നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്റ്റീവിന്റെ ഡയറിക്കുറിപ്പുകള്‍. - Part 2

ഭാഗം – 2
*********
ഇരുട്ടിന്റെ ആഴങ്ങളിലേക്കാണ് ആ പതിനഞ്ചു വയസ്സുകാരന്‍ കണ്ണ് തുറന്നത് . ചുറ്റും പേടിപ്പിക്കുന്ന ഇരുട്ടും ശാന്തതയും . ചില ദിവസങ്ങളില്‍ ഇങ്ങനെയാണ് . രാത്രിയില്‍ വീടിനു ചുറ്റും അകത്തുമുള്ള എല്ലാ വിളക്കുകളും അണയ്ക്കും . അന്ന് രാത്രിയില്‍ വീട്ടിലുള്ള ആരും സ്വന്തം മുറിയുടെ പുറത്തു പോലും ഇറങ്ങാറില്ല . രാത്രിയില്‍ ചിലപ്പോള്‍ ചില പൊട്ടിച്ചിരികള്‍ ..ദിഗന്തം പിളര്‍ക്കുന്ന അലര്‍ച്ചകള്‍ നിലവിളികള്‍ എല്ലാം കേള്‍ക്കാറുണ്ട് .എല്ലാവരും പുതപ്പു കൊണ്ട് തലമൂടി കൈകള്‍ കൊണ്ട് ഇരു ചെവികളും മൂടി ഉറങ്ങാന്‍ ശ്രമിക്കുമെങ്കിലും എല്ലാ ശബ്ദവും മണിയൊച്ചയും അവസാനിച്ചതിന് ശേഷം മാത്രമേ ഉറങ്ങാന്‍ സാധിക്കൂ . അതുവരെ ഭയന്ന് വിറച്ചു മുറിയില്‍ ആയിരിക്കുക എന്നതല്ലാതെ വേറെ ഒരു മാര്‍ഗവുമില്ല . അവന്‍ പലരോടും ചോദിച്ചിട്ടുണ്ട് .എന്താണ് ഇങ്ങനെ ഒക്കെ എന്നാല്‍ വ്യക്തമായ ഒരുത്തരം ആരില്‍ നിന്നും ലഭിച്ചിട്ടില്ല . പകരം മൂര്‍ച്ചയുള്ള ഒരു നോട്ടം മാത്രമാകും മറുപടി .വല്യപ്പാപ്പന്‍ മാത്രം ഒന്ന് ചിരിക്കും എന്നിട്ട് പറയും .ഒക്കെ സമയമാകുമ്പോള്‍ അപ്പാപ്പന്‍ പറഞ്ഞു തരാമെന്നു .
പക്ഷെ അത്രയും സമയമൊന്നും കാത്തിരിയ്ക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല . ഇത്തരം രാത്രികളുടെ രഹസ്യം കണ്ടു പിടിക്കാതെ അവന്‍ പിന്മാറിയില്ല . ആരും പറഞ്ഞില്ലെങ്കിലും അവന്‍ പലതും അറിഞ്ഞു . പൌര്‍ണമിയിലും അമവാസിയിലുമാണ് സാധാരണയായി ഈ പ്രത്യേകതകള്‍ ഉണ്ടാകാറുള്ളത് . കൈയ്യില്‍ ചേര്‍ത്ത് പിടിച്ച വെള്ളിക്കുരിശുമായി രഹസ്യങ്ങളുടെ സത്യാവസ്ഥ തിരഞ്ഞു പുറത്തിറങ്ങിയ ഒരുനാള്‍ അവന്‍ കണ്ടു . വെള്ളമുണ്ടുടുത്ത ഒരു ആള്‍രൂപത്തെ ..മുന്നില്‍ ചലിക്കുന്ന ഒരു പ്രകാശ ഗോളം ...നന്മ നിറഞ്ഞ മറിയവും ചൊല്ലി അവനാ രൂപത്തെ അനുഗമിച്ചു . ചുറ്റും ഭയാനകമായ നിശബ്ദത . ഒരു ചെറുകാറ്റ് പോലും വീശാത്ത രാത്രി . പൗർണമിയായിട്ടും മുറ്റത്തും പറമ്പിലും ഒരു തുള്ളി വെളിച്ചമില്ല . എവിടെ നിന്നോ ഓരിയിട്ട കൂമന്‍ അവനെ ഒന്ന് ഭയപ്പെടുത്തി .ഇണയെ തിരഞ്ഞുള്ള വിളിയാണ്. ഇടയ്ക്കിടയ്ക്ക് മുഴങ്ങി കേള്‍ക്കുന്ന മൂങ്ങയുടെ ശബ്ദം .അവര്‍ക്ക് പിന്നില്‍ കുറച്ചകലെയായി നടക്കുമ്പോഴും അവന്റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു . ഒരു നിമിഷം ആ രൂപം ഒന്ന് നിന്നു. അവന്‍ ഒരു തൂണിനു മറഞ്ഞു നിന്നു . തിരിഞ്ഞു നോക്കിയ ആ രൂപത്തെ ഒരേ ഒരു നിമിഷത്തേയ്ക്ക് അവന്‍ കണ്ടു . അത് വല്യപ്പാപ്പനായിരുന്നു .അത് വരെ കാണാത്ത മറ്റൊരു വല്യപ്പാപ്പന്‍ . മുഖം നിറയെ വെളുത്ത ഭസ്മം . മുഖത്തു വല്ലാത്ത ക്രൌര്യം . പേടിയോടെ അവന്‍ കണ്ണടച്ചു . അവന്റെ മുന്നില്‍ ഒരു വാതില്‍ തുറക്കുന്ന ശബ്ദം . അതുവരെ അറിയാത്ത മറ്റൊരു രഹസ്യം കൂടി . വല്യപ്പപ്പന്‍ വീടിന്റെ തറയില്‍ നിന്നും അടിയിലേക്കാണ് ഇറങ്ങുന്നത് . ഇങ്ങനെ ഒരു വാതില്‍ ഒരിക്കലും അവന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു . വളരെ പെട്ടെന്ന് ആ വാതില്‍ അടഞ്ഞു .വലിയൊരു ശബ്ദത്തോടെ . ചുറ്റും വീണ്ടും ഇരുള്‍ നിറഞ്ഞു . തിരിച്ചു മുറിയില്‍ എങ്ങനെ എത്തിയെന്ന് അവനു തന്നെ ഒരു രൂപവും ഉണ്ടായിരുന്നില്ല .
പിറ്റേന്ന് രാവിലെ മുതല്‍ അവന്‍ നിഴല് പോലെ അപ്പാപ്പനെ പിന്തുടര്‍ന്നു. അപ്പാപ്പന് എന്താണ് ജോലി എന്നുള്ള കാര്യം അവനു അന്നും അജ്ഞാതമായിരുന്നു . വീടിനു ചുറ്റും വലിയ പറമ്പാണ് .അവിടെ തെങ്ങും കമുങ്ങും മാവും അങ്ങ് താഴെ പാടവും ഒക്കെയുണ്ട് . മുറ്റത്തിന് ചുറ്റും ഔഷധചെടികളാണ് . അത്യാവശ്യം വൈദ്യമൊക്കെ അപ്പാപ്പന് വശമുണ്ട് . ഒരുപാട് ആളുകള്‍ കാണാനും വരാറുണ്ട് . ചില വൈകുന്നേരങ്ങളില്‍ ചില ചെറിയ മന്ത്രപണികളും ഉണ്ടെന്നറിയാം . പേടിയ്ക്കും രാത്രി എണീറ്റ്‌ നടക്കുന്നതിനും ഒക്കെ ഓരോ തകിടുകള്‍ അപ്പാപ്പന്‍ പൂജിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട് . അവന്റെ അരയിലും ഉണ്ട് അപ്പാപ്പന് പൂജിച്ച കൊടുത്ത ഒരു തകിട് . അത് കെട്ടിയതില്‍ പിന്നെയാണ് രാപ്പനിയും രാത്രിയില്‍ കിടന്നുള്ള കരച്ചിലുമൊക്കെ നിന്നത് . എന്നാലും രാത്രിയില്‍ എന്താണ് അങ്ങനെ ഒരു രഹസ്യ മുറിയില്‍ അപ്പാപ്പൻ ചെയ്യുന്നതെന്നു അവനു മനസിലായതേയില്ല . അവനെ കാണുമ്പോളൊക്കെ അപ്പാപ്പന്റെ ചുണ്ടില്‍ ഒരു ചിരിയുണ്ടായിരുന്നു . അപ്പാപ്പന് മനസിലായിട്ടുണ്ടാകുമോ ..
അതിനു ശേഷമുള്ള എത്രയോ പൌര്‍ണമികള്‍ ..അമാവാസികള്‍ ..പല രാത്രികളിലും അപ്പാപ്പന് പിന്നാലെ അവനും ചെന്നു. നിലവറയിലേക്ക് തുറക്കുന്ന വാതിലില്‍ രഹസ്യമായിട്ട ചെറിയ ദ്വാരത്തിലൂടെ പലതും അവന്‍ കണ്ടു . അപ്പാപ്പന്‍ കണ്ണടച്ച് ചൊല്ലുന്ന പല മന്ത്രങ്ങളും ഇന്നവന് മനപാഠമാണ് .
അന്നുമവന്‍ രഹസ്യമായി അപ്പാപ്പന്റെ പിന്നാലെ ചെന്നു . അപ്പാപ്പന്‍ നിലവറയിലേക്കിറങ്ങി പിന്നെയും കുറേ സമയങ്ങള്‍ക്കു ശേഷമാണു അവന്‍ തന്റെ കണ്ണുകള്‍ ആ ചെറിയ ദ്വാരത്തിലേക്ക് ചേര്‍ത്ത് വെച്ചത് . അകത്തു നിറയെ പുകയാണ് . തറയില്‍ ഈറനായി ഒരൊറ്റ മുണ്ടില്‍ മാത്രം അപ്പാപ്പന്‍ . വെളുപ്പും കറുപ്പും ഇടകലര്‍ന്ന രോമങ്ങള്‍ ദേഹത്ത് ഒട്ടി നില്‍ക്കുന്നു . മുന്നില്‍ എന്തെല്ലാമോ പേടിപ്പെടുത്തുന്ന പ്രതിമകൾ . പിത്തളയില്‍ തീര്‍ത്ത രൂപങ്ങളുടെ ചുറ്റും മുല്ല , അശോകം താമര, പിച്ചകം , ഇലഞ്ഞി അങ്ങനെ പേരറിയാത്തതടക്കം എന്തെല്ലാമോ പൂവുകള്‍ ചിതറി കിടക്കുന്നു . ഒരു വശത്ത്‌ അരി ..നാളികേരം , അടയ്ക്ക ..മഞ്ചാടിക്കുഴ തെറ്റിപ്പൂ ..കൂവളത്തിന്റെ ഇല അങ്ങനെയും. രൂപങ്ങളില്‍ കറുപ്പ് പടര്‍ന്നിട്ടുണ്ട് . അവനറിയാം അത് കാലന്‍ കോഴിയുടെ ചോരയാണ് .
അപ്പാപ്പന്‍ നിലത്തു ഒരു ലോഹത്തളികയുടെ മുന്നിൽ ചമ്രം പടിഞ്ഞിരുന്നു അരിപ്പൊടി കുഴച്ചു ഒരു ആള്‍രൂപം പോലെ ഉണ്ടാക്കുന്നു .ഒരു സൂചി കൊണ്ട് അതില്‍ എന്തെല്ലാമോ എഴുതി ചേര്‍ക്കുന്നു . അതിനു ശേഷം കൈയ്യില്‍ കരുതിയിരുന്ന ഒരു കറുത്ത പട്ടില്‍ ആ രൂപം പൊതിഞ്ഞെടുത്തു . നിലവറയില്‍ നിന്നും ധൃതിയില്‍ പുറത്തേയ്ക്ക് വന്ന അപ്പാപ്പന് പിന്നാലെ അവനും നടന്നു തുടങ്ങി . അപ്പാപ്പന്‍ വീടിന്റെ തെക്ക് പടിഞ്ഞാറേ ഭാഗത്തേയ്ക്കാണ് പോകുന്നത് . അധികം ആരും പോകാത്ത ആ ഭാഗത്തേയ്ക്ക് പോയ അപ്പാപ്പന്‍ പെട്ടെന്ന് തന്നെ തിരിച്ചു വന്നു . അവനു വളരെ പെട്ടെന്ന് കാര്യം മനസ്സിലായി . പണ്ട് ഒളിച്ചു കളിക്കുമ്പോള്‍ മച്ചുംപുറത്തു നിന്നും കിട്ടിയ ചുവന്ന പട്ടില്‍ പൊതിഞ്ഞ ആ പുസ്തകത്തില്‍ ഇതെല്ലാം അവന്‍ വായിച്ചിട്ടുണ്ട് . ദുര്‍മന്ത്രവാദത്തില്‍ പറയുന്ന ശത്രുസ്തംഭനം എന്ന ആഭിചാര ക്രിയയാണതു . അപ്പാപ്പന്‍ ആരെയോ നശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് .
മുറിയിലെത്തിയ അവന്‍ ചുവന്ന പട്ടില്‍ പതിഞ്ഞ ആ പുസ്തകം വീണ്ടും തുറന്നു .
ശത്രു സ്തംഭനം .
തുടര്‍ന്ന് അടുത്ത അമാവസിവരെ ആ പ്രതിമ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ സൂക്ഷിക്കണം . അന്നേ ദിവസം സന്ധ്യക്ക്‌ കുളിക്കാതെയും പല്ല് തേയ്ക്കാതെയും അശുദ്ധിയോടെ ആ പ്രതിമയെ എടുത്തു ആ കറുത്ത പട്ടഴിക്കാതെ തന്നെ ഒരു കരിങ്കോഴിയുടെ കഴുത്തു വെട്ടി രക്തം മുഴുവനായി ഇറ്റിച്ചു അതില്‍ വീഴിക്കണം. പിന്നീടു രണ്ടോ മൂന്നോ ചന്ദനത്തിരികള്‍ മണ്ണില്‍ കുത്തി വെയ്ക്കണം . ശേഷം അപ്രദിക്ഷണമായി പതിനെട്ടു തവണ വലത്ത് നിന്നും ഇടത്തോട്ടു പ്രതിമക്കു ചുറ്റും വലം വെയ്ക്കണം . പിന്നെ മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചു അതില്‍ ഒരു പിടി കടുക്, കല്ലുപ്പ് ,അത്തിചമത മൂന്നു നുള്ള് മണ്ണ് ഒരു ചാണ്‍ നീളമുള്ള കറുത്ത നൂല് എന്നിവ നിക്ഷേപിക്കണം .അതിനു ശേഷം ഈ പ്രതിമയെ ഈ മിശ്രിതത്തില്‍ മുക്കി വെയ്ക്കണം . മൂന്നാം ദിവസം ഈ പ്രതിമ മിശ്രിതത്തില്‍ നിന്നും എടുത്തു സ്വന്തം കാല്‍വിരലുകളിലെ നഖം മുറിച്ചു പ്രതിമയില്‍ ഇടണം . തുടര്‍ന്ന് മണ്ണ് കുഴച്ചു പ്രതിമയെ പൂര്‍ണമായും മൂടി എടുക്കണം . അന്ന് സന്ധ്യക്കും സൂര്യാസ്തമയത്തിനും ഇടയ്ക്കുള്ള സമയത്ത് ഈ രൂപത്തെ ശത്രുവിന്റെ പുരയിടത്തില്‍ കുഴിച്ചിടുക . പുറകോട്ടു തിരിഞ്ഞു നോക്കാതെ മടങ്ങി വരണം . ശത്രുവിന്റെ പുരയിടം വിടും മുന്‍പ് ഒരു ഇരുമ്പാണി ആ പുരയിടത്തിലേക്ക് എറിഞ്ഞു കളഞ്ഞതിന് ശേഷം മാത്രമേ ആ സ്ഥലം വിട്ടു പോകാവൂ . വീട്ടില്‍ വന്നതിനു ശേഷം എള്ളെണ്ണ തേയ്ച്ചു കുളിക്കുകയും ജലപാനം കൂടാതെ ഉറങ്ങുകയും വേണം . ശത്രു പതിയെ എല്ലാ വിധത്തിലും ക്ഷയിച്ചു ഇല്ലാതെയാവുകയും ചെയ്യും . ഒരിക്കലും ഈ വിദ്യ ദുര്‍വിനയോഗം ചെയ്യരുത് എന്ന് പ്രത്യേകം പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് .അവൻ പുസ്തകം അടച്ചു. ഹീനമായ പ്രവൃത്തിയാണ്. അത് പോലെ തന്നെ വളരെ ശക്തി കൂടിയ പ്രയോഗവും. ആരെയാകും അപ്പാപ്പന്‍ നശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവുക . കാത്തിരിക്കുക തന്നെ . ഇനി അപ്പാപ്പന്റെ ഓരോ ചലനത്തിന് പിന്നിലും നിഴലു പോലെ താനും ഉണ്ടാകും . അവൻ തീരുമാനിച്ചുറപ്പിച്ചു.
തിരിച്ചു വന്നു എള്ളെണ്ണയില്‍ കുളിച്ചു കിടക്കും മുന്‍പേ , കല്ലടിക്കോട് തറവാട്ടിലെ മൂത്തക്കാര്‍ന്നവര്‍ ഒന്ന് ചിരിച്ചു . പിന്നെ മച്ചിലോട്ടു നോക്കി ഒന്നമര്‍ത്തി മൂളി .കണ്ണുകളടച്ചു . തുടര്‍ന്ന് എല്ലാം സാധാരണമായി . കാറ്റ് വീശി .ചീവീടുകള്‍ ചിലച്ചു തുടങ്ങി . എവിടെ നിന്നോ ഒരു കൂമന്‍ തന്റെ ഇണയെ വിളിച്ചു തുടങ്ങി . കറുത്ത കറുത്ത മേഘങ്ങളിൽ നിന്നും പൂർണ ചന്ദ്രൻ തല നീട്ടി പുറത്ത് വന്നു. കല്ലടിക്കോട് തറവാടിനെ പാൽനിലാവ് മൂടി.
**********######***************----*******
പിറ്റേ ദിവസമാണ് ജോർജിന് സ്റ്റീവിനെ ഓർമ്മ വരുന്നത് അയാളുടെ ഭ്രാന്തൻ വർത്തമാനവും.. പറയുന്ന കാര്യങ്ങൾക്കു ഒന്നും തന്നെ കൃത്യതയില്ല. ഇടയ്ക്കു ആലോചിച്ചും നിർത്തിയുമുള്ള സംസാരം. ഇടയ്ക്കു അടഞ്ഞു പോകുന്ന കണ്ണുകൾ.. എല്ലാം കൂടി നോക്കുമ്പോൾ അയാളുടെ കഥകൾ പോലെ തന്നെ മറ്റൊരു വട്ട് എന്ന് മാത്രമേ അപ്പോൾ ജോർജിന് തോന്നിയുള്ളൂ. ഇനി അതിൽ വല്യ കാര്യവുമുണ്ടോ....
മുന്നിലിരിക്കുന്ന ബെല്ലിൽ കൈയ്യമർത്തി റൈറ്ററെ വിളിക്കാൻ പറയുമ്പോൾ അന്നു സ്റ്റീവ് പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു ജോർജ്.. ഹാഫ് ഡോറിനു വെളിയിലേക്കു ആദ്യം വന്നത് റൈറ്റർ രതീഷിന്റെ വയറാണ്....
ജോർജിന് ചിരിയാണ് വന്നത്. നല്ല തമിഴ് നാടൻ കുമ്പളങ്ങയാണ് അയാളെ കാണുമ്പോൾ ജോർജിന് ഓർമ്മ വരുന്നത്....
" എടോ തനിക്കീ വയറൊക്കെ ഒന്ന് കുറച്ചൂടെ... " ഇരിയ്ക്കാൻ കൈ കൊണ്ട് ആംഗ്യം കാട്ടി ചിരിച്ചു കൊണ്ടാണ് ജോർജ് ചോദിച്ചത്....
"കളിയ്ക്കാൻ പോകുന്നുണ്ട് സർ.. "
"ആഹാ.. കൊള്ളാലോ.. എവിടാടോ..പുതിയ കളിസ്ഥലം എന്നോട് കൂടി പറ... " ജോർജ് ഗൂഢമായി ഒന്ന് ചിരിച്ചു
"അതല്ല സർ ജിമ്മിൽ... "
"ആഹ് അങ്ങനെ പറ.. അതു പോട്ടെ.. എടോ ആ സ്റ്റീവിന്നലെ പരാതി തന്നിട്ടാണോ പോയത്... "
"ഏതു സ്റ്റീവാണ് സർ.. "
രതീഷ് തല ചൊറിഞ്ഞു..
"എടോ ഇന്നലെ വന്നില്ലേ.. ആ എഴുത്തുകാരൻ.. ഒരുതരം വട്ടെഴുത്തുകൾ ഒക്കെ എഴുതുന്നെ... "
രതീഷ് ഒന്നൂടി ആലോചിച്ചു നോക്കി.
" സർ പറഞ്ഞ ആളെ മനസ്സിലായി.. പക്ഷെ അയാൾ ഇന്നിലെ ഇവിടെ വന്നിട്ടില്ലല്ലോ സർ... എന്റെ അടുത്തും വന്നിട്ടില്ല.... "
ജോർജിന് പതുക്കെ ദേഷ്യം വന്നു തുടങ്ങി....
"താനൊക്കെ ഏതു.. കോത്താഴത്തെ പോലീസുകാരനാടോ... താനാ പാറാവിനെ ഇങ്ങു വിളി "
പിന്നീട് ജോർജിനെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടന്നത്.. ആ സ്റ്റേഷനിൽ ജോർജ് ഒഴികെ വേറെ ആരും സ്റ്റീവിനെ കണ്ടിട്ടേയില്ലാ.. സി സി ടീവിയിലും അങ്ങനെ ഒരാൾ വന്നതായി കാണുന്നില്ല.എല്ലാവരെയും പറഞ്ഞു വിട്ടു തന്റെ ക്യാബിനിൽ അസ്വസ്ഥനായി അയാളിരുന്നു. കണ്ണുകൾ അടച്ചു.. രണ്ടു കൈകളും നെറ്റിയുടെ ഇരു വശങ്ങളിലും ചേർത്ത് വെച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതൽ രാത്രി വരെയുള്ള എല്ലാ സംഭവങ്ങളും ഓർമ്മിച്ചെടുത്തു. സ്റ്റീവ് അവിടെ ഉണ്ട്.. സ്റ്റീവ് ഇല്ലാതെ ഇന്നലത്തെ തന്റെ ദിവസം പൂർണമാകില്ല.എന്നാൽ താൻ അല്ലാതെ വേറെ ആരും അയാളെ കണ്ടിട്ടും ഇല്ലാ... ജോർജിന്റെ തല വിയർക്കാൻ തുടങ്ങി. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പു തുള്ളി കൃതാവിലൂടെ താഴേക്കൊഴുകി...
അങ്ങനെ തന്നെ മണ്ടനാക്കി ഒരു മറ്റേടത്തെ എഴുത്തുകാരനും ആളാകേണ്ട.. "ആ നാറിയെ പറ്റിയുള്ള ഫുൾ ഡീറ്റെയിൽസ് രണ്ടു ദിവസത്തിനുള്ളിൽ ഞാൻ പൊക്കിയിരിക്കും... " പല്ല് ഞെരിച്ചു ആരോടെന്നില്ലാതെയാണ് അയാൾ അത്രയും പറഞ്ഞത്. അയാൾ തന്റെ ലാപ്ടോപ് ഓൺ ചെയ്തു..
******----*******-*********
രാവിലെ എണീറ്റത് മുതൽ സ്റ്റീവ് ആടി തൂങ്ങിയിരിക്കുകയാണ്. മനസ്സിൽ നിന്നും അയാളുടെ രൂപം മഞ്ഞു പോകുന്നതേ ഇല്ലാ.. ഏതു നിഗൂഢതയിൽ നിന്നുമാണ് അയാൾ തന്നെ തേടിയെത്തിയിരിക്കിന്നതു. കണ്ടു പിടിച്ചേ മതിയാകൂ.. പോലീസിനെ കൂട്ട് പിടിക്കുന്നത് അപകടമാണ്. ഇനി ഇപ്പോൾ പഴയ കാലത്തേയ്ക്ക് ഒരു തിരിച്ചു പോക്ക് ആവശ്യമെങ്കിൽ പോയേ ഒക്കൂ.. ഭൂതകാലത്തിൽ നിന്നും തേടി പിടിച്ചു വന്നവൻ ആണെങ്കിൽ നാട്ടിലേക്കു പോകേണ്ടി വരും.. നാടിനെ പറ്റി ഓർത്തതും സ്റ്റീവിന്റെ മുഖം വലിഞ്ഞു മുറുകി..
പെട്ടെന്ന് പെൻസിലും പേപ്പറുമെടുത്തു അയാളുടെ രൂപം വരയ്ക്കുമ്പോൾ അയാൾ മറ്റേതോ ലോകത്തായിരുന്നു. വര പൂർണമാക്കി അയാൾ ആ ചിത്രം നോക്കി കുറേ അധിക സമയം നിന്നു. അതെ ഇവൻ തന്നെയാണിത്.
ഫോൺ എടുത്തു. ക്രൈംഫയൽ ജോസിനെ വിളിച്ചു. ഒറ്റ റിങ്ങിൽ അവൻ ഫോണെടുത്തു...
"എവിടാടോ.... "
"ഞാൻ നമ്മുടെ രജനിടെ അടുത്തുണ്ട് ഭായ്... ന്താണ് ഇപ്പോൾ ഒരു വിളി.. പുതിയ സാധനം വല്ലോം കിട്ടിയോ "
രജനി അന്നാട്ടിലെ അറിയപ്പെടുന്ന ഒരു കേസുകെട്ടാണ്. രാജേഷിന്റെ സ്വന്തം പ്രസ്ഥാനമാണ് ക്രൈംഫയൽ.. സംഗതി ഒരു മഞ്ഞപുസ്തകം ലൈൻ ആണെങ്കിലും അന്നാട്ടിലെ ഒരു വിധം ക്രിമിനലുകളും രാഷ്ട്രീയക്കാരും മുതലാളിമാരും തൊട്ട് നക്ഷത്ര വേശ്യകൾ വരെയായി നല്ല ബന്ധമാണ് രാജേഷിന് . ഒരാളെ തറയാക്കി നശിപ്പിക്കാൻ വളരെ ഈസിയായി കഴിയുന്ന ഒരാൾ വേറെ ഇല്ല എന്ന് തന്നെ പറയാം .. രഹസ്യമായെങ്കിലും ഈ ക്രൈം ഫയൽ വായിക്കാത്തവർ നന്നേ കുറവ്. നല്ല സർക്കുലേഷനാണ് ക്രൈം ഫയലിന്.. സാധാരണ ഏതേലും വിദേശി ഐറ്റം കിട്ടുമ്പോൾ കമ്പിനിക്ക് അവനെയാണ് വിളിക്കാറ്..
" അതൊന്നുമല്ലെടോ.. എനിക്കൊരു സഹായം വേണം.. ഞാനൊരു സ്കെച്ച്‌ മെയിൽ ചെയ്യാം.. ഇയാളതൊന്നു നോക്കു.. ആളെ വല്ല പരിചയോം ഉണ്ടോന്നു... "
"അത്രേ ഉള്ളൂ.... ഭായ് അയയ്ക്കു ഭായ്... പിന്നെ സാധനം ഒന്നുമില്ലേ.... "
സ്റ്റീവ് ഫോൺ വെച്ചു. സിസ്റ്റം ഓണാക്കി. വരച്ച ചിത്രം രാജേഷിനു മെയിൽ ചെയ്തു.
അൽപ സമയം കണ്ണടച്ചിരുന്നു. പിന്നെ എന്തൊക്കയോ ആലോചിച്ചു കൊണ്ട് നഗരത്തിന്റെ തിരക്കിലേക്ക് തുറക്കുന്ന ജനാല തുറന്നിട്ട്‌. തിരക്ക് പിടിച്ചു വരുന്ന തെരുവോരകാഴ്ചകളിൽ ദൃഷ്ടി പായിച്ചു. തെന്നി നടന്ന കണ്ണുകൾ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.......
( തുടരും )
എബിൻ മാത്യു കൂത്താട്ടുകുളം.
പ്രസിദ്ധീകരിച്ച എല്ലാ ഭാഗങ്ങളും വായിക്കാൻ - https://goo.gl/F3CGy8

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot