നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 17



അദ്ധ്യായം പതിനേഴ്
മുകുന്ദൻ മുതലാളി രാവിലെ തന്നെ എഴുനേറ്റു. ഇന്ന് ചിത്രമോൾ ലണ്ടനിൽ നിന്നും വരുന്ന ദിവസമാണ്.
ആകെ നാല്പത്തഞ്ചുദിവസത്തെ അവധി മാത്രമേ ചിത്രമോൾക്കുള്ളൂ. അതിനിടയിൽ എന്തെല്ലാം കാര്യങ്ങൾ...
പെണ്ണുകാണാൻ ചെറുക്കൻ വരും..
ചെറുക്കന്റെ വീടുകാണാൻ കാണുവാൻ പോകണം....കല്യാണ നിശ്ചയം...കല്യാണം .
എല്ലാം ഈ നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ നടത്തണം..
പണം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? എല്ലാത്തിനും താൻ തന്നെ ഓടണം...മുകുന്ദൻ മുതലാളി നെടുവീർപ്പിട്ടു....
ഏതായാലും ലണ്ടനിൽ തന്നെ ജോലിയുള്ള ഒരു ചെറുക്കനെ ഒത്തുകിട്ടിയതു തന്നെ നല്ലകാര്യം.
അയാൾ മനസ്സിലോർത്തു
തന്റെ ഏറ്റവും പുതിയ ഓഡി കാറിൽ മുകുന്ദൻ മുതലാളി എയർപോർട്ടിലേക്കു യാത്ര തിരിച്ചു.
ഓഡി കാറിൽ നെടുമ്പാശ്ശേറോയിലേക്കു യാത്ര ചെയ്യുമ്പോൾ അയാൾക്ക്‌ തന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തപ്പോൾ ശരിക്കും ചിരിയാണ് വന്നത്.
വെറും കൂലിപ്പണിക്കാരനായ താൻ ഇപ്പോൾ കോടീശ്വരൻ ആയിരിക്കുന്നു...ദൈവത്തിന്റെ ഓരോ വികൃതികൾ അല്ലാതെ എന്തുപറയുവാനാണ്? ചെല്ലപ്പൻ മാഷിന്റെ അകന്ന ബന്ധം ആയതുകൊണ്ടാണ് താൻ റെവല്യൂഷനറി പാർട്ടിയിൽ ചേർന്നത് തന്നെ...പഞ്ചായത്ത്‌ ഇലെക്ഷനിൽ തന്നെ ബലമായിപ്പിടിച്ചു നിർത്തിയതാണ്....
ഇലെക്ഷനിൽ തോറ്റു എങ്കിലും താൻ മെമ്പർ മുകുന്ദൻ എന്ന് അറിയപ്പെട്ടു.
മണ്ടൻ രാഹുൽ മന്ത്രിയായതോടെ തന്റെ ശുക്രദശ തെളിഞ്ഞു. ജയന്തിയുടെ ഷെയർ, ചെല്ലപ്പൻ മാഷിന്റെ ഷെയർ, ജിഷ്ണുവിന്റെ ഷെയർ എന്നെല്ലാം പറഞ്ഞപ്പോൾ ആ മണ്ടൻ വിശ്വസിച്ചു....വിദ്യാഭാസം ഉണ്ടെന്ന് പറഞ്ഞിട്ട് എന്തു കാര്യം? ജീവിക്കാനറിയില്ലാത്ത കഴുത...
കൃത്യ സമയത്ത് തന്നെ വിമാനം എത്തിച്ചേർന്നു.
ചിത്രമോളെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ തുള്ളിച്ചാടി.
പഠിക്കുവാൻ മിടുക്കി ആയിരുന്നെങ്കിലും പ്രീഡിഗ്രി കഴിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ ചിത്രമോൾ വിഷമിച്ചിരിക്കുന്ന സമയത്താണ് രാഹുൽ തന്റെ വീട്ടിലേക്ക് കയറി വരുന്നത്......പണം അയാൾ തന്നെങ്കിലും താൻ ആരംഭിച്ച ബിസ്സിനെസ്സ് ഭാഗ്യം കൊണ്ട് ലാഭമായി....ചിത്രമോൾ ലണ്ടന് പോയതോടെ തനിക്ക് പണം വരുന്ന വഴികളെക്കുറിച്ചു ചിന്തിച്ചു തലപുണ്ണാക്കുന്നവർ നിശബ്ദരായി തീർന്നു.
ഇപ്പോൾ ഒരു അഞ്ചു കോടിയുടെ ആസ്ഥിയെങ്കിലും തനിക്കുണ്ട്.....അതിനിടയ്ക്കാണ് ആ മണ്ടൻ വന്നു പണം തിരിച്ചു ചോദിച്ചത്...
തന്റെ വിരട്ടലിൽ അയാൾ വീണു...ഇതുപോലെയുള്ള പൊട്ടന്മാർ ഉള്ളത് തന്റെ ഭാഗ്യം!!!
കൂലിപ്പണിക്കാരനായ മുകുന്ദൻ ചേട്ടൻ അങ്ങിനെ മുകുന്ദൻ മുതലാളി ആയി മാറി.
ജയന്തിയും ചെല്ലപ്പൻ മാഷും അവരുടെ വീതം കണക്കു പറഞ്ഞു തന്നെ തിരിച്ചു മേടിച്ചു..
രാഹുലിന്റെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിൽ തന്നെ തട്ടിക്കളഞ്ഞേനെ....!!!
മുകുന്ദന്റെ ചുണ്ടിൽ ഊറിയ പുഞ്ചിരി വിരിഞ്ഞു....
എയർപ്പോർട്ടിൽ നിന്നും തിരിച്ചുപോരുമ്പോൾ ചിത്രയെ തികച്ചും ദുഃഖിതയായി കാണപ്പെട്ടു.
"എന്തു പറ്റി...മോളെ? മുകുന്ദൻ ചോദിച്ചു.
"ഒന്നുമില്ല....ചെറിയ ഒരു തലവേദന" അവൾ പറഞ്ഞു
"മുതലാളീ.... കുറെ ബൈക്കുകകൾ നമ്മുടെ പുറകെ തന്നെ വരുവാൻ തുടങ്ങിയിട്ട് കുറെ നേരമായി...." ഉണ്ടയാണെങ്കിലും ഗുണ്ടയെന്ന് സ്വയം പറയുന്ന ജോസ് പറഞ്ഞു.
മുകുന്ദൻ മുതലാളി തിരിഞ്ഞു നോക്കി...
ശരിയാണ്‌ കാറിന്റെ പിറകിൽ കുറെ കോമാളിപ്പിള്ളേർ ബൈക്കിൽ വരുന്നുണ്ട്....മുടി നീട്ടിവളർത്തിയതും...മൊട്ടയടിച്ചതും..
താടി നീട്ടിയതും....മീശയില്ലാതെ താടി മാത്രമുള്ളതും എല്ലാം അതിലുണ്ട്...എല്ലാവനും കണ്ണിൽ കൂളിംഗ് ഗ്ലാസ് ഫിറ്റുചെയ്തിട്ടുണ്ട്!!!
"ഇവന്മാർ എവിടെ പോവുകയാണ്?
വൃത്തികെട്ടവൻ മാർ" മുകുന്ദന് അത്തരം വേഷങ്ങൾ കണ്ടുകൂടാ.....
"മുതലാളി....അതാണ് ന്യൂജെൻ...." ജോസ് പറഞ്ഞു.
ബൈക്കുകൾ മുന്നോട്ട് വന്നു..
ഇപ്പോൾ മുകുന്ദന്റെ കാറിന്റെ മുൻപിൽ രണ്ടു ബൈക്കുകൾ സൈഡുകളിൽ രണ്ടെണ്ണം വീതംപിറകിൽ രണ്ടെണ്ണം....അവ കാറിന്റെ അതേ സ്പീഡിൽ ഓടിക്കൊണ്ടിരുന്നു.
"ഇവന്മാർ കാരണം നമ്മൾ വീട്ടിൽ എത്തുന്നത് താമസിക്കുമെന്നാണ് തോന്നുന്നത്."
ഡ്രൈവർ പറഞ്ഞു.
"ഹോണടിച്ചു മുന്നോട്ട് പോകുവാൻ നോക്കടാ"
മുകുന്ദൻ പറഞ്ഞു......
ട്രാഫിക് തീരെയില്ലാത്ത സ്ഥലത്തുകൂടിയായിരുന്നു കാർ ഓടിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് മുന്നിൽ പോകുന്ന ബൈക്കുകൾ നിർത്തിയത്....കാറിന്റെ ഡ്രൈവർ മിടുക്കനായതുകൊണ്ടു ബൈക്കുകളൊന്നിൽ ചെറുതായി ഉരഞ്ഞു കൊണ്ട് കാർ നിന്നു.
ബൈക്കുകൾ എല്ലാം കാറിൽ ഉറഞ്ഞുകൊണ്ടു ത്തന്നെ നിന്നു.
മുകുന്ദൻ മുതലാളിയും ജോസും വണ്ടിയിൽ നിന്നും ചാടിയിറങ്ങി.....
"വൃത്തികെട്ടവൻ മാരെ....എന്റെ കാറ് നിങ്ങൾ നശിപ്പിച്ചു." മുകുന്ദൻ പറഞ്ഞു.
ന്യൂജെൻ ഒന്നും പറഞ്ഞില്ല..
"ജോസേ..അടിയെടാ...ഇവൻമാരെ.."
ജോസ് പതുക്കെ പുറകോട്ടു മാറി....ന്യൂജെനിൽ തലമുടി നീട്ടിവളർത്തി പിറകിൽ കെട്ടിവെച്ച ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി മുകന്ദന്റെ അടുത്തേക്ക് വന്നു.
"ചേട്ടാ...പ്രശ്‍നം ഉണ്ടാക്കരുത്....മറ്റു വണ്ടികൾ പൊയ്ക്കോട്ടേ....നമുക്ക് സൈഡിലേക്ക് മാറി നിന്ന് സംസാരിക്കാം" അയാൾ പറഞ്ഞു. കാറിനുള്ളിലേക്കു നോക്കി അയാൾ തുടർന്നു.
"പെങ്ങളും പുറത്തേക്ക് ഇറങ്ങി വരണം?"
"അതിന്റെ ആവശ്യമില്ല...ഞാൻ പോലീസിനെ വിളിക്കും"മുകുന്ദൻ കലിതുള്ളി...
പിറകിൽ വന്ന രണ്ടുബൈക്കുകാർ മുകുന്ദന്റെ അടുത്തേക്ക് വന്നു.
"അത് വേണോ? പ്രശ്‍നം നമുക്ക് രമ്യമായി പരിഹരിക്കാം..ആദ്യം വണ്ടി ഒതുക്കിയിടുവാൻ നോക്ക് ചേട്ടാ.." അതിൽ ഒരുവൻ പറഞ്ഞു.
"മുതലാളി...ഇവന്മാർ പിശകാണെന്നാണ് തോന്നുന്നത്......എന്തെങ്കിലും കിട്ടുന്നത് വാങ്ങിച്ചു പോകുന്നതാണ് നമുക്ക് നല്ലത്" ഉണ്ട ജോസ് മുകുന്ദന്റെ ചെവിയിൽ പറഞ്ഞു.
ഡ്രൈവർ വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കിയിട്ടു...കൗതുകം തോന്നിയ ചിത്രയും കാറിന്റെ പുറത്തിറങ്ങി.
മുകുന്ദൻ കാറിന്റെ ചുറ്റിനും നടന്നു നോക്കി..പല സ്ഥലത്തും ഉരഞ്ഞതിന്റ പാടുകൾ!!!
അയാൾക്ക്‌ വല്ലാത്ത വിഷമം തോന്നി...
"ഇതു സാരമില്ല..... പെയിന്റടിച്ചാൽ മതി..നമുക്ക് പോകാം"ചിത്ര പറഞ്ഞു.
"ഇത് അങ്ങിനെ വിട്ടാൽ പറ്റില്ല...മുകുന്ദൻ ആരാണെന്ന് ഇവൻമാർക്ക് അറിയാൻ പാടില്ല..നീ അങ്ങ് മാറിക്കോ" മുകുന്ദൻ മുന്നോട്ട് നടന്നു.
ബഹളം കേട്ട് ചുറ്റിനും ആളുകൾ കൂടി. അതുകണ്ടപ്പോൾ മുകുന്ദൻറെ ആവേശം ഇരട്ടിയായി.....
"ഇരുപത്തി അയ്യായിരം രൂപ എന്റെ കാറിന്റെ പെയിന്റടുന്നതിനായി തന്നിട്ട് നിങ്ങൾ പോയാൽ മതി" മുകുന്ദൻ പറഞ്ഞു.
"ചേട്ടന്റെ കാറോ? ഇതെങ്ങിനെ ചേട്ടന്റ കാർ ആകുന്നത്?" ന്യൂജെനിൽ ഒരാൾ ചോദിച്ചു.
"ഇത് മന്ത്രി രാഹുൽ സാറിന്റെ കാർ അല്ലേ?" മറ്റൊരാൾ ചോദിച്ചു.
"അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.."
മുകുന്ദൻ പറഞ്ഞു...
"കൂലിപ്പണിക്കാരനായിരുന്ന താൻ എങ്ങിനെ ഓഡിക്കാർ വാങ്ങിച്ചു?" അതിൽ ഒരാൾ പറഞ്ഞു.
"എന്റെ മോൾ ലണ്ടിനിലാണ്...." മുകുന്ദൻ പറഞ്ഞു......
"ലണ്ടനിൽ എന്താ മാസം ഒരുകോടി രൂപ ശമ്പളം ഉണ്ടോ തന്റെ മോൾക്ക്"അടുത്തവൻ ചോദിച്ചു.
കാര്യം പന്തിയല്ലെന്ന് കണ്ടപ്പോൾ മുകുന്ദന് വെപ്രാളമായി. ...എങ്ങിനെയെങ്കിലും അവിടെ നിന്ന് തടിയൂരിയാൽ മതി എന്ന് അയാൾക്ക്‌
തോന്നി.
വാ...മോളെ നമുക്ക് പോകാം...ഇവന്മാരോട് പറഞ്ഞിട്ടു കാര്യമില്ല....പോയത് പോയി.."
മുകുന്ദൻ പറഞ്ഞു...
"അങ്ങിനെയങ്ങു പോയാലോ? മീശയില്ലാതെ താടി നീട്ടിയവൻ ചിത്രയുടെ അടുത്തെത്തി..
"നീയാണോ ഇയാളുടെ മകൾ ലണ്ടൻകാരി? നിന്റെ പേര് പറഞ്ഞു ഇയാൾ ഒരു പാവം മനുഷ്യനെ ചതിച്ചു സമ്പാദിച്ച പണം കൊണ്ട് ഇന്ന് വലിയ ബിസ്സിനെസ്സ് സാമ്രാട്ടായിരിക്കുകയാണ് " അയാൾ പറഞ്ഞു.
"എന്റെ അച്ഛൻ അങ്ങിനെയൊന്നുംചെയ്യുകയില്ല" ചിത്ര പറഞ്ഞു.
"കാർ ഞങ്ങൾ പൈന്റടിച്ചു തന്നുകൊള്ളാം..
പക്ഷെ നിന്നെ ഈ വിവരം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളെ ഫോള്ളോ ചെയ്തത്...
വീട്ടിൽ വന്നു പറയാമെന്നു വെച്ചാൽ മുകുന്ദൻ മുതലാളിയുടെ വീട്ടിൽ പട്ടികളും ഗുണ്ടകളും വിളയാടുകയല്ലേ?" അയാൾ പറഞ്ഞു.
"നിങ്ങൾ ആരാണ്?' ചിത്ര ചോദിച്ചു.
"ഞങ്ങളാണ് ചതിക്കപ്പെട്ട ആ പാവം മനുഷ്യന്റെ ചങ്കു ബ്രോസ്" അതും പറഞ്ഞു അയാൾ ബൈക്കിൽ കയറി സ്റ്റാർട്ടാക്കി.
അവർ എല്ലാവരും ബൈക്ക് സ്റ്റാർട്ട് ചെയ്തു വന്നവഴിക്കു തന്നെ തിരിച്ചുപോയി.
"അവർ പറയുന്നതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ അച്ഛാ" വീട്ടിലേക്കുള്ള യാത്രയിൽ ചിത്ര ചോദിച്ചു.
"ഒരു കാര്യവുമില്ല ...അയാൾ കൈക്കൂലി വാങ്ങിച്ചു പണമുണ്ടാക്കി. അയാൾക്കെതിരെ അന്വേഷണം വന്നതുകൊണ്ട് ആ പണം മുതലാളിയെ ഏൽപ്പിച്ചു.അത്രയേ ഉളളൂ കാര്യം"
ഉണ്ട ജോസ് പറഞ്ഞു. മുകുന്ദൻ ജോസിനെ രൂക്ഷമായി നോക്കി.
"എന്നിട്ട് രാഹുൽ സാർ തന്ന പണം അച്ഛൻ തിരിച്ചേൽപ്പിച്ചോ?" ചിത്ര ചോദിച്ചു.
മുകുന്ദൻ ഒന്നും പറഞ്ഞില്ല.
"അച്ഛൻ എന്താണ് ഒന്നും പറയാത്തത്?" ചിത്ര ചോദിച്ചു.
"എന്റെ മോൾ ഇപ്പോൾ അതൊന്നും ചിന്തിക്കേണ്ട.....കല്യാണത്തിന്റെ കാര്യം മാത്രം ആലോചിച്ചാൽ മതി"മുകുന്ദൻ പറഞ്ഞു.
പിന്നീട് സിറ്റിയിൽ എത്തുന്നത്‌ വരെ ആരും ഒന്നും മിണ്ടിയില്ല....
സിറ്റിയിൽ ബസ്‌സ്റ്റാന്റിനടുത്ത് എത്തിയപ്പോൾ ചിത്രക്ക് മസാലദോശ തിന്നണം...
അവൾ ആര്യാസ് ചൂണ്ടിക്കാണിച്ചു മുകുന്ദനോട് തന്റെ ആവശ്യം പറഞ്ഞു.
"നമുക്ക് കുറച്ചുകൂടി മാറി ഒരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ട്...അവിടെ കേറിയാൽ മതി...."
മുകുന്ദൻ പറഞ്ഞു.
"ശരിയാ...ആ ഭ്രാന്തൻ അവിടെ നിൽക്കുന്നുണ്ടാവും...
അവനെ മുതലാളിക്ക് ഇഷ്ടമല്ല"
ജോസ് പറഞ്ഞു.
"ആരുടെ കാര്യമാണ് പറയുന്നത്?" ചിത്ര ചോദിച്ചു.
"ആ രാഹുൽ....മുൻ മന്ത്രി...ഓരോ ആളുകളുടെ ഓരോ വിധി അല്ലാതെ എന്തു പറയാൻ?" ജോസ് ഉറക്കെ ചിരിച്ചു.
ചിത്ര മുകുന്ദനെ രൂക്ഷമായി നോക്കി....അയാൾ പുറത്തേക്ക് നോക്കി തന്നെ ഇരുന്നു.
വെജിറ്റേറിയൻ റെസ്റ്റോറന്റ് കണ്ടപ്പോൾ മുകുന്ദൻ പറഞ്ഞു.
"കാർ നിർത്ത് ..,.നമുക്ക് കാപ്പി കുടിച്ചിട്ട് പോകാം.മോൾക്ക് വിശക്കുന്നുണ്ടാവും"
"എന്റെ വിശപ്പ്‌ പോയി... ഞാൻ വീട്ടിൽ ചെന്നു എന്തെങ്കിലും കഴിച്ചുകൊള്ളാം" ചിത്ര പറഞ്ഞു.
വീട്ടിൽ ചെല്ലുന്നതു വരെ ചിത്ര നിശബ്ദയായി ഇരുന്നു.
അവൾ വീട്ടിൽ ചെന്നയുടനെ മുകുന്ദനോട് പറഞ്ഞു.
"അച്ഛനോട് എനിക്ക് കുറച്ച് സംസാരിക്കുവാനുണ്ട്"
അവൾ അയാളെ അവളുടെ മുറിയിലേക്ക് വിളിച്ചു.
"എന്താണ് സംസാരിക്കുവാനുള്ളത്?" മുകുന്ദൻ ചോദിച്ചു.
" അച്ഛൻ ആ രാഹുൽ സാറിന്റെ പണം തിരിച്ചു കൊടുക്കണം" ചിത്ര പറഞ്ഞു.
"ഞാൻ അയാൾക്ക്‌ ഒന്നും കൊടുക്കവാനില്ല.."
മുകുന്ദൻ പറഞ്ഞു. ചിത്ര അയാളുടെ അടുക്കൽ എത്തി..അവൾ അയാളുടെ കൈയ്യിൽപിടിച്ചുകൊണ്ടു പറഞ്ഞു.
"അച്ഛാ...ഞാൻ ലണ്ടന് പോയത് രാഹുൽ സാറിന്റെ പണം കൊണ്ടല്ലേ? ഞാൻ വിവാഹം കഴിക്കുന്ന ശ്യാമിനും നല്ല ശമ്പളമുണ്ട്...
അച്ഛനെ ഞങ്ങൾ ഉടനെ തന്നെ ലണ്ടന് കൊണ്ടുപോകും" ചിത്ര പറഞ്ഞു.
"ഈ ബിസ്സിനെസെല്ലാം വിട്ടിട്ട് ഞാൻ എങ്ങും വരുന്നില്ല"മുകുന്ദൻ പറഞ്ഞു.
"അപ്പോൾ അച്ഛൻ രാഹുൽ സാറിന്റെ പണം മടക്കി കൊടുക്കില്ലേ?ചിത്ര ചോദിച്ചു.
"നീ മണ്ടത്തരം പറയാതെ..കോടിക്കണക്കിനു രൂപ ഞാൻ അയാൾക്ക് തിരിച്ചു കൊടുക്കാനോ?"
മുകുന്ദൻ ചോദിച്ചു.
"അച്ഛാ എത്രയായാലും അത് കടം തന്നെയാണ്..ഞാൻ അലോച്ചിക്കുകയായിരുന്നു, എന്താണ് എന്നെ അസുഖങ്ങൾ വിട്ടു മാറാത്തതെന്ന്? രാഹുൽ സാറിന്റെ ശാപം നമ്മളെ വിട്ടുമാറാതെ പിടികൂടിയിട്ടുണ്ട്" ചിത്ര പറഞ്ഞു.
"മോളെ നീ പറയുന്നത്......" മുകുന്ദൻ ചോദിച്ചു.
"നമ്മുടെ കഷ്ടപ്പാടിൽ നമ്മളെ സഹായിച്ച ദൈവമാണ് ആ മനുഷ്യൻ...
അദ്ദേഹത്തിന്റെ കണ്ണുനീർ വീണാൽ എല്ലാം ഒലിച്ചുപോകുവാൻ സെക്കൻഡുകൾ മതി"
ചിത്ര പറഞ്ഞു...അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
മുകുന്ദൻ ഒരു നിമിഷം ആലോചിച്ചു..
"ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?" അയാൾ ചോദിച്ചു.
"അച്ഛൻ ഇന്നുതന്നെ രാഹുൽ സാറിനെ പോയിക്കാണണം....അദ്ദേഹത്തിന്റെ സ്വത്ത് തിരിച്ചു കൊടുക്കണം" അവൾ പറഞ്ഞു. മുകുന്ദൻ അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു.
"അച്ഛൻ അത് ചെയ്തില്ലെങ്കിൽ....എന്നെ ഒരിക്കലും അച്ഛൻ ഇനി കാണുകയില്ല" അവളുടെ സ്വരത്തിലെ ദൃഢത അയാൾ തിരിച്ചറിഞ്ഞു
അന്ന് വൈകുന്നേരം ചിത്ര മുകുന്ദനെയും കൂട്ടി
സിഗ്നലിന്റെ സമീപം എത്തിച്ചേർന്നു..അവർ രാഹുലിനെയും കാത്ത് കുറേനേരം അവിടെ നിന്നു.
"നിങ്ങൾ ആരെയാണ് നോക്കുന്നത്?" പഴക്കച്ചവടക്കാരൻ ചോദിച്ചു.
"രാഹുൽ സാറ് ഇന്നിവിടെ വന്നില്ലേ?" ചിത്ര ചോദിച്ചു.
"അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ?ഇന്നലെ അയാളെ കുറച്ചുപേർ തട്ടിക്കൊണ്ടു പോയി.
മന്ത്രി ആയിരുന്ന ആളല്ലേ? ശത്രുക്കൾ ഒരുപാട് കാണും...." അയാൾ പറഞ്ഞു. ചിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നിങ്ങൾ പറയുന്നത് നേരാണോ?ആരും പോലീസിൽ അറിയിച്ചില്ലേ?" മുകുന്ദൻ ചോദിച്ചു.
"പോലീസിൽ അറിയിച്ചിട്ടുണ്ട്....അതുകൊണ്ട് എന്തു കാര്യം? രണ്ടു ദിവസത്തിനുള്ളിൽ കായലിൽ പൊങ്ങിയ ഒരു ശരീരം കണ്ടു എന്ന് പേപ്പറിൽ വായിക്കാം. ഒരു കണക്കിന് അയാൾക്ക്‌ നല്ലത് അതാണ്....ഇങ്ങിനെ നരകിക്കുന്നതിലും നല്ലതല്ലേ? കച്ചവടക്കാരൻ സങ്കടത്തോടെ പറഞ്ഞു.
ചിത്ര ഉച്ചത്തിൽ കരഞ്ഞുകൊണ്ട് കാറിനു സമീപത്തേക്കോടി...
"മോളേ ..,,," മുകുന്ദൻ അവളുടെ പിറകെ ചെന്ന് അവളെ ഉറക്കെ വിളിച്ചു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot