കുന്ത്രാണ്ടം ! എന്തൊരു ലാംഗ്വേജ് ആണിത് ! " ആദിത്  അവളെ പുച്ഛത്തോടെ നോക്കി പറഞ്ഞു.
"എന്താണെങ്കിലും ..സാറിന് കാര്യം മനസ്സിലായല്ലോ..ഞാൻ ഇനിയെങ്കിലും ഈ മുറി ഒന്ന് വൃത്തിയാക്കിക്കോട്ടെ?" വർഷ ചോദിച്ചു.
"ഇറ്റ്സ് എ ലോസ്റ്റ് കോസ്സ്..."അവളെ നന്നാക്കാൻ നോക്കിയിട്ട്  കാര്യമില്ലെന്ന അർത്ഥത്തിൽ പിറുപിറുത്ത് കൊണ്ട് ആദിത് ലാപ്ടോപ്പും എടുത്ത് അവന്റെ ബെഡിൽ പോയി ഇരുന്നു.
"എന്തെങ്കിലും പറയാനുണ്ടെങ്കിൽ മലയാളത്തിൽ പറയണം.." വർഷ പറഞ്ഞു.ആദിത് ഒന്നും  മിണ്ടാതെ അവന്റെ ലാപ്ടോപ്പിൽ നോക്കി ഇരുന്നു.
വർഷ   ബക്കറ്റ് അടുത്ത് വെച്ച് അവിടൊക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി.ആദിത്  ഇടയ്ക്കിടെ അവൾ ചെയ്യുന്നതൊക്കെ നോക്കുന്നുണ്ടായിരുന്നു.
"ഇപ്പൊ ഇതിൽ ചവിട്ടരുത് കേട്ടോ.ഒന്ന് ഉണങ്ങുന്നത് വരെ കട്ടിലിൽ തന്നെ ഇരിക്കണേ" ആദിത്തിനോട്  പറഞ്ഞിട്ട്  വർഷ  അവന്റെ ബാത്റൂമിലേക്ക് ചെന്ന് അവിടെയും കഴുകി വൃത്തിയാക്കി.തിരികെ എത്തിയപ്പോൾ ആദിത്  ലാപ്ടോപ്പും എടുത്ത് സോഫയിൽ ഇരിക്കുന്നു.അവൾ തുടച്ച് വൃത്തിയാക്കി ഇട്ട തറ മുഴുവനും അവന്റെ കാൽപ്പാടുകളും അതിലെ  ചെളിയും ഉണ്ടായിരുന്നു..അവൾ പറഞ്ഞതിന് വാശി തീർക്കാനെന്നപോലെ തറ ഉണങ്ങുന്നതിനു മുൻപേ തന്നെ അവൻ ആ റൂമിൽ മുഴുവൻ നടന്നിട്ടുണ്ടായിരുന്നു.
"സാർ  എന്താ ഈ കാണിച്ചേ?" വർഷയ്ക്ക് നല്ല ദേഷ്യം വന്നു.
"വാട്ട് ?" ആദിത്  ചോദ്യ ഭാവത്തിൽ  അവളെ നോക്കി.
"ഞാൻ പറഞ്ഞതല്ലേ തറ ഉണങ്ങുന്നതിനു മുൻപേ ഇവിടെ നടക്കരുതെന്ന്?എത്ര കഷ്ട്ടപ്പെട്ടാ  ഞാൻ ഇതൊക്കെ തുടച്ച് വൃത്തിയാക്കിയതെന്ന് നിങ്ങൾ കണ്ടതല്ലേ?" വർഷ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ  അവനോട് പറഞ്ഞു.
"എന്റെ വീട് എന്റെ റൂം എന്റെ ഇഷ്ടം !" ആദിത്ത് കൂസലില്ലാതെ പറഞ്ഞു.
 വർഷ ഒന്നും മിണ്ടാതെ  വീണ്ടും അതൊക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി.
"നന്നായി ദേഹം അനങ്ങട്ടെ .അങ്ങനെയെങ്കിലും കുറച്ച് വെയിറ്റ് കുറയുമല്ലോ ." ആദിത് ലാപ്ടോപ്പിൽ  നോക്കി വർഷ  കേൾക്കാനായി പറഞ്ഞു.
"എനിക്ക് വെയിറ്റ് ഉണ്ടെങ്കിൽ സാറിന് നഷ്ടമൊന്നുമില്ലല്ലോ." വർഷ അവനോട് നീരസത്തോടെ പറഞ്ഞു.
"ഇന്നലെ അടികൊണ്ട് ബോധം കെട്ട്  കിടന്നപ്പോ പൊക്കി എടുക്കാൻ ഞാനേ ഉണ്ടായിരുന്നുള്ളു..എന്നാ മുടിഞ്ഞ വെയിറ്റാ എന്റെ രണ്ടുകൈയും  ഒടിഞ്ഞു.!" ആദിത്  അവളെ കളിയാക്കി.
വർഷ അന്തംവിട്ട് അവനെ നോക്കി.ഇന്നലെ ബോധംകെട്ട് വീണപ്പോൾ ആദിത് ആയിരുന്നു  അവളെ എടുത്ത് അവന്റെ മുറിയിൽ കിടത്തിയതെന്ന് വർഷയ്ക്ക് അറിയില്ലായിരുന്നു.പ്രിയേച്ചിയുടെ മുറിയിൽ ബോധം ഇല്ലാതെ കിടന്ന താൻ എങ്ങനെ ആദിത്തിന്റെ മുറിയിലെ കട്ടിലിൽ എത്തി എന്നും അവൾ ഓർത്തില്ല.. വർഷ ശരിക്കും ചൂളിപ്പോയി.അവൾക്കെന്ത്  പറയണമെന്ന് അറിയാൻ വയ്യാതായി.അവൾ അവന്റെ മുഖത്തു നോക്കാതെ അവിടെല്ലാം പെട്ടെന്ന് വൃത്തിയാക്കി ബക്കറ്റും എടുത്ത് താഴേക്കിറങ്ങി.അവളുടെ പോക്കുകണ്ട്  ആദിത് ചിരിച്ചു..
പ്രിയയുടെ മുറിയിലേക്ക് കയറാൻ എന്താണ് മാർഗ്ഗമെന്ന്  ആലോചിച്ചിട്ട്  വർഷയ്ക്ക് ഉത്തരം കിട്ടിയില്ല.സതി ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രമാണ്   താക്കോൽകൂട്ടം അവരുടെ  മുറിയിലെ മേശയിൽ വെക്കുന്നത്.സതിയും വർഷയും  ഒരേ മുറിയിൽ കിടന്നുറങ്ങുന്നത്കൊണ്ട് അവർ മേശപ്പുറത്ത് വെച്ചിരിക്കുന്ന താക്കോൽ രാത്രിയിൽ എടുക്കാൻ എളുപ്പമാണ്.പക്ഷെ സതിയുടെയും  ആദിത്തിന്റെയും കണ്ണുവെട്ടിച്ച് പ്രിയയുടെ മുറിയിൽ എത്തുകയാണ് പ്രയാസം.എത്തിയാലും തന്നെ കണ്ടാൽ പ്രിയ എങ്ങനെ പ്രതികരിക്കും എന്നറിഞ്ഞുകൂടാ.
ഒരിക്കൽ ആദിത്  വെളിയിൽ പോയ സമയം. സതി കുളിക്കാൻ കയറിയ  നേരത്ത്  വർഷ മേശയിൽ വെച്ചിരുന്ന താക്കോൽകൂട്ടം എടുത്ത് പതിയെ സ്റ്റെയർകേസ് കയറി പ്രിയയുടെ മുറിയുടെ വാതിൽക്കലെത്തി.ആദിത്തിന്റെ മുറി അടച്ചിട്ടിരിക്കുകയായിരുന്നു .അവൾ പതിയെ ഓരോ താക്കോലെടുത്ത് പ്രിയയുടെ മുറി തുറക്കാൻ ശ്രമിച്ചു.ഒടുവിൽ ഒരു താക്കോൽ ഇട്ടപ്പോൾ വാതിൽ തുറന്നുകിട്ടി!
അവൾ വാതിൽ പതിയെ തുറന്ന് അകത്ത് കയറി.തപ്പിത്തടഞ്ഞ് ലൈറ്റ് ഇട്ടു.അറ്റാച്ച്ഡ് ബാത്റൂമോട് കൂടി  സാമാന്യം വലിയ ഒരു മുറിയായിരുന്നു അത്.ഒരു കട്ടിലും  മേശയും പിന്നെ ഭിത്തിയോട് ചേർന്ന് തടികൊണ്ടുള്ള വലിയൊരു അലമാരയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.മുറിയിലെങ്ങും ആരെയും കണ്ടില്ല.
പെട്ടെന്ന്  അലമാരയുടെ പിറകിൽ നിന്നും എന്തോ ശബ്ദം  കേട്ടു .
വർഷ പേടിയോടെ അവിടേക്ക് നടന്ന് ചെന്നു .
അലമാരിക്കും ഭിത്തിക്കുമിടയിൽ ഒരു സ്ത്രീ രൂപം  കൈയിലൊരു  വയലിനും  പിടിച്ച്  അവളെ അടിക്കാനായി  ഓങ്ങി നിൽക്കുന്നു! അത് പ്രിയ ആണെന്ന് വർഷയ്ക്ക് മനസ്സിലായി.
വർഷ അടുത്തെത്തിയതും പ്രിയ   വയലിൻ ആഞ്ഞുവീശി!
പെട്ടെന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് വർഷ കഷ്ടിച്ച് രക്ഷപെട്ടു.ഒരലർച്ചയോടെ പ്രിയ വീണ്ടും വയലിൻ എടുത്ത് വർഷയുടെ നേർക്കടുത്തു.
"പ്രിയേച്ചി ഞാൻ പറയുന്നതൊന്ന് കേൾക്ക്.." വർഷ പ്രിയയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു.
"പ്രിയേച്ചി ഞാൻ പറയുന്നതൊന്ന് കേട്ടിട്ട് എന്നെ തല്ലുവോ  കൊല്ലുവോ  എന്ത് വേണമെങ്കിലും  ചെയ്തോ.."വർഷ ഒരുവിധം പ്രിയയുടെ  കൈയിൽ  നിന്നും വയലിൻ വലിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.എന്നിട്ട് അവളുടെ കൈകൾ കൊണ്ട് പ്രിയയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു.പ്രിയ അവളുടെ പിടി വിട്ട് കുതറി  ഓടാൻ ശ്രമിച്ചു.വർഷ അവളെ മുറുക്കെ പിടിച്ചു..
പ്രിയ കണ്ണുകൾ രണ്ടും ഇറുക്കിയടച്ച് അലറിവിളിച്ചു.
"ഒച്ചവെക്കാതെ പ്ളീസ്..ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.." വർഷ കെഞ്ചി പറഞ്ഞു.പ്രിയ പിന്നെയും അലറിവിളിച്ച്കൊണ്ടിരുന്നു.
"ആ രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം..!" വർഷ പ്രിയയുടെ ചെവിയിൽ പതിയെ പറഞ്ഞു.
പ്രിയ പെട്ടെന്ന് നിശബ്ദയായി.വർഷയെ  കണ്ണുമിഴിച്ച്  നോക്കി.

"സത്യം. പ്രിയേച്ചി എന്ത് മാത്രം വേദന സഹിച്ചുവെന്ന് എനിക്കറിയാം എന്ന് പറഞ്ഞാൽ അത് നുണയാവും.കാരണം ഒരാൾക്കും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത ഒരവസ്ഥയിലൂടെ   ആണ് പ്രിയേച്ചി കടന്നുപോയത്.. " പിന്നെയും എന്തൊക്കെയോ സംസാരിച്ച് വർഷ പ്രിയയുടെ മുൻപിലിരുന്ന്  പൊട്ടിക്കരഞ്ഞു..
ആദിത് വന്നപ്പോൾ സാരി വലിച്ചുവാരി ചുറ്റി  സ്റ്റെയർകേസിലേക്ക്  ഓടിക്കയറുന്ന സതിയെ ആണ് കണ്ടത്.
"എന്ത് പറ്റി സതിയാന്റി?"  ആദിത് പരിഭ്രമിച്ചു.
"ഞാൻ കുളിക്കാൻ കേറിയതാ  മോനെ.ഇറങ്ങിയപ്പോ പ്രിയമോളുടെ അലർച്ച കേൾക്കുന്നു.മേശയിൽ വെച്ചിരുന്ന താക്കോലില്ല വർഷയെ  അവളുടെ മുറിയിൽ കാണുന്നുമില്ല. " സതി വെപ്രാളത്തോടെ പറഞ്ഞു. ആദിത്തിന് ദേഷ്യം ഇരച്ചുകയറി! അവൻ സതിയുടെ പിന്നാലെ സ്റ്റെയർകേസ് ഓടി കയറി.പ്രിയയുടെ മുറി തുറന്നിട്ടിരിക്കുന്നു..
അങ്ങോട്ട് നോക്കിയ ആദിത്തും പിറകെ ഓടി വന്ന സതിയും ആ കാഴ്ച കണ്ട് സ്തബ്ധരായി നിന്നുപോയി!
പ്രിയയും വർഷയും  പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു..!
അവർ ആ കാഴ്ച്ച കണ്ട് കുറച്ചുനേരം നോക്കി നിന്നു.
കുറച്ച്  കഴിഞ്ഞ് വർഷ പ്രിയയെ അവളുടെ ബെഡിൽ കിടത്തിയിട്ട് മുറിയിൽ നിന്നിറങ്ങി.വെളിയിൽ ആദിത്തിനെയും സതിയേയും കണ്ട് അവൾ ഒന്ന് പകച്ചു.മുറി പൂട്ടാതെ താക്കോൽകൂട്ടം സതിയുടെ  കൈയിൽ വെച്ച് കൊടുത്തു.
പിന്നെ ആരെയും  നോക്കാതെ താഴേക്കിറങ്ങിപോയി..
"മോളെന്തിനാ പ്രിയമോൾടെ മുറിയിൽ കയറിയത്?മോളെന്താ പ്രിയമോളോട് പറഞ്ഞത്? " തിരികെ വന്ന് സതി വർഷയോട് ചോദിച്ചു.
"ആ ചേച്ചിയെ എന്തിനാ അമ്മെ ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത്?" വർഷ ചോദിച്ചു,
"മുറി തുറന്നിട്ടാ വെളിയിലേക്കിറങ്ങി ഓടും.വെളിച്ചം കണ്ടാ അലറിവിളിക്കും .ഇരുട്ടത്ത് ഇരിക്കുന്നതാ ഇഷ്ടം.." സതി വിഷമത്തോടെ പറഞ്ഞു .
"എന്നെ അല്ലാതെ മറ്റൊരാളെയും അടുത്തേക്ക് ചെല്ലാൻ  സമ്മതിക്കില്ല..മോനെ പോലും കണ്ടാ ഉപദ്രവിക്കും.കുട്ടിയേയും അന്ന് കണ്ടപ്പോ ഉപദ്രവിച്ചില്ലേ?പക്ഷെ ഇന്ന്..ഇന്നെന്തുപറ്റിയെന്നറിയില്ല ..മോൾക്ക് പ്രിയമോളെ നേരത്തെ അറിയാമോ?രണ്ടുപേരും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടല്ലോ.എന്താ മോൾ പ്രിയമോളോട് പറഞ്ഞത്..?  " സതി വീണ്ടും തിരക്കി.
"ഞാൻ ആ ചേച്ചിയെ ആദ്യമായിട്ടാ കാണുന്നത് അമ്മെ.ഞാൻ ഒന്നും പറഞ്ഞില്ല.ഇന്നും ഉപദ്രവിക്കാൻ വന്നു..പിന്നെ.." വർഷ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപ് ആദിത് അടുക്കളയിലേക്ക് വന്നു.
"വർഷ എന്റെ റൂമിലേക്ക് ഒന്ന് വരണം."  ആദിത് ഗൗരവത്തോടെ വർഷയോട് പറഞ്ഞിട്ട് തിരികെ അവന്റെ മുറിയിലേക്ക് പോയി.
സതി പേടിച്ച് വർഷയെ   നോക്കി.
വർഷ സതിയെ ഒന്ന് നോക്കിയിട്ട് സ്റ്റെയർകേസ്  കയറി ആദിത്തിന്റെ മുറിയിലേക്ക് ചെന്നു .
വർഷ അകത്തുകേറിയതും ആദിത് വാതിൽ അടച്ച് കുറ്റി ഇട്ടു.വർഷയുടെ അടുത്തേക്ക് ചെന്ന് അവളുടെ ഒരു കൈ പിടിച്ച് പിറകിലേക്ക് തിരിച്ചു!വർഷ വേദനകൊണ്ട് പുളഞ്ഞു.
"സാർ എനിക്ക് വേദനിക്കുന്നു.എന്റെ കൈവിട് " വർഷ കുതറിമാറാൻ  ശ്രമിച്ചു.അവൻ കൈ വിട്ടില്ല.
"സത്യം പറയ് .നീ ആരാ?എന്താ നീ പ്രിയേച്ചിയോട് പറഞ്ഞത്?" ആദിത് പല്ലുകടിച്ചുകൊണ്ട് വർഷയോട് ചോദിച്ചു.
"ഞാൻ എന്ത്  പറയാനാ പ്രിയേച്ചിയോട്.ഒന്നും പറഞ്ഞില്ല.എന്റെ കൈയ്യിന്ന് വിട്  പ്ളീസ് വേദനിക്കുന്നു."വേദനകൊണ്ട്  വർഷയുടെ കണ്ണ് നിറഞ്ഞു.
" എന്നെ പോലും അടുത്തേക്ക് ചെല്ലാൻ സമ്മതിക്കാത്ത പ്രിയേച്ചി ഇന്ന് നിന്നെ കെട്ടിപ്പിടിച്ച് കരയുന്നു.അത് വെറുതെ അല്ല.നീ ആരാ?നീ  എന്താ പ്രിയേച്ചിയോട് പറഞ്ഞതെന്ന് എനിക്കറിയണം." ആദിത്തിന്  അവളെ വിടാൻ ഭാവമില്ലായിരുന്നു.
"നിങ്ങളെത്ര ചോദിച്ചാലും പറഞ്ഞത് തന്നെയേ എനിക്ക് പിന്നെയും പറയാനുള്ളു.ഞാൻ പ്രിയേച്ചിയോടൊന്നും  പറഞ്ഞിട്ടില്ല." വർഷയ്ക്കും ദേഷ്യം വന്നു.
ആദിത് ദേഷ്യത്തോടെ വർഷയുടെ രണ്ടുകൈകളും പിറകിലേക്ക് വളച്ച് പിടിച്ച് അവളെ അവനിലേക്കടുപ്പിച്ചു.അവന്റെ മുഖം അവളുടെ മുഖത്തോടടുത്തു.അവൾ കണ്ണുകൾ ഇറുക്കിയടച്ചു. അവന്റെ ശ്വാസം അവളുടെ മുഖത്തേക്കടിച്ചു .അവളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു.
"മോനെ വാതിൽ തുറക്ക്..മോനെ.." സതി വാതിലിൽ തുരുതുരെ തട്ടി.
ആദിത് പെട്ടെന്ന് വർഷയുടെ പിടിവിട്ടു.അവൻ  വാതിൽ തുറന്ന് സതിയെ നോക്കാതെ വെളിയിലേക്ക് പോയി.
വർഷ ഒന്നും മിണ്ടാതെ നിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

ചിരി



എല്ലാംമറന്നൊന്നുച്ചത്തിൽ
പൊട്ടിച്ചിരിക്കാനൊരു കൊതി.
നിഷ്കളങ്കനായൊരു
കുട്ടിയായ് ചിരിക്കാനൊരു കൊതി.
എന്നും ചിരിയ്ക്കാറുണ്ട്
ഒരു ശവത്തിന്റെ ചിരി.
ചത്തുമലച്ച മീനിന്റെ
കണ്ണിലെച്ചിരി.
ഇറച്ചിക്കടയ്ക്കു മുന്നിലായ്
അറുത്തുവച്ചൊരാട്ടിൻ
ത്തലയിലെകണ്ണിലെ നിസ്സഹായതതൻചിരി
ഉള്ളിൽകരഞ്ഞുകൊണ്ടുള്ള
ഉള്ളുതുറക്കാത്തചിരികൾ
വാക്കറ്റച്ചുണ്ടിന്റെ
കോണിലുണ്ടായിരുന്നൊരാ വരണ്ടചിരിയുമെന്നേ
കൊഴിഞ്ഞുപോയ്.
അണികളെതമ്മിലടിപ്പിച്ചു
കൊല്ലിച്ചുറപ്പിച്ചധികാര
കസേരയിരുന്നുചിരിയ്ക്കുന്ന
ചിരികണ്ടു, ചിരിയെ ചിരിയേ വെറുത്തു പോയി.
കെട്ടിപ്പിട്ടിച്ചിട്ടുപ്പൊട്ടിച്ചിരിയ്ക്കുന്ന പൊള്ളയാംബന്ധങ്ങൾ തൻചിരിയുള്ളിലൊരു പൊള്ളലായ് മാറുന്നു
ഉള്ളിലൊരുകടലിരമ്പുമ്പോഴുമെല്ലാം മറന്നു ചിരിയ്ക്കാൻ
കൊതിയ്ക്കുന്നതെ
ന്നാത്മനൊമ്പരം
ചോദിച്ചചോദ്യത്തിനുത്തരമറിയാതെ നിൽക്കുന്ന
ക്വിസ്സ്മാസ്റ്ററെ പോലെ
പകച്ചുനിൽക്കുന്നു ഞാൻ
ജീവിതച്ചോദ്യങ്ങൾ
തൻനടുവിലായ്
ഒന്നുറക്കെ ചിരിയ്ക്കാൻ
മറന്നിട്ടു പഴയ പോലൊന്നു
പൊട്ടിച്ചിരിയ്ക്കാൻ കൊതിച്ചിട്ടുനിൽക്കുന്നു ഞാനേകനായിയിന്നീവഴി മറന്നവീഥിയിൽ,
ചിരി മറന്ന പാതയിൽ

By: PS Anilkumar

**തപാൽപെട്ടിക്ക്‌ പറയാനുള്ളത്**

Image may contain: Giri B Warrier, smiling, closeup

(ഗിരി ബി. വാരിയർ)
എല്ലാമറിഞ്ഞിരുന്നു ഞാൻ...
അമ്മയുടെ സ്നേഹവും
അച്ഛന്റെ ലാളനയും
മക്കളുടെ ഹൃദയവും
പ്രണയിനി തന് ഇഷ്ടവും
ഭാര്യതൻ പരിഭവവും
സൈനികന്റെ വിരഹവും
പിറവി തന്ന ആഹ്ളാദവും
മരണമേൽപ്പിച്ച വേദനയും
പിറന്നാളിൻ മാധുര്യവും
വിവാഹത്തിൻ ആനന്ദവും
പുതുവത്സരത്തിൻ വരവും
ഉത്സവത്തിൻ ലഹരിയും..
എല്ലാം കണ്ടിരുന്നു ഞാൻ
നഗരത്തിന്റെ തിരക്കും
ഗ്രാമത്തിന്റെ ശാലീനതയും
അതിർത്തിയിലെ ഭീതിയും
മരുഭൂമിയിലെ മരുപ്പച്ചയും
മലമുകളിലെ ഏകാന്തതയും
പ്രളയകാലത്തെ പരിഭ്രാന്തിയും
എല്ലാം മാറിയിരിക്കുന്നു..
വികസനത്തിൻ കാറ്റേറ്റ്
ചുറ്റുപാടുകൾ മാറി
വീടുകൾ, മതിലുകൾ,
റോഡുകൾ, വാഹനങ്ങൾ,
വഴിയോരക്കച്ചവടക്കാർ,
വഴിപ്പോക്കർ.. എല്ലാം മാറി
ഞാൻ മാത്രം മാറിയില്ല
പൊരിയുന്ന വെയിലിലും
കുളിരുന്ന മഴയിലും
കോച്ചുന്ന തണുപ്പിലും
കുനിയാതെ നിന്നു ഞാൻ,
ഏകനായി, ആരും ശ്രദ്ധിക്കാതെ‌..
സ്നേഹ സ്പർശനമേറ്റ്,
കണ്ണുനീരിൽ കുതിർന്ന
പ്രണയ ചുംബനങ്ങളടങ്ങിയ
ജീവന്റെ കൈയ്യൊപ്പ് പതിഞ്ഞ
കത്തുകളും ആശംസാപത്രങ്ങളും
അചിന്ത്യം ഇനിയെത്ര കാലം
ഈ-മെയിലിന്റെ
ഇന്റർനെറ്റിന്റെ
ഈയുഗത്തിൽ...
അഞ്ചലോട്ടക്കാരനും
അഞ്ചലാപ്പീസും
കമ്പിത്തപാലും
അന്യമായതുപോലെ...
ഒരു നാൾ ഞാനുമന്യനാവും
വെറുമൊരു ഓർമ്മച്ചിത്രമാകും.
ഇനിയും വൈകിയിട്ടില്ല..
നിന്റെ തലമുറക്കെന്നെ
പരിചയപ്പെടുത്തുക.
പണ്ട്‌ നിന്റെ ഹ്യദയം
സൂക്ഷിച്ചിരുന്ന ഈ
പാവം തപാൽപെട്ടിയെ..
(അവസാനിച്ചു)
ഗിരി ബി. വാരിയർ
25 ഫെബ്രുവരി, 2019
©️copyright protected

അന്നുപെയ്തമഴയിൽ - Part 3


പിറ്റേന്ന്  വർഷ വെളുപ്പിനെ എഴുന്നേറ്റ്  കുളിയും ജപവും കഴിഞ്ഞ്  അടുക്കളയിൽ കയറി കാപ്പി ഉണ്ടാക്കി. സതിയെ വിളിച്ചുണർത്തി കാപ്പി കൊടുത്ത്  അവളും കാപ്പി കുടിച്ചു .ആദിത്തിനുള്ള കാപ്പിക്ക് പുറമെ അവൾ ഒരു കപ്പിൽ കൂടി കാപ്പി എടുത്ത് വച്ചിരുന്നു.അത് കണ്ട് സതി ഒന്നമ്പരന്നു.അവർ വർഷയെ  നോക്കി .അവൾ ഒന്നും അറിയാത്ത ഭാവത്തിൽ പ്രാതൽ തയ്യാറാക്കുകയായിരുന്നു.
ആദിത്  സിറ്റൗട്ടിൽ  ഇരുന്ന് പത്രം  വായിക്കുകയായിരുന്നു .സതി അവന് കാപ്പി കൊണ്ടുപോയി കൊടുത്തു.എന്നിട്ട് വർഷ ചുട്ടുവെച്ചിരുന്ന  ദോശയിൽ നിന്നും രണ്ടെണ്ണം എടുത്ത് ഒരു പാത്രത്തിലാക്കി കറിയും ഒഴിച്ച്  കാപ്പിയുമായി സ്റ്റെയർകേസ് കയറി.വർഷ അവർ പോകുന്നത് നോക്കി നിന്നു.
പ്രാതൽ തയ്യാറാക്കി വർഷ  ഉച്ചയ്ക്ക് ഊണിനുള്ള കറിക്ക് അരിയാൻ  തുടങ്ങിയപ്പോഴാണ് ആദിത് അവൻ  കുടിച്ച കാപ്പിക്കപ്പുമായി അടുക്കളയിലേക്ക് വന്നത്.ഷോർട്സും ടി ഷർട്ടുമായിരുന്നു  അവന്റെ വേഷം.
അവൻ വന്നതറിഞ്ഞിട്ടും വർഷ  അവനെ ശ്രദ്ധിക്കാതെ ജോലികൾ തുടർന്നു .
"പുകഴ്ത്തുവാണെന്ന്  വിചാരിക്കരുത്.കാപ്പി കാൽകാശിന്  കൊള്ളില്ലായിരുന്നു."കപ്പ് പാതകത്തിൽ  വച്ചിട്ട്  ആദിത് വർഷയെ  നോക്കി പറഞ്ഞു.
വർഷ ആ കപ്പ് എടുത്ത് നോക്കി.
"കാൽകാശിന്  കൊള്ളില്ല എന്ന് പറഞ്ഞിട്ട് ഇതിനകത്ത്  ഒരു തുള്ളിപോലും ബാക്കി ഇല്ലല്ലോ?" വർഷ ആ കപ്പെടുത്തത്  കമഴ്ത്തി പിടിച്ചു.അത് കാലിയായിരുന്നു.എന്നിട്ട് അവനെ നോക്കി കളിയാക്കി  ചിരിച്ചു.
"അതുപോലെ ഇന്നലെ പറയുന്നത് കേട്ടു  കറി കൊള്ളില്ലായിരുന്നു എന്ന്.സംഗതി ശരിയായിരിക്കും  എന്ന് വെച്ച് ആ പാത്രം  നോക്കിയപ്പോ അതാരോ നക്കിത്തുടച്ചത്പോലിരിക്കുന്നു..വെള്ളമൊഴിച്ച്  കഴുകേണ്ടി വന്നില്ല അത്ര ക്ലീൻ ആയിരുന്നു."വർഷ കുസൃതിയോടെ ആദിത്തിനെ  നോക്കി ചിരിച്ചു.
ദേഷ്യം കൊണ്ട് ആദിത്തിന്റെ മുഖം ചുവന്നു.
അവൻ അവളുടെ അടുത്തേക്ക് ചെന്നു.
"ഓവർസ്മാർട്ട്  ആവരുത് കേട്ടല്ലോ!" അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച്  അവൻ പറഞ്ഞു.
"നിങ്ങൾ പറഞ്ഞതിന് ബാക്കി പറഞ്ഞതാണ് സാർ.അതെങ്ങനെ ഓവർസ്മാർട്നെസ്സ് ആകും?ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തി കാണിക്കരുത് കേട്ടോ"വർഷ ഒട്ടും കൂസാതെ അവനെ നോക്കി പറഞ്ഞു.അപ്പോഴേക്കും സതി തിരിച്ചെത്തി .അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
ആദിത്   ഒന്നും മിണ്ടാതെ വർഷയെ  നോക്കി വെളിയിലേക്ക് പോയി.
ആരും പറയാതെ തന്നെ വർഷ താൻ ഇതുവരെ നേരിട്ട്  കാണാത്ത ആ നാലാമതൊരാൾക്കും വേണ്ടി ഭക്ഷണം തയാറാക്കി.സതിയാണ് പാത്രവുമായി മുകൾനിലയിലേക്ക്  പൊയ്ക്കൊണ്ടിരുന്നത്.സതി എപ്പോഴൊക്കെ   മുകൾ നിലയിലെ അടച്ചിട്ട മുറിയിൽ  പോയി  തിരിച്ച്  വന്നാലും അപ്പോഴൊക്കെ അവരുടെ മുഖം കരഞ്ഞ് വീർത്തിരിക്കും . ഒരിക്കൽ ആദിത്  വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്  സതി മുകളിലേക്ക് ഭക്ഷണം കൊണ്ട് പോയതിനു പിന്നാലെ വർഷയും സതി കാണാതെ അങ്ങോട്ടേക്ക്  കയറി ചെന്നു.സതി മുറിയിൽ കയറി വാതിൽ അടച്ചു.വർഷ  മുറിയുടെ വെളിയിൽ കുറച്ച്  നേരം നിന്നു.സതി തിരിച്ച് ഇറങ്ങിയതും വെളിയിൽ നിൽക്കുന്ന വർഷയെ  കണ്ട് അമ്പരന്നു...
"ഞാൻ ഒന്ന് കയറി കണ്ടോട്ടെ അമ്മെ?" വർഷ അവരോട് ചോദിച്ചു.
"അകത്ത് ആരാണെന്ന് വെച്ചാ കുട്ടി ഈ ചോദിക്കുന്നത്?"സതി കണ്ണുകൾ തുടച്ച് ചോദിച്ചു.
"ഇവിടെ നിന്നും ഒരു സ്ത്രീയുടെ അലർച്ച ഞാൻ കേട്ടിരുന്നു.ആദിത്  സാറിന്റെ  അമ്മ മരിച്ചുപോയി എന്ന് സതിയമ്മ പറഞ്ഞായിരുന്നല്ലോ.അപ്പൊ അമ്മ അല്ല.സാർ  കല്യാണം കഴിച്ചിട്ടുമില്ല.അപ്പൊ ഭാര്യ ആകാൻ വഴിയില്ല.പിന്നെ ഉള്ളത് സാറിന്റെ ഒരേ ഒരു പെങ്ങൾ ആണ്.പ്രിയ.അവർ അല്ലെ അകത്ത് ?" വർഷ സതിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
സതി ഒന്നും മിണ്ടാതെ എന്ത് പറയണം എന്നറിയാതെ നിന്നു.
"മോന് പെങ്ങളുണ്ടെന്നൊക്കെ വർഷയ്ക്കെങ്ങനെ  അറിയാം?"സതി സംശയത്തോടെ വർഷയെ  നോക്കി.
"സാറിന്റെ മുറി അടിച്ചുവാരാൻ  കയറിയപ്പോ ഒരു ഫോട്ടോ കണ്ടിരുന്നു..വെറുതെ ഒരു സംശയം ചോദിച്ചതാണ്.അപ്പോ സത്യമാണല്ലേ?അകത്ത് പ്രിയേച്ചി ആണല്ലേ?" വർഷ ആവേശത്തോടെ ചോദിച്ചു.
"കുട്ടി ഇതൊന്നും മോൻ കേൾക്കെ പറയരുത്.ഞാൻ പറഞ്ഞുതന്നതാണെന്നേ മോൻ വിചാരിക്കു ." സതി അപേക്ഷപോലെ പറഞ്ഞു.
"ഇനി അമ്മ പോകുമ്പോ ഞാനും കൂടി വന്നോട്ടെ ?" വർഷ വീണ്ടും ചോദിച്ചു.
"ഞാൻ അല്ലാതെ ആരും ഈ മുറിയിൽ കയറാറില്ല മോളെ.മറ്റാരെ കണ്ടാലും വയലന്റ്  ആകും.ചിലപ്പോ ഉപദ്രവിക്കും." സതി വിഷമത്തോടെ പറഞ്ഞു.
"ഞാൻ ശ്രദ്ധിച്ചോളാം  അമ്മെ.ഞാൻ ഇപ്പൊ ഒന്ന് കയറി കണ്ടോട്ടെ?" വർഷ വീണ്ടും കെഞ്ചി.
"അകത്തെന്താ സർക്കസ്  നടക്കുന്നുണ്ടോ കയറി കാണാൻ?" മുകളിലേക്ക് വന്ന ആദിത്  വർഷയെ  രൂക്ഷമായി നോക്കി.
വർഷയും സതിയും  ഞെട്ടിത്തിരിഞ്ഞ് ആദിത്തിനെ  നോക്കി.അവൻ  വന്നത് അവർ അറിഞ്ഞിരുന്നില്ല."ഭാരിച്ച കാര്യങ്ങളൊന്നും നീ അന്വേഷിക്കരുത് എന്ന് സതിയാന്റി ആദ്യമേ പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് നിൽക്കാമെങ്കിൽ മാത്രം നിന്നാൽ മതി ഇല്ലെങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം! " ആദിത്  കർശനമായി പറഞ്ഞു.
സതി മുറി പൂട്ടി താക്കോലെടുത്ത് താഴേക്കിറങ്ങി.
വർഷ ആദിത്തിനെ  നോക്കി  സതിയുടെ കൂടെ പെട്ടന്ന് താഴേക്കിറങ്ങി.ആദിത്  അവളെ തന്നെ നോക്കി നിന്നു .
പിറ്റേന്ന് സതി മുകളിലേക്ക് പോയ സമയം വർഷയും  കൂടെ ചെന്നു .
"ചേച്ചിക്ക് ഭക്ഷണം ഞാൻ കൊണ്ടുപോയി കൊടുത്തോട്ടെ  അമ്മെ?" വർഷ ചോദിച്ചു.
"കുട്ടി എന്ത് ഭ്രാന്താ ഈ പറയുന്നത്?മോനറിഞ്ഞാൽ നിന്നെ കൊല്ലും!" സതി ഭീതിയോടെ  പറഞ്ഞു.
"മോൻ അറിഞ്ഞാൽ അല്ലെ?അറിയ്യാതെ അമ്മ നോക്കിയാൽ മതി." വർഷ പറഞ്ഞു.
"ഇല്ല കുട്ടി ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്.കുട്ടി താഴേക്ക് പോക്കോളു." സതിയും കർക്കശമായി  തന്നെ  പറഞ്ഞു.
വർഷ പതിയെ താഴേക്ക് പോവാൻ തുടങ്ങി.പിന്നീട് അവൾ മുകൾ നിലയിലെ ആദിത്തിന്റെ  മുറി വൃത്തിയാകാൻ കയറിയ സമയം സതി പ്രിയയുടെ മുറിയിൽ നിന്നും ഇറങ്ങുകയായിരുന്നു.പെട്ടെന്ന് അവർക്ക് തലചുറ്റുന്നത് പോലെ തോന്നി.സതി  പെട്ടെന്ന് വർഷയെ വിളിച്ചു.വർഷ അവരെ താങ്ങിപ്പിടിച്ച് ആദിത്തിന്റെ മുറിയിൽ കൊണ്ടുപോയി കിടത്തി.അവർക്ക് കുടിക്കാൻ വെള്ളം കൊടുത്തു.കുറച്ച് നേരം അവരോടു അവിടെ  കിടന്നുകൊള്ളാൻ പറഞ്ഞിട്ട് വർഷ ജോലി തുടർന്നു .അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്.സതി പ്രിയയുടെ മുറി പൂട്ടിയിട്ടില്ല .താക്കോൽ കൂട്ടം വാതിലിൽ തന്നെ കിടക്കുന്നു .ഇതുതന്നെ പറ്റിയ അവസരം! അവൾ ഒച്ചയുണ്ടാക്കാതെ പതിയെ അങ്ങോട്ട്  നടന്നു.പാതി തുറന്നുകിടന്നിരുന്ന വാതിലിൽ കൂടി അകത്ത്  കയറി. ആ മുറിയിൽ ഇരുട്ടായിരുന്നു.ലൈറ്റ് സ്വിച്ച് എവിടെയാണെന്ന് കണ്ടുപിടിക്കാൻ അവൾക്ക് കുറച്ചുസമയം വേണ്ടി വന്നു .ലൈറ്റ് ഓൺ ആക്കാൻ കൈ നീട്ടിയതും എന്തോ ഭാരമുള്ള വസ്തു തലയിൽ വന്നിടിച്ചത് മാത്രം അവൾക്കോർമ്മയുണ്ട് .വർഷ  ബോധം  കേട്ട് വീണു!
ഉണർന്നെഴുനേൽക്കുമ്പോൾ അവൾ ആദിത്തിന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയാണ് . കട്ടിലിൽ അവളുടെ അടുത്ത്  സതി ഇരിക്കുന്നു.അവളെ നോക്കി ആദിത്തും ദേഷ്യത്തോടെ തൊട്ടടുത്ത്  തന്നെ നിൽക്കുന്നു.
അവനെ കണ്ടതും വർഷ പെട്ടെന്ന്  കട്ടിലിൽ നിന്നെഴുനേൽക്കാൻ തുടങ്ങി.പക്ഷെ തലയ്ക്ക് നല്ല ഭാരം !അവൾ തല പൊത്തിപ്പിടിച്ച്  വീണ്ടും കിടന്നു.
"നിന്നെ ഞാനും സതിയാന്റിയും ആ മുറിയിൽ കയറുന്നതിന് വിലക്കിയിട്ടുള്ളതാണ്.എന്ത് ധൈര്യത്തിലാണ്  ഞങ്ങളുടെ വാക്ക് ധിക്കരിച്ച് നീ അവിടെ കയറിയത്?"ആദിത് ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി.
വർഷ ഒന്നും മിണ്ടാതെ പേടിയോടെ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു.
"വേദനയുണ്ടെങ്കിൽ കുറച്ചുകൂടി കിടന്നോളു കുട്ടി" സതി പറഞ്ഞു.
"വേണ്ട അമ്മെ.ഞാൻ താഴേക്ക് ചെല്ലട്ടെ." അവൾ അവിടെ നിന്നും രക്ഷപെടാനായി പറഞ്ഞു.
"നിന്നോട് ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോയാൽ മതി." ആദിത്  അവളുടെ കൈയിൽ പിടിച്ചു.
"സോറി.മുറി തുറന്ന് കിടക്കുന്നത് കണ്ടപ്പോ ആകാംഷ അടക്കാൻ വയ്യാതെ അറിയാതെ കയറിപ്പോയതാണ് .." വർഷയുടെ കണ്ണുകൾ നിറഞ്ഞുവന്നു.
"വിട്ടേക്ക് മോനെ.വർഷ ഇനി അങ്ങനെ ചെയ്യില്ല ." സതി ആദിത്തിനോട്  പറഞ്ഞു.അവൻ അവളുടെ കൈയിലെ പിടിവിട്ടു.
വർഷ താഴേക്ക് ഇറങ്ങിപ്പോയി.
അവളുടെ മുറിയിൽ  ചെന്നിരുന്ന് അവൾ ബാഗിൽ നിന്നും അവളുടെ ഫോൺ എടുത്തു.അതിൽ ആരുടെയോ ഫോട്ടോ എടുത്ത് കുറച്ച് നേരം  അതിൽ നോക്കി ഇരുന്നു.പതിയെ അവളുടെ  കണ്ണുകൾ നിറഞ്ഞുവന്നു.ആരും കാണാതെ അവൾ അതും നെഞ്ചോട് ചേർത്ത് ശബ്ദമടക്കിപ്പിടിച്ച് കരഞ്ഞുകൊണ്ടേയിരുന്നു..

പിറ്റേന്ന് രാവിലെ  സതി എഴുന്നേറ്റ്  അടുക്കളയിൽ ചെന്നപ്പോൾ വർഷ എഴുന്നേൽക്കുന്നെ  ഉണ്ടായിരുന്നുള്ളു.
"തലയ്ക്ക് വേദന ഇപ്പഴും  ഉണ്ടോ മോളെ?" സതി ചോദിച്ചു.
"ഉണ്ട് അമ്മെ.കുറഞ്ഞുവരുന്നതേ ഉള്ളു.അതാ എഴുന്നേൽക്കാൻ  താമസിച്ചത്.ഞാൻ ഇപ്പൊ കുളിച്ച് വന്നിട്ട് എല്ലാം തയ്യാറാക്കാം."വർഷ  കുളി കഴിഞ്ഞ് അടുക്കളയിലെത്തി.
"ഇന്നലെ പ്രിയേച്ചി ആണോ അമ്മെ എന്നെ അടിച്ചത്?" വർഷ സതിയോട് തിരക്കി.
അവർ ഒന്നും മിണ്ടിയില്ല.
അവർ പ്രാതലും കാപ്പിയുമായി  മുകളിലേക്ക് പോവാൻ തുടങ്ങി.
"കുട്ടി മോന്റെ മുറി ഒന്ന് തൂത്ത് തുടയ്ക്കാമോ ?ഇന്നലെ മോൾ അത് ചെയ്തോണ്ടിരുന്നതിനിടയ്ക്കല്ലേ  എനിക്ക് വയ്യാതായത്..മുകളിൽ നിന്ന് വന്നിട്ട് ഞാൻ ചോറും കൂട്ടാനും  വെച്ചോളാം.മുറി വൃത്തിയായി കിടന്നില്ലെങ്കിൽ മോന് ദേഷ്യമാണ് ." സതി അവളോട് പറഞ്ഞു..
"ഞാൻ ചെയ്യാം അമ്മെ." വർഷ പറഞ്ഞു.
അല്ലെങ്കിലും എന്ത് കാര്യത്തിനാണ്  മോന് ദേഷ്യം വരാത്തത്..കാപ്പി നന്നായില്ലെന്ന്  പറഞ്ഞ് ദേഷ്യം.കഴിക്കാൻ ഉണ്ടാക്കികൊടുക്കുന്നതിനു മുഴുവൻ കുറ്റം.ഇങ്ങോട്ട് ഓരോന്ന് പറഞ്ഞ് മനുഷ്യനെ ദേഷ്യം പിടിപ്പിച്ചിട്ട് അതിന്  മറുപടി എന്തെങ്കിലും പറഞ്ഞാൽ ഓവർസ്മാർട്നെസ്സും.വല്ലാത്ത സാധനം തന്നെ ! വർഷ മനസ്സിൽ പറഞ്ഞു.
അവൾ മോപ്പും ബക്കറ്റും ലോഷനും എടുത്ത് മുകളിലേക്ക് കയറി.
ആദിത് അവന്റെ  റൂമിലെ സോഫയിൽ പുറം തിരിഞ്ഞ് ഇരിക്കുകയായിരുന്നു.ലാപ്ടോപ്പ് എടുത്ത് മടിയിൽ വെച്ചിരിക്കുന്നു.ചെവിയിൽ ഒരു ഹെഡ്‍ഫോണും ഉണ്ട്.വർഷ  വന്നത് അവൻ അറിഞ്ഞിരുന്നില്ല .
"സാർ " വർഷ പതിയെ  വിളിച്ചു.
ആദിത്  കേട്ടില്ല.
"സാർ ഞാൻ ഈ റൂം ഒന്ന് വൃത്തിയാക്കിക്കോട്ടെ?" വർഷ ചോദിച്ചു.
ചെവിയിൽ ഹെഡ്‍ഫോൺ വെച്ചിരുന്നത്കൊണ്ട് ആദിത്  വർഷ പറഞ്ഞതൊന്നും  കേൾക്കുന്നുണ്ടായിരുന്നില്ല.
വർഷ ആദിത്തിന്റെ ലാപ്ടോപ്പ് നോക്കി .അവൻ അതിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ നോക്കി ഇരിക്കുകയായിരുന്നു.ആ ഫോട്ടോ കണ്ട് അവൾ അന്തം വിട്ടു! മുഖത്ത് എവിടെയൊക്കെയോ തന്റെ അതെ ഛായ ! ചുവന്ന റിബ്ബൺ കൊണ്ട് മുടി  രണ്ടു സൈഡിലായി പിന്നിക്കെട്ടി വിടർന്ന കണ്ണുകൾ കരിമഷികൊണ്ട് കറുപ്പിച്ച് ദാവണി ഉടുത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന പതിനേഴ്  പതിനെട്ട്  വയസ്സ് പ്രായം തോന്നിക്കുന്ന നുണക്കുഴിക്കവിളുള്ള  നാട്ടിൻപുറത്തുകാരി ഒരു സുന്ദരിക്കുട്ടി!  വർഷയും  ആ ഫോട്ടോയിലേക്ക് ആ പെൺകുട്ടിയുടെ ഭംഗി നോക്കി  കുറച്ച്നേരം അവിടെ തന്നെ  നിന്നു.

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

വിശപ്പിന്റെ സൗന്ദര്യം.

-------------------
ഇക്കിളിയുടെ അസ്കിതയുള്ള സുഹൃത്തിന്റെ സ്ഥാപനത്തിൽ പുതുതായി ജോലിക്കെത്തിയ, സുന്ദരിയായ നാൽപത്‌ കാരിയോട്‌ വീണു കിട്ടിയ ആദ്യാവസരത്തിൽ തന്നെ അവൻ ചോദിച്ചു;
'എന്താണീ ശരീര സൗന്ദര്യത്തിന്റെ രഹസ്യം? ഡയറ്റിങ്ങാണൊ, എക്സർസൈസാണൊ?
'ഓട്ടമാണു സർ' അവർ പറഞ്ഞു.
'ഒഹ്‌! ജോഗിംഗ്‌.. ദിവസം എത്ര കിലോമീറ്റർ ഓടും '??
' അതിനു കണക്കൊന്നുമില്ല സർ, ദിവസവും ആറു വയർ നിറയാൻ കിട്ടുന്നത്‌ വരെ ഓടും, ബാക്കിയാകുന്ന വറ്റിനെ വേണമെങ്കിൽ ഡയറ്റിങ്ങെന്നും പറയാം.'
ആസക്തിയിൽ നിന്നും നിർവ്വികാരതയിലേക്ക്‌ പരിവർത്തനം ചെയ്ത കണ്ണുകളിൽ നോക്കി അവൾ മനോഹരമായി ചിരിച്ചു.
വിശപ്പിന്റെ സൗന്ദര്യം അന്നാദ്യമായി അവൻ കണ്ടു.

By Ashok Vamadevan

നിറങ്ങളും നിലാ എന്ന പെണ്‍കുട്ടിയും

Image may contain: one or more people, eyeglasses and closeup

****************************************
എന്റെ പേര് മരണം.
പേടിക്കണ്ട.
പേടിച്ചു ?
സാരമില്ല.
ആരാണേലും പേടിക്കും.നിങ്ങള് മനുഷ്യര്പ്രത്യേകിച്ചും.മരിക്കുന്നതിനു തൊട്ടുമുന്പ് വരെ തനിക്ക് മാത്രം മരണം ഉണ്ടാവില്ല എന്നൊരു നേരിയ വിശ്വാസം മനസ്സിന്റെ ഉള്ളിന്റെയുള്ളിന്റെയുള്ളില് കൊണ്ട് നടക്കുന്നവരല്ലേ നിങ്ങള്?ഈ ഭൂമുഖത്തില് ജനിച്ച ആ അപൂര്വതയുള്ള ഒരേ ഒരു മനുഷ്യനാണ് താന് എന്ന് ഓരോരുത്തരും ജനിക്കുമ്പോള് മുതല് ചിന്തിക്കുന്നു.
അങ്ങിനെയല്ലാത്തവരും ഉണ്ട്.
അവരിലൊരാളുടെ മുറിയിലാണ് ഞാനിപ്പോള്നില്ക്കുന്നത്.നിലാ എന്ന പെണ്കുട്ടി.മനോഹരമായ പേര് .മനോഹരിയായ പെണ്കുട്ടി.നഗരപ്രാന്തത്തിലെ ഈ വലിയ അപ്പാര്ട്ട്മെന്റിന്റെ നാലാം നിലയിലെ ഏഴാമത്തെ മുറിയില്അവള് ചിന്തിച്ചിരിക്കുകയാണ്.
അവള് തന്നെ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചുപോയ കാമുകനെയോ ,പരസ്പരം വിവാഹം വേര്പെടുത്തിയ മാതാപിതാക്കളെകുറിച്ചോ ,കഴിഞ്ഞ ദിവസം നഷ്ടപെട്ട തന്റെ ജോലിയെ കുറിച്ചോ അല്ല ഇപ്പോള് ആലോചിക്കുന്നത്.
നിലാ എന്ന പെണ്കുട്ടി എന്നെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഞാനിപ്പോള് നിലായുടെ കാമുകനാണ്.
അവളുടെ മുറിയിലെ,കട്ടിലില് ചുളിവു വീണു കിടക്കുന്ന നീലപുതപ്പ് ,ദിവസങ്ങള് ഉറക്കം നഷ്ടപ്പെട്ടു വീര്ത്ത കണ്പോളകള് ,കാറ്റില് ഉലയുന്ന എണ്ണമയം നഷ്ടപ്പെട്ട മുടിയിഴകള് ,കവിളില് ഉണങ്ങിയ കണ്ണീര്പാടകള് ,ഉള്ളില്ആരും കേള്ക്കാതെ തേങ്ങുന്ന ഹൃദയഞരമ്പുകള്..എല്ലാം എന്നെകുറിച്ചാണ് ആലോചിക്കുന്നത്.
അങ്ങിനെയാണ് ഞാന് അവളുടെ അരികില് വന്നത്.എന്റെ കൊതിപ്പിക്കുന്ന സാന്നിധ്യം അവള് അറിയുന്നു.കേള്ക്കാന്കൊതിക്കുന്ന ഹൃദയഗാനം അവള് കേള്ക്കുന്നു.
മരണം പാട്ട് പാടുമോ ?
ശബ്ദം അതെന്റെ ഏറ്റവും വലിയ കഴിവാണ്.ചിത്രങ്ങളും.
എന്റെ കാഴ്ച ഒരു നിശ്ചലചിത്രം പോലെയാണ്. നിങ്ങള്ഒരിക്കലും കേള്ക്കാത്ത ശബ്ദങ്ങള് ആ ചിത്രങ്ങള്ക്ക് സൂക്ഷ്മത പകരുന്നു.
നിലാ എന്ന പെണ്കുട്ടിയുടെ ബാല്യകാലത്ത് ,അവളുടെ വീടിനരികില് വലിയൊരു പാടമുണ്ടായിരുന്നു.വേനല്ക്കാലത്തു ചുട്ടുപൊള്ളുന്ന ആ വയല്ഒരു മഞ്ഞക്കടല് പോലെ തോന്നിച്ചിരുന്നു.അവള് സ്കൂളില്നിന്ന് വീട്ടിലേക്ക് ഉച്ചക്ക് ഉണ്ണാന് വരുന്നത് ആ പാടം മുറിച്ചുകടന്നാണ്.ആ പാടത്തിനു നടുക്ക് ഒരു വലിയ മരമുണ്ടായിരുന്നു.ഒരു വലിയ കറുത്ത വൃത്തത്തില് തണല്പടര്ത്തി നില്ക്കുന്ന ഒറ്റമരം.അവള് ഊണ് കഴിഞ്ഞു തിരികെ സ്കൂളിലേക്ക് പോകുമ്പോള് ചിലപ്പോള് ആ മരത്തിന്റെ ചുവട്ടിലിരിക്കും.തണല്തണുപ്പ് ആസ്വദിക്കുന്ന ആ ബാലികയുടെ അരികില് ചിത്രശലഭങ്ങള് പറക്കും.അവള്അവിടെയിരുന്നു ഉറക്കം തൂങ്ങും...
അവളിപ്പോള് കിടക്കാന് തുടങ്ങുകയാണ്.മരിക്കുണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കുന്നതിനിടയില്അവളുടെ മനസ്സില് ഇപ്പോള് തെളിയുന്നത് ബാല്യകാലത്തെ ആ മരത്തണലുകളാണ്.എന്നെ വേണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നതില്നിന്ന് അവളെ തടയുകയാണ് ഓര്മ്മകളുടെ നക്ഷത്രകുഞ്ഞുങ്ങള്.
അല്പനേരം ഈ ജനാലയ്ക്കല് നില്ക്കാം.അവള്തീരുമാനത്തിലെത്തുന്നത് വരെ താഴെയുള്ള കാഴ്ചകള് കാണാം.
താഴെ റോഡില് വലിയ തിരക്കില്ല.ഒരു ഇടത്തരം സൂപ്പര്മാര്ക്കറ്റ്.അതിന്റെയരികില് രണ്ട് വാഹനങ്ങള് പാര്ക്ക് ചെയ്തിരിക്കുന്നു.അതിനപ്പുറം ഒരു ഹൌസിംഗ് കോളനിയാണ്.ഇളം നീലയും ചുവപ്പും പെയിന്റു അടിച്ച ചതുരകട്ടകള് പോലെ ആ കോളനിയിലെ വില്ലകള്.ചുട്ടു പഴുത്ത ഉച്ച നേരമാണ് .റോഡിലെങ്ങും ആരുമില്ല.
ഹൗസിംഗ് കോളനിയിലെ ആദ്യത്തെ വില്ലയില് എഴുപതു വയസ്സ് കഴിഞ്ഞ സ്തീ എന്നെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു.അതിനപ്പുറത്തെ വില്ലയില് ഒരു വീട്ടമ്മ തന്റെ ജാരനുമായ് ഇണ ചേരുന്നു.അവരുടെ ദേഹങ്ങള്വിയര്പ്പില് കുതിരവേ ഒരു വെള്ളപൂച്ച നിശബ്ദയായി മന്ദം മന്ദം റോഡു മുറിക്കാന് തുടങ്ങുന്നു.
റോഡിലൂടെ ഒരു ഡ്യൂക്ക് ബൈക്ക് പാഞ്ഞു വരുന്നു.
എതിരെ ഒരു ടിപ്പര് ലോറിയും.
കുതിച്ചുവരുന്ന ആ വാഹനങ്ങള്ക്കിടയില്നിന്ന് ഒരു വെളുത്ത മിന്നായം പോലെ പൂച്ച കുതിച്ചു ചാടി.
“എന്താ ഒരു ഒച്ച.ഒന്ന് നോക്കാമോ ?” കാമുകന്റെ വിയര്ത്ത നെഞ്ചില്നിന്ന് മുഖമുയര്ത്തി രണ്ടാമത്തെ വില്ലയിലെ സ്ത്രീ ചോദിക്കുന്നു.
“എന്താ ഒരു ഒച്ച ?”ആദ്യത്തെ വില്ലയില് എഴുപതു വയസ്സുകാരിയും ആലോചിക്കുന്നു.
വലിയ ശബ്ദങ്ങളും ,പൊട്ടിത്തെറിയും രൂക്ഷമായ ദുര്ഗന്ധവും എന്റെ സാന്നിധ്യമായി നിങ്ങള് കരുതുന്നു.അത് നിങ്ങളെ ആകുലരാക്കുന്നു.
നിലാ എന്ന പെണ്കുട്ടി ആ ശബ്ദം കേട്ടില്ല.അവള്ഉറങ്ങുകയാണ്.
ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനുശേഷം ടിപ്പര് ലോറി നിര്ത്താതെ പാഞ്ഞുപോയി.ഒരു നിമിഷം റോഡിലേക്ക് ഭയന്ന് നോക്കിനിന്നതിനു ശേഷം പൂച്ചയും അലസമായ തന്റെ നടത്തം തുടര്ന്നു.
തരിതരിപ്പന് ടാര് റോഡിന്റെ പ്രതലം ഉച്ച ചൂടില്പഴുത്തുപൊള്ളുന്നു.
അതിനുമുകളിലൂടെ ആ പൂച്ചയുടെ അലസനടത്തംപോലെ ബൈക്കില്നിന്ന് വീണ ചെറുപ്പക്കാരന്റെ രക്തം ഒഴുകിതുടങ്ങുന്നു.
ഇതൊരു ഉച്ചവെയില് ചിത്രമാണ്.
റോഡില് രക്തം വാര്ന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരന്.അല്പം മാറി വില്ലകളിലെ ജനാലകൾ തുറന്ന് ആ കാഴ്ച കാണുന്ന വൃദ്ധയും ജാരനും.സൂപ്പര്മാര്ക്കറ്റില് നിന്ന് പുറത്തിറങ്ങി വരുന്ന മഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ.സൂപ്പര്മാര്ക്കറ്റിന്റെ അരികിലെ വാഹനങ്ങളിലൊന്നിലിരുന്നു കൊണ്ട് ആ കാഴ്ച കാണുന്ന ഒരു മധ്യവയസ്കന്.ഈ നിശ്ചലദ്രശ്യത്തില് ആ കാഴ്ച കണ്ടുനില്ക്കുന്ന മനുഷ്യരുടെ ചിന്തകള് ചായം
പടര്ത്തുന്നുത് ഞാന് കാണുന്നു.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ചുവപ്പ് ::
സൂപ്പര്മാര്ക്കറ്റില് നിന്ന് സാധനങ്ങള് വാങ്ങാന് വന്നതാണ് ഞാന്.എന്റെ ഷര്ട്ടിന്റെ ചുവപ്പ് നിറമാണ് റോഡില്പടരുന്നത്‌.ആ പയ്യന് ഡ്യൂക്കില് പാഞ്ഞുവരുന്നത് കണ്ടപ്പോഴേ ഞാന് അപകടം മണത്തു.എന്റെ മകനു അത്തരം ബൈക്ക് വേണമെന്ന് പറഞ്ഞു ഈയിടെ ബഹളമുണ്ടാക്കി.ഞാന്അനുവദിച്ചില്ല.അതിപ്പോള് നന്നായെന്നു തോന്നുന്നു.എന്റെ ഈ കാര് പുതിയതാണ്.ഇതില് ആ ചെറുപ്പക്കാരനെയെടുത്ത് ആശുപത്രിയില് പോയാല് പുത്തന് വണ്ടി അലമ്പാകും.ഭാര്യ അവളുടെ വീട്ടില് പോയിരിക്കുകയാണ്.വീട്ടില് കുറച്ചു കൂട്ടുകാര് വന്നിട്ടുണ്ട്.ബക്കാര്ഡിയും ബ്ലൂലേബലുമുണ്ട്.കൂട്ടുകാരില് ഒരാള് നല്ല പാചകക്കാരനാണ്.ഞാന് ചെന്നിട്ടു വേണം കോഴിയെ വറുക്കാന്.ബക്കാര്ഡി ,ചിക്കന് ഫ്രൈ..വയ്യ ആരെങ്കിലും വന്നു ആ ചെക്കനെ രക്ഷിക്കട്ടെ..അല്ല..എന്ത് രക്ഷിക്കാന് മിക്കവാറും അവന് കാഞ്ഞു പോയിട്ടുണ്ടാകും.അമ്മാതിരി ഇടിയല്ലാരുന്നോ..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
മഞ്ഞ ::
വെയിലിനു മഞ്ഞനിറമാണ്.ചൂടിന്റെ നിറമാണ് മഞ്ഞ.എന്റെ സാരിയുടെ നിറവും മഞ്ഞ.
എന്റെ കെട്ടിയോന് മരിച്ചിട്ട് ഇന്നേക്ക് അഞ്ചു വര്ഷമായി.ഇന്ന് ജോണിച്ചായന്റെ ഓര്മ്മ ദിവസമാണ്.ജോണിച്ചായനു പൊട്ടുവെള്ളരിക്കാ ജ്യൂസ് ഇഷ്ടമായിരുന്നു.പിന്നെ ചെമ്മീന്മാങ്ങയിട്ടു വയ്ക്കുന്നത്..എല്ലാ ഓര്മ്മദിവസവും ഞാന്ജോണിച്ചായന് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കും.ഓര്മ്മകള്ഇഷ്ടങ്ങളാണല്ലോ.അഞ്ചു വര്ഷം മുന്പ് നടക്കാനിറങ്ങിയ ജോണിച്ചായനെ ബൈക്കില് വന്ന ഒരു പയ്യന് ഇടിച്ചിട്ട് പോയി.അവന് ഒന്ന് നിര്ത്തിയിരുന്നെങ്കില് ,ആശുപത്രിയില്എത്തിച്ചിരുന്നെങ്കില് ജീവന് രക്ഷപെടുമായിരുന്നു.ടിപ്പര്ലോറി ആ ബൈക്ക് ഇടിച്ചു തെറിച്ചപ്പോള് എന്റെ മനസ്സില്ശൂന്യതയാണ് നിറഞ്ഞത്‌.ഒരു ചുവടു മുന്പോട്ടു വയ്ക്കാനാവാതെ എന്റെ കാലുകള് ഭൂമിയില്തറഞ്ഞിരിക്കുന്നു.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
വെള്ള ::
ആ ശബ്ദം കേട്ടപ്പോള് വല്ലാതെ കൊതിച്ചുപോയി.ഒരു ഭൂകമ്പം തുടങ്ങുകയാവും എന്നാണ് ആശിച്ചത്.ഒരു നിമിഷംകൊണ്ട് ഒന്നുമറിയാതെ ഈ ഭൂമുഖത്തില്നിന്ന് മറയാമല്ലോ.എങ്കിലും ഇവിടെ എവിടെയോ മരണം ചുറ്റിത്തിരിയുന്നതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.അമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ ബൈക്ക് ദേഷ്യത്തില് ചവിട്ടി സ്റ്റാര്ട്ട് ചെയ്തു പോയ കോളേജ് കുമാരന് മകനെപോലെയാണ് മരണം.അടുത്തുവരാതെ മാറി മാറി നടക്കുകയാണ് കള്ളത്തിരുമാലി.
എനിക്ക് നടക്കാന് വയ്യ.റോഡിലെ ചുവപ്പ് നിറം ഇവിടെ നിന്നാല് എനിക്ക് കാണാം.വെളുപ്പ്‌ എനിക്ക് വല്ലാതെ മടുത്തു.ഫ്ലാറ്റിലെ ഭിത്തിയുടെ നിറം,എന്റെ മുടിയുടെ നിറം,ഈ നൈറ്റിയുടെ നിറം എല്ലാം വെളുപ്പ്‌.പ്രായമായാല്പിന്നെ വെളുപ്പിനോട് ഒരു ഇഷ്ടം തോന്നും.ഏതു വണ്ടിയാണ് അപകടത്തില്പെട്ടത് എന്ന് വ്യക്തമാകുന്നില്ല.കണ്ണിന്റെ കാഴ്ച കുറഞ്ഞിരിക്കുന്നു.അതൊരു ബൈക്കാകാതിരുന്നാല്മതിയായിരുന്നു.ഒരു ബൈക്ക് അപകടം കാരണമാണല്ലോ ഞാനിത്രയും ഒറ്റക്കായി പോയത്.അതൊരു ബൈക്കാകാതിരിക്കട്ടെ.ആരെങ്കിലും അപകടത്തില്പെട്ടവരെ ആശുപത്രിയില് കൊണ്ട് പോകുമായിരിക്കും.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
നീല ::
പ്രണയത്തിന്റെ നീല നിറമുള്ള ഷര്ട്ടുകളാണ് അവള്ക്ക് ഇഷ്ടം.അത് കൊണ്ട് ഈ വില്ലയില് അവളെ കാണാന്രഹസ്യമായി വരുമ്പോള് നീലയാണ് എന്റെ നിറം.
ഞങ്ങള് ഉറങ്ങുകയായിരുന്നു.റോഡില് അപകടം നടന്ന ശബ്ദം കേട്ടാണ് അവള് ഉണര്ന്നത്.അവള്ക്ക് നല്ല ധൈര്യമുണ്ട്.എനിക്ക്...എനിക്കത്ര ധൈര്യം പോര.പുറമേ ധൈര്യം ഭാവിക്കുന്നുവെങ്കിലും ഈ ഫ്ലാറ്റില് വരുമ്പോഴെല്ലാം അവളുടെ ഭര്ത്താവിനെകുറിച്ച് ഞാന്ആലോചിക്കും.എപ്പോഴെങ്കിലും അയാള് മുറിയുടെ വാതില്തുറന്നു വരുമെന്ന് ഞാന് ഭയപെടുന്നു.മരണത്തെ പോലെ..അപ്രതിക്ഷിതമായി വരുന്ന അതിഥി.അത് കൊണ്ട് തന്നെ ഈ ഫ്ലാറ്റില് വരുമ്പോള് സമീപത്തു മരണം ഒളിച്ചിരുന്നു എന്നെ നോക്കുന്നത് പോലെ തോന്നും.ഈ ശബ്ദം കേട്ടപ്പോള്അതുകൊണ്ടാണ് ഞാന് എഴുന്നേറ്റു ജനാല തുറന്നു വെളിയിലേക്ക് നോക്കിയത്.എനിക്ക് അങ്ങോട്ട്‌ പോകണമെന്നുണ്ട്.പക്ഷേ ഒരു ജാരനെ സംബന്ധിച്ചു അതൊക്കെ റിസ്ക്കുകളാണ്. എന്റെ കാമുകിയാകട്ടെ ഒരിക്കലും സമ്മതിക്കില്ല.
റോഡിലെ ചുവപ്പ് ഒരു വാണിംഗ് സിംബല് പോലെ തോന്നുന്നു.ഇനി ഇത് തുടരരുത് എന്ന് ആരോ മുന്നറിയിപ്പ് തരുന്നത് പോലെ.ശരിയാണ് .വയ്യ.ഇനി ഇത് തുടരാന് വയ്യ.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ഞാന് ആ ദൃശ്യം ആസ്വദിക്കുകയായിരുന്നു.എല്ലാവരും എന്നെക്കുറിച്ച് രഹസ്യമായി ചിന്തിക്കുന്നതു കാണുമ്പോള്ചിലപ്പോള് ചിരി വരും.ചിലപ്പോള് വെറുപ്പും.മരണം സ്വയം വെറുക്കുമോ എന്ന് നിങ്ങള് ആലോചിക്കുന്നത് ഒരു തമാശയാണ്.പക്ഷേ അതാണ്‌ സത്യം.ആ റോഡില്വീണുകിടക്കുന്ന ചെറുപ്പക്കാരന്റെ ആത്മാവ് ഒരു വെള്ളതുവാലയായി എന്റെയടുക്കലെക്ക് പറക്കാന്തുടങ്ങുന്നു.
അരികില് ഒരു സാന്നിധ്യം അനുഭവപ്പെട്ടു.അത് നിലാ എന്ന പെണ്കുട്ടിയാണ്.എന്തോ സ്വപ്നം കണ്ടു അവള്ഉണര്ന്നിരിക്കുന്നു.എന്റെ അരികില് നിന്നുകൊണ്ട് നീല ജനാലവിരികള് മാറ്റി അവളും ആ അപകട ദൃശ്യം കാണുകയാണ്.ഭീതിയുളവാക്കുന്ന ഒരു ചിത്രം കാണുന്നത് പോലെ ഒരു ഞെട്ടല് അവളുടെ മുഖത്തുണ്ടായി.
അതാ അവിടേക്ക് ഒരു കാര് വന്നു നില്ക്കുന്നു.അതില്നിന്ന് ഒരു ചെറുപ്പക്കാരന് ചാടിയിറങ്ങി റോഡില് വീണു കിടക്കുന്ന ചോരയില് കുളിച്ചു കിടക്കുന്ന പയ്യനെയെടുത്ത് വാഹനത്തിന്റെ പുറകില് കിടത്തുന്നു.ആ വണ്ടി ആശുപത്രിയിലേക്ക് പായുകയാണ്.
ഇപ്പോള് നിലാ എന്ന പെണ്കുട്ടിയുടെ മുഖത്ത് ഒരു തെളിച്ചം വന്നിരിക്കുന്നു.ആശ.ജീവിക്കാനുള്ള ആശ.അത് ഒരു തരി മതി.അഗ്നിപോലെ അത് ആത്മാവിലാകെ പടര്ന്നു പിടിക്കും.
അവള് പ്രതീക്ഷയോടെ പുറത്തേക്ക് നോക്കിനില്ക്കുകയാണ്.
എന്റെ അരികിലേക്ക് പറക്കാന് വെമ്പിയ ആ വെളുത്ത തൂവാല എന്നില്നിന്നും അകന്നു പോകുന്നുത് അവള്കാണുന്നുണ്ടോ ?
അറിയില്ല.
(അവസാനിച്ചു)
**************************************

Anish Francis

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo