************************************************
Temperory Military Fecility – Elephanta Island - Mumbai
************************************************
Temperory Military Fecility – Elephanta Island - Mumbai
************************************************
കഴിഞ്ഞ ഭാഗം തുടരുന്നു...
പെട്ടെന്നുണ്ടായ ഡോക്ടറുടെ ഭാവവ്യത്യാസത്തിൽ ഒന്നമ്പരന്നെങ്കിലും, തന്നെ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നു മനസ്സിലായതും, നതാലിയ ശാന്തയായി കിടന്നു കൊടുത്തു.
എന്നാൽ അദ്ദേഹം അവളുടെ കെട്ടുകൾ അഴിച്ചു മാറ്റുകയല്ല ചെയ്തത്, പകരം, ആ നാലു ബെൽട്ടുകളും പരമാവധി ലൂസാക്കി വീണ്ടും കെട്ടി വെച്ചു. പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വണ്ണം അതിന്റെ ‘ബക്കിൾ’ വരുന്ന ഭാഗം അവളുടെ കൈകാലുകൾക്കടിയിലേക്കു തന്നെ തിരുകിവെച്ചു.
നതാലിയാക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയിരുന്നു. എങ്കിലും ഡോക്ടർ എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ അവൾ അദ്ദേഹത്തിന്റെ മുഖത്തേക്കു തന്നെ നോക്കി കിടന്നു.
ഒടുവിൽ
തിടുക്കത്തിൽ വാച്ചിലൊന്നു നോക്കിയ അദ്ദേഹം തന്റെ കയ്യിലിരുന്ന പിസ്റ്റൾ നതാലിയായുടെ പുറകിൽ അരക്കെട്ടിനു താഴേക്ക് കയറ്റി വെച്ചു.
“ഏജന്റ് നതാലിയാ... 30 സെക്കൻഡിനുള്ളിൽ എമർജൻസി ബാക്കപ്പ് ജെനറേറ്റർ സ്റ്റാർട്ടാകും. അതിനുള്ളിൽ എല്ലാം തീർക്കണം. ഞാൻ ഇവിടെ വന്നതായോ പോയതായോ ആരും അറിയരുത്. അല്പ്പം കഴിയുമ്പോൾ ഒരു നേഴ്സ് വരും. നിനക്ക് ഭക്ഷണം തരാനാണ്. സൂപ്പാണ്. അത് അവർ തന്നെ നിനക്കു കോരി വായിൽ വെച്ചു തരും. ദയവു ചെയ്ത് അവരെ ഉപദ്രവിക്കരുത്. തുടർന്ന് എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ, ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ അയാൾ വരും... നിന്നെ ഇഞ്ചക്റ്റ് ചെയ്യാൻ. അപ്പോൾ... അപ്പോൾ മാത്രം നീ കൈ കാലുകൾ സ്വതന്ത്രമാക്കുക. ആ തോക്ക് ഫുൾ ലോഡഡ് ആണ്.“
നതാലിയയുടെ മുഖത്തെ ഒരായിരം ചോദ്യങ്ങൾ ഡോക്ടർ കാണാതിരുന്നില്ല. ഒരുപക്ഷേ ഉത്തരം ലഭിക്കും മുൻപേ മറ്റെന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന തോന്നൽ ശക്തി പ്രാപിച്ചപ്പോൾ നതാലിയ പതിയെ മന്ത്രിച്ചു… "Who are you?"
നതാലിയയുടെ മുഖത്തെ ഒരായിരം ചോദ്യങ്ങൾ ഡോക്ടർ കാണാതിരുന്നില്ല. ഒരുപക്ഷേ ഉത്തരം ലഭിക്കും മുൻപേ മറ്റെന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന തോന്നൽ ശക്തി പ്രാപിച്ചപ്പോൾ നതാലിയ പതിയെ മന്ത്രിച്ചു… "Who are you?"
“ശത്രുവല്ല കുട്ടീ. നിനക്കത് മനസ്സിലായികാണുമല്ലോ ? നിന്നെ ഇവിടെ എത്തിച്ചത് ഞാനാണ്. RAW യുടെ ഏറ്റവും നല്ല ഏജന്റിനെ എനിക്കു വേണമെന്നു ഞാൻ ആവശ്യപ്പെട്ടിരുന്നു. ചീഫ് അയച്ചത് നിന്നെയാണ്. അതുകൊണ്ടുതന്നെ, ഞാൻ നിന്നെ വിശ്വസിക്കുകയാണ്. നമുക്കിത് ഇവിടം കൊണ്ടവസാനിപ്പിക്കണം. ഇരുചെവിയറിയാതെ ഈ നശിച്ച എക്സ്പെരിമെന്റ് ഇവിടെ തീരണം. പലവട്ടം ഞാൻ ശ്രമിച്ചതാണ്. But, I am not a killer Nathalia... എന്നെക്കൊണ്ടതിനാകില്ല. അല്ലായിരുന്നെങ്കിൽ.." ഒരു ദീർഘനിശ്വാസത്തിന് ഒടുവിലായി ഞെരിഞ്ഞമർന്ന പല്ലുകൾക്കിടയിലൂടെ അയാൾ തുർന്നു.. "എന്റെ ജീവൻ നഷ്ടപ്പെടുത്തിയിട്ടായിരുന്നെങ്കിലും ഞാൻ ഇവരെ പണ്ടേ ഇല്ലാതാക്കിയേനേ!”
“ഇതെന്താണീ എക്സ്പെരി-”
അടുത്ത നിമിഷം വൈദ്യുതിബന്ധം പുനസ്ഥാപിക്കപ്പെട്ടു. തലക്കു മുകളിലെ ക്യാമറ വീണ്ടും പ്രവർത്തനക്ഷമമായി. നതാലിയ നിശബ്ദയായി നിർവ്വികാരയായി കണ്ണുകളടച്ചു.
“അടങ്ങിക്കിടക്കവിടെ! വെറുതേ വയലന്റായാൽ ആരോഗ്യം കളയാമെന്നേയുള്ളൂ! യതാർത്ഥ കളികൾ തുടങ്ങാനിരിക്കുന്നേയുള്ളൂ ഏജന്റ് നതാലിയ!” ഡോ. ശങ്കർ ഉറക്കെ ആക്രോശിച്ചു കൊണ്ട് വെളിയിലേക്കിറങ്ങിപ്പോയി.
ആ കിടന്ന കിടപ്പിൽ നതാലിയ കഴിഞ്ഞ സംഭവങ്ങളെല്ലാം കൂട്ടിയിണക്കി ഒരു തിയറി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
ഡോ. ശങ്കർ ഒരു പക്ഷേ RAW യിലെ തന്നെ ഒരു ഏജന്റായിരിക്കണം. ഒരു സയന്റിസ്റ്റോ മറ്റോ. അദ്ദേഹം എങ്ങനെയോ ഇവിടെയെത്തി, ചീഫുമായി ബന്ധപ്പെട്ട് തന്നെ ഈ കേസിൽ ഉൾപ്പെടുത്തി ഇപ്പോൾ ഇവിടെയെത്തിച്ചിരിക്കുകയാണ്. ഏറ്റവും നല്ല ഏജന്റിനെ ആവശ്യപ്പെട്ടപ്പോൾ ചീഫ് തന്നെയാണ് അയച്ചത്. നതാലിയായുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
തന്റെ ലാബിലേക്ക് മടങ്ങിയെത്തിയ ഡോ. ശങ്കറിനെ പ്രതീക്ഷിച്ച് ക്രൂദ്ധ ഭാവത്തോടെ ഡോ. രഘുചന്ദ്ര കാത്തു നില്ക്കുന്നുണ്ടായിരുന്നു.
“മി. ശങ്കർ, അല്പ്പം മുൻപ് കണ്ട്രോളിൽ ഒരു മെസേജ് വന്നിരുന്നു. പേഷ്യന്റ് 27നുമായി ഒരു കോപ്റ്റർ പുറപ്പെട്ടിട്ടുണ്ടെന്ന്.”
“യെസ്! ഞാനാണ് ഹെലികോപ്റ്റർ അയച്ചത്.”
“താങ്കളോട് ഞാൻ വ്യക്തമായി പറഞ്ഞതല്ലേ ഷൂട്ട് ഹിം അറ്റ് സൈറ്റ് എന്ന് ? എന്തിനാണ് എനിക്കവനെ ഇനി ?”
“പേഷ്യന്റ് 27 എന്നു പറയുന്നത് ഏതെങ്കിലും ഒരു വന്യമൃഗമല്ല! നമ്മളെപ്പോലെ തന്നെ ഒരു മനുഷ്യനാണ് ഡോക്ടർ!”
“സോ ?”
“സോ, അനാവശ്യമായുള്ള രക്തച്ചൊരിച്ചിൽ ഇനി വേണ്ട എന്നു ഞാൻ തീരുമാനിച്ചു. അത്ര തന്നെ.”
“അതു താനാണോ തീരുമാനിക്കുന്നത് ?
”താങ്കൾ എന്തിനാണ് ഭയക്കുന്നത് ഡോക്ടർ ? അയാൾ നിങ്ങളോട് എന്തു ദ്രോഹം ചെയ്തു ? ഒരു ഗിന്നി പിഗ്ഗിനോട് കാണിക്കുന്ന മര്യാദയെങ്കിലും അയാളോട് കാണിച്ചു കൂടേ ?“
“Who the fuck do you think you are, mr. Shankar ? നിന്നെയാരാ ഇതിന്റെയൊക്കെ ഇൻചാർജ്ജാക്കിയത് ? അവനെ കൊന്നു കളഞ്ഞേക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. തിരിച്ചിങ്ങോട്ടൊരു സംസാരം വേണ്ട! മനസ്സിലായോ ?” ഡോക്ടറുടെ ഇടതു കണ്ണ് മൂടിവെച്ച ബാൻഡേജ് ചോരയിൽ കുതിർന്നു. “അവൻ ഇവിടെ ഹെലിപാഡിൽ കാലു കുത്തുന്ന നിമിഷം വെടി കൊണ്ടു വീണിരിക്കണം! This is a Direct Order!!”
ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്ന ഡോ. ശങ്കർ തൊട്ടു മുൻപിൽ തന്നെ ആജാനുബാഹുവായ ഐഗ്വോയുടെ ശരീരത്തിൽ തടഞ്ഞു നിന്നു.
“ഡോക്ടർ... എനിക്കൊരു സംശയം!” അയാൾ പല്ലിളിച്ചു ചിരിക്കുകയാണ്. “കൃത്യമായി താങ്കൾ ആ ഏജന്റിനെ കിടത്തിയിരിക്കുന്ന മുറിയിൽ കടന്നപ്പോൾ തന്നെ വൈദ്യുതി നിലച്ചതെങ്ങനെയാണ് ?”
“വാട്ട് ?” ഡോ. ശങ്കർ ചിറി കോട്ടി . “Get Out of my Way mister!" അയാളെ തള്ളി മാറ്റി മുൻപോട്ടു നീങ്ങാനൊരുങ്ങിയ ഡോക്ടർ തലക്കു പുറകിൽ ഒരു തോക്കിന്റെ ‘ക്ലിക്ക്’ ശബ്ദം കേട്ടു നിശ്ചലനായി.
”നീയെന്താ ഇന്നലെ പറഞ്ഞത് ? വെള്ളത്തിൽ വിഷം കലക്കി തന്ന് എന്നെയങ്ങ്...“ ഐഗ്വോ പല്ലുകൾ ഞെരിച്ചു.
”ഗയ്സ്! ഗയ്സ്!“ ഡോ. രഘുചന്ദ്ര ഇടപെട്ടു. ”വെറുതേ ആവശ്യമില്ലാത്ത കോമ്പ്ലിക്കേഷൻസ് വേണ്ട! അയാളെ വിടൂ ഐഗ്വോ! നമുക്ക് ധാരാളം ജോലിയുണ്ട്. എനിക്കിപ്പൊ നല്ല ആശ്വാസം തോന്നുന്നുണ്ട്. പോയി അടുത്ത ബാച്ച് ട്രൈ ചെയ്യാം.“
”പക്ഷേ... നല്ല ബ്ലീഡിങ്ങുണ്ട് താങ്കൾക്ക്.“
”സാരമില്ല!“ ഡോക്ടർ തന്റെ കണ്ണിനെ മൂടിക്കെട്ടിയിരുന്ന ആ ബാൻഡേജ് യാതൊരു മയവുമില്ലാതെ വലിച്ചു പറിച്ചെടുത്തു.
”Fuck!" ഐഗ്വോ പോലും ആ കാഴ്ച്ച കാണാനാകാതെ മുഖം തിരിച്ചു കളഞ്ഞു.
ചോരയിൽ കുതിർന്ന ഒരു വലിയ പഞ്ഞിക്കഷണം തന്റെ മുഖത്തെ ആ വലിയ കുഴിയിൽ നിന്നും വലിച്ചെടുത്ത് അയാൾ തനിയെ ആ മുറിവ് വൃത്തിയാക്കി ഡ്രസ്സ് ചെയ്യാൻ തുടങ്ങി.
ഒരു തരി പോലും വേദന ആ മുഖത്ത് കാണാനുണ്ടായിരുന്നില്ല. പക്ഷേ ആരും വിറങ്ങലിച്ചു പോകുന്ന ഒരു കാഴ്ച്ചയായിരുന്നു അത്.
എല്ലാം കഴിഞ്ഞപ്പോൾ അയാൾ തിരിഞ്ഞു.
“പോകാം ? എല്ലാം റെഡി! ഇനി ഞാൻ ആ ലാബിൽ നിന്നു വെളിയിൽ വരുന്നത് ഒരു 100% ഓക്കേ ഫോർമുലയുമായിട്ടായിരിക്കും! മി. ഐഗ്വോ എനിക്കൊരു ഉപകാരം ചെയ്യണം. അടുത്ത പത്തു മിനിറ്റിനുള്ളിൽ ഒരു കോപ്റ്റർ ലാൻഡ് ചെയ്യും. അതിനുള്ളിൽ ഒരു പ്രിസണർ കാണും. അവൻ ഇറങ്ങിയാൽ ഉടനെ തന്നെ-“
”മനസ്സിലായി ഡോക്ടർ! സന്തോഷമേയുള്ളൂ!“ ഐഗ്വോ പുഞ്ചിരിയോടെ ഡോ. ശങ്കറിന്റെ തലക്കു പുറകിൽ നിന്നും തന്റെ തോക്കു പിൻവലിച്ചു. ”നിങ്ങളെ വെറുതേ വിടുമെന്ന് കരുതരുത് കേട്ടോ ഡോക്ടർ! ഐഗ്വോയെ നിങ്ങൾക്കറിയില്ല! ഓർത്തു വെച്ചു പ്രതികാരം ചെയ്യുന്ന ഒരുത്തനാണ് ഞാൻ. “ കുനിഞ്ഞ് ഡോ. ശങ്കറിന്റെ ചെവിയിൽ മന്ത്രിച്ചുകൊണ്ടാണ് അയാൾ മുറി വിട്ടു പോയത്.
ആ സമയം സുജിത്തിനേയും വഹിച്ചുകൊണ്ട് ആ ഹെലികോപ്റ്റർ എലെഫന്റാ ഐലൻഡ്സ് വന പ്രദേശത്തേക്കു കടന്നിരുന്നു.
“Alpha Lima Juliet Niner Niner - Requesting permission to land !!" കോപ്റ്ററിന്റെ പൈലറ്റ് താഴെ ബേസുമായി ബന്ധപ്പെട്ടു തുടങ്ങി.
ലാൻഡിങ്ങ് ക്ലിയറൻസ് കിട്ടിയതും സുജിത്തിന്റെ നോട്ടം താഴേക്കായി. മരങ്ങളോട് തൊട്ടു തൊട്ടില്ല എന്ന പോലെയാണ് ഹെലികോപ്റ്ററിന്റെ പോക്ക്.
രണ്ടു മരങ്ങളെ തമ്മിൽ ബന്ധിച്ചുകൊണ്ട് ഒരു പടുകൂറ്റൻ ചിലന്തിവല അവന്റെ കണ്ണിൽ പെട്ടു. ഹെലികോപ്റ്ററിന്റെ കാറ്റിൽ ഇളകിയാടുകയാണത്. അതിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞു തുള്ളികളിൽ തട്ടിത്തെറിച്ച സൂര്യപ്രകാശം അവന്റെ കണ്ണഞ്ചിപ്പിച്ചു.
”നമ്മളിപ്പോ എത്തും സുജിത്ത്. നിന്റെ എല്ലാ പ്രശ്നങ്ങളും -“ മേജർ സുദേവിനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല സുജിത്ത്.
”നീ ആ വല കണ്ടാരുന്നോ സുദേവ് ? ആ ചിലന്തിവല ?“
സുജിത്തിന്റെ ഭാവമാറ്റം മേജർ സുദേവിനെ അമ്പരപ്പിച്ചു കളഞ്ഞു. ക്രൗര്യം കലർന്ന ഒരു പുഞ്ചിരിയാണാ മുഖത്തിപ്പോൾ.
“നീ ആ വല മാത്രമേ കണ്ടു കാണൂ... പക്ഷേ ഞാൻ അതിന്റെ മൂലയിൽ ഒരു ഒരു ചിലന്തിയെ കൂടെ കണ്ടിരുന്നു.ഇരയെ കാത്ത് ക്ഷമയോടെ കാത്തു നില്ക്കുന്ന ഒരു ഒരു പടു കൂറ്റൻ ടൈഗർ സ്പൈഡർ!”
”നിന്നെ ഞങ്ങൾ ചതിച്ചു കൂട്ടിക്കൊണ്ടു പോകുകയാണെന്നാണോ കരുതുന്നത് ?“
”നോ! I believe you Sudev! നിനക്കെന്നെ കൊല്ലണമെങ്കിൽ മുൻപേ ആകാമായിരുന്നു. നീയറിയാതെ തന്നെ ഞാനത് പരീക്ഷിച്ചറിഞ്ഞതാണ്. പക്ഷേ എനിക്കുറപ്പുണ്ട് ഈ യാത്ര അപകടത്തിലേ അവസാനിക്കൂ എന്ന്.“
“ഒക്കെ നിന്റെ തോന്നലാണ്. ദയവായി ഒരു മൂവിങ്ങ് ഹെലികോപ്റ്ററിനുള്ളിലിരുന്ന് ഇതുപോലെ അപശകുനം പറയാതിരിക്കൂ.” സുദേവ് ഒരു ചിരി കൊണ്ട് അന്തരീക്ഷം മയപ്പെടുത്താൻ ശ്രമിച്ചു.
പക്ഷേ ഓരോ സെക്കൻഡുകൾ കഴിയുന്തോറും സുജിത്തിന്റെ മുഖം മുറുകി വന്നു.
താഴെ മരങ്ങൾക്കിടയിൽ നിലത്ത് ഒരു പടുകൂറ്റൻ ‘H’ കാണാമായിരുന്നു. ഹെലിപാഡാണ്. കോപ്റ്റർ പതിയെ താഴ്ന്നു തുടങ്ങി.
ഇട തൂർന്ന് നില്ക്കുന്ന മരങ്ങളാണ്. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം ഉറപ്പാണ്. വിദഗ്ധനായ ആ പൈലറ്റ് സാവധാനം ആ യന്ത്രപ്പക്ഷിയെ താഴേക്കിറക്കിക്കൊണ്ടിരുന്നു.
ഏതാണ്ട് 20 അടിയോളമേ ബാക്കിയുള്ളൂ, ആ പ്രദേശം മുഴുവൻ പൊടിപടലങ്ങളാൽ നിറഞ്ഞു. താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകൾ പലതും കുലുങ്ങിവിറക്കുന്നതു കാണാമായിരുന്നു.
അടുത്ത നിമിഷം സുജിത്ത് തന്റെ സീറ്റ്ബെൽട്ട് വിടുവിച്ചു. കോപ്റ്ററിനുള്ളിൽ അപായ സൈറണുകൾ മുഴങ്ങിത്തുടങ്ങി.
“What the fuck is going on there ?” തിരിഞ്ഞ് പുറകോട്ടു നോക്കാനാകാത്ത അവസ്ഥയിൽ പൈലറ്റ് വെപ്രാളപ്പെട്ടു.
“താങ്കളുടെ ഡോ. ശങ്കർ ഒരു ചൈനക്കാരനായിരുന്നോ ?” പെട്ടെന്നായിരുന്നു സുജിത്തിന്റെ ചോദ്യം! സുദേവ് ഞെട്ടി അവന്റെ കണ്ണുകളിലേക്കു നോക്കി. അവൻ താഴേക്കു നോക്കാൻ ആംഗ്യം കാണിച്ചു.
ഹെലിപ്പാഡിൽ നിന്നും താഴേക്കിറങ്ങി ചെല്ലുന്ന ഡെക്കിൽ അവരെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് നില്ക്കുന്ന ആജാനുബാഹുവായ ആ ചൈനക്കാരനെ അപ്പോഴാണയാൾ കണ്ടത്.
ഐഗ്വോ രണ്ടു കൈകളും പുറകിൽ കെട്ടി, കാലുകൾ രണ്ടും അകത്തി നിലത്തുറപ്പിച്ച് നിലകൊണ്ടിരുന്നു. ഹെലികോപ്റ്ററിന്റെ കാറ്റ് അയാളെ ഒട്ടും ബാധിക്കുന്നില്ല.
“അതാരാണെന്നെനിക്കറിയില്ല സുജിത്ത്! ആദ്യമായി കാണുകയാണ് ഞാൻ... നമുക്ക് താഴെയിറങ്ങി-”
“അതാരാണെന്നതല്ല വിഷയം... അയാളാ പുറകിൽ കെട്ടിയിരിക്കുന്ന കയ്യിൽ എന്തായിരിക്കുമെന്നാണ് നിനക്കു തോന്നുന്നത് ? ഞാനൊരു വിഡ്ഢിയാണെന്നു തോന്നുന്നുണ്ടോ സുദേവ് ?”
“നമുക്ക് ലാൻഡു ചെയ്തിട്ട് സംസാരിക്കാം സുജിത്ത്! ദയവായി സീറ്റ്ബെൽട്ടിടൂ.”
“നമുക്ക് ലാൻഡു ചെയ്തിട്ട് സംസാരിക്കാം സുജിത്ത്! ദയവായി സീറ്റ്ബെൽട്ടിടൂ.”
“NO!! We are Definitely NOT landing here!”
അടുത്ത സെക്കൻഡിൽ തന്റെ തുടയിലെ പോക്കറ്റിൽ നിന്നും വലിച്ചെടുത്ത പിസ്റ്റൾ അവൻ പൈലറ്റിന്റെ കഴുത്തിനു പുറകിലേക്കു ചൂണ്ടി.
“I’m Sorry Mr. Pilot ! നമുക്ക് ഒന്നുകൂടി പറന്നിട്ടു വരാം!”
“സീ മിസ്റ്റർ... എന്റെ കണ്ണ് ഒരു സെക്കൻഡ് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിപ്പോയാൽ എല്ലാം തീരും... വെറുതേ മണ്ടത്തരം കാണിക്കരുത്. 10 സെക്കൻഡിൽ നമുക്ക് സേഫായി ലാൻഡ് ചെയ്യാം. താഴെയിറങ്ങിയിട്ട് നമുക്ക് എന്തു വേണമെങ്കിലും-”
“Shut up!!” ഒരൊറ്റ അലർച്ചയോടെ മുൻപോട്ടാഞ്ഞ സുജിത്ത് പൈലറ്റിന്റെ തലമുടിയിൽ പിടിച്ച് പുറകോട്ടു വലിച്ചു പിടിച്ചു. “ഇങ്ങനെ ചാകാനല്ല സുജിത്ത് വന്നത്! I am not going down without a fight brother! Pull that thing on your left hand!”
പൈലറ്റ് നിസ്സഹായതയോടെ തിരിഞ്ഞ് താഴേക്കു നോക്കി.
താഴെ നിന്നിരുന്നവരെല്ലാം തന്നെ ഹെലികോപ്റ്ററിന്റെ അസ്വഭാവിക ചലനങ്ങൾ കണ്ട് അമ്പരന്നു നില്ക്കുന്നുണ്ടായിരുന്നു. ഐഗ്വോ മാത്രം അതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്ന മട്ടിൽ നിശ്ചലനായി നിലകൊണ്ടു.
“GO!!” സുജിത്ത് ആക്രോശിച്ചു.
അടുത്ത നിമിഷം ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ ഒരു മരച്ചില്ലയിൽ ഉരുമ്മി. ഭയാനകമായൊരു സീല്ക്കാര ശബ്ദം! മുൻപത്തേതിനേക്കാൾ ഉച്ചത്തിൽ സൈറണുകൾ മുഴങ്ങിത്തുടങ്ങി.
അപ്രതീക്ഷിതമായ ശബ്ദം പൈലറ്റിന്റെ മനസ്സാനിധ്യം തകർത്തു കളഞ്ഞു എന്നു വേണം കരുതാൻ.
നിയന്ത്രണം വിട്ട കോപ്റ്റർ ഭയാനകമായ വേഗതയിൽ മുൻപോട്ടു കുതിച്ചു. ഇട തൂർന്നു നില്ക്കുന്ന മരക്കൂട്ടത്തിനിടയിലേക്ക്!
“Pull the fucking lever!” സുജിത്ത് അലറിക്കൊണ്ടിരുന്നു. പക്ഷേ പ്രയോജനമുണ്ടായില്ല. പൈലറ്റ് ആകെ മരവിച്ച അവസ്ഥയിലായിരുന്നു.
അടുത്ത നിമിഷം!
ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു.
ഹെലികോപ്റ്ററിന്റെ ബ്ലേഡുകളിലൊന്ന് ചാട്ടുളി പോലെ തെറിച്ച് ഒരു മരത്തിൽ തറച്ചു.
രണ്ടു മരക്കമ്പുകൾക്കിടയിലായി, ത്രികോണാകൃതിയിൽ ഒരു വലിയ വിടവിനുള്ളിലേക്ക് ഒരു വെടിയുണ്ട പോലെ ഹെലികോപ്റ്റർ കയറിപ്പോയി.
മരണമാണ് മുൻപിൽ!
സുദേവ് തന്റെ സീറ്റ്ബെൽട്ടഴിക്കാൻ തുടങ്ങിയതും സുജിത്ത് തടഞ്ഞു. അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. സമനില തെറ്റിയവനെപ്പോലൊരു ചിരി.
ഹെലികോപ്റ്റർ അപ്പോഴും ഭ്രാന്തമായ വേഗതയോടെ മുൻപോട്ടു തന്നെ കുതിച്ചുകൊണ്ടിരുന്നു. രണ്ടു ബ്ലേഡുകൾ നഷ്ടപ്പെട്ടിട്ടും, എയ്തു വിട്ട ശരം പോലുള്ള അതിന്റെ യാത്ര നിലച്ചിട്ടില്ല.
സുജിത്തിന് വേണ്ടിയിരുന്നതും അതു തന്നെ. ആ ക്യാമ്പിൽ നിന്നും പരമാവധി ദൂരെയെത്തണം.
പെട്ടെന്നാണ് അവനതു കണ്ടത്.
തൊട്ടു മുൻപിൽ ഒരു വൻ മരം! ഭ്രാന്തമായ വേഗതയിൽ തങ്ങളീ കുതിച്ചു പാഞ്ഞു ചെല്ലുന്നത് ആ മരത്തിലിടിച്ചു തകരാനാണ്.
“Thats it! God bless you guys! I'm Out of here!" സുജിത്ത് ഒരൊറ്റ ചവിട്ടിന് ഡോർ തെറിപ്പിച്ചു കളഞ്ഞു. എന്നിട്ട് ഒരു നിമിഷം പോലും ആലോചിക്കാതെ രണ്ടു കൈകളും ഉയർത്തിപ്പിടിച്ച് ഒരു നീന്തൽക്കുളത്തിലേക്ക് ഊളിയിടുന്ന പോലെ താഴേക്ക് ചാടി.
സുദീപ് സ്തംഭിച്ചു പോയി!
അടുത്ത നിമിഷം!
എടുത്തെറിഞ്ഞ പോലെ അയാൾ, താനിരുന്ന സീറ്റടക്കം മുൻപോട്ടു തെറിച്ചു. മുൻപിൽ പൈലറ്റിരുന്ന കാബിൻ ഞെരിഞ്ഞമർന്നു പോയിരുന്നു.
മരത്തിൽ ഇടിച്ചതും, ഹെലികോപ്റ്ററിന്റെ അവശേഷിച്ച ശരീര ഭാഗങ്ങൾ തകർന്നു തരിപ്പണമായി താഴേക്കു പതിച്ചു.
ഫ്യുവൽ ടാങ്ക് ഏതാണ്ട് ശൂന്യമായിരുന്നതു കൊണ്ടായിരിക്കണം, വലിയൊരു സ്ഫോടനമുണ്ടായില്ല.
സുജിത്ത് …
മരക്കൊമ്പുകളിലൂടെ ഒരു ട്രപ്പീസ് അഭ്യാസിയെപ്പോലെ അയാൾ തൂങ്ങിയാടി ദൂരേക്കു നീങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ സുരക്ഷിതമാണെന്നു തോന്നിയ ഒരിടത്തെത്തിയതും, അവൻ പിടി വിട്ടു.
താഴെ കരിയിലമൂടിക്കിടന്ന ഭൂമിയിൽ തന്റെ കാൽ തൊട്ടതും, അവൻ ഒരു ഉടുമ്പിനെപ്പോലെ ശരീരം വളച്ച് ആ വീഴ്ച്ചയുടെ ആഘാതം നിയന്ത്രണവിധേയമാക്കി.
എഴുന്നേറ്റു നിന്ന അവന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഒരു ജേതാവിന്റെ ചിരി!
ഒരു നിമിഷം പോലും വിശ്രമിക്കാതെ അവൻ പോക്കറ്റിൽ കയ്യിട്ട് ഒരു സിറിഞ്ച് വലിച്ചെടുത്തു.
അസാധാരണ വലുപ്പമുള്ള ആ സിറിഞ്ചിൽ വളരെ സൂഷ്മതയോടെ നീഡിൽ പിടിപ്പിച്ച് അവൻ ഒന്ന് ചുറ്റും നോക്കി. ഒരു വന്യമൃഗത്തിന്റെ മുഖഭാവമായിരുന്നു അപ്പോളവന്.
പിന്നെ തന്റെ ഷർട്ടിന്റെ ബട്ടനുകൾക്കിടയിൽ വിരൽ കൊണ്ട് തിരഞ്ഞ് അവൻ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു. ആ സിറിഞ്ചിന്റെ നീഡിൽ മാറിൽ... അവന്റെ ചൂണ്ടുവിരലിനോട് ചേർന്ന് പതിയെ അമർന്നു.
ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഒരലർച്ചയായിരുന്നു പിന്നീട് കേട്ടത്.
ആ സിറിഞ്ചിലെ മരുന്ന് മുഴുവൻ അവൻ നേരേ തന്റെ ഹൃദയത്തിലേക്ക് കുത്തിയിറക്കി!!
ഈ സമയം, ഡോ. രഘുചന്ദ്ര തന്റെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞ 99.99% എന്ന അക്കങ്ങളിലേക്ക് നോക്കി സന്തോഷം സഹിക്കാനാകാതെ ഉറക്കെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
ഏതാണ്ട് 30 വർഷത്തെ തന്റെ ഗവേഷണമാണ് ഒടുവിൽ പൂർണ്ണ വിജയം കണ്ടിരിക്കുന്നത്!!
അതു പരീക്ഷിക്കാനായി ഒരു പെർഫക്റ്റ് സബ്ജെക്റ്റ് റെഡിയായി അടുത്ത മുറിയിൽ! ഒരു Highly Trained RAW Agent! അയാൾക്ക് സന്തോഷം സഹിക്കാനാകുന്നുണ്ടായിരുന്നില്ല.
മുറിയിലേക്ക് കടന്നു വന്ന ഐഗ്വോയുടെ ഇരുണ്ട മുഖം അയാൾ ശ്രദ്ധിച്ചതേയില്ല. ലാപ്ടോപ്പ് തിരിച്ച് അയാളെ കാണിച്ച് എന്തൊക്കെയോ വിളിച്ചു പറയുകയാണയാൾ.
“ഡോക്ടർ!” ഐഗ്വോയുടെ ആ ഒരൊറ്റ വിളിയിൽ അദ്ദേഹം ശാന്തനായി. സ്തബ്ധനായി എന്നു വേണം പറയാൻ. ഐഗ്വോയുടെ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു.
“എന്തുപറ്റി മി. ഐഗ്വോ ? അവനെ കിട്ടിയില്ലെ ?”
“നോ ഡോക്ടർ! കിട്ടിയില്ലെന്നതല്ല ഇവിടെ വിഷയം. ഞാനൊന്നു ചോദിക്കട്ടെ ? അവൻ നിങ്ങളുടെ ഒരു പേഷ്യന്റ് ആയിരുന്നോ ? ആ ഹെലികോപ്റ്ററിൽ വന്നവൻ ?”
“അതേ!”
ഐഗ്വോയിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
“എന്തു പറ്റി മി. ഐഗ്വോ ?”
“അവനായിരുന്നില്ല പ്രിസണർ! ആ ഹെലികോപ്റ്ററിലുണ്ടായിരുന്നവർ അവന്റെ പ്രിസണേഴ്സ് ആയിരുന്നു ഡോക്ടർ! “അയാളുടെ സ്വരം താണിരുന്നു. “ഞാൻ കണ്ടു അവനെ! ഒറ്റ നോട്ടത്തിൽ എനിക്കു മനസ്സിലായി അവൻ ഒരു പേഷ്യന്റ് ആണെന്ന്.”
“പേഷ്യന്റ് 27” ഡോക്ടർ പിറുപിറുത്തു.
“ഞാനൊന്നു ചോദിക്കട്ടെ ? നിങ്ങൾ ഈ മരുന്ന് ഇഞ്ചക്റ്റ് ചെയ്തിട്ട് അവരെ പിന്നെ കണ്ട്രോൾ ചെയ്യാനാകുന്നില്ലെങ്കിൽ പിന്നെ ഇതുകൊണ്ട് എന്താണു പ്രയോജനം ?“
”അങ്ങനെ കുറേ ഇഷ്യൂസ് ഉള്ളതുകൊണ്ടാണല്ലോ മി. ഐഗ്വോ നമുക്ക് പരീക്ഷണം തുടരേണ്ടി വന്നത്. പക്ഷേ ഇനിയങ്ങോട്ട് അങ്ങനെയല്ല. ഇതു നോക്കൂ... ആ പെൺകുട്ടിയിൽ ഇത് ഇഞ്ചക്റ്റ് ചെയ്താൽ, അടുത്ത നിമിഷം മുതൽ അവൾ പിന്നെ എന്റെ നിയന്ത്രണത്തിലായിരിക്കും. ഞാൻ പറയുന്ന വാക്ക് വിട്ട് അവൾ ഒന്നും പ്രവർത്തിക്കില്ല.“
”ഡോക്ടർ... എന്റെ കൺസേൺ നിങ്ങൾക്കു മനസ്സിലാകുമല്ലോ. നമ്മൾ ഇത് ഒരു 1000 സോൾജ്യേഴ്സിൽ അപ്പ്ളേ ചെയ്താൽ, അവരെല്ലാവരും ഈ സുജിത്തിനെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ...അതിൽ പരം ഒരു ദുരന്തം വേറെയുണ്ടോ ?“
ഡോക്ടർ പുഞ്ചിരിച്ചു.
”മി. ഐഗ്വോ, ഒരിക്കലും നിങ്ങൾ ഇത് അത്രയധികം പേരിൽ ഒരുമിച്ച് പരീക്ഷിക്കാൻ നില്ക്കരുത്. ആദ്യം ഒരു 10 പേർ. പിന്നെ 100 അങ്ങനെ അങ്ങനെ ഘട്ടം ഘട്ടമായി വേണം ചെയ്യാൻ. കമാൻഡിങ്ങ് ഓഫീസർ പറയുന്നതേ അവർ ചെയ്യൂ. ഞാനുറപ്പു തരുന്നു.“
”OK! let's make the bloody thing. കഴിയുമെങ്കിൽ ഇന്നു തന്നെ എല്ലാം തീർത്ത് എനിക്ക് മടങ്ങണം.“ അയാൾ തൊട്ടടുത്ത ടേബിളിൽ തയ്യാറക്കി വെച്ചിരിക്കുന്ന വിവിധ കെമിക്കലുകളിലേക്ക് നോക്കി.
”അതിനു മുൻപ് നമുക്ക് ചില കാര്യങ്ങളില്ലേ ഐഗ്വോ ?“ ഡോക്ടറുടെ മുഖത്ത് വീണ്ടും ആ ചിരി. ”ഇതിനെല്ലാം ഒത്താശ ചെയ്തു തരുന്ന നമ്മുടെ പ്രിയപ്പെട്ട ഇൻഡ്യൻ ആർമിയെ ഈ സന്തോഷ വാർത്ത അറിയിക്കണ്ടേ ?“
“ഹും!!” ഐഗ്വോ ചിറി കോട്ടി.
“നമുക്ക് ഒരു സ്കൈപ്പ് കോൾ നടത്താം. വളരെ വർഷങ്ങളായി വിളിക്കാനായി ഞാൻ കാത്തിരുന്ന ആ കോൾ!”
”സ്കൈപ്പ് ?“ ഐഗ്വോ ഒന്നു ഞെട്ടിയതു പോലെ തോന്നി.
”ഇവിടത്തെ കണക്ഷൻ സെക്യുവേർഡ് ആണ് പേടിക്കണ്ട. ഇനിയിപ്പോൾ അഥവാ നമ്മളെ ആരെങ്കിലും ഹാക്ക് ചെയ്താൽ തന്നെ പേടിക്കുന്നതെന്തിന് മി. ഐഗ്വോ! നമ്മൾ അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യം വിടുകയല്ലേ ? “ ഡോക്ടർ പൊട്ടിച്ചിരിച്ചുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്തു.
സ്കൈപ്പ് റിങ്ങ് ചെയ്യുന്ന ശബ്ദം.
അധികം വൈകിയില്ല സ്ക്രീനിൽ ആ മുഖം തെളിഞ്ഞു.
ബ്രിഗേഡിയർ ജെനറൽ സാവന്ത് ഭട്ട്!
ഏതാണ്ട് 55 വയസ്സു തോന്നിക്കുന്ന ആ മനുഷ്യൻ ഒരു കരിങ്കൽ ശില്പ്പം പോലെ തോന്നിച്ചു. പൂർണ്ണ മിലിട്ടറി യൂണിഫോമിലാണ്. പല വിധ മെഡലുകളാലും പതക്കങ്ങളാലും നിറഞ്ഞിരിക്കുന്ന വേഷ വിധാനം. ജീവിതത്തിൽ ഒരിക്കൽ പോലും ചിരിച്ചിട്ടില്ലെന്നു തോന്നിപ്പിക്കുന്ന മുഖഭാവം!
“ഗുഡ് ആഫ്റ്റർനൂൺ ജെനറൽ!” ഡോക്ടർ ഒരു സല്യൂട്ടോടെ അദ്ദേഹത്തെ വിഷ് ചെയ്തു.
“ടെൽ മി ഡോക്ടർ!” ജെനറലിന്റെ പരുക്കൻ ശബ്ദം ആ മുറിയിലാകെ മുഴങ്ങി. ഡോക്ടറുടെ വിരലുകൾ വിറക്കുന്നത് ഐഗ്വോ ശ്രദ്ധിച്ചു. ഒരു ഇൻഡ്യൻ ആർമി ജെനറലാണ് ലൈനിൽ.
“99.99% വർക്കിങ്ങ് ആയ ഒരു ഫോർമുലയുണ്ട് ഇപ്പൊ എന്റെ കയ്യിൽ!” ഡോക്ടർക്ക് തന്റെ സന്തോഷം പൂർണ്ണമായി പ്രകടിപ്പിക്കാനാകുന്നില്ല. വാക്കുകൾ മുറിഞ്ഞു പോകുന്നു.
“I don’t give a Damn about your percentages!” ജെനറൽ പല്ലു ഞെരിച്ചു. “എനിക്ക് റിസൾട്ടാണ് വേണ്ടത്. അതു കിട്ടിയിട്ടു മാത്രം എന്നെ വിളിച്ചാൽ മതിയെന്നു ഞാൻ പറഞ്ഞിരുന്നു നിന്നോട്! അതുപോലെ തന്നെ, How dare you call me on SKYPE? . പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സദാ സമയവും ഒരു സയന്റിസ്റ്റിനെപ്പോലെ മാത്രം ചിന്തിച്ചാൽ പോരെന്ന്. ഈ ഒരൊറ്റ കോൾ എത്ര പേർ കേൾക്കാനിടയുണ്ടെന്ന് നിനക്കറിയാമോ? ” അദ്ദേഹത്തിന്റെ ശബ്ദമുയർന്നത് പെട്ടെന്നായിരുന്നു.
“ഇനി ഒരു പരീക്ഷണം കൂടി ആവശ്യമില്ല ജെനറൽ! ട്രസ്റ്റ് മി!” ഡോക്ടറുടെ സ്വരത്തിൽ ആത്മവിശ്വാസം നിഴലിച്ചു. “അടുത്ത ഒന്നര മണിക്കൂറിൽ നമ്മൾ ഇത് സബ്ജെക്റ്റിൽ ഇഞ്ചക്റ്റ് ചെയ്യുകയാണ്. ഒരു RAW ഏജന്റ്. ”
“RAW ?” ജെനറൽ ഒന്നു ഞെട്ടിയ പോലെ തോന്നി “What the hell are you talking about, Raghu ? തീ കൊണ്ടാണോ നിന്റെ കളികൾ?!”
“ഒന്നും പേടിക്കാനില്ല ജെനറൽ! എത്രയും പെട്ടെന്ന് ഫണ്ടുകൾ ട്രാൻഫർ ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്യു പ്ലീസ്. നമ്മളെല്ലാവരും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇൻഡ്യ വിടുകയാണ്.” ഡോക്ടറുടെ സ്വരം താഴ്ന്നു പോയിരുന്നു. ജെനറലിന്റെ മുഖത്തേക്കു നോക്കാൻ കൂടി അയാൾ ബുദ്ധിമുട്ടി.
ജെനറൽ ഒന്നും സംസാരിക്കാതെ ക്യാമറയിലേക്കു തന്നെ രൂക്ഷമായി നോക്കി ഇരിക്കുകയാണ്.
“ജെനറൽ... ഞാനിന്നു വരെ താങ്കളെ അങ്ങോട്ടു വിളിച്ചിട്ടില്ല. ഇന്ന് എനിക്കത്ര ഉറപ്പുള്ളതുകൊണ്ടാണ്. ഇന്നത്തോടെ എല്ലാം തീരണം. പ്ലീസ്!“ സ്വതവേ വളരെ അധികാര സ്വരത്തിലൊ സംസാരിക്കുന്ന ഡോക്ടർ ആ ജെനറലിനു മുൻപിൽ പതുങ്ങിപ്പോയത് കൗതുകത്തോടെ നോക്കി നില്ക്കുകയാണ് ഐഗ്വോ.
”ഓക്കേ!“ ഒടുവിൽ ജെനറൽ എഴുന്നേറ്റു നിന്നു. ”ജൂലിയസ് ബയെർ ഗ്രൂപ്പ് എ ജി. അതാണ് ബാങ്ക്. താങ്കളുടെ പേരിൽ വളരെ കാലം മുൻപേ ഉള്ള ഒരു സ്വിസ്സ് ബാങ്ക് അക്കൗണ്ടാണിത്. നമ്പർ ഞാൻ അയച്ചു തരാം. പക്ഷേ, ചൈനക്കാർ ഫണ്ട് റിലീസ് ചെയ്യണമെങ്കിൽ, അവരുടെ ഒരു റെപ്രസെന്റേറ്റീവ് എല്ലാം കണ്ട് ബോധിച്ചെങ്കിലേ ഒക്കൂ.“
”അതെല്ലാം പണ്ടേ ഇവിടെ തയ്യാറാണ് സർ! മീറ്റ് മിസ്റ്റർ ഐഗ്വോ യിങ്ങ്! ഇന്നലെ മുതൽ ഇദ്ദേഹം ഇവിടെയുണ്ട്.“
ജെനറൽ, സ്ക്രീനിൽ തെളിഞ്ഞ ഐഗ്വോയെ അടിമുടി ഒന്നു നോക്കി. പല്ലുകൾ ഞെരിഞ്ഞമർന്നു. ചൈനക്കാരോട് ഇൻഡ്യൻ മിലിട്ടറി ഓഫീസർമാർക്ക് സ്വതവേ ഉള്ള വിരോധം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഒടുവിൽ അനിഷ്ടത്തോടെ ജെനറൽ സംസാരം തുടർന്നു.
” ശരി! എങ്കിൽ നടക്കട്ടെ! പക്ഷേ കാര്യങ്ങൾ തീരുമാനമാകുന്നതു വരെ യാതൊരു കാരണവശാലും അയാൾ എക്സ്പെരിമെന്റുകൾ കാണാൻ ഇടവരരുത്. റിസൾട്ടുകൾ മാത്രം. മനസ്സിലായല്ലോ ?“
”യെസ് സർ!“
ഒരു ദീർഘനിശ്വാസത്തോടെ ജെനറൽ സാവന്ത് കോൾ കട്ട് ചെയ്തു.
ഡോക്ടർ തിരിഞ്ഞ് ഐഗ്വോയെ നോക്കി പുഞ്ചിരിച്ചു. “വല്ലാത്തൊരു മനുഷ്യൻ തന്നെ. അല്ലേ ? He is a legend! അദ്ദേഹമില്ലെങ്കിൽ ഈ എക്സ്പെരിമെന്റില്ല! നമ്മുടെ ഈ ഇടപാടും നടക്കാൻ പോകുന്നില്ല.”
“ഓ...സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൻ എത്ര മിടുക്കനായിട്ടെന്താണു കാര്യം!” ഐഗ്വോ അത് പുച്ഛിച്ചു തള്ളി.
“ഓ...സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൻ എത്ര മിടുക്കനായിട്ടെന്താണു കാര്യം!” ഐഗ്വോ അത് പുച്ഛിച്ചു തള്ളി.
“അദ്ദേഹം പറഞ്ഞത് കേട്ടല്ലോ. ഞാൻ ഈ കെമിക്കൽ ഉണ്ടാക്കാൻ പോകുകയാണ്...” ഡോ. രഘുചന്ദ്ര കെമിക്കൽ ടേബിളിലേക്കു തിരിഞ്ഞു.
“മനസ്സിലായി. ഞാൻ പൊയ്ക്കോളാം... റിസൾട്ട് മാത്രം കണ്ടാൽ മതി എനിക്ക്.” ഐഗ്വോ തിരിഞ്ഞു നടന്നു.
“ഇത് ഏതാണ്ട് ഒന്നര മണിക്കൂറെടുക്കും. അതു വരെ... വേട്ടയാടാനൊക്കെ താല്പ്പര്യമുള്ളയാളാണ് നീയെങ്കിൽ...”
“വേട്ട എനിക്കിഷ്ടമൊക്കെയാണ് ഡോക്ടർ. പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്ന ആ വേട്ട മൃഗത്തെ തല്ക്കാലം എനിക്ക് താല്പ്പര്യമില്ല. അത് നിങ്ങൾക്കു പറ്റിയ അബദ്ധം. നിങ്ങൾ തന്നെ ഡീൽ ചെയ്യുക!” ലാബിൽ നിന്നും തന്നെ പുറത്താക്കുന്നതിലുള്ള അമർഷം ഐഗ്വോയുടെ വാക്കുകളിൽ നിഴലിച്ചു.
ഒന്നര മണിക്കൂറുകൾക്കു ശേഷം...
തന്റെ മുൻപിൽ , ബെഡിൽ മയങ്ങിക്കിടക്കുന്ന ആ സുന്ദരിപ്പെൺകുട്ടിയെ ഒരു പുഞ്ചിരിയോടെ നോക്കിക്കാണുകയായിരുന്നു ഡോ. രഘുചന്ദ്ര.
“ഏജന്റ് നതാലിയാ മിഷലേന!” അയാൾ പതിയെ അവളുടെ മുടിയിഴകൾ കോതി ഒതുക്കി വെച്ചു. “ഇനി മുതൽ നിന്റെ പേര് ‘പേഷ്യന്റ് 28’ എന്നാണ്. എന്റെ ആദ്യത്തെ ഫീമെയിൽ സബ്ജെക്റ്റ്!”
അടച്ചു വെച്ച അവളുടെ കണ്ണുകൾ മെല്ലെ അനങ്ങി.
അപ്പോൾ ഡോക്ടർക്കു പുറകിൽ ഡോർ തുറന്നു. സായുധനായ ഒരു ഗാർഡ് അകത്തേക്കു കയറി വന്നു.
“കൂടുതൽ ആളുകളെ വേണോ ഡോക്ടർ ?” ആ ചെറുപ്പക്കാരന്റെ മുഖത്ത് സംശയം നിറഞ്ഞിരുന്നു.
“എന്തിന് ? കെട്ടിയിട്ടിരിക്കുകയല്ലേ ഇവളെ. അഥവാ എന്തെങ്കിലുമൊരു മിസ്സിങ്ങ് ഉണ്ടായാലോ എന്നു ഭയന്നാണ് തന്നോട് വരാൻ പറഞ്ഞത്. യാതൊരു കാരണവശാലും, ഞാൻ പറയാതെ ഒന്നും ചെയ്യരുത്. കോടിക്കണക്കിന് രൂപ മുടക്കിയിട്ടാണ് നമ്മൾ ഇപ്പോൾ ഇവിടെ എത്തി നില്ക്കുന്നത്.മനസ്സിലാകുന്നുണ്ടോ ?”
“യെസ് ഡോക്ടർ!” ആ പട്ടാളക്കാരൻ നതാലിയായുടെ കാലിനോട് ചേർന്ന് ബെഡിനരികെ നിലയുറപ്പിച്ചു.
അവർ മൂന്നു പേരെ കൂടാതെ ഒരു നേഴ്സ് കൂടെയുണ്ടായിരുന്നു ആ മുറിയിൽ.
ഡോക്ടർ കുനിഞ്ഞ് നതാലിയായുടെ ടീഷർട്ട് പതിയെ താഴേക്ക് വലിച്ചു താഴ്ത്തി.
എന്നിട്ട് സ്റ്റെതസ്കോപ്പ് അവളുടെ മാറിൽ പല ഭാഗത്തായി അമർത്തി നോക്കി. ഒടുവിൽ മദ്ധ്യഭാഗത്തെത്തിയപ്പോൾ അയാളുടെ ചുണ്ടിൽ ക്രൂരമായൊരു പുഞ്ചിരി വിടർന്നു.
പോക്കറ്റിൽ നിന്നും ഒരു സ്കെച്ച് പെൻ എടുത്ത് അയാളാ പോയിന്റിൽ ഒരു ചുവന്ന വൃത്തം വരച്ചു.
“കുട്ടീ...” അയാൾ പതിയെ നതാലിയായുടെ കവിളിൽ തട്ടി വിളിച്ചു. “ഞാൻ കരുതിയതു പോലൊന്നുമല്ലല്ലോ നീ. I need you to be in perfect condition to do this. കണ്ണു തുറക്കൂ.”
അയാളതു പറഞ്ഞു തീർന്നതും നതാലിയായുടെ കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു. അറിയാതെ പുറകോട്ട് ഒരടി വെച്ചു പോയി ഡോക്ടർ.
“വെരി ഗുഡ് ഏജന്റ് നതാലിയ! ഞാനൊന്നു ഭയന്നു. സ്കോപ്പലോമീൻ ഓവർഡോസ് ആയിരിക്കാമെന്നു കരുതി.” അയാൾ പുഞ്ചിരിച്ചുകൊണ്ട് കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു വലിയ സിറിഞ്ച് പുറത്തെടുത്തു.
അടുത്തു നിന്ന നേഴ്സ് കയ്യിൽ കരുതിയിരുന്ന ഒരു വലിയ നീഡിൽ എടുത്ത് ആ സിറിഞ്ചിൽ ഘടിപ്പിച്ചുകൊടുത്തു.
“നതാലിയ... ഞാൻ ഇത് ഇഞ്ചക്റ്റ് ചെയ്യാൻ പോകുകയാണ്. നേരേ നിന്റെ ഹാർട്ടിലേക്ക്. വേദനിക്കില്ല എന്നു ഞാൻ പറയില്ല. നല്ല വേദനയുണ്ടാകും. പക്ഷേ ഒരു സെക്കൻഡ് നേരത്തേക്കു മാത്രം. അതിനു ശേഷം നീ കാണാൻ പോകുന്നത് ഒരു മിറാക്കിളാണ്. ശാസ്ത്രത്തിന്റെ ഒരു മഹാത്ഭുതം!" ഡോക്ടറുടെ ശ്വാസത്തിന് അല്പം വേഗം കൂടിയതുപോലെ തോന്നി.. ഭ്രാന്തമായ ഒരാവേശം അയാളിൽ പ്രകടമായിരുന്നു..
പക്ഷേ...അവളുടെ മുഖത്ത് പെട്ടെന്ന് പൊട്ടിവിരിഞ്ഞ മന്ദഹാസം അയാളെ അമ്പരപ്പിച്ചു കളഞ്ഞു. അതിലൊരു പുച്ഛത്തിന്റെ ലാഞ്ഛന കാണാനുണ്ടായിരുന്നു. ‘സാധിക്കുമെങ്കിലത് നീ ചെയ്ത് കാണിക്കൂ!’ എന്ന ഭാവം അവളുടെ കണ്ണുകളിൽ തെളിഞ്ഞ പോലെ..
“ഭക്ഷണം കഴിച്ചില്ലേ നീ ?” ഡോക്ടർ സംസാരം തുടരുകയാണ്.
”ഡോക്ടർ രഘുചന്ദ്ര!“ ഒടുവിൽ നതാലിയായുടെ ചുണ്ടുകൾ ചലിച്ചു.
”Yes! That's me!“ ഡോക്ടറുടെ മുഖത്ത് അഭിമാനം തുളുമ്പി. “I am the infamous Dr. Raghuchandra!”
” ഈ കയ്യിലിരിക്കുന്നതാണോ വിവാദവിഷയമായ നിങ്ങളുടെ ആ പരീക്ഷണം ?“
ഡോക്ടർ തല കുലുക്കി.
നതാലിയ പതിയെ തല ഇരുവശത്തേക്കും ഒന്നു വെട്ടിച്ചു. എന്നിട്ട് ഡോക്ടറുടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു ചോദ്യം.
” ഡോക്ടർ...എത്ര മണിക്കൂറായി ഞാൻ കാത്തു കിടക്കുന്നു എന്നറിയാമോ ?“
”റിയലി ? എന്തിന് ?“ ഡോക്ടറുടെ നെറ്റി ചുളിഞ്ഞു.
”ദാ ഇതിനു തന്നെ!“ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ തന്റെ ഇരു കൈകളും മാറിലേക്ക് വലിച്ചടുപ്പിച്ചു.
”What the..!!"
പൂർത്തിയാക്കാനായില്ല അയാൾക്ക്. അടിവയറ്റിലേറ്റ കനത്ത പ്രഹരത്തിൽ ശ്വാസമെടുക്കാൻ പോലുമാകാതെ ഡോ. രഘുചന്ദ്ര പുറകോട്ടു മലച്ചു.
അപകടം മനസ്സിലാക്കിയതും, മുൻപിലേക്ക് ചാടി വീണ ആയുധധാരിയായ ഗാർഡിനെ അവൾ കണ്ട ഭാവം പോലും നടിച്ചില്ല. കൈകാലുകളിൽ നിന്നും തന്നെ ബന്ധിച്ചിരുന്ന ബെൽട്ടുകൾ പൂർണ്ണമായും വിടുവിച്ചെടുക്കുകയായിരുന്നു അവൾ.
“DON'T MOVE!!" ഗാർഡ് അലറി.
മറുപടിയായി നതാലിയ അയാളെ ഒന്നിടങ്കണ്ണിട്ടു നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്റെ കൈകൾ രണ്ടും മുകളിലേക്കുയർത്തി നന്നായൊന്നു സ്ട്രെച്ച് ചെയ്തു.
അടുത്ത നിമിഷം ഗാർഡ് മുൻപോട്ടാഞ്ഞ് തോക്ക് അവളുടെ ചെവിയോടടുപ്പിച്ചു പിടിച്ചു. “അനങ്ങരുതെന്നാണ് പറഞ്ഞത്...” അയാളുടെ സ്വരം വിറച്ചു.
“അയാളുടെ ഉത്തരവ് കിട്ടാതെ നിനക്ക് ആ റ്റ്രിഗ്ഗർ വലിക്കാൻ കഴിയുമോ?” നതാലിയായുടെ മുഖത്ത് പുച്ഛ ഭാവമായിരുന്നു.
“DON’T shoot her !” അടുത്ത നിമിഷം ഡോക്ടർ രഘുചന്ദ്ര അലറി! പക്ഷേ ശബ്ദം ഒരു ഞെരക്കമായിട്ടാണ് പുറത്തു വന്നത്.
“കണ്ടോ ? ഞാൻ പറഞ്ഞില്ലേ ?" നതാലിയ ബെഡിൽ കിടന്ന പിസ്റ്റൾ എടുത്ത് ‘കോക്ക്’ ചെയ്തു.
“ഡോക്ടർ! she is armed! I have to shoot her!” പരിഭ്രാന്തിയിൽ ആ ഗാർഡിന്റെ സ്വരം ചിലമ്പിച്ചു .
സെക്കൻഡുകൾക്കുള്ളിൽ നതാലിയ വെട്ടിത്തിരിഞ്ഞ് അയാൾ നീട്ടിപ്പിടിച്ചിരുന്ന ആ തോക്കിൻ കുഴലിൽ പിടുത്തമിട്ട് പുറകോട്ടൊന്നാഞ്ഞു. അടുത്ത നിമിഷം ആ ഗാർഡ് തെറിച്ച് ഭിത്തിയിൽ തലയടിച്ചു നിലത്തേക്കു വീണതാണ് കണ്ടത്.ഒപ്പം അയാളുടെ കയ്യിലുണ്ടായിരുന്ന ഫുള്ളി ലോഡഡ് AK-47 നതാലിയായുടെ കയ്യിലായിക്കഴിഞ്ഞിരുന്നു.
ചാടിയെഴുന്നേല്ക്കാനാഞ്ഞ ഗാർഡിനരികിലേക്ക് അവൾ പതിയെ ചുവടു വെച്ചു. മുഖം ഗൗരവം പൂണ്ടു.
എഴുന്നേറ്റ് ഭിത്തിയിൽ ചാരിയിരുന്നു കഴിഞ്ഞിരുന്നു ആ ഗാർഡ്. തന്റെ തുടയിലെ ഹോൾസ്റ്ററിൽ ഒരു പിസ്റ്റൾ കൂടിയുണ്ട്. പക്ഷേ... തന്റെ കണ്ണുകൾക്കു നടുവിലേക്കു ചൂണ്ടിയ തോക്കിൻ കുഴലിനു പുറകിൽ ഒരു കഴുകനെപ്പോലെ കുനിഞ്ഞു വരുന്ന നതാലിയായുടെ മുഖം! അയാളുടെ ശ്വാസം നിലച്ചു പോയി.
To be continued.........
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക