നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോഴി എന്ന മൃഗം

Image may contain: 1 person
പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി.
ഇതി വാർത്താഹാ സുയംതാ
പ്രവാചകാ ബാലാനന്ദ സാഗരാ. എഴുന്നേറ്റ് ഓഫുചെയ്യാനുള്ള മടി കൊണ്ട് എന്നും കേട്ടു പഠിച്ച ഒന്നര വരിയോർത്ത് ഒന്നിനുമല്ലാതെ ബെർതെ ചിരിച്ചു.
നീ തങ്കപ്പനല്ലടാ പൊന്നപ്പനാണ്, പൊന്നപ്പൻ.
ശരിയാണ് ഞാൻ പൊന്നപ്പനാണ്. തങ്കപ്പൻ മകൻ പൊന്നപ്പൻ വക. ഒരു വക. സത്യത്തിൽ നീ തങ്കപ്പനല്ല പൊന്നപ്പനാണ്
എന്ന് കേട്ടിട്ടാണോ അച്ചൻ
തനിക്കീ പേരിട്ടത്. ചിലപ്പോൾ ശരിയാകാൻ സാദ്ധ്യതയുണ്ട്. ഏതായാലും ആ സിനിമയുടെ റിലീസും തന്റെ ജനനവും എതാണ്ട് ഒരേ
കാലത്ത് ആയിരുന്നു എന്ന്
പറഞ്ഞു കേട്ടിട്ടുണ്ട്.
ചിന്തിച്ചു കിടന്നു മയങ്ങിയ
താൻ വീണ്ടും ഒരു പ്രഭാതഭേരി കേട്ടാണ്
ഞെട്ടി ഉണർന്നത്. സത്യത്തിൽ താനിതെവിടെയാണ്. മുംബൈയിലോ അതോ തനി നാടൻ നാട്ടിൻപുറമായ തന്റെ ഗ്രാമത്തിലെ തന്റെ മുറിയിലോ. സംശയം തീർക്കാൻ കണ്ണു തിരുമ്മി മുകളിലേക്ക്
ഒന്നൂടെ സൂക്ഷിച്ചു നോക്കി. മാറാല നിറഞ്ഞ മേലാപ്പും, അഴനിറയെ തോരണങ്ങൾ ചാർത്തിയ പോലെ അഴുക്കു തുണികളും, അടുക്കും ചിട്ടയും ഇല്ലാത്ത
തന്റെ ജീവിതം പോലെ ചിതറിക്കിടക്കുന്ന സാധനങ്ങൾക്കിടയിലുള്ള
തന്റെ കിടപ്പ് കൂടെ കണ്ടപ്പോൾ ഉറപ്പായി തന്റെ
മുറി തന്നേയെന്ന്. സ്വന്തം വീട്ടിൽ, സ്വന്തം മുറിയിൽ സ്വന്തം ഉടുമുണ്ട് കൊണ്ട് തല വഴി മൂടി പുതച്ചു കിടക്കുന്ന സുഖം ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ
ആഡംബര മുറിയിലും കിട്ടില്ല. ചൂടുകാലത്ത് തണുപ്പായും തണുപ്പ് കാലത്ത് ചൂടായും മാറുന്ന
പുതപ്പാണല്ലോ ഉടുമുണ്ട്.
പുതപ്പിന്റെ ആവരണത്തിലേക്ക് ഉൾവലിഞ്ഞ് വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ആ നിശബ്ദതയിലേക്കാണ് പ്രഭാതഭേരി കടന്നു വന്നത്.
തന്തനാനതന്തനാന
തന്തിനാന തന്തിന്തോം
പ്രഭാതഭേരിയിൽ നല്ല നാടൻ പാട്ടെല്ലാം കേൾക്കുന്നുണ്ടല്ലോ, ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ 1587 മെഗാഹെഡ്‌സിലുള്ള ഭൂതല സംപ്രേഷണം തുടരുന്നു എന്നെല്ലാം കേട്ട പോലെ തോന്നി, ഏത് സ്റ്റേഷൻ ആണെന്ന് മനസ്സിലാകുന്നില്ല. ഇടയ്ക്കിടക്ക് അയ്യപ്പോ, അയ്യപ്പോ എന്നു കേൾക്കുന്നുണ്ടല്ലോ. ചെവി വട്ടം പിടിച്ചപ്പോൾ അപ്പുറത്തെ വീട്ടിലെ താത്തയുടെ ഏറെ പരിചിതമായ സ്വരമാണെന്ന് തിരിച്ചറിഞ്ഞു. സത്യത്തിൽ താനൊരു സംഭവം ആണെന്നുള്ള തിരിച്ചറിവിൽ അഭിമാനം
കൊണ്ടു. ഇവരെന്തിനാ അയ്യപ്പനെ വിളിക്കുന്നത് ഇനി ഇവർ എങ്ങാനും വയസ്സാം കാലത്ത് മല ചവിട്ടാനോ, വാവരു പള്ളി
സന്ദർശിക്കാനോ പോവുന്നുണ്ടോ? ഇനി അത് കേൾക്കെ ആരെല്ലാം
മീശ പിരിച്ചോണ്ട് വരും
എന്നെല്ലാം ഓർത്തതേയുള്ളു. അപ്പോഴാണ് വ്യക്തമായി കേട്ടത് അയ്യപ്പോ എന്നല്ല
തങ്കപ്പോ, തങ്കപ്പോ എന്നാണ് വിളിയ്ക്കുന്നത്.
തന്തിനാനോ,തന്തിനാനോ
എന്നത് നാടൻപാട്ടല്ല. തന്റെ അച്ചനെ താത്ത താളാത്മകമായി തന്തയ്ക്ക്
വിളിക്കുന്ന പ്രഭാതഭേരിയാണ് താനിപ്പോൾ കേട്ടുകൊണ്ടിരിയ്ക്കുന്നത്.
കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലു മഴ പെയ്യുന്നു എന്നു പറഞ്ഞ പോലെ കഴിഞ്ഞ രണ്ടാഴ്ച താൻ മുംബൈയിൽ ജോലിയ്ക്കായി തെണ്ടി നടന്നപ്പോഴും പ്രഭാതഭേരി
ഒരു വില്ലനായി അവിടെയും
തന്നെ വിടാതെ പിന്തുടർന്നു.
അത് മറ്റൊരു കദന കഥൈ,
പണ്ടു തൊട്ടേ ബുദ്ധിമുട്ടി, കഷ്ടപ്പെട്ടു എന്നെല്ലാം കേൾക്കുമ്പോഴേ എന്തോ ഒരു അസ്കിത. വിയർപ്പിന്റെ അസുഖം ഉള്ളതിനാൽ കട്ടിയുള്ള ജോലിയൊന്നും ചെയ്യാറില്ല.
പിന്നെ നൈസുജോലിയും
കട്ടിശ്ശമ്പളവും ആണെങ്കിൽ അരക്കൈ നോക്കാം എന്നോർത്ത്
ബോംബെ അധോലോകം
ലക്ഷ്യമാക്കി (സോറി മുംബൈ അധോലോകം) യാത്രയായി.
മുംബൈയിൽ ചെന്ന അന്ന് അവിടെയുള്ള കറക്കത്തിനിടയിൽ പരിചയപ്പെട്ടതാണ് തിരുവല്ലക്കാരനായ തോമാച്ചായനെ. തിരിച്ചു പോരുന്നതു വരേയുള്ള പത്തുദിവസം താമസം
അച്ചായന്റെ കൂടെ ആയിരുന്നു. താമസമെന്നു പറഞ്ഞാൽ തോമാച്ചായന്റെ ഒറ്റമുറി താമസസ്ഥലത്തിന്റെ പുറത്തുള്ള കയറ്റു കട്ടിലിൽ
ഒരു ദിവസം നൂറു രൂപയ്ക്കുള്ള രാത്രിയുറക്കം, പരിസരത്തെ കാനയിൽ പ്രഭാതകൃത്യം, പൈപ്പിൻ ചോട്ടിലെ കുളി, ശങ്കരേട്ടന്റെ തട്ടുകടയിലെ പാവ് ബജി, പിന്നെ ജോലിതെണ്ടൽ, ദൈവം സഹായിച്ച് ജോലിയൊന്നും
കിട്ടിയില്ല, അച്ചന്റെ സഹായത്തിൽ സുഖമായ് ജീവിയ്ക്കാനുള്ള തോന്നലിൽ തിരിച്ചുപോക്ക്.
പക്ഷെ അവിടെയും പ്രഭാതഭേരി തന്നെ വിടാതെ
പിന്തുടർന്നതാണ് രസകരം.
തോമാച്ചായന്റെ ഭാര്യ മറിയാമ്മയും അടുത്ത മുറിയിൽ താമസിക്കുന്ന ഹൈദ്രാബാദുകാരി കനകമ്മാളും ആയുള്ള പ്രഭാതഭേരി.
രാവിലെ ആദ്യം എഴുന്നേൽക്കുന്ന വീട്ടമ്മ തന്റെ മുറിയുടെ മുൻഭാഗത്തുള്ള ഒരു ഞാൺ മുറ്റം വൃത്തിയാക്കിയിടുമ്പോൾ തലേ ദിവസത്തെ ഭക്ഷണാവശിഷ്ടങ്ങൾ അടുത്ത വീട്ടുകാരന്റെ മുറിയുടെ മുൻ ഭാഗത്തക്ക് തൂത്തിടും. താൻ ചെന്നതിന്റെ പിറ്റേ ദിവസം രാവിലെ കനകമ്മാൾ ആണ് രാവിലെ ഉണർന്നത്, അവർ അവരുടെ മുറ്റം അടിച്ചു വൃത്തിയാക്കി അഴുക്കെല്ലാം ഞാൻ കിടന്ന കട്ടിലിന്റെ കീഴോട്ട് ഇട്ടു. അതിനു ശേഷമാണ് മറിയാമ്മ ഉണർന്നെണീറ്റത്,
അവർ പുറത്ത് വന്ന് ആദ്യം നോക്കിയത് അപ്പുറത്തെ
മുറ്റം വൃത്തിയാക്കിയോ കച്ചറ എവിടെ ഇട്ടൂ എന്നാണ്. മറ്റൊരു രസം മറിയാമ്മയ്ക്ക് ഹിന്ദിയും,
തെലുങ്കും അറിയില്ല. കനകമ്മാളിന് മലയാളവും അറിയില്ല. ഏതായാലും പ്രഭാതഭേരി തുടങ്ങിക്കഴിഞ്ഞു, മറിയാമ്മ വഴക്കിന്റെ ശംഖൊലി മുഴക്കിത്തുടങ്ങി. വഴക്കിടാൻ ഭാഷ ഒരു പ്രശ്നമല്ലെന്ന് മനസ്സിലായത് അപ്പോഴാണ്.
ആപ് കാ മീൻ കാ മുള്ളും,
മുർഖീ കാ എല്ലും, ചാവൽ കാ വറ്റും ഹമാരാ മുറ്റത്ത്
ക്യേം ഡാലാഡി കൂ... ബീപ്പ് " ബീപ്പ്, അല്ലെങ്കിൽ വേണ്ട തടിച്ചീ എന്ന് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം. കനകമ്മാളും മറുപടിയായി എന്തെല്ലാമോ പറയുന്നുണ്ട്.
അടുത്ത ദിവസവും പ്രഭാതഭേരിയ്ക്ക് കുറവില്ല; അപ്പുറത്തു നിന്ന് ഇപ്പുറത്തേയ്ക്ക് ആണെന്ന് മാത്രം.
ഏതായാലും ഉറക്കം പോയി, ഇനി ഇവിടത്തെ പ്രഭാതഭേരിയുടെ കാര്യം തിരക്കാമെന്നോർത്ത് എഴുന്നേറ്റു. അച്ഛന്റെയും താത്തയുടേയും വഴക്കിന് അധികം ആയുസില്ല, ഉച്ചകഴിയുമ്പോൾ അവർ ഇതെല്ലാം മറന്ന് മതിലിൻ അരികിൽ നിന്ന് ലോക കാര്യങ്ങൾ പറയുന്നത് കാണം.
രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ദിവസം മുൻഭാഗത്തെ ചെമ്പക മരത്തിന്റെ ചുവട്ടിൽ ചെന്ന്
മരത്തിൽ പിടിച്ചു കൊണ്ട് നിന്ന് പ്രകൃതിയോട് ഇണങ്ങി നിന്ന് ഭൂമിദേവിയോട് കുശലപ്രശ്നം ചെയ്തു കൊണ്ടാണ്
ദിവസം തുടങ്ങുന്നത്. ഇന്നേതായാലും അത് വേണ്ട, അച്ഛൻ നല്ല കലിപ്പിലാണ് രാവിലെ തന്നേ തെറി കേട്ട് ദിവസം തുടങ്ങേണ്ട. നേരെ വടക്കുവശത്തേയ്ക്ക് നടന്നു, കയറിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഉമിക്കരിപ്പാട്ടയിൽ നിന്ന് ഉമിക്കരിയെടുത്ത് അല്പം ഉപ്പും കൂട്ടി തിരുമ്മിപ്പൊടിച്ചെടുത്ത് ഒരു പച്ചീർക്കിലിയും എടുത്ത്
പല്ല് തേയ്ക്കുന്നതിനിടയിൽ അമ്മയോട് ഇന്നത്തെ പ്രഭാതഭേരിയുടെ കാര്യം തിരക്കി.
നിനക്കറിയില്ലേ അച്ചൻ
നിങ്ങളെക്കാൾ കാര്യമായി
വളർത്തുന്ന പച്ചക്കറികളും, വാഴയും എല്ലാം താത്തയുടെ കോഴികൾ വന്ന് ചിക്കിച്ചിക്കി അടിയോടെ മറിയ്ക്കും.
ഇന്നലത്തെ രാവിലത്തെ വഴക്കിൽ അച്ചൻ പറഞ്ഞതാണ് കോഴിയെ കൂട്ടിലിട്ട് വളർത്തണം, നാളെ പറമ്പിൽ വിഷം വയ്ക്കും എന്ന്, അച്ചൻ
പറഞ്ഞ പോലെ വിഷവും വച്ചു, താത്തയുടെ രണ്ടു കോഴികൾ ചാവുകയും ചെയ്തു, അതിന്റെ പുകിലാണ് ഇന്നത്തെ പ്രഭാതഭേരിയായി പെയ്തിറങ്ങിയത്. കോരിച്ചൊരിഞ്ഞ മഴയൊന്നടങ്ങിയെന്നു
തോന്നുന്നു.
യുദ്ധഭൂമിയിൽ ചെന്നപ്പോൾ കേട്ടത്, തങ്കപ്പോ കോഴിയും നമ്മളെ പോലൊരു മൃഗമല്ലേ, ഇങ്ങിനെ കണ്ണിൽ ചോരയില്ലായ്മ കാട്ടാവോ?
താത്താ, ഞാനിന്നലേ പറഞ്ഞിരുന്നില്ലേ വിഷം വയ്ക്കുന്ന കാര്യം നിങ്ങളോട്
പറഞ്ഞുപറഞ്ഞ് അവർ എന്നത്തേയും പോലെ സെന്റിമെന്റൽ ആയിത്തുടങ്ങി.
ഇത്രയ്ക്കേ ഉള്ളു
ഇവരുടെ വഴക്കിന്റെ മൂർച്ചകൾ.
രംഗം ശാന്തമായ നേരത്താണ് താത്തയുടെ
മോൻ ഉഷാർ, ഉഷാറായി രംഗത്തെത്തിയത്. വന്നപാടെ അവൻ അച്ഛനെ
ഊടുപാട് കുറെ ചീത്ത.
പിന്നെ കേട്ടത് ത്രിശൂർപ്പൂരത്തിന് വെടിക്കെട്ടുപോലുള്ള അച്ചന്റെ കൂട്ടപൊരിച്ചിൽ, തെറിയുടെ അമിട്ടും, ഡൈനയും ആറു നിലയിൽ പൊട്ടിച്ചിതറുന്നു.
വെടിക്കെട്ട് തീർന്നപ്പോൾ
ഞാൻ ഉഷാറിനോടായി പറഞ്ഞു, പക്ഷെ കുറച്ചു ദിവസമായി മുംബൈയിൽ
ആയിരുന്നതുകൊണ്ട് അബദ്ധത്തിൽ ഹിന്ദിയാണ്
വായിൽ നിന്ന് വന്നത്.
അരേ ഉഷാർ ഭായ് ,
ക്യാ ലപ്ഡാ ഹേ,
അരേ ബച്ചാ തും ബഡാ
ബഹള് ഹൈ.
ഉഷാറിന്റെ മറുപടി കേട്ട്
ഞാൻ ശരിയ്ക്കും പൊന്നപ്പനായി,
പൊന്നപ്പൻ ചേട്ടാ, കുറച്ച് നാൾ ബോംബെയിൽ പോയെന്ന് വച്ച് ഇംഗ്ലീഷിൽ
തെറി പറഞ്ഞാൽ ഞങ്ങൾക്ക് മനസ്സിലാകില്ല
എന്നു കരുതരുത്.
പാവം ഞാൻ, ഈ പ്രഭാതഭേരിയെല്ലാം കേട്ട് മൊത്തം പ്ലിങ്ങായി, ഫ്യൂസായി, മിണ്ടാട്ടം മുട്ടി മിഴുങ്ങസ്യനായ് നിന്നു.
പിന്നെ ഒരു സമാധാനം നാളെയും ഇതെല്ലാം തന്നെയല്ലേ സംഭവിക്കുന്നത്
എന്നു മാത്രം.
താത്ത കൊട്ട തുറന്ന് കോഴിക്കുഞ്ഞുങ്ങൾക്ക് അരിമണിയിട്ടു കൊടുക്കുന്നത് കണ്ടു, ഇനി ഈ കോഴിക്കുഞ്ഞുങ്ങൾ വളർന്ന് മൃഗങ്ങൾ ആയിട്ടു വേണം അതിൻ്റെ പേരിൽ വഴക്കു തുടങ്ങാൻ. പാവമീ
കോഴി എന്ന മൃഗം.

BY: PS Anilkumar DeviDiya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot