നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്രീരാമൻ ഹനുമാനു കുടമേടിച്ചു കൊടുത്തകഥ.മുനിഞ്ഞു കത്തുന്ന മുട്ടവിളക്കിനു ചുറ്റും പറന്നു നടന്ന വണ്ടു വിളക്കുകെടുത്തുന്നതിൽ വിജയിച്ചു. പുതിയാമoത്തിൻ്റെ പടിഞ്ഞാറെ നീളൻവരാന്തയിൽ ഭിത്തിയിൽ ചാരി,കാലും നീട്ടിയിരുന്ന മുത്തച്ചനും കൊച്ചുമോനും ആകാശത്തിലെ അഞ്ചാറു നക്ഷത്രങ്ങളേയും, അമ്പിളിയമ്മാവനേയും നോക്കിയിരുന്നതിനിടയിൽ പതിവുപോലെ മുത്തച്ഛൻ കഥ പറഞ്ഞുതുടങ്ങി, കൊച്ചുമോന് എന്നും കഥകളി ഷ്ടമായിരുന്നു, അതിനാൽ എന്നത്തേയും പോലെ മുത്തച്ഛനെ ചാരിയിരുന്ന് നല്ലകേൾവിക്കാരനുമായി.
രാമരാവണയുദ്ധത്തിൽ ചിറകെട്ടാൻ സഹായിച്ച അണ്ണാറക്കണ്ണനെ, ശ്രീരാമചന്ദ്രൻ സ്നേഹത്തോടെ തൃക്കൈയ്യിലെടുത്ത് അരുമയോടെ അണ്ണാറക്കണ്ണൻ്റെ മുതുകിൽ മൃദുലമായി തലോടിയതിൽ നിന്നാണ് മൂന്നു വെളുത്ത വരകൾ പിന്നീട് എല്ലാ അണ്ണാറക്കണ്ണന്മാരിലും കാണാൻ തുടങ്ങിയതെന്ന കഥ കേട്ടത് തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ്, അതായത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഏഴാം ക്ലാസ്സ് വരേയുള്ള
സ്കൂൾ പഠനമെല്ലാം അമ്മവീട്ടിൽ നിന്നു കൊണ്ടായിരുന്നു. മുത്തച്ഛൻ അമ്മുമ്മ, രണ്ടമ്മാവന്മാർ എന്നിവർക്കൊപ്പം. അടുത്തടുത്തുള്ള രണ്ടു വീടുകളിലായി രണ്ടു വല്യമ്മമാരും, അവരുടെ മക്കളും താമസിക്കുന്നുണ്ടായിരുന്നു. തൻ്റെ താമസം അവിടത്തെ മൂന്നു വീട്ടുകളിലും കൂടിയായിരുന്നു,
വല്ല്യമ്മമാരുടെ കുട്ടികൾ എല്ലാം വലുതായതിനാൽ
എല്ലാവീട്ടിലേയും കുട്ടിയായി
അവർ തന്നെ സ്നേഹിച്ചു വളർത്തി വലുതാക്കി.
മുത്തച്ഛൻ്റ മനോഹരകഥകൾ
കേട്ടുറാങ്ങാതിരുന്ന രാവുകളെത്ര സുന്ദരങ്ങളായിരുന്നു. രസമുള്ള കഥകളിൽ പുണ്യപുരാണക്കഥകൾ മാത്രമല്ല ബ്രിട്ടീഷ് പട്ടാളത്തിലെ കഥകളും ഉണ്ടായിരുന്നു, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരായിരുന്നവർക്കായി ലെഫ്റ്റ്, റൈറ്റിന് പകരം, ഓലക്കാൽ പൊക്ക്, ശീലക്കാൽ താത്ത് എന്നെല്ലാം ക്ലാസ്സെടുത്ത് പഠിച്ചിച്ചിരുന്നകഥകളെല്ലാം പറഞ്ഞു തന്നത്
നന്നായി ഓർക്കുന്നു. അതുപോലെ അവരുടെ ക്യാമ്പിനോട് ചേർന്നു നിന്നിരുന്ന പപ്പായമരം നിറയെ പഴുത്ത കപ്പങ്ങകൾ ഓറഞ്ച് നിറമാർന്നു കായ്ച്ചു കിടന്നിരുന്നെങ്കിലും ക്യാമ്പിലെ ആരും അതിൽ ഒന്നു പോലും കഴിച്ചിരുന്നില്ല.
കഴിച്ചാൽ പനി വരും എന്നായിരുന്നു അവരുടെ വിശ്വാസം. പനിയ്ക്കാ എന്നായിരുന്നു അവർ കപ്പങ്ങയ്ക്ക് ഇട്ടു കൊടുത്തിരുന്ന പേര്. ക്യാമ്പിൽ ആരുമില്ലാതിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് മുത്തച്ചൻ നന്നായി പഴുത്ത കപ്പങ്ങകൾ കൊണ്ട് സ്വാദിഷ്ടമായ പായസം ഉണ്ടാക്കി അവർ തിരിച്ചു വന്നപ്പോൾ കൊടുത്തെന്നും,
എല്ലാവരും സ്വാദോടെ മൂക്കുമുട്ടെ കഴിച്ചതും എത്ര ഭാവാത്മകതയോടെ, തന്മയത്വത്തോടെ പറഞ്ഞിരുന്നത് മനസ്സിൻ്റെ തിരശ്ശീലയിൽ ഇന്നും മിന്നി മായുന്നു. എല്ലാവരും കഴിച്ചിട്ടും ആർക്കും പനിയൊന്നും വന്നില്ല, പിന്നീട് പപ്പായ കൊണ്ടാണ് പായസം വച്ചത് എല്ലാവരും അറിയുകയും
മുത്തച്ഛനെ കൊണ്ട് ഇടയ്ക്കെല്ലാം പപ്പായപ്പായസം ഉണ്ടാക്കിക്കുമായിരുന്നു എന്ന കഥകളെല്ലാം രസാവഹമായി പറഞ്ഞു തന്നിരുന്നു. എന്നുമെന്നും
പുതിയ പുതിയ കഥകൾ,
മധുരൈമീനാക്ഷിയുടെ കല്യാണം മുടങ്ങിയപ്പോൾ, ദേവി കല്യാണത്തിനു കരുതി വച്ച പല വർണ്ണകുങ്കുമങ്ങൾ തട്ടി തൂവിയെറിഞ്ഞതാണ് കന്യാകുമാരിയിലെ മണൽത്തരികൾക്ക് ഇന്നും പല വർണ്ണങ്ങൾ ലഭിച്ചു വരുന്നതിൻ്റെ പിന്നിലുള്ള
കാരണം, തലയിൽ പൂക്കൾ കുത്താൻ സഹായത്തിന് വച്ചിരുന്ന മുടിപിന്നുകൾ കടലിൽ എറിഞ്ഞ് കളഞ്ഞതാണത്രേ കടലിൽ നിന്ന് കിട്ടുന്ന കന്യാകുമാരി പെൻസിലുകൾ, അന്നെറിഞ്ഞ ആഭരണങ്ങൾ ആണത്രേ ഭംഗിയുള്ള ചിപ്പികളും, ശംഖുകളുമായി പുനർജനിച്ചത്. അങ്ങിനെയങ്ങിനെ
അമൃതം നിറഞ്ഞ കഥകൾ, കഥാമൃതം . പുരാണങ്ങളിൽ നിന്ന്, കണ്ണനും, രാധയും
ശ്രീരാമനും, സീതയും ഹനുമാനും, അണ്ണാറക്കണ്ണനും എല്ലാം ചേർന്ന പല കഥകൾ പറഞ്ഞുതന്നിരുന്നു, അക്കാലത്ത് എനിക്കു കിട്ടിയ മറ്റൊരു കഥയാണ് ശ്രീരാമൻ, ഹനുമാന് കുടമേടിച്ചു കൊടുത്ത കഥ. രാമ രാവണയുദ്ധത്തിൽ സഹായിച്ചതിന്, പോരാത്തതിന് മൃതസഞ്ജീവനി തേടിച്ചെന്ന് മരുത്വാമല ഒന്നിച്ച് പിഴുതു കൊണ്ടുവന്നതിന് ശ്രീരാമൻ
കൊടുത്ത സമ്മാനമൊന്നുമല്ല. അതിലേയ്ക്ക് എത്തണമെങ്കിൽ മറ്റൊരു കഥ പറയണം.
ഇത് മുത്തച്ഛൻ പറഞ്ഞു തന്ന കഥയല്ല. നേരത്തെ പറഞ്ഞ രണ്ടമ്മാവൻമാരിൽ നിന്ന് തുടങ്ങാം. അമ്മാവൻമാരുടെ പേരുകൾ യഥാക്രമം ഭാസ്കരൻ അമ്മാവൻ , ശിവരാമൻ അമ്മാവൻ എന്നിങ്ങനെ ആയിരുന്നു. വിളിയ്ക്കാനുള്ള എളുപ്പത്തിന് ഞാനത് ഭാസ്കരമ്മാൻ, ശിവാരാമ്മൻ
എന്നിങ്ങനെ ഭേദഗതി വരുത്തിയിരുന്നു. പിന്നീട് ചിത്രം സിനിമയിൽ കല്യാണിക്കുട്ടി, അങ്കിളിനേയും വിഷ്ണുവിനെയും ഭക്ഷണം കഴിയ്ക്കാൻ വിളിയ്ക്കുമ്പോൾ താൻ ഇതോർമ്മിക്കാറുണ്ട്, ഭാസ്ക്കരമ്മാ, ശിവരാമ്മാ ഉണ്ണാൻ വന്നോളുട്ടോ എന്ന്
അവരെ ഉണ്ണാൻ വിളിക്കുന്ന
ഡ്യൂട്ടി എന്നും തനിയ്ക്കായിരുന്നല്ലോ. എല്ലാ വീട്ടിലേയ്ക്കും കൂടി ഒറ്റക്കുട്ടിയായതിനാൽ അവർക്കെല്ലാം സ്നേഹിക്കാനും, പിന്നെ ഇടയ്ക്ക് നമ്മുടെ സ്വന്തം കുരുത്തക്കേടിൻ്റെ തീവ്രത കൊണ്ട് അവർക്കെല്ലാവർക്കും ഓടിച്ചിട്ട് തല്ലാനുമായി എൻ്റെ ജീവിതം അങ്ങിനെ സഫലമായിക്കൊണ്ടിരിക്കുന്ന സമയത്തു തന്നേയാണ് ഞാനുമൊരമ്മാവനായത്. മൂത്ത വല്യമ്മയുടെ മൂത്ത മകൾ മൂത്തകുട്ടിയെ പ്രസവിക്കുകയും ഏറ്റവും ഇളയ ആങ്ങളക്കുട്ടിയായ
എന്നെ അമ്മാവനാക്കുകയും ചെയ്തു. എനിക്ക് പിന്നാലെ വന്നവൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് പറഞ്ഞ പോലെ എൻ്റെ ആദ്യ അനന്തിരവൻ ബാബുമോൻ
കുരുത്തക്കേടിലേയ്ക്ക് പിച്ചവച്ചു നടന്നു തുടങ്ങി, കൂടെ കുഞ്ഞുവായിൽ കുഞ്ഞുവർത്താനങ്ങളും, കുഞ്ഞിക്കുസൃതികളും ആയങ്ങിനെ മുന്നോട്ടു പോകുന്നു പക്ഷെ പാതിരാത്രി ഒരു പന്ത്രണ്ടു മണിയാകുമ്പോൾ ചാടി എഴുന്നേറ്റ് വലിയ വായിൽ കരയാൻ തുടങ്ങും. നിച്ച് ജില്ലോളോം, പിക്കറ്റും വേണേന്നും പറഞ്ഞ്. ആദ്യ ദിവസങ്ങളിൽ ആർക്കും മനസ്സിലായില്ല എന്താണീ ജില്ലാ പിക്കറ്റിംഗ് എന്ന്. പിന്നീടാണ് മനസ്സിലായി തുടങ്ങിയത് ജില്ലോളം എന്നാൽ ജീരകവെള്ളം, പിക്കറ്റ് എന്നാൽ നമ്മുടെ ബിസ്ക്കറ്റ് തന്നേ. അങ്ങിനെ അതും കഴിച്ച് നമ്മുടെ ബാബുമോൻ നേരം പുലരും വരേ സുഖസുഷുപ്തിയിൽ
ആയിരിക്കും. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറഞ്ഞ പോലെ എൻ്റെ അമ്മാവന്മാരുടെ പേര് വിളിക്കാനെളുപ്പത്തിൽ ചെറുതാക്കിയതുപോലെ എൻ്റെ അനന്തിരവൻ അനിയമ്മാവൻ എന്ന പേര് ചെറുതാക്കി അനിമ്മാൻ ആക്കി, പിന്നീട് ഇത്തീരിം കൂടെ സുഖത്തിൽ വിളിയ്ക്കാൻ ഹനുമാൻ എന്നാക്കി. അതിനിടയിൽ സ്കൂളുതുറന്നപ്പോൾ ശിവരാമ്മൻ എനിക്ക് കുട വാങ്ങിത്തന്നു. നല്ല ഭംഗിയുള്ള കൊച്ചു കുട. എല്ലാരും കുടയെ പറ്റി പറയുന്നതുകേട്ടപ്പോൾ നമ്മുടെ ബാബുമോൻ്റെ കമൻ്റ് പാട്ടായി പുറത്തു വന്നു
കുടവാങ്ങി കൊടുത്തേ,
കുടവാങ്ങി കൊടുത്തേ
ശ്രീരാമ്മൻ ഹനുമാന്
കുടവാങ്ങിക്കൊടുത്തേ.

By PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot