
Kumbalangi Nights - Review Written by Sarath Mangalath, Nallezhuth
രണ്ടു ദിവസങ്ങൾക്കു മുൻപുള്ളൊരു രാത്രി ഞാനൊരു യാത്ര പോയിരുന്നു. എറണാകുളത്തിനടുത്തുള്ള കുമ്പളങ്ങിയിലേക്ക്. അവിടെ ഞാൻ കുറച്ചാളുകളെ കണ്ടു ...! നാട്യങ്ങളില്ലാതെ ജീവിക്കുന്ന, ദേഷ്യം വരുമ്പോൾ തല്ലു കൂടാനും, സ്നേഹം തോന്നുമ്പോൾ ചേർത്തു പിടിക്കാനും മടിയില്ലാത്ത ചിലർ.
കായലിനോടു ചേർന്നുള്ള ചുവര് തേക്കാത്ത ആ വീട്ടിലെ നാലു സഹോദരങ്ങളിൽ മൂത്തവനായ സജിയെ പറ്റി ഓർക്കുമ്പോൾ തോറ്റു പോയവന്റെ ചിരിയാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത്. ചായ കുടിക്കാൻ ചായക്കട തുടങ്ങണോയെന്ന് കൂട്ടുകാരനോട് ചോദിക്കുന്ന ബോബി പിന്നീട് ട്രൂ ലവിന്റ ലഹരിയിൽ ചിരിക്കുന്നതും, ഉള്ളിലെ വേദനകൾ പ്രിയപ്പെട്ടവളോട് പങ്കു വെച്ച് നിസ്സഹായനാകുന്നതും ഞാൻ കണ്ടു.
പ്രണയമെന്നത് ബാഹ്യ സൗന്ദര്യത്തിന്റെ പകിട്ടല്ലായെന്നും , അത് കാണുന്നവന്റെ കണ്ണിലാണെന്നും ശക്തിയായി വാദിക്കുന്ന പെൺകുട്ടികളുണ്ടവിടെ....അവധിക്ക് കൂട്ടുകാർ വീട്ടിൽ വരുന്നുണ്ടെന്നു പറയുമ്പോൾ സ്വന്തം വീടിന്റെ അവസ്ഥയോർത്ത് , വീട്ടുകാരെല്ലാം ചിക്കനടിച്ച് കിടക്കുകയാണെന്ന് പറയുന്ന ഫ്രാങ്കിയുടെ നിസ്സഹായതയും കണ്ടു.
പ്രേമിക്കുന്ന ചെക്കൻ ക്രിസ്ത്യാനിയാണോയെന്ന് ചോദിക്കുന്ന ചേച്ചിയോട് '' അതിനെന്താ ക്രിസ്തു നമ്മളറിയാത്ത ആളൊന്നുമല്ലല്ലോ''യെന്ന് പറയുന്ന ബേബി , നൈസായിട്ട് ഈ മതത്തിലൊന്നും ഒരു കാര്യവുമില്ലാന്ന് പറഞ്ഞു വെക്കുന്നതും ഞാൻ കണ്ടു.
സ്വന്തം ഭർത്താവിനോട് സ്നേഹവും, ബഹുമാനവും, ഭയവുമുണ്ടെങ്കിലും സ്ത്രീകളെ എടി ,പോടി എന്നൊന്നും വിളിക്കരുതെന്നു ധൈര്യപൂർവ്വം പറയുന്ന ഭാര്യയും അവിടെയുണ്ട്.
ഒരു വീട് വീടാവണമെങ്കിൽ അവിടെ സ്ത്രീകൾ വേണം..അതാണ് ഒരു വീടിന്റെ എെശ്വര്യമെന്നും അവിടുത്തെ കാഴ്ച്ചകൾ ഒരിക്കൽ കൂടി പറഞ്ഞു തരുന്നുണ്ട്.
ഇഷ്ട്ടമുള്ള തൊഴിൽ ചെയ്യാൻ അഭിമാനം സമ്മതിക്കുന്നില്ലെന്നു പറയുന്ന കാമുകനോട് നമുക്കിഷ്ട്ടമുള്ളത് ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തിയോളം വലുതല്ല മറ്റൊന്നും എന്നു പറയുന്ന കാമുകിയുടെ നിലപാട് എത്ര സുന്ദരമാണെന്നും കുമ്പളങ്ങി എനിക്ക്
കാണിച്ചു തന്നു.
കാണിച്ചു തന്നു.
അവിടെ ഞാൻ കണ്ട , ഏറ്റവും പ്രധാനമായി പറയേണ്ട ഒരാളുണ്ട്..അയാൾ അവിടുത്തുകാരനല്ല...അതു പോലൊരാളെ ഞാൻ അധികം കണ്ടിട്ടുമില്ല...അയാളെ പറ്റി പറയുമ്പോൾ....!!
അല്ലെങ്കിൽ വേണ്ട അയാളെ നിങ്ങൾ കുമ്പളങ്ങിയിൽ തന്നെ പോയി കാണണം.., കാരണം അതൊരു ജിന്നാണ്, ഒരേ സമയം ഭയപ്പെടുത്തുകയും , ചിരിപ്പിക്കുകയും ചെയ്തൊരു ജിന്ന്...!!
നന്ദി-
കുമ്പളങ്ങിയിലേക്ക് കൊണ്ടു പോയ ശ്യാം പുഷ്ക്കരനോട്, മധു സി നാരായണനോട്, ഷൈജു ഖാലിദിനോട്..ബാക്കി എല്ലാവരോടും...
Written by Sarath Mangalath
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക