നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 9


തീരദേശ പ്രദേശങ്ങളായ മൂന്നു താലൂക്കുകൾ ഒരുമിച്ചു ചേർന്നതാണ് പള്ളിപ്പുഴ നിയമസഭാമണ്ഡലം. കഴിഞ്ഞ കുറെ വർഷങ്ങളായി ചെല്ലപ്പൻ മാഷ് പ്രതിധാനം ചെയ്യുന്ന റെവല്യൂഷനറി പാർട്ടിയുടെ സ്ഥാനാർഥി വ്യക്തമായ ഭൂരിപക്ഷത്തോടെ അവിടെ വിജയിച്ചു വന്നിരുന്നു.
ചെല്ലപ്പൻ മാഷ് എന്ന അതികായന്റെ സാന്നിധ്യം ആയിരുന്നു പ്രധാനമായും ആ മണ്ഡലത്തിന്റെ ആകർഷണം.
ബൈ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ രാഹുലിന്റെ ചിത്രമടങ്ങിയ ഫ്ലക്സ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
"രാഹുൽ ജോലി രാജിവെച്ചിട്ടല്ലേ ഇലക്ഷന് നിൽക്കുന്നത്...എനിക്കാകെ പേടിയാകുന്നു"
മിസ്സിസ് മേനോൻ പറഞ്ഞു.
"നീ വിഷമിക്കാതെ...രാഹുൽ ഉറപ്പായും എം.എൽ.എ ആകും...പിന്നെ എന്തിനാണ് അവന്‌ ജോലി?" മേനോൻ ചോദിച്ചു.
അശ്വതിക്ക്...രാഹുൽ ജോലി രാജിവെച്ചതോ എം.എൽ.എ ആകുന്നതോ ഒന്നും പ്രശ്നമല്ലായിരുന്നു.....
രാഹുലിനെ തനിച്ചു കിട്ടാത്തതായിരുന്നു അവളുടെ പ്രശ്‍നം...ഡെലിവറിക്ക് ഇനി കൂടിപ്പോയാൽ ഒരുമാസം...അവൾക്ക് ചെറിയ ചെറിയ അസ്വസ്ഥതകൾ വന്നുതുടങ്ങിയിരുന്നു..
രാഹുൽ തന്റെ അടുത്തു വേണ്ട സമയത്തുതന്നെ ഇലക്ഷൻ വന്നത് അവൾക്ക് തീരെ പിടിച്ചിട്ടില്ല.
ഇലക്ഷൻ പ്രഖ്യാപിച്ചതോടെ രാഹുലിനെ മഷിയിട്ടാൽപ്പോലും കാണാതായി.
ഒരു ദിവസം രാവിലെ അവൾ രാഹുലിന്റെ അടുക്കൽ ചെന്നു. അയാൾ തിടുക്കത്തിൽ പുറത്തേക്ക് പോകുവാൻ തുടങ്ങുകയായിരുന്നു.
"രാഹുൽ ജോലി രാജിവെച്ചിട്ട് ഇലക്ഷന് നിന്നത് എന്തിനാണ് ? ഡെലിവറിയുടെ സമയം അടുത്തു വരുന്നു...ഇപ്പോൾ രാഹുൽ എന്റെ അടുക്കൽ നിൽക്കേണ്ട സമയമല്ലേ?" അവൾ ചോദിച്ചു.
രാഹുൽ അവളുടെ കവിളിൽ തലോടി..
"അച്ചൂ ...റിസ്ക് എടുക്കുന്നവനെ ജീവിതത്തിൽ വിജയമുണ്ടാകുകയുള്ളൂ.... പിന്നെ നിനക്കെപ്പോൾ ആവശ്യം വന്നാലും നീ എന്നെ വിളിച്ചാൽ മതി..,ഞാൻ അപ്പോൾ തന്നെ ഇവിടെയെത്തും" അയാൾ അവളെ ആശ്വസിപ്പിച്ചു.
"രാഹുൽ പറയുന്നത് ശരിയാണ്,
റിസ്ക് എടുക്കുന്നവനെ ജീവിതത്തിൽ വിജയിക്കുകയുള്ളൂ...
അവസരങ്ങൾ എപ്പോഴും എല്ലാവരെയും തേടി വരുകയില്ല" ദേവനും രാഹുലിന്റെ അഭിപ്രായത്തെ പിൻതാങ്ങി.
ഇലക്ഷൻ അടുക്കുംതോറും രാഹുലിന്റെ വെപ്രാളം വർദ്ധിച്ചു. എപ്പോഴും കൂട്ടലും കുറക്കലും മാത്രം....വീട്ടിലാണെങ്കിൽ എപ്പോഴും ആളുകളുടെ തിരക്കു തന്നെ.മിസ്സിസ് മേനോൻ ആളുകളെ സൽക്കരിച്ചു സൽക്കരിച്ചു മടുത്തു.അശ്വതിയുടെ അസ്വസ്ഥകൾ കൂടിക്കൂടി വന്നെങ്കിലും അവളും മിസ്സിസ് മേനോനെ കുറച്ചൊക്കെ സഹായിച്ചു.
ഇലക്ഷന് അഞ്ചു ദിവസം മുൻപ് അശ്വതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു..
പിറ്റേ ദിവസം അവൾ ഒരു പെൺകുട്ടിയെ പ്രസവിച്ചു!!!
വിവരമറിഞ്ഞു പ്രവർത്തകരെയും കൂട്ടി രാഹുൽ ഓടിയെത്തി... അയാൾ എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.
പ്രതീക്ഷിച്ച പോലെ ജിഷ്ണു ചന്ദ്രൻ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല അയാൾ രാഹുലിന് വേണ്ടി നന്നായി പ്രവർത്തിക്കുകയും ചെയ്തു.
"രാഹുൽ ഒരു ഇരുപതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന് എനിക്കുറപ്പാണ്"ഇലക്ഷൻ കഴിഞ്ഞ അന്നുതന്നെ ചെല്ലപ്പൻ മാഷ് പറഞ്ഞു.
ഇലക്ഷൻ കഴിഞ്ഞതോടെ രാഹുലിന്റെ തിരക്ക് സ്വല്പം കുറഞ്ഞു. അയാൾ ഭാര്യയുടെയും കുട്ടിയുടെയും അടുത്ത് കൂടുതൽ സമയം കണ്ടെത്തി. ജയപരാജയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ടി.വി യിൽ സജീവമായിരുന്നു.
ഫലം പ്രഖ്യാപിക്കുന്ന ദിവസം വന്നു. രാവിലെ മുതൽ എല്ലാവരും ടി.വി യുടെ മുന്നിലാണ്..രാഹുൽ രാവിലെ തന്നെ ചെല്ലപ്പൻ മാഷിന്റെ വീട്ടിലേക്ക് പോയതാണ്.
മേനോനും ഭാര്യയും മുത്തച്ഛനും ടീവി യുടെ മുൻപിൽ സ്ഥാനം പിടിച്ചിട്ടുണ്ട്..
ദേവൻ അന്ന് സുപ്പെർമാർക്കറ്റിൽ പോയതേയില്ല.
ആദ്യറൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ രാഹുൽ നാലായിരം വോട്ടിനു പിന്നിലാണെന്ന് അറിയിപ്പ് വന്നു. ചെല്ലപ്പൻ മാഷ് ജിഷ്ണുവിനെ രൂക്ഷമായി നോക്കി...
രണ്ടാം റൗണ്ടും എണ്ണിക്കഴിഞ്ഞപ്പോൾ രാഹുൽ പിന്നിൽതന്നെയാണ്...പ്രകടനം നടത്തുവാൻ ഒരുങ്ങി നിന്ന റെവല്യൂഷനറി പാർട്ടിക്കാർ പതുക്കെ മാളത്തിലേക്ക് വലിഞ്ഞു. എതിർ പാർട്ടിക്കാർ ആഹ്ലാദാരവങ്ങൾ മുഴക്കിതുടങ്ങി.
രാഹുലിന്റെ മുഖം വാടിതുടങ്ങിയിരുന്നു..
ഇനി പോസ്റ്റൽ വോട്ടുകൾ മാത്രം ബാക്കി...രാഹുൽ ഇപ്പോഴും മുന്നൂറ് വോട്ടിന് പിറകിലാണ്....എല്ലാവരുടെയും മുഖത്ത് ആശങ്ക വിരിഞ്ഞു.
അശ്വതി മാത്രം ഇതിൽ നിന്നും ഒഴിഞ്ഞു നിന്നു. അവൾ കുഞ്ഞിനെ പരിചരിക്കുന്ന തിരക്കിൽ എല്ലാം മറന്നിരുന്നു.
ഇലക്ഷൻ ഫലം പ്രഖ്യാപിച്ചു.!!! രാഹുൽ നൂറ്റി എഴുപത്തിയഞ്ച് വോട്ടിന് വിജയിച്ചിരിക്കുന്നു!!!
രാഹുലിന്റെ വീട്ടിൽ അശ്വതി ഒഴിച്ച് എല്ലാവരും തുള്ളിച്ചാടി......മുത്തച്ഛൻ അവളുടെ മുറിയുടെ വാതിൽക്കൽ എത്തി അവളോട് പറഞ്ഞു.
"അച്ചൂ സത്യം ജയിച്ചിരിക്കുന്നു...
രാഹുൽ മോൻ ഇനി നമ്മുടെ എം.എൽ.എ ആണ്"
അവൾ ഒന്ന്‌ ചിരിച്ചെന്നു വരുത്തി....
"നിനെക്കെന്താണ് ഒരു സന്തോഷമില്ലാത്തത്?"
മുത്തച്ഛൻ ചോദിച്ചു.
"രാഹുലിന് ഇനി എന്റെ അടുത്തേക്ക് വരുവാൻ പോലും സമയമുണ്ടാകുകയില്ല" പരിഭവത്തോടെ അവൾ പിറുപിറുത്തു.
രാഹുലിനെയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ജാഥ സിറ്റിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.....തുറന്ന ജീപ്പിൽ യാത്ര ചെയ്ത രാഹുൽ ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി കൈവീശി.
രാഹുൽ ജയിച്ചെങ്കിലും ചെല്ലപ്പൻ മാഷ് ഹാപ്പിയല്ലായിരുന്നു. ജിഷ്ണുവും കൂട്ടരും കാലുവാരി എന്നുതന്നെ അയാൾ കരുതി.
ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നൂറ്റി എഴുപത്തിയഞ്ച് വോട്ടയതെങ്ങിനെ എന്ന് അയാൾ തലപുകഞ്ഞ് ആലോചിച്ചു.
എന്തായാലും പിറ്റദിവസം തന്നെ റെവല്യൂഷനറി പാർട്ടി ജിഷ്ണുവിനും കൂട്ടർക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
പാർട്ടിയുടെ അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ട ജിഷ്ണുവിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
സസ്‌പെൻഷൻ വാർത്ത അറിഞ്ഞ ജിഷ്ണു ആദ്യമേ തന്നെ രാഹുലിനെയാണ് വിളിച്ചത്.
"നിന്റെ കളികൾ എല്ലാം എനിക്ക് മനസ്സിലായി...
നിന്നെയും ആ കിളവനെയും ഈ നാട്ടുകാരുടെ മുന്നിൽ നാറ്റിച്ചില്ലെങ്കിൽ എന്റെ പേര് ജിഷ്ണു ചന്ദ്രൻ എന്നല്ല" ജിഷ്ണു പറഞ്ഞു.
"ഹാലോ...ജിഷ്ണു ചന്ദ്രൻ...എടാ പോടാ എന്നുള്ള വിളിയൊക്കെ അങ്ങ് നിർത്തക്കോളൂ. ഇപ്പോൾ ഞാൻ പള്ളിപ്പുഴയുടെ എം.എൽ.എ ആണെന്ന ഓർമ്മ വേണം..."രാഹുൽ പറഞ്ഞു.
"ശരി സാർ...പക്ഷെ സാറ് ചെല്ലപ്പൻ മാഷിന്റെ പിറന്നാളിന് കൊടുത്ത വലിയ പൊതിയിലുള്ള പ്രസാദത്തെക്കുറിച്ചു പാർട്ടിയിൽ ഉടനെ അന്വേഷണം വരുന്നുണ്ട്' ജിഷ്ണു പറഞ്ഞു.
രാഹുൽ ഒരു നിമിഷം പതറി.
"നീ എന്താണ് പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല" രാഹുൽ പറഞ്ഞു.
"ഐശ്വര്യവും ആയുസും ഉണ്ടാകുവാൻ വഴിപാട് കഴിച്ചാൽ പാർലമെന്റിൽ സീറ്റ് കിട്ടുമെന്ന് നീ..സോറി സാർ തെളിയിച്ചു." ജിഷ്ണു പരിഹാസത്തോടെ പറഞ്ഞു.
രാഹുൽ ഒന്നും പറഞ്ഞില്ല... ജിഷ്ണു തുടർന്നു
"എനിക്കും പാർട്ടിയിൽ ആളുകൾ ഉണ്ടെന്ന കാര്യം എല്ലാവരും ഓർത്താൽ നല്ലത്' ജിഷ്ണു ഫോൺ കട്ട് ചെയ്തു.
രാഹുൽ അപ്പോൾ തന്നെ ചെല്ലപ്പൻ മാഷിനെ വിളിച്ചു.
"മാഷെ...ജിഷ്ണു എന്നെ വിളിച്ചിരുന്നു...അവന്‌ എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു...അവൻ എന്നെ ഭീക്ഷിണിപ്പെടുത്തി."
മാഷ് ചിരിച്ചു....അയാൾ രാഹുലിനെ സമാധാനപ്പെടുത്തി.
"നീ വിഷമിക്കേണ്ട...അവൻ ആ മന്ത്രി നകുലനെ കണ്ടുള്ള കളിയാണ്...ഇക്കാര്യം ഞാനേറ്റു."
അടുത്ത ദിവസം തന്നെ മന്ത്രി നകുലനെതിരെ ഏതോ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചു.....അത് പത്രക്കാർ ചൂടപ്പം പോലെ വിറ്റഴിച്ചു....ടീവിയിൽ ചർച്ചക്കാർ നിരന്നിരുന്നു അഭിപ്രായം പറഞ്ഞു.ആ സ്ത്രീയെ താൻ സ്വപ്നത്തിൽപ്പോലും കണ്ടിട്ടില്ലെന്നു നകുലൻ ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല...നിയമസഭയിൽ പ്രതിപക്ഷം നകുലന്റെ രാജിക്കായി മുറവിളികൂട്ടി.. മാഷിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് കൂടി നകുലനെ വിളിച്ചു വരുത്തി.
"ആരോപണങ്ങളിൽ കഴമ്പില്ല എന്ന് ഞങ്ങൾക്കറിയാം....പക്ഷെ....പാർട്ടിയുടെ ഇമേജ് നോക്കേണ്ടേ?" മുഖ്യമന്ത്രി നകുലനോട് ചോദിച്ചു.
"സാർ...ഞാൻ നിരപരാധിയാണ്...എനിക്ക് അത് തെളിയിക്കുന്നതിന് കുറച്ചു സമയം തരണം" നകുലൻ പറഞ്ഞു.
"സമയം ഇഷ്ടം പോലെ താരമെല്ലോ...പക്ഷെ പാർട്ടിയുടെ ആദർശം കാത്തു സൂക്ഷിക്കണം...തല്ക്കാലം നകുലൻ മാറി നിൽക്കുന്നതാണ് പാർട്ടിക്ക് നല്ലത് " മുഖ്യമന്ത്രി പറഞ്ഞു.
"സാർ ഞാൻ രാജിവെക്കാം....പക്ഷെ ഞാൻ പറയുന്ന ആളെ എന്റെ വകുപ്പ് ഏൽപ്പിക്കണം"
നകുലൻ പറഞ്ഞു.
"അത് പറ്റില്ല....പാർട്ടിക്ക് ഒരു പോളിസി ഉണ്ട്.. നകുലൻ രാജിവെക്കുന്നതാണ് നല്ലത്" ചെല്ലപ്പൻ മാഷ് പറഞ്ഞു.
നകുലൻ രൂക്ഷമായി മാഷിനെ നോക്കികൊണ്ട്‌ പറഞ്ഞു...
"തന്റെ പോളിസി എന്താണെന്ന് എനിക്കറിയാം..
ജിഷ്ണു എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്.."
എല്ലാവരും അമ്പരന്ന് നകുലനെ നോക്കി..
പാർട്ടിയിലെ തലമുതിർന്ന കാരണവരായ മാഷിനെതിരെ നകുലൻ പറഞ്ഞത് ആത്മഹത്യാപരമാണെന്ന് എല്ലാവർക്കും അറിയാം.
പിന്നീട് തീരുമാനങ്ങൾ പെട്ടെന്നായിരുന്നു. നകുലനോട് രാജിക്കത്ത് എഴുതി വാങ്ങിച്ചിട്ടാണ് മാഷ് അന്നത്തെ യോഗം പിരിച്ചു വിട്ടത്.
ജിഷ്ണു അശ്വതിയോട് ജയന്തിയുടെ കാര്യം പറയുവാൻ സാധ്യത ഉണ്ടെന്ന് തന്നെ രാഹുൽ കണക്കു കൂട്ടി.....
"അച്ചൂ...എന്നോട് അസൂയ ഉള്ളവർ എന്നെപ്പറ്റി കള്ളക്കഥകൾ പറയുവാൻ തുടങ്ങിയിട്ടുണ്ട്...."
അയാൾ ഒരു ദിവസം അശ്വതിയോടു പറഞ്ഞു.
"എന്തു കള്ളക്കഥകൾ?" അവൾ ചോദിച്ചു.
"ഞാൻ കള്ളുകുടിയനാണെന്നും ആഭാസനാണെന്നും ഒക്കെ ശത്രുക്കൾ പറഞ്ഞു നടക്കുന്നുണ്ട്" രാഹുൽ അവളുടെ മുഖത്തേക്ക് നോക്കി.
"നല്ലകാര്യം...ഞാനങ്ങു സഹിച്ചു.."അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആ ജിഷ്ണുവാണെങ്കിൽ എന്നെയും പല പെണ്ണുങ്ങളുടെയും ചേർത്ത് അപവാദങ്ങൾ പറഞ്ഞു നടക്കുന്നുണ്ട്" രാഹുൽ അശ്വതിയുടെ ഭാവം ശ്രദ്ധിച്ചു.
മോൾ ഉണർന്ന് കരയുവാൻ തുടങ്ങിയതുകൊണ്ട് അവൾ അയാൾ പറഞ്ഞത് ശ്രദ്ധിച്ചില്ലെന്ന് അയാൾക്ക് തോന്നി.
അവൾ തൊട്ടിലിൽക്കിടന്ന കുട്ടിയെ പാട്ടുപാടി ഉറക്കുവാനുള്ള ശ്രമം തുടങ്ങി.
"നീ എന്താണ് ഒന്നും പറയാത്തത്?" രാഹുൽ ചോദിച്ചു.
"ഞാൻ എന്തു പറയാനാണ്....നൂലുകെട്ടിന് മോൾക്കിട്ട 'അമ്മു: എന്ന പേര് മാറ്റി ആര്യ എന്നിട്ടാലോ എന്നുള്ള ചിന്തയിലാണ് ഞാൻ"അവൾ പറഞ്ഞു.
അശ്വതിയെ വിശ്വസിപ്പിക്കുവാൻ ജിഷ്ണുവിന് കുറച്ചു ബുദ്ധിമുട്ടേണ്ടി വരും...
രാഹുൽ മനസ്സിൽ പറഞ്ഞു.
രാഹുലിന്റെ വീട്ടിൽ എം.എൽ.എ എന്ന് ബോർഡ് വെച്ച കാർ രാത്രികളിൽ വിശ്രമിക്കുവാൻ തുടങ്ങി.
അയല്പക്കത്തെ മോനുവിന്റെയും സഞ്ചുവിന്റെയും വീട്ടുകാരെ അയാൾ ഇപ്പോൾ ചിരിച്ചു കാണിക്കാറില്ല..അവർ 'രാഹുൽ' എന്ന് വിളിക്കുമോ എന്ന് അവൻ ഭയപ്പെട്ടു.
'എന്തു നല്ല പയ്യനായിരുന്നു....ഇപ്പോൾ കണ്ടാൽ മുഖത്തു പോലും നോക്കുകയില്ല....അവന്‌ ചെയ്ത വോട്ട് വെറുതെയായി" മോനുവിന്റെ അമ്മ പറഞ്ഞു.
കുറച്ചു നാളായിട്ട് രാഹുൽ വലിയ തിരക്കിലാണ്..മിക്കവാറും ചെല്ലപ്പൻ മാഷിന്റെ വീട്ടിലായിരിക്കും....മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള തിരക്കിട്ട ചർച്ച ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.
"ജിഷ്ണുവും നകുലനും ഇപ്പോൾ ശത്രു പാളയത്തിലാണെന്ന് ഓർമ്മ വേണം...അവരെ നേരിടാൻ ഒരു മാർഗ്ഗം മാത്രമേയുള്ളൂ "
ചെല്ലപ്പൻ മാഷിന്റെ കണ്ണുകൾ തിളങ്ങി. അയാൾ തുടർന്നു...
"എങ്ങിനെയും മന്ത്രിസ്ഥാനം നമ്മൾ പിടിച്ചെടുക്കണം" ചെല്ലപ്പൻ മാഷ് പറഞ്ഞു.
രാഹുൽ അത്ഭുതത്തോടെ മാഷിനെ നോക്കി..
അധികാരമോഹം ലവലേശം തീണ്ടിയിട്ടില്ലാത്ത മാഷ് തന്നെയാണോ ഇത്‌ പറയുന്നത്...രാഹുൽ ചിന്തിച്ചു. രാഹുലിന്റെ മനോവ്യാപാരം മനസ്സിലാക്കിയ മാഷ് തുടർന്നു.
"ഇതു നിലനിൽപ്പിന്റെ പ്രശ്നമാണ്....തിങ്കളാഴ്ച തുടങ്ങുന്ന സഭാസമ്മേളനത്തിനുമുൻപ് നമുക്ക് മുഖ്യമന്ത്രിയെ കാണണം' ചെല്ലപ്പൻ മാഷ് പറഞ്ഞു.
"എല്ലാം മാഷിന്റെ ഇഷ്ടം. ആ ജിഷ്ണു എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നാണ് എന്റെ പേടി " രാഹുൽ പറഞ്ഞു.
"വെറും അഞ്ച് എം.എൽ.എ മാർ മാത്രം ഉണ്ടായിരുന്ന റെവല്യൂഷനറി പാർട്ടിയിൽ ഇപ്പോൾ തൊണ്ണൂറ്റി ഒൻപത് എംഎൽ എ മാർ ഉണ്ടായത് വെറുതെ ഇരുന്നിട്ടല്ല...ഈ ജിഷ്ണുവിനെ പോലെയുള്ളവരെ എന്തു ചെയ്യണമെന്ന് എനിക്കറിയാം" മാഷിന്റെ കണ്ണുകളിൽ കനൽ എരിയുന്നത് രാഹുലിന് കാണുവാൻ സാധിച്ചു.
അടുത്ത ദിവസം തന്നെ രാഹുൽ തിരുവന്തപുരത്തിന് യാത്രയായി. ശത്രുസംഹാര പുഷ്പാഞ്ജലി കഴിച്ചതിന്റെ പ്രസാദം ഒരു വലിയ പൊതിയിൽ അയാൾ കരുതിയിരുന്നു.
ദിവസം ചെല്ലും തോറും ദേവന്റെ ബിസ്സിനെസ്സ് മോശമായി വന്നുകൊണ്ടിരുന്നു....ഈയിടെയായി അയാൾ ചെയ്യുന്നതൊന്നും ശരിയാകുന്നില്ല. ഇതിനിടക്ക്‌ ബാങ്കിൽ അടക്കുവാൻ ഏൽപ്പിച്ച പണവുമായി സൂപ്പെർമാർക്കറ്റിന്റെ മാനേജർ മുങ്ങുകയും ചെയ്തു....പണത്തിന്റെ ആവശ്യം അയാൾക്ക്‌ ദിവസം ചെല്ലും തോറും കൂടിക്കൂടി വന്നുകൊണ്ടിരുന്നു.
അയാൾ അശ്വതിയെ വിളിച്ചു.
"മോളെ....അച്ഛന് ഉടനെ അഞ്ച് ലക്ഷം രൂപ കിട്ടിയേ മതിയാകൂ..... നീ രാഹുലിനോട് പറഞ്ഞ് എങ്ങിനെയെങ്കിലും ശരിയാക്കിത്തരണം. ഒരു മാസത്തിനുള്ളിൽ തിരിച്ചു കൊടുക്കാം" ദേവൻ പറഞ്ഞു.
അവൾക്ക് സങ്കടം തോന്നി..പണം കണ്ടുമടുത്ത അച്ഛൻ ഇപ്പോൾ തന്നോട് അപേക്ഷിക്കുന്നു!!!
അവൾ രാഹുലിനെ വിളിച്ചു നോക്കി... അയാൾ ഫോൺ എടുത്തില്ല...അല്ലെങ്കിലും ഈയിടെയായി വിളിച്ചാൽ ഫോൺ എടുക്കുന്ന പതിവ് അയാൾക്കില്ല...
അപ്പോഴാണ് അവൾക്ക്‌ അച്ഛൻ അവൾക്കുകൊടുത്ത ആഭരണത്തെപ്പറ്റി ഓർമ്മ വന്നത്....
"എന്റെമോൾക്കു ഇരുന്നൂറു പാവനാണ് ഞാൻ കൊടുക്കുന്നത്' കല്യാണാലോചനകൾക്കിടയിൽ ആരോടോ ദേവൻ പറഞ്ഞത് അവളുടെ ഓർമ്മയിൽ ഓടിയെത്തി.
കല്യാണത്തിന് അവൾ കുറച്ചു ആഭരണങ്ങൾ മാത്രമേ അണിഞ്ഞുള്ളൂ....ബാക്കിയുള്ളതെല്ലാം അലമാരിയിൽ ഭദ്രമായി വെച്ചിട്ടുണ്ട്...
തല്ക്കാലം അച്ഛന് കുറച്ച് ആഭരണങ്ങൾ കൊടുക്കാം.... രാഹുൽ ഒരിക്കലും തന്റെ ഇഷ്ടത്തിന് എതിര് നിൽക്കുകയില്ല....അവൾ വിചാരിച്ചു. അവൾ സാവധാനം തന്റെ മുറിയിലേക്ക് നടന്നു.
അലമാരയിലെ ലോക്കർ തുറന്നു നോക്കിയ അശ്വതി ഞെട്ടിപ്പോയി....അതിനകം ശൂന്യമായിരുന്നു!!!

(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot