നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 11


അശ്വതി എന്തുചെയ്യണമെന്നറിയാതെ തരിച്ചിരുന്നുപോയി.
തന്റെ ഉയർച്ചയിൽ അസൂയ ഉള്ളവർ തന്നെപ്പറ്റി അപവാദങ്ങൾ പറയുന്നുണ്ടെന്നു രാഹുൽ പറഞ്ഞകാര്യം അവൾ ഓർത്തു.
എന്നാൽ രാഹുൽ സ്വർണ്ണം പണയം വെച്ചാണ് തിരഞ്ഞെടുപ്പിന് സീറ്റ് തരപ്പെടുത്തിയത് എന്നറിഞ്ഞപ്പോൾ മുതൽ ചെല്ലപ്പൻ മാഷിനെക്കുറിച്ചുള്ള സംശയം അവളുടെ മനസ്സിൽ മുളച്ചു തുടങ്ങിയിരുന്നു.
രാഹുലിന് ജയന്തിയുമായി രഹസ്യബന്ധമുണ്ട് എന്ന് പറഞ്ഞത് മാത്രം വിശ്വസിക്കുവാൻ അവൾക്ക് പ്രയാസം തോന്നി.
സ്ത്രീകളുടെ മുഖത്തുപോലും നോക്കുകയില്ലാത്ത രാഹുലിന്റെ സംസാരത്തിൽപ്പോലും ഒരിക്കലും സ്ത്രീ വിഷയങ്ങൾ കടന്നു വരാറില്ല....തന്നോടും കുഞ്ഞിനോടും ആവശ്യത്തിലധികം സ്നേഹവും വാത്സല്യവും അയാൾ പ്രകടിപ്പിക്കുന്നുമുണ്ട്. ദാമ്പത്യജീവിതത്തിൽ അയാൾ തൃപ്തനാണെന്നാണ് താൻ കരുതുന്നത്....മാത്രമല്ല ജയന്തി വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു സ്ത്രീയാണ്. അവർ തന്നെ വഞ്ചിക്കുമെന്നു താൻ കരുതുന്നില്ല. പൊതുവെ ശാന്തനും ശുദ്ധ ഹൃദയനുമായ രാഹുൽ അവരോട് അടുത്തിടപഴകുന്നത് താൻ
ഇതുവരെ കണ്ടിട്ടുപോലുമില്ല!!!
ആരായിരിക്കും ആ ഫോൺ ചെയ്തത്? ചിലപ്പോൾ രാഹുൽ പറഞ്ഞതുപോലെ അസൂയക്കാർ ആയിരിക്കും. അവൾ സമാധാനിക്കുവാൻ ശ്രമിച്ചു. എങ്കിലും ആ ഫോൺ കാൾ ഒരു കരടായി അവളുടെ മനസ്സിൽ തന്നെ വിശ്രമിക്കുണ്ടായിരുന്നു.
അന്നും പതിവുപോലെ രാഹുൽ വളരെ വൈകിയാണ് മന്ത്രി മന്ദിരത്തിലെത്തിയത്. പരിചാരകർ ഉണ്ടെങ്കിലും അശ്വതി തന്നെയാണ് അന്ന് അയാൾക്ക്‌ ഭക്ഷണം വിളമ്പിക്കൊടുത്ത്.
അയാൾ നിശബ്ദനായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
"ഇന്ന് വൈകുന്നേരം എവിടെയായിരുന്നു പ്രോഗ്രാം?" അവൾ ചോദിച്ചു...
അയാൾ അത്ഭുതത്തിൽ അവളെ നോക്കി.
ഇന്നുവരെ അവൾ ചോദിക്കാത്ത ഒരു ചോദ്യം ആയിരുന്നു അത്....
"തൈക്കാട്.....അല്ല.....പട്ടം..."അയാൾ തപ്പി. തന്റെ ചോദ്യത്തിൽ അയാൾ ഒരു നിമിഷം പതറിയെന്ന് അവൾക്ക് തോന്നി...
"ഇന്നത്തെ പരിപാടികൾക്ക് ജയന്തി ഉണ്ടായിരുന്നോ?" അശ്വതി ചോദിച്ചു...
"ഇല്ല..."അയാൾ പറഞ്ഞു....
"ജയന്തി എവിടെയാണ് താമസിക്കുന്നത്?" അശ്വതി ചോദിച്ചു.
അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"എനിക്കറിയില്ല....എന്തിനാണ് ചോദിച്ചത്?" രാഹുൽ ചോദിച്ചു.
"ഇവിടെ എനിക്ക് ബോറടിക്കുന്നു. പകൽ സമയം ജയന്തിയുടെ അടുക്കൽ പോയാൽ കുറച്ചു ആശ്വാസം ലഭിക്കും"അശ്വതി പറഞ്ഞു.
രാഹുൽ അതുകേട്ട് പൊട്ടിച്ചിരിച്ചു.
"ജയന്തിക്ക് നിന്നോട് സംസാരിക്കുവാൻ നേരമുണ്ടാവില്ല...ഇരുപത്തിനാലു മണിക്കൂറും തിരക്കുള്ള സ്ത്രീ ആണ് അവർ..."
അയാൾ പറഞ്ഞു....അവൾ രാഹുലിനോട് ചേർന്ന് നിന്നു.
"രാഹുൽ... ഞാൻ ജോലിക്ക് പോയിതുടങ്ങട്ടെ?"
അവൾ ചോദിച്ചു.
അയാൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു..
"അച്ചു ജോലിക്ക് പോയാൽ മോളെ ആര് നോക്കും" വാഷ് ബേസിന്റെ അടുക്കൽ വിരിച്ചിരുന്ന ടവ്വലിൽ കൈകൾ തുടച്ചുകൊണ്ട് അയാൾ ചോദിച്ചു.
"നമുക്ക് രാഹുലിന്റെ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് കൊണ്ടുവരാം....കൂടെ മുത്തച്ഛനും പോരട്ടെ....എല്ലാവരും ഇവിടെയുണ്ടെങ്കിൽ നല്ല ഓളമായിരിക്കും" അവൾ പറഞ്ഞു.
അയാൾ കിടപ്പുമുറിയിലേക്ക് കയറിപ്പോയി...അവൾ അയാളെ പിന്തുടർന്നു. അശ്വതി തൊട്ടിലിലേക്ക് നോക്കി.അമ്മു നല്ല ഉറക്കത്തിലായിരുന്നു.
"ഞാൻ ചോദിച്ച കാര്യത്തിന് രാഹുൽ ഒന്നും പറഞ്ഞില്ല" അശ്വതി പറഞ്ഞു.
"നോക്ക് അച്ചൂ....ഞാൻ ഒരു മന്ത്രിയാണ്..
എന്റെ ഭാര്യ ഒരു മെഡിക്കൽ റെപ്പായി ബൈക്കിൽ കറങ്ങുന്നത് എനിക്ക് ഇഷ്ടമല്ല..പിന്നെ അച്ഛനെയും അമ്മേയെയും കൊണ്ടുവരുന്ന കാര്യം നടക്കില്ല. അവരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം എന്റെ ഹൈ സ്റ്റാറ്റസിന് യോജിച്ചതല്ല...ഞാൻ എത്ര കഷ്‌ടപ്പെട്ടിട്ടാണ് നിന്നെത്തന്നെ മാറ്റിയെടുത്തത്?" അയാൾ കിടന്നു കഴിഞ്ഞിരുന്നു.
അശ്വതി അമ്പരപ്പോടെ അയാളെ നോക്കി...അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി മാത്രം ദിവസവും ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന മനുഷ്യനാണ്!!!
മന്ത്രി ആകുന്നതിനുമുൻപ് മുത്തച്ഛന്റെ കാലുകൾ തൊട്ടു തൊഴാത്ത ഒരു ദിവസം പോലും രാഹുലിന്റെ ജീവിതത്തിൽ ഉണ്ടാവില്ല
അശ്വതി ഓർത്തു.
പിറ്റേ ദിവസം അശ്വതി മിസ്സിസ് മേനോനെ ഫോണിൽ വിളിച്ചു...അവർക്ക് മന്ത്രി മന്ദിരത്തിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെന്ന് അവൾ മനസ്സിലാക്കി. മിസ്സിസ് മേനോനോട് ഫോൺ പിടിച്ചു വാങ്ങി മുത്തച്ഛൻ പറഞ്ഞു.
"മോളെ അച്ചൂ....നിന്നെയും അമ്മുവിനെയും കാണുവാൻ എനിക്ക് കൊതിയായി....പിന്നെ നിന്റെ ബൈക്ക് ഞാൻ എന്നും സ്റ്റാർട്ട് ചെയ്തു വെക്കുന്നുണ്ട്"
അവളുടെ കണ്ണുകൾ നനഞ്ഞു.
അതിന് ശേഷം അവൾ ദേവനെ വിളിച്ചു. അയാൾ വീട്ടിൽ തന്നെയുണ്ടായിരുന്നു.!!!
"ഞാൻ ഇപ്പോൾ എന്നും കടയിൽ പോകാറില്ല..ഒരു പയ്യനെ അവിടെ നിർത്തിയിട്ടുണ്ട്....കച്ചവടമൊക്കെ വളരെക്കുറവാണ്." ദേവൻ പറഞ്ഞു..
അവൾക്ക് വല്ലാത്ത വിഷമം തോന്നി
"മോളെ കാണുവാൻ ഞങ്ങൾ ഉടനെ തിരുവന്തപുരത്തിനു വരുന്നുണ്ട്" ശാലിനി പറഞ്ഞു...അവൾ ഒന്നും പറഞ്ഞില്ല.
വകുപ്പിന്റെ ഭരണം ചെല്ലപ്പൻ മാഷിന്റെ കൈകളിൽ ആയിരുന്നു. അയാൾ പറയുന്നിടത്തെല്ലാം രാഹുൽ ഒരു സംശയവും കൂടാതെ ഒപ്പുവെച്ചു...
അഴിമതിയുടെ ചുക്കാൻ പിടിച്ചത് ജയന്തിയായിരുന്നു....കിട്ടുന്നതിൽ ചെറിയൊരു തുക രാഹുലിന് കൊടുത്താൽ അയാൾ സന്തോഷവാനായിരിക്കും...എന്നിട്ടു തന്നെ അയാളുടെ കൈയ്യിൽ പണം കുമിഞ്ഞു കൂടി.
അശ്വതിയുടെ ശ്രദ്ധയിൽപ്പെടാതെ പണം സൂക്ഷിക്കുന്നത് അയാൾക്ക്‌ ശ്രമകരമായ തോന്നിത്തുടങ്ങി ...ബാങ്കിൽ നിക്ഷേപിക്കമെന്നു വെച്ചാൽ പണത്തിന്റെ ഉറവിടം ബാങ്കുകാർ ചോദിച്ചാൽ താൻ എന്തു പറയും?
ജയന്തി തന്നെ രാഹുലിന് ഒരു പോംവഴി പറഞ്ഞു കൊടുത്തു.
"നന്നുടെ മെമ്പർ മുകുന്ദൻ ചേട്ടൻ രാഹുലിനെ സഹായിക്കും" ജയന്തി പറഞ്ഞു.
"എങ്ങിനെ?"രാഹുൽ ചോദിച്ചു.
"അയാളുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് അതിൽ പണം നിക്ഷേപിക്കുക....അയാളുടെ പേരിൽ രാഹുലിന് സ്ഥലവും വാങ്ങിക്കാം..."ജയന്തി പറഞ്ഞു.
"നമുക്ക് അയാളെ വിശ്വസിക്കുവാൻ പറ്റുമോ?"
രാഹുൽ ചോദിച്ചു.
"എഴുത്തും വായനയും അറിയാത്ത അയാൾ നമ്മൾ പറയുന്ന സ്ഥലങ്ങളിൽ ഒപ്പിട്ടുകൊള്ളും
നമ്മുടെ ഒരു ഉറപ്പിന് വേണമെങ്കിൽ കുറെ ബ്ലാങ്ക് ചെക്ക് അയാളോട് ഒപ്പിട്ടു വാങ്ങിച്ചാൽ മതി" ജയന്തി പറഞ്ഞു.
ജയന്തിയുടെ ബുദ്ധിയിൽ രാഹുലിന് മതിപ്പ് തോന്നി...ചെല്ലപ്പൻ മാഷിന്റെ പേരിൽ ഇപ്പോഴും ഏഴ് സെന്റ് സ്ഥലവും ഓടിട്ട വീടും മാത്രം ഉള്ളതിന്റെ രഹസ്യം അയാൾക്ക് മനസ്സിലായി.
രാഹുലിന്റെ നാട്ടുകാരനായ മുകുന്ദൻ ചേട്ടൻ വളരെ നല്ല മനുഷ്യനാണെന്ന് അയാൾക്കറിയാം.
കൂലിപ്പണിക്ക് പോകുന്ന അയാൾ തികച്ചും സത്യസന്ധനും മാന്യനും എന്നാണ് അറിയപ്പെട്ടിരുന്നത്.
"രാഹുൽ സാറെ എനിക്ക് കുഴപ്പം ഒന്നും വരികയില്ലല്ലോ അല്ലേ?" രാഹുൽ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലൊക്കെ ഒപ്പിടുമ്പോൾ മുകുന്ദൻ ചേട്ടൻ ചോദിച്ചു.
രാഹുൽ അയാളെ സമാധാനിപ്പിച്ചു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുകുന്ദൻ ചേട്ടൻ രാഹുലിന്റെ ആളാണെന്ന് അറിയപ്പെടുവാൻ തുടങ്ങി....ചെറിയ കേസുകൾക്ക് ആളുകൾ മുകുന്ദൻ ചേട്ടനെ സമീപിക്കുവാൻ തുടങ്ങി.
രാഹുലിന് പണമുണ്ടാക്കുന്നതിനുള്ള ഏക തടസ്സം ഇപ്പോൾ അശ്വതി മാത്രം. അവൾ അഴിമതി കാണിക്കുന്നതിനെ എതിർത്തുകൊണ്ടിരുന്നു.
എന്നാൽ പണം എന്ന മായാജാലക്കാരന്റെ പിറകെ ഒരു ഒരു ഭ്രാന്തനെപ്പോലെ അലയുന്ന രാഹുൽ അവളുടെ വാക്കുകൾ ചെവിക്കൊണ്ടതേയില്ല.
ദേവൻ തകർന്നു തരിപ്പണമായിട്ടും അയാൾ രാഹുലിനോട് സഹായം അഭ്യർത്ഥിച്ചില്ല. അശ്വതിക്ക് അച്ഛനെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അപമാനം ഭയന്ന് അവളും മൗനം പാലിച്ചു.
ചെല്ലപ്പൻ മാഷിനെ സൂക്ഷിക്കണമെന്ന് അവൾ രാഹുലിനോട് സൂചിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു.
"ഞാൻ അയാളെ എങ്ങിനെ ഒഴിവാക്കാം എന്ന് അലോചിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാക്കാര്യങ്ങളിലുമുള്ള അയാളുടെയും മകളുടെയും ഇടപെടൽ എനിക്ക് ഇഷ്ടപ്പെടുന്നില്ല....അടികൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും....എന്നാണ് ഇപ്പോഴത്തെ അവസ്ഥ"
"ഇനി ഇലക്ഷന് ആറുമാസം കൂടിയേ ഉളളൂ."
ചെല്ലപ്പൻ മാഷ് രാഹുലിനെ ഓർമ്മിപ്പിച്ചു.
"രാഹുൽ പേടിക്കേണ്ട....അടുത്ത തവണയും സീറ്റ്‌ താങ്കൾക്ക് തന്നെ" ജയന്തി രാഹുലിനെ സമാധാനിപ്പിച്ചു.
രാഹുലിന്റെ മന്ത്രിപ്പണി ഒന്ന്‌ അവസാനിച്ചാൽ മതി എന്ന ചിന്തയായിരുന്നു അശ്വതിക്ക് തോന്നിയത്....
അമ്മുവിന്റെ ഒന്നാം പിറന്നാൾ വിപുലമായി വീട്ടുകാരെ മുഴുവൻ ക്ഷണിച്ച് ആഘോഷിക്കണമെന്ന് അശ്വതിക്ക് ആഗ്രഹമുണ്ടായിരുന്നു. അവൾ തന്റെ ആഗ്രഹം രാഹുലിനോട് പറഞ്ഞു.
"ഏതായാലും ഇവിടെ വെച്ച് നടത്തിയാൽ ശരിയാകുകയില്ല...നിയമസഭായോഗം നടക്കുന്ന സമയം ആയതുകൊണ്ട് എനിക്ക് വല്ലാത്ത തിരക്കായിരിക്കും" രാഹുൽ പറഞ്ഞു.
"സ്വന്തം മകളുടെ പിറന്നാളിന് വരുവാൻ സാധിക്കാത്ത എന്ത് തിരക്കാണ് രാഹുലിനുള്ളത്?" അശ്വതി പരിഭവിച്ചു.
'നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകുകയില്ല..."രാഹുൽ പറഞ്ഞു.
അവളുടെ മുഖഭാവം കണ്ട്‌ അയാൾ തുടർന്നു.
"അച്ചു ഒരു കാര്യം ചെയ്യൂ....നമുക്ക് എന്റെ വീട്ടിൽ വെച്ച് ആഘോഷിക്കാം....നീ നാളെത്തന്നെ വീട്ടിലേക്ക് പൊയ്ക്കോളൂ...ഞാൻ പിറന്നാളിന്റെ തലേദിവസം വീട്ടിൽ എത്തിക്കൊള്ളാം"
അത് നല്ലതാണെന്ന്‌ അവൾക്കും തോന്നി..അച്ഛനെയും അമ്മയെയും വിളിക്കണം...കൂടാതെ ചളിയനെയും അപ്പുവിനെയും, കീരനെയും മീനിവിനേയും ഒക്കെ വിളിച്ച് അടിച്ചുപൊളിക്കണം....
അവരെയൊക്കെ തനിക്ക് വല്ലാതെ മിസ്സ്‌ ആയിരിക്കുന്നു!!!
കല്യാണത്തിന് മുൻപുള്ള അടിച്ചുപൊളിയെക്കുറിച്ചോർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
പിറ്റേ ദിവസം തന്നെ അശ്വതി രാഹുലിന്റെ വീട്ടിലേക്ക് തിരിച്ചു.....
അവൾ പിറന്നാളിന് എല്ലാവരെയും വിളിച്ചു. അപ്പുവിനെ വിളിച്ചപ്പോൾ അവൻ ഇപ്പോൾ കോയമ്പത്തൂരിൽ ആണ് ജോലി.
"ഐ ആം സോറി അച്ചൂ...
എനിക്ക് അടിച്ചു പൊളിക്കണമെന്ന് ആഗ്രഹമുണ്ട്....എന്നാൽ ലീവ് കിട്ടുമെന്ന് തോന്നുന്നില്ല" അവൻ പറഞ്ഞു.
"നീയില്ലാതെ ഒരു രസമില്ല....വരാതെ പറ്റില്ല"അശ്വതി പറഞ്ഞു.
"ഞാൻ പരമാവധി ശ്രമിക്കാം...പിന്നെ നിന്നോട് ഒരു കാര്യം പറഞ്ഞാൽ ശരിയാകുമോ എന്ന് എനിക്ക് അറിയില്ല"അവൻ പറഞ്ഞു.
"എന്താണ്?..,,എന്താണെങ്കിലും നിനക്ക് പറയാം"
അശ്വതി പറഞ്ഞു.
"അല്ലെങ്കിൽ വേണ്ട...
നേരിട്ടുകാണുമ്പോൾ പറയാം...." അവൻ മടിച്ചു.
"പറയെടാ....പ്ലീസ്..."അശ്വതി അപേക്ഷിച്ചു.
"നീ അറിയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി.....ഞാൻ ജോലി ചെയ്‌യുന്ന ഹോട്ടലിൽ കഴിഞ്ഞ മാസം രണ്ടു ദിവസം മന്ത്രി രാഹുൽ ഉണ്ടായിരുന്നു...അതായത് ഇരുപത്തി ഒന്നും ഇരുപത്തിരണ്ടും തീയതികളിൽ"
അവൾ ഓർമ്മി ച്ചു നോക്കി.... ശരിയാണ്..
രാഹുൽ ആ ദിവസങ്ങളിൽ ടൂറിലായിയുന്നു.
"ശരിയാണ്....രാഹുലിന് അവിടെ മീറ്റിംഗ് ഉണ്ടായിരുന്നു....നിന്നെ കണ്ടില്ലേ?" അവൾ ചോദിച്ചു.
"എന്നെ കണ്ടോ എന്ന് എനിക്കറിയില്ല..
ഞാൻ ഓഫീസിൽ ആണ് വർക്ക്‌ ചെയ്യുന്നത്.കണ്ടാൽത്തന്നെ അയാൾ മൈൻഡ് ചെയ്യുമോ? അതല്ല പ്രശ്‍നം" അയാൾ പറഞ്ഞു.
അശ്വതിക്ക് ആകാംഷ കൂടി...
"ഒന്ന്‌ പറഞ്ഞു തുലക്കുന്നുണ്ടോ" അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
"ഗ്ലാസും വെച്ച...ബെർമുഡ ധരിച്ച...രാഹുലിനെ തിരിച്ചറിയുവാൻ പോലും പ്രയാസമായിരുന്നു" അവൻ പറഞ്ഞു..
"അതാണോ കാര്യം...? ഇപ്പോൾ രാഹുൽ ഒരു മന്ത്രി അല്ലേ?" അശ്വതി ചോദിച്ചു.
"അതല്ല പ്രശ്‍നം.....രാഹുലിന്റെ കൂടെ രണ്ടു ദിവസവും ആ ജയന്തിയുണ്ടായിരുന്നു" അവൻ പറഞ്ഞു....അവളുടെ മനസ്സിൽ കനലുകൾ വന്നു വീണെങ്കിലും സംയമനം വിടാതെ അവൾ പറഞ്ഞു.
"ജയന്തിയും ചിലപ്പോൾ മീറ്റിങ്ങിന് പോയതായിരിക്കും..."അവൾ പറഞ്ഞു.
"ഒരുമുറിയിൽ താമസിച്ചാണോ രണ്ടുപേരും മീറ്റിംഗ് കൂടുന്നത്?" അപ്പു ചോദിച്ചു....
"നീ....നീ....എന്താണ് പറയുന്നത്?"
"രാഹുലും ജയന്തിയും ഒരു മുറിയിൽ രണ്ടു ദിവസം ഞങ്ങളുടെ ഹോട്ടലിൽ ഉണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.......നിന്നെ അയാൾ ചതിക്കുകയാണ് അച്ചൂ....ഞാൻ എങ്ങിനെയാണ് നിന്നോട് ഇതു പറയാതിരിക്കുന്നത്?.....പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.....അശ്വതി മുഴുവൻ കേൾക്കുവാൻ നിന്നില്ല.
ഞെട്ടിത്തരിച്ച അശ്വതിയുടെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ താഴെ തറയിൽ പതിച്ചു.
അവൾ മൊബൈൽ കയ്യിൽ എടുത്തു..താഴെയുള്ള വീഴ്ചയിൽ മൊബൈൽ സ്‌ക്രീനിൽ ഒരു വലിയ വിള്ളൽ വീണിരിക്കുന്നു!!!
അമ്മുവിന്റെ ബർത്ത്ഡേയുടെ തലേദിവസം തന്നെ രാഹുൽ എത്തിച്ചേർന്നു...അവൾ സന്തോഷത്തോടെ അയാളെ സ്വീകരിച്ചു .
പിറന്നാളിന് അപ്പു ഒഴിച്ച് അവളുടെ സുഹൃത്തുക്കളെല്ലാം എത്തിച്ചേർന്നു. ആഘോഷ പരിപാടികൾ ഗംഭീരമായി നടന്നു.
ചെല്ലപ്പൻ മാഷും, ജയന്തിയും, മറ്റു രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അശ്വതി എല്ലാവരെയും ഉപചാര പൂർവ്വം സ്വീകരിച്ചാനയിച്ചു.
"അശ്വതിയുടെ ഒരു ഭാഗ്യം...മന്ത്രിയുടെ ഭാര്യയാണെന്നുള്ള ഒരു നാട്യവും ആ പെൺകൊഞ്ചിനില്ല" പലരും അവളെ നോക്കി പറഞ്ഞു.
അവളുടെ ഭാഗ്യത്തെക്കുറിച്ചു ചിലർ അവളോട് നേരിട്ടു സംസാരിച്ചു. എല്ലാം അവൾ ഒരു പുഞ്ചിരിയിൽ ഒതുക്കി.
പിറ്റേദിവസം രാവിലെ അവൾ രാഹുലിന്റെ അടുക്കൽ എത്തി.
"രാഹുൽ....ഞാൻ ഒരാഴ്ച കഴിഞ്ഞിട്ട് തിരുവന്തപുരത്തിന് വന്നുകൊള്ളാം.."അവൾ പറഞ്ഞു.
"അതെന്താണ്? ഞാൻ അവിടെ ഒറ്റക്കല്ലേ?" രാഹുൽ ചോദിച്ചു.
എനിക്ക് എന്റെ വീട്ടിൽ കുറച്ചുദിവസം നിൽക്കണം....ഒരാഴ്ച രാഹുൽ അഡ്ജസ്റ്റ് ചെയ്യണം...പ്ലീസ്...."അവൾ അപേക്ഷിച്ചു.
"ശരി.....ഒരാഴ്ച കഴിയുമ്പോൾ ഞാൻ വരാം...നമുക്ക് ഒരുമിച്ച് തിരിച്ചു പോകാം"
രാഹുൽ പറഞ്ഞു.
അന്ന് തന്നെ അവൾ സ്വന്തം വീട്ടിലേക്ക് പോയി..... പോകുന്നതിനു മുൻപ് അവൾ ബൈക്ക് തുടച്ചുവെച്ചു. അത് സ്റ്റാർട്ടാക്കി പ്രവർത്തനം ഉറപ്പാക്കി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അശ്വതി അമ്മയോട് പറഞ്ഞു.
"എനിക്ക് ഒരു ടാക്സി ഏർപ്പാടാക്കി തരണം"
"എന്തിന്?" ശാലിനി ചോദിച്ചു.
"ഞാൻ തിരുവനന്തപുരത്തിന് പോവുകയാണ്.."
"ഈ രാത്രിയിലോ?" ശാലിനി സംശയം പ്രകടിപ്പിച്ചു.
"അതേ....രാഹുൽ വിളിച്ചാൽ ഞാൻ പുറപ്പെട്ട കാര്യം പറയരുത്...മന്ത്രിക്കൊരു സസ്പെൻസ് ആകട്ടെ' അശ്വതി പറഞ്ഞു.
ദേവൻ അയാളുടെ വിശ്വസ്തനായ ഒരാളെ തന്നെ ഏർപ്പാടാക്കി.
ദേവൻ കൂടെ ചെല്ലാമെന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.
വൈകുന്നേരം ഏഴുമണിക്ക് അവൾ ടാക്സിയിൽ തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു.
"മാഡം അവിടെ വിട്ടാൽ മതിയോ?" ഡ്രൈവർ ചോദിച്ചു.
"പറയാം'അശ്വതി പറഞ്ഞു.
അവൾ മന്ത്രിമന്ദിരത്തിൽ ചെല്ലുമ്പോൾ സമയം രാത്രി പത്തുമണി ആയിരുന്നു.
ടാക്സിക്കാരനോട് വെയിറ്റ് ചെയ്യുവാൻ പറഞ്ഞിട്ട് അവൾ കുട്ടിയുടെയും എടുത്ത് ഗെയിറ്റിനെ ലക്ഷ്യമാക്കി നടന്നു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot