Slider

ഓട്ടോഗ്രാഫികസ്മരണകൾ

0
Image may contain: one or more people, beard and indoor
---------------------------------------------
വിദ്യാഭ്യാസകാലത്തെ ഏറ്റവും മധുരതരമായ ഓർമ്മകളിൽ ഒന്നാണ് ഓട്ടോഗ്രാഫ്. പത്താം ക്ലാസിലെ അവസാന ദിവസങ്ങളിൽ പഠനം പോലും ഉപേക്ഷിച്ചു ഓട്ടോഗ്രാഫ് വാങ്ങാനായി തിക്കുംതിരക്കും കൂട്ടിയിരുന്ന സുഹൃത്തുക്കൾ നല്ല ഓർമ്മയിലുണ്ട്. അത്രയും കാലം മനസ്സിൽ അടക്കിപ്പിടിച്ച എല്ലാ ആഗ്രഹങ്ങളും ഒരല്പമെങ്കിലും പുറത്തു പറയാനും പറ്റിയാൽ ഒരല്പനേരം ഒരുമിച്ചിരിക്കാനും മനസ്സിൽ ആഗ്രഹിച്ച ആളുടെ ഒന്നോ രണ്ടോ വാചകങ്ങൾ അയാളുടെ കൈപ്പടയിൽ എന്നേക്കും ഓർമിക്കാൻ കിട്ടുകയും ചെയ്തിരുന്ന ഒരു അസുലഭ അവസരം എന്നും പറയാം....
പക്ഷേ ഓട്ടോഗ്രാഫ് എന്നത് ഒരു തമാശയായി മാത്രം കണ്ടിരുന്ന കൂട്ടുകാരും ഉണ്ടായിരുന്നു..
പൊതുവെ ഒന്നിനെയും സീരിയസായി കാണാത്ത, ഓർമ്മകളെയും ചിന്തകളെയും ആഗ്രഹങ്ങളെയും ഒന്നും സാരമായി കാണാത്ത കൂട്ടുകാർ...
എൻറെ പത്താംക്ലാസ് കാലഘട്ടത്തിൽ ഫാഷനായിരുന്ന ഓട്ടോഗ്രാഫ് ബുക്കുകളും സർക്കാർ സ്കൂളിന് യോജിക്കുന്നതായിരുന്നു. സാധാരണ ഇരുന്നൂറ് പേജിന്റെ നോട്ട് ബുക്ക് കൃത്യം നടുക്കു വച്ച് ഉളി കൊണ്ട് മുറിച്ച് രണ്ടു ബുക്കുകൾ ആക്കിയത് പോലെയുള്ള ഓട്ടോഗ്രാഫ്.. ഒരല്പം പൈസ മുടക്കി ബുക്ക് വാങ്ങുന്നവർ പ്രത്യേകതരം പേപ്പറുകൾ കൊണ്ട് നിർമിക്കപ്പെട്ട, അതായത് വാട്ടർമാർക്ക് പോലെയുള്ള പ്രിന്റുകളും പുറംചട്ടയിൽ വെൽവെറ്റ് പൊതിച്ചിലുള്ളതുമായ ഓട്ടോഗ്രാഫ് പുസ്തകങ്ങളും വാങ്ങിയിരുന്നു....
പ്രീഡിഗ്രി ഒക്കെ ആയപ്പോഴേക്കും ഓട്ടോഗ്രാഫ് ബുക്കുകളുടെ രീതിയിൽ കാര്യമായ വ്യത്യാസം വന്നു. ബുക്കുകൾക്ക് പകരം ഡയറികൾ വ്യാപകമായി.. എങ്കിലും പത്താംക്ലാസിലെ ഓട്ടോഗ്രാഫ് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു...
എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നുള്ള ആഗ്രഹം സഹിക്കാൻ പറ്റാതായപ്പോൾ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വെൽവെറ്റ് ഓട്ടോഗ്രാഫുകൾ ഒഴിവാക്കി പ്രിന്റഡ് ഓട്ടോഗ്രാഫ് വാങ്ങാൻ ഞാൻ തീരുമാനമെടുത്തു.. എല്ലാ പേജിലും ഒരു മിക്കിമൗസ് മിന്നി മൗസിനോട് സംസാരിച്ച നിൽക്കുന്ന ഒരു ചിത്രം പ്രിൻറ് ചെയ്തിട്ടുള്ള, അതേ ചിത്രം തന്നെ കളറിൽ കവർ പേജ് ആയിട്ടുള്ള സാധാരണ ഓട്ടോഗ്രാഫിന്റെ സൈസ് ഉള്ള ഒരു പുസ്തകം..
മിക്കിമൗസ് മിന്നി മൗസിനെ പ്രൊപ്പോസ് ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്...
മറ്റൊരു പ്രത്യേകത കവറിനു മുകളിലൂടെ ഇടാവുന്ന ട്രാൻസ്പരന്റ്‌ ആയിട്ടുള്ള മറ്റൊരു കവർ കൂടിയായിരുന്നു.. ക്രിക്കറ്റ് കളിയോടു അടങ്ങാത്ത ആവേശം ഉണ്ടായിരുന്ന ഞാൻ അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന ജാവേദ് മിയാൻദാദ് ഒരു റൺ പൂർത്തീകരിക്കുന്ന ചിത്രം സ്പോർട്സ് സ്റ്റാറിൽനിന്നും വെട്ടി ഈ കവറിനകത്ത് ഒട്ടിക്കുകയും ചെയ്തു..
അന്നത്തെ ഓട്ടോഗ്രാഫ് വാചകങ്ങളും ഒരു പ്രത്യേക ഫോർമാറ്റിൽ ഉള്ളതായിരുന്നു. മിക്കവാറും ഡയലോഗുകൾ എന്നെ മറക്കരുതേ സോദരാ എന്ന മട്ടിലായിരിക്കും. അല്പംകൂടി സൗഹൃദം ഉള്ളവർ, നീ പടിച്ചു പടിച്ചു വലിയ ഡോക്ടർ ആകുമ്പോൾ കുരച്ചു കുരച്ചു അടുത്തുവരുന്ന എന്നെ ചികിത്സിക്കാൻ മടിക്കരുത് സോദരാ എന്നാകും.. അല്പംകൂടി ഹ്യൂമർ സെൻസുള്ളവർ, ഭാവി ജീവിതം ഭാസുരമാക്കാൻ ഭാര്യയെ ഭരണിയിലാക്കുക എന്ന മട്ടിലുള്ള ഉപദേശങ്ങൾ നൽകും... എവിടെയോ ആരുടെയോ ഓട്ടോഗ്രാഫുകൾ കണ്ടു ചില വാക്കുകളെല്ലാം കാണാതെ പഠിച്ചിരുന്ന മറ്റുചില വിദ്വാന്മാരും ഉണ്ടായിരുന്നു. ഇന്റർനെറ്റും മറ്റും ഇല്ലാതിരുന്നതുകൊണ്ട് ഉദാത്തമായ സൃഷ്ടികളൊന്നും ഉണ്ടായിരുന്നതുമില്ല..
എന്റെ ഓട്ടോഗ്രാഫ്, സുഹൃത്തുക്കൾക്കും അത്ര സുഹൃത്തുക്കൾ അല്ലാത്തവർക്കും എല്ലാം ഒരു പുതുമ ആയിരുന്നു...പതിവ് ഡയലോഗുകൾ മാറ്റിപ്പിടിക്കണം എന്ന് അവരിൽ പലരും ചിന്തിച്ചതിൽ തെറ്റ് പറയാൻ സാധിക്കില്ല.
സെബാൻ എന്നപേരിൽ പ്രശസ്തനായിരുന്ന സെബാസ്റ്റ്യന്റേതായിരുന്നു ഏറ്റവും വെറൈറ്റി ഓട്ടോഗ്രാഫ്.. ബാലരമയിലും മറ്റും കണ്ടിരുന്ന ചിത്രകഥകളിലേത് പോലെ ഒരു വലിയ വട്ടത്തിൽ നിന്നും ഒരു മുന പോലെ മിക്കി മൗസിന് നേരെ തിരിച്ചുവച്ച ഒരു ബബിൾ വരച്ച് അതിനകത്ത് ആയിരുന്നു ഓട്ടോഗ്രാഫ്. മിക്കി, മിന്നിയോട് ചോദിക്കുകയാണ്...
"കൊള്ളാം നീ ചരക്ക് ആണല്ലോടി"
അപ്പോൾ മിന്നിമൗസിന്റെ മറുപടി. ഡിസൈൻ ഇതുതന്നെ.
"എന്താ എന്നെ നോട്ടമുണ്ടോ?" അതിനുതാഴെ വളരെ വലുതാക്കി സെബാൻ എന്നൊരു പേരും....
സ്കൂളിലെ സൗന്ദര്യധാമങ്ങളായ പലരുടെയും കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുക എന്നത് എനിക്ക് വളരെ ശ്രമകരമായ ഒന്നായിരുന്നു അക്കാലത്ത്. എന്നിരുന്നാലും മറ്റൊരു അവസരം ഇതിനായി ലഭിക്കുകയില്ല എന്ന് ഉറപ്പുള്ളതിനാൽ ഞാൻ ശ്രമപ്പെട്ട് പലരുടെയും പക്കൽ നിന്നും ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു... ഒന്നുരണ്ടുദിവസം കയ്യിൽ നിന്നും മാറ്റാതെ ഓട്ടോഗ്രാഫ് ബുക്ക് കൊണ്ടുനടക്കുകയും ചെയ്തു.. അവസാന ദിവസങ്ങൾ ആയപ്പോഴേക്കും ഈ ലിസ്റ്റിലെ പലരുടെയും ഓട്ടോഗ്രാഫ് കൈയിലുള്ള ഒരുത്തൻ എന്നനിലയിൽ ഞാൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം, ഞാൻ പഠിച്ചിരുന്ന ട്യൂഷൻ സെന്ററിൽ ആയിടയ്ക്ക് പുതിയതായി ജോയിൻ ചെയ്ത, പഠിപ്പിക്കലിന്റെ പ്രത്യേകതകൊണ്ട് ഞങ്ങളുടെ മനസ്സ് കവർന്ന, മിടുക്കരായ രണ്ട് അധ്യാപകരുടെ ഓട്ടോഗ്രാഫ് കൂടി വാങ്ങണം എന്ന് ഒരു അതിമോഹം എന്റെ മനസ്സിൽ ഉടലെടുത്തു..
ക്ലാസുകൾ എല്ലാം കഴിയുന്നതിന്റെ തലേദിവസം ഓട്ടോഗ്രാഫ് ബുക്ക് ഞാൻ ഇവരിലൊരാളെ ഏൽപ്പിച്ചു. വെറുതെ അലക്ഷ്യമായി ആ ഓട്ടോഗ്രാഫ് മറിച്ചു നോക്കിയശേഷം ഇടയിലൊരു പേജ് കടന്നെടുത്ത് അദ്ദേഹം ഒരു ഓൾ ദി ബെസ്റ്റ് എഴുതി... പിന്നീട് നീട്ടിയൊരു ഒപ്പും... അതിനുശേഷം മറ്റേയാൾക്ക് ഓട്ടോഗ്രാഫ് ബുക്ക് കൈമാറി..
ബുക്ക് കയ്യിൽ കിട്ടിയത് മുതൽ അദ്ദേഹം ഓരോ പേജായി വായിച്ചുനോക്കാൻ ആരംഭിച്ചു... ആദ്യത്തെ നാലഞ്ചു പേജുകൾ വായിച്ചു നോക്കിയ ശേഷം സെബാന്റെ പേജ് എത്തിയപ്പോൾ പുള്ളി ബുക്കിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ ആ ബുക്ക് എടുത്ത് തന്റെ ബാഗിനുള്ളിലേക്ക് വച്ചു. എന്നിട്ട്‌ എന്നോട് പറഞ്ഞു..
"രണ്ടുദിവസം കഴിഞ്ഞ് തരാം.."
പിന്നെ കൂടുതലൊന്നും പറയാൻ നിൽക്കാതെ അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു അദ്ദേഹം ഇറങ്ങിപ്പോയി.
അന്നത്തെ ആ നോട്ടവും പല പ്രമുഖരുടെയും ഓട്ടോഗ്രാഫുകൾ എന്റെ ബുക്കിലുള്ളത് സാർ അറിയുമല്ലോ എന്ന ജാള്യതയും എന്റെ രണ്ടു ദിവസത്തെയും ഉറക്കം കളഞ്ഞു.. കൃത്യം രണ്ടാംദിവസം ഓട്ടോഗ്രാഫ് തിരിച്ചു വാങ്ങുന്നതിനായി ഞാൻ ട്യൂഷൻ സെന്ററിൽ എത്തി.
യാതൊരു ഭാവഭേദവും ഇല്ലാതെ ഒരു അവജ്ഞയോടെ എന്റെ നേർക്കു നോക്കിയ ശേഷം പുള്ളി ഓട്ടോഗ്രാഫ് ബുക്ക് എനിക്ക് നേരെ നീട്ടി..
അങ്ങോട്ട് കൊടുത്ത് പോലെയല്ലാതെ ഒരു തുന്നൽ വിട്ടത് പോലത്തെ അവസ്ഥയായിരുന്നു ഓട്ടോഗ്രാഫിന്..
ഒരു ഞെട്ടലോടെ ഞാനത് തുറന്നുനോക്കി... സെബാന്റെ പേജ് കാണാനില്ല... കീറി എടുത്തിരിക്കുകയാണ്.. വല്ലാത്ത ഒരു വിഷമത്തിൽ കീറലിലൂടെ കൈ ഓടിച്ച് ഇരുന്ന എന്റെ തോളിൽ കൈ വെച്ച് എന്റെ ഒരു കുറ്റം ക്ഷമിച്ചു എന്ന മട്ടിൽ ആ പുന്നാര സാർ ഇങ്ങനെ പറഞ്ഞു....
ആ പേജ് ആരെയും കാണിക്കാൻ പറ്റില്ലെടാ... അതുകൊണ്ട് ഞാൻ അതങ്ങ് കീറിക്കളഞ്ഞു... അത് മാത്രമല്ല, നിറയെ അക്ഷരത്തെറ്റും ഗ്രാമർ മിസ്റ്റേക്കുകളും ആയിരുന്നു. അതെല്ലാം ഞാൻ കറക്ട് ചെയ്തിട്ടുണ്ട്....
ശ്വാസം വിലങ്ങിയ അവസ്ഥയിൽ ഭ്രാന്തമായി പേജുകൾ മറിച്ച ഞാൻ രണ്ടു ദിവസം ചേർത്ത് പിടിച്ച് കിടന്നുറങ്ങിയ ആ പേജിൽ എത്തി... പിന്നെ എഴുതിയിരിക്കുന്നത് വായിച്ചു....
better alone than a bad combany..
ചുവന്ന മഷി കൊണ്ട് combany എന്നെഴുതിയത് വെട്ടി താഴെ നിന്ന് ഒരു ആരോ മാർക്ക് കൊടുത്ത് മുകളിലായി company എന്ന് തിരുത്തിയിരിക്കുകയാണ്...
ഏറ്റവും താഴെയായി ഒരു നിർദേശവും...
better കഴിഞ്ഞ് be ചേർക്കണം!
ഓട്ടോഗ്രാഫ് ബുക്ക് വീട്ടിൽ തപ്പിയിട്ട്‌ കിട്ടിയില്ല. പക്ഷേ ഈ സംഭവം മനസ്സിന്റെ അടുക്കിൽ ഏറ്റവും മുകളിൽ തന്നെ കിടക്കുന്നു....
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo